മൂപ്പൻമാരേ—ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോട് ആർദ്രതയോടെ പെരുമാറുക!
“ഞങ്ങൾ നിങ്ങളുടെ ഇടയിൽ മുലയൂട്ടുന്ന ഒരു അമ്മ തന്റെ സ്വന്തം കുഞ്ഞുങ്ങളെ പോററിപ്പുലർത്തുമ്പോഴെന്നപോലെ സൗമ്യരായിത്തീർന്നു.”—1 തെസ്സലോനീക്യർ 2:7.
1. യഹോവയുടെ വിശ്വസ്തനായ ഓരോ സാക്ഷിക്കും സുരക്ഷിതത്വം തോന്നാൻ കഴിയുന്നതെന്തുകൊണ്ട്?
യഹോവയാണ് വലിയ ഇടയൻ. അവൻ തന്റെ വിശുദ്ധനാമത്തിനുവേണ്ടി തന്റെ ആടുതുല്യരായ ദാസൻമാർക്കായി സമൃദ്ധമായ കരുതലുകൾ ചെയ്യുകയും അവരെ “നീതിപാതകളിൽ” നടത്തുകയും ചെയ്യുന്നു. അതുകൊണ്ട്, അവന്റെ ഇഷ്ടം ചെയ്യുന്നവർക്ക് യാതൊരു ദോഷത്തെയും ഭയപ്പെടാതെ ആശ്വാസത്തിനായി തങ്ങളുടെ സഹാനുഭൂതിയുള്ള ദൈവത്തിലേക്കു നോക്കാൻ കഴിയും. തീർച്ചയായും, യഹോവയുടെ ഓരോ വിശ്വസ്തസാക്ഷിക്കും ദൈവത്തിന്റെ സ്നേഹപുരസ്സരമായ സംരക്ഷണയിൽ സുരക്ഷിതത്വം തോന്നാൻ സാരവത്തായ കാരണമുണ്ട്.—സങ്കീർത്തനം 23:1-4.
2. ദൈവമഹത്വത്തിന്റെ പ്രതിച്ഛായയെന്ന നിലയിൽ യേശു ഏതു ഗുണങ്ങൾ പ്രദർശിപ്പിക്കുന്നു?
2 യേശുക്രിസ്തു “[ദൈവ]മഹത്വത്തിന്റെ പ്രതിച്ഛായയും അവന്റെ അസ്തിത്വത്തിന്റെതന്നെ കൃത്യമായ പ്രതിനിധാനവുമാകുന്നു.” (എബ്രായർ 1:1-4) അതുകൊണ്ട് നല്ല ഇടയനായ യേശു സ്നേഹവും സഹാനുഭൂതിയും പ്രകടമാക്കുകയും ചെയ്യുന്നു. (യോഹന്നാൻ 10:14, 15) ഉദാഹരണത്തിന്, ഒരു സന്ദർഭത്തിൽ, “അവൻ ഒരു വലിയ ജനക്കൂട്ടത്തെ കണ്ടു, എന്നാൽ അവർ ഒരു ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്നതുകൊണ്ട് അവന് അവരോട് സഹതാപം തോന്നി. അവൻ അവരെ അനേകം കാര്യങ്ങൾ പഠിപ്പിച്ചുതുടങ്ങി.”—മർക്കോസ് 6:34.
3. (എ) യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയുംപോലെ, ക്രിസ്തീയ ഉപ ഇടയൻമാർ ഏതു ഗുണങ്ങൾ പ്രദർശിപ്പിക്കണം? (ബി) അപ്പോസ്തലനായ പൗലോസ് മേൽവിചാരകൻമാർക്ക് ഏതു ബുദ്ധിയുപദേശവും മുന്നറിയിപ്പും കൊടുത്തു?
3 സകല ക്രിസ്ത്യാനികളും ‘ദൈവത്തെ അനുകരിക്കുകയും ക്രിസ്തു അവരെ സ്നേഹിച്ചതുപോലെ, സ്നേഹത്തിൽ തുടർന്നു നടക്കുകയും വേണം.’ (എഫേസ്യർ 5:1, 2) അതുകൊണ്ട് അവർ സ്നേഹവും സഹാനുഭൂതിയുമുള്ളവർ ആയിരിക്കണം. ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന്റെ ഉപ ഇടയൻമാരെക്കുറിച്ച് ഇത് വിശേഷാൽ സത്യമായിരിക്കണം. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കുതന്നെയും ദൈവം തന്റെ സ്വന്തം പുത്രന്റെ രക്തത്താൽ വിലക്കുവാങ്ങിയ തന്റെ സഭയെ മേയിക്കാൻ പരിശുദ്ധാത്മാവ് ആരുടെയിടയിൽ നിങ്ങളെ മേൽവിചാരകൻമാരാക്കിവെച്ചുവോ ആ ആട്ടിൻകൂട്ടം മുഴുവനും ശ്രദ്ധകൊടുക്കുക. എന്റെ പോക്കിനുശേഷം മർദ്ദകചെന്നായ്ക്കൾ നിങ്ങളുടെയിടയിൽ പ്രവേശിക്കുകയും ആട്ടിൻകൂട്ടത്തോട് ആർദ്രതയോടെ പെരുമാറാതിരിക്കുകയും ചെയ്യും, നിങ്ങളുടെ ഇടയിൽനിന്നുതന്നെ പുരുഷൻമാർ എഴുന്നേൽക്കുകയും ശിഷ്യൻമാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളയാൻ വളച്ചൊടിച്ച കാര്യങ്ങൾ സംസാരിക്കുകയും ചെയ്യും.”—പ്രവൃത്തികൾ 20:28-30.
4. (എ) കാലക്രമത്തിൽ, പ്രവൃത്തികൾ 20:29, 30-ലെ പൗലോസിന്റെ മുന്നറിയിപ്പിനു ചേർച്ചയായി എന്തു സംഭവിച്ചു? (ബി) ഇപ്പോൾ ഏതു ചോദ്യങ്ങൾ പരിചിന്തനമർഹിക്കുന്നു?
4 കാലക്രമത്തിൽ വിശ്വാസത്യാഗികളായ “മർദ്ദകചെന്നായ്ക്കൾ” പ്രത്യക്ഷപ്പെടുകയും “ആട്ടിൻകൂട്ടത്തോട് ആർദ്രതയോടെ പെരുമാറാതിരിക്കുകയും” ചെയ്തു. എന്നാൽ യഹോവയുടെ സാക്ഷികളുടെ ഇടയിലെ മൂപ്പൻമാർ അങ്ങനെയുള്ള ക്രൂരഭരണം നടത്തുന്നില്ലാത്തതിൽ നമ്മൾ എത്ര സന്തോഷമുള്ളവരാണ്! എന്നിരുന്നാലും, ആത്മാവിനാൽ നിയമിക്കപ്പെട്ട മേൽവിചാരകൻമാരിൽനിന്ന് ഏതു തരം പെരുമാററമാണ് പ്രതീക്ഷിക്കാൻ കഴിയുന്നത്? അങ്ങനെയുള്ള നിയമിതർക്ക് യഹോവയുടെ ആടുകളോട് എങ്ങനെ ആർദ്രമായ പരിഗണന കാണിക്കാൻ കഴിയും?
ആട്ടിൻകൂട്ടത്തിൻമേൽ കർതൃത്വം നടത്താതിരിക്കുക
5. (എ) ലൗകികനേതാക്കൻമാർ മിക്കപ്പോഴും തങ്ങളുടെ പ്രജകളോട് എങ്ങനെ പെരുമാറുന്നു? (ബി) തന്റെ അനുഗാമികളുടെ ഇടയിൽ ക്രൂരഭരണത്തിന് ഇടമില്ലെന്ന് യേശു എങ്ങനെ പ്രകടമാക്കി?
5 ക്രിസ്തീയ മൂപ്പൻമാർ നമ്മോട് സഹതാപപൂർവം പെരുമാറാൻ നമുക്ക് ഉചിതമായി പ്രതീക്ഷിക്കാൻ കഴിയും. അവർ മിക്കപ്പോഴും തങ്ങളുടെ പ്രജകളുടെമേൽ കർതൃത്വം നടത്തുന്ന ലൗകിക ഭരണാധിപൻമാരെപ്പോലെയല്ല. ഉദാഹരണത്തിന്, (ക്രി.വ. 768-814 വരെ ഭരിച്ച) ഫ്രാങ്കിഷ് രാജാവായിരുന്ന ഷാൾമാൻ “കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്നാപനം സ്വീകരിക്കാൻ സാക്സൻമാരെ നിർബന്ധിക്കുകയും നോമ്പ് ലംഘിക്കുന്നവർക്ക് അതികഠിനമായ ശിക്ഷ വിധിക്കുകയും എല്ലായിടത്തും പ്രേരണക്കു പകരം ബലം പ്രയോഗിക്കുകയും ചെയ്തു.” (വില്യം ജോൺസിനാൽ വിരചിതമായ ക്രിസ്തീയ സഭയുടെ ചരിത്രം) യേശുവിന്റെ അനുഗാമികളുടെ ഇടയിൽ ക്രൂരഭരണത്തിന് ഇടമില്ല, എന്തെന്നാൽ അവൻ ഇങ്ങനെ പറഞ്ഞു: “പുറജാതികളുടെ ഭരണാധികാരികൾ അവരുടെമേൽ കർതൃത്വം നടത്തുന്നുവെന്ന് നിങ്ങൾക്കറിയാം, അവരുടെ മഹാൻമാർ അവരുടെമേൽ ക്രൂരഭരണം നടത്തുന്നു. നിങ്ങളുടെ ഇടയിൽ അങ്ങനെ ആയിരിക്കാവുന്നതല്ല, എന്നാൽ നിങ്ങളുടെ ഇടയിൽ വലിയവനായിരിക്കാൻ ആഗ്രഹിക്കുന്ന ഏവനും നിങ്ങളുടെ ദാസനായിരിക്കണം, നിങ്ങളുടെ ഇടയിൽ ഒന്നാം സ്ഥാനം വഹിക്കാൻ ആഗ്രഹിക്കുന്ന ഏവനും നിങ്ങളുടെ അടിമയായിരിക്കണം, മനുഷ്യപുത്രൻ ശുശ്രൂഷിക്കപ്പെടാനല്ല, പിന്നെയോ മററുള്ളവരെ ശുശ്രൂഷിക്കാനും തന്റെ ജീവൻ മററനേകരെ വീണ്ടെടുക്കാൻ കൊടുക്കാനും വന്നതുപോലെതന്നെ.”—മത്തായി 20:25-28, ഒരു അമേരിക്കൻ ഭാഷാന്തരം.
6. (എ) മൂപ്പൻമാരെ സംബന്ധിച്ച് ഏതു അടിസ്ഥാന വസ്തുതകൾ മുന്തിനിൽക്കുന്നു? (ബി) മൂപ്പൻമാരിൽനിന്ന് എന്ത് പ്രതീക്ഷിക്കാൻ സഭക്ക് ന്യായമുണ്ട്, ഈ പുരുഷൻമാർ തങ്ങളെത്തന്നെ എങ്ങനെ വീക്ഷിക്കണം?
6 ‘ഒരു മേൽവിചാരക സ്ഥാനത്തിനായി എത്തിപ്പിടിക്കുന്ന ഒരു ക്രിസ്തീയ പുരുഷൻ ഒരു നല്ല വേല ആഗ്രഹിക്കുന്നു.’ (1 തിമൊഥെയോസ് 3:1) നാം ഇതും ഇപ്പോൾ ഉദ്ധരിച്ച യേശുവിന്റെ ബുദ്ധിയുപദേശവും പരിഗണിക്കുമ്പോൾ ഈ അടിസ്ഥാനവസ്തുതകൾ മുന്തിനിൽക്കുന്നു: (1) ക്രിസ്തീയ മൂപ്പൻമാർ മററുള്ളവരുടെമേൽ ക്രൂരഭരണം നടത്തരുത്; (2) യേശുവിന്റെ അനുഗാമികളുടെ ഇടയിൽ ഉത്തരവാദിത്തം വഹിക്കുന്നവർ അവരുടെ അടിമകൾ ആയിരിക്കണം, യജമാനൻമാരായിരിക്കരുത്; (3) ഒരു മേൽവിചാരകസ്ഥാനത്തിനായി എത്തിപ്പിടിക്കുന്ന പുരുഷൻമാർ അതിനെ “ഒരു നല്ല വേല”യായി വീക്ഷിക്കണം, ഒരു ഉന്നതസ്ഥാനമായിട്ടല്ല. (സദൃശവാക്യങ്ങൾ 25:27; 1 കൊരിന്ത്യർ 1:31) “മൂപ്പൻ” എന്ന പദം യാതൊരു മനുഷ്യനെയും യഹോവയുടെ മററു ആരാധകർക്കു മീതെ ഉയർത്തുന്നില്ല. പകരം, സകല മൂപ്പൻമാരും ആത്മീയപക്വതയും അനുഭവപരിചയവുമുള്ളവരായി വിശുദ്ധസേവനത്തിൽ നേതൃത്വം വഹിക്കുന്ന താഴ്മയുള്ള പുരുഷൻമാരായിരിക്കാൻ പ്രതീക്ഷിക്കുന്നതിന് സഭക്ക് കാരണമുണ്ട്. തീർച്ചയായും, മൂപ്പൻമാർ യഹോവയാം ദൈവത്തിന്റെയും യേശുക്രിസ്തുവിന്റെയും സഹക്രിസ്ത്യാനികളുടെയും വിനീതരായ അടിമകളായി തങ്ങളേത്തന്നെ വീക്ഷിക്കണം.—റോമർ 12:11; ഗലാത്യർ 5:13; കൊലോസ്യർ 3:24.
7. (എ) മൂപ്പൻമാർ മററുള്ളവരോട് ഇടപെടുമ്പോൾ 2 കൊരിന്ത്യർ 1:24 എങ്ങനെ ബാധകമാക്കണം? (ബി) ഭരണസംഘത്തിൽനിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾ സംബന്ധിച്ച് മൂപ്പൻമാർ എന്ത് ചെയ്യണം?
7 മററുള്ളവർക്കുവേണ്ടി താഴ്മയോടെ അനുഷ്ഠിക്കുന്ന സേവനം സ്വാഭാവികമായി അവരുടെമേൽ “കർതൃത്വം നടത്തുന്ന”തിൽനിന്ന് ഒരു മൂപ്പനെ തടയുന്നു. നമ്മുടെ മേൽവിചാരകൻമാർ പൗലോസിന്റേതുപോലെയുള്ള ഒരു മനോഭാവം പ്രകടമാക്കുന്നത് എത്ര നല്ലതാണ്! അവൻ കൊരിന്തിലെ ക്രിസ്ത്യാനികളോട് ഇങ്ങനെ പറഞ്ഞു: ‘ഞങ്ങൾ നിങ്ങളുടെ വിശ്വാസത്തിൻമേൽ യജമാനൻമാരല്ല, പിന്നെയോ ഞങ്ങൾ നിങ്ങളുടെ സന്തോഷത്തിനായുള്ള കൂട്ടുവേലക്കാരാണ്.’ (2 കൊരിന്ത്യർ 1:24) അതനുസരിച്ച്, സ്നേഹപുരസ്സരമായ മേൽവിചാരണ നടത്തുന്നവർ അനാവശ്യമായ മാനുഷനിബന്ധനകൾകൊണ്ട് സഹവിശ്വാസികളെ ഭാരപ്പെടുത്തുന്നില്ല. പകരം, യഹോവയുടെ സാക്ഷികളുടെ ഇടയിലെ മേൽവിചാരകൻമാർ തിരുവെഴുത്തുതത്വങ്ങളാൽ ഭരിക്കപ്പെടുകയും ദയാപൂർവകവും സഹായകവുമായ സേവനം അനുഷ്ഠിക്കുകയുംചെയ്യുന്നു. അവർ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിൽനിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾ പെട്ടെന്ന് ബാധകമാക്കിക്കൊണ്ട് ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോട് ആഴമായ ആദരവു കാണിക്കുകയും ചെയ്യുന്നു.—പ്രവൃത്തികൾ, അദ്ധ്യായം 15.
8. പൗലോസിന് സഹവിശ്വാസികളോട് എന്ത് മനോഭാവമുണ്ടായിരുന്നു, ഇത് 20-ാം നൂററാണ്ടിലെ മൂപ്പൻമാരെ എങ്ങനെ ബാധിക്കണം?
8 പൗലോസിന് ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോട് ആർദ്രമായ പരിഗണന ഉണ്ടായിരുന്നതുകൊണ്ട് അവന് തെസ്സലോനിക്യയിലെ ക്രിസ്ത്യാനികളോട് ഇങ്ങനെ പറയാൻകഴിഞ്ഞു: “ഞങ്ങൾ നിങ്ങളുടെ ഇടയിൽ മുലയൂട്ടുന്ന ഒരു അമ്മ തന്റെ സ്വന്തം കുഞ്ഞുങ്ങളെ പോററിപ്പുലർത്തുമ്പോഴെന്നപോലെ സൗമ്യരായിത്തീർന്നു. അങ്ങനെ, നിങ്ങളോട് ഊഷ്മളമായ പ്രിയം ഉണ്ടായിരുന്നതിനാൽ ദൈവത്തിന്റെ സുവാർത്ത മാത്രമല്ല, ഞങ്ങളുടെ സ്വന്തം ദേഹികൾകൂടെ നിങ്ങൾക്ക് നൽകാൻ ഞങ്ങൾക്ക് വളരെ സന്തോഷമായിരുന്നു, എന്തുകൊണ്ടെന്നാൽ നിങ്ങൾ ഞങ്ങൾക്ക് പ്രിയരായിത്തീർന്നു.” (1 തെസ്സലോനിക്യർ 2:7, 8) സ്വന്തം താത്പര്യങ്ങൾക്കുപരി തന്റെ കുഞ്ഞുങ്ങളുടെ താത്പര്യങ്ങളെ കരുതുകയും അവരോട് ഊഷ്മളമായ പരിഗണന കാണിക്കുകയും ചെയ്യത്തക്കവണ്ണം അവരെ വളരെ അഗാധമായി സ്നേഹിക്കുന്ന മുലയൂട്ടുന്ന ഒരു മാതാവിനെപ്പോലെ പൗലോസ് പ്രവർത്തിച്ചു. ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോടെന്നപോലെ ആർദ്രതയോടെ പെരുമാറാൻ ഇത് 20-ാം നൂററാണ്ടിലെ മൂപ്പൻമാരെ എങ്ങനെ പ്രേരിപ്പിക്കേണ്ടതാണ്!
ആശ്വാസത്തിന്റെയും നവോൻമേഷത്തിന്റെയും ഉറവുകൾ
9. യഹോവയുടെ ഏതൽക്കാല ജനത്തിന്റെ ഏതു സാഹചര്യങ്ങൾ യെശയ്യാവ് 32:1, 2ൽ മുൻകൂട്ടിപ്പറഞ്ഞിരുന്നു?
9 യേശുക്രിസ്തുവിനാലുള്ള രാജ്യഭരണത്തിന്റെ ഈ നാളിലേക്ക് വിരൽചൂണ്ടിക്കൊണ്ട് ഒരു രാജാവ് “നീതിക്കുവേണ്ടിത്തന്നെ വാഴുമെന്നും” “പ്രഭുക്കൻമാർ” “ന്യായത്തിനുവേണ്ടിത്തന്നെ” ഭരിക്കുമെന്നും യെശയ്യാപ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു. അതുകൊണ്ട് ഏതൽക്കാലത്തെ ദിവ്യാധിപത്യസ്ഥാപനത്തിലുള്ള മൂപ്പൻമാർ സ്ഥാപിത സ്വർഗ്ഗീയരാജ്യത്തിന്റെ താത്പര്യങ്ങൾ കൈകാര്യം ചെയ്യുന്നു—തീർച്ചയായും പ്രഭുനിർവിശേഷമായ സേവനം! ഉത്തരവാദിത്തമുള്ള ഈ പുരുഷൻമാർക്ക് യെശയ്യാവിന്റെ കൂടുതലായ പ്രാവചനികവചനങ്ങൾ ബാധകമാകുന്നു: “ഓരോരുത്തനും കാററിൽനിന്നുള്ള ഒരു മറവിടവും പിശറിൽനിന്നുള്ള ഒരു ഒളിപ്പിടവുംപോലെയെന്ന്, വെള്ളമില്ലാത്ത ഒരു രാജ്യത്തെ നീരൊഴുക്കുകൾ പോലെയെന്ന്, ക്ഷീണമുള്ള ഒരു ദേശത്തെ ഒരു വൻപാറയുടെ തണൽപോലെയെന്ന്, തെളിയണം.”—യെശയ്യാവ് 32:1, 2.
10. യഹോവയുടെ സാക്ഷികളുടെ ഇടയിലെ ഓരോ മൂപ്പനും എന്തിന്റെ ഒരു ഉറവായിരിക്കണം?
10 ക്രൈസ്തവലോകത്തിലെ മർദ്ദകരായ മതനേതാക്കൻമാരിൽനിന്ന് വ്യത്യസ്തമായി, യഹോവയുടെ സാക്ഷികളുടെ ഇടയിലെ മൂപ്പൻമാർ ആശ്വാസത്തിന്റെയും നവോൻമേഷത്തിന്റെയും ഉറവുകളാണ്. പ്രായമേറിയ പുരുഷൻമാരുടെ സംഘങ്ങളെന്ന നിലയിൽ അവർ യഹോവയുടെ ജനത്തിന്റെ ഇടയിൽ സമാധാനവും പ്രശാന്തതയും സുരക്ഷിതത്വവും ഉന്നമിപ്പിക്കുന്നു. വ്യക്തിപരമായി, ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോട് ആർദ്രതയോടെ പെരുമാറിക്കൊണ്ട് ഓരോ മൂപ്പനും ഈ നല്ല അവസ്ഥക്ക് സംഭാവനചെയ്യാൻ കഴിയും.
ന്യായത്തോടും നീതിയോടുംകൂടെ
11. (എ) ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളുടെ ഇടയിൽ സ്ഥിതിചെയ്തിരുന്ന ഏതു പൊതു അവസ്ഥ ഇന്നത്തെ യഹോവയുടെ സാക്ഷികളുടെ മിക്ക സഭകളിലും പ്രബലപ്പെട്ടിരിക്കുന്നു? (ബി) മേൽവിചാരകൻമാർക്ക് സഭയോട് എന്ത് ഉത്തരവാദിത്തമുണ്ട്, എന്തുകൊണ്ട്?
11 ഒന്നാം നൂററാണ്ടിലെ ക്രിസ്തീയസഭകളിൽ ചിലതിൽ പ്രശ്നങ്ങൾ ഉയർന്നുവന്നെങ്കിലും അവയുടെ പൊതു അവസ്ഥ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും അവസ്ഥയായിരുന്നു. (1 കൊരിന്ത്യർ 1:10-12; 3:5-9; എഫേസ്യർ 1:2; യാക്കോബ് 2:1-9; 3:2-12; 4:11, 12; 1 യോഹന്നാൻ 1:3, 4) ദൈവത്തിന്റെ അനുഗ്രഹത്താലും ക്രിസ്തുവിന്റെ നേതൃത്വത്താലും നിയമിത മേൽവിചാരകൻമാരുടെ വിശ്വസ്തവേലയാലും ഇന്നത്തെ യഹോവയുടെ സാക്ഷികളുടെ മിക്ക സഭകളിലും ഒരു നല്ല ആത്മീയാവസ്ഥ സ്ഥിതിചെയ്യുന്നുണ്ട്. സഭാപരമായ സമാധാനത്തിനും ഐക്യത്തിനും സന്തോഷത്തിനും ഉറപ്പുവരുത്തുന്നതിന്, ഈ പുരുഷൻമാർ ദിവ്യസഹായം തേടുകയും ദൈവത്തിന്റെ സ്ഥാപനത്തെ ധാർമ്മികമായും ആത്മീയമായും ശുദ്ധമായി സൂക്ഷിക്കാൻ ഉത്സാഹപൂർവം ശ്രമിക്കുകയും ചെയ്യുന്നു. (യെശയ്യാവ് 52:11) ഒരു അശുദ്ധ സ്ഥാപനത്തിന് ഒരിക്കലും സമാധാനമോ സന്തോഷമോ ഉള്ളതായിരിക്കാൻ കഴികയില്ല. അതിനു തീർച്ചയായും ദൈവാംഗീകാരമോ അനുഗ്രഹമോ ഉണ്ടായിരിക്കയില്ല. അവൻ “ദോഷം കാണാൻ കഴിയാത്തവണ്ണം വളരെ ശുദ്ധമായ കണ്ണുകളുള്ളവനാണ്, ദുഷ്പ്രവൃത്തിയെ അനുവദിക്കാൻ കഴിയാത്തവണ്ണംതന്നെ.” (ഹബക്കൂക്ക് 1:13) അപ്പോൾ മൂപ്പൻമാർ, മററുള്ളവയുടെ കൂട്ടത്തിൽ, നീതിന്യായകാര്യങ്ങൾ നേരോടെ തിരുവെഴുത്തുപരമായ ഒരു രീതിയിൽ ശ്രദ്ധിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ അങ്ങനെയുള്ള കേസുകൾ കൈകാര്യംചെയ്യുമ്പോൾ ഓർത്തിരിക്കേണ്ട ചില വസ്തുതകൾ എന്തൊക്കെയാണ്?
12. ബൈബിൾനിയമങ്ങളെയോ തത്വങ്ങളെയോ ലംഘിക്കാത്ത വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിക്കാൻ മൂപ്പൻമാരോട് ആവശ്യപ്പെടുന്നില്ലെങ്കിലും ഗലാത്യർ 6:1ന്റെ വീക്ഷണത്തിൽ എന്തു ചെയ്യപ്പെടണം?
12 ഒരു സംഗതി, വ്യക്തിപരമായ ഭിന്നതകൾ ഉൾപ്പെടുന്ന കേസുകളിൽ വ്യക്തികൾക്ക് സ്വകാര്യമായി കാര്യങ്ങൾ പറഞ്ഞുതീർക്കുക സാദ്ധ്യമായേക്കാം. (മത്തായി 18:15-17) മൂപ്പൻമാർ ‘നമ്മുടെ വിശ്വാസത്തിൻമേൽ യജമാനൻമാർ’ അല്ലാത്തതിനാൽ ബൈബിൾനിയമങ്ങളുടെയും തത്വങ്ങളുടെയും ഗൗരവമുള്ള ലംഘനങ്ങൾ ഉൾപ്പെടാത്ത ശുദ്ധമേ വ്യക്തിപരമായ കാര്യങ്ങൾ അവർ അന്വേഷിക്കാൻ പ്രതീക്ഷിക്കപ്പെടുന്നില്ല. സ്വാഭാവികമായി, ഒരു വ്യക്തി “ഏതെങ്കിലും തെററായ നടപടി അതിനെക്കുറിച്ച് ബോധവാനാകുന്നതിനുമുമ്പ്” എടുത്തതായി തെളിവുണ്ടെങ്കിൽ ആത്മീയ യോഗ്യതകളുള്ളവർ “സൗമ്യതയുടെ ഒരു ആത്മാവിൽ അങ്ങനെയുള്ള ഒരു മനുഷ്യനെ യഥാസ്ഥാനപ്പെടുത്താൻ ശ്രമിക്കേ”ണ്ടതാണ്.—ഗലാത്യർ 6:1.
13. മൂപ്പൻമാർ കേട്ടുകേൾവിയെ അല്ല, ദുഷ്പ്രവൃത്തിയുടെ തെളിവിനെ അടിസ്ഥാനപ്പെടുത്തി മാത്രമേ പ്രവർത്തിക്കാവൂ എന്ന് തിരുവെഴുത്തുകൾ പ്രകടമാക്കുന്നതെങ്ങനെ?
13 മൂപ്പൻമാർ “നീതിക്കുവേണ്ടിത്തന്നെ” എല്ലായ്പ്പോഴും നിഷ്പക്ഷമായി സേവിക്കേണ്ടതാണ്. അതുകൊണ്ട് അവർ കേവലം കേട്ടുകേൾവിയെയല്ല, ദുഷ്പ്രവൃത്തിയുടെ തെളിവിനെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കേണ്ടതാണ്. പൗലോസ് ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “രണ്ടോ മൂന്നോ സാക്ഷികളുടെ തെളിവിൻമേലല്ലാതെ ഒരു പ്രായമേറിയ പുരുഷനെതിരായ ഒരു ആരോപണം അംഗീകരിക്കരുത്.” (1 തിമൊഥെയോസ് 5:19) യഹോവയുടെ പ്രമാണമനുസരിച്ച്, പുരാതന ഇസ്രയേലിൽ മരണാർഹമായ പാപം ആരോപിക്കപ്പെട്ട ഒരു വ്യക്തി ‘ഒരു സാക്ഷിയുടെയല്ല, രണ്ടോ മൂന്നോ സാക്ഷികളുടെ വായ്മൊഴിയാൽ’ വധിക്കപ്പെടണമായിരുന്നു. തന്നെയുമല്ല, കുററമാരോപിക്കപ്പെട്ടയാളിന് തന്റെ കുററാരോപകരെ അഭിമുഖീകരിക്കാൻ പ്രത്യക്ഷത്തിൽ അവസരമുണ്ടായിരുന്നു. തെളിവു മതിയായതായിരുന്നെങ്കിൽ ‘ഒന്നാമതായി, സാക്ഷികളുടെ കൈ അവനെ കൊല്ലുന്നതിന് അവന്റെമേൽ വരേണ്ടതായിരുന്നു.’—ആവർത്തനം 17:6, 7.
14. (എ) ദിയൊത്രെഫെസ് എന്തു ചെയ്യാൻ തെററായി ശ്രമിച്ചു? (ബി) മൂപ്പൻമാർ നീതിന്യായകാര്യങ്ങൾ കൈകാര്യംചെയ്യുമ്പോൾ ദൈവം അവരിൽനിന്ന് എന്ത് പ്രതീക്ഷിക്കുന്നു?
14 നീതിന്യായപരമായ നടപടിക്ക് തിരുവചനാനുസൃതമായ ഒരു ഈടുററ അടിസ്ഥാനമുണ്ടായിരിക്കണം. സഭാമേൽവിചാരകൻമാർ ക്രി.വ. ഒന്നാം നൂററാണ്ടിലെ അഹങ്കാരിയായിരുന്ന ദിയൊത്രെഫെസിനെപ്പോലെയല്ലാത്തതിൽ നാം എത്ര സന്തുഷ്ടരാണ്! അയാൾ സഞ്ചാരസഹോദരൻമാരെ അതിഥിപ്രിയത്തോടെ സ്വീകരിക്കാൻ ആഗ്രഹിച്ചവരെ “സഭയിൽനിന്ന് പുറന്തള്ളാൻ” തെററായി ശ്രമിച്ചു. അപ്പോസ്തലനായ യോഹന്നാൻ ഇതിനെയും മററു ദുഷ്പ്രവൃത്തികളെയും നിസ്സാരമായി വീക്ഷിക്കാതെ ഇങ്ങനെ മുന്നറിയിപ്പു കൊടുത്തു: “ഞാൻ വന്നാൽ ഞാൻ അവന്റെ പ്രവൃത്തികൾ ഓർമ്മിപ്പിക്കും.” (3 യോഹന്നാൻ 9, 10) അങ്ങനെ, ഒരു ഏതൽക്കാല നീതിന്യായക്കമ്മിററി സ്വീകരിക്കുന്ന ഏതു പുറത്താക്കൽ നടപടിക്കും ഒരു ബൈബിൾപരമായ അടിസ്ഥാനമുണ്ടെന്ന് അവർക്കുറപ്പുണ്ടായിരിക്കണം.a തീർച്ചയായും, ക്രിസ്തീയ മൂപ്പൻമാർ മററുള്ളവരോട് ഇടപെടുന്നതിൽ ന്യായംപാലിക്കാൻ ദൈവം പ്രതീക്ഷിക്കുന്നു. തീർച്ചയായും, യഹോവയുടെ ഭൗമികസ്ഥാപനത്തിന്റെ കാര്യങ്ങൾ നടത്തുന്നവർ “പ്രാപ്തിയുള്ള പുരുഷൻമാർ, ദൈവത്തെ ഭയപ്പെടുന്ന വിശ്വാസയോഗ്യരായ പുരുഷൻമാർ” ആയിരിക്കണം.—പുറപ്പാട് 18:21.
15. നീതിന്യായ വിചാരണകളിൽ പ്രാർത്ഥന എന്തു പങ്കു വഹിക്കണം?
15 ഓരോ ക്രിസ്തീയ നീതിന്യായക്കമ്മിററിയും ഹൃദയംഗമമായ പ്രാർത്ഥനയിൽ യഹോവയുടെ സഹായം തേടണം. ഗൗരവമായ ദുഷ്പ്രവൃത്തി ആരോപിക്കപ്പെട്ടിരിക്കുന്ന സഹോദരനോ സഹോദരിയൊ ആയിട്ടുള്ള കൂടിക്കാഴ്ച പ്രാർത്ഥനയോടെ തുടങ്ങണം. യഥാർത്ഥത്തിൽ, ചർച്ചയുടെ സമയത്ത് ദൈവസഹായത്തിന്റെ പ്രത്യേക ആവശ്യം പൊന്തിവരുന്ന ഏതു സമയത്തും പ്രാർത്ഥിക്കുന്നത് ഉചിതമാണ്.—യാക്കോബ് 5:13-18.
16. മൂപ്പൻമാർ ഏതു രീതിയിൽ നീതിന്യായവിചാരണകൾ നടത്തണം, എന്തുകൊണ്ട്?
16 ദുഷ്പ്രവൃത്തി ആരോപിക്കപ്പെട്ടിരിക്കുന്ന സഹവിശ്വാസി ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിലെ ഒരു “ആട്” ആണെന്ന് മൂപ്പൻമാർക്കറിയാം. അതിനോട് ആദരവോടെ പെരുമാറണം. (യെഹെസ്ക്കേൽ 34:7-14 താരതമ്യപ്പെടുത്തുക.) അക്ഷരീയമായ ആടുകൾക്ക് ആർദ്രമായ പരിപാലനം ആവശ്യമാണ്. എന്തുകൊണ്ടെന്നാൽ അവ സംരക്ഷണത്തിനുവേണ്ടി തങ്ങളുടെ ഇടയനെ ആശ്രയിക്കുന്ന പേടിയുള്ള ജീവികളാണ്. അതുകൊണ്ട്, പ്രാദേശിക സഭയിലെ പ്രതീകാത്മക ആടുകളെ സംബന്ധിച്ചെന്ത്? നിസ്സംശയമായി അവർ വലിയ ഇടയനായ യഹോവയാം ദൈവത്തിന്റെയും നല്ല ഇടയനായ യേശുക്രിസ്തുവിന്റെയും പരിപാലനത്തിൽ സുരക്ഷിതത്വം അനുഭവിക്കുന്നു. എന്നാൽ ആട്ടിൻകൂട്ടത്തിന്റെ ഉപ ഇടയൻമാർ ആടുതുല്യരായ യഹോവയുടെ ദാസൻമാരുടെ ആന്തരികസമാധാനത്തിനും സുരക്ഷിതബോധത്തിനും സംഭാവനചെയ്യുന്ന വിധങ്ങളിൽ പ്രവർത്തിക്കേണ്ടതാണ്. അപ്പോൾ നിങ്ങൾ ഒരു ക്രിസ്തീയ ഉപ ഇടയനാണെങ്കിൽ, നിങ്ങളുടെ സംരക്ഷണയിലുള്ള സഹോദരീസഹോദരൻമാർക്ക് സുരക്ഷിതത്വവും പ്രശാന്തതയും അനുഭവപ്പെടുന്നുണ്ടോ? മൂപ്പൻമാർ ബൈബിൾനിയമങ്ങളെയും തത്വങ്ങളെയും ദൃഢമായി ഉയർത്തിപ്പിടിക്കേണ്ടതാണെന്നുള്ളത് സത്യംതന്നെ. എന്നാൽ ആടുകളോട് സ്നേഹപുരസ്സരമായ ഒരു വിധത്തിൽ പെരുമാറാനും നീതിന്യായവിചാരണകൾ ശാന്തവും ക്രമീകൃതവും ദയാമസൃണവും പരിഗണനയോടുകൂടിയതുമായ ഒരു രീതിയിൽ നടത്താനും തിരുവെഴുത്തുപരമായി അവരോട് ആവശ്യപ്പെട്ടിരിക്കുന്നു.
17. വിശേഷിച്ച് നീതിന്യായവിചാരണകളിൽ ഏതു തിരുവെഴുത്തുപോയിൻറുകൾ മൂപ്പൻമാർ മനസ്സിൽ പിടിക്കണം?
17 നാം അപൂർണ്ണരാകയാൽ, നാം പറയുന്ന കാര്യങ്ങളിൽ “നമുക്കെല്ലാം അനേകം പ്രാവശ്യം പിഴവുപററുന്നു.” (യാക്കോബ് 3:2) നമ്മിലോരോരുത്തർക്കും ദൈവത്തിന്റെ കരുണയും ക്രിസ്തുവിന്റെ “പ്രസാദയാഗവും” ആവശ്യമാണ്. (1 യോഹന്നാൻ 1:8–2:2; സങ്കീർത്തനം 130:3) അതുകൊണ്ട് ഒരു ക്രിസ്തീയ ഇടയൻ തന്നേക്കുറിച്ചുതന്നെ വിനീതമായ ഒരു വീക്ഷണം കൈക്കൊള്ളേതുണ്ട്. “മനുഷ്യർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങളാഗ്രഹിക്കുന്നതുപോലെതന്നെ അവരോടും ചെയ്യുക” എന്ന യേശുവിന്റെ വാക്കുകളും അയാൾ ഓർമ്മിക്കണം. (ലൂക്കോസ് 6:31) ഈ ബുദ്ധിയുപദേശം വിശേഷാൽ നീതിന്യായവിചാരണകളുടെ സമയത്ത് ബാധകമാക്കപ്പെടണം. ആത്മീയയോഗ്യതയുള്ള പുരുഷൻമാർ തെററു ചെയ്യുന്ന ഒരു ക്രിസ്ത്യാനിയെ ‘സൗമ്യതയുടെ ആത്മാവിൽ’ യഥാസ്ഥാനപ്പെടുത്താൻ ശ്രമിക്കണം, ‘തങ്ങളും പരീക്ഷിക്കപ്പെടാതിരിക്കാൻ അവർ ഓരോരുത്തരും തങ്ങളുടെമേൽ ദൃഷ്ടി പതിപ്പിക്കുമ്പോൾത്തന്നെ.’—ഗലാത്യർ 6:1; 1 കൊരിന്ത്യർ 10:12.
18. (എ) മൂപ്പൻമാർ നീതിന്യായവിചാരണയുടെ സമയത്ത് മററുള്ളവരോട് പരുഷമായി പെരുമാറിയാൽ എന്തു ഫലമുണ്ടാകാം? (ബി) മർക്കോസ് 9:42-ന്റെ വീക്ഷണത്തിൽ മൂപ്പൻമാരും മററു ക്രിസ്ത്യാനികളും എന്തു ചെയ്യുന്നതിനെതിരെ സൂക്ഷിക്കണം?
18 മൂപ്പൻമാർ നീതിന്യായവിചാരണകളുടെ സമയത്ത് മററുള്ളവരോട് പരുഷമായി പെരുമാറുകയാണെങ്കിൽ അത് അങ്ങനെയുള്ള വ്യക്തികൾക്ക് ഹാനികരമാണെന്ന് തെളിഞ്ഞേക്കാം. എന്നാൽ വൈകാരികവും ശാരീരികവുമായ ഉപദ്രവം ഉണ്ടായില്ലെങ്കിലും ഗുരുതരമായ ആത്മീയഹാനി നേരിടാം, മേൽവിചാരകൻമാരുടെ യോഗ്യതകളും ചോദ്യംചെയ്യപ്പെട്ടേക്കാം. (യാക്കോബ് 2:13 താരതമ്യംചെയ്യുക.) അതുകൊണ്ട്, നീതിന്യായവിചാരണകളുടെ സമയത്തും മറെറല്ലാ സമയങ്ങളിലും മൂപ്പൻമാർ ദയയുള്ളവരായി മററുള്ളവർക്ക് ഇടർച്ച വരുത്താതിരിക്കാൻ സൂക്ഷിക്കണം. തീർച്ചയായും, ഈ കാര്യത്തിൽ എല്ലാ ക്രിസ്ത്യാനികളും ശ്രദ്ധിക്കേണ്ടതുണ്ട്, എന്തുകൊണ്ടെന്നാൽ യേശു ഇങ്ങനെ പറഞ്ഞു: “വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവനെ ഇടറിക്കുന്ന ഏവനെ സംബന്ധിച്ചും ഒരു കഴുത തിരിക്കുന്നതരം തിരികല്ല് അവന്റെ കഴുത്തിൽ കെട്ടി അവനെ യഥാർത്ഥമായി കടലിൽ തള്ളിയിടുന്നുവെങ്കിൽ അതാണ് അവന് ഏറെ നല്ലത്.” (മർക്കോസ് 9:42) സാധാരണയായി തിരിക്കുന്നതിന് ഒരു മൃഗത്തിന്റെ ശക്തി ആവശ്യമായി വരത്തക്കവണ്ണം മുകളിലത്തെ തിരികല്ല് വളരെ വലുതായിരിക്കാൻ കഴിയുമായിരുന്നു. അത്തരമൊരു ഭാരം കഴുത്തിൽ കെട്ടി സമുദ്രത്തിൽ എറിയപ്പെടുന്ന ആർക്കും അതിജീവിക്കാൻ കഴിയുമായിരുന്നില്ല. അപ്പോൾ, തീർച്ചയായും, തനിക്കുതന്നെയും അങ്ങനെ ഇടറിക്കപ്പെടുന്ന ഏതു വ്യക്തിക്കും നിലനിൽക്കുന്ന ആത്മീയദ്രോഹത്തിൽ കലാശിക്കുന്ന ഇടർച്ച വരുത്തിക്കൂട്ടാതിരിക്കാൻ ഒരു മൂപ്പൻ ശ്രദ്ധാലുവായിരിക്കണം.—ഫിലിപ്പിയർ 1:9-11.
സ്നേഹപൂർവകമായ പരിഗണന കാണിക്കുന്നതിൽ തുടരുക
19. പത്രോസ് കൂട്ടുമൂപ്പൻമാർക്ക് ഏതു ബുദ്ധിയുപദേശം കൊടുത്തു, അതിന് ഉചിതമായി ചെവികൊടുക്കുന്നതിന് അവരുടെ പ്രതീക്ഷകളോട് എന്ത് ബന്ധമുണ്ട്?
19 കൂട്ടുമേൽവിചാരകൻമാർ എങ്ങനെ ആട്ടിൻകൂട്ടത്തെ മേയിക്കണമെന്ന് കാണിച്ചുകൊണ്ട് അപ്പോസ്തലനായ പത്രോസ് ഇങ്ങനെ എഴുതി: “നിങ്ങളുടെ സംരക്ഷണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുക, നിർബന്ധത്താലല്ല, മനസ്സോടെ; സത്യസന്ധമല്ലാത്ത ആദായപ്രിയംനിമിത്തവുമല്ല, പിന്നെയോ ആകാംക്ഷയോടെ; ദൈവത്തിന്റെ അവകാശമായിരിക്കുന്നവരുടെമേൽ കർതൃത്വംനടത്തുന്നതുപോലെയുമല്ല, പിന്നെയോ ആട്ടിൻകൂട്ടത്തിന് മാതൃകകളായിത്തീർന്നുകൊണ്ടുതന്നെ. മുഖ്യ ഇടയൻ പ്രത്യക്ഷനാക്കപ്പെട്ടിരിക്കുമ്പോൾ നിങ്ങൾക്ക് മഹത്വത്തിന്റെ വാടാത്ത കിരീടം ലഭിക്കും.” (1 പത്രോസ് 5:2-4) അങ്ങനെയുള്ള ബുദ്ധിയുപദേശം ബാധകമാക്കുന്നതിനാലും ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോട് സ്നേഹപൂർവകമായ പരിഗണന പ്രകടമാക്കുന്നതിനാലും മാത്രമേ അഭിഷിക്ത മേൽവിചാരകൻമാർക്ക് അമർത്യ ആത്മജീവികളെന്ന നിലയിൽ തങ്ങളുടെ സ്വർഗ്ഗീയപ്രതിഫലം പ്രാപിക്കാനും ഭൗമികപ്രത്യാശകളുള്ള മൂപ്പൻമാർക്ക് വരാനിരിക്കുന്ന ആഗോളപറുദീസയിൽ നിത്യജീവൻ പ്രാപിക്കാനും കഴിയുകയുള്ളു.
20. (എ) ക്രിസ്തീയ ഉപ ഇടയൻമാർ തങ്ങളുടെ സഹവിശ്വാസികളോട് എങ്ങനെ ഇടപെടണം? (ബി) നിങ്ങൾ സ്നേഹമുള്ള മൂപ്പൻമാരുടെ മാതൃകായോഗ്യമായ സേവനവും സ്നേഹനിർഭരമായ പരിപാലനവും സംബന്ധിച്ച് എങ്ങനെ വിചാരിക്കുന്നു?
20 യഹോവയാം ദൈവവും യേശുക്രിസ്തുവും സഹാനുഭൂതിയും സ്നേഹവുമുള്ള ഇടയൻമാരാകുന്നു. അതുകൊണ്ട് ക്രിസ്തീയ ഉപ ഇടയൻമാർ ദൃഢമായി ദിവ്യപ്രമാണങ്ങളെ ഉയർത്തിപ്പിടിക്കുമ്പോൾത്തന്നെ അവർ തങ്ങളുടെ ആടുതുല്യരായ സഹവിശ്വാസികളുമായി ഇടപെടുമ്പോൾ സ്നേഹവും സഹാനുഭൂതിയും പ്രകടമാക്കണം. തീർച്ചയായും, യഹോവയുടെ സകല വിശ്വസ്ത സാക്ഷികളും തങ്ങളുടെ സൂക്ഷിപ്പുധനം കാത്തുസൂക്ഷിക്കുകയും ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോട് ആർദ്രതയോടെ പെരുമാറുകയുംചെയ്യുന്ന ആത്മത്യാഗികളായ അങ്ങനെയുള്ള മൂപ്പൻമാരുടെ മാതൃകായോഗ്യമായ സേവനത്തെ ആഴമായി വിലമതിക്കുന്നു. നമ്മുടെ ഇടയിൽ നേതൃത്വമെടുക്കുന്നവരോട് അനുസരണമുള്ളവരായിരിക്കുന്നതിനാൽ ആ വിലമതിപ്പും അതോടുകൂടെ ഉചിതമായ ആദരവും പ്രകടമാക്കാൻ കഴിയും. (w89 9⁄15)
[അടിക്കുറിപ്പ്]
a വിധിയിൽ ഒരു ഗൗരവമായ തെററ് ചെയ്യപ്പെട്ടിരിക്കുന്നതായി വിശ്വസിക്കുന്നുവെങ്കിൽ വ്യക്തിക്ക് തന്റെ പുറത്താക്കൽതീരുമാനം സംബന്ധിച്ച് അപ്പീൽകൊടുക്കാൻ കഴിയും.
നിങ്ങളുടെ ആശയമെന്താണ്?
◻ തന്റെ അനുഗാമികളുടെ ഇടയിൽ ക്രൂരഭരണത്തിന് ഇടമില്ലെന്ന് യേശുക്രിസ്തു പ്രകടമാക്കിയതെങ്ങനെ?
◻ ഭരണസംഘത്തിൽനിന്ന് നിർദ്ദേശങ്ങൾ ലഭിക്കുമ്പോൾ മൂപ്പൻമാർ എന്തു ചെയ്യണം?
◻ യെശയ്യാവ് 32:1, 2 അനുസരിച്ച്, മൂപ്പൻമാർ എന്തിന്റെ ഉറവുകളായിരിക്കണം?
◻ മൂപ്പൻമാർ കേവലം കേട്ടുകേൾവിയെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കരുതെന്ന് തിരുവെഴുത്തുകൾ പ്രകടമാക്കുന്നതെങ്ങനെ?
◻ ക്രിസ്തീയ ഉപ ഇടയൻമാർ ആട്ടിൻകൂട്ടത്തോട് എങ്ങനെ പെരുമാറണം?
[20-ാം പേജിലെ ചിത്രം]
ഒരു നീതിന്യായക്കമ്മിററി ഒരു സഹവിശ്വാസിയുമായി കൂടിവരുമ്പോൾ ഹൃദയംഗമമായ പ്രാർത്ഥന മർമ്മപ്രധാനമാണ്