ദൈവം അവനൊരു യഥാർത്ഥ വ്യക്തിയോ?
“ഒരു ദൈവം ഉണ്ടായിരിക്കണം” എന്ന് ഓഗസ്ററ് 14, 1981-ലെ ഡെയ്ലി എക്സ്പ്രസ്സിന്റെ ലക്കം പ്രഖ്യാപിച്ചു. ദൈവവിശ്വാസത്തിലേക്ക് രണ്ടു പ്രമുഖ ശാസ്ത്രജ്ഞൻമാർ നടത്തിയ പരിവർത്തനത്തെ സംബന്ധിച്ച് ആ പത്രം റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഗണിതശാസ്ത്രപരമായി ജീവൻ ആകസ്മികമായി പ്രത്യക്ഷപ്പെടുക അസാദ്ധ്യമാക്കിത്തീർക്കുന്ന വിസ്മയാവഹമായ അസംഭവ്യതകളെപ്പററി തിരിച്ചറിഞ്ഞപ്പോഴാണ് അവരിൽ ഈ പുത്തൻ ധാരണ പൊന്തിവന്നത്. പക്ഷേ, “ദൈവം” എന്ന് പറഞ്ഞപ്പോൾ ഈ രണ്ട് വിശ്വാസികൾ അർത്ഥമാക്കിയത് എന്തായിരുന്നു? ഡെയ്ലി എക്സ്പ്രസ്സ് ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു: “പ്രപഞ്ചം തന്നെയാണ് ദൈവം എന്നവർ അഭിപ്രായപ്പെടുന്നു.”
നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുവെങ്കിൽ അവനെ സംബന്ധിച്ചുള്ള നിങ്ങളുടെ ധാരണ എന്താണ്? നിങ്ങളും ഇതുപോലെ അവനെ നിർവ്വചിക്കാനാകാത്ത ബുദ്ധിവൈഭവം എന്നോ അമൂർത്തമായ ഒരു സർവ്വവ്യാപകശക്തിയെന്നോ ഒരു വലിയ “എന്തെങ്കിലുമെന്നോ” ആണോ വീക്ഷിക്കുന്നത്?
ദൈവത്തെ ഒരു വ്യക്തിയെന്ന നിലയിൽ കരുതാൻ ചിലർക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നു. അങ്ങനെ ചെയ്യുകവഴി അവനെ വെറും ഒരു മനുഷ്യനു തുല്യനാക്കി തുച്ഛീകരിക്കുകയായിരിക്കും ചെയ്യുക എന്നുപോലും അവർ കരുതിയേക്കാം—തലപ്പാവും നീണ്ട അങ്കിയും ധരിച്ച്, വെളുത്ത നീണ്ട താടിയുമായി ആകാശമേഘത്തിനുമേൽ ഇരിക്കുന്ന ഒരു കിഴവന്റെ ബാലിശമായ പ്രതിരൂപം പോലെ. അല്ലെങ്കിൽ സിസ്റൈറൻ ചാപ്പലിന്റെ മേൽക്കൂരയിലുള്ള തന്റെ പ്രസിദ്ധമായ ഫ്രെസ്ക്കോ ചിത്രത്തിലൂടെ മൈക്കലാഞ്ചലോ ദൈവത്തെ ചിത്രീകരിച്ചതുപോലെ—വായുവിൽ ഒഴുകി നടക്കുന്ന ദൃഢപേശികളോടുകൂടിയ ഊർജ്ജസ്വലനായ ഒരു വയസ്സൻ.
സത്യംതന്നെ, “വ്യക്തി” എന്ന പദം കേൾക്കുമ്പോൾ സ്വതവേ ഒരു മനുഷ്യനെപ്പററിയാണ് നാം ചിന്തിച്ചുപോവുക. ദൃഷ്ടാന്തത്തിന്, വെബ്സ്റേറഴ്സ് തേർഡ് ന്യൂ ഇൻറർനാഷനൽ ഡിക്ഷണറി “വ്യക്തി”യെ “ഒരു വ്യതിരിക്ത മനുഷ്യജീവി” എന്നാണ് നിർവ്വചിക്കുന്നത്. പക്ഷേ അത് “വ്യക്തി”യെ “ബോധപൂർവ്വകമായ ഗ്രഹണം, യുക്തിബോധം, ധാർമ്മികബോധം എന്നീ സ്വഭാവഗുണങ്ങളോടുകൂടിയ ഒരു ജീവി” എന്നും നിർവ്വചിക്കുന്നു. അതുകൊണ്ട് ദൈവത്തെ ഒരു മനുഷ്യനായി ചിത്രീകരിക്കാതെതന്നെ അവൻ ഒരു വ്യക്തിയാണെന്ന് കൃത്യതയോടെ ഒരുവന് കരുതാം.
എങ്കിലും, ചിലർ ഇങ്ങനെ തടസ്സവാദം ഉന്നയിച്ചേക്കാം: “ദൈവത്തെ ഒരു അമൂർത്തമായ ശക്തിയെന്നോ ഒരു വ്യക്തിയെന്നോ വീക്ഷിക്കുന്നതിൽ എന്തു വ്യത്യാസമാണുള്ളത്? കൊള്ളാം, ദൈവം വെറും ഒരു ശക്തി അഥവാ “എന്തെങ്കിലുമൊന്ന്” ആണെങ്കിൽ മാനുഷജീവനും അതുപോലെതന്നെ ശുദ്ധമേ യാന്ത്രികമായിരിക്കും എന്നല്ലേ അതിന്റെ അർത്ഥം? അങ്ങനെ മനുഷ്യൻ ഒരു വലിയ യന്ത്രത്തിലെ ഒരു ചെറിയ ആപ്പ് പോലുള്ള “എന്തോ” ആയി തരംതാഴ്ത്തപ്പെടുന്നു. എന്നാൽ ദൈവം ഒരു ബുദ്ധിശക്തിയുള്ള വ്യക്തിയാണെങ്കിൽ അത് ജീവിതത്തിന് കൂടുതലായ അർത്ഥം പകരുകയില്ലേ? തീർച്ചയായും അത് ദൈവവുമായി ഒരു ബന്ധം ഉണ്ടായിരിക്കുന്നതിനുള്ള സാദ്ധ്യത തുറന്ന് തരുന്നു—എന്തെങ്കിലും രണ്ട് “വസ്തുക്കൾ” തമ്മിലല്ല പിന്നെയോ രണ്ടു വ്യക്തികൾ തമ്മിലുള്ള ഒരു ബന്ധത്തിന്.
സ്പഷ്ടമായും, ദൈവവുമായി ഒരു വ്യക്തിപരമായ ബന്ധം ഉണ്ടായിരിക്കുന്നത് അത്യന്തം അഭികാമ്യമാണ്. പക്ഷേ ഒന്നാമതായി ദൈവം ഒരു വ്യക്തിയാണോ അല്ലയോ എന്ന് നാം എങ്ങനെ അറിയും? അവൻ അങ്ങനെയാണെങ്കിൽ നമുക്ക് അത്തരം ഒരു ബന്ധം ഉണ്ടായിരിക്കാൻ കഴിയുന്നതെങ്ങനെയാണ്? ഈ വിഷയത്തെക്കുറിച്ച് ബൈബിളിന് പറയാനുള്ളത് എന്താണെന്ന് നമുക്ക് നോക്കാം. (w87 4/1)