കോപം നിയന്ത്രിക്കൽ—നിങ്ങളുടേതും മററുള്ളവരുടേതും
നാം ജീവിക്കുന്നത കോപനിർഭരമായ ഒരു സമൂഹത്തിലാണ്. ഗതാഗതതടസ്സങ്ങൾ, പൊരുത്തമില്ലാതെ സദാ മാറിക്കൊണ്ടിരിക്കുന്ന മൂല്യങ്ങൾ, തെററിദ്ധാരണകൾ, അനീതികൾ, അനുദിനജീവിതത്തിലെ മററ് ഇച്ഛാഭംഗങ്ങൾ എന്നിവയെല്ലാം വർദ്ധിച്ച സംഘർഷം ഉണ്ടാക്കുന്നു. സംഘർഷം പെരുകുന്തോറും അത് മേൽക്കുമേൽ രൂക്ഷമായിത്തീരുന്നു, ഓരോരുത്തനും തന്റെ കോപം തിളച്ചുപൊങ്ങുന്ന ഒരു ഘട്ടമുണ്ട്. അതുകൊണ്ട് നാം അയവുകാണിക്കാൻ പഠിക്കേണ്ടതുണ്ട്. ഒരു ക്രിയാത്മകമായ മനോഭാവത്തോടെ ഓരോ ദിവസത്തിനും ആരംഭമിടാൻ നമുക്ക് കഴിയും—ക്ഷമയും സഹിഷ്ണതയും നല്ല നർമ്മബോധവും കാട്ടിക്കൊണ്ട്. നമുക്ക് മിക്കവർക്കും നമ്മെ സ്നേഹിക്കുന്ന ഒരു കുടുംബമുണ്ട്. ക്രിസ്ത്യാനികൾക്കാണെങ്കിൽ സഭയിൽ വിശ്വസ്തരായ സഹക്രിസ്ത്യാനികളും എല്ലാററിനുമുപരിയായി യഹോവയാം ദൈവം എന്ന സ്നേഹമയിയായ ഇടയനും ഉണ്ട്. അതുകൊണ്ട് കോപത്തിന്റെ പൊതുവായ ഒരു കാരണത്തെ അവർ ഭയപ്പെടേണ്ടതില്ല: ഏകനാണെന്നോ അവഗണിക്കപ്പെട്ടവനാണെന്നോ ഉള്ള തോന്നൽ.—സങ്കീർത്തനം 23:1-6; എബ്രായർ 13:5,6.
പക്തെ, നമുക്ക് കോപം തോന്നുകയോ മറെറാരാളുടെ കോപത്തെ നേരിടേണ്ടിവരുകയോ ചെയ്യുമ്പോൾ നമ്മുടെ ക്ഷേമവും സന്തുഷ്ടിയും കാത്തുരക്ഷിക്കുമാറ് അതു ഉചിതമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ബൈബിൾ നമ്മോടു പറയുന്നു: “കോപത്തിനു സാവധാനതയുള്ളവൻ ബലവാനായൊരു മനുഷ്യനെക്കാളും തന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവൻ ഒരു നഗരം കീഴടക്കുന്നവനെക്കാളും ശ്രേഷ്ഠനത്രെ.” (സദൃശവാക്യങ്ങൾ 16:32) കോപം പ്രകടിപ്പിക്കാൻ ധൃതികൂട്ടുന്നതിനുപകരം നമ്മുടെ പ്രവർത്തനങ്ങളുടെ സാദ്ധ്യമായ പരിണതഫലം നാം പരിചിന്തിക്കേണ്ടതുണ്ട്. ഒന്നു മുതൽ പത്തു വരെ എണ്ണുന്നത്, പിന്നീട് നാം പശ്ചാത്തപിച്ചേക്കാവുന്ന എന്തെങ്കിലും ചെയ്യുന്നതിൽ നിന്ന് നമ്മെ തടഞ്ഞേക്കാം.—സദൃശവാക്യങ്ങൾ 14:17.
നാം കുപിതരാകുകയും അത് എന്തുകൊണ്ട് എന്ന് നമുക്ക് അറിയാൻ കഴിയാതെയും ഇരിക്കുന്നുവെങ്കിൽ നാം എളിമയോടെയും സത്യസന്ധതയോടെയും സഹായത്തിനുവേണ്ടി അപേക്ഷിക്കേണ്ടതുണ്ട്. മററുള്ളവരോട്, വിശേഷിച്ച് നാം സ്നേഹിക്കുന്നവരോട് നമ്മുടെ ഭീതികളും സഹായത്തിനുവേണ്ടിയുള്ള ആവശ്യവും അറിയിക്കുന്നത് ഒരു ദൗർബ്ബല്യമല്ല; അതു ജ്ഞാനത്തിന്റെയും ധൈര്യത്തിന്റെയും ഗതിയാണ്. അപ്പോൾ നമുക്ക് പ്രശ്നത്തിന്റെ വേരിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് കഴിയും. ബൈബിൾ ഇങ്ങനെ പറയുന്നു: “കൂടിയാലോചനയില്ലാത്തിടത്ത് പദ്ധതികളുടെ പരാജയവും ആലോചനക്കാരുടെ ബഹുത്വത്തിൽ കാര്യനിവൃത്തിയുമുണ്ട്.”—സദൃശവാക്യങ്ങൾ 15:22.
നാം അബദ്ധവശാൽ ആരെയെങ്കിലും മുറിവേൽപ്പിച്ചാൽ നാം അവനോട് ഒരു ക്ഷമാപണത്തിന് കടപ്പെട്ടിരിക്കുന്നു. ദൃഷ്ടാന്തത്തിന് ആരെങ്കിലും നിങ്ങളുടെ കാൽവിരലിൽ ചവിട്ടിയാൽ നിങ്ങൾ കുപിതനായിത്തീരാൻ ഇടയുണ്ട്. പക്ഷെ, അയാൾ ക്ഷമാപണം നടത്തുമ്പോൾ നിങ്ങളുടെ കോപം ശമിക്കുന്നു. വിരലിന്റെ ചതവ് അപ്പോഴുമുണ്ടെങ്കിലും നിങ്ങളുടെ അഭിമാനം ആദരിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ, നിങ്ങളുടെ ഭാഗത്തെ നല്ല പെരുമാററവും സാമാന്യ മര്യാദകളും ആരോഗ്യാവഹമായ നർമ്മബോധവും നീരസത്തെ അകററി നമ്മുടെ ഇണ, കുട്ടികൾ, സ്നേഹിതർ, ക്രിസ്തീയസഭയിലെ അംഗങ്ങൾ എന്നിവരുമായുള്ള ബന്ധത്തിൽ നമ്മോട് ആദരവ് നിലനിർത്തുന്നതിന് ഇടയാക്കും.—സദൃശവാക്യങ്ങൾ 16:24; കൊലോസ്യർ 4:6; 1 പത്രോസ് 3:8.
നമുക്ക് കോപം തോന്നാനിടയാക്കുന്ന ഒരു സാഹചര്യം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ മറെറ വ്യക്തിയെ ആക്രമിക്കാതെ നമ്മുടെ കോപത്തെ സംബന്ധിച്ച് സംസാരിക്കാൻ കഴിയുന്നതെങ്ങനെ എന്നറിയുന്നത് നമ്മെ സഹായിക്കുന്നു. വാഗ്രൂപേണയുള്ള ആക്രമണവും (“എടാ വിഡ്ഢി!” അല്ലെങ്കിൽ “ഞാൻ നിന്റെ മൂക്കിടിച്ചു ചതക്കും!”) ഒരുവന്റെ കോപം പറഞ്ഞറിയിക്കുന്നതും (“എനിക്ക് വളരെ വ്യസനമുണ്ട്” അല്ലെങ്കിൽ “എനിക്ക് വൃണപ്പെട്ടു”) തമ്മിൽ വലിയ അന്തരം ഉണ്ട്. വാക്കുകൾ കൊണ്ടുള്ള ആക്രമണം മറെറ വ്യക്തിയെ പ്രത്യാക്രമണത്തിന് പ്രേരിപ്പിക്കുന്നതുകൊണ്ട് അത് സാധാരണ പരാജയപ്പെടുന്നു, അതേസമയം നിങ്ങൾക്ക് എന്തുതോന്നി എന്ന് പറഞ്ഞറിയിക്കുന്നത് ഒരു ആക്രമണത്തെക്കാൾ കുറഞ്ഞ ഒരു സംഗതിയാണ്, മറെറ ആൾ തിരുത്തുന്നതിനും അതു വഴിയൊരുക്കിയേക്കാം. ബൈബിൾ പറയുന്നതുപോലെ: “ഒരു ഉത്തരം, അതു സൗമ്യമായിരിക്കുമ്പോൾ ക്രോധത്തെ അകററുന്നു, പക്ഷേ വേദനയുണ്ടാക്കുന്ന ഒരു വാക്ക് കോപം ഉയരുന്നതിന് ഇടയാക്കും. ക്രൂദ്ധനായ ഒരു മനുഷ്യൻ ശണ്ഠയുണ്ടാക്കുന്നു. കോപത്തിനു താമസം ഉള്ളവനോ കലഹം ശമിപ്പിക്കുന്നു.”—സദൃശവാക്യങ്ങൾ 15:1, 18.
നീതിയുക്തമായ കോപം
ഇടയ്ക്കിടെ കോപിക്കുക നമ്മിൽ മിക്കവരെ സംബന്ധിച്ചും സാധാരണമാണ്. യഹോവയ്ക്കുപോലും കോപം തോന്നുന്നു. (സെഫന്യാവ് 2:2, 3; 3:8) അതുകൊണ്ട് തന്റെ പ്രതിച്ഛായയിൽ സൃഷ്ടിച്ച മനുഷ്യന് അങ്ങനെ തോന്നുന്നതിൽ അതിശയമില്ല. (ഉല്പത്തി 1:26) അതുകൊണ്ട് കോപം എന്ന വികാരം അതിൽ തന്നെ ഒരു പാപമല്ല.
പക്ഷേ, യഹോവയ്ക്ക് കോപം തോന്നുമ്പോൾ അതു ന്യായമായ ഒരു കാരണത്തെ പ്രതി ആയിരിക്കും. നീതിയുള്ള തത്വങ്ങൾ ലംഘിക്കപ്പെട്ടിരിക്കും. അവന്റെ പ്രതികരണം എപ്പോഴും ശരിയും പൂർണ്ണമായി നിയന്ത്രിതവും ആയിരിക്കും. പക്ഷെ അപൂർണ്ണ മനുഷ്യരെ സംബന്ധിച്ചിടത്തോളം നില ഭിന്നമാണ്. നമ്മുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്നതുകൊണ്ടും നമ്മുടെ മററ് ചില മാനുഷിക ബലഹീനതകൾ നിമിത്തവും ആണ് നമുക്ക് പലപ്പോഴും കോപം അനുഭവപ്പെടുന്നത്. അതുകൊണ്ടാണ് നമ്മുടെ കോപം നാം കൈകാര്യം ചെയ്യുന്ന വിധത്തിന്റെ സംഗതിയിൽ കരുതൽ ആവശ്യമായിരിക്കുന്നത്. അപ്പോസ്തലനായ പൗലോസ് മുന്നറിയിപ്പ് നൽകിയതുപോലെ: “കോപിച്ചുകൊള്ളുക, എങ്കിലും പാപം ചെയ്യരുത്; നിങ്ങൾ പ്രകോപിതമായ ഒരു സ്ഥിതിയിൽ ആയിരിക്കെ സൂര്യൻ അസ്തമിക്കാനിടയാക്കരുത്. പിശാചിന് ഇടം അനുവദിക്കുകയും അരുത്.” (എഫേസ്യർ 4:26, 27) ഉവ്വ് നമ്മുടെ അനിയന്ത്രിതമായ കോപത്തെ മുതലെടുക്കാൻ സാത്താന് കഴിയും. വാസ്തവത്തിൽ, “കോപാവേശം” ദൈവരാജ്യം അവകാശമാക്കുന്നതിൽ നിന്ന് ഒരു വ്യക്തിയെ തടയുന്ന “ജഢത്തിന്റെ പ്രവൃത്തി”കളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.—ഗലാത്യർ 5:19-21.
അതുകൊണ്ടാണ് യാക്കോബ് അപ്പോസ്തലൻ ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നത്: “ഞാൻ സ്നേഹിക്കുന്ന എന്റെ സഹോദരൻമാരേ, ഇത് ഗ്രഹിപ്പിൻ. ഏത് മനുഷ്യനും . . . കോപത്തിന് താമസവും ആയിരിക്കട്ടെ; എന്തുകൊണ്ടെന്നാൽ മമനുഷ്യന്റെ ക്രോധം ദൈവത്തിന്റെ നീതി നിവർത്തിക്കുന്നില്ല.” (യാക്കോബ് 1:19, 20) നമ്മുടെ കോപം ന്യായമായ ഒരു കാരണത്തെ പ്രതിയാണെങ്കിലും തെററും അനിയന്ത്രിതവും ആയ വിധത്തിൽ പ്രതികരിക്കുന്നതിന് അപൂർണ്ണത നമ്മെ നയിച്ചേക്കാം. അതുകൊണ്ട് നമ്മെ എപ്പോഴും ഈ തത്വം നയിക്കട്ടെ: “പ്രതികാരം ചെയ്യരുത്, പ്രിയരെ, പിന്നെയോ കോപത്തിനിടം കൊടുപ്പിൻ; ‘പ്രതികാരം എനിക്കുള്ളത് ഞാൻ പകരം കൊടുക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു.’” (റോമർ 12:9) അപൂർണ്ണമനുഷ്യരെന്ന നിലയിൽ നമുക്ക് തെററിദ്ധാരണ തോന്നാനും ഇടയുണ്ട്. അതുകൊണ്ട് നീതിയുക്തമായ അമർഷത്തിന്റെ പേരിൽ മററുള്ളവരെ പെട്ടെന്ന് വിധിക്കുന്നത് അപകടകരമാണ്.—യാക്കോബ് 2:13; 4:11, 12; 5:9.
തിരുവെഴുത്തുകളനുസരിച്ച് നാം അന്ത്യകാലത്താണ് ജീവിക്കുന്നത്. ഈ അന്ത്യനാളുകളിൽ ദൈവരാജ്യത്തിനെതിരെ “രാഷ്ട്രങ്ങൾ കോപിച്ചു.” “തനിക്ക് ഒരു അൽപ്പകാലമേ ഉള്ളു എന്നറിഞ്ഞ് പിശാചിന് ഉഗ്രകോപം ഉണ്ട്.” (വെളിപ്പാട് 11:17, 18, 10-12) അതുകൊണ്ട്, ദൈവവചനാനുസൃതം നാം ജീവിക്കുന്നത് മാത്രമാണ് നമുക്ക് വേണ്ടിയുള്ള ഏക സംരക്ഷണം. (സങ്കീർത്തനം 119:105) വേഗത്തിൽ ദൈവം ജാതികളുടെ ഇടയിൽ ന്യായംവിധിക്കും. ഭൂമി എല്ലാ അനീതിയും നീക്കി ശുദ്ധീകരിക്കപ്പെടും. (യെശയ്യാവ് 35:10; 65:23; മീഖാ 4:3, 4) അതിനിടയിൽ ഈ ക്രൂദ്ധമായ ലോകത്തിന്റെ വഴികൾ പകർത്താതിരിക്കുന്നതിന് നാം ശ്രദ്ധാലുക്കളായിരിക്കുകയും വേണം. നമ്മുടെ കോപം ഉചിതമായി നിയന്ത്രിക്കുന്നത് ഭാര്യാഭർതൃസ്നേഹവും ക്രിസ്തീയ ഐക്യവും വ്യക്തിപരമായ സമാധാനവും സന്തുഷ്ടിയും സംരക്ഷിക്കാൻ നമ്മെ സഹായിക്കും. കൂടാതെ ഇതിലെല്ലാം പ്രധാനമായി യഹോവയാം ദൈവത്തിന്റെ പ്രീതിയും അനുഗ്രഹവും ആസ്വദിക്കുന്നതിൽ തുടരാൻ അതു നമ്മെ സഹായിക്കും.—സങ്കീർത്തനം 119:165. (g87 7/1)