മഹാബാബിലോൻ കുററംചുമത്തപ്പെടുന്നു
ലോകത്തിനു ചുററുമായി 1988-89-ൽ നടന്ന ഒരു കൺവെൻഷൻപരമ്പരയിൽ ദശലക്ഷക്കണക്കിന് യഹോവയുടെ സാക്ഷികൾ, വിശേഷാൽ ക്രൈസ്തവലോകത്താൽ പ്രതിനിധാനംചെയ്യപ്പെടുന്ന മഹാബാബിലോന്റെ നടത്തയോടുള്ള തങ്ങളുടെ വെറുപ്പിനെ പ്രകടമാക്കുന്ന പ്രമേയത്തെ അംഗീകരിച്ചു. അത് വളരെ കടുത്ത ഒരു നിലപാടല്ലേ എന്ന് ആത്മാർത്ഥതയുള്ള ചിലയാളുകൾ ചോദിച്ചേക്കാം. അശേഷമല്ല! പുരാതന യിസ്രായേലിലെ പ്രവാചകൻമാർ അവരുടെ നാളിലെ വിഗ്രഹാരാധനയെ എത്ര ധീരമായി അപലപിച്ചുവെന്നും, യേശു തന്റെ കാലങ്ങളിലെ മതകാപട്യത്തെ എത്ര ശക്തമായ ഭാഷയിൽ തുറന്നുകാട്ടിയെന്നും നാം കാണുമ്പോൾ ഈ നില പൂർണ്ണമായും ന്യായീകരിക്കപ്പെടുന്നുവെന്ന് യഹോവയുടെ സാക്ഷികളായ നാം വിശ്വസിക്കുന്നു. അത് ദൈവത്താൽ കൽപ്പിക്കപ്പെട്ടിട്ടുപോലുമുണ്ട്.—യെശയ്യാവ് 24:1-6; യിരെമ്യാവ് 7:16-20; മത്തായി 23:9-13, 27, 28, 37-39.
അതുകൊണ്ട് ഏതടിസ്ഥാനത്തിലാണ് നാം മഹാബാബിലോന്റെ നടത്തയെ വെറുക്കുന്നത്? അഖിലാണ്ഡത്തിന്റെ യഥാർത്ഥ പരമാധികാരിയാം കർത്താവായ യഹോവയെ ബഹമാനിക്കുന്നതിലുള്ള മതത്തിന്റെ പരാജയത്തിന് ചരിത്രപരമായ ഏതു തെളിവു നമുക്കുണ്ട്?
ആധുനികബാബിലോൻ നാമത്തെ നിന്ദിക്കുന്നു
അഖിലാണ്ഡത്തിന്റെ പരമാധികാരിയാം കർത്താവ് അജ്ഞാതനാമാവല്ല. അവൻ ബൈബിളിൽ ഏതാണ്ട് 7,000 പ്രാവശ്യം യഹോവയെന്ന് തന്നേത്തന്നെ തിരിച്ചറിയിച്ചിട്ടുണ്ട്. അവൻ തന്റെ നാമത്തിന് മർമ്മപ്രധാനമായ പ്രാമുഖ്യത കൽപ്പിക്കുന്നുണ്ട്. പത്തു കൽപ്പനകളിൽ മൂന്നാമത്തേത് ഇങ്ങനെ പ്രസ്താവിക്കുന്നു: “നിന്റെ ദൈവമായ യഹോവയുടെ നാമം നീ വിലയില്ലാത്ത വിധം എടുക്കരുത്, എന്തുകൊണ്ടെന്നാൽ തന്റെ നാമത്തെ വിലയില്ലാത്ത ഒരു വിധത്തിൽ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.” കർത്താവിന്റെ പ്രാർത്ഥനയിൽ യേശു തന്റെ പിതാവിന്റെ നാമത്തെ ഊന്നിപ്പറഞ്ഞു: “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടണമേ.”—പുറപ്പാട് 20:7; മത്തായി 6:9.
ദൈവനാമത്തെ ബഹുമാനിക്കുന്നതിലുള്ള ക്രൈസ്തവലോകത്തിന്റെ രേഖ ഭയജനകമാണ്. 1611-ലെ കിംഗ് ജയിംസ് ബൈബിൾപോലും യഹോവയുടെ നാമം തനിരൂപത്തിലും സംയുക്തമായും ഉപയോഗിക്കുന്നുണ്ട്—ഏഴു പ്രാവശ്യം മാത്രം.a മററു വിവർത്തനങ്ങൾ മുഴുവനായി നാമത്തെ നീക്കംചെയ്തു. മിക്ക മതങ്ങളും അതിനെ ബഹുമാനിക്കുന്നതിൽ പരാജയപ്പെടുന്നു. പകരം, അവർ തങ്ങളുടെ “വിശുദ്ധ” ത്രിത്വത്തെയും, ചില കേസുകളിൽ, ബൈബിളിലെ ദൈവത്തിനുപരിയായി ദൈവമാതാവെന്നു വിളിക്കപ്പെടുന്ന മറിയയെയും ഉയർത്തിയിരിക്കുന്നു. യഹോവയുടെ വിലയേറിയ നാമം ആപേക്ഷികമായി ഉപയോഗമില്ലാത്ത അവസ്ഥയിലേക്കു താഴാൻ അനുവദിക്കപ്പെട്ടിരിക്കുന്നു.b
ഇസ്ലാം ഏക ദൈവത്തെ തിരിച്ചറിയുന്നത് പ്രശംസാർഹംതന്നെ. അവരുടെ വിശുദ്ധഗ്രന്ഥമായ കുറാനോടുള്ള ചേർച്ചയിൽ അവർ ദൈവത്തെ അള്ളാ എന്നു വിളിക്കുന്നു. എന്നിരുന്നാലും, കുറാന് കുറഞ്ഞത് രണ്ടായിരം വർഷം മുമ്പെങ്കിലും ബൈബിളിൽ ആദ്യം വെളിപ്പെടുത്തിയിരുന്ന യഹോവ എന്ന നാമത്തെ അവർ ഉപയോഗിക്കുന്നില്ല. ഹിന്ദുക്കൾ ദശലക്ഷക്കണക്കിനു ദൈവങ്ങളെയും ദേവികളെയും ആരാധിക്കുന്നു, യഹോവ അവരുടെ കൂട്ടത്തിലില്ല.
ദൈവനാമം സംബന്ധിച്ച ഒരു കുററക്കാരനായി മുന്തിനിൽക്കുന്നത് യഹൂദമതമാണ്. ആയിരക്കണക്കിനു വർഷങ്ങളിൽ യഹൂദൻമാർ ദൈവനാമജനമാണെന്ന് അവകാശപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും അവരുടെ പാരമ്പര്യംനിമിത്തം അവർ ദൈവത്തിന്റെ യഥാർത്ഥ നാമം മുഴുവനായും ഉപയോഗിക്കപ്പെടാത്ത നിലയിലാക്കിയിരിക്കുന്നു.
അതുകൊണ്ട്, പരമാധികാരകർത്താവാം യഹോവയുടെ സാക്ഷികളെന്ന നിലയിൽ നാം, മഹാബാബിലോൻ ദൈവത്തിന്റെ വിശുദ്ധ നാമത്തോടുകാണിച്ചിരിക്കുന്ന അവഗണനയോടുള്ള നമ്മുടെ വെറുപ്പു പ്രകടമാക്കേണ്ടതാണ്.
നാം ബാബിലോന്യ ഉപദേശങ്ങളെ വെറുക്കുന്നതിന്റെ കാരണം
മനുഷ്യന് ഒരു അമർത്യദേഹി ഉണ്ടെന്നുള്ള ബാബിലോന്യ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ദശലക്ഷക്കണക്കിനാളുകൾ ചൂഷണംചെയ്യപ്പെടുകയും ഭയത്തിൽ നിർത്തപ്പെടുകയുംചെയ്തിരിക്കുന്നു. മരണാനന്തരം അഗ്നിനരകത്തിൽ ദേഹി നിത്യമായി ദണ്ഡിപ്പിക്കപ്പെടുന്നതിനുള്ള സാദ്ധ്യതസംബന്ധിച്ച ഭയത്തെ വ്യാജമതം പുരാതനകാലങ്ങൾ മുതൽ ചൂഷണംചെയ്തിരിക്കുന്നു. ആ ഉപദേശത്തിന്റെ കൂടുതൽ തന്ത്രപരമായ ഒരു പരിഷ്ക്കരണം, ശുദ്ധീകരണസ്ഥലത്തെ തീയിലെ താൽക്കാലിക ദുരിതമാണ്. ആത്മാർത്ഥതയുള്ള ആളുകൾ മരിച്ചവർക്കുവേണ്ടി കുർബാന ചൊല്ലാൻ പണം കൊടുക്കുന്നു, എന്നാൽ എപ്പോൾ പണം കൊടുക്കേണ്ടയാവശ്യമില്ലാതാകുന്നുവെന്ന് ഒരിക്കലും അറിയുന്നുമില്ല! ഈ ദൈവദൂഷണപരമായ ഉപദേശത്തിന് ബൈബിളിൽ അടിസ്ഥാനമില്ല.—യിരെമ്യാവ് 7:31 താരതമ്യപ്പെടുത്തുക.
യഥാർത്ഥത്തിൽ, മനുഷ്യൻ ജീവനുള്ള ഒരു മർത്യദേഹിയാണെന്ന് ബൈബിൾ പഠിപ്പിക്കുന്നു. അനുസരണക്കേടു നിമിത്തം ആദാം അഗ്നിനരകത്തിനോ ശുദ്ധീകരണസ്ഥലത്തിനോ അല്ല മരണത്തിനാണ് വിധിക്കപ്പെട്ടത്. ലളിതമായി പറഞ്ഞാൽ, “പാപം കൊടുക്കുന്ന ശമ്പളം മരണമാകുന്നു.” (റോമർ 6:23; ഉൽപ്പത്തി 2:7, 17; 3:19) മരിച്ചവരുടെ തിരുവചനാനുസൃത പ്രത്യാശ ഒരു അമർത്യദേഹിയിലല്ല, പിന്നെയോ ഒരു പരദീസാഭൂമിയിലെ പൂർണ്ണജീവിതത്തിലേക്കുള്ള പുനരുത്ഥാനംസംബന്ധിച്ച ദൈവികവാഗ്ദത്തത്തിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്.—യോഹന്നാൻ 5:28, 29; വെളിപ്പാട് 21:1-4.
ഇനി മറെറാരു ബാബിലോന്യ ഉപദേശം “വിശുദ്ധ” ത്രിത്വമാണ്. ഒരു ദൈവത്തിലെ മൂന്നാളുകൾ എന്ന ഈ ഉപദേശം ഒരിക്കലും പുരാതന എബ്രായരുടെ വിശ്വാസത്തിന്റെ ഭാഗമായിരുന്നില്ല. (ആവർത്തനം 5:6, 7; 6:4) ഒരു യഹൂദൻതന്നെയായിരുന്ന യേശു താൻ സർവശക്തനായ ദൈവമാണെന്ന് ഒരിക്കലും വിശ്വസിക്കുകയൊ പഠിപ്പിക്കുകയോ ചെയ്തില്ല. അവൻ ബാബിലോന്യ ഉപദേശത്തിൽ അഥവാ സിദ്ധാന്തത്തിൽ പഠിപ്പിക്കപ്പെട്ട ഒരു ത്രയത്തിൽ യാതൊരു പങ്കും അവകാശപ്പെട്ടില്ല.—മർക്കോസ് 12:29; 13:32; യോഹന്നാൻ 5:19, 30; 14:28; 20:17.
അതുകൊണ്ട്, ലോകത്തിലെ വ്യാജമതങ്ങളിൽ പഠിപ്പിക്കപ്പെടുന്ന ദൂഷണപരമായ ബാബിലോന്യ ഉപദേശങ്ങളെ നാം ത്യജിക്കുന്നു. നാം ഏകസത്യദൈവമായ യഹോവക്ക് അവന്റെ പുത്രനിലൂടെ ആരാധന അർപ്പിക്കുന്നു, അവൻ അഭിഷിക്തക്രിസ്ത്യാനികളുടെ മാത്രമല്ല, പിന്നെയോ മുഴു മനുഷ്യവർഗ്ഗലോകത്തിന്റെയും പാപങ്ങൾക്ക് ഒരു “പ്രായശ്ചിത്ത യാഗ”മായിത്തീർന്നു.—1 യോഹന്നാൻ 2:2.
നാം ദൈവവിരുദ്ധ തത്വശാസ്ത്രങ്ങളെ ത്യജിക്കുന്നതിന്റെ കാരണം
ക്രൈസ്തവലോകത്തിലെ പാപ്പാമാരും വൈദികരും നിരീശ്വരത്വത്തിന്റെ മുന്നേററത്തെക്കുറിച്ചു പരിതപിക്കുന്നു, അനേകർ തങ്ങളുടെ വലതുപക്ഷരാഷ്ട്രീയ പിന്തുണയെ നീതീകരിക്കാൻ അതിനെ ഉപയോഗിക്കുന്നു. എന്നിരുന്നാലും ഈ ചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു: “വിശേഷിച്ച് കഴിഞ്ഞ നൂററാണ്ടിൽ നിരീശ്വരത്വത്തിന്റെ ഈ വളർച്ചയെ ഉത്തേജിപ്പിച്ച അനീതികളെയും അസമത്വങ്ങളെയും ആരാണ് കണ്ണടച്ചുവിട്ടത്? ക്രൈസ്തവലോകമണ്ഡലത്തിലാണ് അത് പ്രമുഖമായി സംഭവിച്ചിരിക്കുന്നത്. ദൃഷ്ടാന്തമായി, റഷ്യൻ ഓർത്തഡോക്സ് സഭ, ജനങ്ങളെ ക്രൂരമായി പീഡിപ്പിച്ചിരുന്ന സാർചക്രവർത്തിമാരുമായി ഒത്തുകൂടി. ദൈവത്തിന്റെ പ്രതിനിധികളായി സ്വയം അവതരിപ്പിച്ചവരുടെ ഭാഗത്തെ യഥാർത്ഥ ക്രിസ്തീയമൂല്യങ്ങളുടെ അഭാവം നിരീശ്വരത്വത്തിന്റെ വിളനിലത്തിന് സംഭാവനചെയ്തു.
ക്രൈസ്തവലോക മതങ്ങൾ സ്രഷ്ടാവിനെ അപമാനിക്കുന്ന പരിണാമപഠിപ്പിക്കലിനെയും സ്വീകരിച്ചിരിക്കുന്നു. അവർ ഒരു ദശലക്ഷത്തിലധികം ജീവരൂപങ്ങളുടെ സങ്കീർണ്ണതക്കും വൈവിധ്യത്തിനും അന്ധമായ പ്രകൃതിശക്തികളാണ് കാരണമെന്നു വാദിക്കുന്നു. ഫലത്തിൽ, ഈ വൈവിധ്യം പ്രയോജനകരങ്ങളായ യാദൃച്ഛിക സംഭവങ്ങളുടെ ഒരു പരമ്പരയാൽ വികാസംപ്രാപിച്ചതാണെന്ന് അവർ പറയുന്നു. അത്തരമൊരു തത്വശാസ്ത്രം ദൈവത്തെ അധികപ്പററാക്കുകയും മനുഷ്യനെ ആരോടും ഉത്തരവാദിത്തമില്ലാത്തവനാക്കുകയും ചെയ്യുന്നു. നീതിശാസ്ത്രങ്ങൾ വ്യക്തിപരമായ തെരഞ്ഞെടുപ്പിന്റെ സംഗതിയായിത്തീരുന്നു. (സങ്കീർത്തനം 14:1) ഒരു ഫലം ഗർഭച്ഛിദ്രങ്ങൾ ഇപ്പോൾ വർഷംതോറും കോടിക്കണക്കിനായിത്തീരുന്നുവെന്നതാണ്—മതഭക്തിയുള്ളതായി അവകാശപ്പെടുന്ന രാജ്യങ്ങളിൽ!
നാം ഈ ദൈവവിരുദ്ധ തത്വശാസ്ത്രങ്ങളെയും ആചാരങ്ങളെയും ത്യജിക്കുന്നു. നാം “എന്നെന്നേക്കും ജീവിക്കുന്നവനും ആകാശത്തെയും അതിലുള്ളവയെയും ഭൂമിയെയും അതിലുള്ളവയെയും സമുദ്രത്തെയും അതിലുള്ളവയെയും സൃഷ്ടിച്ചവനായ” യഹോവയെ ആരാധിക്കുന്നു.—വെളിപ്പാട് 10:6; 19:6.
മഹാബാബിലോന്റെ ഫലത്തെ നാം വെറുക്കുന്നതിന്റെ കാരണം
കൈസ്ത്രവലോകം വെളിപ്പാട് 2-ഉം വെളിപ്പാട് 3-ഉം അദ്ധ്യായങ്ങളിൽ വിവരിച്ചിരിക്കുന്ന ഏഴു സഭകൾക്കുള്ള മുന്നറിയിപ്പിൻസന്ദേശങ്ങളനുസരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. കക്ഷിപിരിവ്, വിഗ്രഹാരാധന ദുർവൃത്തി, എന്നിവക്കും ശീതോഷ്ണനിലക്കും ഉദാസീനതക്കും എതിരായിട്ടാണ് അവ ബുദ്ധിയുപദേശിക്കുന്നത്.
മിക്കവാറും ഏത് ആരാധനാസ്ഥലത്തേക്കുമുള്ള ഒരു സന്ദർശനം അനേകം മതഭക്തർ സ്രഷ്ടാവിനുമീതെ സൃഷ്ടിയെ ഉയർത്തിയിരിക്കുന്നുവെന്ന് വെളിപ്പെടുത്തും. എങ്ങനെ? അവരുടെ പ്രതിമാരാധനയും രൂപങ്ങളുടെ ആരാധനയും “വിശുദ്ധൻമാർക്കും” മഡോണായിക്കും കുരിശുകൾക്കും അർപ്പിക്കപ്പെടുന്ന ആരാധനയുംമൂലം.—സങ്കീർത്തനം 115:2-8; 1 കൊരിന്ത്യർ 5:7; 1 യോഹന്നാൻ 5:21 താരതമ്യപ്പെടുത്തുക.
അവരുടെ കാര്യത്തിൽ പൗലോസിന്റെ വാക്കുകൾക്ക് നിവൃത്തിയുണ്ടാകുന്നു: “എന്തുകൊണ്ടെന്നാൽ അവർ ദൈവത്തെ അറിഞ്ഞിട്ടും അവർ അവനെ ദൈവമായി മഹത്വീകരിച്ചില്ല . . . അവർ മൂഢരായിത്തീരുകയും അക്ഷയനായ ദൈവത്തിന്റെ മഹത്വത്തെ ക്ഷയമുള്ള മനുഷ്യൻ, പക്ഷികൾ, നാൽക്കാലികൾ, ഇഴജന്തുക്കൾ എന്നിവയുടെ പ്രതിച്ഛായപോലെയാക്കി മാററുകയും ചെയ്തു.”—റോമർ 1:21-23.
നാം ബാബിലോന്റെ ദുർമ്മാർഗ്ഗത്തെ കുററവിധിക്കുന്നതിന്റെ കാരണം
കഴിഞ്ഞ 20 വർഷങ്ങളിൽ സ്വവർഗ്ഗസംഭോഗം അംഗീകരിക്കപ്പെടുകയോ ഒരു വ്യത്യസ്ത ജീവിതരീതിയായി കണ്ണടച്ചുവിടപ്പെടുകയോ ചെയ്തിരിക്കുന്നു. ദശലക്ഷക്കണക്കിന് സ്വവർഗ്ഗഭോഗികൾ “അറയിൽനിന്നു പുറത്തുവരുകയും” ഇപ്പോൾ തങ്ങളുടെ “പ്രഹർഷാഭിമാനത്തെ” പ്രദർശിപ്പിച്ചുകൊണ്ട് തെരുവുകളിൽ പരേഡുനടത്തുകയും ചെയ്യുന്നു. ദൈവം അവരുടെ സ്വവർഗ്ഗരതിയെ എങ്ങനെയാണ് വീക്ഷിക്കുന്നത്?
ബൈബിൾ ഏതാണ്ട് 3,500 വർഷംമുമ്പ് ഇങ്ങനെ പ്രസ്താവിച്ചു: “നീ ഒരു സ്ത്രീയോടുകൂടെ ശയിക്കുന്നതുപോലെ ഒരു പുരുഷനോടുകൂടെ ശയിക്കരുത്. അത് വെറുക്കത്തക്ക ഒരു കാര്യമാണ്.” (ലേവ്യപുസ്തകം 18:22) ദൈവത്തിന്റെ പ്രമാണങ്ങൾക്ക് മാററമുണ്ടായിട്ടില്ലെന്നു പ്രകടമാക്കിക്കൊണ്ട് ഏതാണ്ട് 2,000 വർഷം മുമ്പ് പൗലോസ് എഴുതി: “അതുകൊണ്ടാണു ദൈവം അവരെ അപമാനകരമായ ലൈംഗികതൃഷ്ണകൾക്ക് ഏൽപ്പിച്ചുകൊടുത്തത്, എന്തുകൊണ്ടെന്നാൽ അവരുടെ സ്ത്രീകളും തങ്ങളുടെതന്നെ സ്വാഭാവിക ഉപയോഗത്തെ സ്വഭാവവിരുദ്ധമാക്കി മാററിക്കളഞ്ഞു; അതുപോലെതന്നെ പുരുഷൻമാർപോലും സ്ത്രീകളുടെ സ്വാഭാവിക ഉപയോഗംവിട്ട് തങ്ങളുടെ അന്യോന്യമുള്ള കാമത്താൽ ജ്വലിച്ച്, പുരുഷൻമാർ പുരുഷൻമാരുമായി, അശ്ലീലം പ്രവർത്തിക്കുകയും തങ്ങളുടെ തെററിനു തക്ക പ്രതിഫലം തങ്ങളിൽത്തന്നെ പൂർണ്ണമായി പ്രാപിക്കുകയുംചെയ്തു.”.—റോമർ 1:26, 27; 1 കൊരിന്ത്യർ 6:9, 10; 1 തിമൊഥെയോസ് 1:10.
എന്നിരുന്നാലും, ക്രൈസ്തവലോകത്തിലെ വൈദികരിലനേകർ സ്വവർഗ്ഗരതിക്കാരായതിനാൽ അവർക്ക് മുഖ്യമതങ്ങളിൽ പലതിലും ശക്തമായ സ്വവർഗ്ഗസംഭോഗ ഉപശാല സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവരുടെ ജീവിതശൈലിയെ അംഗീകരിക്കണമെന്നും അവർക്ക് ശുശ്രൂഷകന്റെ പദവി കൊടുക്കണമെന്നും അവർ ആവശ്യപ്പെടുന്നു. കാനഡായിലെ ഏററവും വലിയ പ്രോട്ടസ്ററൻറ് വിഭാഗമായ യുണൈററഡ് ചർച്ച് ഓഫ് കാനഡാ ഉദാഹരണമാണ്. അതിന്റെ നേതാക്കൻമാർ 1988 ആഗസ്ററ് 24-ാം തീയതി സ്വവർഗ്ഗസംഭോഗികളെ ശുശ്രൂഷയിൽ പ്രവേശിപ്പിക്കുന്നതിനനുകൂലമായി വോട്ടുചെയ്തു—160-നെതിരെ 205.
നാം ബാബിലോന്റെ ആത്മീയ വേശ്യാവൃത്തിയെ വെറുക്കുന്നതിന്റെ കാരണം
“ഭൂമിയിലെ രാജാക്കൻമാ”രായ അതിലെ ഭരണകർത്താക്കളുമായുള്ള ബാബിലോന്റെ ദുർവൃത്തിയെ വെളിപ്പാട് അപലപിക്കുന്നു. വേശ്യ “പെരുവെള്ളങ്ങളുടെമേൽ” ഇരിക്കുന്നതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു, അത് “ജനങ്ങളെയും ജനക്കൂട്ടങ്ങളെയും ജനതകളെയും ഭാഷകളെയും” അർത്ഥമാക്കുന്നു. (വെളിപ്പാട് 17:1, 2, 15) രാഷ്ട്രീയഭരണാധികാരികളുമായി ഒരു സുഖബന്ധം പുലർത്തുന്നതിനാൽ വ്യാജമതം നൂററാണ്ടുകളിൽ ഒളിഞ്ഞും തെളിഞ്ഞും സാമാന്യജനത്തെ അടിച്ചമർത്തുന്നതിനും ചൂഷണംചെയ്യുന്നതിനും അതിന്റെ സ്വാധീനം ഉപയോഗിച്ചിട്ടുണ്ട്.
ഈ മേധാവിത്വത്തിന്റെ ദൃഷ്ടാന്തങ്ങളാണ് വത്തിക്കാൻ ഈ 20-ാം നൂററാണ്ടിൽ നാസി, ഫാസിസ്ററ്, ഭരണാധികാരികളുമായി ഉണ്ടാക്കിയ കോൺകൊഡാററുകൾ അഥവാ ഉടമ്പടികൾ. തൽഫലമായി, ആട്ടിൻകൂട്ടങ്ങളുടെമേലുള്ള സഭാ സ്വാധീനം നിർദ്ദയഭരണാധികാരികളോടുള്ള സമ്പൂർണ്ണവിധേയത്വത്തിലേക്കു നയിച്ചു. 1929-ൽ വത്തിക്കാൻ ഫാസിസ്ററ് സ്വേച്ഛാധികാരിയായിരുന്ന ബനിറേറാ മുസ്സോളിനിയുമായി ഒരു ഉടമ്പടി ഉണ്ടാക്കി. ജർമ്മനിയിൽ തുടർന്നെന്തുണ്ടായി? ജർമ്മൻ കർദ്ദിനാളായ ഫോളാബർ പിൻവരുന്ന വാക്കുകൾ പയസ് 11-ാമൻ പറഞ്ഞതാണെന്ന് ആരോപിച്ചുകൊണ്ട് ഹിററ്ലറിനെക്കുറിച്ചുള്ള പാപ്പായുടെ ചിന്തയിലേക്ക് ഉൾക്കാഴ്ച നൽകുന്നു: “എനിക്ക് സന്തോഷമാണ്; അയാളാണ് ബോൾഷെവിസത്തിനെതിരെ ആദ്യം സംസാരിച്ച ഭരണതന്ത്രജ്ഞൻ. ഫോളാബർ പിന്നീട് ഇങ്ങനെ പ്രസ്താവിച്ചു: “റോമിലേക്കുള്ള എന്റെ യാത്ര ഞാൻ ദീർഘനാൾ സംശയിക്കുമായിരുന്നതിനെ സ്ഥിരീകരിച്ചു. റോമിൽ കമ്മ്യൂണിസത്തിൽനിന്നും ബോൾഷെവിസത്തിൽനിന്നുമുള്ള ഏക വിടുതൽ ദേശീയസോഷ്യലിസവും ഫാസിസവുമാണെന്ന് കരുതപ്പെടുന്നു.”
ജർമ്മനിയിലെ കത്തോലിക്കാ ബിഷപ്പൻമാർ 1933-നു മുമ്പ് നാസി തത്ത്വശാസ്ത്രത്തെ എതിർത്തിരുന്നു. എന്നാൽ ജർമ്മൻ ഗ്രന്ഥകാരനായ ക്ലോസ് ഷോൾഡർ, സഭയും മൂന്നാം ഭരണകൂടവും എന്ന തന്റെ പുസ്തകത്തിൽ, ദേശീയ സോഷ്യലിസത്തോടുള്ള തങ്ങളുടെ മനോഭാവത്തെ നവീകരിക്കാൻ ബിഷപ്പൻമാരോടു ജർമ്മനിയിലെ വത്തിക്കാൻ അമ്പാസിഡറായ കാർഡിനൽ പസേലി കൽപ്പിച്ചുവെന്ന് പ്രസ്താവിക്കുന്നു. ഈ മാററത്തിനു പ്രേരിപ്പിച്ചതെന്തായിരുന്നു? അത് മൂന്നാം ജർമ്മൻ ഭരണകൂടവും വത്തിക്കാനും തമ്മിൽ 1933 ജൂലൈ 20-ാം തീയതി ഉണ്ടാക്കിയ ഉടമ്പടിയായിരുന്നു.
ക്ലോസ് ഷോൾഡർ റിപ്പോർട്ടുചെയ്യുന്ന പ്രകാരം: “നവംബർ 12-ലെ [1933] തെരഞ്ഞെടുപ്പിലും ജനഹിതപരിശോധനയിലും ഹിററ്ലർ സമ്മതിദായകരിലെ പ്രമുഖ കത്തോലിക്കാവൃത്തങ്ങളിലെ എല്ലാവർക്കും മീതെ അതിശയിപ്പിക്കുംവിധം ഉയർന്ന വോട്ടുനേടി ഉടമ്പടിയുടെ ഫലം കൊയ്തു.”
ഏതാനും പ്രോട്ടസ്ററൻറ് നേതാക്കൻമാർ 1933-ലെ നാസിഭരണമേൽക്കലിനെ എതിർത്തെങ്കിലും അവരുടെ ശബ്ദങ്ങൾ ദേശീയതയുടെ കൂട്ടമുറവിളിയിൽ അലിഞ്ഞുപോയി. ഷോൾഡർ ഇങ്ങനെ വിശദീകരിക്കുന്നു: “പ്രോട്ടസ്ററൻറ് സഭയിൽ കഴിഞ്ഞ കാലത്ത് പ്രകടമാക്കപ്പെട്ടിരുന്ന ജാഗ്രത വെടിയാൻ വർദ്ധിച്ചുവരുന്ന മനസ്സൊരുക്കമുണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു, ഒടുവിൽ ഇപ്പോൾ ദേശീയ ഉത്സാഹത്തിൽ പങ്കുചേരാനും. . . . ആദ്യമായി പുതിയ ഭരണകൂടത്തെ സമ്പൂർണ്ണമായി പിന്താങ്ങിയ ഔദ്യോഗിക സഭാപ്രസ്താവനകൾ പ്രത്യക്ഷപ്പെട്ടു.” യഥാർത്ഥത്തിൽ, പ്രോട്ടസ്ററൻറു മതം നാസി ദേശീയത്വത്തിനു തങ്ങളേത്തന്നെ വിൽക്കുകയും കത്തോലിക്കാസഭ ചെയ്തതുപോലെതന്നെ അതിന്റെ പരിചാരികയായിത്തീരുകയുംചെയ്തു.
വ്യാജമതം, നൂററാണ്ടുകളിലുടനീളം ഭരണം നടത്തുന്ന ശക്തമായ പ്രാമാണിക സമൂഹങ്ങളോട് ഒട്ടിനിൽക്കുകയും സാമാന്യജനത്തിന് ദോഷം വരുമാറ് തങ്ങളുടെ പ്രശസ്തിയെ ഉത്തേജിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ചരിത്രരേഖ പ്രകടമാക്കുന്നു. ആർത്തിപൂണ്ട് അധികാരവും വസ്തുവകയും സ്വത്തും തേടിയിരിക്കുന്ന ലോക മതനേതാക്കൻമാർ ‘ക്രിസ്തുവിന്റെ മാനസികഭാവം’ പ്രതിഫലിപ്പിച്ചിട്ടില്ല. യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ നാം അത്തരം ആത്മീയവേശ്യാവൃത്തിയെ വെറുക്കുന്നു.—യോഹന്നാൻ 17:16; റോമർ 15:5; വെളിപ്പാട് 18:3.
നാം ബാബിലോന്റെ രക്തപാതകത്തെ വെറുക്കുന്നതിന്റെ കാരണം
വെളിപ്പാടുപുസ്തകത്തിൽ മഹാബാബിലോനെ വമ്പിച്ച രക്തപാതകംസംബന്ധിച്ചു കുററപ്പെടുത്തിയിരിക്കുന്നു: “വിശുദ്ധൻമാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ച് സ്ത്രീ മത്തയായിരിക്കുന്നതു ഞാൻ കണ്ടു. അതെ, പ്രവാചകൻമാരുടെയും വിശുദ്ധൻമാരുടെയും ഭൂമിയിൽ കൊല്ലപ്പെട്ട സകലരുടെയും രക്തം അവളിൽ കാണപ്പെട്ടു.”—വെളിപ്പാട് 17:6; 18:24.
വ്യാജമതത്തിന്റെ ചരിത്രം വിദ്വേഷത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ചരിത്രമാണ്. ക്രൈസ്തവലോകമാണ് ഏററവുമധികം രക്തപാതകമുള്ളവൾ. ക്രിസ്തീയജനതകൾ എന്നു വിളിക്കപ്പെടുന്നവയുടെ മണ്ഡലത്തിലാണ് രണ്ടു ലോകയുദ്ധങ്ങൾക്കു തുടക്കമിട്ടത്. “ക്രിസ്തീയ” രാഷ്ട്രീയനേതാക്കൻമാർ 1914-ലും 1939-ലും ആയുധമേന്തി. യുദ്ധത്തിലേർപ്പെട്ട എല്ലാ രാഷ്ട്രങ്ങളിലെയും വൈദികർ അനുഗ്രഹം കൊടുത്തു. ഒന്നാം ലോകമഹായുദ്ധത്തെസംബന്ധിച്ച് ദി കൊളംബിയാ ഹിസ്റററ ഓഫ് ദി വേൾഡ് ഇങ്ങനെ പ്രസ്താവിക്കുന്നു: “ജീവനോടൊപ്പം സത്യത്തിനും മൂല്യശോഷണം വരുത്തപ്പെട്ടു, യാതൊരു പ്രതിഷേധസ്വരവും ഉയർത്തപ്പെട്ടില്ല. ദൈവവചനത്തിന്റെ പരിത്രാതാക്കൾ യുദ്ധഗീതം നയിച്ചു. സമഗ്രയുദ്ധത്തിന്റെ അർത്ഥം സമഗ്രവിദ്വേഷമെന്നായി.” (ഇററാലിക്സ് ഞങ്ങളുടേത്.) സൈനികപുരോഹിതൻമാർ തങ്ങളുടെ പടയാളികളെ ദേശസ്നേഹപരമായ ആവേശത്തിനു പ്രോൽസാഹിപ്പിച്ചു. അതേസമയം, ഇരു പക്ഷങ്ങളിലെയും യുവാക്കൾ പീരങ്കികൾക്കിരയായിത്തീരുകയായിരുന്നു. ഇതേ ചരിത്രപുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “ദേശീയത്വത്തിന്റെ സത്വരവികാരങ്ങളാലുള്ള മനുഷ്യമനസ്സുകളുടെ വ്യവസ്ഥാപിത വിഷംകലർത്തൽ . . . സമാധാനാന്വേഷണത്തെ കൂടുതലായി തടസ്സപ്പെടുത്തി.”
യഹൂദൻമാരും മുസ്ലീങ്ങളും തമ്മിലും ഹിന്ദുക്കളും സിക്കുകാരും തമ്മിലും കത്തോലിക്കരും പ്രോട്ടസ്ററൻറുകാരും തമ്മിലും മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിലും ബുദ്ധമതക്കാരും ഹിന്ദുക്കളും തമ്മിലും ഉഗ്രപോരാട്ടങ്ങൾ നടക്കുമ്പോൾ ലോകവ്യാപകമായി വ്യാജമതം വിദ്വേഷം ജനിപ്പിക്കുന്നതിൽ തുടരുകയാണ്. അതെ, വ്യാജമതം “ഭൂമിയിൽ കൊല്ലപ്പെട്ടിട്ടുള്ള സകലരുടെയും” രക്തക്കുളിക്ക് സംഭാവനചെയ്യുന്നതിൽ തുടരുകയാണ്.—വെളിപ്പാട് 18:24.
മുകളിൽ വിവരിച്ച സകല തെളിവുകളുടെയും വീക്ഷണത്തിൽ, 1988-ലെ കൺവെൻഷൻ പ്രമേയം ഉചിതവും കാലോചിതവുമാണെന്ന് യഹോവയുടെ സാക്ഷികൾ വിചാരിക്കുന്നു. സമുചിതമായി, നാം വ്യാജമതത്തെ രക്തപാതകമുള്ള വേശ്യയായ മഹാബാബിലോൻ എന്ന നിലയിൽ അപലപിക്കുന്നു. സമാധാനത്തിലേക്കും സത്യാരാധനയിലേക്കുമുള്ള ഏകസത്യമാർഗ്ഗത്തെ നാം ലോകത്തോട് പ്രഖ്യാപിക്കുന്നു—അഖിലാണ്ഡത്തിന്റെ പരമാധികാര കർത്താവായ യഹോവയാം ദൈവത്തിലേക്ക്, അവൻ ഭൂമിയിലേക്കയച്ച ക്രിസ്തുവോ മശിഹായോ ആയ യേശുമുഖേന തിരിയുക. ഇതിന്റെ അർത്ഥം മനുഷ്യവർഗ്ഗത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ കഴിയുന്ന നീതിയുള്ള ഏക നിത്യഗവൺമെന്റെന്ന നിലയിൽ ദൈവരാജ്യത്തെ സ്വീകരിക്കുകയെന്നാണ്. ഈ കൽപ്പന അനുസരിക്കാനുള്ള സമയം ഇപ്പോഴാണെന്നും അത് അർത്ഥമാക്കുന്നു: “എന്റെ ജനമേ, നിങ്ങൾ അവളുടെ പാപങ്ങളിൽ പങ്കുപററാനാഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾ അവളുടെ ബാധകളുടെ ഓഹരി ലഭിക്കാനാഗ്രഹിക്കുന്നില്ലെങ്കിൽ, അവളെ [മഹാബാബിലോനെ] വിട്ടുപോരുക.”—വെളിപ്പാട് 18:4; ദാനിയേൽ 2:44; യോഹന്നാൻ 17:3. (w89 4/15)
[അടിക്കുറിപ്പുകൾ]
a ഉൽപ്പത്തി 22:14; പുറപ്പാട് 6:3; 17:15; ന്യായാധിപൻമാർ 6:24; സങ്കീർത്തനം 83:18; യെശയ്യാവ് 12:2; 26:4.
b ദൈവനാമത്തിന്റെ പ്രാധാന്യവും സാർത്ഥകതയുംസംബന്ധിച്ച ഒരു വിശദമായ ചർച്ചക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യാ പ്രസിദ്ധപ്പെടുത്തിയ എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം എന്ന 32 പേജുള്ള [ഇംഗ്ലീഷ്] ലഘുപത്രിക കാണുക.