ഗ്രീസ്—അഞ്ചാംലോകമഹച്ഛക്തി
വേഗതയും ചിറകുമുള്ള ഒരു പുള്ളിപ്പുലിയെപ്പോലെ, അലക്സാണ്ടർ ഏഷ്യാമൈനറും (ആധുനികനാളിലെ ടർക്കി) പാലസ്തീനും ഈജിപ്ററും ഇൻഡ്യയുടെ അതിർവരെ വ്യാപിച്ച മെദോപേർഷ്യൻ സാമ്രാജ്യവും ജയിച്ചടക്കാൻ ഗ്രീസിൽനിന്ന് വന്നു. ഈ അപൂർവജേതാവിനെയും ബൈബിൾ അയാളെക്കുറിച്ചു പറഞ്ഞതിനെയും സംബന്ധിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
യുവാവായിരുന്ന അലക്സാണ്ടർ 20 വയസ്സു മാത്രം പ്രായമുണ്ടായിരുന്നപ്പോൾ മാസിഡോണിയയുടെ സിംഹാസനാവകാശിയായിത്തീർന്നു. രണ്ടു വർഷങ്ങൾക്കുശേഷം, അലക്സാണ്ടർ തന്റെ പിതാവായ ഫിലിപ്പിന്റെ പ്ലാനനുസരിച്ച്, കിഴക്കൻ സാമ്രാജ്യത്തിലെ ശക്തരായ പേർഷ്യാക്കാർക്കെതിരെ ഒരു പ്രതികാരപോരാട്ടം തുടങ്ങി. അലക്സാണ്ടർ നിർത്തുന്നതിനു മുമ്പ് തന്റെ കാലത്തെ ലോകം പിടിച്ചടക്കിയിരുന്നു.
ഈ ഊർജ്ജസ്വലനായ യുവ സൈനിക യുദ്ധതന്ത്രജ്ഞൻ ഏഷ്യാമൈനർ, സിറിയാ, പാലസ്തീൻ, ഈജിപ്ററ്, ബാബിലോണിയാ, പുരാതന ഇൻഡ്യയുടെ കവാടംവരെയുള്ള മുഴു മെദോപേർഷ്യൻ സാമ്രാജ്യം എന്നിവയിലൂടെ പാഞ്ഞുകയറി! ഒരുപക്ഷേ പുരാതനകാലത്തെ ഏററവും വലിയ ജനറൽ എന്നു പരിഗണിക്കപ്പെട്ട അയാൾ ഇന്ന് മഹാനായ അലക്സാണ്ടർ എന്ന് അറിയപ്പെടുന്നു.
അതിശയകരമായ ഒരു ചുരുങ്ങിയ സമയത്തിനുള്ളിൽ ഗ്രീസ് ബൈബിൾ ചരിത്രത്തിലെ ലോകശക്തികളിൽ അഞ്ചാമത്തേതായിത്തീർന്നു—അതിനു മുമ്പുണ്ടായിരുന്ന ഏതിനേക്കാളും വലിയത്. അത്തരം ഒരു സംഗതി നടന്നത് എങ്ങനെയായിരുന്നു? അത് ദൈവവചനത്തോട് ബന്ധപ്പെടുന്നതെങ്ങനെയാണ്? അത് നിങ്ങൾക്കെന്തർത്ഥമാക്കുന്നു?
ബൈബിൾ പ്രവചനത്തിൽ മുൻകൂട്ടിപ്പറയപ്പെട്ടു
അലക്സാണ്ടറിന്റെ കാലത്തിന് ഇരുനൂറു വർഷങ്ങൾക്കുമുമ്പ്, ബാബിലോൻ പ്രാബല്യത്തിലിരിക്കുമ്പോൾ മേദ്യരും പേർഷ്യക്കാരും അതുവരെ ലോകശക്തിയായിത്തീർന്നിട്ടില്ലാതിരിക്കെ യഹോവയുടെ പ്രവാചകനായിരുന്ന ദാനിയേലിന് ഭാവിലോക ചരിത്രത്തെ വിവരിക്കുന്ന രണ്ടു വലിയ പ്രവാചകദർശനങ്ങൾ കൊടുക്കപ്പെട്ടു. പിന്നീട്, ബാബിലോൻ വീണശേഷം, അവന്റെ കാലത്തിനുംശേഷം വളരെനാൾ കഴിഞ്ഞ് സംഭവിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് അവന് മൂന്നാമത് ഒരു പ്രവചനം ലഭിച്ചു. ദാനിയേൽ അവ എഴുതി. രണ്ടു നൂററാണ്ടുകളോളം കഴിയുന്നതുവരെ നിവൃത്തിയേറാൻ തുടങ്ങാതിരുന്ന ഈ പ്രവചനങ്ങളിൽ, അലക്സാണ്ടറിനും അയാളുടെ രാജ്യത്തിനും സംഭവിക്കാനിരുന്ന കാര്യങ്ങളെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അടങ്ങിയിരുന്നു.
ദാനിയേലിന് വെളിപ്പെടുത്തപ്പെട്ടത് എന്തായിരുന്നു? നിങ്ങൾക്ക് ഈ പ്രവചനങ്ങൾ ക്രി.മു. ഏകദേശം 536-ൽ എഴുതപ്പെട്ട ദാനിയേൽ എന്ന ബൈബിൾപുസ്തകത്തിൽ കണ്ടെത്താൻ കഴിയും. ചുരുക്കത്തിൽ, അഞ്ചാം ലോകശക്തിയായിരുന്ന ഗ്രീസിനോടുള്ള ബന്ധത്തിൽ അവൻ കണ്ട കാര്യങ്ങൾ ഇവയായിരുന്നു:
ആദ്യത്തെ പ്രവാചകദർശനത്തിൽ ഗ്രീസ് ശീഘ്രഗമനത്തിന് സജ്ജമാക്കപ്പെട്ട ഒരു പുള്ളിപ്പുലിയാൽ പ്രതിനിധാനം ചെയ്യപ്പെട്ടിരുന്നു. “അതിന് അതിന്റെ മുതുകിൽ പറക്കുന്ന ജീവിയുടെ നാലു ചിറകുകൾ ഉണ്ടായിരുന്നു. . . . അതിന് നിശ്ചയമായും ആധിപത്യം കൊടുക്കപ്പെട്ടു.”—ദാനിയേൽ 7:6.
രണ്ടാമത്തെ പ്രവാചകദർശനത്തിൽ ഒരു കോലാട്ടുകൊററൻ “സൂര്യാസ്തമയത്തിങ്കൽ നിന്ന് [പടിഞ്ഞാറ്] മുഴു ഭൂതലത്തിൻമേലുമായി നിലംതൊടാതെ” അത്ര വേഗതയിൽ ഗമിക്കുന്നതായി കാണപ്പെട്ടു. അത് “മേദ്യയുടെയും പേർഷ്യയുടെയും രാജാക്കൻമാരെ പ്രതിനിധാനംചെയ്യുന്നു” എന്ന് ദൂതൻ പറഞ്ഞ രണ്ടു കൊമ്പുള്ള ആട്ടുകൊററന്റെ നേരെ വന്നു. കോലാട്ടുകൊററൻ “ആട്ടുകൊററനെ ഇടിച്ചുവീഴിക്കാനും അതിന്റെ രണ്ടു കൊമ്പുകൾ തകർക്കാനും പുറപ്പെട്ടു.” ദാനിയേലിനോട് ഇപ്രകാരം പറയപ്പെട്ടു: “രോമാവൃതമായ കോലാട്ടുകൊററൻ ഗ്രീക്കുരാജാവിനെ പ്രതിനിധാനംചെയ്യുന്നു.”—ദാനിയേൽ 8:5-8, 20, 21.
മൂന്നാമത്തെ സംഭവത്തിൽ, “ഒരു പേർഷ്യൻ രാജാവ് . . . എല്ലാററിനെയും ഗ്രീക്ക് രാജ്യത്തിനെതിരെ ഇളക്കിവിടും. ശക്തനായ ഒരു രാജാവ് നിശ്ചയമായും എഴുന്നേൽക്കുകയും വിപുലമായ അധികാരത്തോടെ ഭരിക്കുകയും അവന്റെ ഇഷ്ടപ്രകാരം പ്രവർത്തിക്കുകയും ചെയ്യും.”—ദാനിയേൽ 11:2, 3.
ഈ പ്രതീകങ്ങളുടെ അർത്ഥമെന്തായിരുന്നു? ദാനിയേലിനോട് പറയപ്പെട്ട വിധങ്ങളിൽ ഈ കാര്യങ്ങൾ സംഭവിച്ചോ? നമുക്കു കാണാം.
പ്രവചനങ്ങൾ നിവൃത്തിയേറി
ക്രി.മു. 334-ാം ആണ്ടിലെ വസന്തത്തിൽ അലക്സാണ്ടർ 30,000ത്തോളം കാലാൾപടയും 5,000 അശ്വസേനയുമായി ഡാർഡനെൽസിൽ (പുരാതന ഹെലസ്പോണ്ട്) ഏഷ്യയിൽ പ്രവേശിച്ചു. നാലു ചിറകുകളുള്ള ഒരു പ്രതീകാത്മക പുള്ളിപ്പുലിയുടെ അല്ലെങ്കിൽ നിലംതൊടാതെ വരുന്നതെന്നു തോന്നിയ ഒരു കോലാട്ടുകൊററന്റെ വേഗതയിൽ അയാൾ സ്വന്തം രാജ്യത്തിന്റെ 50 ഇരട്ടി വരുന്ന പേർഷ്യൻ ഭരണപ്രദേശങ്ങളിലൂടെ മുന്നേറി! അയാൾ “വിപുലമായ അധികാരത്തോടെ ഭരിക്കയും സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുകയും ചെയ്തോ”? ചരിത്രം ഉത്തരം നൽകുന്നു.
ഏഷ്യാമൈനറിന്റെ (ആധുനിക തുർക്കി) വടക്കുപടിഞ്ഞാറെ മൂലയിൽ ഗ്രാനിക്കസ് നദിയിങ്കൽ അലക്സാണ്ടർ പേർഷ്യക്കെതിരെയുള്ള തന്റെ യുദ്ധത്തിൽ ആദ്യ വിജയം നേടി. ആ ഹേമന്തകാലത്ത് അയാൾ പശ്ചിമ ഏഷ്യാമൈനർ പിടിച്ചടക്കി. തുടർന്നു വന്ന ശരത്കാലത്ത് ഏഷ്യാമൈനറിന്റെ തെക്കുകിഴക്കേ മൂലയിലുള്ള ഇസ്സുസ്സിൽ വെച്ച് അയാൾ അഞ്ചുലക്ഷം എന്നു കണക്കാക്കപ്പെട്ട ഒരു പേർഷ്യൻ സൈന്യത്തെ പൂർണ്ണമായി തോൽപ്പിച്ചു, പേർഷ്യയിലെ മഹാരാജാവായിരുന്ന ഡേറിയസ് III-ാമൻ അയാളുടെ കുടുംബത്തെ അലക്സാണ്ടറുടെ കൈകളിൽ ഉപേക്ഷിച്ചുകൊണ്ട് പലായനം ചെയ്തു.
പലായനം ചെയ്ത പേർഷ്യൻ സൈന്യത്തെ പിന്തുടരുന്നതിനു പകരം അലക്സാണ്ടർ മെഡിറററേനിയൻ തീരത്തുകൂടെ തെക്കോട്ടു മാർച്ചുചെയ്ത് ശക്തമായ പേർഷ്യൻ കപ്പൽപട ഉപയോഗിച്ചിരുന്ന താവളങ്ങൾ പിടിച്ചടക്കി. ദ്വീപനഗരമായ സോർ ഏഴുമാസം ചെറുത്തുനിന്നു. ഒടുവിൽ നെബുക്കദ്നേസർ നശിപ്പിച്ചുകളഞ്ഞിരുന്ന പഴയ വൻകരയിലെ നഗരത്തിന്റെ പാറക്കഷണങ്ങൾ ഉപയോഗിച്ച് അലക്സാണ്ടർ ദ്വീപനഗരത്തിലേക്ക് ഒരു വരമ്പുവഴി ഉണ്ടാക്കി. ആ വരമ്പിന്റെ അവശിഷ്ടങ്ങൾ, ഇന്നും ദൃശ്യമാണ്, സോറിന്റെ പൊടി സമുദ്രത്തിൽ എറിഞ്ഞുകളയും എന്ന യെഹെസ്ക്കേലിന്റെ പ്രവചനം നിവർത്തിച്ചുകൊണ്ടുതന്നെ.—യെഹെസ്ക്കേൽ 26:4, 12.
തനിക്ക് കീഴടങ്ങിയ യരുശലേമിനെ ഒഴിവാക്കിക്കൊണ്ട് അലക്സാണ്ടർ തെക്കോട്ട് നീങ്ങി ഗാസാ പിടിച്ചെടുക്കുകയും “തന്റെ വിപുലമായ അധികാരം” വികസിപ്പിക്കുകയും താൻ ഒരു വിമോചകനായി സ്വീകരിക്കപ്പെട്ട ഈജിപ്ററിൽ “തന്റെ ഇഷ്ടപ്രകാരം” പ്രവർത്തിക്കുകയുംചെയ്തു. മെംഫിസ്സിൽ അയാൾ ഏപ്പിസ് കാളക്ക് ബലിയർപ്പിക്കുകയും അങ്ങനെ ഈജിപ്ഷ്യൻ പുരോഹിതൻമാരെ പ്രസാദിപ്പിക്കുകയും ചെയ്തു. അയാൾ അലക്സാണ്ട്രിയ നഗരവും സ്ഥാപിച്ചു, അത് പിന്നീട് ഒരു വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിൽ ആതെൻസിനോടു മത്സരിച്ചു. അതിന് ഇപ്പോഴും അയാളുടെ നാമംതന്നെയാണുള്ളത്.
ഫിലിപ്പിന്റെ സകല ലക്ഷ്യങ്ങളും സാധിക്കുകയും കവിയുകയുംചെയ്തിരുന്നു, എന്നാൽ അലക്സാണ്ടർ അശേഷം പൂർത്തീകരിച്ചിരുന്നില്ല. വേഗതയുള്ള ഒരു കോലാട്ടുകൊററനെപ്പോലെ അയാൾ പാലസ്തീനിലൂടെ വടക്കുകിഴക്കോട്ട് പിന്തിരിഞ്ഞുപോകുകയും ടൈഗ്രീസ് നദിയിങ്കലേക്കു മുന്നേറുകയുംചെയ്തു. അതുകൊണ്ട്, ക്രി.മു. 331-ൽ അയാൾ മുൻ അസ്സീറിയൻ തലസ്ഥാനമായിരുന്ന നിനവേയുടെ തകർന്നുതുടങ്ങിയ ശൂന്യശിഷ്ടങ്ങളിൽനിന്ന് അകലെയല്ലാതെ ഗ്വാഗാമെലായിൽ പേർഷ്യക്കാരുമായി ഏററുമുട്ടി. അലക്സാണ്ടറുടെ 47,000 പടയാളികൾ 10,00,000ത്തോളം വരുന്ന ഒരു പുനഃസംഘടിത പേർഷ്യൻസൈന്യത്തെ കീഴടക്കി.
വിജയത്താൽ ഗർവ്വിഷ്ഠനായി അലക്സാണ്ടർ തെക്കോട്ടു തിരിയുകയും പേർഷ്യൻ ഗ്രീഷ്മ തലസ്ഥാനമായ ബാബിലോൻ പിടിച്ചടക്കുകയുംചെയ്തു. അയാൾ സൂസായിലെയും പെർസിപ്പോളിസിലെയും തലസ്ഥാനങ്ങളും പിടിച്ചെടുക്കുകയും ബൃഹത്തായ പേർഷ്യൻ ഖജനാവ് കൈയടക്കുകയും സേർക്സസിന്റെ വമ്പിച്ച കൊട്ടാരത്തിനു തീവെക്കുകയും ചെയ്തു. ഒടുവിൽ, എക്ബററനായിലെ തലസ്ഥാനം അയാൾക്ക് കീഴടങ്ങി. ഈ ശീഘ്രഗാമിയായ ജേതാവ് പിന്നീട് പേർഷ്യൻപ്രദേശത്തിന്റെ ശേഷിച്ച ഭാഗം കീഴടക്കുകയും ആധുനിക പാകിസ്ഥാനിലെ ഇൻഡസ്നദിവരെ കിഴക്കോട്ട് പ്രയാണംചെയ്യുകയും ചെയ്തു. നിസ്സംശയമായി, ഗ്രീസ് ബൈബിൾ ചരിത്രത്തിലെ അഞ്ചാമത്തെ മഹച്ഛക്തിയായിത്തീർന്നിരുന്നു.
അലക്സാണ്ടറുടെ ദിഗ്വിജയം ഈ വിസ്തൃതമായ മണ്ഡലത്തിലാകെ ഗ്രീക്ക്ഭാഷയെയും സംസ്ക്കാരത്തെയും വ്യാപിപ്പിക്കുകയും ചെയ്തു. ജയിച്ചടക്കപ്പെട്ട രാജ്യങ്ങളിൽ ഗ്രീക്ക് കോളനികൾ സ്ഥാപിക്കപ്പെട്ടതോടെ പൊതു കൊയ്നി ഗ്രീക്ക് ആ നാളിലെ സാർവദേശീയ ഭാഷയായിത്തീർന്നു. ആ ഭാഷയായിരുന്നു പിൽക്കാലത്ത് ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ രേഖപ്പെടുത്താൻ ഉപയോഗിക്കപ്പെട്ടത്.
അലക്സാണ്ടറുടെ രാജ്യം വിഭജിക്കപ്പെടുന്നു
അലക്സാണ്ടർ തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി ബാബിലോനെ പുനർനിർമ്മിക്കാൻ ആഗ്രഹിച്ചു. എന്നാൽ ഇത് സംഭവിക്കാൻപാടില്ലായിരുന്നു. രോമാവൃതമായ കോലാട്ടുകൊററന് ഒരൊററ വലിയ കൊമ്പ് ഉള്ളതായി പ്രവചനം വർണ്ണിച്ചിരുന്നു, അതിനെ സംബന്ധിച്ച് ദാനിയേൽ ഇങ്ങനെ പറഞ്ഞിരുന്നു:
“കോലാടുകളിലെ മുട്ടാട്, അതിന്റെ ഭാഗത്ത് അങ്ങേയററത്തെ ഭാവം നടിച്ചു; എന്നാൽ അത് ബലപ്പെട്ട ഉടനെ വലിയ കൊമ്പ് ഒടിഞ്ഞുപോയി, അതിനു പകരം നാലെണ്ണം ആകാശങ്ങളിലെ നാലു കാററുകളുടെ നേരെയും പ്രമുഖമായിത്തീരാൻ തുടങ്ങി. . . . രോമാവൃതമായ കോലാട്ടുകൊററൻ ഗ്രീസിലെ രാജാവിനെ പ്രതിനിധാനംചെയ്യുന്നു; അതിന്റെ കണ്ണുകൾക്കു നടുവിലെ വലിയ കൊമ്പിനെ സംബന്ധിച്ചാണെങ്കിൽ അത് ഒന്നാമത്തെ രാജാവിനെ പ്രതിനിധാനംചെയ്യുന്നു. അതിനു പകരം ഒടുവിൽ നാലെണ്ണം എഴുന്നേൽക്കത്തക്കവണ്ണം ആ ഒന്നു തകർന്നതോ, അയാളുടെ ജനതയിൽനിന്ന്, എന്നാൽ അയാളുടെ ശക്തിയിൽനിന്നല്ലാതെ എഴുന്നേൽക്കുന്ന നാലു രാജ്യങ്ങളുണ്ട്.”—ദാനിയേൽ 8:8, 21, 22.
“അവൻ എഴുന്നേററുകഴിയുമ്പോൾ അവന്റെ രാജ്യം തകരുകയും ആകാശങ്ങളിലെ നാലു കാററുകളിലേക്കും വിഭജിക്കപ്പെടുകയുംചെയ്യും, എന്നാൽ അയാളുടെ സന്തതികൾക്കല്ല, അയാൾ ഭരിച്ചിരുന്ന അധികാരമനുസരിച്ചുമല്ല; എന്തുകൊണ്ടെന്നാൽ അയാളുടെ രാജ്യം ഇവരല്ലാതെ മററുള്ളവർക്കുപോലുമായി പിഴുതെടുക്കപ്പെടും.”—ദാനിയേൽ 11:4.
ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ അയാളുടെ ലോകാധിപത്യം ഹ്രസ്വകാലത്തേക്കായിരുന്നു. അയാളുടെ വിജയശ്രീലാളിതമായ ജീവിതവൃത്തിയുടെ ഔന്നത്യത്തിൽ, വെറും മുപ്പത്തിരണ്ടാം വയസ്സിൽ, അലക്സാണ്ടറുടെ നിർദ്ദയമായ ദിഗ്വിജയങ്ങൾക്ക് അറുതിവന്നു. മലമ്പനി പിടിപെട്ടതോടെ അയാൾ വിരുന്നുകഴിച്ചു മത്തുപിടിക്കുന്നതിൽ തുടർന്നു. അയാൾ പെട്ടെന്ന് ബാബിലോനിൽ വെച്ച് ക്രി.മു. 323ൽ മരിച്ചു. അയാളുടെ മൃതദേഹം ഈജിപ്ററിലേക്കു കൊണ്ടുവരുകയും അലക്സാണ്ട്രിയായിൽ കല്ലറയിൽ വെക്കുകയുംചെയ്തു. “ഒന്നാമത്തെ രാജാവിനെ പ്രതിനിധാനംചെയ്യുന്ന” “വലിയ കൊമ്പ്” തകർന്നുപോയിരുന്നു. അപ്പോൾ അയാളുടെ സാമ്രാജ്യത്തിന് എന്ത് സംഭവിച്ചു?
അയാളുടെ രാജ്യം വിഭജിതമാകുമെന്ന്, എന്നാൽ “അയാളുടെ സന്തതികൾക്കല്ലാ”യിരിക്കുമെന്ന് പ്രവചനം പറഞ്ഞിരുന്നു. അലക്സാണ്ടറുടെ അപ്രാപ്തനായ സഹോദരനായിരുന്ന ഫിലിപ്പ് അല്പകാലം ഭരിക്കുകയും പിന്നീടു കൊല്ലപ്പെടുകയുംചെയ്തു. അലക്സാണ്ടറിന്റെ നിയമാനുസൃത പുത്രനായിരുന്ന അലക്സാണ്ടറും (അല്ലൗ) അവിഹിത പുത്രനായിരുന്ന ഹെറാക്കിൾസും (ഹെർക്കുലസ്) അങ്ങനെതന്നെ. അങ്ങനെ വലിയ രക്തപാതകിയായിരുന്ന മഹാനായ അലക്സാണ്ടറുടെ വംശാവലി അസ്തമിച്ചു.
“അയാളുടെ ജനതയിൽനിന്ന്, എന്നാൽ അയാളുടെ ശക്തിയിൽനിന്നല്ലാതെ എഴുന്നേൽക്കുന്ന നാലു രാജ്യങ്ങളുണ്ട്” എന്നും അയാളുടെ രാജ്യം “ആകാശങ്ങളിലെ നാലു കാററുകളുടെ നേരെ വിഭജിക്കപ്പെടുമെന്നും, എന്നാൽ . . . അയാൾ ഭരിച്ചിരുന്ന അയാളുടെ അധികാരമനുസരിച്ചല്ല”എന്നും കൂടെ മുൻകൂട്ടിപ്പറഞ്ഞിരുന്നു. ഇത് സംഭവിച്ചോ?
കാലക്രമത്തിൽ, അലക്സാണ്ടറുടെ വിസ്തൃതമായ സാമ്രാജ്യം അയാളുടെ നാലു ജനറൽമാർക്കായി വിഭജിക്കപ്പെട്ടു: (1) ജനറൽ കസാണ്ടർ—മാസിഡോണിയായും ഗ്രീസും. (2) ജനറൽ ലിസിമാക്കസ്—ഏഷ്യാമൈനറും യൂറോപ്യൻ ത്രേസും. (3) ജനറൽ സെല്യൂക്കസ് നിക്കേററർ—ബാബിലോണിയാ, മേദ്യ, സിറിയാ, പേർഷ്യാ, ഇൻഡസ് നദിവരെയുള്ള കിഴക്കൻ പ്രവിശ്യകൾ. (4) ജനറൽ ടോളമി ലാഗസ്—ഈജിപ്ററ്, ലിബിയ, പാലസ്തീൻ. പ്രവചിക്കപ്പെട്ടിരുന്നതുപോലെ, അലക്സാണ്ടറിന്റെ വലിയ ഏക രാജ്യത്തിൽനിന്നാണ് നാല് യവന രാജ്യങ്ങൾ ഉയർന്നുവന്നത്.a
ഇവയിൽ ഏററവും ദീർഘമായി നിലനിന്നത് ഈജിപ്ററിലെ റേറാളമിക്ക് രാജ്യമായിരുന്നു. അത് ക്രി.മു. 30-ൽ റോമായിക്ക് കീഴടങ്ങി, അതിനുശേഷം റോമാ ഗ്രീസിന്റെ സ്ഥാനത്തു വരുകയും ആറാം ലോകമഹച്ഛക്തിയായിത്തീരുകയുംചെയ്തു.
മനുഷ്യവർഗ്ഗത്തിന് ഏറെ ശോഭനമായ പ്രത്യാശകൾ
മർദ്ദക ലോകശക്തികൾ അനിശ്ചിതകാലം പിന്തുടർന്നുകൊണ്ടിരിക്കണമായിരുന്നോ? വേണ്ട, നാം അവയിൽ അവസാനത്തേതിന്റെ അവസാനത്തോടടുത്താണ് ജീവിക്കുന്നതെന്ന് ബൈബിൾ നമ്മോടു പറയുന്നു.—വെളിപ്പാട് 17:10.
ഈ മൃഗതുല്യ മാനുഷ ഗവൺമെൻറുകളെ വീക്ഷിച്ചശേഷം ദാനിയേൽ വ്യത്യസ്തമായ ഒന്നു കണ്ടു. അവന് സ്വർഗ്ഗങ്ങളോളംതന്നെ വ്യാപിക്കുന്ന ഒരു ദർശനം കൊടുക്കപ്പെട്ടു, അവിടെ “പുരാതനനായ” ദൈവംതന്നെ ഭാവിയിൽ പിടിച്ചുപറിക്കുന്ന എതെങ്കിലും മാനുഷ നേതാവിനല്ല, പിന്നെയോ “മനുഷ്യപുത്രനെപ്പോലെയുള്ള ഒരുവന്”—പുനരുത്ഥാനം പ്രാപിച്ച സ്വർഗ്ഗീയ യേശുക്രിസ്തുവിന്—രാജ്യം കൊടുക്കുന്നത് അവൻ കണ്ടു!—ദാനിയേൽ 7:9, 10, 13.
എന്തോരു വ്യത്യാസം! ആ സ്വർഗ്ഗീയരാജ്യവും അതിന്റെ ഭരണാധിപത്യവും ഭൂമിയിലെ യുദ്ധക്കൊതിയൻമാരായിരുന്ന മുൻ രാജാക്കൻമാരുടേതിൽനിന്ന് എത്ര വ്യത്യസ്തമായിരിക്കേണ്ടതായിരുന്നു. ദാനിയേൽ ഉയർത്തപ്പെട്ട ഈ സ്വർഗ്ഗീയ “മനുഷ്യപുത്ര”നെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ജനങ്ങളും ദേശീയസംഘങ്ങളും ഭാഷകളുമെല്ലാം അവനെത്തന്നെ സേവിക്കേണ്ടതിന് അവന് ഭരണാധിപത്യവും പ്രതാപവും രാജ്യവും കൊടുക്കപ്പെട്ടു. അവന്റെ ഭരണാധിപത്യം നീങ്ങിപ്പോകുകയില്ലാത്ത അനിശ്ചിതകാലം നിലനിൽക്കുന്ന ഒരു ഭരണാധിപത്യവും അവന്റെ രാജ്യം നശിപ്പിക്കപ്പെടുകയില്ലാത്തതുമായിരിക്കും.” (ദാനിയേൽ 7:14) അത് സമാധാനവും നീതിയുമുള്ള ഒരു രാജ്യമായിരിക്കേണ്ടിയിരുന്നു.—യെശയ്യാവ് 9:6, 7.
നാം മനുഷ്യഭരണത്തിന്റെ അത്യാഗ്രഹത്തെയും അക്രമത്തെയും പിന്തിരിഞ്ഞുനോക്കുമ്പോൾ ഈ സ്വർഗ്ഗീയരാജ്യം ഇപ്പോൾത്തന്നെ സ്ഥാപിക്കപ്പെട്ടിരിക്കുന്നുവെന്നും അതിന്റെ നീതിനിഷ്ഠമായ ഭൂവ്യാപക ഭരണം സമീപിച്ചിരിക്കുന്നുവെന്നും അറിയുന്നതിൽ നമുക്ക് എത്ര സന്തുഷ്ടരായിരിക്കാൻകഴിയും!—വെളിപ്പാട്12:10,12.
“എന്തെന്നാൽ ദർശനം ഇനിയും നിയമിതകാലത്തേക്കുള്ളതാണ്, അത് അവസാനത്തിലേക്ക് ബദ്ധപ്പെടുകയാണ്, അത് ഒരു വ്യാജം പറയുകയില്ല. അത് താമസിക്കണമെങ്കിൽത്തന്നെ അതിനെ പ്രതീക്ഷിച്ചിരിക്കുക; എന്തെന്നാൽ അത് തീർച്ചയായും സത്യമായി ഭവിക്കും. അത് താമസിക്കുകയില്ല.”—ഹബക്കൂക്ക് 2:3. (w88 4/15)
[അടിക്കുറിപ്പുകൾ]
a അലക്സാണ്ടറുടെ സാമ്രാജ്യം വിഭജിക്കപ്പെട്ടശേഷമുള്ള പ്രക്ഷുബ്ധമായ സംഭവങ്ങൾ “വടക്കിന്റെ രാജാവിനെക്കുറിച്ചും” “തെക്കിന്റെ രാജാവിനെക്കുറിച്ചു”മുള്ള പ്രവചനത്തിൽ മുൻകൂട്ടിപ്പറഞ്ഞിരുന്നു. ദാനിയേൽ 11-ാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ പ്രവചനം വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി പ്രസിദ്ധീകരിച്ച “നിന്റെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടണം” എന്ന പുസ്തകത്തിന്റെ 229-48 പേജുകളിൽ വിശദമായി ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്.
[27-ാം പേജിലെ ഭൂപടം]
[പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക]
അലക്സാണ്ടറുടെ രാജ്യത്തിന്റെ വ്യാപ്തി
പെല്ലാ
സർദ്ദീസ്
ഇസ്സൂസ്സ്
ഡമാസ്ക്കസ്
സോർ
യെരുശലേം
അലക്സാണ്ട്രിയാ
മെംഫിസ്
തെബിസ്
യൂഫ്രട്ടീസ് നദി
ടൈഗ്രിസ് നദി
ഗ്വാഗാമെലാ
ബാബിലോൻ
എക്ബറ്റനാ
ശൂശൻ
പെർസിപ്പോളിസ്
അലക്സാണ്ട്രിയാ എഷേറ്റ്
ടാക്സിലാ
സിന്ധൂ നദി
[29-ാം പേജിലെ ഭൂപടം]
[പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക]
അലക്സാണ്ടറുടെ സാമ്രാജ്യം പിരിഞ്ഞുണ്ടായ വിഭാഗങ്ങൾ
മഹാ സമുദ്രം
കസാണ്ടർ
പെല്ലാ
ലിസിമാക്കസ്
ലിസിമാക്കിയാ
ടോളമി ലാഗസ്
അലക്സാണ്ട്രിയാ
സെല്യൂക്കസ് നിക്കേറ്റർ
അന്ത്യോക്യ
സെലൂഷ്യാ
[28-ാം പേജിലെ ചിത്രം]
ആധുനിക നാളിലെ അലക്സാൻഡ്രിയായിക്കു സമീപമുള്ള തീരദേശ അതിർത്തി
[കടപ്പാട്]
Pictorial Archive (Near Eastern History) Est.