ചിലർ മതം മാറിയിരിക്കുന്നതിന്റെ കാരണം
ഒരു വ്യക്തി മതം മാറുന്നതുപോലെയുള്ള ഒരു കർശനനടപടി സ്വീകരിക്കുന്നതിന് അയാൾക്ക് തീർച്ചയായും നല്ല കാരണങ്ങൾ ഉണ്ടായിരിക്കണം. പ്രയോജനങ്ങൾക്ക് ഏതു പ്രാതികൂല്യങ്ങളെക്കാളും മുൻതൂക്കമുണ്ടായിരിക്കണം.
നിങ്ങളുടെ സ്രഷ്ടാവിനെ അറിയുന്നതും അവനുമായി ഒരു നല്ല ബന്ധം വളർത്തിയെടുക്കുന്നതും ഒരു നല്ല കാരണമാണെന്ന് നിങ്ങൾ പരിഗണിക്കുമോ? അനേകരെസംബന്ധിച്ചും അങ്ങനെ ആയിരുന്നു. ആരെങ്കിലുമായി ഒരു ബന്ധം വളർത്തിയെടുക്കുന്നതിന് നാം ആ ആളെ നന്നായി അറിയേണ്ടതുണ്ട്. ദൃഷ്ടാന്തമായി, ഒരു അപരിചിതനെ അറിയുന്നതുവരെ ഒരു കൊച്ചുകുട്ടി അയാളുടെ കൈയിൽ പിടിക്കുന്നതിന് ഭയപ്പെട്ടേക്കാം. അങ്ങനെതന്നെ നാം ദൈവത്തെ വിശ്വസിച്ചുതുടങ്ങുന്നതിനുമുമ്പ് നാം അവനെ അറിയേണ്ടതുണ്ട്. മിക്ക മതങ്ങൾക്കും അവ ദൈവമായി ആരാധിക്കുന്ന ഒരു കേന്ദ്രമൂർത്തിയുണ്ടെന്നുള്ളത് സത്യംതന്നെ. എന്നാൽ മിക്കവർക്കും ദൈവം വ്യക്തമായി നിർവചിക്കപ്പെടുന്ന വ്യക്തിത്വമില്ലാത്ത അവ്യക്തനും വിദൂരനുമാണെന്നുള്ളതും സത്യമല്ലയോ? അതുകൊണ്ട് നാം അവനെ എങ്ങനെയാണ് അറിയുക?
നാം നമുക്കു ചുററുമുള്ള വസ്തുക്കളെ നോക്കുമ്പോൾ നാം കാണുന്നവയിൽ നാം ഭയന്നുപോകുന്നു. നാം സൗന്ദര്യവും ബുദ്ധിയും ശക്തിയും കണ്ടുപിടിക്കുന്നു. ഇതിന്റെയെല്ലാം ഉത്ഭവം അനേകരെ അന്ധാളിപ്പിക്കുന്നു, എന്നാൽ അത് വ്യക്തമായി വിശദീകരിക്കുന്ന ഒരു പുസ്തകമുണ്ട്. അത് ബൈബിളാണ്. അതിന്റെ ഏടുകളിലൂടെ നാം മനസ്സിലാക്കുന്നത് ഈ അത്ഭുതങ്ങൾ ഒരു പേരും വ്യക്തിത്വവുമുള്ള സ്രഷ്ടാവിൽനിന്ന് ഉത്ഭവിച്ചുവെന്നാണ്. നാം ശ്രദ്ധാപൂർവം ബൈബിൾ പഠിക്കുമ്പോൾ ദൈവത്തിന്റെ വ്യക്തിത്വം നമുക്കു സുവ്യക്തമായിത്തീരുന്നു. നാം അവനെ സ്നേഹവും പരിപാലനവുമുള്ള ഒരു ദൈവമായി മനസ്സിലാക്കുന്നു. “ദൈവം സ്നേഹമാകുന്നു”വെന്ന് ബൈബിൾ പറയുന്നു. (1യോഹന്നാൻ 4:8) നാം അവന്റെ മഹനീയമായ വ്യക്തിത്വത്തിലേക്ക് ആകർഷിക്കപ്പെടുന്നു, അത് സ്നേഹത്താലും ജ്ഞാനത്താലും നീതിയാലും ശക്തിയാലും പൂർണ്ണമായി സന്തുലിതമാണ്. തുടർന്ന് ഒരു അടുത്ത ബന്ധം ഉടലെടുക്കുന്നു.
മിസീയിക്ക് യഹോവയിലേക്ക് ആകർഷിക്കപ്പെടുന്നതിന്റെ അത്തരമൊരു അനുഭവംതന്നെ ഉണ്ടായി. അവൾ വിശദീകരിച്ചു: ‘ഞാൻ ഒരു കുട്ടിയായിരുന്നപ്പോൾ, അനേകം ദൈവങ്ങൾ ഉണ്ടെന്ന് എന്നെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു. വെള്ളത്തിന് ഒരു ദൈവവും വൃക്ഷങ്ങൾക്ക് ഒരു ദൈവവും വീടിന് ഒരു ദൈവവും ഉണ്ടായിരുന്നു. ഈ ദൈവങ്ങളുടെ അസ്തിത്വത്തെ ഞാൻ സംശയിച്ചെങ്കിലും ഒരു സത്യ ദൈവമുണ്ടായിരിക്കണമെന്ന് ഞാൻ തീർച്ചയായും വിശ്വസിച്ചിരുന്നു. എന്റെ കർശനമായ ഷിന്റോ–ബുദ്ധമത വളർത്തൽ ഞാൻ ദൈവത്തെക്കുറിച്ച് ദുഷ്പ്രവൃത്തികൾക്ക് ശിക്ഷിക്കുന്ന ഒരു ഭയങ്കരനെന്നു ചിന്തിക്കാനിടയാക്കി. ഒരു പള്ളിയിൽ പോയി ക്രിസ്തീയ ദൈവത്തെക്കുറിച്ചു പഠിക്കാൻ എനിക്കു ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്റെ ബുദ്ധമത പശ്ചാത്തലം എന്നെ പിന്തിരിപ്പിച്ചു. അങ്ങനെയിരിക്കെ ഒരു സ്ത്രീ വീട്ടിൽ വരുകയും എന്നോടുകൂടെ ബൈബിൾ പഠിക്കാമെന്ന് സമ്മതിക്കുകയുംചെയ്തു. ആ പഠനത്താൽ ദൈവത്തിന് യഹോവ എന്ന ഒരു പേരുണ്ടെന്നു ഞാൻ മനസ്സിലാക്കി. അവൻ ഭീകരനായ ഒരു ദൈവമല്ലെന്നും നമ്മെ ശിക്ഷിക്കാനല്ല പിന്നെയോ സഹായിക്കാൻ എല്ലായ്പ്പോഴും നമ്മെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന സ്നേഹവാനായ ദൈവമാണെന്നും അറിഞ്ഞതിൽ ഞാൻ പുളകംകൊണ്ടു. ഞാൻ ആ ദൈവത്തെ സേവിക്കാനാഗ്രഹിച്ചു, അതുകൊണ്ടു ഞാൻ എന്റെ മതം മാറി.’ അവൾ ഏതാണ്ട് 30 വർഷമായി ദൈവവുമായി സംതൃപ്തികരമായ ബന്ധം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.
സ്വാതന്ത്ര്യവും പ്രത്യാശയും നൽകുന്ന ബന്ധം
ദൈവവുമായി ഒരു ബന്ധം വളർത്തിയെടുത്തതിനാൽ അനേകർക്കു ലഭിച്ചിരിക്കുന്ന ഒരു പാർശ്വ പ്രയോജനമുണ്ട്. മററു ബന്ധങ്ങൾക്ക് അവരുടെ ജീവിതത്തിൽ പ്രാധാന്യം കുറഞ്ഞുവരുമ്പോൾ അനേകർ അടിമപ്പെടുത്തുന്ന മാനുഷഭയത്തിൽ നിന്നും യഥാർത്ഥ അർത്ഥവും മൂല്യവുമില്ലാത്ത ഞെരുക്കുന്ന ആചാരങ്ങളിൽനിന്നുമുള്ള സ്വാതന്ത്ര്യം നേടിയിട്ടുണ്ട്. അതുകൊണ്ട്, മിക്ക കുടുംബങ്ങളെയും നിരന്തരം കടത്തിൽ നിർത്തുന്ന അന്തസ്സും പാരമ്പര്യങ്ങളും നിലനിർത്താനുള്ള ചെലവുകളിൽനിന്ന് അവർ വിമുക്തരായിരിക്കുന്നു. “മനുഷ്യരുടെ മുമ്പാകെ വിറക്കുന്നതാണ് ഒരു കണി വെക്കുന്നത്” എന്ന് ബൈബിൾ മുന്നറിയിപ്പു നൽകുന്നു, “യഹോവയിൽ ആശ്രയിക്കുന്നവൻ സംരക്ഷിക്കപ്പെടും” എന്നുള്ള ഉറപ്പു കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.—സദൃശവാക്യങ്ങൾ 29:25.
മരണത്തെക്കുറിച്ചുള്ള ഭയത്തിൽനിന്നുള്ള സ്വാതന്ത്ര്യമാണ് നേടേണ്ടിയിരിക്കുന്ന മറെറാരു സ്വാതന്ത്ര്യം. മേലുദ്ധരിച്ച മിസീ പറയുന്നു: “എനിക്ക് 22 വയസ്സായിരുന്നപ്പോൾ എനിക്ക് ടൈഫോയിഡ് പിടിപെട്ടു. ഞാൻ അർദ്ധബോധാവസ്ഥയിൽ അവിടെ കിടന്നപ്പോൾ ഞാൻ മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതുപോലെ സുഹൃത്തുക്കളും ബന്ധുക്കളും സംസാരിക്കുന്നത് ഞാൻ കേട്ടു. എന്നാൽ ഞാൻ മരണത്തെ ഭയപ്പെട്ടിരുന്നു. എനിക്കു ജീവിക്കണമെന്നുള്ളതായിരുന്നു എന്റെ ഏക വിചാരം. സന്തോഷകരമെന്നു പറയട്ടെ, എനിക്ക് സൗഖ്യം വന്നു. എന്റെ പിൽക്കാല ബൈബിൾ പഠനത്താൽ എനിക്ക് ആ മരണഭീതിയിൽനിന്ന് മുക്തി കിട്ടി. മരണം കേവലം അസ്തിത്വമില്ലായ്മയാണെന്ന് ഞാൻ പഠിച്ചു.” ബൈബിൾ പറയുന്നു: “മരിച്ചവരെ സംബന്ധിച്ചാണെങ്കിൽ അവർക്ക് യാതൊന്നിനെക്കുറിച്ചും ബോധമില്ല.” (സഭാപ്രസംഗി 9:5, 10) ആരെങ്കിലും മരിക്കുന്നുവെങ്കിൽ, ദൈവം മരിച്ചവരെ തന്റെ ഓർമ്മയിൽ ജീവനോടെ സൂക്ഷിക്കുന്നതിനാൽ അത്ഭുതകരമായ പുനരുത്ഥാനപ്രത്യാശയുണ്ട്.—യോഹന്നാൻ 5:28, 29.
തങ്ങൾ പഠിച്ചിരിക്കുന്ന കാര്യങ്ങൾ തങ്ങളുടെ ജീവിതത്തിന് യഥാർത്ഥ അർത്ഥവും പ്രത്യാശയും നൽകിയിരിക്കുന്നതായി ബൈബിൾ പഠിക്കുന്ന അനേകർ സമാനമായി കണ്ടെത്തിയിട്ടുണ്ട്. ബൈബിൾ എഴുതപ്പെട്ടതിന്റെ ഒരു കാരണമിതാണ്, അതായത്, “നമുക്ക് പ്രത്യാശയുണ്ടാകേണ്ടതിന്.” (റോമർ 15:4) ബുദ്ധമതം ഒരു സ്രഷ്ടാവിനെക്കുറിച്ചോ ദൈവത്തെക്കുറിച്ചോ യാതൊന്നും പഠിപ്പിക്കുന്നില്ല. തിൻമയും ദുരിതവും എല്ലായ്പ്പോഴും സ്ഥിതിചെയ്തിട്ടുണ്ടെന്നും അനന്തമായ പുനർജ്ജൻമ ചക്രങ്ങളിലൂടെ എന്നേക്കും തുടരുമെന്നും പറയപ്പെടുന്നു. മരിച്ചവർ ഒരു അനിശ്ചിതസ്ഥലമായ സ്വർഗ്ഗത്തിൽ പോകുമെന്ന് മിക്ക പാശ്ചാത്യ മതങ്ങളും പഠിപ്പിക്കുന്നു. എന്നാൽ അവർ അവിടെ എന്തു ചെയ്യുമെന്നുള്ളതു സംബന്ധിച്ച് അവർക്ക് അത്ര തിട്ടമില്ല. ജീവിതത്തിന് വളരെ കുറച്ചു പ്രത്യാശയോ അർത്ഥമോ കൊടുക്കുന്ന ഈ മത തത്വശാസ്ത്രങ്ങളിൽനിന്നു വ്യത്യസ്തമായി മനുഷ്യൻ ഭൂമിയുടെ പരിപാലകൻ എന്ന നിലയിൽ അതിൽ എന്നേക്കും ജീവിതം ആസ്വദിക്കാൻ സൃഷ്ടിക്കപ്പെട്ടുവെന്ന് ബൈബിൾ പഠിപ്പിക്കുന്നു. (ഉൽപ്പത്തി 2:15-17; യെശയ്യാവ് 45:18) സ്വത്തുണ്ടാക്കാനും സ്വയം സേവിക്കാനുമല്ല പിന്നെയോ ദൈവത്തെയും മററുള്ളവരെയും നിസ്വാർത്ഥമായി സേവിക്കാനാണ് ജീവിതം ചെലവഴിക്കേണ്ടതെന്ന് നാം അങ്ങനെ തിരിച്ചറിയാനിടയാകുന്നു.—സഭാപ്രസംഗി 12:13; മത്തായി 22:37-39.
സത്യം നേടുക, യഥാർത്ഥ സുഹൃത്തുക്കളെയും
ചിലർ മററു കാരണങ്ങളാൽ മതം മാറാൻ നിർബന്ധിതരാകുന്നു. അവയിലൊന്നാണ് മതസത്യം തേടാനുള്ള ആഗ്രഹം. തീർച്ചയായും സമ്പൂർണ്ണസത്യം ഇല്ലെന്ന് അനേകർ വിചാരിക്കുന്നു. ബൈബിൾ പറയുന്നതുപോലെ, അവർ ‘അന്വേഷിക്കുന്നില്ല’.—സങ്കീർത്തനം 10:4.
എന്നാൽ തീർച്ചയായും അങ്ങനെ അന്വേഷണം നടത്തുന്ന ആളുകൾ ഉണ്ട്. മദ്ധ്യ ജപ്പാനിൽ വസിക്കുന്ന സാക്കി സത്യം കണ്ടെത്തുന്നതിന് 25 വർഷക്കാലം ഒരു ബുദ്ധമതവിഭാഗത്തിൽനിന്ന് മറെറാന്നിലേക്ക് പോയി. അവൾക്ക് ഒരിക്കലും തൃപ്തിവന്നില്ല. ഓരോ സ്ഥാപനത്തിലും അവൾ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളിലേക്കുയർന്നപ്പോൾ അവൾ തന്നെ ഇടറിക്കുന്ന കാര്യങ്ങൾ എല്ലായ്പ്പോഴും കണ്ടു—വ്യാപാരം, ദുർവൃത്തി, ചൂഷണം എന്നിങ്ങനെ. അവൾ ബുദ്ധൻ ജീവിക്കുകയും പഠിപ്പിക്കുകയുംചെയ്ത ചരിത്രപ്രധാനസ്ഥലങ്ങളിൽ ബുദ്ധമതത്തിന്റെ വേരുകൾ തേടി ഇൻഡ്യയിലേക്കുപോലും സഞ്ചരിച്ചു. ഈ ഹൈന്ദവരാജ്യത്ത് ബുദ്ധമതത്തിലുള്ള തുച്ഛമായ താൽപ്പര്യം കണ്ടതിൽ അവൾക്ക് അതിയായ നിരാശ തോന്നി. അനന്തരം യഹോവയുടെ സാക്ഷികളുമായുള്ള അവളുടെ സംഭാഷണങ്ങളിൽ എല്ലാ മതങ്ങളും ദൈവത്തിൽനിന്നല്ലെന്നും പിന്നെയോ അവന്റെ ശത്രുവായ പിശാചായ സാത്താനിൽനിന്നാണെന്നും അവളോടു പറയപ്പെട്ടു.—1 കൊരിന്ത്യർ 10:20.
ഇതു സാക്കിയെ ഞെട്ടിച്ചു. എന്നാൽ അത് അവൾ ചിന്തിക്കുന്നതിനും പരിശോധിക്കുന്നതിനും ഇടയാക്കി. അവൾ മതം മനുഷ്യവർഗ്ഗത്തിനുവേണ്ടി എന്തു ചെയ്തിരിക്കുന്നു? (ഇംഗ്ലീഷ്) എന്ന പുസ്തകവും മററു പ്രസിദ്ധീകരണങ്ങളും വായിച്ചു.a ജപ്പാനിൽ ആചരിക്കപ്പെടുന്ന ബുദ്ധമതത്തിന് വർഷങ്ങൾകൊണ്ട് പല മാററങ്ങൾ ഉണ്ടായെങ്കിലും ബൈബിളിന് ആയിരക്കണക്കിന് വർഷങ്ങളായി മാററമുണ്ടായിട്ടില്ലെന്ന് അവൾ കണ്ടുതുടങ്ങി. ഒടുവിൽ അവളുടെ അന്വേഷണം പ്രതിഫലദായകമായി. അവൾ അന്വേഷിച്ചുകൊണ്ടിരുന്ന സത്യം അവൾ കണ്ടെത്തി. അവളുടെ സന്തോഷം ഒരു വയലിൽ ഒളിച്ചുവെച്ചിരുന്ന നിക്ഷേപം കണ്ടെത്തിയ യേശുവിന്റെ ഉപമയിലെ മമനുഷ്യന്റെ സന്തോഷം പോലെയായിരുന്നു: “തന്റെ സന്തോഷം നിമിത്തം അയാൾ പോയി തനിക്കുള്ള വസ്തുക്കൾ വിൽക്കുകയും ആ വയൽ വാങ്ങുകയുംചെയ്യുന്നു.”—മത്തായി 13:44.
മതസത്യം കണ്ടെത്തിയിട്ടുള്ളവർ അത് അന്വേഷിക്കുന്ന മററുള്ളവരോട് “സഹാനുഭൂതി” പ്രകടമാക്കുന്നു. (1 പത്രോസ് 3:8) യഥാർത്ഥത്തിൽ, അവരുടെ ഊഷ്മളതയും യഥാർത്ഥസ്നേഹവും പ്രാരംഭത്തിൽ അനേകരെ ഒരു ബൈബിൾ പഠനത്തിന് ആകർഷിക്കുന്നു. “നിങ്ങൾക്ക് നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാരാകുന്നുവെന്ന് എല്ലാവരും അറിയും” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 13:35) ഇന്ന് നമുക്ക് അത്തരം സ്നേഹപൂർവകമായ അന്തരീക്ഷം എവിടെ കണ്ടെത്താൻ കഴിയും? ടോക്കിയോയുടെ ഡയിലി യോമ്യൂറിയിലെ തന്റെ പംക്തിയിൽ കാസുഹിക്കോ നഗോയാ എഴുതിയപ്പോൾ താൻ യഹോവയുടെ സാക്ഷികളുടെ ഒരു യോഗസ്ഥലം സന്ദർശിച്ച സമയത്ത് അവർ തന്നോടു പെരുമാറിയ വിധത്തെക്കുറിച്ച് അഭിപ്രായം പറയുകയുണ്ടായി. “അവരുടെ ചിരി ഒരു മുൻ മീററിംഗിൽ എന്നെ കണ്ടശേഷം എന്നെ വീണ്ടും കാണുന്നതിലുള്ള സന്തോഷംപോലെയായിരുന്നു.” എന്നാൽ വാസ്തവമതല്ലായിരുന്നു. “ഞാൻ അവരുടെ മുഖത്തു സൂക്ഷിച്ചുനോക്കി, അവരെല്ലാം തികച്ചും അപരിചിതരായിരുന്നു.” വേറെ രണ്ടുപേരും കൂടെ ചിരിച്ചപ്പോൾ “എനിക്കു സന്തോഷം തോന്നി. അവരുടെ ഏതു മീററിംഗിലും ഒരു അപരിചിതനെ കാണുമ്പോൾ അവർ ചിരിക്കുന്നത് ആ വിധത്തിലാണ്” എന്ന് നഗോയാ അനുസ്മരിക്കുന്നു.
നിരന്തരം പ്രാദേശികമായി കൂടിവരുന്നതുകൊണ്ട് അന്യോന്യം നന്നായി അറിയുന്നതുനിമിത്തമല്ല ഊഷ്മളതയും സ്നേഹവും ഉണ്ടാകുന്നത്. എന്നാൽ ബൈബിളിന്റെ ഒരു നിരന്തരപഠനത്തിൽനിന്നും തങ്ങളുടെ ജീവിതത്തിൽ അതിന്റെ തത്വങ്ങൾ ബാധകമാക്കുന്നതിൽനിന്നുമാണ് അവ സംജാതമാകുന്നത്. 1985-86-ൽ വിദേശങ്ങളിൽ നടന്ന യഹോവയുടെ സാക്ഷികളുടെ “നിർമ്മലതാപാലക” ഡിസ്ത്രിക്ട് കൺവെൻഷനുകളിൽ സംബന്ധിക്കാൻ ക്ഷണിക്കപ്പെട്ട അനേകർ തങ്ങളുടെ ആതിഥേയരാൽ കാണിക്കപ്പെട്ട സ്നേഹത്താലും ആതിഥ്യത്താലും വികാരതരളിതരായി. ഫിലിപ്പീൻസിലെ കൺവെൻഷനിൽ സംബന്ധിച്ച ജപ്പാനിൽനിന്നുള്ള ഒരു യുവ ഇണകൾ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഞങ്ങളെല്ലാം സമാപനഗീതത്തിന് ഒത്തുചേർന്ന് ഓരോരുത്തരും സ്വന്തം ഭാഷയിൽ ഗീതമാലപിച്ചപ്പോൾ ഞങ്ങൾ അത്യന്തം വികാരതരളിതരായി. യഥാർത്ഥത്തിൽ ഒരു സാർവദേശീയ സഹോദരവർഗ്ഗത്തിൽ ഉൾപ്പെടുന്നതിന്റെ അർത്ഥമെന്തെന്ന് ഞങ്ങൾ ഇദംപ്രഥമമായി അനുഭവിച്ചറിഞ്ഞു.”
ഒടുവിൽ, ബൈബിൾ പഠിക്കുകയും അതിലെ തത്വങ്ങൾ ബാധകമാക്കുകയും ചെയ്തതിന്റെ ഫലമായി തങ്ങളുടെ ജീവിതത്തിൽ വരുത്തിയ വലിയ മാററങ്ങളെക്കുറിച്ച് അനേകർ നിങ്ങളോടു പറയും. മുമ്പ് ആടുകളും ചെന്നായ്ക്കളും തമ്മിലെന്നപോലെ വ്യത്യസ്തവ്യക്തിത്വമുണ്ടായിരുന്നവർ ഇപ്പോൾ ക്രിസ്തീയ സമ്മേളനത്തിൽ സമാധാനപരമായി ഒത്തുകഴിയുന്നു. (യെശയ്യാവ് 11:6) ചിലർ ഭാവഭേദങ്ങളുള്ളവരും സൗഹൃദഭാവമില്ലാത്തവരും ക്ഷിപ്രകോപികളും ഭയമുള്ളവർ പോലുമായിരുന്നു. മററു ചിലർക്ക് വിഷാദത്തിന്റെ കുഴപ്പമുണ്ടായിരുന്നു. ഇനിയും ചിലർ അന്തർമുഖരും സ്വാർത്ഥചിന്തക്കാരുമായിരുന്നു. അനേകർക്ക് തരണംചെയ്യേണ്ട ദുശ്ശീലങ്ങൾ ഉണ്ടായിരുന്നു. എന്നാൽ തീവ്രശ്രമവും ഒപ്പം ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹവും നിമിത്തം അവർക്ക് ഗംഭീരമായ മാററങ്ങൾ വരുത്താൻ കഴിഞ്ഞു.
നിങ്ങളെ സംബന്ധിച്ചെന്ത്? മാററങ്ങൾ വരുത്തുന്നതിനുള്ള മേൽപ്പറഞ്ഞ കാരണങ്ങളിൽ ഏതെങ്കിലും നിങ്ങൾക്ക് ആകർഷകമായിരിക്കുന്നുവോ? അങ്ങനെയെങ്കിൽ ബൈബിളിന്റെ ഗൗരവപൂർണ്ണമായ ഒരു പഠനം നടത്താൻ ഞങ്ങൾ നിങ്ങളെ പ്രോൽസാഹിപ്പിക്കുകയാണ്. സകല വ്യാജമതങ്ങളും ബൈബിളിലെ ദൈവവുമായുള്ള ഒരു ഏററുമുട്ടലിന്റെ പാതയിലാണ് എന്ന് ബൈബിൾ പ്രകടമാക്കുന്നു. മുൻ ലേഖനത്തിൽ പറഞ്ഞ പയലററിനെപ്പോലെ നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവനെ രക്ഷിക്കാൻ നിങ്ങൾ കർശനമായ നടപടി സ്വീകരിക്കേണ്ടതുണ്ടായിരിക്കാം. “നാശത്തിലേക്കുള്ള വഴി വീതിയുള്ളതും വിശാലവുമാകുന്നു, അതിലെ പോകുന്നവർ അനേകരാണ്; അതേസമയം ജീവനിലേക്കുള്ള പടിവാതിൽ ഇടുങ്ങിയതും വഴി ഞെരുക്കമുള്ളതുമാകുന്നു” എന്ന് യേശു പറഞ്ഞു. (മത്തായി 7:13, 14) അതെ, നിങ്ങൾ “വീതിയുള്ളതും വിശാലവുമായ” വഴിയേയാണ് നടക്കുന്നതെങ്കിൽ, നിങ്ങൾക്ക് മതം മാറാനുള്ള നല്ല കാരണങ്ങളുണ്ട്! (w88 6/1)
[അടിക്കുറിപ്പുകൾ]
a വാച്ച് ററവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി പ്രസിദ്ധപ്പെടുത്തിയത്.
[5-ാം പേജിലെ ചിത്രം]
എന്റെ കർശനമായ ഷിന്റോ–ബുദ്ധമത വളർത്തൽ ഞാൻ ദൈവത്തെക്കുറിച്ചു ഒരു ഭയങ്കരനെന്നു ചിന്തിക്കാനിടയാക്കി
[7-ാം പേജിലെ ചിത്രം]
‘ജീവനിലേക്കു നയിക്കുന്ന പാത ഞെരുക്കമുള്ളതാകുന്നു’