ബുദ്ധിയുപദേശത്തിന് വേണ്ടി നിങ്ങൾ എങ്ങോട്ടു തിരിയുന്നു?
നിങ്ങൾക്ക് ആരെങ്കിലും എന്നെങ്കിലും കള്ളനാണയം തന്നിട്ടുണ്ടോ? ഒരുപക്ഷേ ഇല്ലായിരിക്കാം. എന്നാൽ കള്ളനാണയം പ്രചരിക്കുന്നുണ്ടെന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? നിങ്ങൾ മുഷിയുമോ? തീർച്ചയായുമില്ല! നിങ്ങളെ ജാഗരൂകനാക്കിയതിന് നിങ്ങൾ നന്ദിപറഞ്ഞേക്കാം, നിങ്ങൾ കഠിനാദ്ധ്വാനംചെയ്തുണ്ടാക്കിയ നിങ്ങളുടെ നല്ല പണത്തിൽ കുറെ കള്ളനാണയത്തിനുവേണ്ടി നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യും.
നമ്മിൽ മിക്കവർക്കും കാലാകാലങ്ങളിൽ ബുദ്ധിയുപദേശവും മുന്നറിയിപ്പുകളും ലഭിക്കുന്നുണ്ട്. ചില മുന്നറിയിപ്പുകൾ മററു ചിലതിനെക്കാൾ കൂടുതൽ പ്രയോജനകരമാണെന്നുള്ളത് സത്യംതന്നെ. എന്നാൽ നിങ്ങൾ ചില ബുദ്ധിയുപദേശങ്ങളുടെ വ്യക്തിപരമായ മൂല്യം കാണുന്നില്ലെങ്കിലും, അതു നൽകപ്പെട്ടതിൽ മുഷിയുന്നതിന് അത് കാരണമാണോ?
എല്ലാവർക്കും കാലാകാലങ്ങളിൽ സഹായവും ബുദ്ധിയുപദേശവും ആവശ്യമാണെന്നുള്ളതാണ് സത്യം. ഒരുവനും എല്ലാ ഉത്തരങ്ങളും ഇല്ല. നമുക്കു ചുററും സാമ്പത്തികവും രാഷ്ട്രീയവുമായ അനിശ്ചിതത്വമുള്ളതുകൊണ്ട് എല്ലാവർക്കും ഭാവിയെക്കുറിച്ച് ഉറപ്പുള്ള പ്രത്യാശ ആവശ്യമാണ്. ദാമ്പത്യബന്ധങ്ങളിൽ പകുതിയോളം വിവാഹമോചനത്തിൽ കലാശിക്കുന്ന, കൗമാരപ്രായ ഗർഭധാരണങ്ങൾ പെരുകിയിരിക്കുന്ന, ലൈംഗികമായി പകരുന്ന രോഗങ്ങൾ വ്യാപകമായിരിക്കുന്ന, ഒരു ലോകത്തിൽ നമുക്ക് സമചിത്തതയുള്ള, പ്രായോഗികമായ, മാർഗ്ഗനിർദ്ദേശത്തിന്റെ അടിയന്തിരാവശ്യമുണ്ട്. ഈ കുഴപ്പിക്കുന്ന വ്യവസ്ഥിതിയിൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ വളർത്തുന്നതിനുള്ള ഏററം നല്ല മാർഗ്ഗം നിശ്ചയിക്കുന്നതിന് സഹായമാവശ്യമാണ്. ആകുലീകരിക്കുന്നതായി തോന്നിയേക്കാവുന്ന തങ്ങളുടെ വൈരുദ്ധ്യാത്മക വികാരങ്ങളെയും സമ്മർദ്ദങ്ങളെയും കൈകാര്യംചെയ്യുന്നതിന് ചെറുപ്പക്കാർക്ക് സഹായമാവശ്യമാണ്. സത്യസന്ധതയില്ലായ്മയും ദുർമ്മാർഗ്ഗവും അക്രമവും അധികമധികം അംഗീകരിക്കപ്പെടുന്ന ഒരു ലോകത്തിൽ പ്രായോഗിക ധാർമ്മികമൂല്യങ്ങൾ പ്രാവർത്തികമാക്കാൻ എല്ലാവർക്കും സഹായമാവശ്യമാണ്.
അങ്ങനെയുള്ള സഹായം എവിടെ കണ്ടെത്താൻ കഴിയും? ജീവിതം സംബന്ധിച്ച ഏററം നല്ല ബുദ്ധിയുപദേശത്തിന്റെ ഉറവ് ദൈവത്തിന്റെ നിശ്വസ്തവചനമായ ബൈബിളാണ്. പുരാതന സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “നിന്റെ വചനം എന്റെ പാദങ്ങൾക്ക് ഒരു വിളക്കും എന്റെ പാതക്ക് ഒരു പ്രകാശവുമാകുന്നു.” (സങ്കീർത്തനം 119:105) ദൈവവചനം വായിക്കുകയും ബാധകമാക്കുകയും ചെയ്യുന്നവർ ഇന്നുള്ള മിക്ക കെണികളെയും ഒഴിവാക്കുന്നു. അതാണ് യഹോവയുടെ സാക്ഷികൾ തങ്ങളുടെ അയൽക്കാരെ സന്ദർശിച്ചുകൊണ്ടും അവരോടൊത്ത് ബൈബിൾ ചർച്ചചെയ്തുകൊണ്ടും സഹസ്രലക്ഷക്കണക്കിന് മണിക്കൂർ ചെലവഴിക്കുന്നതിന്റെ ഒരു കാരണം. എന്നിരുന്നാലും, അനേകർ ശ്രദ്ധിക്കുന്നില്ല, ചിലർ മുഷിയുകപോലും ചെയ്യുന്നു. ഇത് എന്തുകൊണ്ടാണ്?
അടഞ്ഞ മനസ്സുകൾ—എന്തുകൊണ്ട്?
ശരി, അനേകർ വിശേഷാൽ മതവിഷയംസംബന്ധിച്ച് ബുദ്ധിയുപദേശം സ്വീകരിക്കുന്നതിന് വളരെ വൈമനസ്യമുള്ളവരാണ്. പള്ളിയംഗങ്ങൾപോലും എല്ലായ്പ്പോഴും അവരുടെ ഉപദേശിമാർ കൊടുക്കുന്ന ബുദ്ധിയുപദേശം ശ്രദ്ധിക്കാനാഗ്രഹിക്കുന്നില്ല. ഒരു ബ്രിട്ടീഷ് വൈദികൻ ഇങ്ങനെ വിലപിച്ചു: “എല്ലാവർക്കും സ്വന്തം ആശയങ്ങളുണ്ട്, അവ ഉപദേഷ്ടാക്കൻമാരുടേതുപോലെതന്നെ നല്ലതായി പരിഗണിക്കപ്പെടുന്നു.” അതുകൊണ്ട്, ആളുകൾ തങ്ങളുടെ വീട്ടുവാതിൽക്കലെ ഒരു അപരിചിതനെ ശ്രദ്ധിക്കാൻ ആഗ്രഹിക്കാത്തത് അതിശയമല്ല.
തന്നെയുമല്ല, നാം സംശയം ബാധിച്ചിരിക്കുന്ന ഒരു യുഗത്തിലാണ് ജീവിക്കുന്നതെങ്കിലും അനേകർക്കും തങ്ങളുടെ സഭയോട് ദൃഢമായ വൈകാരികബന്ധങ്ങളുണ്ട്. ഒരു എൻസൈക്ലോപ്പീഡിയ പ്രസ്താവിച്ചതുപോലെ, “മതം അസംഖ്യമാളുകളുടെ അത്യഗാധ വികാരങ്ങളെ സ്പർശിക്കുന്നു.” അങ്ങനെയുള്ള ആളുകൾ ബൈബിളിനെക്കുറിച്ച് മറെറാരു മതത്തിൽപെട്ട ഒരാളോട് സംസാരിക്കുന്നതിന്റെ ആവശ്യം കാണാതിരുന്നേക്കാം, ചർച്ച അവരുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തുന്നതിനോടുള്ള ബന്ധത്തിലായാലും.
മററു ചിലർ മതത്തിൽ ധാരാളം കപടഭക്തിയും അഴിമതിയും കണ്ടിരിക്കുന്നതുകൊണ്ട് ബൈബിൾ ചർച്ചചെയ്യാനാഗ്രഹിക്കുന്നില്ല. ചില മതനേതാക്കൾ ദുർമ്മാർഗ്ഗം സംബന്ധിച്ച് കണ്ണടച്ചുകളയുന്നതിനാൽ അവർ മുഷിയുന്നു, അല്ലെങ്കിൽ അനേകം റെറലിവിഷൻ സുവിശേഷകരുടെ നിർല്ലജ്ജമായ പണക്കൊതിനിമിത്തം അവർക്ക് വെറുപ്പുണ്ടായിരിക്കുന്നു. ഒരുപക്ഷേ ഒരു വൈദികൻ ഒരു രാഷ്ട്രീയയുദ്ധത്തിൽ ഒരു പക്ഷത്തിനെതിരെ മറെറാന്നിനെ പിന്താങ്ങാൻ തന്റെ അധികാരം ഉപയോഗിക്കുമ്പോൾ അവർ അകന്നുമാറുന്നു. അവരെ സംബന്ധിച്ചടത്തോളം മതം അത് പരിഹരിക്കുന്നതിനേക്കാളേറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി തോന്നുന്നു.
അങ്ങനെയുള്ളവർ പരാതിപറയുന്ന പ്രശ്നങ്ങൾ യഥാർത്ഥമാണ്. മതപരമായി പറഞ്ഞാൽ, ധാരാളം “കള്ളനാണയം” പ്രചരിക്കുന്നുണ്ട്. എന്നാൽ തീർച്ചയായും ഈ കാരണത്താൽ ബൈബിളിൽനിന്നുള്ള വിലപ്പെട്ട സഹായം സ്വീകരിക്കാൻ വിസമ്മതിക്കുന്നത് കള്ളനോട്ടുകൾ പ്രചരിക്കുന്നതുനിമിത്തം യഥാർത്ഥ പണം സ്വീകരിക്കാൻ വിസമ്മതിക്കുന്നതുപോലെ യുക്തിരഹിതമാണ്!
നേരത്തെ പ്രസ്താവിച്ചതുപോലെ, പ്രയാസകരമായ തീരുമാനങ്ങളും അപകടകരമായ സാഹചര്യങ്ങളുമുള്ള ഈ ലോകത്തിൽ നമുക്കെല്ലാം ബുദ്ധിയുപദേശം ആവശ്യംതന്നെയാണ്. ബുദ്ധിയുപദേശം സംബന്ധിച്ച് ബുദ്ധിപൂർവകമായ നിർദ്ദേശംകിട്ടാൻ ഏതെങ്കിലും മാർഗ്ഗമുണ്ടോ? ബൈബിളിനെക്കുറിച്ച് ഒരു വ്യത്യസ്ത മതത്തിൽപെട്ട ഒരാളോടു സംസാരിക്കുന്നത് അനാവശ്യമോ തെററുപോലുമോ ആണോ? നല്ല ബുദ്ധിയുപദേശം സ്വീകരിക്കാൻതക്കവണ്ണം വിശാലമനസ്ക്കരായിരിക്കാനും തെററായ ബുദ്ധിയുപദേശത്താൽ വഞ്ചിതരാകാതിരിക്കാനും സാധിക്കുമോ? ഇതുസംബന്ധിച്ചു ബൈബിൾ എന്തു പറയുന്നു? (w89 8⁄1)