ശക്തയായ ബാബിലോൻ മൂന്നാമത്തെ ലോകമഹച്ഛക്തി
പുരാതന ബാബിലോൻ നെബൂഖദ്നേസറിന്റെ കീഴിൽ അവളുടെ ഉച്ചാവസ്ഥയിൽ എത്തി, അവളുടെ മതം ലോകത്തിലേക്കു കടത്തിവിട്ടു, ഒററരാത്രികൊണ്ട് പിടിച്ചടക്കപ്പെടുകയും ചെയ്തു. ഈ നഗരത്തെ സംബന്ധിച്ച് കൂടുതലായി അറിയുന്നത് ബൈബിളിന്റെ കൃത്യതയിലും അതിന്റെ അത്ഭുതകരമായ പ്രവചനങ്ങളുടെ തെററാത്ത നിവൃത്തിയിലും ഉള്ള നിങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തും.
ശക്തയായ ബാബിലോൻ മെസൊപ്പൊത്തേമിയായുടെ തെക്കുഭാഗത്ത് യൂഫ്രട്ടീസ് നദിയുടെ ഇരുകരകളിലുമായി പ്രൗഢിയോടെ സ്ഥിതിചെയ്തിരുന്നു. അവൾ “രാജ്യങ്ങളുടെ അലങ്കാരം,” മത, വ്യാപാര, സൈനിക കേന്ദ്രം, ആയിരുന്നു. (യെശയ്യാവ് 13:19) അവൾക്ക് വലിയ സമ്പത്തും ഗംഭീര കെട്ടിടങ്ങളും ലോകപ്രശസ്ത പൂന്തോട്ടങ്ങളും ഉണ്ടായിരുന്നു. അവളുടെ കാലത്തെ ലോകശക്തി അവളായിരുന്നു!
എന്നിരുന്നാലും യഹോവയുടെ പ്രവാചകനായിരുന്ന യിരെമ്യാവ് ഇപ്രകാരം എഴുതുന്നതിന് നിശ്വസ്തനാക്കപ്പെട്ടു: “ബാബിലോൻ നിവാസികളില്ലാതെ കൽക്കുന്നുകളും കുറുക്കൻമാരുടെ പാർപ്പിടവും വിസ്മയകാരണവും ചൂളകുത്തുന്നതിനുള്ള വിഷയവുമായിത്തീരും.”—യിരെമ്യാവ് 51:37.
ഈ മഹാനഗരത്തിന് പൂർണ്ണനാശമോ? അത്തരം കാര്യം ആർക്കു ചിന്തിക്കാൻ കഴിയുമായിരുന്നു? എങ്കിലും ഒരിക്കൽ ഗർവ്വിഷ്ഠയായിരുന്ന ബാബിലോൻ ഇപ്പോൾ തെക്കുകിഴക്കേ ഇറാക്കിലെ ബാഗ്ദാദിന് ഏകദേശം 50 മൈൽ തെക്കുമാറി ജീർണ്ണിച്ച ശൂന്യമായ മൺകൂനയുടെ ഒരു നിരാശാജനകമായ ശേഖരമല്ലാതെ മറെറാന്നുമല്ല. അവളുടെ വീഴ്ചയിലേക്കു നയിച്ചതെന്തായിരുന്നു?
ലോകത്തെ ഏററം പുരാതന നഗരങ്ങളിലൊന്നായ ബാബിലോൻ, നോഹയുടെ പ്രപൗത്രനും യഹോവക്കെതിരെ ധിക്കാരിയായ നായാട്ടുവീരനുമായിരുന്ന നിമ്രോദായിരുന്നു സ്ഥാപിച്ചത്. (ഉൽപ്പത്തി 10:8-10) എന്നിരുന്നാലും നമുക്കു താൽപ്പര്യജനകമായ കാലഘട്ടം നിമ്രോദിന്റെ കാലത്തിനു വളരെക്കാലം കഴിഞ്ഞായിരുന്നു വന്നത്. അത് ഈജിപ്ററും അസീറിയായും പ്രബല ലോകശക്തികളായിത്തീർന്നശേഷമായിരുന്നു വന്നത്.
ബാബിലോൻ നെബൂഖദ്നേസറിന്റെ കാലത്ത്
ഏകദേശം 2,600 വർഷങ്ങൾക്കുമുമ്പ് ക്രി. മു. 632-ൽ ബാബിലോന്യരും അവരുടെ സഖ്യകക്ഷികളും ചേർന്ന് അസീറിയായെ മറിച്ചിട്ടു.a പിന്നീട് ബാബിലോൻ അസീറിയായെ മാററിക്കൊണ്ട് ബൈബിൾചരിത്രത്തിലെ മൂന്നാം ലോകമഹച്ഛക്തിയായിത്തീർന്നു.
ഈ നവീന ബാബിലോൻ അഥവാ പുതിയ ബാബിലോൻ സാമ്രാജ്യത്തിന്റെ സിംഹാസനത്തിലിരുന്ന നെബൂഖദ്നേസർ ഒരു ജേതാവു മാത്രമായിരുന്നില്ല എന്നാൽ ഒരു നഗരശിൽപ്പികൂടിയായിരുന്നു. ബാബിലോനിന്റെ ഗംഭീര മതിലുകളും മതിപ്പുളവാക്കുന്ന കെട്ടിടങ്ങളും മിക്കവയും അദ്ദേഹത്തിന് അവകാശപ്പെടാൻ കഴിയുന്നവയാണ്. “നെബൂഖദ്നേസർ” എന്ന നാമം വഹിക്കുന്ന വളരെയധികം ഇഷ്ടികകൾ കണ്ടെത്തപ്പെട്ടിട്ടുണ്ട്—യിരെമ്യാവ്, ദാനിയേൽ എന്നീ ബൈബിൾപുസ്തകങ്ങളിൽ കൂടെക്കൂടെ പരാമർശിക്കപ്പെടുന്ന, “ഇത് ഞാൻതന്നെ പണികഴിപ്പിച്ച മഹാബാബിലോൻ അല്ലേ?” എന്ന് വീമ്പിളക്കുന്നതായി ബൈബിൾ ഉദ്ധരിക്കുന്ന നെബൂഖദ്നേസർ തന്നെ.—ദാനിയേൽ 4:30.
ബാബിലോനു ചുററും രണ്ടു വൻമതിലുകൾ ഉണ്ടായിരുന്നു, അവക്കിടയിലുള്ള സ്ഥലം പാറക്കഷണങ്ങൾ കൊണ്ട് നിറച്ചിരുന്നു. അവ രണ്ടുംകൂടെ 80-ൽ പരം അടി കനമുള്ള ഒരു പ്രതിരോധം ഉളവാക്കിയിരുന്നു. ഭിത്തികൾക്കു വെളിയിൽ എല്ലാത്തരം വള്ളങ്ങളും ഉപയോഗിച്ചിരുന്ന, ഇഷ്ടികകൊണ്ടുള്ള ഒരു ഉൾമുഖത്തോടുകൂടിയ, 65 മുതൽ 260 വരെ അടി വീതിയുണ്ടായിരുന്ന ഒരു കിടങ്ങ് ഉണ്ടായിരുന്നു.
വടക്കുനിന്നുള്ള രാജവീഥി, വീതികൂടിയ ഘോഷയാത്രാപാതയായ നഗരത്തിലെ മുഖ്യപഥത്തിലേക്ക് 40 അടി ഉയരമുള്ള ഇസ്താർ ഗെയിററിലൂടെ കടന്നുപോകുന്നു. നെബൂഖദ്നേസറിന്റെ കൊട്ടാരം ഇസ്താർഗെയ്ററിനുള്ളിൽ വലതു വശത്തായിരുന്നു. അതിന്റെ ബൃഹത്തായ സിംഹാസനമുറിക്ക് 170 അടി നീളവും 55 അടി വീതിയുമുണ്ടായിരുന്നു. അതിലേക്കു നയിക്കുന്ന ഗെയ്ററും ഭിത്തികളും വർണ്ണശോഭയുള്ള തിളങ്ങുന്ന ഇഷ്ടികകൾകൊണ്ടുള്ള സിംഹങ്ങളാലും കാളകളാലും സർപ്പങ്ങളാലും അലങ്കരിക്കപ്പെട്ടിരുന്നു. ആ സിംഹങ്ങളിൽ ഒന്നിനെ പാരീസിലെ ല്യൂർ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാൻ കഴിയും.
ബാബിലോന്യ മതം
നഗരത്തിന്റെ ബാബേൽ എന്ന എബ്രായ നാമത്തിന്റെ അർത്ഥം “കലക്കം” എന്നും അതിന്റെ സുമേറിയൻപേരിന്റെയും അക്കാഡിയൻപേരിന്റെയും അർത്ഥം “ദൈവത്തിന്റെ പടിവാതിൽ” എന്നും ആണ്. രണ്ടർത്ഥങ്ങളും ബാബിലോനിനെ അതിന്റെ മതത്തോട് ബന്ധിക്കുന്നു. ചില പണ്ഡിതൻമാർ ബാബിലോന്യ ദൈവമായ മാർഡൂക്ക് (ബൈബിളിൽ മെരോദാക്ക്) ദൈവീകരിക്കപ്പെട്ട നിമ്രോദ് ആയിരുന്നിരിക്കാം എന്ന് വിശ്വസിക്കുന്നു. ബാബിലോന്യ മതം അനേകം ദൈവത്രയങ്ങളെയും അംഗീകരിച്ചിരുന്നു. അത്തരത്തിലുള്ള ഒന്ന് സിൻ (ചന്ദ്രദേവൻ), ഷാമാഷ് (സൂര്യദേവൻ), ഇസ്താർ (പ്രേമത്തിന്റെയും സമൃദ്ധിയുടെയും ദേവത) എന്നിവർ ഉൾപ്പെടുന്നതായിരുന്നു.
ജ്യോതിഷം അവിടെ വ്യാപകമായിരുന്നു. ബാബിലോന്യർ അന്ന് അറിയപ്പെട്ടിരുന്ന ഗ്രഹങ്ങളെ തങ്ങളുടെ അഞ്ചു പ്രമുഖ ദേവീദേവൻമാരുടെ പേരിനാൽ വിളിച്ചിരുന്നു. ഒരു ആധുനിക ചരിത്രപുസ്തകം ഇപ്രകാരം വിശദീകരിക്കുന്നു: “നാം ഈ ഗ്രഹങ്ങളെ അവയുടെ റോമൻ പേരുകളാൽ വിളിക്കുന്നു, എന്നാൽ റോമാക്കാർ ബാബിലോന്യ പദങ്ങൾ സ്വീകരിക്കുകയും അവയെ കേവലം റോമായിലെ അവയുടെ തുല്യപദങ്ങളിലേക്ക് ഭാഷാന്തരം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെ പ്രേമദേവതയായ ഇസ്താറിന്റെ ഗ്രഹം വീനസായി, മാർഡൂക്ക്ദേവന്റെ പേരുണ്ടായിരുന്ന ഗ്രഹം ജൂപ്പിററർ എന്നു മാററപ്പെട്ടു.b ബാബിലോന്യരാൽ ഉപയോഗിക്കപ്പെട്ടിരുന്ന “കാൽദിയൻ” എന്ന പേര് മിക്കവാറും “ജ്യോതിഷക്കാരൻ” എന്നതിന്റെ പര്യായമായിത്തീർന്നു.
ബാബിലോൻ “കൊത്തപ്പെട്ട ബിംബങ്ങളു”ടെയും മലിനമായ “കാഷ്ഠവിഗ്രഹങ്ങളുടെയും ദേശം” ആയിരുന്നു എന്ന് ബൈബിൾ പറയുന്നു. (യിരെമ്യാവ് 50:2, 38) എന്നിട്ടും അതിന്റെ മതപരമായ ആശയങ്ങൾ ലോകത്തെമ്പാടുമുള്ള മററു മതങ്ങളുടെ ഒരു മുഖ്യ ഉറവിടമായിത്തീർന്നു. പ്രൊഫസർ മോറിസ് ജാസ്സ്ത്രോ ദി റിലിജിയൻ ഓഫ് ബാബിലോനിയ ആൻഡ് അസ്സീറിയയിൽ ഇപ്രകാരം പ്രസ്താവിക്കുന്നു: “ക്രിസ്ത്യാനിത്വത്തിന്റെ ആവിർഭാവത്തിനു മുമ്പ് പുരാതന ലോകത്ത്, ഈജിപ്ററ്, പേർഷ്യ, ഗ്രീസ് എന്നിവിടങ്ങളിൽ ബാബിലോന്യ മതത്തിന്റെ സ്വധീനം അനുഭവപ്പെട്ടിരുന്നു.” പിന്നീട് അതിന്റെ അനേകം തെററായ ആശയങ്ങൾ ക്രൈസ്തവലോകത്തിലെ സഭകളാൽ പോലും സ്വീകരിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്തു. അതുകൊണ്ട് ബൈബിൾ വ്യാജമതലോകസാമ്രാജ്യത്തെ “മഹാബാബിലോൻ” എന്ന് വിളിക്കുന്നു.—വെളിപ്പാട് 17:3-5.
ബാബിലോൻ യെരുശലേമിനെ പിടിച്ചടക്കുന്നു
യെശയ്യാപ്രവാചകൻ രണ്ടാം ലോകശക്തിയായ അസീറിയ പുരാതന ലോകത്തിൽ ആധിപത്യം നടത്തിയിരുന്ന കാലത്തായിരുന്നു ജീവിച്ചിരുന്നത്. എന്നിട്ടും അവൻ യെരുശലേം അന്ന് ശക്തരായിരുന്ന അസീറിയാക്കാരാലല്ല ബാബിലോന്യരാൽ നശിപ്പിക്കപ്പെടും എന്ന് പ്രവചിക്കാൻ ദൈവത്താൽ നിശ്വസ്തനാക്കപ്പെട്ടു. (യെശയ്യാവ് 39:6, 7) ഈ പ്രവചനം സത്യമെന്നു തെളിഞ്ഞോ? നമുക്കു കാണാം.
യെശയ്യാവിന്റെ കാലത്തിന് ഒരു നൂററാണ്ടു കഴിഞ്ഞായിരുന്നു ബാബിലോനും അവളുടെ സഖ്യകക്ഷികളും അസീറിയയെ ജയിച്ചടക്കിയത്, ബാബിലോൻ പുതിയ ലോകശക്തിയായിത്തീരുകയും ചെയ്തു. പിന്നീട് ക്രി.മു. 617-ൽ ബാബിലോൻ രാജാവായ നെബൂഖദ്നേസർ യെരുശലേമിലെ യഹോയാക്കീൻ രാജാവിനെ പിടിക്കുകയും അവനെയും “ദേശത്തിലെ മററു പ്രമുഖരായ ആളുകളെയും” ബാബിലോനിലേക്ക് തടവുകാരായി അയക്കുകയും ചെയ്തു. നെബൂഖദ്നേസർ മത്ഥന്യാവെ യെരുശലേമിൽ രാജാവാക്കുകയും “അവന്റെ പേര് സിദെക്കീയാവ് എന്ന് മാററുകയും ചെയ്തു.”—2 രാജാക്കൻമാർ 24:11-17.
പുരാവസ്തുഗവേഷകർ കണ്ടെടുത്ത ബാബിലോന്യരുടെ തന്നേ രേഖകളും ഈ സംഭവം ശരിയെന്ന് ഉറപ്പാക്കുന്നു. പ്രധാന സംഭവങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ബാബിലോന്യ ദിനവൃത്താന്തമടങ്ങിയ പുരാതന കളിമൺപലകകൾ ബാബിലോൻ രാജാവ് “യഹൂദ്യ [യെരുശലേം] നഗരത്തെ ഉപരോധിച്ചുവെന്നും . . . നഗരം കൈവശപ്പെടുത്തിയെന്നും രാജാവിനെ പിടിച്ചുവെന്നും” പറയുന്നു. “അവൻ അവിടെ അവന്റെ സ്വന്തം ഇഷ്ടപ്രകാരം ഒരു രാജാവിനെ നിയമിക്കുകയും അതിന്റെ ഭാരിച്ച കപ്പം വാങ്ങി ബാബിലോനിലേക്ക് അയക്കുകയും ചെയ്തു.”
കൂടാതെ യഹോയാക്കീൻ ബാബിലോനിൽ പ്രവാസത്തിലായിരുന്നപ്പോൾ അവന് കൊടുക്കപ്പെട്ടിരുന്ന ഭക്ത്യ അലവൻസ് സംബന്ധിച്ച് ബൈബിൾ പരാമർശിക്കുന്നു. (2 രാജാക്കൻമാർ 25:27-30) പുരാവസ്തുഗവേഷകർ “യഹോയാക്കീൻ രാജാവിനും” “യഹൂദാരാജാവിന്റെ പുത്രൻമാർക്കും” നൽകപ്പെട്ടിരുന്ന ഭക്ത്യ അലവൻസ് സംബന്ധിച്ച് പരാമർശിക്കുന്ന ഭരണപരമായ രേഖകൾ ബാബിലോനിൽ കണ്ടെത്തിയിട്ടുണ്ട്.
യെരുശലേമിലെ ജനങ്ങൾ യഹോവയാം ദൈവത്തോട് ഒരു ഉടമ്പടി ബന്ധത്തിലായിരുന്നെങ്കിലും അവർ അപ്പോഴും ദൈവത്തിന്റെ വഴികൾ പിൻപററുന്നതിനും അവന്റെ പ്രവാചകൻമാരെ അനുസരിക്കുന്നതിനും ശാഠ്യപൂർവം വിസമ്മതിച്ചു. അവർ “[അവന്റെ] വാക്കുകൾ അനുസരിക്കാതിരിക്കേണ്ടതിന് തങ്ങളുടെ കഴുത്ത് കഠിനപ്പെടുത്തി” എന്ന് യഹോവ പറഞ്ഞു. “മുഴു യഹൂദയേയും ഞാൻ ബാബിലോൻ രാജാവിന്റെ കൈകളിൽ ഏൽപ്പിക്കും, അവൻ യഥാർത്ഥമായി അവരെ ബാബിലോനിലേക്ക് പ്രവാസികളായി കൊണ്ടുപോകയും വാളിനാൽ വീഴ്ത്തുകയും ചെയ്യും” എന്ന് അവൻ യിരെമ്യാവ് മുഖാന്തരം മുന്നറിയിപ്പു കൊടുത്തു.—യിരെമ്യാവ് 19:15; 20:4.
അതുകൊണ്ട് സിദെക്കിയാവ് നെബൂഖദ്നേസറിനെതിരെ മത്സരിച്ചപ്പോൾ ബാബിലോന്യർ തിരികെ വരികയും യരുശലേമിനെ ഉപരോധിക്കയും ചെയ്തു. അവർ ക്രി.മു. 607 തമ്മൂസ് 9൹ അതിന്റെ മതിലുകൾ തകർത്തു. അവർ ആലയം ചുട്ടുനശിപ്പിക്കയും നഗരമതിലുകൾ പൊളിക്കുകയും സിദെക്കിയാവിനെയും ജനങ്ങളിൽ മിക്കവരേയും ബാബിലോനിലേക്ക് ബന്ദികളായി കൊണ്ടുപോകയും ചെയ്തു. യഹോവയുടെ വാക്കുകൾ യഥാർത്ഥത്തിൽ സത്യമെന്നു തെളിഞ്ഞു: “ഈ ദേശമെല്ലാം ഒരു ശൂന്യസ്ഥലം, ഒരു അതിശയവിഷയം ആയിത്തീരുകയും ഈ ജനത ബാബിലോൻ രാജാവിനെ എഴുപതു വർഷം സേവിക്കേണ്ടിവരികയും ചെയ്യും.”—യിരെമ്യാവ് 25:11.
നെബൂഖദ്നേസറിന്റെ സ്വപ്നബിംബം
പിന്നീട് തന്റെ കാലത്തെ ലോകശക്തിയുടെ തലവനായിരുന്ന ബാബിലോൻ രാജാവായ നെബൂഖദ്നേസറിന് കുറേ അസാധാരണ വിവരങ്ങൾ ലഭിച്ചു. ദൈവം അവന് ഒരു വലിയ ബിംബത്തിന്റെ സ്വപ്നം അയച്ചു. ആ സ്വപ്നം നെബൂഖദ്നേസറിന്റെ കാലം മുതൽ തുടരെ വന്ന ലോകശക്തികളായ മേദോ-പേർഷ്യ, ഗ്രീസ്, റോം വരെയും നമ്മുടെ ഏതൽക്കാലത്തിനും അപ്പുറം ദൈവരാജ്യം സകല മാനുഷഗവൺമെൻറുകളെയും സ്ഥിരമായി മാററിസ്ഥാപിക്കുന്നതുവരെയുമുള്ള മുഴു കാലഘട്ടത്തിലെയും ചരിത്രത്തിന്റെ ബാഹ്യരേഖ വെളിപ്പെടുത്തി. ദൈവത്തിന്റെ പ്രവാചകനായ ദാനിയേൽ നെബൂഖദ്നേസറിനോട് ഇപ്രകാരം പറഞ്ഞു: “ഇതിനുശേഷം എന്തു സംഭവിപ്പാനിരിക്കുന്നു എന്ന് മഹാദൈവംതന്നേ രാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നം ആശ്രയയോഗ്യവും അതിന്റെ വ്യാഖ്യാനം വിശ്വസനീയവുമാകുന്നു.”—ദാനിയേൽ 2:28-45.
അത്തരം ലോകകാര്യങ്ങളിൽ ദൈവത്തിന് ഒരു കൈയുണ്ടായിരിക്കാൻ കഴിയുമെന്ന്—“മനുഷ്യവർഗ്ഗത്തിന്റെ രാജ്യത്തിൻമേൽ അത്യുന്നതൻ ഭരണാധികാരിയാണെന്നും അവൻ തനിക്കു ബോധിച്ചവന് അതു നൽകുന്നുവെന്നും”കൂടെ നെബൂഖദ്നേസർ ഏററവും ശക്തമായ ഒരു വിധത്തിൽ വ്യക്തിപരമായി പഠിക്കേണ്ടിയിരുന്നു.—ദാനിയേൽ 4:25.
ബാബിലോന്റെ നാശം മുൻകൂട്ടിപ്പറയുന്നു
എന്നിരുന്നാലും യഹോവയുടെ ജനത്തോടുള്ള ബാബിലോന്റെ അമിതമായ ക്രൂരത ശിക്ഷിക്കപ്പെടാതെ പോവുകയില്ലായിരുന്നു. യിരെമ്യാവു മുഖാന്തരം ദൈവം ഇപ്രകാരം പറഞ്ഞിരുന്നു: “ബാബിലോനും കൽദയ നിവാസികൾക്കൊക്കെയും അവർ ജനങ്ങളായ നിങ്ങളുടെ മുമ്പാകെ സീയോനിൽ ചെയ്ത സകല തിൻമയും നിമിത്തം ഞാൻ പകരം കൊടുക്കും.” യെശയ്യാവു മുഖാന്തരം അവൻ ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞിരുന്നു: “ഞാൻ അവർക്കെതിരെ മേദ്യരെ ഉണർത്തുകയാകുന്നു.”—യിരെമ്യാവ് 51:24; യെശയ്യാവ് 13:17.
ബാബിലോനിനെ തള്ളിയിടുകയും തന്റെ ജനത്തെ വിടുവിക്കുകയും ചെയ്യുന്ന നേതാവിന്റെ പേരുപോലും യഹോവ രണ്ടു നൂററാണ്ടുകളോളം മുൻപേകൂട്ടി പറഞ്ഞു—മഹാനായ കോരേശ് എന്നും അറിയപ്പെട്ടിരുന്ന കോരേശ്തന്നെ. കോരേശിനെസംബന്ധിച്ചുള്ള പ്രവചനം “രണ്ടു പാളികളോടുകൂടിയ കതകുകൾ അവന്റെ മുമ്പാകെ തുറന്നുകിടക്കും. അതുകൊണ്ട് പടിവാതിലുകൾ പോലും അടഞ്ഞുകിടക്കയില്ല” എന്നു പറഞ്ഞു. (യെശയ്യാവ് 44:26-45:1) അങ്ങനെയൊരു കാര്യം യഥാർത്ഥത്തിൽ സംഭവിച്ചോ? ചരിത്രം ഉത്തരം പറയുന്നു.
ബാബിലോൻ വീഴുന്നു!
യഹൂദ അടിമത്വത്തിന്റെ മുൻകൂട്ടിപ്പറയപ്പെട്ട 70 വർഷ ശൂന്യത അവസാനിക്കാറായപ്പോൾ മേദ്യരും പാർസികളും മാർച്ചുചെയ്യുകയായിരുന്നു. ബാബിലോൻ രാജാവായ നബോണിഡസ് യുദ്ധക്കളത്തിൽ കോരേശിന്റെ അടുക്കൽനിന്ന് നേരത്തെതന്നേ പലായനം ചെയ്തിരുന്നു. ഗ്രീക്കുചരിത്രകാരനായ ഹെറോഡോട്ടസ് ബാബിലോന്യർ വളരെ ദീർഘമായ ഉപരോധത്തെ ചെറുത്തു നിൽക്കാൻ സജ്ജരായിരുന്നുവെന്നു പറയുന്നു. പ്രത്യക്ഷത്തിൽ അവർക്ക് ബാബിലോന്റെ ശക്തമായ മതിലുകളിൽ വലിയ വിശ്വാസമുണ്ടായിരുന്നു.
ബൈബിൾ വിവരണം പറയുന്നതനുസരിച്ച് ക്രി.മു. 539 ഒക്ടോബർ 5/6 രാത്രിയിൽ ബേൽശസ്സർ ബാബിലോന്റെ ഉള്ളിൽ ഉന്നതരായ ആയിരം അതിഥികൾക്ക് ആതിഥ്യം നൽകിക്കൊണ്ട് വീഞ്ഞുകുടിച്ചും ഭക്ഷണം കഴിച്ചും ഒരു വലിയ വിരുന്നു കഴിക്കയായിരുന്നു. (ദാനിയേൽ 5:1-4) ബാബിലോനിൽ അന്നു രാത്രിയിൽ ഒരു ഉത്സവമുണ്ടായിരുന്നുവെന്ന് ഹെറോഡോട്ടസ് സ്ഥിരീകരിക്കുന്നു. നഗരത്തിലെ ആളുകൾ “ആ സമയത്ത് ഡാൻസുചെയ്യുകയും സുഖിക്കയും ചെയ്യുകയായിരുന്നു” എന്ന് അദ്ദേഹം പറയുന്നു. എന്നിരുന്നാലും വെളിയിൽ കോരേശ് നഗരത്തിന്റെ മദ്ധ്യത്തിലൂടെ ഒഴുകിക്കൊണ്ടിരുന്ന യൂഫ്രട്ടീസ് നദിയിലെ വെള്ളം വേറെ വഴിക്ക് തിരിച്ചുവിട്ടിരുന്നു. ജലനിരപ്പ് താഴ്ന്നപ്പോൾ അദ്ദേഹത്തിന്റെ സൈന്യം സാവകാശത്തിൽ ഉന്നതമായ മതിൽ കടന്ന് നദീതടത്തിലൂടെ ബാബിലോന്യർ തുറന്നിട്ടിരുന്ന “നദിയിലേക്കു നയിക്കുന്ന ചെറിയ പടിവാതിലുകൾ,” എന്ന് ഹെറോഡോട്ടസ് വിളിച്ചവയിലൂടെ പ്രവേശിച്ചു.
പ്രവാചകനായ യിരെമ്യാവ് അനേകംവർഷങ്ങൾ മുൻകൂട്ടി ബാബിലോന്റെ വീഴ്ചയെ സംബന്ധിച്ച ഒരു സ്പഷ്ടമായ വർണ്ണന എഴുതി: “ബാബേലിലെ ശക്തരായ പുരുഷൻമാർ യുദ്ധം നിർത്തിയിരിക്കുന്നു. . . . ബാബിലോൻ രാജാവിന്റെ നഗരം നാലുപുറവും പിടിക്കപ്പെട്ടു, കടവുകൾ തന്നേയും പിടിക്കപ്പെട്ടു, പേപ്പിറസ് വള്ളങ്ങൾ അവർ തീവെച്ചു ദഹിപ്പിച്ചുകളഞ്ഞു എന്ന് അവനെ അറിയിക്കാൻ ഒരു ഓട്ടക്കാരൻ മറെറാരു ഓട്ടക്കാരനെ സന്ധിക്കുന്നതിനും ഒരു റിപ്പോർട്ടർ മറെറാരു റിപ്പോർട്ടറെ സന്ധിക്കുന്നതിനും ഓടുന്നു.”—യിരെമ്യാവ് 51:30-32.
ഇപ്പോൾ ബ്രിട്ടീഷ് കാഴ്ചബംഗ്ലാവിലുള്ള നബോണിഡസ് ദിനവൃത്താന്തം ഈ വർണ്ണനയെ സ്ഥിരീകരിക്കുന്നു. “കോരേശിന്റെ സൈന്യം പോരാട്ടം കൂടാതെ ബാബിലോനിൽ പ്രവേശിച്ചു” എന്ന് അത് പറയുന്നു.
യഹോവയുടെ പ്രവചനം നിവൃത്തിയേറുന്നു
ഒററ രാത്രികൊണ്ട് ബാബിലോൻ വീണു. ബൈബിൾ ചരിത്രത്തിലെ മൂന്നാം ലോകശക്തി പെട്ടെന്നു നിലച്ചു. കോരേശിന് കോരേശിന്റെ സിലിണ്ടർ എന്നറിയപ്പെടുന്ന ഒരു ക്യൂണിഫോം പ്രമാണത്തിൽ ഇപ്രകാരം വീമ്പിളക്കാൻ കഴിഞ്ഞു: “ഞാൻ ലോകത്തിന്റെ രാജാവാണ്, മഹാരാജാവ്, നിയമാനുസൃത രാജാവ്, ബാബിലോൻ രാജാവ്, സുമേറിയൻ രാജാവ്.” തൊട്ടുപിന്നാലെ കോരേശ് തന്റെ സുപ്രസിദ്ധ വിളംബരം പ്രസിദ്ധപ്പെടുത്തി, ഏകദേശം 50,000 യഹൂദ ബന്ദികൾ മുൻകൂട്ടിപ്പറയപ്പെട്ട 70 വർഷത്തെ ശൂന്യതയുടെ അവസാനത്തിൽ കൃത്യമായി യെരുശലേമും യഹോവയുടെ ആലയവും പുനർനിർമ്മിക്കുന്നതിന് അവിടെ തിരിച്ചെത്തി.—എസ്രാ 1:1-11.
നൂററാണ്ടുകൾക്കുശേഷം യേശുവിന്റെ അപ്പോസ്തലനായ പത്രോസ് അവിടെ തഴച്ചുവളർന്നിരുന്ന ഒരു യഹൂദ സമുദായത്തെ പഠിപ്പിക്കാൻ ചെന്നു, പത്രോസ് തന്റെ നിശ്വസ്ത ബൈബിൾലേഖനങ്ങളിൽ ഒന്നെങ്കിലും ബാബിലോനിൽനിന്നായിരുന്നു എഴുതിയത്. (1 പത്രോസ് 5:13) എന്നിരുന്നാലും കാലക്രമത്തിൽ ഈ പ്രവചനം നിവൃത്തിയേറി: “രാജ്യങ്ങളുടെ അലങ്കാരവും കൽദയരുടെ അഭിമാനഭൂഷണവുമായ ബാബിലോൻ ദൈവം സൊദോമിനെയും ഗൊമോറയെയും മറിച്ചുകളഞ്ഞതുപോലെയായിത്തീരും. അവൾ ഒരിക്കലും നിവസിതമാകുകയില്ല.”—യെശയ്യാവ് 13:19, 20.
ശക്തമായിരുന്ന ബാബിലോൻ പൊടിപിടിച്ച കൽക്കൂനകൾ, ഒരു ശൂന്യപ്രദേശത്തെ നഷ്ടശിഷ്ടങ്ങൾ, അല്ലാതെ മറെറാന്നുമല്ല.—യഹോവയുടെ പ്രാവചനിക വചനത്തിന്റെ പരാജയപ്പെടാത്ത കൃത്യതയുടെ നിശബ്ദവും വാചാലവുമായ ഒരു തെളിവ്.—യിരെമ്യാവ് 51:36, 37. (w88 3/1)
[അടിക്കുറിപ്പുകൾ]
a തീയതികൾ സംബന്ധിച്ച് ഞങ്ങൾ ബൈബിളിൽ കാണപ്പെടുന്ന കാലഗണനയെയാണ് സ്വീകരിക്കുന്നത്, അത് ചിലപ്പോൾ കുറഞ്ഞ ആശ്രയയോഗ്യതയുള്ള ലൗകിക ഉറവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള പുരാതന തീയതികളിൽ നിന്ന് വ്യത്യസ്തമാണ്. ബൈബിൾ കാലഗണനയെ സംബന്ധിച്ച ഒരു വിശദമായ ചർച്ചക്ക് ബൈബിൾ ഗ്രാഹ്യ സഹായി എന്ന പുസ്തകത്തിന്റെ 322-48 പേജുകൾ കാണുക.
b ആർ. എം. എൻഗ്ബെർഗിനാലും എഫ്. സി. കോളിനാലുമുള്ള ദി ഡോൺ ഓഫ് സിവിലൈസേഷൻ ആൻഡ് ലൈഫ് ഇൻ ദി എൻഷ്യൻറ് ഈസ്ററ (1940-ലെ പതിപ്പ്) പേജ് 230-2.
[30-ാം പേജിലെ ഭൂപടം]
[പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക]
ബാബിലോൻ സാമ്രാജ്യത്തിന്റെ വ്യാപ്തി
മഹാ സമുദ്രം
യൂഫ്രട്ടീസ് നദി
ബാബിലോൻ
മേദ്യ
യെരുശലേം
[കടപ്പാട്]
Based on a map copyrighted by Pictorial Archive (Near Eastern History) Est. and Survey of Israel
[30-ാം പേജിലെ ചിത്രങ്ങൾ]
ബാബിലോനിലെ പുനർനിർമ്മിച്ച ഇഷ്ടാർ ഗെയിററ് (വലത്ത്)
[കടപ്പാട്]
Museum of Western Asiatic Antiquity, East Berlin, GDR
ബാബിലോനിന്റെ ശൂന്യശിഷ്ടങ്ങൾ ഇന്ന് (താഴെ)