ദൈവത്തിൽനിന്ന് മറ്റെന്തെല്ലാം അനുഗ്രഹങ്ങൾ പ്രവഹിക്കുന്നു?
നിങ്ങൾ ചേതോഹരങ്ങളായ പുഷ്പങ്ങളും റോസിന്റെ സൗരഭ്യവും പക്ഷികളുടെ കളകൂജനവും ആസ്വദിക്കാറുണ്ടോ? നിങ്ങൾ നിങ്ങളുടെ കുഞ്ഞിന്റെ ആദ്യത്തെ പുഞ്ചിരി കണ്ട് പുളകമണിഞ്ഞില്ലേ? വിശപ്പിനെ തട്ടിയുണർത്തുന്ന പരിമളം നിങ്ങൾ ഇഷ്ടപ്പെടാറില്ലേ? ഒരു മഴവില്ല്, ഒരു ഉജ്ജ്വലമായ സൂര്യാസ്തമയം അല്ലെങ്കിൽ ഒരു തെളിഞ്ഞ രാത്രിയിലെ നക്ഷത്രങ്ങൾ, ഇവയെ വിലമതിക്കാത്തതാരാണ്? ദൈവത്തിന്റെ അത്ഭുത കരുതലുകൾക്ക് പരിധിയില്ല, അല്ലേ?
എങ്കിലും യാതനകൾ വളരെയുണ്ട്. സകലർക്കും വേണ്ടി സമൃദ്ധിയായി ഉത്പാദിപ്പിക്കാൻ ഭൂമിക്കു പ്രാപ്തി ഉണ്ടായിട്ടും ദശലക്ഷങ്ങൾ വികലപോഷണം അനുഭവിക്കുന്നു. വേറെ നിരവധി ലക്ഷങ്ങൾ മലിനീകരണം നിമിത്തമുള്ള വിഷബാധയ്ക്ക് വിധേയരായിരിക്കുന്നു. കൂടാതെ ശതകോടികളെ ഇന്ന് അക്രമം, അത്യാർത്തി, സ്വാർത്ഥത, ഭാവിയിൽ എന്തുഭവിക്കും എന്ന ഭീതി എന്നിവ ബാധിച്ചിരിക്കുന്നു.
സ്രഷ്ടാവ് ഇത്ര ഉദാരനായിരിക്കെ ഇത്രയേറെ അസന്തുഷ്ടിയുള്ളതെന്തുകൊണ്ട്? നമ്മുടെ ആസ്വാദനത്തിനായി ഉണ്ടാക്കിയ ഒരു അത്ഭുതസ്ഥലമാണ് ഈ ഗ്രഹം. പക്ഷേ, ലോകം—മനുഷ്യവർഗ്ഗം—ദാരുണമായ ഒരു അവസ്ഥയിലാണ്. ഭൂവാസികളിൽ ഭൂരിപക്ഷത്തിന്റെയും കാഴ്ചപ്പാട് ഇരുളടഞ്ഞതും ഭയാവഹവുമാണ്. എന്തുകൊണ്ട്? എവിടെയാണ് താളം തെററിയത്? ദൈവം മനുഷ്യനെ ഉണ്ടാക്കിയിട്ട് പിന്നെ അവനെ കൈവിട്ടോ? ഈ സങ്കീർണ്ണമായ സ്ഥിതിവിശേഷത്തിലേക്ക് വെളിച്ചം വീശുന്നതായി എന്തെങ്കിലും ഉണ്ടോ? നമുക്ക് ഭാവിയിലേക്ക് എന്തെങ്കിലും പ്രത്യാശയുണ്ടോ?
വെളിച്ചത്തിന്റെയും പ്രത്യാശയുടെയും ഉറവിടം
ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ് അനന്യനായ ഒരു ആൺപൈതൽ ജനിച്ചു—അവന്റെ അമ്മയായ മറിയ ഒരു മാനുഷയും അവന്റെ പിതാവ് സാക്ഷാൽ ദൈവവും ആയിരുന്നതുകൊണ്ടായിരുന്നു അവൻ അനന്യനായിരുന്നത്! ‘അസാദ്ധ്യം!’ എന്ന് ചിലർ പറയുന്നുവോ? ഇല്ല, സങ്കീർണ്ണജീവരൂപങ്ങളുടെയെല്ലാം നിർമ്മാതാവും ഗർഭധാരണത്തിന് ആരംഭമിട്ടവനുമായവന് അത് അസാദ്ധ്യമായിരുന്നില്ല. ആ ചെറിയ ആൺകുട്ടി ഒരു പൂർണ്ണതയുള്ള “മനുഷ്യൻ ആയ ക്രിസ്തുയേശു”വായി വളർന്നു വന്നു.—1 തിമൊഥെയോസ് 2:5; മത്തായി 1:18-25.
അതൊരു ഐതിഹാസിക ജനനം ആയിരുന്നു. അവന്റെ നാളിന് മുമ്പ് നടന്ന ചരിത്രസംഭവങ്ങളെ ബി. സി. അതായത് ക്രിസ്തുവിന് മുമ്പ് എന്ന് കാലഗണന നടത്തിക്കൊണ്ട് മിക്ക രാഷ്ട്രങ്ങളും ഈ സംഭവം അംഗീകരിക്കുന്നു. പക്ഷേ അവൻ തന്റെ പ്രാരംഭ വർഷങ്ങൾ ഒരു ഉപ ആശാരി എന്ന നിലയിൽ നസ്രേത്തിലെ അവന്റെ വളർത്തപ്പന്റെ ഭവനത്തിൽ ശാന്തമായി ചെലവഴിച്ചു. മുപ്പതു വർഷങ്ങൾ കടന്നുപോയി. തുടർന്ന് യോർദ്ദാൻ നദിയിങ്കൽ വച്ച് യേശു അവനെത്തന്നെ ദൈവഹിതത്തിന് സമർപ്പിക്കുകയും സ്നാനമേൽക്കുകയും ചെയ്തു. യഹോവയാം ദൈവത്തിന്റെ പരിശുദ്ധാത്മാവ് അവന്റെ മേൽ വരുകയും ചെയ്തു. (മത്തായി 3:13-17) തുടർന്ന് യേശു പ്രസംഗത്തിന്റെയും പഠിപ്പിക്കലിന്റെയും ഒരു കർമ്മനിരതമായ പരിപാടിക്ക് തുടക്കം കുറിച്ചു. യെശയ്യാവ് പ്രവചിച്ചതുപോലെ “ഇരുട്ടിൽ ഇരിക്കുന്ന ആളുകൾ ഒരു വലിയ വെളിച്ചം കണ്ടു.”—മത്തായി 4:14-17; യെശയ്യാവ് 9:2.
യേശു സർവ്വകാലത്തെയും ഏററവും പ്രശസ്തനും വ്യാപകമായി ആദരിക്കപ്പെടുന്നവനുമായ ഉപദേഷ്ടാവായിത്തീർന്നു. മറെറാരു മാനുഷ ഉപദേഷ്ടാവും മനുഷ്യവർഗ്ഗത്തിൻമേൽ ഇത്ര ശക്തമായ സ്വാധീനം ചെലുത്തുകയോ ഇത്രയധികം ആത്മീയ വെളിച്ചവും പ്രത്യാശയും പ്രദാനം ചെയ്യുകയോ ചെയ്തിട്ടില്ല. അവന്റെ പാഠപുസ്തകം എന്തായിരുന്നു? ബൈബിൾ, അതിന്റെ അന്നത്തെ രൂപത്തിൽ—എബ്രായ തിരുവെഴുത്തുകൾ അഥവാ “പഴയനിയമം.” യേശു ആ വചനങ്ങൾക്ക് ചൈതന്യം പകർന്നു. നിരവധി പുരാതന പ്രവചനങ്ങൾ അവനിൽ നിറവേറി. (മീഖാ 5:2; മത്തായി 2:3-6 എന്നിവ പരസ്പരം താരതമ്യം ചെയ്യുക) മമനുഷ്യന്റെ ആവിർഭാവം സംബന്ധിച്ചുള്ള ഉത്പത്തി വൃത്താന്തത്തെ അവൻ സ്ഥിരീകരിച്ചു. (ഉല്പത്തി 2:24; മത്തായി 19:3-6) ബൈബിളിന്റെ പ്രധാനവിഷയം—ദൈവരാജ്യം മുഖേനയുള്ള യഹോവയുടെ സംസ്ഥാപനം—യേശു ഏറെറടുത്തുകൊണ്ട് അതിനെ വിപുലമാക്കുകയും ദൂരവ്യാപകമായി അത് പ്രചരിപ്പിക്കുകയും ചെയ്തു. (മത്തായി 4:23; 6:10) കൂടാതെ യേശുക്രിസ്തുവിന്റെ ജീവിതം, പ്രവൃത്തികൾ എന്നിവയെ സംബന്ധിച്ചുള്ള വൃത്താന്തങ്ങൾ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ അഥവാ “പുതിയനിയമ”ത്തിന്റെ പ്രധാന ഭാഗമാണ്. അതെ, ബൈബിൾ ദൈവത്തിൽനിന്നുള്ള അത്ഭുത ദാനമാണ്, ഒരു ഇരുളടഞ്ഞ സന്തപ്തലോകത്തിൽ ഒരു ആശാകിരണം—സങ്കീർത്തനം 119:105.
മനുഷ്യവർഗ്ഗം ഒരു താറുമാറായ സ്ഥിതിയിലായിരിക്കുന്നതെന്തുകൊണ്ട്?
ആ ചോദ്യത്തിന് ബൈബിൾ ഉത്തരം നൽകുന്നുണ്ടോ? ഉണ്ട്. അത് ദൈവം മനുഷ്യനെ ഉപേക്ഷിച്ചുപോയ ഒരു സ്ഥിതിവിശേഷമല്ല, പിന്നെയോ മനുഷ്യൻ ദൈവത്തെ ഉപേക്ഷിച്ച ഒരു അവസ്ഥയായിരുന്നു എന്ന് ബൈബിൾ കാണിക്കുന്നു. കൂടാതെ, തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനതത്വവും അന്തർഭവിച്ചിരുന്നു. മനുഷ്യർ അനുസരിക്കാൻ മാത്രം പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്ന വെറും റോബോട്ടുകളെ (യന്ത്രമനുഷ്യർ) പോലെയല്ല സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നമുക്ക് ഒന്നുകിൽ അനുസരിക്കാനോ അല്ലെങ്കിൽ അനുസരണക്കേട് കാട്ടാനോ തെരഞ്ഞെടുക്കാൻ കഴിയും.
മനോഹരമായ ഏദെൻ പറുദീസയിൽ ദൈവം ആദ്യമനുഷ്യജോടിയായ ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചാക്കിവച്ചപ്പോൾ അവർ എത്ര സന്തുഷ്ടരും ഉല്ലാസഭരിതരും ആയിരുന്നിരിക്കണം! രോഗമില്ല, ഭയമില്ല, വ്യാകുലതകളില്ല, ആനന്ദം പകരുന്ന പക്ഷികളും മൃഗങ്ങളും അവിടെയുണ്ടായിരുന്നു. സ്വാദിഷ്ടങ്ങളായ ഫലങ്ങളും സമൃദ്ധമായുണ്ടായിരുന്നു. (ഉല്പത്തി 1:26; 2:7-9) കാലാന്തരത്തിൽ ഒരു അദൃശ്യ ശത്രു രംഗപ്രവേശം ചെയ്തു. ഭാവിമാനുഷ കുടുംബത്തിൻമേലെല്ലാം നിയന്ത്രണം കൊതിച്ചുകൊണ്ട് ഒരു ആത്മജീവി അതിമോഹി ആയിത്തീർന്നു. ആദ്യ ഭോഷ്ക് ഉച്ചരിച്ചുകൊണ്ട് അവൻ ഹവ്വായെ വശീകരിച്ചു. വിലക്കപ്പെട്ട ഫലത്തിൽ പങ്കുപററരുതെന്ന ദൈവകൽപനയെ ലംഘിക്കാൻ ആദാമും പ്രേരിപ്പിക്കപ്പെട്ടു. (ഉല്പത്തി 3:1-7) ഇന്നുള്ള അനേകരെപ്പോലെ ആദ്യമനുഷ്യരും അവരുടെ സ്വന്തകാര്യം അവർതന്നെ നോക്കിക്കൊള്ളാം എന്ന് കരുതി. പക്ഷേ അങ്ങനെ ചെയ്യുകവഴി അവർ വാസ്തവത്തിൽ അവരെത്തന്നെ ഇന്നത്തെ ദുഷ്ടവ്യവസ്ഥിതിയുടെ ദൈവമായ സാത്താന്റെ നിയന്ത്രണത്തിൻ കീഴിലാക്കി—2 കൊരിന്ത്യർ 4:4.
ഇത് വിശ്വമാനങ്ങളുള്ള ഒരു സുപ്രധാന പ്രശ്നം ഉയർന്നുവരാനിടയാക്കി: മനുഷ്യന് ദൈവത്തെക്കൂടാതെ, അവനെത്തന്നെ വിജയപൂർവ്വം ഭരിക്കാൻ കഴിയുമോ? ഈ ചോദ്യം തൃപ്തികരമായി തീർപ്പ് കൽപ്പിക്കപ്പെടുന്നതിന് വളരെയധികം സമയം ആവശ്യമായി വരും. ഇതിനിടയ്ക്ക് ആദാമും ഹവ്വായും ദൈവം നിർദ്ദേശിച്ച പിഴ അടയ്ക്കണമായിരുന്നു—മരണം. അവർ അധഃപതനം ഭവിച്ച പാപികളായിത്തീർന്നതുകൊണ്ട് അവർക്കോ അവരുടെ സന്തതികൾക്കോ ദൈവത്തിൽനിന്ന് വേറിട്ട, നിത്യജീവനുള്ള യാതൊരു പ്രത്യാശയും ഉണ്ടായിരുന്നില്ല.—റോമർ 5:12; 1 കൊരിന്ത്യർ 15:21, 22.
ഒരു മഹത്തായ ഭാവി
ആദാമിന്റെ നാളുകൾ മുതൽ അനേക തലമുറകൾ വരികയും പോകയും ചെയ്തിരിക്കുന്നു. കൂടാതെ സദാമാറിക്കൊണ്ടിരിക്കുന്ന മനുഷ്യകാര്യാദികളുടെ അരങ്ങിൽ ഒട്ടനവധി രൂപങ്ങളിലുള്ള മാനുഷ ഗവൺമെൻറുകൾ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്—ഏകാധിപത്യം, ജനാധിപത്യം, സോഷ്യലിസം, കമ്മ്യൂണിസം എന്നിവയും മററുള്ളവയും. പക്ഷേ എല്ലാം പരാജയപ്പെട്ടു. രാഷ്ട്രീയ, സാമൂഹ്യ, അന്തർദ്ദേശീയ പ്രശ്നങ്ങൾ പെരുകുന്നു; ലോക ആത്മഹത്യയുടെ ഭീഷണി ഉയർത്തുന്ന സമഗ്രനാശം വിതക്കുന്ന കിരാതങ്ങളായ ആയുധങ്ങളും അതോടൊപ്പം പെരുകുന്നു. രണ്ടു ലോകമഹായുദ്ധ കാലത്ത് പാശ്ചാത്യ രാഷ്ട്രീയ പ്രമുഖർ വാഗ്ദാനം ചെയ്തത്, അവരുടെ വിജയം ഇല്ലായ്മയിൽ നിന്നും ഭയത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം കൈവരുത്തും എന്നായിരുന്നു. പക്ഷേ, രണ്ടും ഇന്ന് വർദ്ധിക്കുന്നു.
പരിഹാരമാർഗ്ഗം എന്താണ്? ഒരു ബൃഹത്തായ പ്രശ്നത്തിന് ഒരു ബൃഹത്തായ പ്രതിവിധി ആവശ്യമുണ്ട്—അത് ഒരു ആഗോള ശുദ്ധീകരണം നടത്തി ഒരു പുതിയ ലോകം കൊണ്ടുവരുന്നതിനേക്കാൾ ഒട്ടും കുറഞ്ഞ ഒന്നല്ല. അത് ആർക്ക് നിവർത്തിക്കാൻ കഴിയും? ഐക്യരാഷ്ട്രങ്ങൾക്കോ ഒപ്പിട്ട് കഴിഞ്ഞ് മഷി ഉണങ്ങും മുമ്പേ സമാധാന ഉടമ്പടികൾ ലംഘിക്കുന്ന രാഷ്ട്രീയ ശക്തികളുടെ മറേറതെങ്കിലും സഖ്യങ്ങൾക്കോ ഒരിക്കലും അതിനു കഴിയുകയില്ല! അവർ സാത്താന്യ ശക്തിയുടെ പിടിയിലമർന്ന നിസ്സഹായരായ വെറും പാവകൾ മാത്രമാണ്. (1 യോഹന്നാൻ 5:19) സർവ്വശക്തനായ യഹോവക്ക് മാത്രമേ സാത്താനെയും അവന്റെ ഭൂതങ്ങളേയും ഇല്ലായ്മ ചെയ്യുന്നതിനും ഇന്നത്തെ വഷളായ ലോകത്തിന് അറുതിവരുത്തുന്നതിനും രാജാധിരാജനായ തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ സ്വർഗ്ഗീയരാജ്യത്തിൻ കീഴിലായി ഒരു പുതിയലോകം ആനയിക്കുന്നതിനും കഴിയുകയുള്ളു.—മത്തായി 6:9, 10; ദാനിയേൽ 2:44; വെളിപ്പാട് 20:1-3.
ഈ രാജത്വം എന്ത് നിറവേററും? വിനാശകരമായ ആഗോള ശുചീകരണത്തെ അഥവാ അർമ്മഗെദ്ദോനെ ആർ അതിജീവിക്കും? അധികമധികമാളുകൾ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന വളരെ താൽപര്യജനകമായ ഒരു വസ്തുത, ഈ സ്വർഗ്ഗീയ ഗവൺമെൻറ് ഇപ്പോഴേ പ്രവർത്തിച്ചുകൊണ്ടിരിക്കുകയും അർമ്മഗെദ്ദോനെ അതിജീവിക്കാൻ ആളുകളെ സജ്ജരാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്! (വെളിപ്പാട് 16:14-16) അവർ ഏതുതരം ആളുകളായിരിക്കണം? യേശുക്രിസ്തു ഇങ്ങനെ പറഞ്ഞു: “സൗമ്യതയുള്ളവർ സന്തുഷ്ടരാകുന്നു, എന്തെന്നാൽ അവർ ഭൂമിയെ അവകാശമാക്കും.” (മത്തായി 5:5) അവൻ അതുവഴി ഈ പുരാതന പ്രവചനം സ്ഥിരീകരിച്ചു: “യഹോവയുടെ ക്രോധദിവസം നിങ്ങളുടെമേൽ വരുംമുമ്പേ യഹോവയുടെ സ്വന്ത ന്യായത്തീർപ്പുകൾ പാലിച്ചിരിക്കുന്നവരായ ഭൂമിയിലെ സകല സൗമ്യരുമായുള്ളോരെ, യഹോവയെ അന്വേഷിപ്പിൻ, നീതി അന്വേഷിപ്പിൻ, സൗമ്യത അന്വേഷിപ്പിൻ. യഹോവയുടെ ക്രോധദിവസത്തിൽ ഒരുപക്ഷേ നിങ്ങൾ മറയ്ക്കപ്പെട്ടേക്കാം.”—സെഫന്യാവ് 2:2, 3.
സൗമ്യതയുള്ളവർ അർമ്മഗെദ്ദോനെ അതിജീവിക്കുക മാത്രമല്ല ദൈവത്തോട് വിശ്വസ്തരായി നിലകൊണ്ടുകൊണ്ട് അവർ നിത്യജീവൻ അവകാശമാക്കുകയും ചെയ്യും. എങ്ങനെ? മേൽ സൂചിപ്പിച്ചു കഴിഞ്ഞതുപോലെ, ആദാമിന്റെ സന്തതികളുടെ വ്യാപകമായ കുടുംബത്തിന് അവന്റെ പാപപൂർണ്ണമായ അനുസരണക്കേടിലൂടെ അവരുടെ നിത്യജീവന്റെ പ്രത്യാശ നഷ്ടപ്പെട്ടു. ആദാമിലൂടെ മുഴുമാനവരാശിയുടെയും മേൽ മരണം വന്നു ചേർന്നു. ആദാം ഒരു പൂർണ്ണമനുഷ്യനായിരുന്നതുകൊണ്ട് ആദാം നഷ്ടപ്പെടുത്തിയത് വീണ്ടെടുക്കാൻ, അല്ലെങ്കിൽ അതിന് മറുവില നൽകാൻ മറെറാരു പൂർണ്ണ മനുഷ്യൻ ആവശ്യമായിരുന്നു. ആ ആവശ്യം യേശുക്രിസ്തു നികത്തുകയും “തന്നിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്” അവൻ തന്റെ ജീവനെ നൽകുകയും ചെയ്തു.—യോഹന്നാൻ 3:16.
ദൈവം മനുഷ്യന് നൽകിയ ഏററവും വലിയ ദാനം ഈ മറുവിലയുടെ കരുതലാണ്. അതിന്റെ പ്രയോജനം പുതിയ ലോകത്തിലേക്ക് പ്രവേശിക്കുന്നതിനായി അതിജീവിക്കുന്നവർക്ക് മാത്രമല്ല മരിച്ചവരുടെ ഇടയിൽനിന്ന് മടങ്ങിവരുന്നവർക്കും ബാധകമാക്കപ്പെടും. അത് അത്യന്തം ആശ്ചര്യമായിത്തോന്നുന്നില്ലേ? യേശു ഇങ്ങനെ പറഞ്ഞു: “ഇതിങ്കൽ ആശ്ചര്യപ്പെടരുത്, എന്തെന്നാൽ സ്മാരക കല്ലറകളിൽ ഉള്ളവരെല്ലാവരും അവന്റെ ശബ്ദം കേട്ട് നൻമ ചെയ്തവർ ജീവന്റെ പുനരുത്ഥാനത്തിനായും തിൻമ ചെയ്തുപോന്നവർ ന്യായവിധിയുടെ പുനരുത്ഥാനത്തിനായും പുറത്തുവരുന്ന നാഴിക വരുന്നു.” എത്ര രോമഞ്ചജനകം! മരണത്തിൽനിന്ന് മടങ്ങിവരുന്ന തങ്ങളുടെ പ്രിയരെ സ്വാഗതം ചെയ്യാനാകുന്ന അർമ്മഗെദ്ദോൻ അതിജീവകർക്ക് അത് എത്ര ആനന്ദകരമായിരിക്കും!—യോഹന്നാൻ 5:28, 29.
എത്ര മഹത്തായ ഒരു പ്രത്യാശയും പ്രതീക്ഷയും! ഇതെല്ലാം തന്റെ പ്രിയപുത്രനിലൂടെ നമ്മുടെ സ്നേഹവാനാം സ്രഷ്ടാവായ യഹോവയാം ദൈവമാണ് നമുക്ക് പ്രദാനം ചെയ്തിരിക്കുന്നത്. ഇന്ന് പൊതുവെ ഭാവി പ്രത്യാശ ഇരുളടഞ്ഞതും ഭയാനകവും ആണെന്നിരിക്കെ ബൈബിൾ പഠിക്കുകയും അതിന്റെ ഹൃദ്യമായ സന്ദേശത്തിനനുസരണമായി പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് ഭാവി ശോഭനവും പ്രത്യാശാനിർഭരവുമാണ്. നാം ഉദ്വേഗഭരിതമായ കാലത്താണ് ജീവിക്കുന്നത്. ദൈവരാജ്യം സമീപമായിരിക്കുന്നു. (മത്തായി 24:33, 34) “സകല നല്ല ദാനങ്ങളുടെയും പൂർണ്ണതയുള്ള സമ്മാനങ്ങളുടെയും ദാതാവായ യഹോവയെ സ്തുതിപ്പിൻ!”—യാക്കോബ് 1:17.
ദൈവത്തിന്റെ കരുതലുകളിൽനിന്നും ഉദ്ദേശ്യങ്ങളിൽ നിന്നും നാം പ്രയോജനം അനുഭവിക്കുന്ന അനേക വിധങ്ങളെക്കുറിച്ച് നിങ്ങൾ ധ്യാനിക്കുമ്പോൾ നിങ്ങൾക്ക് അഗാധമായ നന്ദിയും ഏതെങ്കിലും വിധത്തിൽ അത് പ്രകടിപ്പിക്കാനുള്ള ഒരാഗ്രഹവും തോന്നിയേക്കാം. പക്ഷേ, ഭാവിക്കായുള്ള വാസ്തവികമായ പ്രത്യാശയെ ഗ്രഹിക്കാനും സ്വീകരിക്കാനും നിങ്ങൾ തുടങ്ങുന്നുവെങ്കിൽ അൽപ്പംകൂടെ ആഴത്തിലേക്ക് ആണ്ടിറങ്ങേണ്ടതിന്റെ ആവശ്യം നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. നിങ്ങൾ അതുതന്നെ ചെയ്യാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ദൈവത്തിന്റെ മഹത്തായ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അറിവും വിലമതിപ്പും വർദ്ധിക്കുന്നതിന് നിങ്ങളെ സഹായിക്കാൻ കഴിയുന്ന ഇതുപോലുള്ള പ്രസിദ്ധീകരണങ്ങളുടെ സഹായത്തോടെ ദൈവവചനത്തിന്റെ അദ്ധ്യയനം തുടരുക.
മനുഷ്യവർഗ്ഗത്തിന്റെ യാതനകൾക്കുള്ള ഏക പരിഹാരം ദൈവരാജ്യം മാത്രമാണെന്ന് വ്യക്തമായ ബോധ്യമുള്ളവർക്ക് പിൻവരുന്ന പ്രകാരം പറഞ്ഞ നിശ്വസ്ത സങ്കീർത്തനക്കാരനെപ്പോലെ ഇങ്ങനെ തോന്നിയേക്കാം: “യഹോവ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് പകരമായി ഞാൻ അവനെന്ത് കൊടുക്കും?” (സങ്കീർത്തനം 116:12) ദൈവം നമുക്കുവേണ്ടി ചെയ്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും തന്നെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവർക്കായി അവൻ വച്ചുനീട്ടുന്ന മഹത്തായ ഭാവിയെക്കുറിച്ചും മററുള്ളവരോട് സംസാരിക്കുന്നത് ആഴമായ സംതൃപ്തിയും യഥാർത്ഥ ആനന്ദവും കൈവരുത്തുന്നു എന്ന് അത്തരം ആളുകൾ കണ്ടെത്തും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, യേശു പറഞ്ഞതുപോലെ: “വാങ്ങുന്നതിനേക്കാൾ കൂടുതൽ സന്തുഷ്ടി കൊടുക്കുന്നതിലാണ്.”—പ്രവൃത്തികൾ 20:35. (w87 5/15)
[5-ാം പേജിലെ ചതുരം]
യേശുക്രിസ്തു—
◆ അനേകം പുരാതന പ്രവചനങ്ങൾ നിറവേറി, ദൃഷ്ടാന്തത്തിന്, മീഖാ 5:2; മത്തായി 2:3-6
◆ മമനുഷ്യന്റെ ഉല്പത്തി സംബന്ധിച്ച ഉല്പത്തി വിവരണം ഉറപ്പിക്കപ്പെട്ടു—മത്തായി 19:3-6
◆ രാജ്യം മുഖാന്തരം യഹോവയുടെ വിശുദ്ധീകരണം എന്ന ബൈബിളിന്റെ മുഖ്യവിഷയം ഉച്ചത്തിൽ ഘോഷിച്ചു—മത്തായി 4:23; 6:9, 10; ലൂക്കോസ് 8:1
◆ ആദാം നഷ്ടപ്പെടുത്തിയ ഒരു പൂർണ്ണതയുള്ള മാനുഷജീവൻ തിരികെ കൊടുത്തുകൊണ്ട് അവനിൽ വിശ്വാസം പ്രകടമാക്കുന്നവർക്ക് നിത്യജീവൻ ലഭിക്കാൻ സാദ്ധ്യമാക്കിത്തീർത്തു—യോഹന്നാൻ 3:16
[7-ാം പേജിലെ ചിത്രം]
‘യഹോവയുടെ എല്ലാ ഉപകാരങ്ങൾക്കുമായി നിങ്ങൾ അവന് എന്തു പകരം നൽകും?’