യെശയ്യാ പുസ്തകം “യിസ്രായേലിന്റെ പരിശുദ്ധൻ” എന്നനിലയിൽ യഹോവയെ വാഴ്ത്തുന്നു
യെശയ്യാ പുസ്തകം “യിസ്രായേലിന്റെ പരിശുദ്ധൻ” എന്നനിലയിൽ ഒരു മുന്തിയ വിധത്തിൽ യഹോവയെ വാഴ്ത്തുന്നു, ഈ പ്രയോഗം മൊത്തം ഇരുപത്തിയഞ്ചു പ്രാവശ്യം ഉപയോഗിച്ചുകൊണ്ടുതന്നെ. കൂടാതെ, ആരിലൂടെ ദൈവജനത്തിന് മോചനം കൈവരുമായിരുന്നോ ആ മശിഹായെ അഥവാ യഹോവയുടെ അഭിഷിക്തനെ അത് തെററുപററാത്തവിധം വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു.
ചരിത്ര പശ്ചാത്തലം
ഉസ്സീയാവ്, യോഥാം, ആഹാസ്, യെഹിസ്ക്കിയാവ് എന്നീ യഹൂദരാജാക്കൻമാരുടെ കാലത്താണ് യെശയ്യാവിന് ഈ ദർശനം ലഭിച്ചതെന്ന് യെശയ്യാവ് 1:1 നമ്മെ അറിയിക്കുന്നു. ഇത് സാർവ്വദേശീയ പിരിമുറുക്കത്തിന്റെ ഒരു കാലമായിരുന്നു, അന്ന് വ്യാജമതത്തിന്റെ മനോഭാവങ്ങൾക്ക് യഹൂദയിലെ ആളുകളുടെമേൽ ആഴമായ ഒരു ഫലമുണ്ടായിരുന്നു. യെശയ്യായുടെ ചുമതലാ നിർവ്വഹണത്തിന്റെ തുടക്കത്തോടടുത്ത് ഉസ്സീയാരാജാവ് പൗരോഹിത്യ ചുമതലകൾ നിർവ്വഹിക്കുന്നതിലെ തന്റെ അഹങ്കാരംനിമിത്തം ഒരു കുഷ്ഠരോഗിയായി മരിച്ചു. (2 ദിനവൃത്താന്തം 26:16, 19-21) അവന്റെ പുത്രനായ യോഥാമിന്റെ ഭരണകാലത്ത് രാജാവ് ശരി ചെയ്തപ്പോൾ പോലും “ജനം നാശകരമായി പ്രവർത്തിച്ചുകൊണ്ടിരുന്നു” എന്ന് റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു.—2 ദിനവൃത്താന്തം 27:2; 2 രാജാക്കൻമാർ 15:34.
അടുത്തതായി ആഹാസ് രാജാവ് വന്നു. അവൻ നരബലി ഉൾപ്പെടെ ബാൽ ആരാധനയുടെ ചടങ്ങുകൾ ചെയ്തുകൊണ്ട് 16 വർഷക്കാലം ജനതക്ക് ഒരു ചീത്ത ദൃഷ്ടാന്തം വെച്ചു. അവിടെ “യഹോവയോട് വലിയ അവിശ്വസ്തത” ഉണ്ടായിരുന്നു. (2 ദിനവൃത്താന്തം 28:1-4, 19) ഈ കാലത്തായിരുന്നു സിറിയയുടെയും യിസ്രായേലിന്റെയും രാജാക്കൻമാർ ഒരുമിച്ച് യെരൂശലേമിനെ ഉപരോധിച്ചത്. തന്നിമിത്തം ആഹാസ് യെശയ്യാ പ്രവാചകന്റെ ഉപദേശം അവഗണിച്ച് സൈനീക സഹായത്തിനായി അസ്സീറിയൻ രാജാവായ തിഗ്ലത്ത്—പിലേസർ മൂന്നാമനെ സമീപിച്ചു. (2 രാജാക്കൻമാർ 16:5-8; യെശയ്യാവ് 7:1-12) ഇങ്ങനെ ആഹാസ് ‘ജഡത്തെ തന്റെ ആയുധമാക്കി തന്റെ ഹൃദയം യഹോവയിൽനിന്ന് അകററി.’ (യിരെമ്യാവ് 17:5) അസ്സീറിയ ഒരു സഖ്യത്തിന് സമ്മതിച്ചു, എന്നാൽ അതിന്റെ സ്വന്തം അധികാരം വ്യാപിപ്പിക്കുന്നതിലായിരുന്നു മുഖ്യ താല്പര്യം. അസ്സീറിയൻ സൈന്യം സിറിയയിലെ ദമാസ്ക്കസ് പിടിച്ചടക്കുകയും വിശ്വാസത്യാഗിയായ യിസ്രായേലിന്റെ യോർദ്ദാനക്കരെയുള്ള പ്രദേശത്തെ നിവാസികളെ പ്രവാസികളായി കൊണ്ടുപോവുകയും ചെയ്തു.—1 ദിനവൃത്താന്തം 5:26.
പിന്നീട് ശമര്യ കപ്പം കൊടുക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ അതും ആക്രമിക്കപ്പെട്ടു, അതിലെ നിവാസികൾ നാടുകടത്തപ്പെടുകയും ചെയ്തു. (2 രാജാക്കൻമാർ 16:9; 17:4-6; 18:9-12) ഇങ്ങനെ പത്തു ഗോത്ര രാജ്യം അവസാനിച്ചു, യഹൂദയ്ക്കു ചുററും പുറജാതി രാഷ്ട്രങ്ങൾ സ്ഥാനം പിടിക്കുകയും ചെയ്തു. പിൽക്കാലത്ത് അസ്സീറിയൻ ഭരണാധികാരികൾ യഹൂദയിലേയും ചുററുമുള്ള രാഷ്ട്രങ്ങളിലെയും നഗരങ്ങളെ ആക്രമിച്ചുകൊണ്ട് പടിഞ്ഞാറ് സൈനീക നടപടികൾ തുടർന്നു. യെരൂശലേം സ്വയം കീഴടങ്ങാൻ സൻഹേരീബ് ആവശ്യപ്പെടുകപോലും ചെയ്തു. എന്നാൽ യെഹിസ്ക്കിയാവിന്റെ ഭരണത്തിൻകീഴിൽ അവിടെയുള്ള അവസ്ഥക്ക് മാററം വന്നു. യെഹിസ്ക്കീയാവ് യഹോവയിൽ ആശ്രയിക്കുകയും യഹോവ അവനോടുകൂടെയുണ്ടെന്ന് തെളിയുകയും ചെയ്തു.—2 രാജാക്കൻമാർ 18:5-7; യെശയ്യാവ് 36, 37 അദ്ധ്യായങ്ങൾ.
യെശയ്യാവ് ആരുടെ ഭരണത്തിൻകീഴിൽ തന്റെ പ്രവാചക സേവനം തുടങ്ങിയോ ആ ഉസ്സീയാവ്, പൊ. യു. മു. 829-ൽ വാഴ്ച തുടങ്ങി. യെഹിസ്ക്കിയാവ് പൊ. യു. മു. 716-ൽ ഭരണം അവസാനിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും, പ്രവാചകനെന്നനിലയിലുള്ള യെശയ്യായുടെ സേവനം അതിലും ഹ്രസ്വമായിരിക്കാനാണ് സാദ്ധ്യത. യെശയ്യാവ് 6-ാം അദ്ധ്യായം 1-ാം വാക്യം “ഉസ്സീയാവ് മരിച്ച വർഷത്തെ” പരാമർശിക്കുന്നു. (പൊ. യു. മു. 777) അന്നാണ് യെശയ്യാവിന് യഹോവയിൽ നിന്ന് നിയോഗം ലഭിച്ചതെന്ന് ആ അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു; എങ്കിലും അതിനുമുമ്പുള്ള വിവരങ്ങൾ അവൻ നേരത്തെ രേഖപ്പെടുത്തിയിരിക്കാനാണ് സാദ്ധ്യത. പിന്നീട് 36-ാം അദ്ധ്യായം 1-ാം വാക്യത്തിൽ “യെഹിസ്ക്കിയാരാജാവിന്റെ പതിനാലാം വർഷത്തെ” (പൊ. യു. മു. 732⁄731) പരാമർശിക്കുന്നു. യെശയ്യാവിന്റെ എഴുത്ത് പൂർത്തീകരിക്കുന്നതിന് പിന്നീട് എത്ര വർഷംകൂടെ എടുത്തു എന്ന് നമുക്കറിയില്ല, എങ്കിലും വളരെ പെട്ടെന്ന് പൂർത്തീകരിച്ചിരുന്നിരിക്കാം.
യെശയ്യാ പുസ്തകത്തിന്റെ പ്രത്യേക ഭാഗങ്ങളിലെ ഉള്ളടക്കത്തിന്റെ കാലനിർണ്ണയം നടത്താൻ സഹായിക്കുന്ന ഏതാനും പരാമർശനങ്ങൾകൂടെയുണ്ട്. ദൃഷ്ടാന്തത്തിന്, ആഹാസ് രാജാവിന്റെ കാലത്ത് യിസ്രായേൽ രാജാവായ പേക്കഹ് യെരൂശലേമിനെതിരെ യുദ്ധം ചെയ്യാൻ വന്നതായി 7-ാം അദ്ധ്യായം 1-ാം വാക്യം പറയുന്നു. ആഹാസ് ഏകദേശം പൊ. യു. മു. 762 മുതൽ 746 വരെ ഭരണം നടത്തിയെങ്കിലും പേക്കഹിന്റെ ഭരണം ഏതാണ്ട് പൊ. യു. മു. 758-ൽ അവസാനിച്ചു. അതുകൊണ്ട് ആ സംഭവം ആ വർഷത്തിനു മുമ്പായിരുന്നിരിക്കണം. കൂടാതെ, ഫെലിസ്ത്യയെക്കുറിച്ചുള്ള ഒരു പ്രഖ്യാപനം “ആഹാസ് രാജാവ് മരിച്ച വർഷത്തിൽ ആണെന്ന് യെശയ്യാവ് 14:28 കാലനിർണ്ണയം ചെയ്യുന്നു, അത് ഏതാണ്ട് പൊ. യു. മു. 746-ൽ ആയിരിക്കും. ഈ പരാമർശനങ്ങൾ, യെശയ്യാ പുസ്തകത്തിലെ സംഭവങ്ങൾ കാലത്തിന്റെ നീരൊഴുക്കിൽ എവിടെയെന്ന് നിർണ്ണയിക്കുന്നതിന് സഹായിക്കുന്നു.
രചനയിലെ ഏകത്വം
ആധുനിക കാലത്തെ ചില ബൈബിൾ വിമർശകർ യെശയ്യാ പുസ്തകം മുഴുവൻ യെശയ്യാവിനാൽ എഴുതപ്പെട്ടുവെന്നതിനെ എതിർത്തിട്ടുണ്ട്. യിസ്രായേല്യരുടെ ബാബിലോന്യ പ്രവാസകാലത്തിന്റെ അന്ത്യത്തോടടുത്ത് ജീവിച്ചിരുന്ന പേരു വെളിപ്പെടുത്താത്ത ഒരു വ്യക്തിയാൽ 40 മുതൽ 66 വരെയുള്ള അദ്ധ്യായങ്ങൾ എഴുതപ്പെട്ടുവെന്ന് ചിലർ അവകാശപ്പെടുന്നു. മററു വിമർശകൻമാർ പുസ്തകത്തിന്റെ കൂടുതലായ ഭാഗങ്ങൾ മുറിച്ചുനീക്കി യെശയ്യാവല്ലാതെ മററാരോ അത് എഴുതിയതായി സിദ്ധാന്തീകരിക്കുന്നു. എന്നാൽ ബൈബിൾ തന്നെ ഈ തർക്കങ്ങളോട് യോജിക്കുന്നില്ല.
ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ നിശ്വസ്ത എഴുത്തുകാർ 1-39 അദ്ധ്യായങ്ങളിലെയും 40-66 അദ്ധ്യായങ്ങളിലെയും വിവരങ്ങൾ “യെശയ്യാ പ്രവാചകന്റേതായി” സ്ഥിരീകരിച്ചു. ഇതേ പേരു വഹിക്കുന്ന രണ്ട് ആളുകൾ ഉണ്ടായിരുന്നുവെന്നോ പുസ്തകത്തിന്റെ ഒരു ഭാഗം എഴുതിയ ആളുടെ പേർ അജ്ഞാതമാണെന്നോ അവർ ഒരിക്കലും സൂചിപ്പിച്ചില്ല. (ദൃഷ്ടാന്തത്തിന്, മത്തായി 3:3-ഉം മത്തായി 4:14-16-ഉം യെശയ്യാവ് 40:3, 9:1, 2 എന്നിവയോട് താരതമ്യം ചെയ്യുക; കൂടാതെ യോഹന്നാൻ 12:38-41, യെശയ്യാവ് 53:1-ഉം യെശയ്യാവ് 6:1, 10-ഉം ആയി താരതമ്യം ചെയ്യുക.) ഇതിനു പുറമെ, ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ എഴുത്തുകാർ യെശയ്യാ പുസ്തകത്തിന്റെ അവസാന ഭാഗത്തുനിന്ന് ഉദ്ധരിക്കുന്ന വിവരങ്ങൾ അജ്ഞാതനായ ഒരാളുടേതായിട്ടല്ല, പിന്നെയോ “യെശയ്യാ പ്രവാചകന്റേതായി” കൃത്യമായി തിരിച്ചറിയിക്കുന്ന നിരവധി മററു സ്ഥലങ്ങൾ ഉണ്ട്. (മത്തായി 12:17-21-നോട് യെശയ്യാവ് 42:1-4-ഉം റോമർ 10:16-നോട് യെശയ്യാവ് 53:1-ഉം താരതമ്യം ചെയ്യുക.) യേശുക്രിസ്തുതന്നെയും നസറെത്തിലെ സിന്നഗോഗിൽ “യെശയ്യാ പ്രവാചകന്റെ ചുരുളിൽ നിന്ന്” വായിച്ചപ്പോൾ അവൻ യെശയ്യാവ് 61:1, 2 വായിക്കുകയായിരുന്നു.—ലൂക്കോസ് 4:17-19.
അതിലുപരി, യെശയ്യായുടെ ചാവുകടൽ ചുരുളിൽ (പൊ. യു. മു. ഒന്നോ രണ്ടോ നൂററാണ്ടു മുമ്പുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു) പ്രവചനത്തിന് 39-ാം അദ്ധ്യായത്തിന്റെ അവസാനത്തിൽ ഏതെങ്കിലും വിഭജനം ഉള്ളതായി പകർപ്പെഴുത്തുകാരൻ അറിഞ്ഞിരുന്നില്ലെന്നുള്ളതിന്റെ തെളിവുണ്ട്. അവൻ 39-ാം അദ്ധ്യായം അടങ്ങുന്ന പംക്തിയുടെ ഒടുവിലത്തെ വരിയിൽ 40-ാം അദ്ധ്യായം തുടങ്ങി.
യെശയ്യായുടെ മുഴു പുസ്തകവും നൂററാണ്ടുകളിലുടനീളം രണ്ടോ അധികമോ ഭാഗമായിട്ടല്ല ഒററ ഗ്രൻഥമായി കൈമാറിപ്പോന്നിരിക്കുന്നു. മുപ്പത്തൊമ്പതാം അദ്ധ്യായത്തിൽനിന്ന് 40-ാം അദ്ധ്യായത്തിലേക്കുള്ള തുടർച്ച യെശയ്യാവ് 39:6, 7-ൽ രേഖപ്പെടുത്തിയിരിക്കുന്നതിൽ വ്യക്തമാണ്, അത് സ്പഷ്ടമായും തുടർന്നു വരുന്നതിലേക്കുള്ള ഒരു മാററമാണ്, ബാബിലോന്യ ന്യായവിധിയുടെ കാലഘട്ടത്തെ സംബന്ധിച്ച പ്രവചനങ്ങൾക്കായി വഴി തുറന്നുകൊടുക്കുന്ന ഒന്നുതന്നെ.
ആ പുസ്തകം ഒന്നിലധികം എഴുത്തുകാരുടെ ഉല്പന്നമാണെന്ന് അവകാശപ്പെടുന്നവർ, ഏതാണ്ട് രണ്ട് നൂററാണ്ടുകൾ മുമ്പ് കോരേശ് എന്നുപേരുള്ള ഒരു ഭരണാധികാരി തടവിലുള്ള യഹൂദൻമാരെ മോചിപ്പിക്കുമെന്ന് മുൻകൂട്ടി പറയാൻ യെശയ്യാവിന് കഴിയുമായിരുന്നതായി കരുതുന്നില്ല; തൽഫലമായി, ചുരുങ്ങിയപക്ഷം കോരേശ് തന്റെ ജയിച്ചടക്കൽ തുടങ്ങിയശേഷം പിൽക്കാലത്ത് ഇത് എഴുതപ്പെട്ടുവെന്ന് അവർ ഊഹിക്കുന്നു. (യെശയ്യാവ് 44:28; 45:1) എന്നാൽ പുസ്തകത്തിന്റെ ഈ മുഴുഭാഗത്തിന്റെയും പ്രസക്തി ഗ്രഹിക്കുന്നതിൽ അവർ പരാജയപ്പെടുന്നു, എന്തുകൊണ്ടെന്നാൽ ഈ ഭാഗം തന്റെ ജനത്തിന് എന്തുസംഭവിക്കുമെന്ന് മുൻകൂട്ടി പറയാനുള്ള ദൈവത്തിന്റെ കഴിവോടെ മുന്നറിവാണ് കൈകാര്യം ചെയ്യുന്നത്. ഏതാണ്ട് ഇരുനൂറ് വർഷം മുമ്പ് ഈ പ്രവചനം, ബാബിലോനെ ജയിച്ചടക്കുകയും യഹൂദൻമാരെ മോചിപ്പിക്കുകയും ചെയ്യുന്നവനായി അപ്പോൾ ജനിച്ചിട്ടില്ലാത്ത ഒരുവന്റെ പേര് രേഖപ്പെടുത്തുന്നു. അതിന്റെ നിവൃത്തി അത് ദിവ്യ ഉത്ഭവമുള്ളതാണെന്ന് തീർച്ചയായും തെളിയിക്കുമായിരുന്നു. അത് ഭാവി സംബന്ധിച്ച യെശയ്യായുടെ കണക്കു കൂട്ടൽ അല്ലായിരുന്നു, എന്തെന്നാൽ അവൻതന്നെ പറഞ്ഞതുപോലെ “യഹോവ പറഞ്ഞിരിക്കുന്നത് ഇതാണ്. (യെശയ്യാവ് 45:1) യെശയ്യായുടെ ഈ ഭാഗത്തിന്റെ എഴുത്ത് കോരേശിന്റെ കാലത്തുള്ള ഒരു എഴുത്തുകാരന്റെതായി ആരോപിച്ചാലും വിമർശകരുടെ പ്രശ്നം അപ്പോഴും തീരുകയില്ല. എന്തുകൊണ്ടില്ല? എന്തുകൊണ്ടെന്നാൽ പുസ്തകത്തിൽ ഈ ഭാഗം മശിഹയായ യേശുക്രിസ്തുവിന്റെ ഭൗമീക ജീവിതത്തിലെയും ശുശ്രൂഷയിലെയും സംഭവങ്ങൾ വിശദമായി മുൻകൂട്ടി പറയുകകൂടെ ചെയ്തു—വീണ്ടും ഭാവിയിൽ സ്ഥിതി ചെയ്തിരുന്ന കാര്യങ്ങൾ തന്നെ. ഈ പ്രവചനങ്ങളുടെ നിവൃത്തി, യെശയ്യായുടെ പ്രവചനം ദിവ്യനിശ്വസ്തമാണെന്നും വഞ്ചകൻമാരുടെ എഴുത്തുകളുടെ ഒരു കൂട്ടിച്ചേർപ്പല്ലെന്നും സ്ഥിരീകരിക്കുന്നു.
യെശയ്യാവാണ് 40 മുതൽ 66 വരെയുള്ള അദ്ധ്യായങ്ങൾ എഴുതിയതെന്നതിനെ നിഷേധിക്കുന്നവർ അതേ കാരണങ്ങളാൽ ബാബിലോന്റെ നാശത്തെ സംബന്ധിച്ച 13-ാം അദ്ധ്യായവും അവൻ എഴുതിയെന്നതിനെ നിഷേധിക്കുന്നു. എന്നാൽ 13-ാം അദ്ധ്യായത്തിന്റെ മുഖവുര ഈ വാക്കുകളോടെയാണ്: “ബാബിലോനെതിരെയുള്ള പ്രഖ്യാപനം, ആമോസിന്റെ മകനായ യെശയ്യാവ് ദർശനത്തിൽ കണ്ടത്.” വ്യക്തമായും, ഇത് ഒന്നാം അദ്ധ്യായത്തിന്റെ ആദ്യ വാക്യത്തിൽ കാണുന്ന “ആമോസിന്റെ മകനായ യെശയ്യാവു”തന്നെയാണ്.
ബൈബിളിന്റെ മററ ഭാഗങ്ങളുമായുള്ള പരസ്പര ബന്ധം
യെശയ്യായുടെ എഴുത്തുകൾ ബൈബിളിന്റെ മററു പല ഭാഗങ്ങളുമായി വ്യാപകമായി കൂടിപ്പിണഞ്ഞുകിടക്കുന്നു. യെശയ്യായുടെ കാലശേഷം ഒരു നൂററാണ്ടോ അതിലധികമോ കഴിഞ്ഞ് യിരെമ്യാവ് രാജാക്കൻമാരുടെ പുസ്തകത്തിൽ കാണുന്ന രേഖ എഴുതി. രണ്ട് രാജാക്കൻമാർ 18:13 മുതൽ 20:19 വരെ രേഖപ്പെടുത്തിയിരിക്കുന്നത് യെശയ്യാവ് 36 മുതൽ 39 വരെയുള്ള അദ്ധ്യായങ്ങളിൽ കാണുന്ന അതേ വിവരം തന്നെയാണ്. മററു പ്രവാചകൻമാരും യെശയ്യാവ് എഴുതിയതിന് സമാനമായ വിവരങ്ങൾ എഴുതി എന്നു മാത്രമല്ല, മററ് ബൈബിളെഴുത്തുകാർ യെശയ്യായുടെ എഴുത്തുകളിലേതായി നിരവധി പരാമർശനങ്ങൾ നടത്തിയിട്ടുമുണ്ട്.
യെശയ്യായുടെ പുസ്തകത്തിൽ നിന്ന് കൂടെക്കൂടെ ഉദ്ധരിച്ചിട്ടുള്ളതും അത്യന്തം ശ്രദ്ധേയവുമായ പ്രവചനങ്ങൾ മശിഹയെ സംബന്ധിച്ച് മുൻകൂട്ടി പറയുന്ന വിശദാംശങ്ങളാണ്. ഇവയിൽ പലതും ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ എഴുത്തുകാർ ഉദ്ധരിക്കുകയോ ബാധകമാക്കുകയോ ചെയ്തിരിക്കുന്നു. ദൃഷ്ടാന്തത്തിന്, യെശയ്യാവ് 7:14 ഒരു കന്യകയിൽനിന്നുള്ള അവന്റെ ജനനം മുൻകൂട്ടി പറഞ്ഞു. (മത്താ. 1:23) അവൻ യിശായിയുടെ പുത്രനായ ദാവീദിന്റെ കുടുംബവംശത്തിൽ ജനിക്കുമെന്ന് മുൻകൂട്ടി പറയപ്പെട്ടു. (യെശയ്യാവ് 9:7; 11:1, 10; ലൂക്കോസ് 1:32, 33; റോമർ 15:8, 12) യഹോവയുടെ ഈ പ്രതിനിധിയുടെ മുമ്പാകെ വഴി ഒരുക്കിക്കൊണ്ട് ഒരാൾ മരുഭൂമിയിൽ വിളിച്ചു പറയുമെന്ന് പ്രവചിച്ചു. (യെശയ്യാവ് 40:3; മർക്കോസ് 1:1-4) അവന്റെ നിയോഗം യെശയ്യാവ് 61:1, 2-ൽ രേഖപ്പെടുത്തിയിരുന്നു. (ലൂക്കോസ് 4:17-21), അവന്റെ ശുശ്രൂഷയുടെ ഫലമായി ഗലീലയിലെ ആളുകൾ ഒരു വലിയ വെളിച്ചം കാണുമെന്ന് മുൻകൂട്ടി പറയപ്പെട്ടു. (യെശയ്യാവ് 9:1, 2; മത്തായി 4:13-16) അവൻ നമ്മുടെ രോഗങ്ങളെ വഹിക്കുമെന്ന് പ്രവചിക്കപ്പെട്ടു. (യെശയ്യാവ് 53:4; മത്തായി 8:16, 17); അവൻ വിശ്വസിക്കപ്പെടുകയില്ലെന്ന് (യെശയ്യാവ് 53:1; യോഹന്നാൻ 12:37, 38); അവൻ തെരുവുകളിൽ വഴക്കുണ്ടാക്കുകയില്ലെന്ന് (യെശയ്യാവ് 42:1-4; മത്തായി 12:14-21); അവൻ ഒരു ഇടർച്ചക്കല്ലെന്നനിലയിൽ തള്ളിക്കളയപ്പെടും, എന്നാൽ പ്രധാന മൂലക്കല്ലായിത്തീരുമെന്ന് (യെശയ്യാവ് 8:14, 15; 28:16; 1 പത്രോസ് 2:6-8); അടിച്ചാലും കുററംവിധിച്ചാലും അവൻ കുററാരോപകരുടെ മുമ്പിൽ മിണ്ടാതിരിക്കുമെന്ന് (യെശയ്യാവ് 50:6; 53:7, 8; യോഹന്നാൻ 19:3, 9; മർക്കോസ് 14:53-65; 15:1-15); അതിക്രമികളോടുകൂടെ എണ്ണപ്പെടുമെന്ന് (യെശയ്യാവ് 53:12; മത്തായി 26:55, 56; 27:38); അവൻ പാപങ്ങൾ നീക്കുന്നതിനും അനേകർക്ക് ദൈവവുമായി ഒരു നീതിയുള്ള നില നേടാൻവഴിതുറക്കാനുമായി ഒരു യാഗ മരണം വരിക്കുമെന്ന് (യെശയ്യാവ് 53:5, 8, 11, 12; റോമർ 4:25); ധനികരോടുകൂടെ അടക്കപ്പെടുമെന്ന്. (യെശയ്യാവ് 53:9; മത്തായി 27:57-60; യോഹന്നാൻ 19:38-42) മശിഹയുടെ അടയാളം വ്യക്തമാക്കുന്നതിന് യേശുക്രിസ്തുവും അവന്റെ അപ്പോസ്തലൻമാരും കൂടെക്കൂടെ യെശയ്യാവിൽനിന്നു ഉദ്ധരിച്ചതായി നിരീക്ഷിക്കുന്നത് രസകരമാണ്.
ഇത് മററ് നിശ്വസ്ത ബൈബിളെഴുത്തുകാർ യെശയ്യാ പ്രവചനത്തിൽനിന്ന് ഉദ്ധരിച്ചിട്ടുള്ളതിന്റെ പൂർണ്ണവിവരമല്ല. പിന്നെയോ അവ, യെശയ്യാ വളരെ വ്യാപകമായി ശ്രദ്ധിക്കപ്പെടുന്നതിലെ ചില പ്രവചനങ്ങൾ വിശേഷവൽക്കരിക്കുന്നു എന്നുമാത്രം. ഈ പ്രവചനങ്ങളും പുസ്തകത്തിന്റെ ശേഷിച്ച മുഴു ഭാഗവും തന്റെ അഭിഷിക്ത പുത്രനിലൂടെ തന്റെ ജനത്തിന് ഈ രക്ഷ നൽകുന്നവനെന്നനിലയിൽ യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ വാഴ്ത്തുന്നു.
ബാക്കിയുള്ള ഭാഗം മലയാളത്തിൽ അച്ചടിച്ചിട്ടില്ല