“ഇത് സകല ദിവസങ്ങളിലും വെച്ച് മഹത്തായ ദിവസമാകുന്നു”
“നിശ്വസ്തതയാൽ ഞാൻ കർത്താവിന്റെ ദിവസത്തിലായി.”—വെളിപ്പാട് 1:10.
1. നാം ഏതു “ദിവസ”ത്തിലാണ് ജീവിക്കുന്നത്, ഈ വസ്തുത ഇത്ര പുളകപ്രദമായിരിക്കുന്നതെന്തുകൊണ്ട്?
“ഇത് സകല ദിവസങ്ങളിലുംവെച്ച് മഹത്തായ ദിവസമാകുന്നു. നോക്കൂ, രാജാവ് വാഴുന്നു!” വാച്ച് ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ രണ്ടാമത്തെ പ്രസിഡണ്ട് മുമ്പ് 1922-ൽ ഉച്ചരിച്ച ഈ നാടകീയ വാക്കുകൾ ഇന്നും നമ്മെ പുളകംകൊള്ളിക്കുന്നു. അവ സകല ചരിത്രത്തിലും വെച്ച് അത്യന്തം ആവേശകരമായ സമയത്താണ് നാം ജീവിക്കുന്നതെന്ന് നമ്മെ തുടർന്ന് അനുസ്മരിപ്പിക്കുന്നു. ബൈബിളിൽ ഈ കാലത്തെ വിളിച്ചിരിക്കുന്നത് “കർത്താവിന്റെ ദിവസം” എന്നാണ്. (വെളിപ്പാട് 1:10) ഇത് തീർച്ചയായും “സകല ദിവസങ്ങളിലുംവെച്ച് മഹത്തായ ദിവസ”മാകുന്നു, എന്തുകൊണ്ടെന്നാൽ ഇത് ക്രിസ്തുവിന്റെ രാജ്യം മുഖേന യഹോവ തന്റെ മഹത്തായ സകല ഉദ്ദേശ്യങ്ങളും നിവർത്തിക്കുകയും സകല സൃഷ്ടികളുടെയും മുമ്പാകെ തന്റെ വിശുദ്ധനാമത്തെ വിശുദ്ധീകരിക്കുകയും ചെയ്യുന്ന സമയമാകുന്നു.
2, 3. (എ) കർത്താവിന്റെ ദിവസത്തിന്റെ ദൈർഘ്യം എന്താണ്? (ബി) ഈ ദിവസത്തെക്കുറിച്ചുള്ള വസ്തുതകൾ നമുക്ക് എവിടെ കണ്ടെത്താൻ കഴിയും?
2 യേശു ദൈവരാജ്യത്തിന്റെ രാജാവായി അവരോധിക്കപ്പെട്ട 1914-ൽ ആണ് ഈ ദിവസം തുടങ്ങിയത്. അത് ആയിരവർഷവാഴ്ചയുടെ അവസാനംവരെയും തുടരുകയുംചെയ്യും, അന്ന് ക്രിസ്തു ‘രാജ്യം തന്റെ ദൈവവും പിതാവുമായവനെ ഏൽപ്പിക്കും.’ (1 കൊരിന്ത്യർ 15:24) വിശ്വസ്തരായ ക്രിസ്ത്യാനികൾ അനേകം നൂററാണ്ടുകളിൽ കർത്താവിന്റെ ദിവസത്തിനായി നോക്കിപ്പാർത്തിരുന്നിട്ടുണ്ട്. ഒടുവിൽ, ഇപ്പോൾ അത് വന്നെത്തിയിരിക്കുന്നു! ഈ “സകല ദിവസങ്ങളിലുംവെച്ച് മഹത്തായ ദിവസം” ദൈവജനത്തിനും പൊതു ലോകത്തിനും എന്തർത്ഥമാക്കിയിരിക്കുന്നു?
3 കർത്താവിന്റെ ദിവസത്തെക്കുറിച്ച് നമ്മോട് ഏററവുമധികം പറയുന്ന ബൈബിൾ പുസ്തകം വെളിപ്പാടാണ്. ഈ പുസ്തകത്തിലെ മിക്കവാറുമെല്ലാ പ്രവചനങ്ങളും കർത്താവിന്റെ ദിവസത്തിൽ നിവർത്തിക്കപ്പെടുന്നു. എന്നാൽ വെളിപ്പാട് ആ ദിവസത്തെക്കുറിച്ചു നമ്മോടു പറയുന്ന പ്രാവചനികപുസ്തകങ്ങളുടെ ഒരു പരമ്പരയുടെ പാരമ്യം മാത്രമാണ്. മററുള്ളവയുടെ കൂട്ടത്തിൽ യെശയ്യാവും യിരെമ്യാവും യെഹെസ്ക്കേലും ദാനിയേലും അതിനെക്കുറിച്ച് നമ്മോടു പറയുന്നുണ്ട്. മിക്കപ്പോഴും, അവ പറയുന്നത് വെളിപ്പാടിലെ പ്രവചനങ്ങളെ മെച്ചമായി മനസ്സിലാക്കുന്നതിന് നമ്മെ സഹായിക്കുന്നു. വിശേഷാൽ യെഹെസ്ക്കേലിന്റെ പുസ്തകം കർത്താവിന്റെ നാളിലെ വെളിപ്പാടിന്റെ നിവൃത്തിയിൻമേൽ വെളിച്ചംവീശുന്നതെങ്ങനെയെന്ന് നമുക്കു നോക്കാം.
നാലു കുതിരക്കാർ
4. വെളിപ്പാട് 6-ാം അദ്ധ്യായമനുസരിച്ച് കർത്താവിന്റെ ദിവസത്തിന്റെ തുടക്കത്തിൽ എന്തു സംഭവിച്ചു?
4 ദൃഷ്ടാന്തമായി, വെളിപ്പാട് ആറാം അദ്ധ്യായത്തിൽ അപ്പോസ്തലനായ യോഹന്നാൻ ഒരു നാടകീയ ദർശനം വർണ്ണിക്കുന്നു: “ഞാൻ കണ്ടു, നോക്കൂ! ഒരു വെളുത്ത കുതിര; അതിൻമേൽ ഇരുന്നവന് ഒരു വില്ലുണ്ടായിരുന്നു; അവന് ഒരു കിരീടം കൊടുക്കപ്പെട്ടു, അവൻ ജയിച്ചടക്കിക്കൊണ്ടും തന്റെ ജയിച്ചടക്കൽ പൂർത്തീകരിക്കാനും പുറപ്പെട്ടു.” (വെളിപ്പാട് 6:2) ഈ ജയശാലിയായ കുതിരക്കാരൻ ആരാണ്? ദൈവരാജ്യത്തിന്റെ രാജാവായി അവരോധിക്കപ്പെട്ടവനും തന്റെ ശത്രുക്കളെ ജയിച്ചടക്കാൻ പുറപ്പെടുന്നവനുമായ യേശുക്രിസ്തുവല്ലാതെ മററാരുമല്ല. (സങ്കീർത്തനം 45:3-6; 110:2) കർത്താവിന്റെ ദിവസത്തിന്റെ തുടക്കത്തിൽത്തന്നെ, 1914-ൽ, യേശുവിന്റെ ജയോത്സവയാത്ര തുടങ്ങി. (സങ്കീർത്തനം 2:6) അവന്റെ ആദ്യത്തെ വിജയംതന്നെ സാത്താനെയും അവന്റെ ഭൂതങ്ങളെയും ഭൂമിയിലേക്കു എറിയുന്നതായിരുന്നു. മനുഷ്യവർഗ്ഗത്തിനുണ്ടായ ഫലമെന്തായിരുന്നു? “ഭൂമിക്കും സമുദ്രത്തിനും മഹാകഷ്ടം.”—വെളിപ്പാട് 12:7-12.
5. വെള്ളക്കുതിരപ്പുറത്തിരിക്കുന്നവനെ ഏതു ഭീകര രൂപികൾ അനുഗമിക്കുന്നു, ഓരോ രൂപിക്കും എന്തധികാരമുണ്ട്?
5 ദർശനത്തിൽ മൂന്ന് ഭീകരരൂപങ്ങൾ പിന്തുടരുന്നു: യുദ്ധത്തെ പ്രതീകപ്പെടുത്തുന്ന തീനിറമുള്ള ഒരു കുതിര, ക്ഷാമത്തെ പ്രതീകപ്പെടുത്തുന്ന ഒരു കറുത്ത കുതിര, “മരണം” എന്ന പേരോടുകൂടിയ സഞ്ചാരി ഇരിക്കുന്ന ഒരു മഞ്ഞ കുതിര. ഈ നാലാമത്തെ കുതിരയെക്കുറിച്ച് നാം ഇങ്ങനെ വായിക്കുന്നു: “ഞാൻ കണ്ടു, നോക്കൂ! ഒരു മഞ്ഞ കുതിര; അതിൻമേൽ ഇരുന്നവന് മരണം എന്ന പേരുണ്ടായിരുന്നു. അവനെ ഹേഡീസ് അടുത്തു പിന്തുടരുന്നുണ്ടായിരുന്നു. ഒരു നീണ്ട വാൾകൊണ്ടും ഭക്ഷ്യക്ഷാമംകൊണ്ടും മാരകമായ ബാധകൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊല്ലുന്നതിന് ഭൂമിയുടെ കാൽ ഭാഗത്തിൻമേൽ അവർക്ക് അധികാരം കൊടുക്കപ്പെട്ടു.”—വെളിപ്പാട് 6:3-8: മത്തായി 24:3, 7, 8; ലൂക്കോസ് 21:10, 11.
6. ഈ മൂന്നു ഭീകരകുതിരകളുടെയും അവയിലെ സഞ്ചാരികളുടെയും ഭൂമിമേലുള്ള ഫലമെന്താണ്?
6 പ്രവചനപ്രകാരം മനുഷ്യവർഗ്ഗം 1914 മുതൽ യുദ്ധത്താലും ക്ഷാമത്താലും രോഗത്താലും ഭയങ്കരമായി കഷ്ടപ്പെട്ടിരിക്കുന്നു. എന്നാൽ നാലാമത്തെ കുതിരക്കാരൻ “ഭൂമിയിലെ കാട്ടുമൃഗങ്ങൾ” മുഖേനയും കൊല്ലുന്നു. 1914 മുതൽ ഇത് ഒരു ശ്രദ്ധേയമായ സവിശേഷതയായിരുന്നിട്ടുണ്ടോ? യെഹെസ്ക്കേലിനാലുള്ള സമാനമായ ഒരു പ്രവചനത്തിന്റെ പരിചിന്തനം പ്രവചനത്തിന്റെ ഈ വശത്തെ കാഴ്ചപ്പാടിൽ നിർത്തുന്നതിന് നമ്മെ സഹായിക്കുന്നു.
7. (എ) യെഹെസ്ക്കേൽ യരൂശലേമിനെക്കുറിച്ച് ഏതു പ്രവചനം ഉച്ചരിച്ചു? (ബി) ഈ പ്രവചനം എങ്ങനെ നിവർത്തിക്കപ്പെട്ടു?
7 ഒരുപക്ഷേ ക്രി.മു. 607-ലെ യരൂശലേമിന്റെ നാശത്തിന് അഞ്ചു വർഷം മുമ്പ് എഴുതവേ യെഹെസ്ക്കേൽ യഹൂദൻമാരുടെ അവിശ്വസ്തത ഹേതുവായി അവർക്കു ഭവിക്കുന്ന ഒരു ഭയങ്കരശിക്ഷയെക്കുറിച്ചു പ്രവചിച്ചു. നിശ്വസ്തതയിൽ അവൻ എഴുതി: “യരൂശലേമിൽനിന്ന് ഭൗമിക മനുഷ്യനെയും വീട്ടുമൃഗത്തെയും ഛേദിച്ചുകളയേണ്ടതിന് ഞാൻ അതിലേക്കയക്കുന്ന ന്യായവിധിയുടെ ഹാനികരമായ നാലു പ്രവർത്തനങ്ങൾ—വാളും ക്ഷാമവും ഉപദ്രവകാരിയായ കാട്ടുമൃഗവും പകർച്ചവ്യാധിയും—ഉണ്ടായിരിക്കുമ്പോഴും അങ്ങനെയായിരിക്കും.” (യെഹെസ്ക്കേൽ 14:21; 5:17) ഇത് അന്ന് അക്ഷരീയമായി നിവർത്തിച്ചോ? നിസ്സംശയമായി യരുശലേം അതിന്റെ അന്ത്യം അടുത്തുവന്നപ്പോൾ ക്ഷാമത്താലും യുദ്ധത്താലും കഷ്ടപ്പെട്ടു. സാധാരണയായി ക്ഷാമം രോഗത്തിനിടയാക്കുന്നു. (2 ദിനവൃത്താന്തം 36:1-3, 6, 13, 17-21; യിരെമ്യാവ് 52:4-7; വിലാപങ്ങൾ 4:9, 10) ആ കാലത്ത് കാട്ടുമൃഗങ്ങളുടെ ഒരു അക്ഷരീയ ബാധയും ഉണ്ടായോ? യിരെമ്യാവ് അതും മുൻകൂട്ടിപ്പറഞ്ഞിരുന്നതുകൊണ്ട് മൃഗങ്ങൾ മനുഷ്യരെ വലിച്ചുകൊണ്ടുപോകുകയോ ഒരുപക്ഷേ കൊല്ലുകപോലുമോ ചെയ്ത കേസുകൾ ഉണ്ടായിരുന്നു.—ലേവ്യപുസ്തകം 26:22-33; യിരെമ്യാവ് 15:2, 3.
8. കർത്താവിന്റെ ദിവസത്തിൽ ഇത്രത്തോളം കാട്ടുമൃഗങ്ങൾ എന്തു പങ്കുവഹിച്ചിരിക്കുന്നു?
8 ഇക്കാലത്തെ സംബന്ധിച്ചെന്ത്? വികസിത രാജ്യങ്ങളിൽ വന്യമൃഗങ്ങൾ പണ്ടത്തെപ്പോലെ അപകടകരമായ പ്രശ്നമായിരിക്കുന്നില്ല. എന്നിരുന്നാലും, മററു രാജ്യങ്ങളിൽ വന്യമൃഗങ്ങൾ ആളുകളെ കൊന്നൊടുക്കുന്നതിൽ തുടരുന്നു, വിശേഷിച്ച്, നാം പാമ്പുകളെയും ചീങ്കണ്ണികളെയും “ഭൂമിയിലെ കാട്ടുമൃഗങ്ങ”ളിൽ ഉൾപ്പെടുത്തുന്നുവെങ്കിൽ. അങ്ങനെയുള്ള ദാരുണമരണങ്ങൾ സാർവദേശീയപ്രസ്സിൽ റിപ്പോർട്ടുചെയ്യപ്പെടുന്നില്ല, എന്നാൽ അവ ശ്രദ്ധേയമാണ്. ഭൂഗ്രഹം—പ്രളയം എന്ന പുസ്തകം പ്രളയത്തിൽനിന്ന് രക്ഷപെടാൻ ശ്രമിക്കവേ “വിഷപ്പാമ്പുകളുടെ കടിയേററ് വേദനപ്പെട്ടു മരിച്ച” ഇൻഡ്യയിലെയും പാക്കിസ്ഥാനിലെയും അനേകരെക്കുറിച്ചു പറയുന്നു. കണക്കാക്കപ്പെട്ടപ്രകാരം കടുവാകളുടെ ആക്രമണം നിമിത്തം 60 സ്ത്രീകൾക്ക് തങ്ങളുടെ ഭർത്താക്കൻമാർ നഷ്ടപ്പെട്ട പശ്ചിമബംഗാളിലെ ഒരു ഗ്രാമത്തെക്കുറിച്ച് ഇൻഡ്യാ ററഡേ റിപ്പോർട്ടുചെയ്തു. മനുഷ്യസമുദായം തകരുകയും ക്ഷാമം രൂക്ഷമാകുകയും ചെയ്യുമ്പോൾ അങ്ങനെയുള്ള ദുരന്തങ്ങൾ പൂർവാധികം സാധാരണമായിത്തീർന്നേക്കാം.
9. വേറെ ഏതു തരം “മൃഗം” ഈ നൂററാണ്ടിൽ മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽ വിനകളും ദുരിതവും വരുത്തിക്കൂട്ടിയിരിക്കുന്നു?
9 എന്നാൽ യെഹെസ്ക്കേൽ പിൻവരുന്നപ്രകരം പറഞ്ഞപ്പോൾ മറെറാരു തരം “മൃഗ”ത്തെ പരാമർശിച്ചു: “അവളുടെ നടുവിൽ ഇരയെ കടിച്ചുകീറുന്ന അലറുന്ന സിംഹത്തെപ്പോലെയുള്ള അവളുടെ പ്രവാചകൻമാരുടെ ഒരു ഗൂഢാലോചനയുണ്ട്. ഒരു ദേഹിയെ അവർ യഥാർത്ഥമായി വിഴുങ്ങുന്നു. . . അവളുടെ നടുവിലെ അവളുടെ പ്രഭുക്കൻമാർ ഇരയെ കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെയാകുന്നു.” (യെഹെസ്ക്കേൽ 22:25, 27) അതുകൊണ്ട് മനുഷ്യർക്കും മൃഗങ്ങളെപ്പോലെ പ്രവർത്തിക്കാൻ കഴിയും. നമ്മുടെ നൂററാണ്ടിൽ മനുഷ്യവർഗ്ഗം അങ്ങനെയുള്ള ഇരപിടിയൻമാർ നിമിത്തം എത്ര കഷ്ടപ്പാടനുഭവിച്ചിരിക്കുന്നു! അനേകർ മൃഗീയ കുററവാളികളുടെയും ഭീകരപ്രവർത്തകരുടെയും കൈകളാൽ മരണമടഞ്ഞിട്ടുണ്ട്. അതെ, ഒന്നിലധികം വിധങ്ങളിൽ “ഭൂമിയിലെ കാട്ടുമൃഗങ്ങ”ളിൽനിന്ന് മരണം സമൃദ്ധമായ വിള കൊയ്തെടുത്തിരിക്കുന്നു.
10. യോഹന്നാൻ മരണകാരണങ്ങളായി യുദ്ധവും ക്ഷാമവും രോഗവും കാട്ടുമൃഗങ്ങളെയും പട്ടികപ്പെടുത്തുന്നത് എന്തു കാണാൻ നമ്മെ സഹായിക്കുന്നു?
10 യോഹന്നാന്റെ ദർശനത്തിൽ യുദ്ധവും ക്ഷാമവും രോഗവും കാട്ടുമൃഗങ്ങളും ഒന്നിച്ചു പട്ടികപ്പെടുത്തിയിരിക്കുന്നത് ക്രി.മു. 607-ൽ യരുശലേം സഹിച്ച കഠോരവേദനകൾക്കു സമാന്തരമായി നമ്മുടെ നാളിൽ അനേകം സന്ദർഭങ്ങളിൽ പലതും സംഭവിക്കേണ്ടതാണെന്ന് കാണാൻ നമ്മെ സഹായിക്കുന്നു. കർത്താവിന്റെ ദിവസം ഇപ്പോൾത്തന്നെ ലോകത്തിനു കഷ്ടപ്പാടു വരുത്തിക്കൂട്ടിയിരിക്കുന്നു. അതിന് കാരണം ഏറെയും മനുഷ്യവർഗ്ഗത്തിന്റെ ഭരണാധികാരികൾ ഒന്നാമത്തെ കുതിരക്കാരനായ സിംഹാസനസ്ഥനായ രാജാവാം യേശുക്രിസ്തുവിനു കീഴ്പ്പെടാൻ വിസമ്മതിച്ചിരിക്കുന്നുവെന്നതാണ്. (സങ്കീർത്തനം 2:1-3) എന്നാൽ ദൈവജനത്തെ സംബന്ധിച്ചെന്ത്? കർത്താവിന്റെ ദിവസം അവർക്ക് എന്തു കൈവരുത്തിയിരിക്കുന്നു?
ആലയത്തെ അളക്കൽ
11. വെളിപ്പാട് 11:1-ൽ എന്തു ചെയ്യാൻ യോഹന്നാൻ കല്പ്പിക്കപ്പെട്ടു, ഇത് ഏതു ആലയത്തോടുള്ള ബന്ധത്തിലായിരുന്നു?
11 വെളിപ്പാട് 11:1-ൽ അപ്പോസ്തലനായ യോഹന്നാൻ പറയുന്നു: “‘എഴുന്നേററ് ദൈവത്തിന്റെ വിശുദ്ധമന്ദിരവും യാഗപീഠവും അതിൽ ആരാധിക്കുന്നവരെയും അളക്കുക’ എന്ന് എന്നോടു പറയവേ ഒരു ദണ്ഡുപോലുള്ള ഒരു ഈറൽ എനിക്ക് നൽകപ്പെട്ടു.” ആലയത്തിന്റെ ഈ ദാർശനിക അളക്കൽ ദൈവജനത്തെസംബന്ധിച്ച് വളരെ അർത്ഥവത്തായിരുന്നു. ഏത് വിശുദ്ധമന്ദിരത്തെയാണ് യോഹന്നാൻ അളന്നത്? അക്ഷരീയ യഹൂദ ദേവാലയത്തെയല്ല, അവിടെയായിരുന്നു ഒരു ക്രിസ്ത്യാനിയാകുന്നതിനു മുമ്പ് യോഹന്നാൻ ആരാധിച്ചിരുന്നത്. ആ ആലയം യഹോവയാൽ പരിത്യജിക്കപ്പെട്ടു, അത് ക്രി.വ. 70-ൽ നശിപ്പിക്കപ്പെട്ടു. (മത്തായി 23:37-24:2) എന്നാൽ, അളക്കാൻ പറഞ്ഞത് യഹോവയുടെ വലിയ ആത്മീയ ആലയക്രമീകരണത്തെയായിരുന്നു. ഈ ആലങ്കാരിക ആലയത്തിൽ അഭിഷിക്തക്രിസ്ത്യാനികൾ ഭൗമികപ്രാകാരത്തിൽ ഉപപുരോഹിതൻമാരായി സേവിക്കുന്നു.—എബ്രായർ 9:11, 12, 24; 10:19-22; വെളിപ്പാട് 5:10.
12. ഈ ആലയം എപ്പോൾ അസ്തിത്വത്തിൽ വന്നു, അതുസംബന്ധിച്ച് ഒന്നാം നൂററാണ്ടിൽ എന്തു വികാസങ്ങൾ ഉണ്ടായി?
12 യേശു മഹാപുരോഹിതനായി അഭിഷേകംചെയ്യപ്പെട്ട ക്രി.വ. 29-ൽ ആണ് ആ ആലയം അസ്തിത്വത്തിൽ വന്നത്. (എബ്രായർ 3:1; 10:5) അതിന് 1,44,000 ഉപപുരോഹിതൻമാർ ഉണ്ടായിരിക്കണമായിരുന്നു. ഒന്നാം നൂററാണ്ടിൽ ഇവരിൽ അനേകർ തെരഞ്ഞെടുക്കപ്പെടുകയും മുദ്രയിടപ്പെടുകയും ചെയ്തു, അനന്തരം അവർ വിശ്വസ്തരായി മരിച്ചു. (വെളിപ്പാട് 7:4; 14:1) എന്നാൽ ആ ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ മരിച്ചപ്പോൾ അവർ പെട്ടെന്നുതന്നെ സ്വർഗ്ഗത്തിലേക്ക് പുനരുത്ഥാനം പ്രാപിക്കാതെ ശവക്കുഴിയിൽ നിദ്രകൊള്ളുകയാണുണ്ടായത്. (1 തെസ്സലോനീക്യർ 4:15) തന്നെയുമല്ല, ഒന്നാം നൂററാണ്ടിനുശേഷം ഒരു വലിയ വിശ്വാസത്യാഗം തുടങ്ങി, പുരോഹിതരായ അഭിഷിക്തക്രിസ്ത്യാനികൾ തഴച്ചുവളരുന്ന “കളകളാ”യ വിശ്വാസത്യാഗികളാൽ ചുററപ്പെട്ടു. (മത്തായി 13:24-30) അന്നുമുതലുള്ള നൂററാണ്ടുകളിലെല്ലാം ‘1,44,000 ഉപപുരോഹിതൻമാരും മുദ്രയിടപ്പെട്ടുതീരുമോ’യെന്ന് ഉചിതമായി ചോദിക്കപ്പെട്ടിരിക്കാം. ‘വിശ്വസ്തരായി മരിച്ചവർ സ്വർഗ്ഗീയ വിശുദ്ധമന്ദിരത്തിൽ സേവിക്കുന്നതിന് എന്നെങ്കിലും ഉയർപ്പിക്കപ്പെടുമോ?’ ആലയത്തിന്റെ ദാർശനികമായ അളക്കൽ ഈ ചോദ്യങ്ങളിലോരോന്നിന്റെയും ഉത്തരം ഉവ്വ് എന്നാണെന്ന് പ്രകടമാക്കി. എന്തുകൊണ്ട്?
13. യോഹന്നാൻ വിശുദ്ധമന്ദിരം അളന്നത് എന്തിന് ഉറപ്പുനൽകി, കർത്താവിന്റെ ദിവസത്തിൽ നേരത്തെ എന്തു സംഭവിച്ചു?
13 ബൈബിൾ പ്രവചനത്തിൽ എന്തിന്റെയെങ്കിലും അളക്കൽ സാധാരണയായി അതിനെസംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യം പൂർണ്ണമായും പ്രാവർത്തികമാകുമെന്ന് തീർച്ചയാണെന്ന് സൂചിപ്പിക്കുന്നു. (2 രാജാക്കൻമാർ 21:13; യിരെമ്യാവ് 31:39; വിലാപങ്ങൾ 2:8) അങ്ങനെ, വിശുദ്ധമന്ദിരത്തിന്റെ യോഹന്നാനാലുള്ള ദാർശനിക അളക്കൽ കർത്താവിന്റെ ദിവസത്തിൽ ആലയത്തെസംബന്ധിച്ച യഹോവയുടെ സകല ഉദ്ദേശ്യങ്ങളും നിവർത്തിക്കപ്പെടുമെന്നുള്ളതിന്റെ ഒരു ഉറപ്പായിരുന്നു. ഇതിനു ചേർച്ചയായി, സകല തെളിവുകളുമനുസരിച്ച്, അഭിഷിക്തരിൽ അപ്പോൾത്തന്നെ മരിച്ചിരുന്നവർ സ്വർഗ്ഗീയ വിശുദ്ധമന്ദിരത്തിലെ അവരുടെ വാഗ്ദത്തസ്ഥലത്തേക്ക് 1918 മുതൽ പുനരുത്ഥാനം പ്രാപിച്ചുതുടങ്ങി. (1 തെസ്സലോനീക്യർ 4:16; വെളിപ്പാട് 6:9-11) എന്നാൽ 1,44,000-ത്തിന്റെ ശേഷിപ്പിനെ സംബന്ധിച്ചെന്ത്?
14. ഒന്നാം ലോകമഹായുദ്ധകാലത്തും അതിനുമുമ്പും അഭിഷിക്തക്രിസ്ത്യാനികൾക്ക് എന്തു സംഭവിച്ചു?
14 കർത്താവിന്റെ ദിവസം തുടങ്ങുന്നതിനു മുമ്പുതന്നെ, വിശ്വാസത്യാഗിനിയായ ക്രൈസ്തവലോകത്തിൽനിന്ന് പുറത്തുവന്നിരുന്ന അഭിഷിക്തക്രിസ്ത്യാനികൾ ഒരു വേറിട്ട സ്ഥാപനമായി ഒന്നിക്കാൻ തുടങ്ങി. അവർ 1914 എന്ന വർഷത്തിന്റെ പ്രാധാന്യം പ്രഖ്യാപിക്കുന്നതിൽ വിശ്വസ്തതയുടെ ഒരു നല്ല രേഖ കെട്ടുപണിചെയ്തിരുന്നു. എന്നാൽ ആ നിർണ്ണായക വർഷത്തിൽ ഒന്നാം ലോകമഹായുദ്ധം തുടങ്ങിയതോടെ അവർ പീഡനം, ‘ചവിട്ടൽ’, അനുഭവിച്ചുതുടങ്ങി. ഇത് 1918-ൽ ഒരു പാരമ്യത്തിലെത്തി, അന്നായിരുന്നു വാച്ച് ററവർ സൊസൈററിയുടെ ഡയറക്ടർമാർ തടവിലാക്കപ്പെട്ടത്, സംഘടിത പ്രസംഗവേല മിക്കവാറും നിലച്ചു. ആ കാലത്ത്, അവർ ഫലത്തിൽ ‘കൊല്ലപ്പെട്ടു’. (വെളിപ്പാട് 11:2-7) ഈ ക്രിസ്ത്യാനികളെസംബന്ധിച്ച് വിശുദ്ധമന്ദിരത്തിന്റെ അളക്കലിന്റെ അർത്ഥമെന്തായിരുന്നു?
15. ദാർശനികാലയത്തിന്റെ അളക്കൽ യെഹെസ്ക്കേലിന്റെ നാളിലെ ദൈവജനത്തെസംബന്ധിച്ച് എന്തർത്ഥമാക്കി?
15 യരുശലേമിലെ യഹോവയുടെ ആലയം നശിപ്പിക്കപ്പെട്ടശേഷം 14 വർഷം കഴിഞ്ഞ് ക്രി.മു. 593-ൽ യെഹെസ്ക്കേൽ യഹോവയുടെ ഒരു ദാർശനിക ആലയം കണ്ടു. അവന് ഈ ആലയത്തിന്റെ ഒരു വിപുലമായ പര്യടനം അനുവദിക്കപ്പട്ടു. അതിന്റെ ഓരോ സവിശേഷതയും ശ്രദ്ധാപൂർവം അളക്കപ്പെട്ടപ്പോൾ നിരീക്ഷിക്കുകയുംചെയ്തു. (യെഹെസ്ക്കേൽ, അദ്ധ്യായങ്ങൾ 40-42) ഇതിന്റെ അർത്ഥമെന്തായിരുന്നു? യഹോവ തന്നെ വിശദീകരിച്ചു: ആലയത്തിന്റെ അളക്കൽ യെഹെസ്ക്കേലിന്റെ ജനത്തിന് ഒരു പരിശോധനയെ അർത്ഥമാക്കി. അവർ തങ്ങളെത്തന്നെ താഴ്ത്തുകയും തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ച് അനുതപിക്കുകയും യഹോവയുടെ നിയമങ്ങളനുസരിക്കുകയുമാണെങ്കിൽ അവരോട് ആലയത്തിന്റെ അളവുകൾ പറയപ്പെടും. ഇത് യഹോവയുടെ ജനം ഒരു കാലത്ത് ബാബിലോനിൽനിന്ന് വിടുവിക്കപ്പെടുമെന്നും ഒരിക്കൽകൂടെ യഹോവയെ അവന്റെ അക്ഷരീയാലയത്തിൽ ആരാധിക്കുമെന്നുമുള്ള പ്രത്യാശയിൽ അവരെ പ്രോൽസാഹിപ്പിക്കുമെന്ന് സ്പഷ്ടമാണ്.—യെഹെസ്ക്കേൽ 43:10, 11.
16. (എ) യോഹന്നാൻ വിശുദ്ധമന്ദിരം അളന്നത് 1918-ൽ ദൈവജനത്തിന് എന്ത് ഉറപ്പുകൊടുത്തു? (ബി) ഇതിന് എങ്ങനെ നിവൃത്തിയുണ്ടായി?
16 സമാനമായി, 1918-ലെ ആ നിരുൽസാഹിതരായ ക്രിസ്ത്യാനികൾ തങ്ങളെത്തന്നെ താഴ്ത്തുകയും തങ്ങൾ ചെയ്തിരുന്ന ഏതു അകൃത്യങ്ങൾ സംബന്ധിച്ചും അനുതപിക്കുകയുമാണെങ്കിൽ അവർ യഹോവയുടെ അനുഗ്രഹം ലഭിക്കുമാറ് വിടുവിക്കപ്പെടുകയും അവന്റെ ആലയക്രമീകരണത്തിൽ ഒരു പൂർണ്ണപങ്കു വഹിക്കുകയുംചെയ്യും. ഇതാണ് സംഭവിച്ചത്. വെളിപ്പാട് 11:11 അനുസരിച്ച് അവർ ‘എഴുന്നേററുനിന്നു’ അഥവാ ആലങ്കാരികമായി പുനരുത്ഥാനം പ്രാപിച്ചു. യെഹെസ്ക്കേലിലെ ബന്ധപ്പെട്ട ഒരു പുനരുത്ഥാനദർശനം യഹൂദൻമാർ സ്വദേശത്ത് പുനഃസ്ഥിതീകരിക്കപ്പെടുന്നതിനെ മുൻനിഴലാക്കി. (യെഹെസ്ക്കേൽ 37:1-14) ഈ ആധുനിക ‘പുനരുത്ഥാനം’ ദൈവജനത്തിന്റെ നിരുൽസാഹിതവും മിക്കവാറും പ്രവർത്തനരഹിതവുമായ അവസ്ഥയിൽനിന്ന് ജീവനുള്ള, ഊർജ്ജസ്വലമായ, ഒരു അവസ്ഥയിലേക്കുള്ള പുനഃസ്ഥിതീകരണമായി പരിണമിച്ചു. ആ അവസ്ഥയിൽ അവർക്ക് യഹോവയുടെ സേവനത്തിൽ പൂർണ്ണപങ്കു വഹിക്കാൻ കഴിയുമായിരുന്നു. അങ്ങനെയുള്ള ഒരു ‘പുനരുത്ഥാനം’ 1919-ൽ സംഭവിച്ചു.
ചെറിയ ചുരുൾ
17. (എ) വെളിപ്പാട് 10:1-ലെ യോഹന്നാന്റെ ദർശനത്തെ വർണ്ണിക്കുക. (ബി) യോഹന്നാൻ കണ്ട ദൂതൻ ആരായിരുന്നു, ദർശനം ഏത് നാളിൽ നിവർത്തിക്കേണ്ടതായിരുന്നു?
17 വെളിപ്പാട് 10:1-ൽ, യോഹന്നാൻ “ശക്തനായ ഒരു ദൂതൻ ഒരു മേഘം ധരിച്ച് സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങു”ന്നതു കണ്ടു, “അവന്റെ തലയിൽ ഒരു മഴവില്ലുണ്ടായിരുന്നു, അവന്റെ മുഖം സൂര്യനെപ്പോലെയായിരുന്നു, അവന്റെ പാദങ്ങൾ തീത്തൂണുകൾ പോലെയായിരുന്നു.” ഇത് ഏറെക്കുറെ യെഹെസ്ക്കേലും യോഹന്നാൻ തന്നെയും നേരത്തെ കണ്ടിരുന്ന യഹോവയുടെ ദർശനങ്ങളോട് സാദൃശ്യം വഹിക്കുന്നു. (യെഹെസ്ക്കേൽ 8:2; വെളിപ്പാട് 4:3) എന്നാൽ യോഹന്നാൻ ഇവിടെ കാണുന്നത് യഹോവയെ അല്ല, പിന്നെയോ ഒരു ദൂതനെയാണ്. അതുകൊണ്ട്, അത് “അദൃശ്യനായ ദൈവത്തിന്റെ പ്രതിച്ഛായയായ,” യഹോവയുടെ വലിയ ദൂതപുത്രനായ യേശുക്രിസ്തു ആയിരിക്കണം. (കൊലോസ്യർ 1:15) തന്നെയുമല്ല, വെളിപ്പാട് 10:2 യേശു വലിയ അധികാരത്തിന്റെ ഒരു സ്ഥാനത്ത് നിൽക്കുന്നതായി ചിത്രീകരിക്കുന്നു, “അവന്റെ വലതുപാദം സമുദ്രത്തിൻമേലും അവന്റെ ഇടതുപാദം ഭൂമിമേലുമായിരുന്നു.” അതുകൊണ്ട് ആ ദൂതൻ കർത്താവിന്റെ ദിവസത്തിലെ യേശുവിനെ പ്രതിനിധാനംചെയ്യുന്നു.—സങ്കീർത്തനം 8:4-8; എബ്രായർ 2:5-9 കാണുക.
18. (എ) എന്തു തിന്നാൻ യോഹന്നാനോടു കല്പ്പിക്കപ്പെട്ടു? (ബി) സമാനമായ ഒരു ദർശനത്തിൽ എന്തു തിന്നാൻ യെഹെസ്ക്കേൽ കല്പ്പിക്കപ്പെട്ടു, എന്തു ഫലത്തോടെ?
18 ഈ മഹനീയമായ ദാർശനികരൂപത്തിൽ യേശുവിന്റെ കൈയിൽ ഒരു ചെറിയ ചുരുൾ ഉണ്ട്, അത് എടുത്തു തിന്നാൻ യോഹന്നാനോടു നിർദ്ദേശിക്കപ്പെടുന്നു. (വെളിപ്പാട് 10:8, 9) ഈ വിധത്തിൽ, യോഹന്നാന് യെഹെസ്ക്കേലിനോടു വളരെ സമാനമായ ഒരു അനുഭവമുണ്ട്, അവനും ഒരു ദാർശനികചുരുൾ തിന്നാൻ കല്പ്പിക്കപ്പെട്ടു. യെഹെസ്ക്കേലിന്റെ കാര്യത്തിൽ, യഹോവതന്നെയാണ് ചുരുൾ പ്രവാചകന്റെ കൈയിൽ കൊടുത്തത്. “അതിൽ വിലാപങ്ങളും ദുഃഖവും മുറവിളിയും എഴുതപ്പെട്ടിരു”ന്നതായി യെഹെസ്ക്കേൽ കണ്ടു. (യെഹെസ്ക്കേൽ 2:8-10) യെഹെസ്ക്കേൽ ഇങ്ങനെ അറിയിക്കുന്നു: “ഞാൻ തിന്നുതുടങ്ങി, അത് എന്റെ വായിൽ മധുരംകൊണ്ടു തേൻ പോലെയായിത്തീർന്നു.” (യെഹെസ്ക്കേൽ 3:3) യെഹെസ്ക്കേലിനെ സംബന്ധിച്ച് ചുരുളിന്റെ തീററി എന്തിനെ അർത്ഥമാക്കി?
19. (എ) യെഹെസ്ക്കേലിന്റെ ചുരുൾതീററിയാൽ പ്രതിനിധാനംചെയ്യപ്പെട്ടതെന്തായിരുന്നു? (ബി) യെഹെസ്ക്കേലിനോട് പ്രസംഗിക്കാൻ കല്പിച്ച കയ്പേറിയ സന്ദേശങ്ങൾ ആർക്ക് കിട്ടേണ്ടതായിരുന്നു?
19 ചുരുളിൽ നിശ്വസ്തപ്രാവചനികവിവരങ്ങളാണുണ്ടായിരുന്നതെന്നു വ്യക്തമാണ്. യെഹെസ്ക്കേൽ ചുരുൾ തിന്നപ്പോൾ അവൻ ഈ വിവരങ്ങളുടെ പ്രഘോഷണം അവന്റെ ഒരു ഭാഗമായിത്തീരത്തക്ക അളവോളം അതു പ്രഘോഷിക്കാനുള്ള നിയോഗം സ്വീകരിച്ചു. (യിരെമ്യാവ് 15:16 താരതമ്യപ്പെടുത്തുക.) എന്നാൽ ചുരുളിന്റെ ഉള്ളടക്കം മററുള്ളവർക്ക് മധുരമായിരുന്നില്ല. ചുരുളിൽ “വിലാപങ്ങളും ദുഃഖവും മുറവിളിയും” നിറഞ്ഞിരുന്നു. ഈ കയ്പേറിയ സന്ദേശം ആർക്കുവേണ്ടിയായിരുന്നു? ഒന്നാമതുതന്നെ യെഹെസ്ക്കേലിനോട് ഇങ്ങനെ പറയപ്പെട്ടു: “മനുഷ്യപുത്രാ, പോയി ഇസ്രായേൽ ഭവനത്തിൽ പ്രവേശിക്കുക, നീ എന്റെ വാക്കുകൾ കൊണ്ട് അവരോടു സംസാരിക്കണം.” (യെഹെസ്ക്കേൽ 3:4) പിന്നീട് യെഹെസ്ക്കേലിന്റെ സന്ദേശം ചുററുപാടുമുണ്ടായിരുന്ന വിജാതീയ രാഷ്ട്രങ്ങളെ ഉൾപ്പെടുത്താൻതക്കവണ്ണം വിശാലമാക്കപ്പെട്ടു.—യെഹെസ്ക്കേൽ, അദ്ധ്യായങ്ങൾ 25-32.
20. യോഹന്നാൻ ചെറിയ ചുരുൾ തിന്നപ്പോൾ എന്തു സംഭവിച്ചു, അവൻ അങ്ങനെ ചെയ്തത് എന്തിൽ കലാശിച്ചു?
20 യോഹന്നാന്റെ കാര്യത്തിൽ, അവൻ ചുരുൾ തിന്നതിന്റെ ഫലങ്ങൾ സമാനമായിരുന്നു. അവൻ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ഞാൻ ദൂതന്റെ കൈയിൽനിന്ന് ചെറിയ ചുരുൾ എടുത്ത് അതു തിന്നു, അത് എന്റെ വായിൽ തേൻ പോലെ മധുരമായിരുന്നു; എന്നാൽ ഞാൻ അതു തിന്നപ്പോൾ എന്റെ വയർ കയ്പായിത്തീർന്നു.” (വെളിപ്പാട് 10:10) ചുരുളിന്റെ തീററി യോഹന്നാനും മധുരമായിരുന്നു. യഹോവയുടെ വചനം അവന്റെ ഭാഗമായിത്തീരുന്നത് പുളകപ്രദമായിരുന്നു. എന്നാൽ സന്ദേശത്തിന് ഒരു കയ്പുനാദവുമുണ്ടായിരുന്നു. ആർക്ക് കയ്പ്? യോഹന്നാനോട് ഇങ്ങനെ പറയപ്പെട്ടു: “നീ വീണ്ടും ജനങ്ങളെയും ജനതകളെയും ഭാഷകളെയും അനേകം രാജാക്കൻമാരെയും കുറിച്ച് പ്രവചിക്കണം.”—വെളിപ്പാട് 10:11.
21. (എ) യോഹന്നാന്റെ ചെറിയ ചുരുളിന്റെ തീററിയോട് അനുരൂപമായി അഭിഷിക്ത ക്രിസ്ത്യാനികൾ 1919-ൽ എന്തു ചെയ്തു? (ബി) ക്രൈസ്തവലോകത്തിനും പൊതുലോകത്തിനും ഫലമെന്തായിരുന്നു?
21 കർത്താവിന്റെ ദിവസത്തിൽ ഇതെല്ലാം എങ്ങനെ നിവൃത്തിയേറിയിരിക്കുന്നു? ചരിത്രവസ്തുതകളനുസരിച്ച് അന്ന് 1919-ൽ വിശ്വസ്തക്രിസ്ത്യാനികൾ യഹോവയെ സേവിക്കുന്നതിന്റെ പദവി സ്വീകരിച്ചു, അത് സമ്പൂർണ്ണമായി ചെയ്തതുകൊണ്ട് അത് അവരുടെ ഒരു ഭാഗമായിത്തീർന്നു. അതു തീർച്ചയായും മധുരമായിരുന്നു. എന്നാൽ അവരുടെ പദവിയും അനുഗ്രഹവും മററുള്ളവർക്ക്, വിശേഷാൽ, ക്രൈസ്തവലോകത്തിലെ വൈദികർക്ക് കയ്പേറിയതെന്നു തെളിഞ്ഞു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ വിശ്വസ്തരായ ഈ അഭിഷിക്ത ക്രിസ്ത്യാനികൾ മനുഷ്യവർഗ്ഗത്തിനുവേണ്ടിയുള്ള യഹോവയുടെ സകല സന്ദേശവും സധീരം പ്രഘോഷിച്ചു. അവർ “രാജ്യത്തിന്റെ സുവാർത്ത” പ്രസംഗിച്ചുവെന്നു മാത്രമല്ല, ക്രൈസ്തവലോകത്തിന്റെയും പൊതുലോകത്തിന്റെയും ആത്മീയമൃതാവസ്ഥയെ തുറന്നുകാട്ടുകയുംചെയ്തു.—മത്തായി 24:14; വെളിപ്പാട് 8:1-9:21; 16:1-21.
22. (എ) കർത്താവിന്റെ ദിവസത്തിൽ ഏതു മഹത്തായ വിധത്തിൽ അഭിഷിക്തർ ഇത്രത്തോളം യഹോവയാൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നു? (ബി) കർത്താവിന്റെ ദിവസം സാത്താന്റെ ലോകത്തിനും ദൈവജനത്തിനും എന്തു കൈവരുത്തിയിരിക്കുന്നു?
22 ക്രിസ്ത്യാനികളുടെ ഈ വിശ്വസ്തസംഘം 1,44,000-ത്തിന്റെ അവസാനത്തെ അംഗങ്ങളെ മുദ്രയിടുന്നതിനായി ശേഖരിക്കാൻ യഹോവയാൽ ഉപയോഗിക്കപ്പെട്ടു. അവർ ഭൗമികപ്രത്യാശയുള്ള മഹാപുരുഷാരത്തിന്റെ കൂട്ടിച്ചേർപ്പിനെ നയിച്ചു. (വെളിപ്പാട് 7:1-4, 9, 10) ഈ മഹാപുരുഷാരം ഈ ഭൂമിയെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യങ്ങളിൽ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്നുണ്ട്, അതിന്റെ പ്രത്യക്ഷത സ്വർഗ്ഗത്തിലും ഭൂമിയിലും വലിയ സന്തോഷത്തിനിടയാക്കി. (വെളിപ്പാട് 7:11-17; യെഹെസ്ക്കേൽ 9:1-7) അതുകൊണ്ട്, ഈ “സകല ദിവസങ്ങളിലുംവെച്ച് മഹത്തായ ദിവസം” ഇപ്പോൾത്തന്നെ സാത്താന്റെ ലോകത്തിന് കഷ്ടപ്പാടും യഹോവയുടെ ജനത്തിന് സമൃദ്ധമായ അനുഗ്രഹവും വരുത്തിയിരിക്കുന്നു. ഇപ്പോൾ, ഇത് കർത്താവിന്റെ ദിവസം തുടരുമ്പോൾ എങ്ങനെ സത്യമായി തുടരുമെന്ന് നമുക്ക് കാണാം. (w88 10/15)
നിങ്ങൾക്ക് വിശദീകരിക്കാൻ കഴിയുമോ?
◻ കർത്താവിന്റെ ദിവസം എന്താണ്?
◻ “ഭൂമിയിലെ കാട്ടുമൃഗങ്ങൾ” കർത്താവിന്റെ ദിവസത്തിൽ ഏതു വിനാശകപങ്കു വഹിക്കുന്നു?
◻ യോഹന്നാന്റെ വിശുദ്ധമന്ദിരത്തിന്റെ അളക്കലിലൂടെ യഹോവ എന്തു ഉറപ്പു നൽകി?
◻ യോഹന്നാൻ ചെറിയ ചുരുൾ തിന്നത് 1919-ൽ അഭിഷിക്തശേഷിപ്പിനെ സംബന്ധിച്ച് എന്തർത്ഥമാക്കി?
◻ കർത്താവിന്റെ ദിവസം ഇത്രത്തോളം ദൈവജനത്തിനും പൊതുലോകത്തിനും എന്തർത്ഥമാക്കി?
[13-ാം പേജിലെ ചിത്രം]
യോഹന്നാന്റെ ആലയമളക്കൽ കർത്താവിന്റെ ദിവസത്തിലെ അഭിഷിക്തർക്ക് ദൃഢമായ ഉറപ്പുകൾ നൽകി