രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
സനേഹം കുടുംബങ്ങളെ ഐക്യത്തിലാക്കുന്നു
വിവാഹം നിസ്വാർത്ഥതയാൽ നയിക്കപ്പെടുന്ന സ്നേഹത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുമ്പോൾ മാത്രമേ കുടുംബ ഐക്യം നേടാൻ കഴിയുകയുള്ളു. അത്തരം സ്നേഹം സ്നേഹത്തിന്റെ ദൈവമായ യഹോവയിൽനിന്ന് ഉത്ഭവിക്കുന്നു, അതുകൊണ്ട് അത് ദൈവാത്മാവിന്റെ ഒരു ഫലമാണ്. (ഗലാത്യർ 5:22, 23; 1 യോഹന്നാൻ 4:8) താഴെ കൊടുക്കുന്ന അനുഭവങ്ങൾ ബൈബിൾപരിജ്ഞാനത്തിൽ അധിഷ്ഠിതമായ സ്നേഹം കുടുംബങ്ങളെ എങ്ങനെ ഐക്യത്തിലാക്കിയിരിക്കുന്നുവെന്ന് ചിത്രീകരിക്കുന്നു.
ഹോങ്കോംഗ്
◻ ഹോങ്കോംഗിൽ ഒരു പയനിയർ ഒരു കുടുംബിനിയും അവളുടെ രണ്ടു പുത്രിമാരുമായി ഒരു ഭവന ബൈബിൾ അദ്ധ്യയനം തുടങ്ങി. അവൾ ഒരു വിപ്ലവാത്മക മതവുമായിട്ടാണ് ഇടപെടുന്നത് എന്ന ആശങ്ക ഭർത്താവു പ്രകടമാക്കി. അദ്ധ്യയനത്തിൽ ഇരിക്കുന്നതിനും സ്വയം തീരുമാനിക്കുന്നതിനും ഭർത്താവിനെ ക്ഷണിക്കുന്നതിന് പയനിയർ അവളോടു നിർദ്ദേശിച്ചു, അയാൾ അങ്ങനെ ചെയ്തു. ഇതിനിടയിൽ ഭാര്യ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി, എന്നാൽ അവൾക്ക് തന്റെ കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ പ്രശ്നമുണ്ടായിരുന്നു. അവൾ മൂത്തയാളെ ക്രമമായി വഴക്കുപറയുകയും ഇളയ കുട്ടിയെ അതിലാളനകൊണ്ട് വഷളാക്കുകയും ചെയ്തിരുന്നു. പിന്നീട്, അവൾക്കും ഭർത്താവിനും പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അറിയാനിടയായി. അവരുടെ വഴക്ക് മിക്കപ്പോഴും അക്രമമായി പൊട്ടിത്തെറിക്കുകയും പല പ്രാവശ്യം പോലീസിനെ വിളിക്കേണ്ടതായി വരികയും ചെയ്തിരുന്നു. തങ്ങളുടെ വിവാഹത്തിൽ അവർക്ക് എങ്ങനെ ദൈവസ്നേഹം പ്രകടമാക്കാമെന്നു പഠിപ്പിക്കുന്നതിന് പയനിയർ ശക്തിയുള്ള ദൈവവചനം ഉപയോഗിച്ചു. പെട്ടെന്ന് പഴയ നടപടികളും ശീലങ്ങളും മാറാൻ തുടങ്ങി. രണ്ടുപേരും യോഗങ്ങളിൽ ക്രമമായി ഹാജരാകുന്നവരായിത്തീർന്നു, ഭവനത്തിൽ കൂടുതൽ സന്തുഷ്ടമായ ഒരു അന്തരീക്ഷം നിലവിൽവരികയും ചെയ്തു. ഭർത്താവ് പുകവലി ഉപേക്ഷിക്കുകയും ഇപ്പോൾ ദിവ്യാധിപത്യ ശുശ്രൂഷാസ്ക്കൂളിൽ ചേരുകയും ചെയ്തിരിക്കുന്നു. ഭാര്യ ഇപ്പോൾ സ്നാപനമേററ ഒരു പ്രസാധകയാണ്.
ദൈവാത്മാവിന്റെ ഒരു ഫലമായ സ്നേഹം പ്രകടമാക്കിക്കൊണ്ട് കുടുംബ ഐക്യം നേടിയിരിക്കുന്നു.
ബ്രിട്ടൻ
◻ ബ്രിട്ടനിൽ നിന്നുള്ള ഒരു അനുഭവം തന്റെ ഭാര്യയുമായുള്ള പെരുമാററത്തിൽ സ്നേഹവും ക്ഷമയും സഹിഷ്ണുതയും പ്രകടമാക്കുന്ന ഒരു ഭർത്താവിനെ യഹോവ എങ്ങനെ അനുഗ്രഹിക്കുന്നുവെന്ന് വിശദീകരിക്കുന്നു. 12 വർഷം മുമ്പ് ഭർത്താവ് സത്യത്തിലേക്കു വരുമ്പോൾ അയാളുടെ ഭാര്യയുടെ ശക്തമായ എതിർപ്പ് ഒരു നിയമപരമായ വിവാഹമോചനം നേടുന്നതിലേക്ക് അവളെ നയിച്ചു. എന്നിരുന്നാലും ഭർത്താവ് അവളുടെ പണപരമായ ആവശ്യങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിക്കൊണ്ടും ഒരു ക്രമമായ അടിസ്ഥാനത്തിൽ അവൾക്കുവേണ്ടി ജോലികൾ ചെയ്തുകൊടുത്തുകൊണ്ടും അവളോട് ദയകാട്ടുന്നതിൽ തുടർന്നു. നാലുവർഷങ്ങൾക്കുശേഷം അവൾ നേരത്തെ എതിർത്തിരുന്നിട്ടും ഒരിക്കൽകൂടി അവളോട് സത്യത്തെക്കുറിച്ച് പറയാൻ അയാൾ തീരുമാനിച്ചു. ഒരു സഹോദരിയോടൊത്ത് അവൾക്ക് ബൈബിൾ പഠിക്കാമെന്ന് അയാൾ നിർദ്ദേശിച്ചപ്പോൾ അയാൾ അതിശയിക്കത്തക്കവണ്ണം അവൾ അതു സമ്മതിച്ചു. ക്രമേണ അവൾ സത്യത്തിനുവേണ്ടി ഒരു നില സ്വീകരിക്കുകയും സ്നാപനമേൽക്കുകയും ചെയ്തു. ഭർത്താവിന് അവളോടുള്ള സ്നേഹം ഒരിക്കലും നഷ്ടപ്പെട്ടിരുന്നില്ല, അവൾ സത്യത്തെ തന്റെ സ്വന്തമാക്കിയെന്ന് തെളിയിച്ചപ്പോൾ അയാൾ അവളോട് തന്നെ വീണ്ടും വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടു. അവളുടെ മുമ്പിലത്തെ ദുഷിച്ച മനോഭാവത്തിന്റെ വീക്ഷണത്തിൽ അയാൾ ഇത് ഒരിക്കലും ചെയ്യുകയില്ലെന്ന് പ്രതീക്ഷിച്ചിരുന്നതിനാൽ അവൾ ഇതിങ്കൽ ആശ്ചര്യപ്പെട്ടു. ഇപ്പോൾ അവർ പുനർവിവാഹതിരായിട്ട് ഉദ്ദേശം എട്ടു വർഷങ്ങളായി, രണ്ടുപേരും സത്യത്തിൽ നന്നായി പുരോഗമിച്ചുകൊണ്ടുമിരിക്കുന്നു.
ദക്ഷിണ പസഫിക്ക
◻ ഇരുപതിലധികം വർഷങ്ങൾക്കുമുമ്പ് ദക്ഷിണ പസഫിക്കിലെ തുവാലുവിലെ ഒരു ദ്വീപിൽനിന്ന് ഒരു ചെറുപ്പക്കാരൻ സാഹിത്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് വാച്ച്ടവർ സൊസൈററിക്ക് എഴുതി. ആ സമയത്ത് ആ ദ്വീപിൽ സാക്ഷികളാരും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും അയാൾ തനിയെ സാഹിത്യങ്ങൾ വായിക്കുകയും അത് സത്യമാണെന്ന് തിരിച്ചറിയുകയും ചെയ്തു. എന്നിരുന്നാലും അയാളുടെ ഭാര്യ അയാളുടെ പുതുവിശ്വാസത്തെ തീവ്രമായി എതിർത്തു, അതുകൊണ്ട് അയാൾ അത് ഉപേക്ഷിച്ചു.
ഈ അടുത്തകാലത്ത് തുവാലുവൻ ഭാഷയിൽ സാഹിത്യങ്ങൾ ലഭ്യമായിത്തീർന്നപ്പോൾ ഭാര്യ ചില പ്രസിദ്ധീകരണങ്ങൾ സ്വന്തമാക്കി. അവ അവൾക്ക് സ്വന്തമായി വായിക്കാൻ കഴിഞ്ഞു. അവൾ ഇപ്പോൾ സത്യം തിരിച്ചറിയുകയും അവളുടെ ഭർത്താവിനോട് ഇപ്രകാരം പരാതിപറയുകയും ചെയ്തു: “ഈ വർഷങ്ങളിലെല്ലാം നിങ്ങളുടെപക്കൽ വെളിച്ചമുണ്ടായിരുന്നു, എന്നാൽ നിങ്ങൾ അത് ഉയർത്തിപ്പിടിച്ചില്ല. സാക്ഷികൾ ശരിയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നതിന്റെ കാരണം എന്നോടു വിശദീകരിക്കയെങ്കിലും ചെയ്യാഞ്ഞതെന്തുകൊണ്ട്?” ഇപ്പോൾ ബൈബിൾസത്യത്തിൽ ഐക്യപ്പെട്ട് ഈ ദമ്പതികൾ സാക്ഷികളോട് സഹവസിക്കാൻ തുടങ്ങി.
ഫിജിയിൽ സ്ക്കൂളിൽ പോയിക്കൊണ്ടിരുന്ന തങ്ങളുടെ രണ്ടു പുത്രിമാർ ഭവനത്തിൽ തിരിച്ചെത്തിയപ്പോൾ മാതാപിതാക്കൾ യഹോവയുടെ സാക്ഷികളായിത്തീരാനുള്ള തങ്ങളുടെ തീരുമാനം അവരെ അറിയിച്ചു. അവർ ബൈബിൾ പഠിക്കാൻ തങ്ങളോടൊത്ത് ചേരുന്നതിന് പെൺകുട്ടികളെ പ്രോത്സാഹിപ്പിച്ചു, എന്നാൽ അവരെ അതിശയിപ്പിക്കുമാറ് പെൺകുട്ടികൾ നേരത്തെതന്നെ ഫിജിയിൽ യോഗങ്ങളിൽ സംബന്ധിച്ചിരുന്നതായി മനസ്സിലാക്കി. കുടുംബം സന്തോഷത്തോടെ ഒത്തൊരുമിച്ച് സത്യം സ്വീകരിക്കുകയും പിതാവും മാതാവും പുത്രിമാരിൽ ഒരാളും രാജ്യപ്രസാധകരായിത്തീരുകയും ചെയ്തു.
ബൈബിൾസത്യവും സ്നേഹവും ലോകത്തെല്ലായിടത്തും കുടുംബങ്ങളെ ഐക്യപ്പെടുത്തുന്നതെങ്ങനെയെന്ന് കാണുന്നത് എത്ര സന്തോഷകരമാണ്. (w89 4⁄1)