തിരുവെഴുത്തുകളിൽ നിന്നുള്ള പാഠങ്ങൾ: മീഖാ 1:1-7:20
യഹോവയുടെ നീതിയും നാമവും സമുന്നതമാക്കപ്പെടുന്നു
മീഖാ പ്രവാചകൻ ക്രി. മു. എട്ടാം നൂററാണ്ടിൽ, യിസ്രായേലിലും യഹൂദയിലും വിഗ്രഹാരാധനയും അനീതിയും നടമാടിയിരുന്ന ഒരു കാലത്തു ജീവിച്ചിരുന്നു. അന്നത്തെ അവസ്ഥകൾ ഇന്നു പ്രബലമായിരിക്കുന്ന അവസ്ഥകളോടു വളരെ അടുത്ത സമാനതയുള്ളതാകയാൽ മീഖായുടെ ദൂതുകളും മുന്നറിയിപ്പുകളും നമ്മുടെ കാലത്തേക്ക് വളരെ പ്രസക്തമാണ്. അവൻ അവതരിപ്പിച്ച ക്രിയാത്മകങ്ങളായ ദൂതുകൾ സാത്താന്റെ ആധിപത്യത്തിൻ കീഴിലുള്ള ലോകത്തിൽ നമുക്ക് യാഥാർത്ഥ പ്രത്യാശ നൽകുന്നു.—1 യോഹന്നാൻ 5:19.
മീഖായുടെ ദൂത് ഒരുപക്ഷേ പിൻവരുന്ന മൂന്നു വാചകങ്ങളിൽ ഒതുക്കാൻ കഴിയും: “തിൻമ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവർക്ക് . . . അയ്യോ കഷ്ടം.” “ന്യായം പ്രവർത്തിപ്പാനും ദയയെ സ്നേഹിപ്പാനും നിന്റെ ദൈവത്തോടുകൂടെ നടക്കുന്നതിൽ താഴ്മയുള്ളവനായിരിക്കാനുമല്ലാതെ എന്താകുന്നു യഹോവ നിന്നിൽനിന്ന് തിരികെ ചോദിക്കുന്നത്?” “നാമോ നമ്മുടെ ഭാഗത്ത് എന്നേക്കും . . . യഹോവയുടെ നാമത്തിൽ നടക്കും”—മീഖാ 2:1; 6:8; 4:5.
വിഗ്രഹാരാധന കുററ വിധിക്കപ്പെടുന്നു
യഹോവ ദുഷ്പ്രവൃത്തിക്കാരെ എന്നേക്കും വച്ചുപൊറുപ്പിക്കുന്നില്ല. വിഗ്രഹാരാധനയും മത്സരവും യിസ്രായേലിലും യഹൂദയിലും വളരെ വ്യാപകമായിരുന്നു. അതുകൊണ്ട് യഹോവ അവർക്കെതിരെ ഒരു സാക്ഷിയായി സേവിക്കുന്നു. അവരുടെ വിഗ്രഹങ്ങൾ തകർക്കപ്പെടും. വിഗ്രഹാരാധികൾ കഴുകനെപ്പോലെ കഷണ്ടിയാവുകയും പ്രവാസത്തിലേക്ക് പോകേണ്ടിവരികയും ചെയ്യും.—1:1-16.
വിശ്വസ്തർക്ക് യഹോവ പ്രത്യാശയുടെ ദൈവമാണെന്ന് തെളിയുന്നു. കൗശലക്കാരായ ഏകാധിപതികൾ കള്ളൻമാരും കവർച്ചക്കാരുമെന്ന നിലയിൽ കുററം വിധിക്കപ്പെട്ടിരിക്കുന്നു. അനർത്ഥം അവരുടെമേൽ വരും. എന്നിരുന്നാലും “യിസ്രായേലിലെ ശേഷിപ്പുള്ളവർക്ക്” പുനഃസ്ഥിതീകരണത്തിന്റെ ഒരു വാഗ്ദാനം നൽകപ്പെട്ടിരിക്കുന്നു. “ഒരു തൊഴുത്തിലെ ആട്ടിൻകൂട്ടത്തെപ്പോലെ ഞാൻ അവരെ ഐക്യത്തിൽ കൊണ്ടുവരും” എന്ന് യഹോവയുടെ അരുളപ്പാട്.—2:1-13.
തന്റെ ജനത്തിന്റെ ഇടയിൽ ഉത്തരവാദിത്വം വഹിക്കുന്നവർ നീതി നിർവഹിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. യിസ്രായേലിലെ അനീതിക്കാരായ നായകൻമാരോട് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: “നൻമയെ ദ്വേഷിക്കുകയും തിൻമയെ സ്നേഹിക്കുകയും ആളുകളുടെ ത്വക്ക് അവരുടെമേൽനിന്നും അവരുടെ മാംസം അവരുടെ അസ്ഥികളിൽനിന്നും പറിച്ചുകളയുന്നവരുമായോരെ ന്യായം അറിയുക എന്നത് നിങ്ങൾക്ക് വിഹിതമല്ലയോ?” യഹോവയുടെ ആത്മാവോടെ, നീതിയുടെയും ശക്തിയുടെയും ആത്മാവോടെ, മീഖാ അവർക്കെതിരെ യഹോവയുടെ ന്യായവിധി ഉച്ചരിക്കുന്നു. നീതികെട്ട നായകൻമാർ കൈക്കൂലി വാങ്ങി ന്യായം വിധിക്കുന്നു; പുരോഹിതൻമാർ കൂലി വാങ്ങി ഉപദേശിക്കുന്നു; പ്രവാചകൻമാർ പണം വാങ്ങി ലക്ഷണം പറയുന്നു എന്നവൻ പറയുന്നു. അതുകൊണ്ട് യെരൂശലേം “വെറും ശൂന്യശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായിത്തീരും.”—3:1-12.
പ്രത്യാശയുടെ ഒരു ദൂത്
സത്യാരാധന ഭൂവ്യാപകമായിത്തീരും. “നാളുകളുടെ അന്തിമ ഭാഗത്ത്” അനേക ജനതകളിൽനിന്നുള്ള ആളുകൾ യഹോവയുടെ വഴികളിൽ പ്രബോധിപ്പിക്കപ്പെടും എന്ന് മീഖാ പ്രവചിക്കുന്നു. ദൈവം ന്യായവിധി നിർവഹിക്കും, മേലാൽ യുദ്ധം ഉണ്ടായിരിക്കുകയില്ല. സത്യാരാധകർ ‘എന്നേക്കും തങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തിൽ നടക്കും.’ പ്രവാസവും വേദനയും സഹിക്കേണ്ടിവരുമെങ്കിലും അവന്റെ ജനം അവരുടെ ശത്രുക്കളുടെ ഉള്ളംകൈയ്യിൽനിന്നുതന്നെ മോചിപ്പിക്കപ്പെടും.—4:1-13.
ദൈവത്തിന്റെ വാഗ്ദത്ത വിമോചകനിൽ നമുക്ക് വിശ്വാസമുണ്ടായിരിക്കാൻ കഴിയും. ബേത്ലഹേമിൽനിന്നുള്ള ഒരു ഭരണാധിപൻ യഹോവയുടെ ശക്തിയാൽ മേയിക്കും. “അസ്സീറിയാക്കാരനിൽനിന്നുള്ള വിടുതൽ മുൻകൂട്ടിപ്പറയപ്പെട്ടിരിക്കുന്നു. സത്യാരാധകരുടെ ഒരു ശേഷിപ്പ് നവോൻമേഷം നൽകുന്ന മഞ്ഞുപോലെയും സമൃദ്ധമായ മഴപോലെയും ആയിരിക്കും, എല്ലാ രൂപത്തിലുമുള്ള വ്യാജ മതങ്ങളും ഭൂതാരാധനയും വേരോടെ പിഴുതു നീക്കപ്പെടും.—5:1-15.
യഹോവയുടെ നീതി പ്രബലപ്പെടും
യഹോവയുടെ ജനം അവന്റെ ന്യായവും നീതിയുമുള്ള നിലവാരങ്ങൾക്കൊത്തുപോകാൻ അവൻ പ്രതീക്ഷിക്കുന്നു. മോശമായ ആരാധന അർഹിക്കാൻതക്കവണ്ണം അവൻ എന്താണ് ചെയ്തിട്ടുള്ളത്? അവൻ തന്റെ ജനത്തിനുവേണ്ടി നല്ല കാര്യങ്ങൾ ചെയ്തിരിക്കുന്നു. ‘അവർ നീതി പ്രവർത്തിക്കണമെന്നും ദയയെ സ്നേഹിക്കണമെന്നും അവരുടെ ദൈവത്തോടുകൂടെ നടക്കുന്നതിൽ എളിമയുള്ളവരായിരിക്കണമെന്നുമല്ലാതെ എന്താകുന്നു യഹോവ നിങ്ങളോടു ചോദിക്കുന്നത്?’ അവർ അവരുടെ ദുഷ്ടമായ അക്രമ പ്രവർത്തനങ്ങളിലും മുതലെടുപ്പിലും തുടരുകയാണെങ്കിൽ അവന്റെ പ്രതികൂല ന്യായവിധിയേ അവർക്ക് പ്രതീക്ഷിക്കാൻ കഴിയുകയുള്ളു.—6:1-16.
യഹോവയുടെ നീതിയിലും കരുണയിലും നാം ആശ്രയിക്കണം. കുടുംബാംഗങ്ങൾ പോലും ശത്രുക്കളായിത്തീരും. എന്നാൽ മീഖാ ഇപ്രകാരം പറയുന്നു: “എന്റെ രക്ഷയുടെ ദൈവത്തിനുവേണ്ടി ഞാൻ ഒരു കാത്തിരിപ്പിൻ മനോഭാവം പ്രകടമാക്കും. എന്റെ ദൈവം എന്നെ കേൾക്കും.” “സ്നേഹദയയിൽ പ്രമോദം കണ്ടെത്തുന്നവനാകയാൽ ദൈവം തീർച്ചയായും എന്നേക്കും കോപം സംഗ്രഹിച്ചുവയ്ക്കുകയില്ല” എന്നതിനാൽ പ്രവാചകൻ ദൈവത്തിന്റെ നീതിയിൽ ആശ്രയിക്കുന്നു.—7:1-20.
ഇന്നേക്കുള്ള പാഠങ്ങൾ: തന്റെ ജനം നീതി പ്രവർത്തിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. വ്യാപാര ഇടപെടലുകളോടുള്ള ബന്ധത്തിൽ ഒരു ക്രിസ്ത്യാനി ഫലത്തിൽ തന്നോടുതന്നെ ഇപ്രകാരം ചോദിക്കണം: “കള്ള ത്രാസ്സും സഞ്ചിയിലെ കള്ള തൂക്കങ്ങളും സഹിതം എനിക്ക് ധാർമ്മികമായി ശുദ്ധിയുള്ളവനായിരിക്കാൻ കഴിയുമോ?” (6:11) ഈ അന്ത്യനാളുകളിൽ യഹോവയുടെ ജനമെല്ലാം അവന്റെ ഭൗമിക സ്ഥാപനത്തിലെ സമാധാനത്തിന് സംഭാവന ചെയ്യുകയും അവന്റെ സമാധാന വഴികളിൽ പ്രബോധനം കൈക്കൊള്ളുകയും വേണം. യഹോവയുടെ നാമം സമുന്നതമാക്കാനും സത്യാരാധനയെ പ്രോത്സാഹിപ്പിക്കാനും നമ്മാലാവതെല്ലാം നാം ചെയ്യണം.—2:12; 4:1-4. (w89 5/1)
[32-ാം പേജിലെ ചതുരം]
ബൈബിൾ വാക്യങ്ങൾ പരിശോധിക്കപ്പെടുന്നു
● 1:16ഇസ്രായേലിൽ കഷണ്ടി ലജ്ജയോടും വിലാപത്തോടും കഷ്ടത്തോടും ബന്ധപ്പെട്ടിരുന്നു. (യെശയ്യാവ് 3:24-26; 15:2, 3; യിരെമ്യാവ് 47:5) മരിച്ച ഒരു ബന്ധുവിനുവേണ്ടി വിലാപം കഴിക്കുമ്പോൾ തല ക്ഷൗരം ചെയ്യുന്ന സമ്പ്രദായം ചില പുറജാതി ജനതകൾക്കിടയിലുണ്ടായിരുന്നു. ന്യായപ്രമാണത്തിൻകീഴിൽ സ്വാഭാവിക കഷണ്ടി അശുദ്ധമായി കണക്കാക്കപ്പെട്ടിരുന്നില്ലെങ്കിലും യിസ്രായേല്യർ “യഹോവക്ക് ഒരു വിശുദ്ധ ജനമായിരുന്നതിനാൽ” വിലാപം കഴിക്കുകയിൽ അവർ തല ക്ഷൗരം ചെയ്യരുതായിരുന്നു. (ആവർത്തനം 14:1, 2) എന്നിരുന്നാലും വിഗ്രഹാരാധനയുടെ പാപകരമായ ഗതി നിമിത്തം ഒരു വിശുദ്ധ ജനമെന്ന നിലയിൽ അവർ അയോഗ്യരായിത്തീരുകയും അവരും അവരുടെ സന്തതികളും അടിമത്തത്തിന് അർഹരായിത്തീരുകയും ചെയ്തതിനാൽ യഹൂദരോടും യിസ്രായേല്യരോടും അവരുടെ മുടി കത്രിച്ചുകളയാൻ മീഖാ ആവശ്യപ്പെടുന്നു. “കഴുകൻ” എന്ന് ഇവിടെ തർജ്ജമ ചെയ്തിരിക്കുന്ന എബ്രായ പദം ഗ്രിഫോൺ കഴുകനെ പരാമർശിച്ചിരിക്കാം, അതിന് തലയിൽ നേർത്ത രോമങ്ങൾ മാത്രമേയുള്ളു. അതു ഗരുഢന്റെ ജാതിയിൽപ്പെട്ടതല്ലെങ്കിലും അതേ വർഗ്ഗത്തിൽപെട്ടതാണ്.
● 2:12—ഈ വാക്കുകൾ ആധുനിക നാളിൽ ആത്മീയ യിസ്രായേലിൽ നിവൃത്തിയാകുന്നു. (ഗലാത്യർ 6:16) വിശേഷിച്ച് 1919 മുതൽ മഹാബാബിലോന്റെ മതപരമായ അടിമത്തത്തിൽനിന്ന് രക്ഷപെടുന്നതിന് അഭിഷിക്ത ശേഷിപ്പിന് വഴി തുറന്നുകിട്ടി. (വെളിപ്പാട് 18:2) മീഖാ മുൻകൂട്ടി പറഞ്ഞതുപോലെ അവർ ‘തൊഴുത്തിലെ ആട്ടിൻകൂട്ടത്തെപ്പോലെയും മേച്ചിൽസ്ഥലത്തെ കാലിക്കൂട്ടത്തെപ്പോലെയും’ ശേഖരിക്കപ്പെട്ടു. 1935 മുതൽ “വേറെ ആടുകളുടെ” ഒരു “മഹാപുരുഷാരം” അവരോട് ചേർന്നിരിക്കുന്നതിനാൽ വാസ്തവത്തിൽ “ആൾപെരുപ്പം ഹേതുവായി മുഴക്കമുണ്ടായിരിക്കുന്നു.”—വെളിപ്പാട് 7:9; യോഹന്നാൻ 10:16.
● 3:1-3—മീഖായുടെ നാളിലെ യഹോവയുടെ പുരാതന ജനത്തിന്റെ ക്രൂരരായ നായകൻമാരും കരുണയുള്ള ഇടയനായ യഹോവയും തമ്മിലുള്ള ഞെട്ടിക്കുന്ന വിപരീത താരതമ്യം ഇവിടെ നമുക്ക് കാണാം. നീതി നിർവഹിച്ചുകൊണ്ട് ആട്ടിൻകൂട്ടത്തിന് സംരക്ഷണം കൊടുക്കാനുള്ള നിയോഗത്തിൽ അവർ പരാജയപ്പെട്ടു. അവർ ആലങ്കാരിക ആടുകളുടെ രോമം കത്രിച്ചുകൊണ്ട് മാത്രമല്ല ചെന്നായ്ക്കളെപ്പോലെ അവയുടെ തൊലി ഉരിഞ്ഞുകൊണ്ടും കൂടെ ക്രൂരമായി അവരെക്കൊണ്ട് മുതലെടുത്തു. “രക്തച്ചൊരിച്ചിൽ നടത്തിക്കൊണ്ട്” ഈ ദുഷ്ടൻമാരായ ഇടയൻമാർ ആളുകൾക്ക് നീതി നിഷേധിച്ചു. (3:10) വികലമായ വിധിതീർപ്പുകളിലൂടെ തങ്ങളെത്തന്നെ സംരക്ഷിക്കാൻ കഴിവില്ലാത്തവരിൽനിന്ന് അവരുടെ ഭവനങ്ങളും ജീവിത മാർഗ്ഗങ്ങളും വഞ്ചിച്ചെടുക്കപ്പെട്ടു.—2:2; യെഹെസ്ക്കേൽ 34:1-5 താരതമ്യം ചെയ്യുക.
● 4:3—ഇവിടെ പറഞ്ഞിരിക്കുന്ന “അനേകം ജനങ്ങളും പ്രബല ജനതകളും” രാഷ്ട്രങ്ങളോ ഗവൺമെൻറുകളൊ ആയി തിരിച്ചറിയപ്പെടേണ്ടതല്ല. മറിച്ച് ഇവർ ദേശീയത്വത്തിൽനിന്ന് തങ്ങളെത്തന്നെ വേർപെടുത്തി യഹോവയുടെ സത്യാരാധനയുടെ പർവ്വതത്തിൽ ഏകീകൃതമായ സേവനത്തിലേക്ക് തിരിയുന്ന വ്യക്തികളാണ്. (യെശയ്യാവ് 2:2-4) ദൈവരാജ്യത്തിന്റെ പക്ഷത്ത് തങ്ങളുടെ നില സ്വീകരിച്ചിരിക്കുന്നവർക്ക് യഹോവ “ന്യായം വിധിക്കുകയും കാര്യങ്ങൾ നേരെയാക്കുകയും” ചെയ്യുന്നു. “മഹാപുരുഷാര”ത്തിൽപെട്ട ഈ വ്യക്തികൾ തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർത്തുകൊണ്ട്, തങ്ങളുടെ സഹ സാക്ഷികളുമായി സമാധാനത്തിലായിരുന്നുകൊണ്ട്, ദിവ്യ ന്യായവിധിയോട് യോജിപ്പ് പ്രകടമാക്കുന്നു.
● 5:2—ബേത്ലഹേം എന്ന പേരിൽ രണ്ടു പട്ടണങ്ങൾ ഉണ്ടായിരുന്നതിനാലായിരിക്കണം ബത്ലഹേം എഫ്രാത്തേ എന്ന് തിരിച്ചറിയിച്ചിരിക്കുന്നത്. യഹൂദയിൽ യെരൂശലേമിന് തൊട്ടു തെക്കായിട്ടുള്ള ബേത്ലഹേമിനെയാണ് മീഖാ തിരിച്ചറിയിക്കുന്നത്. മറെറ പട്ടണം വടക്ക് സെബുലൂൻ ദേശത്തായിരുന്നു. (യോശുവ 19:10,15) “എഫ്രാത്താ” അല്ലെങ്കിൽ “എഫ്രാത്ത്” യഹൂദയിലെ ബേത്ലഹേമിന് അല്ലെങ്കിൽ അതിന് ചുററുമുള്ള പ്രദേശത്തിന് നേരത്തെയുള്ള ഒരു പേരായിരുന്നു. (ഉൽപ്പത്തി 48:7; രൂത്ത് 4:11) അത്തരം വിശദമായ തിരിച്ചറിയിക്കൽ മശിഹായെപ്പററിയുള്ള ദൈവത്തിന്റെ പ്രാവചനിക വാഗ്ദാനങ്ങളുടെ കൃത്യതയ്ക്ക് അടിവരയിടുന്നു.
● 6:8—മീഖാ പാപപരിഹാര ബലികളുടെ മൂല്യം കുറച്ചു കാണിക്കുകയായിരുന്നില്ല, മറിച്ച് യഹോവയുടെ ദൃഷ്ടിയിൽ യഥാർത്ഥത്തിൽ മൂല്യവത്തായത് എന്താണെന്ന് എടുത്തു കാണിക്കുകയായിരുന്നു. (ആവർത്തനം 10:12 താരതമ്യം ചെയ്യുക) ബലികൾ യഹോവക്ക് സ്വീകാര്യമായിരിക്കുന്നതിന് പാപി നീതി, ദയ, താഴ്മ എന്നീ ഗുണങ്ങൾ പ്രകടമാക്കേണ്ടിയിരുന്നു. യഹോവ ഇന്ന് നമ്മുടെ സേവനത്തിലും അതേ കാര്യങ്ങൾക്കുവേണ്ടി നോക്കുന്നു.—1 കൊരിന്ത്യർ 13:4-8.
● 7:4—മുൾപ്പടർപ്പും മുള്ളുവേലിയും വസ്ത്രം കീറാനും ശരീരം മുറിയാനും ഇടയാക്കുന്ന തരം ചെടികളാണ്. മീഖാ ഇവിടെ തന്റെ നാളിലെ ധാർമ്മിക അധഃപതനത്തെ വർണ്ണിക്കുകയായിരുന്നു. അതുകൊണ്ട് വഴിതെററിപ്പോയ ആ യിസ്രായേല്യരിലെ ഏററം നല്ലവൻപോലും തന്നോട് വളരെ അടുത്തു ചെല്ലുന്നവനെ ദ്രോഹിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന കാര്യത്തിൽ മുൾപ്പടർപ്പോ മുള്ളുവേലിയോ പോലെയായിരുന്നു എന്നാണ് അവൻ അർത്ഥമാക്കിയത്.
[31-ാം പേജിലെ ചിത്രം]
യേശുവിന്റെ ജനനസ്ഥലം മീഖാ മുൻകൂട്ടിപ്പറഞ്ഞു