യഥാർത്ഥ സ്നേഹിതരെ നിങ്ങൾക്ക് എങ്ങനെ സമ്പാദിക്കാം
“ഒരു സ്നേഹിതനെ നേടാനുള്ള ഏക മാർഗ്ഗം സ്വയമെ അങ്ങനെ ആയിരിക്കുക എന്നതാണ്,” എന്ന് അമേരിക്കൻ കവി, എമേഴ്സൻ എഴുതി. സൗഹൃദം എന്നത് പരസ്പര ദാനത്തിന്റെ ആത്മാവ് വ്യാപരിക്കുന്ന ഒരു ഉഭയദിശാ വീഥി ആണ്. അന്തർമുഖരും സ്വാർത്ഥ പ്രകൃതങ്ങളുള്ളവരും യഥാർത്ഥ സ്നേഹിതരെ സമ്പാദിക്കാൻ പ്രയാസപ്പെടുന്നു. പക്ഷേ, അവർക്ക് വിജയിക്കാൻ കഴിയും, അതാണ് നാം കാണാൻ പോകുന്നത്.
യഥാർത്ഥ ചങ്ങാത്തം സ്നേഹത്തിൽ നിന്ന് വളരുന്നു, കാരണം സ്നേഹമാണ് ആളുകളെ ആകർഷിക്കുന്നത്. എങ്കിലും സ്നേഹിതരെ ഉളവാക്കുന്നതിൽ ചിലർക്ക് ബുദ്ധിമുട്ടുണ്ട്. ഒരു വ്യക്തിക്ക് ഇതിനെ എങ്ങനെ വിജയപൂർവ്വം നേരിടാൻ കഴിയും?
“ഒരു നല്ല ശ്രോതാവ് ആയിരിക്കുക. മററുള്ളവർ അവരെപ്പററിത്തന്നെ സംസാരിക്കാൻ പ്രോൽസാഹിപ്പിക്കുക,” എന്ന് ഡേയ്ൽ കാർണേഗി ബുദ്ധിയുപദേശിച്ചു. സാമൂഹ്യ കൂടിവരുവുകളിലോ മറേറാ അപരിചിതർ കണ്ടുമുട്ടുമ്പോൾ സ്നേഹിതരെ സമ്പാദിക്കുന്നവർ ആരാണ്? വലിയ സംഭാഷണ ചാതുര്യം ഉള്ളവരല്ല പിന്നെയോ മററുള്ളവരെ പ്രത്യേകം വിളിച്ച് അവർക്ക് യഥാർത്ഥ ശ്രദ്ധ നൽകിക്കൊണ്ട് അവരിൽ ഊഷ്മളതാത്പര്യം എടുക്കുന്നവരാണ്. പുതിയ പരിചയക്കാരുടെ പേരുകളും അവരെ സംബന്ധിക്കുന്ന ചില വിശേഷ വസ്തുതകളും ഓർത്തിരിക്കുന്നത് സ്നേഹബന്ധങ്ങൾ വികസിപ്പിക്കുന്നതിന് സഹായകരമായിരിക്കും.
വ്യക്തിപരമായ ആശയവിനിമയത്തിന്റെ മൗലിക തത്വങ്ങൾ എന്ന പുസ്തകത്തിൽ കിംഗ്രിപ്പിൻ, ബോബി ആർ. പാററൻ എന്നിവർ സ്വയവെളിപ്പെടുത്തലും ആത്മാർത്ഥതയും ശുപാർശ ചെയ്യുന്നു. “നിങ്ങൾ ആർക്കെങ്കിലും പ്രാധാന്യം കൽപ്പിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ അവളെയോ അവനെയോ സംബന്ധിച്ച് പ്രസക്തി തോന്നുന്ന ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം . . . എപ്പോഴും തുറന്നരീതിയിൽ ഇടപെടുക . . . മറെറ ആളോടുള്ള നിങ്ങളുടെ പ്രതികരണങ്ങൾ ആത്മാർത്ഥം ആയിരിക്കണം.”
യഥാർത്ഥ സ്നേഹിതർ സത്യസന്ധർ മാത്രമല്ല അവർ പരിഗണനയുള്ളവരും ആയിരിക്കും, അവർ ഒരിക്കലും പരസ്പരം അടിച്ചേൽപ്പിക്കുന്ന പ്രകൃതമുള്ളവരോ, കൈയ്യടക്കുന്ന പ്രകൃതമുള്ളവരോ ആയിരിക്കുകയില്ല. അവർ പരസ്പരം അറിയുന്നു. അപരന്റെ വീക്ഷണഗതി മനസ്സിലാക്കുന്നു, അങ്ങനെ അവർക്ക് തൻമയീഭാവം പുലർത്താൻ കഴിയുന്നു. സ്നേഹബന്ധം വളരുന്നതോടെ അവർ പരസ്പരം ഹൃദയം തുറക്കുന്നു, അങ്ങനെ അവർ യഥാർത്ഥ സ്നേഹിതർ മാത്രമല്ല ഉററ ചങ്ങാതികൾ ആയിത്തീരുന്നു. യഥാർത്ഥ സ്നേഹിതരെല്ലാം ഉററ സ്നേഹിതരായിരിക്കുകയില്ല. ഭൂമിയിൽ ഉണ്ടായിരുന്നതിൽ വച്ചേററവും സൗഹൃദശീലനായിരുന്ന യേശു നിരവധി സ്നേഹിതരെ സമ്പാദിച്ചുവെങ്കിലും ചുരുക്കം ചിലർ മാത്രമെ അവന്റെ ഉററ ചങ്ങാതിമാർ ആയിരുന്നുള്ളു.—മർക്കോസ് 9:1-10; ലൂക്കോസ് 8:51.
യഥാർത്ഥ സൗഹൃദത്തിന്റെ ഗ്രൻഥം
സൗഹൃദം എന്ന വിഷയം കൈകാര്യം ചെയ്തിട്ടുള്ള പുസ്തകങ്ങളിൽ വച്ച് ഏററവും മികച്ച ഗ്രൻഥമായ ബൈബിൾ ഇങ്ങനെ പറയുന്നു: “ഒരു യഥാർത്ഥ സ്നേഹിതൻ എപ്പോഴും സ്നേഹിക്കുന്നു. അനർത്ഥ കാലത്ത് അവൻ ഉടെപ്പിറന്ന സഹോദരനായിത്തീരുന്നു.” (സദൃശവാക്യങ്ങൾ 17:17) യഥാർത്ഥ സ്നേഹിതൻമാർ സ്നേഹവായ്പ്പുള്ളവരാണ്. പ്രശ്നങ്ങൾ ഉയർന്നു വരുമ്പോൾ അവർ സഹായം നൽകാൻ ഒരുക്കവും ഉള്ളവരായിരിക്കും. പുരാതന യിസ്രായേലിന്റെ നാളുകളിൽ നിന്നിതാ ഒരു ദൃഷ്ടാന്ത കഥ:
ക്ഷാമം നിമിത്തം യഹൂദയിൽ നിന്ന് തന്റെ ഭാര്യയായ നവോമിയെയും കൂട്ടി ഒരു മനുഷ്യൻ മോവാബിലേക്ക് പോയി. അൽപ്പകാലം കഴിഞ്ഞ് അവൻ മരിച്ചു. തുടർന്ന് അവന്റെ രണ്ടു പുത്രൻമാർ മോവാബ്യ സ്ത്രീകളായ രൂത്തിനെയും ഓർപ്പയെയും വിവാഹം കഴിച്ചു. അനന്തരം ആ രണ്ട് പുത്രൻമാരും മരിച്ചു, അങ്ങനെ ഈ മൂന്നു വിധവകൾ മാത്രം അവശേഷിച്ചു. അമ്മയായ നവോമി യഹൂദയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. അവളുടെ രണ്ടു മരുമക്കളും അവളോടൊപ്പം യാത്ര തിരിച്ചു. യാത്രാമദ്ധ്യെ നവോമി ആ ചെറുപ്പക്കാരികളോട് മടങ്ങിപ്പോയി അവരുടെ സ്വന്തജനങ്ങളുടെ ഇടയിൽ നിന്ന് പുതിയ ഭർത്താക്കൻമാരെ അന്വേഷിച്ചു കൊള്ളുക എന്നു പറഞ്ഞു. ഓർപ്പ പറഞ്ഞതുപോലെ ചെയ്തു. എന്നാൽ രൂത്ത് നവോമിയോടൊപ്പം പോകാൻ നിർബ്ബന്ധം പിടിച്ചു. എന്തുകൊണ്ട്? കാരണം അവൾ ഒരു മരുമകളേക്കാൾ അധികം ആയിരുന്നു; അവൾ ഒരു യഥാർത്ഥ സ്നേഹിത ആയിരുന്നു. സ്നേഹവായ്പ്പോട് കൂടിയ അവളുടെ പ്രകൃതം, വൃദ്ധയായ ആ വിധവയെ കുടുംബാംഗങ്ങൾ എല്ലാവരും നഷ്ടപ്പെട്ട ഒരു വിരഹിണിയായി ഒററയ്ക്കയക്കാൻ അവളെ അനുവദിച്ചില്ല എന്നതാണ് ഒരു സംഗതി.—രൂത്ത് 1:1-17.
രൂത്ത് യഥാർത്ഥ തൻമയീഭാവവും ദയയും വിശ്വസ്തതയും സ്നേഹവും കാണിച്ചു. ഈ ഗുണങ്ങൾ യഥാർത്ഥ സഖിത്വത്തിന് ഈടുററ അടിസ്ഥാനം പ്രദാനം ചെയ്യുന്നു. നവോമിയുമായുള്ള രൂത്തിന്റെ ബന്ധത്തിൽ പക്ഷേ, മറെറാരു ഘടകവും കൂടെ അന്തർഭവിച്ചിട്ടുണ്ടായിരുന്നു.
സഖിത്വം ഒരു ഉയർന്ന തലത്തിൽ
നവോമി രൂത്തിനെ മടങ്ങിപ്പോകാൻ പ്രേരിപ്പിച്ചപ്പോൾ അവൾ ഇങ്ങനെ പറഞ്ഞു: “നിന്നെ ഉപേക്ഷിക്കാൻ എന്നോട് അപേക്ഷിക്കരുതേ, . . . നീ പോകുന്നിടത്ത് ഞാൻ പോകും . . . നിന്റെ ജനം എന്റെ ജനമായിരിക്കും, നിന്റെ ദൈവം എന്റെ ദൈവവും. (രൂത്ത് 1:16) മുൻകാലത്ത് ഒരു വിജാതീയ സ്ത്രീ ആയിരുന്ന രൂത്തിനെ നവോമി സത്യദൈവമായ യഹോവയെ അറിയാനും അവനെ സ്നേഹിക്കാനും സഹായിച്ചു. അവർ പങ്കിട്ട ആ പൊതു വിശ്വാസങ്ങൾ യഥാർത്ഥ സ്നേഹിതരെന്നവണ്ണം ആ രണ്ട് സ്ത്രീകളെ അന്യോന്യം അടുപ്പിച്ച ശക്തമായ ആത്മീയ കണ്ണി ആയിത്തീർന്നു. യഹോവ അവരെ ഒരു പുതിയ കുടുംബം സഹിതം അനുഗ്രഹിച്ചു. കാലാന്തരത്തിൽ രൂത്ത് യഹൂദയിലെ ഒരു സമ്പന്ന ഭൂവുടമയായ ബോവസിനെ വിവാഹം കഴിക്കുകയും അവർക്ക് ഓബെദ് എന്ന് പേരുള്ള മകൻ ജനിക്കുകയും ചെയ്തു. അവൻ പിന്നീട് ദാവീദ് രാജാവിന്റെ പിതാമഹൻ ആയിത്തീർന്നു.—രൂത്ത് 4:13-22; മത്തായി 1:5,6.
ഈ ആത്മീയ ഘടകം സൗഹൃദത്തെ ഒരു ഉയർന്ന തലത്തിലാക്കുന്നു. എങ്ങനെ? രൂത്തിന്റെയും നവോമിയുടെയും കാര്യത്തിൽ, അവരിരുവരും “കാരുണ്യവാനും കൃപാലുവും കോപത്തിന് താമസമുള്ളവനും സ്നേഹദയയിലും സത്യത്തിലും സമ്പന്നനും” ആയ യഹോവയാം ദൈവത്തെ ആണ് സേവിച്ചത്. (പുറപ്പാട് 34:6) “ദൈവം സ്നേഹം ആകുന്നു,” നാം അവനെ ആത്മാവിലും സത്യത്തിലും ആത്മാർത്ഥമായി ആരാധിക്കുന്നുവെങ്കിൽ നാം അവനോടും നമ്മുടെ സഹജീവികളോടുമുള്ള സ്നേഹത്തിൽ വളരുമെന്ന് ഉറപ്പാണ്. (1 യോഹന്നാൻ 4:8; യോഹന്നാൻ 4:24) അങ്ങനെ നമുക്ക് മാററം ഭവിക്കുന്നു. നാം മററുള്ളവരിൽ സൗഹൃദപൂർവ്വകമായ താത്പര്യം വളർത്തുന്നു, വിശേഷിച്ച് എല്ലാ ജാതികളിലുമുള്ള യാതനയനുഭവിക്കുന്ന സൗമ്യതയുള്ള ആളുകളിൽ. അന്തർമുഖരായ ആളുകൾ അങ്ങനെ തങ്ങളുടെ സ്വയതാത്പര്യം കുറക്കുന്നു. സ്വാർത്ഥ മനുഷ്യർ മററുള്ളവരോടുള്ള പരിഗണന വർദ്ധിപ്പിക്കുന്നു. നമ്മൾ ദൈവാത്മാവിന്റെ ഫലം പ്രദർശിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നു—“സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം.”—ഗലാത്യർ 5:22,23.
ഈ ഗുണങ്ങൾ മററുള്ളവരുടെ ബലഹീനതകളും പിഴവുകളും—യേശു പറഞ്ഞതുപോലെ “ഏഴു പ്രാവശ്യമല്ല എഴുപത്തേഴു പ്രാവശ്യം” ക്ഷമിക്കാനുള്ള മർമ്മപ്രധാനമായ പ്രാപ്തി വികസിപ്പിക്കാൻ നമ്മെ സഹായിക്കുന്നു. (മത്തായി 18:21,22) പല സ്നേഹബന്ധങ്ങളും ഇക്കാര്യം വരുമ്പോൾ തകരുന്നു. പക്ഷേ യേശുക്രിസ്തു ഇത് പ്രസംഗിക്കുകയും ആചരിക്കുകയും ചെയ്തു. പത്രോസ് കർത്താവിനെ ലജ്ജാവഹമായ വിധത്തിൽ തള്ളിപ്പറഞ്ഞതുൾപ്പെടെ അവന്റെ അപൂർണ്ണരും ബലഹീനരുമായ ശിഷ്യൻമാരുടെ തെററുകൾക്ക് അവൻ എത്രയോ തവണ അവരോട് ക്ഷമിച്ചു!—മത്തായി 26:69-75.
ഈ വിധത്തിലുള്ള ആത്മീയ വളർച്ചയുടെയെല്ലാം ഫലമായി നമ്മുടെ സ്നേഹിതരുടെ വൃത്തം വലുതായിത്തീരുന്നു. ഒടുവിൽ നാം സ്നേഹിതരുടെ ഒരു ആഗോള കുടുംബത്തിലെ അംഗമാണെന്ന് കണ്ടെത്തുന്നു. ദൃഷ്ടാന്തത്തിന് യഹോവയുടെ ഒരു പുതിയ ആരാധകനായ ബ്രയാൻ, തന്റെ പഴയ സ്നേഹിതൻമാർ തന്നെ മദ്യപാനത്തിലും ഭാര്യയെയും മക്കളെയും അവഗണിക്കുന്നതിലും കൊണ്ടെത്തിച്ചിരുന്നു എന്ന് അനുസ്മരിക്കുന്നു. പക്ഷേ അവൻ തന്റെ കുടുംബത്തോട് ഇന്ന് അർപ്പണ മനോഭാവമുള്ളവനാണ്. യഹോവയിലുള്ള തന്റെ അതേ വിശ്വാസത്തോട് കൂടിയ അദ്ദേഹത്തിന്റെ പുതിയ സ്നേഹിതരെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു: “എനിക്ക് എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടെങ്കിൽ, ഫോണെടുത്ത് അവരിലാരെ എങ്കിലും ഒന്ന് വിളിച്ചാൽ മതി, അവർക്ക് സഹായിക്കാൻ സന്തോഷമായിരിക്കും”.
ആലന് കുറെ സുഹൃത്തുക്കളുണ്ടായിരുന്നു, അവരുടെ സംഭാഷണം എപ്പോഴും കാറുകളെയും പെൺകുട്ടികളെയും കേന്ദ്രീകരിച്ചുള്ളതായിരുന്നു. പക്ഷേ യഹോവയെ സ്നേഹിക്കുന്ന പുതിയ സഹകാരികളെ കണ്ടെത്തിയപ്പോൾ ഈ വിഷയങ്ങൾ “ശൂന്യശുഷ്കം” ആണെന്നയാൾ കണ്ടു. തന്നിലുള്ള അവരുടെ “ആകസ്മികവും യഥാർത്ഥവും സ്നേഹനിർഭരവുമായ താത്പര്യം” അവന് ഹൃദയ ഭേദകമായി തോന്നി.
നമ്മുടെ ഉത്തമ സ്നേഹിതർ
ഈ വ്യക്തികളും ഇവരെക്കൂടാതെയുള്ള മററനവധി ലക്ഷങ്ങളും ദേശീയ, ജാതീയ, സാമൂഹിക അതിർവരമ്പുകളെ മറികടക്കുന്ന സ്നേഹിതരുടെ ഒരു രാഷ്ട്രീയ രഹിതമായ ആഗോള സമുദായത്തെ രൂപപ്പെടുത്തുന്നു—ആദിമ ക്രിസ്ത്യാനികളുടേതുപോലെയുള്ള ഒരു യഥാർത്ഥ മനുഷ്യവർഗ്ഗ സാഹോദര്യം. (3 യോഹന്നാൻ 14) രൂത്തിനെയും നവോമിയെയും പരസ്പരം അടുപ്പിച്ച അതേ ബന്ധം, അതായത്, യഹോവയുടെ ശുദ്ധമായ ആരാധന ആണ് ഈ കുടുംബത്തെയും ഏകോപിപ്പിക്കുന്നത്. അവരെല്ലാവരും തന്നെ എളിമയോടും നന്ദിയോടും കൂടെ യഹോവയെയും യേശുവിനെയും അവരുടെ അതിശ്രേഷ്ഠ സ്നേഹിതരായി തിരിച്ചറിഞ്ഞിരിക്കുന്നു.
“സർവ്വശക്തനായ ദൈവവും അവന്റെ പുത്രനും സ്നേഹിതരെപ്പോലെയോ?” നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. ‘അത് എങ്ങനെ സാധിക്കും? അത് അൽപ്പം ഔദ്ധത്യം അല്ലേ?’ കൊള്ളാം ബൈബിൾ ഇങ്ങനെ പറയുന്നു: “അബ്രഹാം യഹോവയിൽ വിശ്വാസം അർപ്പിച്ചു, . . . അവൻ ‘യഹോവയുടെ സ്നേഹിതൻ’ എന്നു വിളിക്കപ്പെടുകയും ചെയ്തു. അത് തീർച്ചയായും അനർഹമായ ദയ ആയിരുന്നു. എങ്കിലും യഹോവയുടെ വചനം ഇങ്ങനെ പറയുന്നു: “ദൈവം നിഗളികളോട് എതിർത്തു നിൽക്കുന്നു, എന്നാൽ എളിമയുള്ളവർക്ക് അവൻ അനർഹദയ പകർന്ന് കൊടുക്കുന്നു.”—യാക്കോബ് 2:23; 4:6
ഒരു പക്ഷേ ചിലർക്ക് തങ്ങൾ അത്തരം പദവികൾക്ക് യോഗ്യരല്ലാത്തവണ്ണം പാപികളാണെന്നു ബോധം ഉണ്ടായേക്കാം. എന്നാൽ യാക്കോബ് പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് തുടരുന്നു: “ദൈവത്തോട് അടുത്തുവരിക, അവൻ നിങ്ങളോടും അടുക്കും. പാപികളായ നിങ്ങൾ നിങ്ങളുടെ കൈകൾ വെടിപ്പാക്കുക ചഞ്ചലരേ, നിങ്ങളുടെ ഹൃദയങ്ങൾ ശുദ്ധീകരിക്കുക. യഹോവയുടെ കൺമുമ്പിൽ നിങ്ങളെത്തന്നെ താഴ്ത്തുക, അവൻ നിങ്ങളെ ഉയർത്തും.”—യാക്കോബ് 4:8,10
യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് കൽപ്പിക്കുന്നത് നിങ്ങൾ ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിതരായിരിക്കും. ഏററവും വലിയ കൽപ്പനകൾ ‘പൂർണ്ണഹൃദയത്തോടും ദേഹിയോടും മനസ്സോടും കൂടെ യഹോവയാം ദൈവത്തെ സ്നേഹിക്കുക എന്നതും കൂട്ടുകാരനെ നമ്മെപ്പോലെ തന്നെ സ്നേഹിക്കുക’ എന്നതും ആണ്. (യോഹന്നാൻ 15: 14; മത്തായി 22: 37-40) നാം അങ്ങനെ ചെയ്യുന്നുവെങ്കിൽ നമുക്ക് ഒട്ടേറെ യഥാർത്ഥ സ്നേഹിതർ ഉണ്ടായിരിക്കും. കൂടാതെ, ഇപ്രകാരം നമ്മൾ മറെറാരു വലിയ പദവിക്ക് യോഗ്യത പ്രാപിക്കും—ദൈവരാജ്യത്തിൻ കീഴിൽ ഒരു ശുദ്ധീകരിക്കപ്പെട്ട ഭൂമിയിലെ നിത്യജീവൻ. (മത്തായി 6:9,10) യേശു പറഞ്ഞതുപോലെ: “അവന്റെ [യഹോവയുടെ] കൽപ്പനയുടെ അർത്ഥം നിത്യജീവൻ എന്നാണ്.”—യോഹന്നാൻ 12:50
യഹോവയുടെ സാക്ഷികൾ നിങ്ങളെ സഹായിക്കാൻ നിങ്ങൾ അനുവദിക്കുമോ? യഥാർത്ഥ സൗഹൃദമുള്ള ആളുകൾ എന്ന നിലയിൽ നിങ്ങളെ സന്ദർശിക്കുന്നതിനും ഈ ജീവൽപ്രധാനമായ വിഷയം സൗജന്യമായി നിങ്ങളോട് ചർച്ച ചെയ്യുന്നതിനും ഒരുക്കമുള്ളവരാണവർ. നിരവധി യഥാർത്ഥ സ്നേഹിതരെ ഉളവാക്കാൻ അവർക്ക് നിങ്ങളെ സഹായിക്കാൻ കഴിയും. (w87 9/15)
[6-ാം പേജിലെ ചതുരം]
യഥാർത്ഥ സുഹൃത്ബന്ധത്തിനുള്ള ചില മാർഗ്ഗരേഖകൾ
നിങ്ങൾ തെരഞ്ഞെടുത്ത ആളുകളുമായി സഹവസിക്കുക.
മററുള്ളവരിൽ ഊഷ്മളതാത്പര്യം എടുക്കുകയും നല്ലൊരു ശ്രോതാവായിരിക്കുകയും ചെയ്യുക.
കാര്യാദികൾ ഒരുമിച്ച് ചേർന്ന് ചെയ്യുക. അനുഭവങ്ങളുടെ പങ്കിടൽ സൗഹൃദത്തെ ബലപ്പെടുത്തും
എല്ലായ്പ്പോഴും തുറന്ന ആത്മാർത്ഥത കാണിക്കുക.
മററുള്ളവർ പ്രതിസന്ധികളിൽ അകപ്പെടുമ്പോൾ തൻമയീഭാവവും സ്നേഹവായ്പ്പും പ്രകടമാക്കുക.
സ്നേഹിതർ പിഴവുകൾ വരുത്തുകയോ നിങ്ങളെ നിരാശരാക്കുകയോ ചെയ്യുമ്പോൾ ക്ഷമിക്കാൻ ഒരുങ്ങിയിരിക്കുക—എഴുപത്തേഴു പ്രാവശ്യം പോലും.—മത്തായി 18:22
സ്നേഹിതർ ദുഷിക്കപ്പെടുകയോ അന്യായമായി വിമർശിക്കപ്പെടുകയോ ചെയ്യുമ്പോൾ അവരോടുള്ള വിശ്വസ്തത കാത്തുകൊണ്ട് അവരെ പിൻതുണക്കുക.
യഹോവയുടെ ആരാധനയിലുള്ള പങ്കുപററൽ സ്നേഹബന്ധത്തെ നിസ്സീമമായി ബലിഷ്ഠമാക്കുന്നു.
[7-ാം പേജിലെ ചിത്രം]
രൂത്ത് നവോമിയെ ഉപേക്ഷിക്കയില്ലായിരുന്നു, കാരണം അവരുടെ സ്നേഹബന്ധത്തിന് ഒരു ഈടുററ ആത്മീയ അടിസ്ഥാനമുണ്ടായിരുന്നു. നിങ്ങൾക്ക് അത്തരം യഥാർത്ഥ സ്നേഹിതരുണ്ടോ?