ദൈവസ്നേഹം—ധാർമ്മിക നൻമയ്ക്കുള്ള പ്രേരകശക്തിയോ?
അധാർമ്മികത തടയപ്പെടേണ്ടിയിരിക്കുന്നു എന്ന് ന്യായബോധമുള്ള ആളുകൾ ഉടനെ സമ്മതിച്ചുപറയും. യുനൈററഡ് ചർച്ച് ഓഫ് കാനഡയുടെ ഒരു ശുശ്രൂഷകൻ പറഞ്ഞതുപോലെ: “വ്യക്തികളും സമുദായവും ധാർമ്മിക പ്രമാണം അവഗണിക്കുമ്പോൾ അതിൽ നിന്നുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഭീതിജനകമാണ്; യുദ്ധങ്ങൾ, പണപ്പെരുപ്പം, വാട്ടർഗേററ്, അരാജകത്വം എന്നിവ തന്നെ.” മുൻ ലേഖനത്തിൽ കാണിച്ചതുപോലെ, ഈ ലോകത്തിലെ പ്രമുഖ മതങ്ങൾ ധാർമ്മിക നൻമക്കുള്ള വീര്യമേറിയ പ്രേരകശക്തിയായിരുന്നിട്ടില്ല. അതുകൊണ്ട് നാം വ്യക്തിപരമായി സൻമാർഗ്ഗ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത്തരം പ്രേരകശക്തിക്കുവേണ്ടി മറെറാരു അധികാര ഉറവിടത്തിലേക്ക് തിരിഞ്ഞ് ആ അധികാര ഉറവിടത്തിന് കീഴ്പ്പെടാൻ സന്നദ്ധരായിരിക്കുകയും വേണം.
ഈജിപററിലെ ഒരു കൊട്ടാര ഉദ്യോഗസ്ഥന്റെ ഒരു എബ്രായ കാര്യവിചാരകനായിരുന്ന യോസേഫിന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തിൽ അത്തരം ഒരു ഉന്നത അധികാരിയുടെ സ്വാധീനത്തിന്റെ തെളിവുണ്ട്. ഉദ്യോഗസ്ഥന്റെ ഭാര്യയുമായി ലൈംഗികബന്ധം പുലർത്തുന്നതിന് അവൾ പ്രലോഭിപ്പിച്ചപ്പോൾ, ഇങ്ങനെ പറഞ്ഞുകൊണ്ട് യോസേഫ് ചെറുത്തു: “ഈ മഹാ തിൻമ ചെയ്തുകൊണ്ട് എനിക്ക് ദൈവത്തിനെതിരെ പാപം ചെയ്യാൻ എങ്ങനെ കഴിയും?” (ഉൽപത്തി 39:7-9) ദൈവത്തിന്റെ അധികാരത്തെ ആദരിച്ചതും അവനെ പ്രസാദിപ്പിക്കാൻ ആഗ്രഹിച്ചതും അവളുടെ മുന്നേററങ്ങളെ ചെറുക്കാൻ ആവശ്യമായ ധാർമ്മിക കരുത്ത് യോസേഫിന് പകർന്നുകൊടുത്തു.
ഇരുനൂറു വൻഷങ്ങൾക്കുശേഷം യോസേഫിന്റെ പിതാവായ യാക്കോബിന്റെ സന്തതികളായ യിസ്രായേൽ ജനത്തിന് മോശയിലൂടെ നൽകപ്പെട്ട നിയമത്തിന്റെ ഭാഗമായി പത്തു കൽപ്പനകൾ ലഭിച്ചു. അനുസരണക്കേട് യഹോവയാം ദൈവത്തിന്റെ അപ്രീതിക്ക് കാരണമായപ്പോൾ അനുസരണം ദിവ്യ അനുഗ്രഹങ്ങൾ കൈവരുത്തി. അങ്ങനെ ഈ കൽപ്പനകൾ ജനതയ്ക്ക് ഒരു ധാർമ്മിക വഴികാട്ടിയായി ഉതകി.
പത്തു കൽപ്പനകൾ—നൻമയ്ക്കുള്ള ഒരു പ്രേരകശക്തി
പത്തു കൽപ്പനകൾ എത്ര വീര്യമേറിയ ഒരു ശക്തിയായിരുന്നു? ഈ 20-ാം നൂററാണ്ടിൽ പോലും അതിന്റെ സ്വാധീനശക്തി അനുഭവവേദ്യമാണ്. ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടിൽ ന്യൂസിലാൻറിലെ അന്നത്തെ ഗവർണർ ജനറൽ ഇങ്ങനെ പ്രസ്താവിച്ചു: “പത്തു കൽപ്പനകൾ കാലഹരണപ്പെട്ടുപോയി എന്നു ചിലർ വിചാരിക്കുന്നതായി എനിക്ക് തോന്നുന്നു. എന്നാൽ ഇന്ന് സകലരും അവയെ വിശ്വസ്തമായി പാലിച്ചാൽ ദേശത്തെ സാധാരണ നിയമങ്ങൾ അധികപ്പററായിത്തീരും എന്ന വസ്തുത ഒട്ടും പ്രാധാന്യം കുറഞ്ഞ കാര്യമല്ല.”
എന്നുവരികിലും, ഒരു യുവ യഹൂദാ നാടുവാഴിയോടുള്ള സംഭാഷണത്തിങ്കൽ പത്തു കൽപ്പനകൾ പാലിക്കുന്നതിനേക്കാൾ കവിഞ്ഞ ചില കാര്യങ്ങൾ ആവശ്യമാണ് എന്ന് യേശുക്രിസ്തു കാണിച്ചു. ആ ചെറുപ്പകാരൻ ഇങ്ങനെ ചോദിച്ചു: “നിത്യജീവൻ ലഭിക്കാൻ എന്തു നൻമയാണ് ഞാൻ ചെയ്യേണ്ടത്?” പത്തു കൽപ്പനകളിൽ ചിലത് എടുത്തുപറഞ്ഞുകൊണ്ട് അവൻ “കൽപ്പനകൾ നിരന്തരം പാലിക്കേണം” എന്ന് യേശു പറഞ്ഞപ്പോൾ, നാടുവാഴി ഇങ്ങനെ ഉത്തരം നൽകി: “ഞാൻ അവയെല്ലാം പാലിച്ചിരിക്കുന്നു; ഇനിയെന്തിലാണ് എനിക്കു കുറവുള്ളത്?” യേശു ഇങ്ങനെ മറുപടി നൽകി: “പോയി നിനക്കുള്ള വസ്തുവകകളൊക്കെയും വിററ് ദരിദ്രർക്ക് കൊടുക്കുക, അപ്പോൾ സ്വർഗ്ഗത്തിൽ നിനക്ക് നിക്ഷേപം ഉണ്ടാകും, പിന്നെ വന്ന് എന്റെ അനുഗാമി ആയിരിക്കുക.” വൃത്താന്തം ഇങ്ങനെ തുടരുന്നു: “ആ ചെറുപ്പക്കാരൻ ഇതു പറയുന്നതു കേട്ടപ്പോൾ, അവൻ ദുഃഖിതനായി പുറപ്പെട്ടുപോയി, കാരണം അവന് ധാരാളം സ്വത്തുക്കൾ കൈവശം ഉണ്ടായിരുന്നു.”—മത്തായി 19:16-22.
ഈ വൃത്താന്തവും ലൂക്കോസ് 10:25-28ലെ വൃത്താന്തവും തമ്മിലുള്ള ഒരു താരതമ്യപഠനം ആ യുവ നാടുവാഴിയുടെ അടിസ്ഥാന പ്രശ്നം വിവേചിച്ചറിയാൻ നമ്മെ സഹായിക്കും. നമ്മൾ ഇങ്ങനെ വായിക്കുന്നു: “ന്യായപ്രമാണത്തിൽ പ്രവീണനായ ഒരു മനുഷ്യൻ അവനെ [യേശുവിനെ] പരീക്ഷിക്കാൻ എഴുനേററ് ഇങ്ങനെ പറഞ്ഞു: ‘ഗുരോ, എന്തു ചെയ്താലാണ് എനിക്ക് നിത്യജീവൻ അവകാശമാക്കാൻ കഴിയുക?’” ആ കാര്യം സംബന്ധിച്ച് വിവേചിക്കാൻ യേശു അവനെ സഹായിച്ചു, തൽഫലമായി തന്റെ സ്വന്ത ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ അയാൾക്ക് കഴിഞ്ഞു, സാരാംശമായി അവൻ ഇങ്ങനെ പറഞ്ഞു: ‘യഹോവയാം ദൈവത്തെ നിന്റെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണദേഹിയോടും പൂർണ്ണ ശക്തിയോടും പൂർണ്ണ മനസ്സോടും കൂടെ സ്നേഹിക്കുക, നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെയും സ്നേഹിക്കുക.’ അനന്തരം യേശു ഇങ്ങനെ ഉപസംഹരിച്ചു: “ഇതു ചെയ്തുകൊണ്ടേയിരിക്കുക എന്നാൽ നിങ്ങൾക്ക് ജീവൻ ലഭിക്കും.”
മുമ്പ് സൂചിപ്പിച്ച യുവ നാടുവാഴിയുടെ പ്രശ്നം നിങ്ങൾക്ക് കാണാൻ കഴിയുന്നില്ലേ? ഭൗതിക സ്വത്തുക്കളോടുള്ള അയാളുടെ പ്രിയം ദൈവത്തോടും അയൽക്കാരനോടും ഉള്ള അയാളുടെ സ്നേഹത്തെത ഗ്രസിച്ചുകളഞ്ഞു. എത്ര പരിതാപകരം! പത്തു കൽപ്പനകൾ പാലിക്കാനുള്ള ശ്രമമുണ്ടായിരുന്നിട്ടും, അയാൾ നിത്യജീവൻ നഷ്ടപ്പെടുത്തുന്നതിന്റെ അപകടത്തിലായിരുന്നു.
ദൈവസ്നേഹത്തിന്റെ അർത്ഥമെന്ത്?
ദൈവത്തോടും അയൽക്കാരനോടും ഉള്ള സ്നേഹത്തിന്റെ സ്ഥാനം സ്വസ്നേഹവും ധനസ്നേഹവും ലൈംഗിക താൽപര്യവും കൈയ്യടക്കിയിരിക്കുന്നു. എന്തിന്, സ്രഷ്ടാവെന്ന നിലയിൽ ദൈവത്തിലുള്ള വിശ്വാസത്തെ പോലും തെളിയിക്കപ്പെടാത്ത പരിണാമസിദ്ധാന്തത്തിലുള്ള വിശ്വാസം ഗ്രസിച്ചുകളഞ്ഞിരിക്കുന്നു. ഇതെല്ലാം ഇങ്ങനെ സംഭവിക്കാൻ ഇടയാക്കിയതെന്താണ്?
നൂററാണ്ടുകളോളം, ക്രൈസ്തവലോകത്തിലെ വൈദികവൃന്ദം സാമാന്യ ജനങ്ങളുടെ ധാർമ്മികതയുടെമേൽ ആധിപത്യം ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിൽ ഭീകരനരകാഗ്നിയുടെ ബൈബിൾ വിരുദ്ധ ഉപദേശത്തെ ഉപയോഗിച്ചു. എൻസൈക്ലോപ്പീഡിയാ ഇൻറർനാഷനൽ ഇങ്ങനെ പ്രസ്താവിക്കുന്നു: “മധ്യയുഗങ്ങളിലുടനീളം സാധാരണ മനുഷ്യരുടെ മേൽ നൻമയ്ക്കുള്ള ഏററവും വീര്യമേറിയ പ്രേരകശക്തിയായി വർത്തിച്ചത് അഗ്നിനരക ഭീതി ആയിരുന്നു, രാജാക്കൻമാരെയും ചക്രവർത്തിമാരെയും പോലും സഭയുടെ ഇച്ഛാനുവർത്തികളാക്കി അവരുടെ അനിയന്ത്രിതമായ അഭിവാഞ്ഛകൾക്ക് കടിഞ്ഞാണിട്ടതും അതായിരുന്നു.” ഈ നരകാഗ്നിയുടെ ഉപദേശം, ദൈവം സ്നേഹശൂന്യനും കരുണാരഹിതനും പ്രതികാരദാഹിയുമാണ് എന്ന ധാരണയാണ് സൃഷ്ടിച്ചത്. ചില ആളുകൾക്ക് അതൊരു വിലക്കായി ഉതകിയെങ്കിലും, മററനേകരെ അത് പരിണാമം പോലുള്ള തിരുവെഴുത്തുവിരുദ്ധമായ പഠിപ്പിക്കലുകൾക്ക് എളുപ്പം ഇരയാക്കിക്കൊണ്ട് അവരെ ദൈവത്തിൽനിന്ന് അകററിക്കളഞ്ഞു.
ദൈവം ദേഹികളെ നരകാഗ്നിയിൽ ദണ്ഡിപ്പിക്കുമെന്ന് ബൈബിൾ പക്ഷെ പഠിപ്പിക്കുന്നില്ല. പകരം അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ നമ്മോട് പറയുന്നു: “ദൈവം സ്നേഹമാകുന്നു.” “നമുക്ക് നമ്മുടെ പാപങ്ങൾ ക്ഷമിച്ചുതരാൻ തക്കവണ്ണം അവൻ വിശ്വസ്തനാണ്.” മോശെ ഇങ്ങനെ എഴുതി: “യഹോവ, കരുണാസമ്പന്നനും കൃപാലുവും ആയ ഒരു ദൈവം, കോപത്തിനു താമസമുള്ളവനും സ്നേഹദയയിലും സത്യത്തിലും സമ്പന്നനും തന്നെ.” (1യോഹന്നാൻ 4:8; 1:9; പുറപ്പാട് 34:6) ദൈവത്തിന്റെ അത്ഭുത ഗുണങ്ങളിൽ ചുരുക്കം ചിലത് മാത്രമാണ് ഇവ. ഇവ നമ്മെ അവനോട് അടുപ്പിക്കും. ഈ ഗുണങ്ങൾ, വിശേഷിച്ച് അവന്റെ സ്നേഹമാണ് അവനെ സ്നേഹിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. “നമ്മെ സംബന്ധിച്ചോ, നാം സ്നേഹിക്കുന്നു, കാരണം അവൻ നമ്മെ ആദ്യം സ്നേഹിച്ചു.” (1യോഹന്നാൻ 4:19) ഈ ദൈവസ്നേഹമാണ് ധാർമ്മിക നൻമയ്ക്കുള്ള ഏററവും വീര്യമേറിയ പ്രേരകശക്തി; അതിന് നിത്യജീവനിലേക്ക് നയിക്കാൻ കഴിയും!
ദൈവത്തോടുള്ള യഥാർത്ഥ സ്നേഹം വെറുമൊരു അമൂർത്തമായ ഗുണം മാത്രമല്ല. അത് മറെറാരാളുടെ താത്പര്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ ഒരുവനെ പ്രചോദിപ്പിക്കുന്നു. ഈ സ്നേഹം പ്രകടിപ്പിക്കാൻ കഴിയുന്ന നിരവധി മാർഗ്ഗങ്ങൾ അപ്പോസ്തലനായ പൗലോസ് പട്ടികപ്പെടുത്തി. അവയിൽ ചിലത് ഇവയാണ്: “സ്നേഹം ദീർഘക്ഷമയുള്ളതും കരുണാർദ്രവുമാണ്. സ്നേഹം അസൂയപ്പെടുന്നില്ല, വമ്പ് പറയുന്നില്ല, ചീർക്കുന്നില്ല, അയോഗ്യമായി പെരുമാറുന്നില്ല, സ്വന്ത താൽപര്യങ്ങൾ അന്വേഷിക്കുന്നില്ല, പ്രകോപിതമാകുന്നില്ല.” (1കൊരിന്ത്യർ 13:4,5) ഈ സ്നേഹം പ്രദർശിപ്പിക്കുന്നത് നമ്മുടെ സ്വർഗ്ഗീയ പിതാവിനെ അനുകരിക്കാനുള്ള ഒരു ശ്രമമാണ്. യേശു ഇങ്ങനെ പറഞ്ഞു: “ഈ രണ്ട് കൽപ്പനകളിൽ [ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കുക] മുഴുന്യായപ്രമാണവും പ്രവാചകൻമാരും അടങ്ങിയിരിക്കുന്നു.” (മത്തായി 22:40, ഒരു അമേരിക്കൻ ഭാഷാന്തരം) മററുവാക്കുകളിൽ, നാം ഈ സ്നേഹം കാണിക്കുന്നുവെങ്കിൽ, നമ്മൾ നമ്മുടെ അയൽക്കാരന്റെ വക മോഷ്ടിക്കുകയോ അവനെ കൊല്ലുകയോ അവന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുകയോ ചെയ്യുകയില്ല. ഇതിനോട് യോജിച്ചുകൊണ്ട് അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ പറയുന്നു: “ദൈവസ്നേഹത്തിന്റെ അർത്ഥം ഇതാണ്, അവന്റെ കൽപ്പനകൾ അനുസരിക്കുന്നതു തന്നെ.”—1യോഹന്നാൻ 5:3
ദൈവത്തോടുള്ള സ്നേഹം നൻമയ്ക്കുള്ള ഒരു പ്രേരകശക്തി
രണ്ടാം നൂററാണ്ടിൽ ജീവിച്ചിരുന്ന തെർത്തുല്യൻ കാണിച്ചപ്രകാരം ദൈവത്തോടുള്ള സ്നേഹം ആദിമ ക്രിസ്ത്യാനികളുടെമേൽ ഉളവാക്കിയ സ്വാധീനഫലം കുറിക്കൊള്ളുക. ക്രിമിനൽ കുററവാളികളുടെ ഇടയിൽ ഒരു ക്രിസ്ത്യാനിയെ കാണിച്ചുതരാൻ തന്റെ എതിരാളികളെ അദ്ദേഹം വെല്ലുവിളിച്ചു. അവർക്കതിന് കഴിയാതെ വന്നപ്പോൾ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ആ സ്ഥിതിക്ക്, അപരാധം ചെയ്യാത്തവർ ഞങ്ങൾ മാത്രമാണ്.” ദി ഓൾഡ് റോമൻ വേൾഡ് എന്ന പുസ്തകം ഈ വീക്ഷണത്തെ പിന്താങ്ങിക്കൊണ്ട് ഇങ്ങനെ പറയുന്നു: “അവരുടെ നിർദ്ദോഷ ജീവിതത്തിനും അനിന്ദ്യമായ ധാർമ്മിക മൂല്യങ്ങൾക്കും ഞങ്ങളുടെ മുമ്പാകെ തെളിവുണ്ട്. കൂടാതെ ക്രിസ്ത്യാനിത്വം ഇന്ന് എന്ന മാസിക സഭാ ചരിത്രകാരനായ റോണാൾഡ് ബേയ്ൻറനെ ഇങ്ങനെ ഉദ്ധരിക്കുന്നു: “പുതിയനിയമ കാലയളവിന്റെ സമാപനഘട്ടം മുതൽ 170-180 എന്ന ദശകം വരെ ക്രിസ്ത്യാനികൾ സൈന്യത്തിൽ ചേർന്നിരുന്നതായി യാതൊരുവിധ തെളിവുമില്ല.” ദൈവത്തോടുള്ള സ്നേഹം സൻമാർഗ്ഗ ജീവിതം നയിച്ചുകൊണ്ട് അവനെ അനുസരിക്കാൻ അവരെ പ്രചോദിപ്പിച്ചു. ‘ഈ പ്രയോജനപ്രദമായ ധാർമ്മിക പ്രേരകശക്തിയുടെ തെളിവ് ഇന്നുണ്ടോ?’ എന്ന് ആശ്ചര്യപൂർവം നിങ്ങൾ ചോദിച്ചേക്കാം.
തീർച്ചയായും ഉണ്ട്! വിവാഹത്തിന് മുമ്പുള്ള ലൈംഗികതയെക്കുറിച്ചു ഒരു പള്ളിപ്രസംഗം പോലും താൻ ഒരുകാലത്തും കേട്ടിട്ടില്ല എന്ന് ഹെറാൾഡ് ആൻറ് റിവ്യൂ എന്ന പത്രത്തിൽ പത്രപംക്തി എഴുത്തുകാരൻ ആയ മൈക്ക് മക്മാനസ് എഴുതി. ഇതിനുള്ള പ്രതികരണം എന്ന നിലയിൽ തനിക്കു ലഭിച്ച കത്തുകളുടെ കൂട്ടത്തിൽ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു 14 വയസ്സുകാരി പിൻവരുന്നപ്രകാരം എഴുതിയതായി അദ്ദേഹം ഒരു മാസത്തിനു ശേഷം റിപ്പോർട്ട് ചെയ്തു: “ഈ രോഗങ്ങൾ പിടിപെടുമെന്ന ചിന്ത തന്നെ ആളുകളെ [വിവാഹത്തിനു മുമ്പുള്ള ലൈംഗികതയിൽ] നിന്ന് അകററാൻ മതിയായതാണ്. പക്ഷെ സാക്ഷികൾ ഇതിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതിന്റെ കാരണം ദുർവൃത്തിയിൽ നിന്ന് ഓടി അകലാൻ യഹോവ ഞങ്ങളോട് കൽപ്പിച്ചിരിക്കുന്നു എന്നതാണ്.” (ഇററാലിക്സ് ഞങ്ങളുടേത്) കത്തിന് അഭിനന്ദനം നൽകിക്കൊണ്ട് മക്മാനസ്സ് ഇങ്ങനെ ചോദിച്ചു: “ഇത്ര വ്യക്തമായി വിശുദ്ധ പൗലോസിനെ (1കൊരിന്ത്യർ 6:18) ഉദ്ധരിക്കാൻ നിങ്ങളുടെ സഭയിലുള്ള 14 വയസ്സുകാരിൽ എത്ര പേർക്കാവും?”
ഈ ബാലിക പരാമർശിച്ച യഹോവയുടെ കൽപ്പനകളെ അനുസരിക്കുന്നതിലുള്ള ഇതേ തത്വം സാക്ഷികൾ മററു രംഗങ്ങളിലും ബാധകമാക്കുന്നു. തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില ദൈവ കൽപ്പനകളുടെ കാതൽ ഇവയാണ്: ‘സകല കാര്യങ്ങളിലും സത്യസന്ധരായിരിക്കുക’, ‘വിഗ്രഹങ്ങളെ ഒഴിവാക്കുക’, ‘രക്തത്തിൽ നിന്നും ദുർവൃത്തിയിൽ നിന്നും ഒഴിഞ്ഞിരിക്കുക’, ‘നേരുള്ളവരായിരിക്കുക’, ‘ദൈവത്തിന്റെ വഴികളിൽ നിങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കുക.’ (എബ്രായർ 13:18; 1യോഹന്നാൻ 5:21; പ്രവൃത്തികൾ 15:29; എഫേസ്യർ 4:25; 6:4) ഈ കൽപ്പനകൾ അനുസരിക്കാൻ നിങ്ങളുടെ അയൽപ്രദേശത്തോ ജോലിസ്ഥലത്തോ ഉള്ള യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നത് നിങ്ങൾ കുറിക്കൊണ്ടിട്ടുണ്ടോ? അവർ എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു, അവർ എന്തുകൊണ്ട് രക്തപ്പകർച്ചക്ക് വിസമ്മതിക്കുന്നു, അവർ എന്തുകൊണ്ട് യുദ്ധത്തിന് പോകാൻ വിസമ്മതിക്കുന്നു, അവർ എന്തുകൊണ്ട് നിങ്ങളുടെ ഭവനം സന്ദർശിക്കുന്നു, ചുരുക്കത്തിൽ, അവർ എന്തുകൊണ്ട് വ്യത്യസ്തരായിരിക്കുന്നു എന്ന് എപ്പോഴെങ്കിലും നിങ്ങൾ ആശ്ചര്യപ്പെട്ടിട്ടുണ്ടോ?
സ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല
ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹത്തിൽ യഹോവയുടെ സാക്ഷികൾ പിൻവരുന്ന ബുദ്ധിയുപദേശം ഹൃദയാ കൈക്കൊണ്ടിരിക്കുന്നു: “നല്ലതും സ്വീകാര്യവും പൂർണ്ണവും ആയ ദൈവഹിതം ഇന്നതെന്ന് നിങ്ങൾക്കുതന്നെ സ്വയം ഉറപ്പാക്കുമാറ്, നിങ്ങൾ മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമർ 12:2) തങ്ങൾക്കായുള്ള “ദൈവഹിതം” എന്താണെന്ന് അവർ തിരിച്ചറിയുമ്പോൾ അവർക്കത് ചെയ്യാനുള്ള അഭിവാഞ്ഛ ഉണ്ടാകുന്നു. ഈ ആഗ്രഹത്തിനു പിന്നിലെ പ്രേരകശക്തി അവരുടെ ദൈവസ്നേഹമാണ്. ഇത് നമ്മുടെ കാലത്തേക്ക് അപ്രായോഗികമോ ഭാവനയിൽ മാത്രമൊതുങ്ങുന്നതോ ആണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? പിൻവരുന്ന യഥാർത്ഥ ജീവിതവൃത്താന്തങ്ങൾ സംബന്ധിച്ച് ഒരു നിമിഷം പരിചിന്തിക്കുക.
മുമ്പ് 1963ൽ ബ്രസീലിലെ സാവോപ്പോളോയിൽ വസിച്ചിരുന്ന ജോസ്, നേരത്തെ തന്നെ വിവാഹിതയായിരുന്ന യൂജിനായുമൊത്ത് ജീവിച്ചുപോന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം ഈ ദമ്പതികൾ യഹോവയുടെ സാക്ഷികളുമൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി. ഈ പഠനത്തിൽ നിന്ന് “വിവാഹം എല്ലാവരുടെയും ഇടയിൽ മാന്യമായിരിക്കണം” എന്ന് ദൈവം വ്യവസ്ഥ ചെയ്തിരിക്കുന്നതായി ഇവർ മനസ്സിലാക്കി.. (എബ്രായർ 13:4) തങ്ങൾ വിവാഹിതരായിത്തീരേണ്ടതുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു, പക്ഷേ യൂജിനയ്ക്ക് ജോസിനെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുന്ന രൂപത്തിലുള്ള വിവാഹമോചന നിയമം അന്ന് ബ്രസീലിൽ നിലവിലില്ലായിരുന്നു. എങ്കിലും 1977-ൽ ഒരു വിവാഹമോചന നിയമം പ്രാബല്യത്തിൽ വന്നപ്പോൾ, അവൾ വിവാഹമോചനത്തിന് വേണ്ടി അപേക്ഷിക്കുകയും അങ്ങനെ 1980-ൽ അവർക്ക് ദൈവവ്യവസ്ഥകൾ പാലിച്ചുകൊണ്ട് വിവാഹം ചെയ്യാൻ സാധിക്കുകയും ചെയ്തു. അവരുടെ ദൈവസ്നേഹത്തിന് അതിന്റേതായ പ്രതിഫലം ലഭിച്ചു.
ന്യൂയോർക്ക് നഗരത്തിലുള്ള എല്ലാ മയക്കുമരുന്നുകളും ഇനിയർ പരീക്ഷിച്ചിരുന്നു. അവൻ തന്റെ കാമുകിയായ ആനിനോടൊപ്പം ആയിരുന്നു ജീവിച്ചത്. പണത്തിന് ആവശ്യം നേരിട്ടപ്പോൾ പുരുഷൻമാർക്കുവേണ്ടി ഇറക്കിയിരുന്ന ഒരു പ്രചാരമുള്ള മാസികയ്ക്കുവേണ്ടി അവൻ അവളുടെ ചിത്രം എടുത്തയച്ചു കൊടുപ്പിച്ചിരുന്നു. ഓരോ ഫോട്ടോയെടുപ്പിനും നഗ്നയായി നിന്നുകൊടുക്കുന്നതിന് അവൾക്ക് ഒരു വലിയ തുക വാഗ്ദാനം ചെയ്യപ്പെട്ടു. അതിനിടയ്ക്ക് ഇനിയർ യഹോവയുടെ സാക്ഷികളുമൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി, തുടർന്ന് ആനും അതിൽ പങ്കുചേർന്നു. ഇനിയർ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നത് നിർത്തി. മൂന്നാഴ്ചകൾക്ക് ശേഷം, അവർ അവരുടെ സ്വന്ത നിലയിൽ വിവാഹം കഴിക്കുന്നതിന് തീരുമാനമെടുത്തു. അനന്തരം ഒരു ക്രിസ്ത്യാനി മാന്യമായി വസ്ത്രധാരണം ചെയ്യണമെന്ന് ബൈബിളിൽ നിന്ന് മനസ്സിലാക്കിയതിനേത്തുടർന്ന് എത്രതന്നെ പണം വാഗ്ദാനം ചെയ്യപ്പെട്ടാലും മനഃപൂർവ്വകമായി അത്തരം ഫോട്ടോയെടുപ്പിന് സമ്മതിക്കാൻ തനിക്കു കഴിയില്ല എന്നവൾ നിശ്ചയിച്ചു. (1തിമൊഥെയോസ് 2:9) അത്തരം മാററങ്ങൾക്ക് പ്രേരിപ്പിച്ചതെന്താണെന്നാണ് നിങ്ങൾ കരുതുന്നത്? യഹോവയുടെ സാക്ഷികളിൽ ഒരുവൾ ആയിത്തിരുകയെന്നത് കേവലം ഒരു മത്തത്തിൽ ചേരുന്ന കാര്യം മാത്രമല്ല പിന്നെയോ ദൈവത്തിന് അർപ്പിക്കപ്പെട്ട ഒരു ജീവിതം നയിക്കുന്നത് അതിൽ അന്തർഭവിച്ചിരിക്കുന്നു എന്ന് താൻ തിരിച്ചറിഞ്ഞപ്പോൾ അതിവേഗം മാററങ്ങൾ വരുത്തേണ്ടതുണ്ടെന്ന് അവൾക്ക് ബോധ്യമായെന്ന് അവൾ പറയുന്നു. സത്യമായും, ദൈവത്തോടുള്ള സ്നേഹം നൻമയ്ക്കു പ്രേരിപ്പിക്കുന്ന വീര്യമേറിയ ഒരു ശക്തി തന്നെ.
‘കൊള്ളാം ഇതെല്ലാം വെറും ഒററപ്പെട്ട കേസുകൾ മാത്രമാണ്’ എന്ന് ചിലർക്ക് തോന്നിയേക്കാം. പക്ഷെ അതല്ല സ്ഥിതി. യഹോവയുടെ സാക്ഷികൾ സജീവമായി പ്രവർത്തിക്കുന്ന ഇടങ്ങളിൽ ഇതുപോലുള്ള മാററങ്ങൾ നിരവധിയായി സംഭവിക്കുന്നുണ്ട്. എന്തുകൊണ്ട് ഇതിൽ കൂടുതലായ നിരീക്ഷണം നടത്തിക്കൂടാ? സത്യമതത്തിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്ന വിധത്തിലുള്ള ദൈവസ്നേഹം ഇന്നും ധാർമ്മിക നൻമയ്ക്കു പ്രേരിപ്പിക്കുന്ന ശക്തി തന്നെ. (w87 10/15)
[6-ാം പേജിലെ ആകർഷകവാക്യം]
ആദിമ ക്രിസ്ത്യാനികളെക്കുറിച്ച് “പ്രാചീന റോമൻ ലോകം” എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “അവർ നിർദ്ദോഷ ജീവിതം നയിച്ചുവെന്നതിന്റെ, അവരുടെ അനിന്ദ്യമായ ധാർമ്മിക നിഷ്ഠയുടെ, തെളിവ് ഞങ്ങൾക്കുണ്ട്.” അവരുടെ “അനിന്ദ്യമായ ധാർമ്മികനിഷ്ഠയുടെ” പിന്നിലെ പ്രേരകശക്തി എന്തായിരുന്നു?
[7-ാം പേജിലെ ചിത്രം]
ദുഷ്പ്രവൃത്തിക്കുള്ള പ്രലോഭനത്തെ ചെറുക്കാൻ ദൈവസ്നേഹത്തിന് നിങ്ങളെ സഹായിക്കാൻ കഴിയും