രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
വിശ്വസ്തതയ്ക്കു ഒരു പ്രതിഫലം
പതിനഞ്ച വർഷങ്ങൾക്കു മുമ്പ് ഇററലിയിൽ മിസ്സസ്സ് ബി—സത്യം അറിയാനിടയായി. അപ്പോൾ അവൾക്ക് 15 വയസ്സുണ്ടായിരുന്നു. പക്ഷേ അവൾ സത്യത്തിൽ പുരോഗമിച്ചില്ല. അതിനാൽ അവൾ ഒരു അവിശ്വാസിയെ വിവാഹം കഴിച്ചു. എങ്കിൽത്തന്നെയും സത്യത്തിന്റെ വിത്ത് അവളുടെ ഹൃദയത്തിൽ ഉണ്ടായിരുന്നു. ഒരു വർഷം മുമ്പ് അവൾ യഹോവയുടെ സാക്ഷികളുമായി ഒരു ബൈബിളദ്ധ്യയനം തുടങ്ങുകയും അവരുടെ മീററിംഗുകൾക്ക് ഹാജരായിത്തുടങ്ങുകയും ചെയ്തു. അപ്പോൾ അവളുടെ ഭർത്താവ് ക്രൂരമായി എതിർക്കുകയും അവളെ വീട്ടിൽനിന്ന് ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചികിത്സ ആവശ്യമാകുമാറ് അയാൾ അവളെ ദേഹോപദ്രവം ഏൽപ്പിക്കുമായിരുന്നു. ഒരു സായാഹ്നത്തിൽ അയാൾ ഒരു യോഗസമയത്ത് രാജ്യഹോളിലേക്ക് തള്ളിക്കയറി കതകിന്റെ കണ്ണാടി തകർക്കുകയും ഒരു സഹോദരനെ ഇടിക്കുകയും രോഷത്തോടെ ആക്രോശിക്കുകയും ചെയ്തു.
അവൾ ഭവനത്തിൽ മടങ്ങിയെത്തിയപ്പോൾ തന്റെ ഭർത്താവ് വീട് പൂട്ടിയിരിക്കുന്നതായി അവൾ കണ്ടെത്തി. ധൈര്യം വെടിയാതെ അവൾ സംഭവിച്ചതെല്ലാം വിവരിക്കുന്നതിനുവേണ്ടി പോലീസ് സ്റേറഷനിലേക്ക് പോവുകയും ആൻറിയുടെ വീട്ടിൽ പോയി ഉറങ്ങുകയും ചെയ്തു. രണ്ട് ദിവസങ്ങൾക്കുശേഷം വീട്ടിൽ പ്രവേശിക്കാൻ അവളുടെ ഭർത്താവ് അവളെ അനുവദിച്ചു.
അവളുടെ ഭർത്താവ് ആ പട്ടണത്തിലെ ഒരു പ്രമുഖനാണ്. യഹോവയുടെ സാക്ഷികൾ തന്റെ കുടുംബത്തെ തകർത്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അയാൾ യഹോവയുടെ സാക്ഷികളെ പരസ്യമായി കുററപ്പെടുത്താൻ തുടങ്ങി. സാക്ഷികൾക്കെതിരെയുള്ള ഈ പ്രസ്ഥാനത്തിൽ അയാൾക്ക് പുരോഹിതൻമാരുടെ പിൻതുണയുണ്ടായിരുന്നു. “യഹോവയുടെ സാക്ഷികളേ, കുടുംബസമാധാനം തകർക്കരുത്. നന്ദി!” എന്നെഴുതിയ ചുവർപ്പരസ്യക്കടലാസ് ഒരു പുരോഹിതന്റെ പക്കലുണ്ടായിരുന്നു. അയാൾ ഈ പരസ്യങ്ങൾ നഗരത്തിലെ തെരുവുകളിൽ പതിപ്പിച്ചു. സകലരും യഹോവയുടെ സാക്ഷികളെക്കുറിച്ച് വായിക്കുകയും അവരെ പരിഹാസവിഷയമാക്കുകയും ചെയ്തു. ഇത് ഗണ്യമാക്കാതെ സഹോദരൻമാർ ധൈര്യത്തോടെ തങ്ങളുടെ ശുശ്രൂഷയിൽ കൂടുതൽ ഉത്സാഹം കാട്ടി. മിക്ക കുടുംബങ്ങളും തങ്ങളുടെ കതകുകളിൽ ഈ പരസ്യക്കടലാസുകൾ പതിപ്പിക്കാൻ ഇഷ്ടപ്പെട്ടില്ല. വീടുകളുടെ കതകുകളിൽ പരസ്യങ്ങൾ പതിപ്പിക്കാൻ പുരോഹിതൻമാർ അയച്ച കുട്ടികൾക്ക് 100 ലീറാ (ഇററലിയിലെ അടിസ്ഥാന നാണയം) നൽകിയതായി റിപ്പോർട്ടു ചെയ്യപ്പെട്ടു.
അതിനിടയിൽ മിസ്ററർ ബി—നിയമപരമായ വിവാഹമോചനത്തിനുള്ള നടപടികൾ സ്വീകരിച്ചിരിക്കുന്നതിനാൽ വീടുവിട്ടുപോകണമെന്നും തന്റെ ഭാര്യയോടാവശ്യപ്പെട്ടു. എന്നാൽ ആ പട്ടണത്തിലെ അവസ്ഥ മാറിത്തുടങ്ങി. പ്രാദേശിക റേഡിയോ സ്റേറഷൻ ഒരു പരിപാടി അവതരിപ്പിച്ചു. അതിന്റെ റിപ്പോർട്ടർ ഈ സംഭവത്തെ “പ്രാകൃതസ്വഭാവങ്ങളുടെയും നിഷേധാത്മക വീക്ഷണങ്ങളുടെയും ഒരു കൗശലം” എന്ന് വർണ്ണിച്ചു. പല കുടുംബങ്ങളിലും ഈ പരസ്യങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ടതാണെന്ന് നമ്മുടെ സഹോദരൻമാർ പരിപാടി സമയത്ത് വിവരിച്ചു. യഹോവയുടെ സാക്ഷികളുടെ കതകുകളിലും അവരുടെ സന്ദർശനങ്ങൾ സ്വാഗതം ചെയ്യുന്ന മററുള്ളവരുടെ കതകുകളിലും ഈ പരസ്യങ്ങൾ രാത്രിസമയം പതിപ്പിച്ചതിൽനിന്നും ഇത് തെളിയിക്കപ്പെട്ടു. റേഡിയോ റിപ്പോർട്ടർ യഹോവയുടെ സാക്ഷികളെ പ്രശംസിക്കയും അവർ “തികച്ചും ദയയോടെ ഇടപെടുന്നവരാണെന്നും തികഞ്ഞ മര്യാദയുള്ളവരാണെന്നും” പറഞ്ഞു.
അന്തിമമായി, ഭർത്താവ് ആവശ്യപ്പെട്ടതനുസരിച്ച് നിയമപരമായ വിവാഹമോചനത്തിനായി അവർ ഇരുവരും ഒരു ജഡ്ജിയുടെ മുമ്പാകെ ഹാജരാകേണ്ടിയിരുന്നു. വേർപെടാതിരിക്കുന്നതിനുള്ള മിസ്സസ്സ് ബി—യുടെ ആഗ്രഹത്തെ ജഡ്ജി പ്രശംസിച്ചു. വ്യവഹാരസമയത്ത് അയാൾ കുട്ടികളെ അവൾക്കു നൽകി. അവൾക്ക് ആ ഭവനത്തിൽ തുടർന്ന് കഴിയാമായിരുന്നു. അവളുടെ ഭർത്താവ് പ്രതിമാസം അവൾക്ക് 2,50,000 ലീറാ നൽകണം. എന്നാൽ ഭർത്താവ് ആ വിധിയോട് എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “വീട് എന്റെ അമ്മയുടെ സ്വത്താണ്. എന്റെ ഭാര്യയ്ക്ക് അവിടെ കഴിയാൻ സാദ്ധ്യമല്ല.” ജഡ്ജി ഇപ്രകാരം ഉത്തരം നൽകി: “നിങ്ങൾ ഭർത്താവും യജമാനനുമായിരിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഭാര്യ എപ്പോഴും സമ്മതം മൂളണം. ഒരിക്കൽ അവൾ സമ്മതം മൂളാതിരുന്നതിനാൽ നിങ്ങൾ മുഴുപട്ടണത്തെയും ഇളക്കി മറിച്ചു. നിങ്ങളുടെ ഭാര്യ അവിശ്വസ്തയായിരുന്നെങ്കിൽ അത് മനസ്സിലാക്കാമായിരുന്നു. അവൾ മറെറാരാളിന്റെ വിശ്വാസം പിൻതുടരാതെ സ്വന്ത വിശ്വാസം പിൻതുടരുന്നതിൽ നിങ്ങൾക്ക് യാതൊരു കാര്യവുമില്ല.”
മിസ്സസ്സ് ബി—ഇപ്പോൾ സന്തോഷത്തോടെ യഹോവയെ സേവിക്കുന്നു. (മത്തായി 5:10) നഗരവാസികൾ തങ്ങളുടെ മനോഭാവം മാററിയിരിക്കുന്നു. അവിടെ ഇപ്പോൾ നല്ല ബൈബിൾ ചർച്ചകൾ നടക്കുന്നു. യഹോവയുടെ സാക്ഷികളല്ല കുടുംബസമാധാനം തകർക്കുന്നതെന്ന് ഇപ്പോൾ അവർക്ക് മനസ്സിലായി. ഇപ്പോഴും അവിടുത്തെ മതിലുകളിൽ പരസ്യങ്ങളുണ്ടെങ്കിൽ അവയ്ക്ക് യാതൊരർത്ഥവുമില്ല. (w87 5/1)