“മഹത്വത്തിനു മുമ്പ്താഴ്മയുണ്ട്”
കെട്ടിച്ചമച്ച ഒരു ആരോപണത്തിൻപേരിൽ ഒരു ചെറുപ്പക്കാരൻ ഈജിപ്ററിലെ ഒരു തടവറയിൽ കിടക്കുകയായിരുന്നു. അയാൾ വളരെയധികം അപമാനം സഹിച്ചിരുന്നു. തടവറയിൽനിന്നുള്ള മോചനത്തിന്റെ പ്രത്യാശയില്ലാത്തതായി തോന്നി. പിന്നീട് അയാൾ ഫറവോന്റെ മുമ്പാകെ ഹാജരാകാൻ ആജ്ഞാപിക്കപ്പെട്ടു. കാരാഗൃഹസൂക്ഷിപ്പുകാർ പെട്ടെന്നുതന്നെ അയാളെ പുറത്തു കൊണ്ടുവന്നു. അയാൾ ക്ഷൗരംചെയ്യിക്കുകയും വസ്ത്രങ്ങൾ മാറുകയും അനന്തരം രാജാവിന്റെ മുമ്പാകെ ഹാജരാകുകയും ചെയ്തു.
യോസേഫിന് അതിശയകരമായ ചിലതു സംഭവിക്കാൻപോകുകയായിരുന്നു. യഹോവയുടെ സഹായത്തോടെ യോസേഫ് ഫറവോന്റെ സ്വപ്നങ്ങളിൽ രണ്ടെണ്ണം ശരിയായിത്തന്നെ വ്യാഖ്യാനിച്ചു. ഫറവോൻ പറഞ്ഞു: “നോക്കൂ! ഞാൻ നിന്നെ ഈജിപ്ററുദേശത്തിൻമേലെല്ലാം അധിപതിയായി നിയമിക്കുകയാണ്.” (ഉല്പത്തി 41:41) എന്തോരു അവിശ്വസനീയമായ അനുഭവം—ഒററ ദിവസംകൊണ്ട് തടവറയിൽനിന്ന് കൊട്ടാരത്തിലേക്ക്! യോസേഫിന്റെ അനുഭവത്തിന് പിൽക്കാലത്ത് ശലോമോൻ രാജാവ് നിശ്വസ്തതയിൽ എഴുതിയതിനെ ദൃഷ്ടാന്തീകരിക്കാൻ കഴിയും: “എന്തെന്നാൽ അവൻ രാജാവായിത്തീരാൻ കാരാഗൃഹത്തിൽനിന്നുതന്നെ പുറപ്പെട്ടിരിക്കുന്നു.” ഉചിതമായി, “മഹത്വത്തിനു മുമ്പ് താഴ്മയുണ്ട്” എന്ന് ശലോമോൻ രണ്ടു പ്രാവശ്യം എഴുതി.—സഭാപ്രസംഗി 4:14; സദൃശവാക്യങ്ങൾ 15:33; 18:12.
ആ ദിവ്യസത്യത്തിൽനിന്നു പ്രയോജനം ലഭിക്കാൻ നിങ്ങളോടുതന്നെ ചോദിക്കുക: യോസേഫിന്റെ അവമാനകരമായ അനുഭവവേളയിൽ അവനെ പുലർത്തിയതെന്തായിരുന്നു? യഹോവയുടെ ഈ വിശ്വസ്തദാസൻ തന്നെ തടവറയിൽ കൊണ്ടെത്തിച്ച വ്യാജാരോപണങ്ങളെ നേരിട്ടതെങ്ങനെയായിരുന്നു? യോസേഫിനെ സംബന്ധിച്ച് യഹോവക്ക് എന്താണ് മനസ്സിലുണ്ടായിരുന്നത്? നൂററാണ്ടുകളിലുടനീളം വിശ്വസ്തമായി സധൈര്യം പീഡനവും അപമാനവും സഹിച്ചവർക്ക് എന്തു മഹത്വമാണ് ലഭിക്കാനിരിക്കുന്നത്? എല്ലാററിനുമുപരിയായി, നാം അവമാനം സഹിക്കുമ്പോൾ ഒരു സന്തുലിത മനോഭാവം പുലർത്താൻ നമ്മെ സഹായിക്കുന്നതെന്താണ്?
തന്റെ സഹോദരൻമാരും മാതാപിതാക്കൾപോലും തന്റെ മുമ്പാകെ “കുമ്പിടു”മെന്നുള്ള മുൻ പ്രാവചനികസ്വപ്നങ്ങളെക്കുറിച്ച് അവൻ മിക്കപ്പോഴും ധ്യാനിച്ചിരിക്കാം. യഥാർത്ഥത്തിൽ, അവന്റെ സഹോദരൻമാർ ആദ്യത്തെ സ്വപ്നത്തെക്കുറിച്ചു കേട്ടപ്പോൾ “നീ ഞങ്ങളുടെമേൽ രാജാവാകാൻ പോകുകയാണോ?” എന്ന് ചോദിച്ചിരുന്നു.—ഉല്പത്തി 37:8-10.
അസൂയാലുക്കളായ യോസേഫിന്റെ സഹോദരൻമാർ അവനെ കൊലപ്പെടുത്തുന്നതിന്റെ വക്കോളമെത്തി! എന്നാൽ യഹോവയുടെ മാർഗ്ഗനിർദ്ദേശപ്രകാരം ആ 17 വയസ്സുകാരൻ സഞ്ചാരവ്യാപാരികൾക്കു വിൽക്കപ്പെട്ടു. അവരാകട്ടെ അവനെ ഫറവോന്റെ അകമ്പടിപ്രമാണിയായ പോത്തീഫറിനു വിററു.
ഒടുവിൽ, യോസേഫ് പോത്തീഫറിന്റെ ഗൃഹവിചാരകനായിത്തീർന്നു. അയാളുടെ ഭാര്യ സുന്ദരനായിരുന്ന ഈ യുവാവിനെ വശീകരിക്കാൻ ശ്രമിച്ചു. എന്നിരുന്നാലും യോസേഫ് യഹോവയോടു വിശ്വസ്തനായിരിക്കുകയും ഒഴിഞ്ഞുമാറുകയും ചെയ്തു. പോത്തീഫറിന്റെ കൗശലക്കാരിയായ ഭാര്യ തന്നെ ബലാൽസംഗം ചെയ്യാൻ യോസേഫ് ശ്രമിച്ചെന്ന് വ്യാജകുററാരോപണമുന്നയിച്ചു. അവൾ പറഞ്ഞതു പോത്തീഫർ വിശ്വസിച്ചു. അങ്ങനെ പാവം യോസേഫ് തടവിലാക്കപ്പെട്ടു.
എന്നുവരികിലും, അവൻ യഹോവയോടു വിശ്വസ്തനായി നിലകൊണ്ടു. നേരത്തെ പ്രസ്താവിച്ചതുപോലെ, അവൻ സ്വപ്നങ്ങൾ വ്യാഖ്യാനിക്കാൻ ഫറവോന്റെ അടുക്കൽ വരുത്തപ്പെടുന്നതിന് ക്രമീകരണംചെയ്യപ്പെട്ടു. അതിനുശേഷമാണ് ഫറവോൻ ഈജിപ്ററിലെ ഭക്ഷ്യവിതരണം സംഘടിപ്പിക്കുന്നതിന്റെ മഹത്തായ പദവിയിൽ യോസേഫിനെ നിയമിച്ചത്. കനാനിൽ ഒരു ക്ഷാമം പടർന്നുപിടിച്ചപ്പോൾ കുടുംബത്തിനുവേണ്ടി ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ തീർച്ചയായും യോസേഫിന്റെ സഹോദരൻമാർ അവന്റെ മുമ്പാകെ കുമ്പിടുകതന്നെ ചെയ്തു.
‘അവമാനത്തിൽനിന്ന് മഹത്വത്തിലേക്ക്’ ഉയർന്ന മററു ചിലർ
“മഹത്വത്തിനു മുമ്പ് താഴ്മയുണ്ട്” എന്ന ദിവ്യസത്യത്തെ തെളിയിക്കുന്ന ജീവിതരീതിയുണ്ടായിരുന്ന യഹോവയുടെ മറെറാരു വിശ്വസ്ത ദാസനായിരുന്നു മോശ. ഫറവോന്റെ പ്രൗഢമായ കൊട്ടാരത്തിൽ വളർത്തപ്പെട്ട മോശക്ക് അവന്റെ മുമ്പാകെ പ്രശംസാർഹമായ ഒരു ഭാവിയുണ്ടായിരുന്നു. അങ്ങനെയിരിക്കെ സംഭവങ്ങൾ വഷളാകുന്നതുപോലെ തോന്നി. മോശ യഹോവയിലുള്ള വിശ്വാസത്തോടെയും തന്റെ ജനത്തിലുള്ള സ്നേഹപൂർവമായ താത്പര്യത്തിലും പ്രവർത്തിച്ചു. തന്നിമിത്തം അവൻ കുപിതനായ ഫറവോന്റെ മുമ്പാകെനിന്ന് ജീവനുവേണ്ടി പലായനംചെയ്യേണ്ടിവന്നു. അവൻ തനിച്ച് മിദ്യാനിലേക്കു യാത്രചെയ്തു. ലളിതമായ ഒരു ഇടയജീവിതം നയിച്ചുകൊണ്ടും തന്റെ അമ്മായിയപ്പനായിരുന്ന യിത്രോയെ സേവിച്ചുകൊണ്ടും 40 വർഷക്കാലം അവൻ തന്റെ താഴ്മ പ്രകടമാക്കി. തന്റെ വ്യക്തിത്വരൂപവൽക്കരണത്തിന്റെ 40 വർഷക്കാലത്ത് തന്നെ താഴ്ത്തുന്നതിനുള്ള യഹോവയുടെ രീതിയെക്കുറിച്ചു വിചിന്തനം ചെയ്യുന്നതും തനിക്കുവേണ്ടി കരുതിയിരിക്കുന്നതെന്തായിരിക്കാമെന്ന് ധ്യാനിക്കുന്നതും മോശയെസംബന്ധിച്ച് എത്ര പ്രോൽസാഹജനകമായിരുന്നിരിക്കണം!
പിന്നീട് മഹത്വം കൈവന്നു. തന്റെ ജനത്തെ ഈജിപ്ററിൽനിന്ന് കൊണ്ടുവരാൻ ഫറവോനുവേണ്ടിയുള്ള തന്റെ സന്ദേശവാഹകനായി സേവിക്കുന്നതിന് യഹോവ മോശയെ നിയോഗിച്ചു. പത്തു ബാധകൾ വരുത്തുന്നതിൽ നേരിട്ടുൾപ്പെട്ടപ്പോഴും ഇസ്രായേലിനെ ചെങ്കടലിലൂടെ നടത്തിയപ്പോഴും മോശക്ക് എത്ര മഹത്തായ പദവികളാണ് ലഭിച്ചത്! പിന്നീട്, മോശക്ക് സീനായ്മലയിങ്കൽവെച്ച് ന്യായപ്രമാണം ലഭിച്ചു. അവൻ താഴെ ഇറങ്ങിവന്നപ്പോൾ ജനത്തിന് “മോശയുടെ മുഖത്തിന്റെ തേജസ് നിമിത്തം അവന്റെ മുഖത്ത് സൂക്ഷിച്ചുനോക്കാൻ കഴിഞ്ഞില്ല.”—2 കൊരിന്ത്യർ 3:7.
പൗരസ്ത്യരിൽ ഏററവും വലിയവനായിരുന്ന ഇയ്യോബിനെക്കുറിച്ചും പരിചിന്തിക്കുക. അവൻ “നിഷ്ക്കളങ്കനും നേരുള്ളവനുമായി ദൈവത്തെ ഭയപ്പെടുന്നവനും ദോഷംവിട്ടകലുന്നവനുമായ ഒരു മനുഷ്യൻ” ആയിരുന്നു. (ഇയ്യോബ് 1:2, 3, 8) അങ്ങനെയിരിക്കെ, പെട്ടെന്ന് അവന് അവന്റെ പത്തു മക്കളും ആയിരക്കണക്കിനുള്ള ആടുകളും ഒട്ടകങ്ങളും കന്നുകാലികളും പെൺകഴുതകളുമെല്ലാം നഷ്ടപ്പെട്ടു.
അതു മാത്രമായിരുന്നില്ല. ഇയ്യോബ് മരണകരമായ പരുക്കളാൽ പൂർണ്ണമായും നിറഞ്ഞു. അത് അവനെ ശാരീരികമായി വെറുക്കത്തക്കവനാക്കി. “നീ ഇപ്പോഴും നിന്റെ നിർമ്മലത മുറുകെപ്പിടിക്കുകയാണോ? ദൈവത്തെ ശപിച്ചിട്ട് മരിക്കുക” എന്നു പറഞ്ഞുകൊണ്ട് അവന്റെ ഭാര്യ അവനെ പരിഹസിച്ചു. (ഇയ്യോബ് 2:9) ഇയ്യോബ് കഠിനമായി പരിശോധിക്കപ്പെടുകയും താഴ്ത്തപ്പെടുകയുമായിരുന്നു. എന്നാൽ യഹോവയും മുഖ്യമത്സരിയായ സാത്താനും തമ്മിൽ നടക്കുന്ന സ്വർഗ്ഗീയ ഏററുമുട്ടലിനെക്കുറിച്ച് അവൻ തികച്ചും അറിവില്ലാത്തവനായിരുന്നു. ഇയ്യോബിന്റെ മൂന്നു “സുഹൃത്തുക്കളു”മായുള്ള നീണ്ട ചർച്ചയാൽ സാഹചര്യം മെച്ചപ്പെട്ടില്ല. എന്നിരുന്നാലും, ഇയ്യോബ് നിർമ്മലത പാലിച്ചു. അവൻ വളരെ പ്രായക്കുറവുള്ള ഒരു മനുഷ്യനായിരുന്ന എലീഹുവിൽനിന്നുള്ള ജ്ഞാനപൂർവകമായ ബുദ്ധിയുപദേശം സ്വീകരിക്കുകപോലും ചെയ്തു.—ഇയ്യോബ് 32:4.
ഇയ്യോബിനു പ്രതിഫലം കിട്ടിയോ? ഉവ്വ്. യഹോവ ഇയ്യോബിനെ പുനഃസ്ഥിതീകരിക്കുകയും അവന്റെ ആടുമാടുകളുടെ എണ്ണത്തെ ഇരട്ടിയാക്കുകയും അവന് സർവദേശത്തിലും വെച്ച് ഏററവും സൗന്ദര്യമുള്ള ഏഴു പുത്രൻമാരെയും മൂന്നു പുത്രിമാരെയും കൊടുക്കുകയുംചെയ്തു! ഇയ്യോബിന്റെ താഴ്മയുടെ എന്തോരു മഹത്തായ പരിണതഫലം! “മഹത്വത്തിനുമുമ്പ് താഴ്മയുണ്ട്” എന്നത് എത്ര സത്യമെന്നു തെളിഞ്ഞു.—ഇയ്യോബ് 42:12-15.
വ്യത്യസ്തതരം മഹത്വങ്ങൾ
വ്യത്യസ്തതരം മഹത്വങ്ങൾ ഉണ്ടെന്ന് വ്യക്തമാണ്—ഒരു സ്ത്രീയുടെ മുടിയുടെ മഹത്വം തുടങ്ങി സീനായിമലയിൽനിന്ന് മോശ ഇറങ്ങിവന്നപ്പോഴത്തെ അവന്റെ മുഖത്തിന്റെ തേജസ്സുവരെ. (1 കൊരിന്ത്യർ 11:15; 2 കൊരിന്ത്യർ 3:7) ഗംഭീരങ്ങളായ സൂര്യാസ്തമനങ്ങൾക്ക് മനോജ്ഞമായ ഒരു മഹത്വമുണ്ട്, നക്ഷത്രങ്ങൾക്ക് മറെറാരു തേജസ്സുണ്ട്.—1 കൊരിന്ത്യർ 15:41.
ബൈബിളിൽ “മഹത്വം” എന്ന പദത്തിന്റെ വിവിധ രൂപങ്ങൾ നൂറുകണക്കിനു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഈ പരാമർശങ്ങളെയും അവയുടെ സന്ദർഭത്തെയും പരിശോധിക്കുമ്പോൾ യഹോവയാണ് സകല മഹത്വത്തിന്റെയും ഉറവെന്ന് വ്യക്തമാണ്. അവന്റെ വിശ്വസ്തദാസൻമാർക്കും അവന്റെ വിദഗ്ദ്ധസൃഷ്ടികൾക്കും അനേകം വിധങ്ങളിലും വ്യത്യസ്തതോതുകളിലും അവന്റെ മഹത്വത്തെ പ്രതിഫലിപ്പിക്കാതിരിക്കാൻ നിവൃത്തിയില്ല.
നമ്മുടെ 20-ാം നൂററാണ്ടിൽ, സ്വർഗ്ഗീയജീവന്റെ മഹത്തായ പ്രത്യാശയുള്ളവർ സഹിച്ച അവമാനങ്ങളുടെ വളരെയധികം തെളിവു നമുക്കുണ്ട്. ഒന്നാം ലോകമഹായുദ്ധകാലത്ത് ന്യൂയോർക്ക്, ബ്രൂക്ലിനിലെ വാച്ച്ററവർ സൊസൈററിയുടെ പ്രമുഖ അംഗങ്ങൾ വ്യാജാരോപണങ്ങൾ നിമിത്തം 20 വർഷത്തെ തടവിനു വിധിക്കപ്പെട്ടു. അതേസമയംതന്നെ അനേകം സ്ഥലങ്ങളിൽ പീഡനം പൊട്ടിപ്പുറപ്പെട്ടു. ദൃഷ്ടാന്തത്തിന്, ജെ. ബി. സീബെൻലിസ്ററ്, വാറണ്ടു കൂടാതെയും ചീത്തയായ മൂന്നു കഷണം റൊട്ടിയൊഴിച്ച് യാതൊരു ഭക്ഷണവും ഇല്ലാതെയും മൂന്നു ദിവസം ജയിലിലിടപ്പെട്ടു. ജനക്കൂട്ടം അദ്ദേഹത്തെ ജയിലിൽനിന്നു കൊണ്ടുപോകുകയും വസ്ത്രമുരിഞ്ഞ് ദേഹത്ത് ചൂടു താർ ഒഴിക്കുകയും അററത്ത് വയർ കെട്ടിയ ഒരു കുതിരച്ചാട്ടകൊണ്ട് അടിക്കുകയുംചെയ്തു. ഒരു വിചാരണാസമയത്ത് പ്രോസിക്യൂഷൻ വക്കീൽ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ബൈബിളുമായി പോയി തുലയുക; നിങ്ങളെ പുറം പൊട്ടിച്ച് നരകത്തിലിടേണ്ടതാണ്; നിങ്ങളെ തൂക്കിലിടേണ്ടതാണ്.”
രണ്ടാം ലോകമഹായുദ്ധകാലത്ത്, യഹോവയുടെ വിശ്വസ്ത ദാസൻമാരിൽ ചിലർ നാസി തടങ്കൽപാളയങ്ങളിൽ അവിശ്വസനീയമായി കഷ്ടപ്പെട്ടു. ഒരാൾ ഒരു അഭിഷിക്തസാക്ഷിയായിരുന്ന മാർട്ടിൻ പോയററ്സിംഗർ ആയിരുന്നു. അദ്ദേഹം അതിജീവിച്ച് യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗമായിത്തീർന്നു. അദ്ദേഹം ഡാക്കൗവിനെ “ഭൂതങ്ങളുടെ ഒരു ഭ്രാന്താലയം” എന്നു വർണ്ണിച്ചു. മാത്തോസനിലെ പാളയത്തിൽ “യഹോവയിലുള്ള ഞങ്ങളുടെ വിശ്വാസം ലംഘിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതിന് രഹസ്യപ്പോലീസ് സകല രീതികളും പരീക്ഷിച്ചുനോക്കി. പട്ടിണിഭക്ഷ്യം, വഞ്ചകമായ സൗഹൃദങ്ങൾ, മൃഗീയത, ദിവസവും ഒരു ചട്ടക്കൂടിൻമേൽ നിർത്തൽ, കൈക്കുഴകൾ പിറകിൽ കൂട്ടിക്കെട്ടി പത്തടി ഉയരമുള്ള ഒരു തൂണിൽ തൂക്കിയിടൽ, ചാട്ടയടി—ഇവയും മററു പലതും . . . പ്രയോഗിക്കപ്പെട്ടു.”
ഈ വിശ്വസ്ത ക്രിസ്ത്യാനികളെ എന്തു പുലർത്തി?
പരിതാപകരവും അപമാനകരവുമായ അത്തരം അവസ്ഥകളിൽ, നിർമ്മലത പാലിക്കുന്നവർക്കായുള്ള മഹത്തായ ഭാവി പ്രത്യാശയുൾപ്പെടെയുള്ള അന്തിമഫലത്തിലുള്ള തങ്ങളുടെ വിശ്വാസത്താൽ സഹിച്ചുനിൽക്കുന്നതിന് അവർ സഹായിക്കപ്പെട്ടു. അഭിഷിക്തസാക്ഷികളുടെ “ചെറിയ ആട്ടിൻകൂട്ട”ത്തിന് ഇത് ഒരു സ്വർഗ്ഗീയ അവകാശമാണ്. (ലൂക്കോസ് 12:32) വിശ്വസ്തരായ മററു മനുഷ്യർക്ക് ഒരു പ്രത്യേകതരം മഹത്വം കരുതിവെക്കപ്പെട്ടിരിക്കുന്നു. അവരിൽ യോസേഫിനെയും മോശയെയും പോലെയുള്ള ചിലർ എബ്രായർ 11-ാം അദ്ധ്യായത്തിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ദയവായി 32-40 വരെയുള്ള വാക്യങ്ങൾ വായിക്കുകയും ഈ വിശ്വസ്തരിൽ ചിലർ സഹിച്ച അവമാനങ്ങളെക്കുറിച്ചു ധ്യാനിക്കുകയുംചെയ്യുക. കൂടാതെ, “ഒരു മഹാപുരുഷാരം” ഇന്ന് ഭൂമിയിൽ യഹോവയെ സേവിക്കുന്നുണ്ട്. (വെളിപ്പാട് 7:9, 15) അവരുടെ ഭാവി എന്താണ്?
ഒരു സമ്പന്നമായ ഭാവി അവർക്കായി കാത്തിരിക്കുന്നു. യേശുക്രിസ്തുവിൻകീഴിലുള്ള സ്വർഗ്ഗീയഗവൺമെൻറിന് ഭൗമികപ്രതിനിധികളുണ്ടായിരിക്കും. അവർ വെളിപ്പാട് 20:12ൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ചുരുളുകളിൽ എഴുതപ്പെട്ടിരിക്കുന്ന നിർദ്ദേശങ്ങൾ ബാധകമാക്കും. അങ്ങനെയുള്ളവർക്ക് രാജാക്കൻമാരായിട്ടല്ല, പിന്നെയോ “സർവഭൂമിയിലെയും പ്രഭുക്കൻമാർ” എന്ന നിലയിലുള്ള മഹത്തായ പദവികളുണ്ടായിരിക്കും, അവരോടുകൂടെ പുനരുത്ഥാനംപ്രാപിക്കുന്നവർ ഉൾപ്പെടെ വിനീതരും വിശ്വസ്തരുമായ അസംഖ്യംപേർ മഹത്തായ ഒരു പറുദീസാഭൂമിയിലെ നിത്യജീവൻ പ്രാപിക്കും.—സങ്കീർത്തനം 45:16.
ഇന്ന് വ്യാജമതത്തെ ഉപേക്ഷിച്ചുകൊണ്ടും യഹോവയുടെ സാക്ഷികളുടെ വീടുതോറുമുള്ള പ്രസംഗവേലയിൽ സസന്തോഷം പങ്കെടുത്തുകൊണ്ടും തങ്ങളുടെ താഴ്മ പ്രകടമാക്കിയിട്ടുള്ള ദശലക്ഷങ്ങളുണ്ട്. അവരിൽ അനേകർ കുടുംബാംഗങ്ങളാലും സുഹൃത്തുക്കളാലും പരിഹസിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ അവർ സത്യാരാധനയോടു പററിനിന്നിരിക്കുന്നു. അവർ സത്യദൈവമായ യഹോവയെ സേവിക്കത്തക്കവണ്ണം വിനീതമായി തിരുത്തലും ശിക്ഷണവും സ്വീകരിച്ചിരിക്കുന്നു. അവരുടെ പ്രത്യാശ പുനഃസ്ഥിതീകരിക്കപ്പെടുന്ന പറുദീസയിൽ ജീവിക്കാനാണ്, അന്ന് “വെള്ളങ്ങൾ തന്നെ സമുദ്രത്തെ മൂടുന്നതുപോലെ ഭൂമി യഹോവയുടെ മഹത്വത്തെക്കുറിച്ചുള്ള അറിവിനാൽ നിറയും.”—ഹബക്കൂക്ക് 2:14.
ഇവ യഹോവയുടെ ജനത്തിന്റെ പരിശോധനയുടെ നാളുകളാണ്. നാം മിക്കവാറും ഒരു പരദേശത്തെ അന്യൻമാർ പോലെയാണ്. സത്യാരാധനയും വ്യാജാരാധനയും തമ്മിലുള്ള വിടവിന് ആഴവും പരപ്പും ഏറിവരുകയാണ്. നമ്മളെല്ലാം ഏതെങ്കിലുമളവിൽ അവമാനം സഹിക്കുന്നുണ്ട്. എന്നാൽ യേശു അവന്റെ മുമ്പാകെ വെക്കപ്പെട്ടിരുന്ന സന്തോഷത്താൽ ആശ്വസിപ്പിക്കപ്പെടുകയും ശക്തീകരിക്കപ്പെടുകയും ചെയ്തതുപോലെ, നമുക്കും അന്തിമഫലം ഓർത്തുകൊണ്ട് പരിശോധനകളെ തരണംചെയ്യാൻ കഴിയും.
ബൈബിൾ നമുക്ക് ഈ ബുദ്ധിയുപദേശം നൽകുന്നു: “യഹോവയുടെ ദൃഷ്ടികളിൽ നിങ്ങളെത്തന്നെ താഴ്ത്തുക, അവൻ നിങ്ങളെ ഉയർത്തും.” (യാക്കോബ് 4:10) നിങ്ങൾ ഒരു കഠിനപരിശോധനക്കു വിധേയമാക്കപ്പെടുമ്പോഴെല്ലാം ഈ വാക്കുകളോർക്കുക: “മഹത്വത്തിനു മുമ്പ് താഴ്മയുണ്ട്.” യഹോവക്ക് പരാജയപ്പെടാൻ കഴികയില്ലെന്നും ഓർക്കുക! (w89 6⁄15)