വാർത്തകൾ സംബന്ധിച്ച ഉൾക്കാഴച
താറുമാറായ വിദ്യാഭ്യാസം
കഴിഞ്ഞ പത്തുവർഷമായി ന്യൂയോർക്ക് സംസ്ഥാനത്തിലെ ഒരു കോളജിൽ വിദ്യാർത്ഥികൾക്ക് മൂന്നു കോളജ് ബഹുമതികൾ സമ്പാദിക്കാവുന്ന മാനുഷലൈംഗികതയെക്കുറിച്ചുള്ള ഒരു കോഴ്സ് നൽകിയിരുന്നു. വിദ്യാർത്ഥികളോട്, “വ്യഭിചാരികളുമായി സംസാരിക്കുന്നതിനും ഗേ ബാറുകൾ സന്ദർശിക്കുന്നതിനും നഗ്നബീച്ചുകൾ പരിശോധിക്കുന്നതിനും ‘ഫീൽഡ് ട്രിപ്പുകൾ’ നടത്തുന്നതിന് ആവശ്യപ്പെടുന്നു” എന്ന് ന്യൂയോർക്ക പോസററിന്റെ ഒരു കോളംഎഴുത്തുകാരൻ റിപ്പോർട്ടുചെയ്യുന്നു. ക്ലാസ്സ് പാഠപുസ്തകം അധരസംഭോഗത്തിലേർപ്പെടുന്നതു സംബന്ധിച്ച് വ്യക്തമായ പ്രബോധനങ്ങൾ നൽകുന്നതായി പറയപ്പെടുന്നു, സ്വയംഭോഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പോസററ അനുസരിച്ച് ക്ലാസ്സ് പാഠപദ്ധതിയുടെ ഭാഗമായി “ദമ്പതികൾ ലൈംഗികസംഭോഗത്തിൽ ഏർപ്പെടുന്നതും” “പുരുഷൻമാരുടെയും സ്ത്രീകളുടെയും ശരീരാപഗ്രഥനങ്ങളുടെ അടുത്തുനിന്നെടുത്ത ചിത്രങ്ങളും” കാണിക്കുന്ന ഒരു ഫിലിം കാണിക്കപ്പെടുന്നു. നിർമ്മലതയുടെയും സദാചാരത്തിന്റെയും ആദർശങ്ങളിൽനിന്ന് ഇതിലധികം അകന്നത് എന്തുണ്ടായിരിക്കാൻ കഴിയും?—ഫിലിപ്യർ 4:8, 9.
യുവജനങ്ങൾക്ക് ജീവിതയാഥാർത്ഥ്യങ്ങൾ അറിയുന്നതിന്റെയും അതിനോട് ഒരു ആരോഗ്യാവഹമായ മനോഭാവമുണ്ടായിരിക്കുന്നതിന്റെയും ആവശ്യമുണ്ട്, അത്തരം പ്രബോധനം കൊടുക്കുന്നതിന് മാതാപിതാക്കൾക്ക് പ്രാഥമികമായ ഉത്തരവാദിത്വം ഉണ്ട്. (സദൃശവാക്യങ്ങൾ 22:6) വിവാഹത്തിനു പുറത്തുള്ള ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതും വിദ്യാർത്ഥികൾ അശ്ലീല ചിത്രങ്ങൾ വീക്ഷിക്കാനും സ്വവർഗ്ഗരതിയും വ്യഭിചാരവും സംബന്ധിച്ചു പര്യവേക്ഷണം നടത്താനും ആവശ്യപ്പെടുന്നതുമായ യാതൊരു സ്കൂൾപാഠ്യപദ്ധതിയും തീർച്ചയായും ദൈവത്തിന്റെ സത്യാരാധകർക്ക് ഒരിക്കലും സ്വീകാര്യമായിരിക്കുകയില്ല. ദുർവൃത്തിയും വ്യഭിചാരവും സ്വവർഗ്ഗരതിയും നടത്തുന്നവരെ, “അവമാനകരമായ ലൈംഗിക തൃഷ്ണ”യുള്ളവർ എന്നും “അശ്ലീല”മായിരിക്കുന്നതിൽ ഏർപ്പെടുന്നവർ എന്നും ബൈബിൾ വ്യക്തമായി വർണ്ണിക്കുന്നു. അത്തരം കാര്യങ്ങളെ സംബന്ധിച്ച് ബൈബിൾ ഇപ്രകാരം കൽപ്പിക്കുന്നു: “ദുർവൃത്തിയിൽനിന്ന് ഒഴിഞ്ഞിരിക്കുക.” എന്തിനധികം, “ദുർവൃത്തി . . . നിങ്ങളുടെയിടയിൽ പേർപറയപ്പെടുകപോലുമരുത്” എന്ന് അത് പറയുന്നു.—റോമർ 1:24-32; 1 തെസ്സലോനിക്യർ 4:3; എഫേസ്യർ 5:3, 5; ഗലാത്യർ 5:19, 21.
ഒരു വ്യാജപ്രത്യാശ
മരണത്തിലേക്ക് “കൂടുതൽ വ്യക്തിഗതമായ കടക്കൽ” തേടുന്ന ആളുകൾ കീഴ്നടപ്പനുസരിച്ചുള്ള ശവസംസ്കാരത്തിൽ നിന്ന് മാറി പുരാതനകാലത്തെ മമ്മിയാക്കൽ പ്രക്രിയയെ അനുകൂലിക്കുന്നു എന്ന് ദി വാൾസട്രീററ ജേർണൽ റിപ്പോർട്ടുചെയ്യുന്നു. “ഒരു ഇടപാടുകാരനെ രണ്ടു മാസം വീഞ്ഞിലും ഔഷധങ്ങളിലും രാസസംരക്ഷണവസ്തുക്കളിലും കുതിർത്ത് സുഗന്ധ തൈലങ്ങൾ പൂശി ശീലകളും ഫൈബർഗ്ലാസ്സും പോളിത്തീനും പ്ലാസ്റററും കെട്ടി സൂക്ഷിച്ചുവെക്കുന്നതിന്” പ്രാഥമികചെലവ് 7,500 ഡോളർ ആകും എന്ന് ആ ജേണൽ പറയുന്നു. ശരീരത്തിന്റെ ആകൃതിയിലുള്ള പിച്ചളപ്പെട്ടികളിൽ സ്വർണ്ണം ആവരണം ചെയ്യുകയൊ രത്നം പതിപ്പിക്കുകയൊ ചെയ്യുന്നതിന് 1,00,000-മൊ അധികമൊ ഡോളർ ആയേക്കാം.
എന്നാലും, കേവലം മമ്മിയാക്കലിന്റെ അദ്വിതീയതയല്ല ഇടപാടുകാരെ ആകർഷിക്കുന്നത്. ഒരാൾ ഇപ്രകാരം പറഞ്ഞു: “ചില ക്രിസ്ത്യാനികൾ പറയുന്നതുപോലെ ന്യായവിധിദിവസത്തിൽ ക്രിസ്തു നമ്മെ ശവക്കുഴിയിൽനിന്ന് വിളിച്ചെഴുന്നേൽപ്പിക്കുമെന്നത് സത്യമാണെങ്കിൽ, അപ്പോൾ എനിക്ക് കഴിയുന്നതിലേക്കും ഏററവും നല്ല രൂപത്തിലായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
മരണാനന്തര ജീവിതത്തിൽ ആത്മാവിന്റെ തിരിച്ചുവരവിന് ശരീരം കാത്തുസൂക്ഷിക്കണമെന്ന് വിശ്വസിച്ചിരുന്ന പുരാതന ഈജിപ്ററുകാരെപ്പേലെ അത്തരക്കാരായ ആളുകൾ സാധാരണയായി ആത്മാവ് അമർത്യമാണെന്നുള്ള ഉപദേശത്തിൽ തങ്ങളുടെ പ്രത്യാശയെ അടിസ്ഥാനപ്പെടുത്തുന്നു. മതനേതാക്കൻമാർ ന്യായവിധിദിവസത്തിൽ സ്വർഗ്ഗീയ അനുഗ്രഹങ്ങളിൽ പങ്കുകൊള്ളുന്നതിനായി നീതിമാൻമാരുടെയും നരകാഗ്നിയിലെ ശിക്ഷാവിധി അനുഭവിക്കുന്നതിനായി ദുഷ്ടൻമാരുടെയും ശരീരങ്ങൾ അവരവരുടെ ആത്മാക്കളോട് കൂടിച്ചേരുമെന്ന് പഠിപ്പിച്ചിരിക്കുന്നു.
എന്നാൽ ബൈബിൾ സഹജമായ അമർത്യതയുടെ ഉപദേശം പഠിപ്പിക്കുന്നില്ല. പകരം, ബൈബിൾ ദേഹി മർത്യമാണെന്ന് പഠിപ്പിക്കുന്നു. “പാപം ചെയ്യുന്ന ദേഹി—അതുതന്നെ മരിക്കും.” (യെഹെസ്ക്കേൽ 18:4) അങ്ങനെ, ഭാവിയെ സംബന്ധിച്ച ബൈബിൾപരമായ പ്രത്യാശ ഒരു അമർത്യദേഹിയുടെ അതിജീവനത്തിലല്ല, പിന്നെയൊ ഒരു വ്യക്തിയെ അയാളുടെ സ്വന്തം ജീവിതമാതൃകയോടും അയാൾ മരിച്ചപ്പോളുണ്ടായിരുന്ന അതേ താദാത്മ്യവും ഓർമ്മകളുമുള്ള ഒരു അനുയോജ്യമായ ശരീരത്തോടും കൂടിയുള്ള ദൈവത്തിന്റെ ഉയർപ്പിക്കലിലാണ് ആശ്രയിച്ചിരിക്കുന്നത്. കൃത്യമായി യേശുവിന് ഇപ്രകാരം പറയാൻ കഴിഞ്ഞു: “സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേട്ട് പുറത്തുവരുന്ന നാഴിക വരുന്നു.”—യോഹന്നാൻ 5:28, 29.
“ലോകത്തിന്റെ ഭാഗമല്ല”
വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ന്യൂയോർക്ക് ഇൻകോ. കഴിഞ്ഞ വർഷം ന്യൂയോർക്ക് സിററി ബോർഡ് ഓഫ് എസ്ററിമേററിനെ 19 നിലകളുള്ള ഒരു പാർപ്പിടകെട്ടിടത്തിന്റെ പണിസംബന്ധിച്ച മേഖലാ മാററത്തിന് അപേക്ഷിക്കാൻ സമീപിച്ചു. ഭൂരിപക്ഷം ബോർഡ് അംഗങ്ങളും പദ്ധതിയെ എതിർത്തെങ്കിലും ന്യൂയോർക്ക് സിററി മേയർ എഡ്വേർഡ് കോച്ച് മേഖലാമാററത്തിനനുകൂലമായ രണ്ടു വോട്ടുകൾ ചെയ്തു. തന്റെ തീരുമാനത്തിന്റെ അടിസ്ഥാനം സംബന്ധിച്ച് വിശദീകരിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയിൽ മേയർ കോച്ച്, “യഹോവയുടെ സാക്ഷികളെ . . . നല്ല അയൽക്കാരായി കണക്കാക്കുന്നതിനുമാത്രമെ സാധിക്കയുള്ളു . . . ഞാൻ അവരെ ഏററവുമധികം വിലമതിക്കുന്നു” എന്ന് പ്രസ്താവിച്ചു. പിന്നീട് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “മതപരമായ കാരണങ്ങളാൽ അവർ ഒരു തെരഞ്ഞെടുപ്പിലും വോട്ടുചെയ്യുകയില്ലെന്ന് എന്നോടു പറയപ്പെട്ടിരിക്കുന്നു, അതായിരിക്കാം ഈ പ്രോജക്ടുസംബന്ധിച്ച പ്രശ്നങ്ങളിലൊന്ന്, എന്തുകൊണ്ടെന്നാൽ അനേകം ആളുകൾ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥൻമാരെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു വിവാദസംഗതിയിൽ വോട്ടുചെയ്യാത്തവർ വിജയംവരിക്കുന്നത് വളരെ പ്രയാസമാണ്.”
അനേകം എതിരാളികളുടെ മുമ്പിൽ മേയർ കോച്ച് പ്രകടമാക്കിയ ധൈര്യത്തിനും നിഷ്പക്ഷതക്കും അദ്ദേഹം പ്രശംസിക്കപ്പെടണം. യഹോവയുടെ സാക്ഷികൾ രാഷ്ട്രീയ തെരഞ്ഞെടുപ്പുകളിൽ പങ്കുപററിയിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമായിരിക്കുമായിരുന്നെങ്കിലും രാഷ്ട്രീയവിവാദങ്ങളിലുള്ള തങ്ങളുടെ നിഷ്പക്ഷനിലപാടിൽനിന്ന് അവരെ പിൻതിരിപ്പിക്കാൻ സാധ്യമല്ല—വില എത്ര വലുതായിരുന്നാലും. സത്യക്രിസ്ത്യാനികൾക്ക് നിലപാട് വ്യക്തമാണ്. യേശു പറഞ്ഞു: “അവർ ലോകത്തിന്റെ ഭാഗമല്ല, ഞാൻ ലോകത്തിന്റെ ഭാഗമല്ലാതിരിക്കുന്നതുപോലെതന്നെ.”—യോഹന്നാൻ 17:16. (w89 2/15)