സകല ജനതകൾക്കും പെട്ടെന്നുതന്നെ നീതി
“നീ ജീവിച്ചിരിക്കേണ്ടതിനും നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശം തീർച്ചയായും നീ കൈവശപ്പെടുത്തേണ്ടതിനും നീതിയെ—നീതിയെത്തന്നെ നീ പിന്തുടരണം.”—ആവർത്തനം 16:20
1. മനുഷ്യനെ സംബന്ധിച്ച ദൈവത്തിന്റെ ആദിമ ഉദ്ദേശ്യമെന്തായിരുന്നു, അത് എങ്ങനെ മാത്രമേ അവനു നിവർത്തിക്കാൻ കഴിയുമായിരുന്നുള്ളു?
യഹോവയാം ദൈവം പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം പൂർണ്ണതയുള്ള സൃഷ്ടികളെക്കൊണ്ട് ഭൂമിയെ നിറക്കുകയെന്നതായിരുന്നു. അവരെല്ലാം അവനെ സ്തുതിക്കുകയും ഭൂമിയെ കീഴടക്കുന്നതിൽ തങ്ങളുടെ പങ്കുവഹിക്കുകയും ചെയ്യും. (ഉല്പത്തി 1:26-28) മനുഷ്യൻ ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടതുകൊണ്ട് അവന് ജ്ഞാനം, നീതി, സ്നേഹം, ശക്തി എന്നീ ഗുണങ്ങൾ കൊടുക്കപ്പെട്ടു. ഈ ഗുണങ്ങൾ സമനിലയോടുകൂടെ പ്രകടമാക്കുന്നതിനാൽമാത്രമേ മനുഷ്യന് എന്നെങ്കിലും തന്നേസംബന്ധിച്ചുള്ള തന്റെ നിർമ്മാതാവിന്റെ ഉദ്ദേശ്യം നിറവേററാൻ കഴിയുമായിരുന്നുള്ളു.
2. നീതിയുടെ പിന്തുടരൽ ഇസ്രായേൽപുത്രൻമാർക്ക് എത്ര പ്രധാനമായിരുന്നു?
2 മുൻ ലക്കത്തിൽ കണ്ടതുപോലെ, കാര്യങ്ങൾ ചെയ്യുന്നതു സംബന്ധിച്ച ദൈവത്തിന്റെ വിധത്തിനെതിരെ മനുഷ്യൻ മത്സരിക്കുകയും മരണത്തിനു വിധിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ, അപൂർണ്ണത നിമിത്തം മനുഷ്യവർഗ്ഗത്തെ സംബന്ധിച്ച ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം നിറവേററുക അവനെ സംബന്ധിച്ച് അസാദ്ധ്യമായിരുന്നു. പൂർണ്ണനീതി പ്രകടമാക്കാനുള്ള മമനുഷ്യന്റെ അപ്രാപ്തി ഈ പരാജയത്തിലെ ഗണ്യമായ ഒരു ഘടകമായിരുന്നു. അപ്പോൾ, “നീതി—നീതിതന്നെ നീ പിന്തുടരണം” എന്ന് മോശ ഇസ്രായേൽപുത്രൻമാരെ അനുസ്മരിപ്പിച്ചത് ഒട്ടും ആശ്ചര്യമല്ല! അവരുടെ ജീവിതവും വാഗ്ദത്തദേശത്തെ കൈവശമാക്കാനുള്ള അവരുടെ പ്രാപ്തിയും അവർ നീതി പിന്തുടരുന്നതിനെ ആശ്രയിച്ചിരുന്നു.—ആവർത്തനം 16:20.
വരാനിരുന്ന നൻമകളുടെ ഒരു നിഴൽ
3. ഇസ്രായേലുമായുള്ള യഹോവയുടെ ഇടപെടലുകളുടെ ഒരു പരിശോധന ഇന്നു നമുക്കു പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
3 ഇസ്രായേൽജനതയുമായുള്ള യഹോവയുടെ ഇടപെടലുകൾ തന്റെ തെരഞ്ഞെടുക്കപ്പെട്ട ദാസനായ യേശുക്രിസ്തുമൂലം അവൻ തീർച്ചയായും തന്റെ നീതി ജനതകൾക്ക് വ്യക്തമാക്കുമെന്നുള്ള നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുന്നു. അപ്പോസ്തലനായ പൗലോസ് കാര്യങ്ങൾ ഈ വിധത്തിൽ വിശദീകരിക്കുന്നു: “എന്തെന്നാൽ മുൻകാലത്ത് എഴുതപ്പെട്ട സകല കാര്യങ്ങളും നമ്മുടെ സഹിഷ്ണുതയിലൂടെയും തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസത്തിലൂടെയും നമുക്ക് പ്രത്യാശയുണ്ടാകേണ്ടതിന് നമ്മുടെ പ്രബോധനത്തിനുവേണ്ടി എഴുതപ്പെട്ടു.” (റോമർ 15:4) ദൈവം “നീതിയെയും ന്യായത്തെയും സ്നേഹിക്കുന്ന ഒരുവ”നാകയാൽ ഇസ്രായേല്യർ അന്യോന്യമുള്ള തങ്ങളുടെ ഇടപാടുകളിലെല്ലാം തന്നെ അനുകരിക്കാൻ അവൻ അവരോട് ആവശ്യപ്പെട്ടു. (സങ്കീർത്തനം 33:5) ഇസ്രായേല്യർക്കു കൊടുക്കപ്പെട്ട 600 നിയമങ്ങളിൽ ഏതാനും ചിലത് പരിശോധിക്കുന്നതിനാൽ ഇതു വ്യക്തമായി കാണാൻ കഴിയും.
4. മോശൈകന്യായപ്രമാണത്തിൻകീഴിൽ പൗരാവകാശപ്രശ്നങ്ങൾ എങ്ങനെ കൈകാര്യംചെയ്യപ്പെട്ടിരുന്നു?
4 മോശൈകന്യായപ്രമാണം അനുസരിക്കപ്പെട്ടപ്പോൾ പൗരാവകാശപ്രശ്നങ്ങൾ സ്ഥിതിചെയ്തിരുന്നില്ല. ദേശത്തു വസിക്കാൻ വന്ന ഒരു ഇസ്രായേല്യ ഇതരനെക്കുറിച്ച് ലേവ്യപുസ്തകം 19:34 ഇങ്ങനെ പ്രസ്താവിക്കുന്നു: “നിന്നോടുകൂടെ ഒരു അന്യദേശക്കാരനായി വസിക്കുന്ന ഒരു അന്യദേശവാസി നിനക്ക് നിന്റെ ഒരു സ്വദേശിയെപ്പോലെയായിത്തീരണം; നീ അവനെ നിന്നെപ്പോലെ സ്നേഹിക്കണം.” എത്ര നീതിപൂർവകവും സ്നേഹപൂർവകവുമായ ഒരു ക്രമീകരണം! കൂടാതെ, ന്യായാധിപൻമാരും സാക്ഷികളും ഒരുപോലെ ഇങ്ങനെ ബുദ്ധിയുപദേശിക്കപ്പെട്ടു: “നീതി മറിച്ചുകളയേണ്ടതിന് ജനക്കൂട്ടത്തോടുകൂടെ മാറിപ്പോകത്തക്കവണ്ണം നീ ഒരു വ്യവഹാരം സംബന്ധിച്ച് സാക്ഷിപറയരുത്. എളിയവനെ സംബന്ധിച്ചാണെങ്കിൽ അവന്റെ ഒരു വ്യവഹാരത്തിൽ നീ മുഖപക്ഷം കാണിക്കരുത്.” (പുറപ്പാട് 23:2, 3) അതിനെക്കുറിച്ചു ചിന്തിക്കുക—ധനവാനും ദരിദ്രനും ഒരുപോലെ നീതി നടത്തപ്പെടുന്നു!
5. മോശൈക ന്യായപ്രമാണത്തിൻകീഴിലെ ക്രിമിനൽനിയമങ്ങളെ ഇന്നത്തേതുമായി താരതമ്യപ്പെടുത്തുക.
5 മോശൈകന്യായപ്രമാണസംഹിതയിൻകീഴിൽ ക്രിമിനൽനിയമങ്ങൾ ഇന്നത്തെ രാഷ്ട്രങ്ങളുടെ നിയമപുസ്തകങ്ങളിലുള്ള നിയമങ്ങളെക്കാൾ വളരെ ശ്രേഷ്ഠമായിരുന്നു. ദൃഷ്ടാന്തമായി, നിയമമനുസരിച്ച കഠിനാദ്ധ്വാനികളായ ആളുകളുടെമേൽ ഒരു ഭാരം വെക്കാതിരിക്കാൻ മോഷ്ടാവ് തടവിലിടപ്പെട്ടില്ല. അയാൾ താൻ മോഷ്ടിച്ചിരുന്നതിന്റെ ഇരട്ടിയോ കൂടുതലോ ജോലിചെയ്ത് തിരികെ കൊടുക്കണമായിരുന്നു. അതുകൊണ്ട് ഇരയായ ആൾക്ക് നഷ്ടം അനുഭവപ്പെട്ടില്ല. മോഷ്ടാവ് ജോലിചെയ്യാനും തിരികെ കൊടുക്കാനും വിസമ്മതിച്ചുവെന്നിരിക്കട്ടെ. അങ്ങനെയുള്ള സന്ദർഭങ്ങളിൽ അയാൾ നഷ്ടപരിഹാരം ചെയ്യുന്നതുവരെ അടിമത്വത്തിനു വിൽക്കപ്പെട്ടു. അയാൾ തുടർന്ന് ഒരു ശാഠ്യമനോഭാവം പ്രകടമാക്കുകയാണെങ്കിൽ അയാൾ വധിക്കപ്പെട്ടിരുന്നു. അങ്ങനെ ഇരയായ ആളോട് നീതി ചെയ്യപ്പെട്ടു. ഇത് മോഷ്ടിക്കാൻ ചായ്വു കാണിച്ചേക്കാവുന്ന മററുള്ളവർക്ക് ശക്തമായ ഒരു വിലക്കായിരുന്നു. (പുറപ്പാട് 22:1, 3, 4, 7; ആവർത്തനം 17:12) മാത്രവുമല്ല, ദൈവദൃഷ്ടിയിൽ ജീവൻ പവിത്രമായതുകൊണ്ട്, ഏതു കൊലപാതകിയും വധിക്കപ്പെട്ടിരുന്നു. ഇത് ദുഷ്ടനായ ഒരു കൊലപാതകപ്രിയനെ ജനതയുടെ ഇടയിൽനിന്ന് നീക്കംചെയ്തു. എന്നിരുന്നാലും, കരുതിക്കൂട്ടിയല്ലാതെ കൊലചെയ്തവരോടു കരുണ കാണിക്കപ്പെട്ടു.—സംഖ്യാപുസ്തകം 35:9-15, 22-29, 33.
6. ഇസ്രായേലിന്റെ നിയമങ്ങളുടെ ഒരു പരിശോധന ഏതു നിഗമനത്തിലേക്കു നമ്മെ നയിക്കുന്നു?
6 അപ്പോൾ ഇസ്രായേൽജനതയുമായുള്ള ദൈവത്തിന്റെ നീതിന്യായപരമായ ഇടപെടലുകളിലെല്ലാം നീതി പ്രകടമായിരുന്നുവെന്നതിനെ ആർക്കു നിഷേധിക്കാനാവും? അതുകൊണ്ട് ക്രിസ്തുയേശു മുഖാന്തരം യെശയ്യാവ് 42:1-ലെ വാഗ്ദത്തം നടപ്പിലാക്കപ്പെടുന്നതെങ്ങനെയെന്ന് നാം വിചിന്തനംചെയ്യുമ്പോൾ എന്ത് ആശ്വാസം, എന്തു പ്രത്യാശ, നമ്മുടെ ഹൃദയങ്ങളിൽ നിറയുന്നു! “ജനതകൾക്കുള്ള നീതിയാണ് അവൻ കൊണ്ടുവരുന്നത്” എന്ന് അവിടെ നമുക്ക് ഉറപ്പുനൽകപ്പെട്ടിരിക്കുന്നു.
നീതി കരുണയാൽ സമീകരിക്കപ്പെടുന്നു
7. ഇസ്രായേലുമായുള്ള യഹോവയുടെ കരുണാപൂർവകമായ ഇടപെടലുകളെ വർണ്ണിക്കുക.
7 ദൈവത്തിന്റെ നീതി കരുണയാൽ സമീകരിക്കപ്പെടുന്നു. ഇസ്രായേൽ ദൈവത്തിന്റെ നീതിയുള്ള വഴികളോടു മത്സരിക്കാൻ തുടങ്ങിയപ്പോൾ ഇത് വ്യക്തമായി പ്രകടമാക്കപ്പെട്ടു. മരുഭൂമിയിലെ 40 വർഷക്കാലത്ത് യഹോവ കരുണാപൂർവം അവരെ പരിപാലിച്ചതുസംബന്ധിച്ചുള്ള മോശയുടെ വർണ്ണന ശ്രദ്ധിക്കുക: “അവൻ അവരെ ഒരു മരുഭൂപ്രദേശത്തും ഓളിയിടലുള്ള ഒരു ശൂന്യമരുഭൂമിയിലും കണ്ടെത്താനിടയായി. അവൻ അവനെ വലയംചെയ്യാൻ, അവനെ പരിപാലിക്കാൻ, തന്റെ കണ്ണിന്റെ കൃഷ്ണമണിപോലെ അവനെ കാത്തുസൂക്ഷിക്കാൻ തുടങ്ങി. ഒരു കഴുകൻ തന്റെ കൂടിളക്കി, അതിന്റെ കുഞ്ഞുങ്ങൾക്കു മീതെ പറന്നുനിന്ന്, അതിന്റെ ചിറകുകൾ വിരിച്ച്, അവയെ എടുത്ത്, അതിന്റെ ചിറകുകളിൻമേൽ അവയെ വഹിക്കുന്നതുപോലെ, യഹോവതന്നെ അവനെ നടത്തിക്കൊണ്ടിരുന്നു.” (ആവർത്തനം 32:10-12) പിന്നീട്, ജനത വിശ്വാസത്യാഗികളായിത്തീർന്നപ്പോൾ “ദയവായി നിങ്ങളുടെ വഷളായ വഴികളിൽനിന്നും നിങ്ങളുടെ വഷളായ ഇടപെടലുകളിൽനിന്നും മടങ്ങിവരുക” എന്ന് യഹോവ അഭ്യർത്ഥിച്ചു.—സെഖര്യാവ് 1:4എ.
8, 9. (എ) ദൈവം എത്രത്തോളം യഹൂദൻമാരോട് കരുണാപൂർവകമായ നീതി പ്രകടമാക്കി? (ബി) അവരെ ഏതു അന്തിമവിപത്തു പിടികൂടി, എന്നാൽ അവരോട് ഇടപെടുന്നതിന്റെ ദൈവികവഴിയെസംബന്ധിച്ച് എന്തു പറയാൻ കഴിയും?
8 യഹോവയുടെ കരുണയുടെ വാഗ്ദാനം അടഞ്ഞ കാതുകളിലാണ് പതിച്ചത്. സെഖര്യാവ് പ്രവാചകൻമുഖാന്തരം ദൈവം ഇങ്ങനെ പറഞ്ഞു: “അവർ ശ്രദ്ധിച്ചില്ല, അവർ എനിക്കു ശ്രദ്ധതന്നില്ല.” (സെഖര്യാവ് 1:4ബി) അങ്ങനെ തന്നിലേക്കു മടങ്ങാൻ അവരെ സഹായിക്കുന്നതിന് ദൈവത്തിന്റെ കരുണ നിറഞ്ഞ നീതി തന്റെ ഏകജാതനായ പുത്രനെ അയയ്ക്കാൻ അവനെ പ്രേരിപ്പിച്ചു. “കാൺമിൻ, ലോകത്തിന്റെ പാപത്തെ നീക്കിക്കളയുന്ന ദൈവത്തിന്റെ കുഞ്ഞാട്!” എന്നു പറഞ്ഞുകൊണ്ട് യോഹന്നാൻ സ്നാപകൻ ദൈവപുത്രനെ പരിചയപ്പെടുത്തി. (യോഹന്നാൻ 1:29) പല വർഷങ്ങളിൽ യേശു അക്ഷീണം യഹൂദൻമാരെ ദൈവത്തിന്റെ വഴികൾ പഠിപ്പിച്ചു, നിരവധി അത്ഭുതങ്ങൾ ചെയ്യുകയും അങ്ങനെ മുൻകൂട്ടിപ്പറയപ്പെട്ടിരുന്ന വിമോചകൻ താനാണെന്ന് തെളിയിക്കുകയുംചെയ്തു. (ലൂക്കോസ് 24:27; യോഹന്നാൻ 5:36) എന്നാൽ ജനങ്ങൾ ശ്രദ്ധിക്കുകയോ വിശ്വസിക്കുകയോ ചെയ്തില്ല. അതുകൊണ്ട് യേശു ഇങ്ങനെ പറയാൻ പ്രേരിതനായി: “യരൂശലേമേ, യരൂശലേമേ, പ്രവാചകൻമാരെ കൊന്നവളും തന്നിലേക്ക് അയക്കപ്പെട്ടവരെ കല്ലെറിഞ്ഞവളുമേ,—ഒരു കോഴി തന്റെ കുഞ്ഞുങ്ങളെ തന്റെ ചിറകുകളിൻകീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർക്കാൻ ഞാൻ എത്ര കൂടെക്കൂടെ ആഗ്രഹിച്ചു! എന്നാൽ നിങ്ങൾ അതാഗ്രഹിച്ചില്ല. നോക്കൂ! നിങ്ങളുടെ ഭവനം ഉപേക്ഷിക്കപ്പെടുന്നു.”—മത്തായി 23:37, 38.
9 ക്രി.വ. 70 വരെ മറെറാരു 37 വർഷംകൂടെ ദൈവം തന്റെ പ്രതികൂല ന്യായവിധി നടപ്പിലാക്കുന്നതിൽനിന്ന് പിൻമാറിനിന്നു. അനന്തരം അവൻ യരൂശലേമിനെ നശിപ്പിക്കാനും ആയിരക്കണക്കിന് യഹൂദൻമാരെ അടിമത്വത്തിലേക്കു പിടിച്ചുകൊണ്ടുപോകാനും റോമാക്കാരെ അനുവദിച്ചു. അനേകം നൂററാണ്ടുകളുടെ ഒരു കാലഘട്ടത്തിലെ യഹോവയുടെ ദീർഘസഹനവും ക്ഷമയും നാം പരിചിന്തിക്കെ, ഇസ്രായേൽഗൃഹത്തോടുള്ള അവന്റെ ഇടപെടലുകളിലെല്ലാം പ്രകടമായിരിക്കുന്ന നീതി കാണാതിരിക്കാൻ ആർക്കു കഴിയും?
സകല ജനതകൾക്കും നീതി
10. ദൈവത്തിന്റെ നീതി സകല ജനതകളിലേക്കും എങ്ങനെ വ്യാപിപ്പിക്കപ്പെട്ടു?
10 ഇസ്രായേൽ യേശുവിനെ തള്ളിക്കളഞ്ഞശേഷം യാക്കോബ് ഇങ്ങനെ പറഞ്ഞു: “ദൈവം തന്റെ നാമത്തിനുവേണ്ടി ജനതകളിൽനിന്ന് ഒരു ജനത്തെ എടുത്തുകൊള്ളാൻ ആദ്യമായി തന്റെ ശ്രദ്ധതിരിച്ചു.” (പ്രവൃത്തി 15:14) യേശുവിനെ മശിഹായായി സ്വീകരിച്ച ചുരുക്കം ചില യഹൂദൻമാരുൾപ്പെടെയുള്ള ഈ “ജനം” മൊത്തത്തിലാണ് “ദൈവത്തിന്റെ [ആത്മീയ] ഇസ്രായേൽ” ആയിരിക്കുന്നത്, ക്രിസ്തുയേശുവിന്റെ ആത്മജനനം പ്രാപിച്ച 1,44,000 അനുഗാമികൾ അവരിൽ ഉൾപ്പെട്ടിരിക്കുന്നു. (ഗലാത്യർ 6:16; വെളിപ്പാട് 7:1-8; 14:1-5) പരിച്ഛേദനയേൽക്കാഞ്ഞ ആദ്യത്തെ വിജാതീയവിശ്വാസി കോർന്നേലിയോസ് ആയിരുന്നു. കോർന്നേലിയോസും അവന്റെ കുടുംബവും ദൈവത്തിന്റെ രക്ഷാമാർഗ്ഗം സ്വീകരിച്ചപ്പോൾ പത്രോസ് ഇങ്ങനെ പറഞ്ഞു: “ദൈവം പക്ഷപാതിത്വമുള്ളവനല്ലെന്നും എന്നാൽ ഏതു ജനതയിലും തന്നെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ അവനു സ്വീകാര്യനാണെന്നും ഞാൻ സുനിശ്ചിതമായി ഗ്രഹിക്കുന്നു.” (പ്രവൃത്തികൾ 10:34, 35) “യഹൂദനോ യവനനോ ഇല്ല; അടിമയോ സ്വതന്ത്രനോ ഇല്ല, പുരുഷനോ സ്ത്രീയോ ഇല്ല; എന്തെന്നാൽ നിങ്ങളെല്ലാം ക്രിസ്തുയേശുവിനോടുള്ള ഐക്യത്തിൽ ഒരു ആൾ ആകുന്നു. മാത്രവുമല്ല, നിങ്ങൾ ക്രിസ്തുവിനുള്ളവർ എങ്കിൽ, നിങ്ങൾ യഥാർത്ഥത്തിൽ അബ്രഹാമിന്റെ സന്തതി, ഒരു വാഗ്ദത്തം സംബന്ധിച്ച അവകാശികൾ, ആകുന്നു” എന്നു പറയുമ്പോൾ പൗലോസ് യഹോവയുടെ നിഷ്പക്ഷതയുടെ നീതിയെ വിശദമാക്കുന്നു.—ഗലാത്യർ 3:28, 29.
11. അബ്രാഹാമിന് എന്തു വാഗ്ദാനം കൊടുക്കപ്പെട്ടു, അത് എങ്ങനെ നിവർത്തിക്കപ്പെടും?
11 ഇവിടെ നാം യഹോവ അബ്രാഹാമിനു കൊടുത്ത അത്ഭുതകരമായ ഒരു വാഗ്ദത്തം അനുസ്മരിപ്പിക്കപ്പെടുന്നു. തന്റെ പ്രിയപുത്രനായ ഇസ്ഹാക്കിനെ ബലിചെയ്യാനുള്ള ആ ഗോത്രപിതാവിന്റെ സന്നദ്ധതയെ അടിസ്ഥാനപ്പെടുത്തി ദൈവം അവനോട് ഇങ്ങനെ പറഞ്ഞു: “നീ ഈ കാര്യംചെയ്തിരിക്കുന്നുവെന്നും നിന്റെ പുത്രനെ, നിന്റെ ഏകനെ, നീ പിടിച്ചുവെച്ചില്ലെന്നുമുള്ള വസ്തുത ഹേതുവായി ഞാൻ നിന്നെ തീർച്ചയായും അനുഗ്രഹിക്കും . . . നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജനതകളും തീർച്ചയായും തങ്ങളെത്തന്നെ അനുഗ്രഹിക്കും.” (ഉല്പത്തി 22:16-18) ഈ വാഗ്ദത്തം എങ്ങനെ നിറവേററപ്പെടും? യേശുക്രിസ്തുവും മരണത്തോളം വിശ്വസ്തരെന്നു തെളിയിക്കുന്ന അവന്റെ 1,44,000 അഭിഷിക്താനുഗാമികളും ചേർന്ന “അബ്രാഹാമിന്റെ സന്തതി” ഒരു ആയിരം വർഷം സ്വർഗ്ഗത്തിൽനിന്ന് മനുഷ്യവർഗ്ഗത്തെ ഭരിക്കും. (വെളിപ്പാട് 2:10, 26; 20:6) ആ അനുഗൃഹീതകാലത്തെസംബന്ധിച്ച് യഹോവ നമുക്ക് ഇങ്ങനെ ഉറപ്പുനൽകുന്നു: “രാജകീയഭരണത്തിനും സമാധാനത്തിനും അവസാനമുണ്ടാകയില്ല.” എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ആ മശിഹൈകരാജ്യത്തിന്റെ “രാജകീയഭരണം” ‘അനിശ്ചിതകാലത്തോളം ന്യായത്താലും നീതിയാലും നിലനിർത്തപ്പെടും.’—യെശയ്യാവ് 9:7.
12. അബ്രാഹാമിക ഉടമ്പടിയുടെ അനുഗ്രഹങ്ങൾ ഇപ്പോൾത്തന്നെ എത്രത്തോളം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു?
12 എന്നാൽ അബ്രാഹാമിക ഉടമ്പടിയുടെ അനുഗ്രഹങ്ങളാസ്വദിക്കുന്നതിന് യേശുക്രിസ്തുവിന്റെ ആയിരവർഷവാഴ്ച തുടങ്ങുന്നതുവരെ കാത്തിരിക്കേണ്ടയാവശ്യമില്ല. ഈ അനുഗ്രഹങ്ങൾ “സകല ജനതകളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനങ്ങളിൽനിന്നും ഭാഷകളിൽനിന്നു”മുള്ള ഒരു “മഹാപുരുഷാരം” ഇപ്പോൾത്തന്നെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആലങ്കാരികമായി യേശുക്രിസ്തുവാകുന്ന ‘കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കികൾ അലക്കി വെളുപ്പിച്ചിരിക്കുന്നതിനാൽ’ അവർക്ക് യഹോവയുടെ മുമ്പാകെ നീതിയുള്ള ഒരു നിലപാട് ലഭിക്കാനിടയായിരിക്കുന്നു. അബ്രാഹാമിനെപ്പോലെ അവർ യഹോവയുടെ സ്നേഹിതരായിത്തീർന്നിരിക്കുന്നു! സകല ജനതകളിൽനിന്നുമുള്ള ദശലക്ഷങ്ങളുടെ രക്ഷക്കുള്ള യഹോവയുടെ വഴിയിൽ തീർച്ചയായും നീതി പ്രകടമാണ്.—വെളിപ്പാട് 7:9, 14.
ദൈവത്തിന്റെ നീതിയുള്ള വഴികളോട് നിങ്ങൾ പ്രതികരിക്കുന്നുവോ?
13, 14. (എ) നാമെല്ലാം ഏതു വ്യക്തിപരമായ ഹൃദയപരിശോധന നടത്തണം? (ബി) യഹോവയോടുള്ള നമ്മുടെ നന്ദി എങ്ങനെ പ്രകടമാക്കാൻ കഴിയും?
13 നിങ്ങൾക്കുവേണ്ടി ഒരു മറുവിലയായി ദൈവത്തിന്റെ ഏകജാതനായ പുത്രനെ നൽകിയതിലുള്ള അവന്റെ നീതിയുടെയും സ്നേഹത്തിന്റെയും വഴിയാൽ നിങ്ങളുടെ ഹൃദയം സ്പർശിക്കപ്പെടുകയും അഗാധമായി പ്രേരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടോ? അബ്രാഹാം വളരെയധികം സ്നേഹിച്ചിരുന്ന തന്റെ പുത്രനെ ബലിചെയ്യാൻ യഹോവ അബ്രാഹാമിനോട് ആവശ്യപ്പെട്ടപ്പോഴത്തെ അവന്റെ വികാരങ്ങൾ ഒന്നു സങ്കൽപ്പിക്കുക! എന്നാൽ ദൈവത്തിന്റെ വികാരങ്ങൾ അതിലും അഗാധമാണ്. അവന്റെ പ്രിയപ്പെട്ട പുത്രൻ അപമര്യാദകളും കടന്നുപോകുന്നവരുടെ ദുഷിപറച്ചിലും ദണ്ഡനസ്തംഭത്തിലെ കഠിനവേദനയും സഹിച്ചുകൊണ്ടിരുന്നപ്പോഴത്തെ അവന്റെ വികാരങ്ങളെക്കുറിച്ചു ചിന്തിക്കുക. “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടിരിക്കുന്നതെന്ത്?” എന്ന യേശുവിന്റെ നിലവിളിയോടുള്ള യഹോവയുടെ പ്രതികരണം സങ്കൽപ്പിക്കുക. (മത്തായി 27:39, 46) എന്നിരുന്നാലും, യഹോവയാം ദൈവത്തിന്റെ നീതിയുടെ സംസ്ഥാപനാർത്ഥം തന്റെ പുത്രന്റെ നിർമ്മലത തെളിയിക്കത്തക്ക ഒരു വിധത്തിൽ മരിക്കാൻ അവനെ അവൻ അനുവദിക്കണമെന്ന് നീതി ആവശ്യപ്പെട്ടു. മാത്രവുമല്ല, തന്റെ പുത്രനെ മരിക്കാൻ അനുവദിച്ചതിനാൽ യഹോവ നമുക്ക് ഒരു രക്ഷാമാർഗ്ഗം തുറന്നു.
14 അപ്പോൾ തീർച്ചയായും, യഹോവയോടും അവന്റെ പുത്രനോടുമുള്ള നമ്മുടെ നന്ദി “രക്ഷക്കുവേണ്ടി ഞങ്ങൾ ഞങ്ങളുടെ ദൈവത്തോടും . . . കുഞ്ഞാടിനോടും കടപ്പെട്ടിരിക്കുന്നു”വെന്ന് പരസ്യമായി സമ്മതിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. (വെളിപ്പാട് 7:10) ഈ വിധത്തിൽ നാം ക്രിയാത്മകമായി പ്രതികരിക്കുന്നതിനാൽ നാം മോശയുടെ വാക്കുകൾ വിശ്വസിക്കുന്നുവെന്ന് നാം പ്രകടമാക്കുന്നു: “[യഹോവയുടെ] സകല വഴികളും ന്യായമാകുന്നു.” (ആവർത്തനം 32:4) നാം മമനുഷ്യന്റെ രക്ഷക്കുവേണ്ടിയുള്ള ദൈവത്തിന്റെ നീതിയുള്ള വഴികളെ അംഗീകരിക്കുകയും അനന്തരം പിന്തുടരുകയും ചെയ്യുമ്പോൾ നാം യഹോവയുടെയും അവന്റെ പുത്രന്റെയും ഹൃദയങ്ങൾക്ക് എത്ര സന്തോഷം കൈവരുത്തേണ്ടതാണ്!
15. നിക്കോദേമോസിനോടുള്ള യേശുവിന്റെ വാക്കുകൾ നമുക്ക് എത്ര പ്രധാനമാണ്?
15 നമ്മുടെ സഹവിശ്വാസികൾ 1870കളിൽ മറുവിലയാഗത്തിന്റെ വിവാദത്തിൽ ഉറച്ച നിലപാട് സ്വീകരിച്ചതിൽ നാം സന്തുഷ്ടരല്ലേ? മമനുഷ്യന്റെ രക്ഷക്കുവേണ്ടിയുള്ള ദൈവത്തിന്റെ നീതിനിഷ്ഠവും സ്നേഹനിർഭരവുമായ വഴിയോടു പററിനിൽക്കാൻ അത്രതന്നെ ദൃഢനിശ്ചയമുള്ള ഒരു സ്ഥാപനത്തിൽ ഉൾപ്പെട്ടിരിക്കുന്നതിൽ നാം സന്തുഷ്ടരല്ലേ? ആണെങ്കിൽ, യേശു നിക്കോദേമോസിനോടു പറഞ്ഞതിന് നാം പ്രത്യേകശ്രദ്ധ കൊടുക്കണം: “ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് അവൻ ലോകത്തെ ന്യായംവിധിക്കാനല്ല, പിന്നെയോ ലോകം അവനാൽ രക്ഷിക്കപ്പെടാനാണ്. അവനിൽ വിശ്വാസമർപ്പിക്കുന്നവൻ ന്യായം വിധിക്കപ്പെടേണ്ടതില്ല. . . . സത്യമായതു ചെയ്യുന്നവൻ വെളിച്ചത്തിലേക്കു വരുന്നു, അവന്റെ പ്രവൃത്തികൾ ദൈവത്തോടുള്ള ചേർച്ചയിൽ ചെയ്യപ്പെട്ടതായി പ്രത്യക്ഷമാക്കപ്പെടേണ്ടതിനുതന്നെ.” ദൈവത്തിന്റെ പ്രതികൂലന്യായവിധിയിൽനിന്ന് ഒഴിഞ്ഞുപോകാൻ നാം ‘ദൈവത്തോടുള്ള ചേർച്ചയിൽ’ പ്രവൃത്തികൾ ചെയ്തുകൊണ്ട് പുത്രനിലുള്ള വിശ്വാസം തെളിയിക്കേണ്ടതാണ്.—യോഹന്നാൻ 3:17, 18, 21.
16. യേശുവിന്റെ ശിഷ്യർക്ക് സ്വർഗ്ഗീയപിതാവിനെ എങ്ങനെ മഹത്വീകരിക്കാൻ കഴിയും?
16 യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ വളരെ ഫലം കായിക്കുന്നതിലും എന്റെ ശിഷ്യരെന്ന് നിങ്ങളെത്തന്നെ തെളിയിക്കുന്നതിലും എന്റെ പിതാവ് മഹത്വീകരിക്കപ്പെടുന്നു. ഞാൻ പിതാവിന്റെ കല്പനകൾ അനുഷ്ഠിച്ചിരിക്കുകയും അവന്റെ സ്നേഹത്തിൽ നിലനിൽക്കുകയും ചെയ്യുന്നതുപോലെ, നിങ്ങൾ എന്റെ കല്പനകൾ അനുഷ്ഠിക്കുന്നുവെങ്കിൽ നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കും.” (യോഹന്നാൻ 15:8, 10) ഈ കല്പനകളിൽ ചിലത് എന്തൊക്കെയാണ്? ഒന്ന് യോഹന്നാൻ 13:34, 35ൽ കാണപ്പെടുന്നു, അവിടെ യേശു തന്റെ ശിഷ്യൻമാരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ അന്യോന്യം സ്നേഹിക്കണമെന്ന് ഞാൻ നിങ്ങൾക്ക് ഒരു പുതിയ കല്പന നൽകുകയാകുന്നു. നിങ്ങൾക്ക് നിങ്ങളുടെ ഇടയിൽത്തന്നെ സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യരാണെന്ന് അതിനാൽ എല്ലാവരും അറിയും.” യഹോവയുടെ സാക്ഷികളുടെ ഇടയിൽ സ്നേഹത്തിന്റെ ഫലം പ്രകടമാണ്. യേശു ഇങ്ങനെയും കല്പിച്ചു: “പോയി ഞാൻ നിങ്ങളോടു കല്പിച്ചിരിക്കുന്ന സകല കാര്യങ്ങളും അനുഷ്ഠിക്കാൻ സകല ജനതകളിലെയും ആളുകളെ പഠിപ്പിച്ചുകൊണ്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാപനപ്പെടുത്തി ശിഷ്യരാക്കിക്കൊള്ളുക. (മത്തായി 28:19, 20) നിങ്ങൾ വ്യക്തിപരമായി ഈ ‘പ്രവൃത്തികൾ ദൈവത്തോടുള്ള ചേർച്ചയിൽ’ ചെയ്യുന്നുണ്ടോ?
17. പ്രസംഗ, പഠിപ്പിക്കൽവേല യഹോവയുടെ നീതിയുടെ ഒരു പ്രകടനമാണെന്ന് ഏതു ഫലം പ്രകടമാക്കുന്നു?
17 ഒരൊററ വർഷത്തിൽത്തന്നെ യഹോവയുടെ സാക്ഷികൾ നിർവഹിച്ചതിനെക്കുറിച്ചു നാം പരിചിന്തിക്കുമ്പോൾ പ്രസംഗത്തിന്റെയും പഠിപ്പിക്കലിന്റെയും ഈ പ്രവൃത്തികൾ ചെയ്യാൻ യേശുവിന്റെ അനുഗാമികളെ അനുവദിച്ചതിലുള്ള യഹോവയുടെ വഴിയുടെ നീതി പ്രകടമാകുന്നു. 1989ൽ 2,63,855 പുതിയ ശിഷ്യൻമാർ സ്നാപനമേററു! ഇതു നിങ്ങളുടെ ഹൃദയത്തിനു സന്തോഷം കൈവരുത്തുന്നില്ലയോ?
നീതിയുടെ ദൈവം ശീഘ്രം പ്രവർത്തിക്കും
18. യഹോവയുടെ ജനത്തിന്റെ പീഡനത്തിന്റെ കാഴ്ചപ്പാടിൽ എന്തു ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടേക്കാം?
18 സാക്ഷീകരണവേല എതിർപ്പുകൂടാതെയല്ല നിർവഹിക്കപ്പെട്ടിരിക്കുന്നത്. “അവർ എന്നെ പീഡിപ്പിച്ചിരിക്കുന്നുവെങ്കിൽ, അവർ നിങ്ങളെയും പീഡിപ്പിക്കും” എന്ന് യേശു തന്റെ അനുഗാമികളോടു പറഞ്ഞു. (യോഹന്നാൻ 15:20) യഹോവയുടെ സാക്ഷികളുടെ ആധുനികനാളിലെ ചരിത്രം ആ പ്രസ്താവനയുടെ സത്യതയെ സാക്ഷ്യപ്പെടുത്തുന്നു. സാക്ഷികൾക്ക് ഒരു രാജ്യത്തിനു പിന്നാലെ മറെറാന്നിൽ നിരോധനങ്ങളും തടവുകളും പ്രഹരങ്ങളും ദണ്ഡനം പോലും അനുഭവപ്പെട്ടിട്ടുണ്ട്. ഹബക്കൂക്കിന്റെ പ്രാവചനികവാക്കുകൾ വീണ്ടും നമ്മുടെ മനസ്സിലേക്കു വരുന്നു: “നിയമം മരവിക്കുന്നു, നീതി ഒരിക്കലും മുന്നേറുന്നില്ല.” അതുകൊണ്ട്, ചില സമയങ്ങളിൽ യഹോവയുടെ ജനത്തിനുപോലും ഇങ്ങനെ ചോദിക്കാൻ തോന്നിയേക്കാം: ‘വഞ്ചകമായി ഇടപെടുന്നവരെ യഹോവ നോക്കിക്കൊണ്ടിരിക്കുന്നതെന്തുകൊണ്ട്? ദുഷ്ടനായ ഒരുവൻ തന്നേക്കാൾ നീതിമാനായ ഒരുവനെ വിഴുങ്ങുമ്പോൾ അവൻ മൗനമായിരിക്കുന്നതെന്തുകൊണ്ട്?’—ഹബക്കൂക്ക് 1:4, 13.
19. ദൈവത്തിന്റെ നിലപാടിൽ കാര്യങ്ങളെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതിന് യേശു ഏതു ദൃഷ്ടാന്തം പറഞ്ഞു?
19 അങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരംപറയുന്നതിനു നമ്മെ സഹായിക്കുന്നതും ദൈവത്തിന്റെ നിലപാടിൽ കാര്യങ്ങൾ കാണുന്നതിനു നമ്മെ പ്രാപ്തരാക്കുന്നതുമായ ഒരു ദൃഷ്ടാന്തം യേശു പറഞ്ഞു. ലൂക്കോസ് 17:22-37ൽ ഈ വ്യവസ്ഥിതിയുടെ അവസാനത്തെ അടയാളപ്പെടുത്തുന്ന അക്രമാസക്തമായ അവസ്ഥകളെ യേശു വർണ്ണിച്ചു. അവ നോഹയുടെ നാളിലെ പ്രളയത്തിനും ലോത്തിന്റെ നാളിലെ സോദോം ഗോമോറയുടെ നാശത്തിനും മുമ്പത്തെ സംഭവങ്ങളോടു സമാനമായിരിക്കുമെന്ന് അവൻ പറഞ്ഞു. പിന്നീട് ലൂക്കോസ് 18:1-5-ൽ വർണ്ണിക്കപ്പെട്ടിരിക്കുന്നതുപോലെ യേശു തന്റെ ശിഷ്യൻമാരിലേക്കു തിരിയുകയും “അവർ മടുത്തുപോകാതെ എല്ലായ്പ്പോഴും പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഒരു ദൃഷ്ടാന്തം പറയാൻ തുടങ്ങുകയും ചെയ്തു.” യേശു വലിയ ഞെരുക്കമുണ്ടായിരുന്ന ഒരു സ്ത്രീയെക്കുറിച്ചും അവളുടെ ആവശ്യങ്ങൾ നിറവേററാൻ കഴിവുണ്ടായിരുന്ന “ഒരു ന്യായാധിപനെ”ക്കുറിച്ചും പറഞ്ഞു. വിധവ ഇങ്ങനെ യാചിച്ചുകൊണ്ടിരുന്നു: “വ്യവഹാരത്തിലെ എന്റെ എതിരാളിയിൽനിന്ന് എനിക്ക് നീതി കിട്ടുന്നതിൽ ശ്രദ്ധിക്കേണമേ.” അവളുടെ നിർബന്ധം നിമിത്തം ന്യായാധിപൻ ഒടുവിൽ ‘അവൾക്ക് നീതി കിട്ടുന്നതിൽ ശ്രദ്ധിച്ചു.’
20. യേശുവിന്റെ ദൃഷ്ടാന്തത്തിൽ നമുക്ക് എന്തു പാഠമുണ്ട്?
20 ഇന്ന് നമുക്കുള്ള പാഠമെന്താണ്? ആ നീതികെട്ട ന്യായാധിപനും യഹോവയും തമ്മിലുള്ള വ്യത്യാസം കാണിച്ചുകൊണ്ട് യേശു പറഞ്ഞു: “നീതികെട്ടവനെങ്കിലും ന്യായാധിപൻ പറഞ്ഞതു കേൾക്കുക! തീർച്ചയായും, അപ്പോൾ ദൈവം അവരോടു ദീർഘക്ഷമയുള്ളവനാണെങ്കിലും തന്നോടു പകലും രാവും നിലവിളിക്കുന്ന തന്റെ തെരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി നീതി നടത്തിക്കപ്പെടാൻ ദൈവം ഇടയാക്കുകയില്ലയോ? ഞാൻ നിങ്ങളോടു പറയുന്നു, അവർക്ക് ശീഘ്രം നീതി നടത്തപ്പെടാൻ അവൻ ഇടയാക്കും.”—ലൂക്കോസ് 18:6-8എ.
21. നാം വ്യക്തിപരമായ പ്രശ്നങ്ങളെ എങ്ങനെ വീക്ഷിക്കുകയും കൈകാര്യംചെയ്യുകയും വേണം?
21 നമ്മുടെ വ്യക്തിപരമായ പ്രശ്നങ്ങളുടെ കാര്യത്തിൽ, നമ്മുടെ അപേക്ഷകൾക്കുള്ള മറുപടിയിൽ ഉണ്ടാകുന്നതായി തോന്നുന്ന ഏതു താമസവും ദൈവത്തിന്റെ പക്ഷത്തെ മനസ്സില്ലായ്മ നിമിത്തമല്ല. (2 പത്രോസ് 3:9) നാം ആ വിധവയെപ്പോലെ ഏതെങ്കിലും തരം പീഡനമോ അനീതിയോ അനുഭവിക്കാനിടയാകുന്നുവെങ്കിൽ ഒടുവിൽ നീതി നടത്തപ്പെടുന്നതിൽ ദൈവം ശ്രദ്ധിക്കുമെന്ന് നമുക്ക് വിശ്വാസമുണ്ടായിരിക്കാൻ കഴിയും. നമുക്ക് എങ്ങനെ അങ്ങനെയുള്ള വിശ്വാസം പ്രകടമാക്കാൻ കഴിയും? നിരന്തരം പ്രാർത്ഥിക്കുന്നതിനാലും ഒരു വിശ്വസ്തപ്രവർത്തനഗതി നിലനിർത്തുന്നതിനാൽ നമ്മുടെ പ്രാർത്ഥനയെ പിന്താങ്ങുന്നതിനാലുംതന്നെ. (മത്തായി 10:22; 1 തെസ്സലോനീക്യർ 5:17) നമ്മുടെ വിശ്വസ്തതയാൽ ഭൂമിയിൽ വിശ്വാസമുണ്ടെന്നും യഥാർത്ഥ നീതിപ്രേമികൾ ഉണ്ടെന്നും നാം അവരിൽ പെട്ടവരാണെന്നും നാം തെളിയിക്കുന്നതായിരിക്കും.—ലൂക്കോസ് 18:8ബി.
ജനതകളേ, അവന്റെ ജനത്തോടൊത്ത് സന്തോഷിക്കുക
22. മോശ തന്റെ ഗീതം ഏതു ജയഘോഷസ്വരത്തിൽ അവസാനിപ്പിച്ചു?
22 അനേകം നൂററാണ്ടുകൾക്കുമുമ്പ് മോശ തന്റെ ഗീതം ഈ ജയഘോഷസ്വരത്തിൽ അവസാനിപ്പിച്ചു: “ജനതകളേ, അവന്റെ ജനത്തോടൊത്ത് സന്തോഷിക്കുക, എന്തുകൊണ്ടെന്നാൽ അവൻ തന്റെ ദാസൻമാരുടെ രക്തത്തിന് പ്രതികാരം ചെയ്യും, അവൻ തന്റെ ശത്രുക്കളോടു പകരം വീട്ടും, അവൻ തീർച്ചയായും തന്റെ ജനത്തിന്റെ നിലത്തിന് പാപപരിഹാരം വരുത്തും.” (ആവർത്തനം 32:43) യഹോവയുടെ പ്രതികാരദിവസം എന്നും അടുത്തടുത്തുവരുകയാണ്. അവൻ ഇപ്പോഴും നീതിയോടൊപ്പം ക്ഷമയും പ്രകടമാക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്!
23. ദൈവജനത്തിന്റെ സന്തോഷത്തിൽ പങ്കുപററുന്നവർക്ക് എന്തു സന്തുഷ്ടപരിണതഫലം കാത്തിരിക്കുന്നു?
23 സകല ജനതകളിലുമുള്ളവർക്ക് “അനുതാപത്തിലെത്താൻ” ഇപ്പോഴും വഴി തുറന്നുകിടക്കുന്നു, നഷ്ടപ്പെടുത്താൻ സമയമില്ല. പത്രോസ് ഇങ്ങനെ മുന്നറിയിപ്പുനൽകി: “യഹോവയുടെ ദിവസം ഒരു കള്ളനെപ്പോലെ വരും.” (2 പത്രോസ് 3:9, 10) ഈ ദുഷ്ടവ്യവസ്ഥിതി പെട്ടെന്നു നശിപ്പിക്കപ്പെടണമെന്ന് ദൈവത്തിന്റെ നീതി ആവശ്യപ്പെടുന്നു. അതു നശിപ്പിക്കപ്പെടുമ്പോൾ “ജനതകളേ, അവന്റെ ജനത്തോടൊത്തു സന്തോഷിക്കുക” എന്ന ആനന്ദപ്രദമായ ആഹ്വാനത്തിനു ചെവികൊടുത്തവരിൽ നാം കണ്ടെത്തപ്പെടട്ടെ. അതെ, നീതി ദൈവത്തിന്റെ സകല വഴികളിലും പ്രകടമാണെന്നു കണ്ടിരിക്കുന്ന സന്തുഷ്ടരിൽ നാം ഉൾപ്പെടട്ടെ! (w89 3⁄1)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ മോശൈകന്യായപ്രമാണം ദൈവത്തിന്റെ നീതിയിലുള്ള നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കേണ്ടതെന്തുകൊണ്ട്?
◻ ദൈവത്തിന്റെ നീതിയുള്ള വഴികളോടു പ്രതികരിക്കാൻ നമ്മെ എന്തു പ്രേരിപ്പിക്കണം?
◻ യഹോവക്ക് എങ്ങനെ മഹത്വീകരിക്കപ്പെടാൻ കഴിയും?
◻ ഇന്ന്, എവിടെ മാത്രമേ യഥാർത്ഥ സന്തോഷം കണ്ടെത്താൻ കഴിയൂ?
[11-ാം പേജിലെ ചിത്രം]
“ദൈവം പക്ഷപാതിത്വമുള്ളവനല്ലെന്നും എന്നാൽ ഏതു ജനതയിലും തന്നെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയുംചെയ്യുന്ന മനുഷ്യൻ അവനു സ്വീകാര്യനാണെന്നും ഞാൻ സുനിശ്ചിതമായി ഗ്രഹിക്കുന്നു.”—പ്രവൃത്തികൾ 10:34, 35.
[14-ാം പേജിലെ ചിത്രം]
തന്നോടു നിലവിളിക്കുന്ന തന്റെ തെരഞ്ഞെടുക്കപ്പെട്ടവരോടു നീതി ചെയ്യപ്പെടാൻ ദൈവം ഇടയാക്കും