സത്യസന്ധരായിരിക്കുകയെന്നാൽ അർത്ഥമെന്ത്?
സത്യസന്ധരായിരിക്കുകയെന്നാൽ വഞ്ചന കൂടാതെ സത്യമുള്ളവരായിരിക്കുകയെന്നാണ്. സത്യസന്ധത നിങ്ങൾ മററുള്ളവരോട് നിഷ്പക്ഷമായി ഇടപെടണമെന്ന് ആവശ്യപ്പെടുന്നു—ഒളിച്ചുകളിയില്ലാതെയും മാന്യമായും വഞ്ചനകൂടാതെയും വഴിതെററിക്കാതെയും തന്നെ. സത്യസന്ധനായ ഒരാൾ ഒരു നിർമ്മലമനുഷ്യനാണ്. എല്ലായ്പ്പോഴും വിശ്വാസയോഗ്യനായിരിക്കുന്നതിനാൽ അയാൾ ഒരിക്കലും സഹമനുഷ്യനെ വഞ്ചിക്കുകയില്ല. നമ്മോട് ആ വിധത്തിൽ പെരുമാറാൻ നമ്മളെല്ലാം ആഗ്രഹിക്കും, ഇല്ലേ? അതുകൊണ്ട് സത്യസന്ധതക്ക് എന്നെങ്കിലും കാലഹരണപ്പെടാൻ കഴിയുമോ?
മേൽപ്രസ്താവിച്ച നിർവചനങ്ങളിൽനിന്ന് ഒരു സത്യാരാധകനാണെന്നഭിമാനിക്കുന്ന ഏതൊരാളും എന്തുകൊണ്ട് സത്യസന്ധനായിരിക്കണമെന്ന് ക്രിസ്ത്യാനി പെട്ടെന്നുതന്നെ കാണുന്നു. (യോഹന്നാൻ 4:24) അയാൾ “സത്യത്തിന്റെ ദൈവമായ യഹോവയെ” ആരാധിക്കുന്നു. (സങ്കീർത്തനം 31:5; തീത്തോസ് 1:2) ന്യായാനുസരണം, “സത്യസന്ധരായ മനുഷ്യർ” മാത്രമേ അവനെ പ്രതിനിധാനം ചെയ്യാൻ യോഗ്യരായിരിക്കുന്നുള്ളു.—പുറപ്പാട് 18:21, ന്യൂ വേൾഡ് ട്രാൻസേഷ്ളൻ റഫറൻസ് ബൈബിൾ, അടിക്കുറിപ്പ്.
സത്യസന്ധത നമ്മുടെ ജീവിതത്തിലെ അനേകം വശങ്ങളെ ബാധിക്കുന്നു, അതുകൊണ്ട് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞത് മനസ്സിലാക്കാവുന്നതാണ്: “ഞങ്ങൾ എല്ലാ കാര്യങ്ങളിലും സത്യസന്ധരായി നടക്കാൻ ആഗ്രഹിക്കുന്നു.” അതിൽ സംസാരത്തിലും ജോലിയിലും കുടുംബകാര്യങ്ങളിലും ബിസിനസ് ഇടപാടുകളിലും ഗവൺമെൻറുകൾ നമ്മുടെമേൽ വെക്കുന്ന ഏതു നിയമവ്യവസ്ഥളോടും പ്രതിവർത്തിക്കുന്നതിലുമുള്ള സത്യസന്ധത ഉൾപ്പെടുന്നു.—എബ്രായർ 13:18.
നാം പറയുന്നതിൽ
മിക്കപ്പോഴും നിർദ്ദോഷവും സ്വീകാര്യവുമെന്ന് വീക്ഷിക്കപ്പെടുന്നതെങ്കിലും ആളുകൾ സത്യം സംസാരിക്കാത്ത അനേകം വിധങ്ങളുണ്ട്. അവർ ജോലിചെയ്യുന്ന മണിക്കൂറുകളുടെ റിപ്പോർട്ടുകളിൽ വഞ്ചന കാണിക്കുകയും സന്ദർശിക്കുന്നവരോട് കുട്ടികളെക്കൊണ്ട് അസത്യങ്ങൾ പറയിക്കുകയും ഇൻഷുറൻസ് ഏജൻറൻമാരോട് തെററായ പ്രസ്താവനകൾ ചെയ്യുകയും ജോലിയിൽ അവധികിട്ടുന്നതിന് രോഗമായിരുന്നു എന്ന് കള്ളം പറയുകയും ചെയ്യുന്നു, ചുരുക്കം ചിലതു മാത്രമാണിവ.
ചിലപ്പോൾ നമുക്ക് മറെറാരാളോടു പറയാനുള്ളത് എഴുതേണ്ടതുണ്ട്. ഏതെങ്കിലും കാരണത്താൽ, വാഗ്രൂപേണ ഒരിക്കലും വ്യാജം പറയുകയില്ലാത്തവർ നികുതികൾക്കുവേണ്ടിയുള്ള ആദായം റിപ്പോർട്ടുചെയ്യുമ്പോൾ അല്ലെങ്കിൽ ഒരു അന്താരാഷ്ട്ര അതിർത്തിയിൽ കസ്ററംസ് അധികൃതരോട് ഇനം തിരിച്ചുള്ള ഡിക്ലറേഷൻ എഴുതുമ്പോൾ സംഗതി വ്യത്യസ്തമാണെന്ന് വിചാരിക്കുന്നു. ഈ വഞ്ചന എല്ലാ നികുതിദായകർക്കും ചെലവു വരുത്തുന്നു. അത് യഥാർത്ഥ അയൽസ്നേഹമാണോ? കൂടാതെ, ക്രിസ്ത്യാനികൾക്ക് “കൈസർക്കുള്ളത് കൈസർക്കു തിരികെ കൊടുക്കാൻ” ഒരു കടപ്പാടില്ലേ?—ലൂക്കോസ് 20:25; 10:27; റോമർ 13:1, 2, 7, 8 കൂടെ കാണുക.
നമ്മുടെ സംസാരത്തിൽ നാം തീർച്ചയായും “വ്യാജത്തിന്റെ പിതാവിനെ” അല്ല, “സത്യത്തിന്റെ ദൈവത്തെ” അനുകരിക്കാനാഗ്രഹിക്കുന്നു. (സങ്കീർത്തനം 31:5; യോഹന്നാൻ 8:44) തത്വദീക്ഷയില്ലാത്തവർ തെററിദ്ധരിപ്പിക്കുന്നതിനും വഞ്ചിക്കുന്നതിനും കപടസംസാരത്തെ ആശ്രയിച്ചേക്കാം. എന്നാൽ നമ്മുടെ അയൽക്കാരനോടു നുണ പറയുന്നത് അയാളെ സ്നേഹിക്കുകയല്ല. മാത്രവുമല്ല, വ്യാജം പറയുന്നവർക്ക് യഥാർത്ഥഭാവിയില്ല.—എഫേസ്യർ 4:25; വെളിപ്പാട് 21:27; 22:15.
ജോലിയിൽ
വാങ്ങുന്ന കൂലിക്ക് ഒരു ദിവസത്തെ സത്യസന്ധമായ ജോലി ചെയ്യുകയെന്നത് ന്യായയുക്തവും തിരുവെഴുത്തുപരവുമായ ഒരു വ്യവസ്ഥയാണ്. (കൊലോസ്യർ 3:22-24) എന്നിരുന്നാലും, നീണ്ട ഇടവേളകളിൽ കമ്പനിസമയം പാഴാക്കുന്നവരും ജോലിക്ക് താമസിച്ചുവരുകയും നേരത്തെ പോകുകയും ജോലിക്കു കയറിയശേഷം ചമയത്തിന് ഏറെ സമയം ചെലവഴിക്കുകയും അനധികൃതമായി വ്യക്തിപരമായ ഫോൺവിളികൾ നടത്തുന്നതിന് കമ്പനിഫോൺ ഉപയോഗിക്കുകയും ചെയ്യുന്നവരും കമ്പനിസമയത്ത് സ്വന്തം ബിസിനസ് നടത്തുന്നവരും ഉറങ്ങുന്നവരുംപോലുമായ അനേകായിരം സമയക്കള്ളൻമാരുണ്ട്. അവരുടെ മോഷണം എല്ലാവർക്കും ചെലവ് വർദ്ധിപ്പിക്കുന്നു.
ജോലിയിലെ മററു രൂപങ്ങളിലുള്ള മോഷണത്തിൽ വ്യക്തിപരമായ ഉപയോഗത്തിന് സാധനങ്ങളും ഉപകരണങ്ങളും എടുത്തുകൊണ്ടു പോകുന്നത് ഉൾപ്പെടുന്നു. ഇത് അപര്യാപ്തമായ ശമ്പളത്തിന് പരിഹാരംകാണുകയല്ലാതെ മറെറാന്നുമല്ലെന്ന് അവകാശപ്പെടുന്നു, തങ്ങൾ ഒരു പിശുക്കനായ മുതലാളിയുമായി കാര്യങ്ങൾ സമീകരിക്കുന്നുവെന്നപോലെ! എന്നാൽ വസ്തുക്കൾ എടുത്തുകൊണ്ടുപോകുന്നത് ഉടമസ്ഥന്റെയോ മുതലാളിയുടെയോ അറിവോടും അനുവാദത്തോടുംകൂടെയല്ലെങ്കിൽ അത് യഥാർത്ഥത്തിൽ മോഷണത്തിന്റെ ഒരു രൂപമാണ്.
ഈ സാഹചര്യങ്ങളിലെല്ലാം, സത്യക്രിസ്ത്യാനി ഈ നിശ്വസ്തബുദ്ധിയുപദേശം ബാധകമാക്കും: “കള്ളൻ മേലാൽ മോഷ്ടിക്കാതെ . . . തന്റെ കൈകൾകൊണ്ട് നല്ല വേല ചെയ്യട്ടെ, ഞെരുക്കമുള്ള ആർക്കെങ്കിലും വിതരണംചെയ്യാൻ തനിക്ക് എന്തെങ്കിലും ഉണ്ടായിരിക്കേണ്ടതിനുതന്നെ.”—എഫേസ്യർ 4:28; പ്രവൃത്തികൾ 20:35.
എന്നിരുന്നാലും, സത്യസന്ധമോ നിയമാനുസൃതമോ അല്ലാത്ത ഒരു പ്രവൃത്തി ചെയ്യാൻ നിങ്ങളുടെ മുതലാളി നിങ്ങളോട് ആവശ്യപ്പെടുകയും നിങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ നിങ്ങളെ പിരിച്ചുവിടുമെന്നു ഭീഷണിപ്പെടുത്തുകയുമാണെങ്കിലെന്ത്? ചില ദൃഷ്ടാന്തങ്ങൾ: ഒരിക്കലും വാഹനത്തിൽ സ്ഥാപിക്കാത്ത സ്പെയർപാർട്ടുകൾക്ക് പതിവുകാരനിൽനിന്ന് അവ മാററിവെക്കുന്നതിന്റെ ചാർജ് വാങ്ങുക, പതിവുകാർക്ക് ഉയർന്ന നിരക്കുകൾ ചാർജ് ചെയ്യാൻകഴിയത്തക്കവണ്ണം വിലകുറഞ്ഞ താഴ്ന്ന ചരക്കുകൾ പെട്ടിയിൽ വെക്കുക; സാധനത്തിന് പുതിയ, “വെട്ടിക്കുറച്ച” വില എഴുതുക, അസൽവില അതുതന്നെയോ അതിലും കുറവോ ആയിരിക്കുമ്പോൾ. അനേകംജോലിക്കാർ ഇതിനെ ജോലിക്കാരുടെയല്ല, പിന്നെയോ മുതലാളിയുടെ ഉത്തരവാദിത്തമായി വീക്ഷിക്കും. ഇങ്ങനെയുള്ള ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചപ്പോൾ യഹോവയുടെ സാക്ഷികൾ എന്തു ചെയ്തിട്ടുണ്ട്? ഡറിൽ ജെ——പറയുന്നു:
“ഒരു പലചരക്കുകടയിൽ ഉൽപ്പന്ന മാനേജരായി ജോലിചെയ്യവേ, യാതൊരു വിലയും കൂട്ടാതെ ലാഭം വർദ്ധിപ്പിക്കാൻ മാനേജ്മെൻറ് ആവശ്യപ്പെട്ടു. ഇതിനുള്ള നിർദ്ദേശങ്ങൾ ഇവയായിരുന്നു: ചില ഉൽപ്പന്നങ്ങളുടെ തൂക്കം കൂട്ടിപ്പറയുകയും സപ്ലയറെ കൃത്രിമ ക്രെഡിററ് നോട്ടുകൾ ഏൽപ്പിക്കുകയും ചെയ്യുക. സാധാരണ നടപടികൾ, എന്നാൽ വഞ്ചനാത്മകം.”
ഡറിൽ തെററിദ്ധരിപ്പിക്കാനും വഞ്ചിക്കാനും വിസമ്മതിച്ചു. (സദൃശവാക്യങ്ങൾ 20:23) ഏതാനും ആഴ്ചകൾക്കുശേഷം അയാളെ പിരിച്ചുവിട്ടു. തന്റെ കുടുംബത്തെ തൊഴിലില്ലായ്മയുടെ ഫലങ്ങൾക്ക് വിധേയമാക്കിയതിൽ അയാൾ ബുദ്ധിഹീനനായിരുന്നോ? സത്യസന്ധനായിരുന്നതിൽ അയാൾ ഖേദിച്ചോ? ഇല്ല, എന്തുകൊണ്ടെന്നാൽ സംഭവിച്ചതിനെക്കുറിച്ച് ഒരു സഹസാക്ഷി കേട്ടപ്പോൾ അയാൾ തൊഴിൽ കൊടുത്തു. ഡറിൽ പറയുന്നു: “മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ ഞാൻ സത്യസന്ധമായ മാർഗ്ഗത്തിൽ എന്നെയും കുടുംബത്തെയും വീണ്ടും പോററിത്തുടങ്ങി. യഹോവയോടുള്ള നിർമ്മലത പാലിച്ചതിന് അവനാൽ അനുഗ്രഹിക്കപ്പെട്ടത് ഒരു പദവിയായി ഞാൻ കണക്കാക്കുന്നു.”
മറിച്ച് നിങ്ങൾ സത്യസന്ധനായതുകൊണ്ട് നിങ്ങൾക്ക് ഒരു ജോലി കിട്ടിയേക്കാം. ഒരു സുപ്രസിദ്ധ ഇൻറർനാഷനൽ ഇൻഷുറൻസ് കമ്പനിയുടെ ഏജൻറ് കാനഡാ, റെറാറൊണ്ടോയിലെ വിജയിയായ ഒരു സ്റേറാറുടമയെ യഹോവയുടെ സാക്ഷികളെ ജോലിക്കു നിർത്തിക്കൊണ്ട് അയാളുടെ തൊഴിലാളിമോഷണപ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഉപദേശിച്ചു. ഏജൻറ് ഇങ്ങനെ വിശദീകരിച്ചു: “ഞാൻ മറെറാരു നഗരത്തിൽ ഇൻഷുറൻസ് പരിശീലനം നേടിക്കൊണ്ടിരുന്നപ്പോൾ അവരുടെ ഇടപാടുകാരിൽ രാത്രിയിൽ പലചരക്കു ഷെൽഫുകളിൽ സാധനങ്ങൾ സ്റേറാക്കുചെയ്യാൻ സാക്ഷികളെ മാത്രം ജോലിക്കു നിർത്തിയ ഒരു വലിയ സൂപ്പർമാർക്കററ് ശൃംഖല ഉണ്ടായിരുന്നതായി ഞാൻ കണ്ടെത്തി. അവർക്ക് മററു ജോലിക്കാരിൽനിന്ന് കുറേ ചീത്ത അനുഭവങ്ങൾ ഉണ്ടായി. എന്നാൽ സ്റേറാക്കുചെയ്യുന്നതിന് രാത്രിമണിക്കൂറുകളിൽ വരാൻ സാക്ഷികൾക്ക് താക്കോൽ കൊടുത്തശേഷം അവർക്ക് യാതൊരു വസ്തുവും നഷ്ടപ്പെട്ടിരുന്നില്ല.’
സത്യസന്ധനായിരിക്കാനുള്ള മററ മാർഗ്ഗങ്ങൾ
കടം വാങ്ങുന്നയാൾ വാങ്ങുന്ന സമയത്ത് മിക്കപ്പോഴും താഴ്മയും ആദരവും പ്രതിഫലിപ്പിക്കുന്നു, അയാൾ തിരികെ കൊടുക്കുന്നതുസംബന്ധിച്ച് ഉറപ്പും സഹായത്തിനു നന്ദിയും പ്രകടമാക്കുന്നു. എന്നാൽ കടം വീട്ടുന്നതിനുള്ള സമയം വരുമ്പോൾ കടം വാങ്ങുന്ന ചിലരിൽ അത്ഭുതകരമാംവിധം വ്യത്യസ്തമായ ഒരു ദുഷിച്ച മനോഭാവ മാററം വരുന്നു. അപ്പോൾ കോപവും വൈരാഗ്യവും കടംവീട്ടുന്നതുസംബന്ധിച്ച് ശല്യപ്പെടുത്തുന്നതായുള്ള പരാതിയും ദർശിക്കുക സാധാരണമാണ്. കടംകൊടുത്തയാൾക്ക് കരുണയില്ലെന്ന് അവകാശപ്പെടുകയുംചെയ്യുന്നു. കടംവാങ്ങുന്നയാളിന്റെ ദൃഷ്ടിയിൽ കടംകൊടുത്തയാൾ ഒരു അതിക്രൂരനായി രൂപാന്തരപ്പെട്ടിരിക്കുന്നു! എന്നിരുന്നാലും, ‘കടംവാങ്ങിയിട്ട് തിരികെ കൊടുക്കാത്തവൻ ദുഷ്ടനാണ്’ എന്നാണ് ബൈബിൾ പറയുന്നത്. (സങ്കീർത്തനം 37:21; റോമർ 13:8) ചെറിയ തുകകൾ പോലും കൊടുക്കാൻ കടംവാങ്ങിയ ആൾ ശ്രമിക്കാതെ, ഒരുപക്ഷേ, കടംതന്നയാളിനോടു സംസാരിക്കാൻപോലും ശ്രമിക്കാത്തപ്പോൾ വിശേഷാൽ ഇതു സത്യമായിരിക്കും.
കുടുംബജീവിതത്തിൽ അനേകം കാര്യങ്ങളിൽ സത്യസന്ധത ആവശ്യമാണ്: കുടുംബത്തലവൻ തന്റെ വരുമാനവും സാമ്പത്തികകാര്യങ്ങളും സംബന്ധിച്ച് ഭാര്യയോട് സത്യസന്ധനായിരിക്കേണ്ടതുതന്നെയാണ്; ഭാര്യ കുടുംബപണം എങ്ങനെ ചെലവഴിക്കുന്നുവെന്നതുസംബന്ധിച്ച് ഭർത്താവിനോട് സത്യസന്ധയായിരിക്കണം; ഇരുവരും തങ്ങളുടെ ലൈംഗികതാൽപര്യങ്ങൾ പരസ്പരം പരിമിതപ്പെടുത്തുന്നതുൾപ്പെടെ നിർമ്മലത പാലിക്കുന്നവരായിരിക്കേണ്ടതുണ്ട്; കുട്ടികൾ തങ്ങളുടെ മാതാപിതാക്കളുടെ പ്രസ്താവിത ഇച്ഛകളോടുള്ള പൊരുത്തത്തിൽ അവരുടെ സഹവാസങ്ങളും വിനോദരൂപങ്ങളും സംബന്ധിച്ച് സത്യസന്ധരും അനുസരണമുള്ളവരുമായിരിക്കുന്നതു നല്ലതാണ്.—എഫേസ്യർ 5:33; 6:1-3.
ഒരു യഥാർത്ഥക്രിസ്ത്യാനി “അനീതിയെ നിരാകരി”ക്കേണ്ടതാണെന്ന് ഈ പറഞ്ഞതിൽനിന്നെല്ലാം വ്യക്തമായിരിക്കേണ്ടതാണ്—സത്യസന്ധതയില്ലായ്മയോടും ഭോഷ്കുപറച്ചിലിനോടും വഞ്ചിക്കലിനോടും ചതിക്കലിനോടും ധാർമ്മികദുഷിപ്പിനോടും ഒത്തുപോകുന്ന ദുഷ്ട പ്രവൃത്തികളെയും ദുഷ്ഫലങ്ങളെയും തന്നെ.—2 തിമൊഥെയോസ് 2:19; റോമർ 2:21-24.
പ്രതിഫലങ്ങളും പ്രയോജനങ്ങളും
ഔചിത്യവും നിഷ്കപടതയും മററുള്ളവരോടുള്ള നേരായ ഇടപെടലുകളും സത്യസന്ധതയെ പ്രോൽസാഹിപ്പിക്കുന്നു. ആശ്രയത്തിന്റെയും വിശ്വാസത്തിന്റെയുമായ ഒരു കാലാവസ്ഥ അങ്ങനെ വികാസംപ്രാപിക്കുന്നു, അത് ആരോഗ്യകരമായ മനോഭാവങ്ങളിലേക്കും ബന്ധങ്ങളിലേക്കും നയിക്കുന്നു. സത്യസന്ധത മററുള്ളവരേക്കുറിച്ചുള്ള സംശയങ്ങളാലും സന്ദേഹങ്ങളാലും ഭയങ്ങളാലും ഉളവാക്കപ്പെടുന്ന, സമയവും ഊർജ്ജവും വേണ്ടിവരുന്ന പ്രതിരോധത്തിൽനിന്നു വിമുക്തമായ ധൈര്യപൂർവകമായ ജീവിതത്തിന്റെ ഒരു അന്തരീക്ഷവും പ്രദാനംചെയ്യുന്നു.—യെശയ്യാവ് 35:8-10 താരതമ്യപ്പെടുത്തുക.
സത്യസന്ധത നമുക്ക് ഒരു ശുദ്ധമനഃസാക്ഷി ഉണ്ടായിരിക്കുന്നതിനും സംഭാവന ചെയ്യുന്നു, നാം സ്വീകാര്യമായി “ജീവനുള്ള ദൈവത്തിന് വിശുദ്ധസേവനം അർപ്പിക്ക”ണമെങ്കിൽ അത് അത്യന്താപേക്ഷിതമാണ്. (എബ്രായർ 9:14; 1 തിമൊഥെയോസ് 1:19) അത് രാത്രിയിൽ നല്ല ഉറക്കത്തിനിടയാക്കിക്കൊണ്ട് മനഃസമാധാനം നൽകുന്നു. നിങ്ങൾക്ക് ബുദ്ധിമുട്ടു കൂടാതെ മററുള്ളവരെ അഭിമുഖീകരിക്കാൻ കഴിയും. സത്യസന്ധത ദുഷ്പ്രവൃത്തിയിൽ പിടിക്കപ്പെടുമെന്നുള്ള കാർന്നുതിന്നുന്ന ഭയത്തെ നീക്കംചെയ്യുന്നു. ഈ വിധത്തിൽ നാം മാനുഷ മാന്യതയും ആത്മാഭിമാനവും പാലിക്കുന്നു. അതിന് എന്നെങ്കിലും കാലഹരണപ്പെടാനോ അപ്രായോഗികമാകാനോ എങ്ങനെ കഴിയും?
തന്നിമിത്തം നാം സത്യസന്ധരായ ആളുകളാണെങ്കിൽ നമ്മിലേക്കും മററുള്ളവരിലേക്കും പ്രവഹിക്കുന്ന അനേകം പ്രതിഫലങ്ങളും പ്രയോജനങ്ങളും ഇപ്പോൾത്തന്നെയുണ്ട്. എല്ലാററിനുമുപരിയായി, അത് ഏററം നല്ല നയമായിരിക്കുന്നതുകൊണ്ടോ സത്ന്യസന്ധരായിരിക്കാൻ നമ്മോടു കൽപ്പിച്ചിരിക്കുന്നതുകൊണ്ടോ മാത്രമല്ല, പിന്നെയോ നാം നമ്മുടെ പിതാവായ യഹോവയെ സ്നേഹിക്കുന്നതുകൊണ്ടാണ് നാം സത്യസന്ധരായിരിക്കാൻ ആഗ്രഹിക്കേണ്ടത്. നാം അവനുമായുള്ള നമ്മുടെ വിലയേറിയ ബന്ധം നിലനിർത്താനും അവന്റെ അംഗീകാരം നേടാനും ആഗ്രഹിക്കുന്നു. സത്യസന്ധരായിരിക്കുന്നതിനാൽ അയൽസ്നേഹം പ്രകടമാക്കുന്നതുകൊണ്ടും അങ്ങനെയായിരിക്കാൻ നാം ആഗ്രഹിക്കുന്നു. അതുകൊണ്ട് ലളിതമായി പറഞ്ഞാൽ, ഒരു സതക്രിസ്ത്യാനിയായിരിക്കുകയെന്നാൽ സത്യസന്ധനായിരിക്കുക എന്നാണർത്ഥം.—മത്തായി 22:36-39.
സങ്കീർത്തനക്കാരൻ പറയുന്നു: “യഹോവേ, നിന്റെ കൂടാരത്തിൽ ആർ ഒരു അതിഥിയായിരിക്കും? നിന്റെ വിശുദ്ധ പർവതത്തിൽ ആർ വസിക്കും? നിഷ്ക്കളങ്കമായി നടക്കുന്നവനും നീതി പ്രവർത്തിക്കുന്നവനും ഹൃദയത്തിൽ സത്യം സംസാരിക്കുന്നവനും തന്നെ. . . . അവൻ തന്റെ കൂട്ടുകാരനോട് യാതൊരു ദോഷവും ചെയ്തിട്ടില്ല.” (സങ്കീർത്തനം 15:1-3) യഹോവയുടെ ആരാധകരെന്ന നിലയിൽ നാം സത്യസന്ധമായ ജീവിതം നയിക്കുന്നുവെങ്കിൽ അവൻ ഇപ്പോഴത്തെ നീതികെട്ട വ്യവസ്ഥിതിയെ നീതിപൂർവം അവസാനിപ്പിച്ചശേഷം “ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ” ആയിരിക്കുമ്പോൾ നാം അവന്റെ “അതിഥി”യെന്ന നിലയിൽ നിത്യാനുഗ്രഹങ്ങൾ ആസ്വദിക്കുന്നവരോടുകൂടെ ഉണ്ടായിരിക്കും. അപ്പോൾ നാം ഒരിക്കലും കാലഹരണപ്പെട്ടവരായിരിക്കയില്ല!—വെളിപ്പാട് 21:1-5. (w88 2/15)
[5-ാം പേജിലെ ചിത്രം]
നിങ്ങളുടെ സത്യസന്ധതയോടുള്ള വെല്ലുവിളിയെ നിങ്ങൾക്ക് കൈകാര്യംചെയ്യാൻ കഴിയുമോ?
നാം ജീവിക്കുന്ന ലോകം നമ്മുടെ ബോദ്ധ്യങ്ങളെയും ശരി ചെയ്യുന്നതിനുള്ള നമ്മുടെ തീരുമാനത്തെയും വെല്ലുവിളിക്കുന്നു. അത് മററുള്ളവരുടെ ചെലവിൽപോലും നമ്മെ ഒന്നാമതു കരുതുന്നതിന് ഊന്നൽ കൊടുക്കാൻ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു.
സത്യസന്ധത ഇപ്പോഴും ഏററം നല്ല നയമാണെന്നുള്ള വീക്ഷണം നിങ്ങൾ ആത്മാർത്ഥമായി പുലർത്തുന്നുവോ? സമ്മർദ്ദങ്ങൾ നിങ്ങളെ പരീക്ഷിക്കുമ്പോൾ നിങ്ങളെ സത്യസന്ധനായി നിലനിർത്താൻതക്കവണ്ണം ശക്തമാണോ നിങ്ങളുടെ ബോദ്ധ്യങ്ങൾ? ദൃഷ്ടാന്തമായി, താഴെ പറയുന്ന സാഹചര്യങ്ങളിൽ നിങ്ങൾ എന്തു ചെയ്യും:
□ പല മാസങ്ങളിൽ നിങ്ങൾക്ക് ജോലി ഇല്ലാതിരുന്നശേഷം നിങ്ങളുടെ കടങ്ങൾ വീട്ടാനും മിച്ചം വെക്കാനും ഒരു വലിയ പണത്തുക നിങ്ങൾ കണ്ടെത്തുന്നുവെങ്കിൽ?
□ നിങ്ങളുടെ സാമ്പത്തികഭാവിയെ നിർണ്ണയിച്ചേക്കാവുന്ന മാർക്കു നേടാൻകഴിയുന്ന ഏകമാർഗ്ഗം നിങ്ങളുടെ സ്കൂളിലെ ഒരു പ്രധാന പരീക്ഷയിൽ വഞ്ചന കാട്ടുകയാണെങ്കിൽ?
□ ഒരു ശാസ്ത്രജ്ഞനായി അംഗീകാരം കിട്ടുന്നതിന് നിങ്ങളുടെ ഗവേഷണത്തിന്റെ ഡേററാ നിങ്ങളുടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കത്തക്കവണ്ണം “ഭേദഗതിചെയ്യേണ്ടത്” ആവശ്യമാക്കിത്തീർക്കുന്നുവെങ്കിൽ ?
□ മറെറാരു രാജ്യത്തെ നിങ്ങളുടെ അവധിക്കാലത്ത് ഒരു വിലകൂടിയ സാധനം നിങ്ങൾ വളരെ ലാഭത്തിൽ വാങ്ങിയിട്ട് അതിർത്തിയിൽ അത് ഡിക്ലയർ ചെയ്താൽ ഉയർന്ന ഡ്യൂട്ടി കൊടുക്കേണ്ടിവരുന്നുവെങ്കിൽ?
[6-ാം പേജിലെ ചതുരം]
സത്യസന്ധതയുടെ പ്രവൃത്തികൾ കാലഹരണപ്പെട്ടതല്ല
ആളുകൾ അവരുടെ സഹമനുഷ്യനെക്കുറിച്ച് ഇപ്പോഴും കരുതുന്നുണ്ടോ? ഉവ്വ്, എന്നാൽ വർത്തമാനപ്പത്രങ്ങൾ സത്യസന്ധതയുടെ പ്രവൃത്തികൾ അപൂർവവും തന്നിമിത്തം വാർത്താപ്രാധാന്യമുള്ളവയും എന്നപോലെയാണ് അവ റിപ്പോർട്ടു ചെയ്യുന്നത്.
യു.എസ്.എ. ഇൻഡ്യാനാ, ഫോർട്ട് വേയ്നിലെ പൊലീസ്, പൂട്ടാത്ത ഒരു കാറിൽ വിലപിടിപ്പുള്ള ഒരു ററി.വി. വെച്ചുകൊണ്ട് കള്ളൻമാരെ ആകർഷിക്കാൻ ശ്രമിച്ചു. എന്തു സംഭവിക്കുമെന്നു കാണാൻ അവർ പല ആഴ്ചകളിൽ കാത്തിരുന്നു. “ആളുകൾ കാറിനു സമീപം നടന്നിട്ട് ററി.വി. കാണുകയും കതകു തുറന്ന് ലോക്ക്ബട്ടൻ താഴ്ത്തിയിട്ട് കതകടച്ചശേഷം നടന്നുപോകുകയും ചെയ്യുന്നതാണ് ഞങ്ങൾ കണ്ടത്.” അങ്ങനെ ചെയ്തതിനാൽ അവർ സത്യസന്ധത പ്രകടമാക്കി.
ബൈബിളുപദേശത്തിന്റെ പ്രയോജനകരമായ ഫലം നിമിത്തം നഷ്ടപ്പെട്ട പണം തിരികെ കൊടുക്കുന്നതിനെക്കുറിച്ച് കനേഡിയൻ വർത്തമാനപ്പത്ര തലക്കെട്ടുകൾ പറയുന്നു:
“നല്ല ശമര്യക്കാർ ഒഴിവു ദിവസത്തെ രക്ഷിക്കുന്നു.”
—ദി വിൻസർ സ്ററർ
“സത്യസന്ധനായ പാററ 421 ഡോളർ തിരികെ കൊടുക്കുന്നു.”
—ദി സ്പെക്റേറററർ
“നഷ്ടപ്പെട്ട 983 ഡോളർ തിരികെ കൊടുത്തത് വ്യാപാരിയുടെ വിശ്വാസത്തെ വീണ്ടെടുക്കുന്നു.”—ദി റെററൊണ്ടോ സ്ററർ
ഈ സംഭവങ്ങളിൽ നഷ്ടപ്പെട്ട പണം തിരികെ കൊടുത്തത് യഹോവയുടെ സാക്ഷികൾ ആയിരുന്നു. ആദ്യത്തേതിൽ, വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുത്തിരുന്ന രണ്ടു യുവ സാക്ഷികൾ ഒരു സ്ത്രീയുടെ പേഴ്സ് കണ്ടെത്തി തിരികെ കൊടുത്തു. അവർ ഇങ്ങനെ പറഞ്ഞു: “ആ കുട്ടികൾ ഒരു ദശലക്ഷത്തിലൊന്നാണെന്ന് ഞാൻ വിചാരിക്കുന്നു. . . . അത് യഥാർത്ഥത്തിൽ മനുഷ്യപ്രകൃതിയിലുള്ള നിങ്ങളുടെ വിശ്വാസത്തെ പുനഃസ്ഥിതീകരിക്കുകതന്നെ ചെയ്യുന്നു.” അവർ ടൗണിനു വെളിയിൽനിന്നു വന്നതായിരുന്നതുകൊണ്ട് ആ യുവാക്കൾക്ക് പണം അനായാസം എടുക്കാമായിരുന്നു, എന്നാൽ അവർ ഇങ്ങനെ പറഞ്ഞു: “അത് ഒന്നുമില്ല. ഞങ്ങൾ മറെറാരാൾക്ക് ഒരു നൻമ ചെയ്തുവെന്നേയുള്ളു.”
രണ്ടാമത്തെ റിപ്പോർട്ടും ഒരു യാത്രക്കാരനോടു ബന്ധപ്പെട്ടതായിരുന്നു. “എന്നാൽ [പണം കണ്ടെത്തിയ ആളിന്റെ] മനസ്സിൽ പ്രലോഭനം യാതൊരു സംശയവും അവശേഷിപ്പിച്ചില്ല” എന്ന് പേപ്പർ റിപ്പോർട്ടു ചെയ്തു. താൻ ഒരു യഹോവയുടെ സാക്ഷിയാണെന്നും “ഞങ്ങൾക്ക് സത്യസന്ധതയിൽ ശക്തമായ വിശ്വാസമുണ്ടെന്നും” സാക്ഷി പറഞ്ഞു.
മൂന്നാമത്തെ സംഭവത്തിൽ, പണം നഷ്ടപ്പെട്ടയാൾ “തനിക്ക് മനുഷ്യത്വത്തിലുള്ള വിശ്വാസം മിക്കവാറും നഷ്ടപ്പെട്ടിരുന്നുവെന്ന് ഏററുപറഞ്ഞു.” പണമിരുന്ന ബ്രൗൺ പേപ്പർബാഗ് കണ്ടെത്തിയ സാക്ഷിയുടെ ഭർത്താവ് ബൈബിളിനാൽ നയിക്കപ്പെടുന്നതാണ് താക്കോൽ എന്ന് ഒരു റിപ്പോർട്ടറോടു പറഞ്ഞു: “അതാണ് എന്റെ ഭാര്യക്ക് അത് തിരികെ കൊടുക്കുന്നത് എളുപ്പമാക്കിയത്.”
മറെറാരു സംഭവത്തിൽ, വീടുതോറും പ്രവർത്തിച്ചിരുന്ന രണ്ടു സാക്ഷികൾ നഷ്ടപ്പെട്ട ഒരു ശമ്പളക്കവർ കണ്ടു. അവർ അത് സ്ഥലത്തെ പൊലീസ് സ്റേറഷനിലെത്തിച്ചപ്പോൾ പണം നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള റിപ്പോർട്ടില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സർജൻറ് പറഞ്ഞു. സ്ഥലത്തെ റേഡിയോ സ്റേറഷനിൽ ഇതിനെക്കുറിച്ച് അറിയിപ്പുകൊടുക്കാൻ സാക്ഷി നിർദ്ദേശിച്ചു. പോലീസുകാരന് ഏതാണ്ട് അന്ധാളിപ്പായി. അയാൾ പറഞ്ഞു: “ഈ പണം തിരികെ കൊടുക്കാൻ നിങ്ങൾ ഒട്ടേറെ ശ്രമിക്കുന്നുണ്ട്. ഏതായാലും നിങ്ങൾ ഏതു മതത്തിൽപെട്ടവരാണ്?” സാക്ഷി മറുപടി പറഞ്ഞപ്പോൾ സർജൻറ് പറഞ്ഞു: “ഞാൻ അങ്ങനെ വിചാരിച്ചു, എന്തുകൊണ്ടെന്നാൽ അങ്ങനെയുള്ള ശ്രമംചെയ്യാൻതക്കവണ്ണം സത്യസന്ധതയുള്ളത് നിങ്ങൾക്കു മാത്രമാണ്.”
വീടുതോറും സന്ദർശനം നടത്തിക്കൊണ്ടിരുന്ന യഹോവയുടെ സാക്ഷികളിലൊരാളായ ഡബ്ലിയു. കെ.−−−അത്യന്തം അസാധാരണമായ ഒരു അപേക്ഷയെ അഭിമുഖീകരിച്ചു. ആ വീട്ടുകാരനും ഭാര്യക്കും തീർത്തും സുഖമില്ലായിരുന്നു. എന്നാൽ അന്ന് ഒരു ബാങ്ക്ഇടപാട് നടത്തേണ്ടതുണ്ടായിരുന്നു. സാക്ഷിക്ക് അതു ചെയ്യാമോയെന്ന് അവർ ചോദിച്ചു. സമ്മതിച്ചപ്പോൾ ബാങ്കിൽ കൊണ്ടുപോകാൻ രൊക്കം 30,000 രൂപാ അയാളുടെ കൈയിൽ കൊടുത്തു. ബാങ്കിൽനിന്ന് തിരിച്ചുചെന്നപ്പോൾ “എന്നെ അറിയുകപോലുമില്ലാഞ്ഞപ്പോൾ നിങ്ങൾക്ക് എന്നെ എങ്ങനെ വിശ്വസിക്കാൻ കഴിഞ്ഞു? എന്ന് അയാൾക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഉത്തരമിതായിരുന്നു: “യഹോവയുടെ സാക്ഷികളെ മാത്രമേ വിശ്വസിക്കാവൂ എന്ന് ഞങ്ങൾക്കറിയാം, എല്ലാവർക്കുമറിയാം.”
തീർച്ചയായും എല്ലാ രാജ്യങ്ങളിലും യഹോവയുടെ സാക്ഷികൾക്കു പുറമേ സത്യസന്ധരായ ആളുകളുണ്ടെങ്കിലും അവർ പ്രത്യേക പ്രസ്താവന അർഹിക്കാൻ തീർത്തും അപൂർവമാണെന്ന് തോന്നുന്നു. സത്യസന്ധത സംബന്ധിച്ച ബൈബിളുപദേശം പ്രയോജനകരവും പ്രായോഗികവുമായ ഫലങ്ങൾ ഉളവാക്കുന്നതിൽ നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാൻ കഴിയും!