സാമൂഹ്യ ശുശ്രൂഷ—അത് ആളുകളെ എങ്ങനെ ബാധിക്കുന്നു?
യേശുക്രിസ്തു അഞ്ച് യവ അപ്പവും രണ്ടു ചെറുമീനും കൊണ്ട് ക്രി. വ. 32-ൽ പെസഹായുടെ സമയത്തോടടുത്ത് (മാർച്ച്—ഏപ്രിൽ) 5000-ലധികം സ്ത്രീപുരുഷൻമാരെ അത്ഭുതകരമായി പോഷിപ്പിച്ചു. (മത്തായി 14:14-21; യോഹന്നാൻ 6:1-13) യേശുവിനുണ്ടായിരുന്ന വമ്പിച്ച കർമ്മശേഷി തിരിച്ചറിഞ്ഞുകൊണ്ട് ആളുകൾ അവനെ അവരുടെ രാജാവാക്കാൻ തുടങ്ങി. അവൻ അവരെ റോമൻ നുകത്തിൽ നിന്ന് വിടുവിച്ച് അവരുടെ ഭാഗധേയം മെച്ചപ്പെടുത്തും എന്ന് അവർ പ്രതീക്ഷിച്ചിരിക്കാൻ സാദ്ധ്യതയുണ്ട്. യേശുവിന്റെ പ്രതികരണം എങ്ങനെയായിരുന്നു?
ജനകീയ ആവശ്യത്തിന് വഴങ്ങാതെ യേശു “പിന്നെയും ഏകനായി മലയിലേക്ക് പിൻവാങ്ങിപ്പോയി.”(യോഹന്നാൻ 6:15) പക്ഷെ ജനം അത്രയെളുപ്പം വിട്ടുകൊടുത്തില്ല. അവർ പിറെറദിവസം അവന്റെ അടുത്തേക്ക് വന്നു. അവരുടെ ഗൂഢമായ ഉദ്ദേശ്യം തിരിച്ചറിഞ്ഞുകൊണ്ട് യേശു അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്നെ അന്വേഷിക്കുന്നത് നിങ്ങൾ അടയാളങ്ങൾ കണ്ടതു കൊണ്ടല്ല പിന്നെയോ അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രെ.” തുടർന്ന് അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “നശിച്ചുപോകുന്ന അപ്പത്തിനുവേണ്ടിയല്ല പിന്നെയോ നിത്യജീവങ്കലേക്ക് നിലനിൽക്കുന്ന ആഹാരത്തിനായിട്ട് അദ്ധ്വാനിക്കുക.” യോഹന്നാൻ 6:25-27.
ഈ വൃത്താന്തത്തിൽ നിന്ന് നമുക്ക് എന്ത് ഗ്രഹിക്കാനാവും? മററ് കാര്യങ്ങളോടൊപ്പം ഇത് കാണിക്കുന്നത് ഭൗതിക ആനുകൂല്യങ്ങൾ കൊണ്ട് ജനങ്ങളെ ആകർഷിക്കുക താരതമ്യേന എളുപ്പമാണ് എന്നത്രേ. പക്ഷേ, ആത്മീയ കാര്യങ്ങളോട്—നിലനിൽക്കുന്ന മൂല്യമുള്ള കാര്യങ്ങളോട്—യഥാർത്ഥ വിലമതിപ്പ് കെട്ടുപണി ചെയ്യുക എന്നത് തികച്ചും ഒരു വ്യത്യസ്ത സംഗതിയാണ്. ഇന്ന് വെറും ഭൗതീകത്വപൂർവ്വകമായ ഒരു നിലപാടിൽ നിന്നുകൊണ്ട് മാത്രം കാര്യങ്ങളെ നിരീക്ഷിക്കാനുള്ള പ്രവണത വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
സാമൂഹ്യശുശ്രൂഷയോട് തീവ്രമായ പ്രിയം
വികസ്വര രാജ്യങ്ങളിലെ ആളുകളുടെ കണ്ണുകളിൽ വികസിത രാഷ്ട്രങ്ങൾ ഒരുവൻ ആഗ്രഹിച്ചേക്കാവുന്ന എല്ലാ ഭൗതീക സുഖങ്ങളുടെയും അവസരങ്ങളുടെയും പ്രതിനിധികളാണ്—തങ്ങളുടെ സ്വന്തരാജ്യത്ത് ലഭ്യമല്ലാത്ത അവസരങ്ങളുടെ. അവരുടെ സമ്പത് സമൃദ്ധിയിൽ അസൂയപ്പെടുകയും ജീവിത ശൈലി പകർത്തുകയും ചെയ്യുന്നു. ഉന്നമനത്തിലേക്കും വിജയത്തിലേക്കും ഉള്ള ഒരു പാസ്പ്പോർട്ട് എന്നനിലയിൽ ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം ഓരോ വ്യക്തിയുടെയും മുമ്പാകെ വയ്ക്കപ്പെടുന്നു. അങ്ങനെയുള്ള ഒരു പശ്ചാത്തലത്തിൽ വിദേശസഭകളുടെ സാമൂഹ്യപരിപാടികൾക്ക് ഈ രാജ്യങ്ങളിൽ ഇത്ര തീവ്രമായ പ്രിയം ഉണ്ടായിട്ടുള്ളതെന്തുകൊണ്ട് എന്നു ഗ്രഹിക്കുക വിഷമമല്ല. പക്ഷേ ഫലങ്ങളെന്താണ്?
പൗരസ്ത്യദേശത്ത്, ഉദാഹരണത്തിന്, സമ്മാനങ്ങൾക്കും ദാനങ്ങൾക്കും അർഹരായിത്തീരുന്നതിന് സഭ ആവശ്യപ്പെടുന്ന എന്തും ചെയ്യാനുള്ള ആളുകളുടെ സന്നദ്ധത “ചോററു ക്രിസ്ത്യാനികൾ” എന്ന നിന്ദ്യമായ മുദ്രകുത്തലിന് ഇടയാക്കിയിട്ടുണ്ട്. അത്തരം ആശ്വാസമോ പിന്താങ്ങലോ നിലയ്ക്കുമ്പോൾ ആളുകളുടെ താത്പര്യവും നിന്നുപോകുന്നു എന്നതാണ് ഏററവും പരിതാപകരമായ ഭാഗം. ചോററു ക്രിസ്ത്യാനികളിൽ അനേകരും രംഗത്തുനിന്നും കേവലം തീരോധാനം ചെയ്തു പോകുന്നു. ഇപ്രകാരം, കാന്റോണീസ് ജനതയുടെയിടയിൽ പരിഭാഷ ചെയ്താൽ ഏതാണ്ട് പിൻവരുന്നവിധം വായിക്കാവുന്ന ഒരു പ്രചാരമുള്ള ചൊല്ലുണ്ട്: “ദൈവം ലോകത്തെ സ്നേഹിച്ചു, പക്ഷേ ലോകമോ പാൽപ്പൊടിയെ സ്നേഹിച്ചു.”
മിക്ക സഭാസംഘങ്ങളും ഒരുപക്ഷേ വിപത്തുകളുടെ സമയങ്ങളിലൊഴിച്ച് മററ് ഘട്ടങ്ങളിൽ മേലാൽ ദുരിതാശ്വാസ പരിപാടികൾ നടത്തുന്നില്ലെങ്കിലും മുൻകാല സംഭവങ്ങൾ ഏൽപ്പിച്ച മുദ്ര അവശേഷിക്കുന്നു. പൗരസ്ത്യദേശക്കാരിൽ പലർക്കും പള്ളികൾ ധർമ്മസ്ഥാപനങ്ങളുടെ പര്യായങ്ങളാണ്, പള്ളിയിൽ പോകുന്നതിന്റെ ഏക ഉദ്ദേശ്യം, നൽകുക എന്നതല്ല കിട്ടുക എന്നതാണ്. സഭയ്ക്കുവേണ്ടി എന്തെങ്കിലും ത്യാഗം ചെയ്യേണ്ട ആവശ്യം അവർക്ക് തോന്നുന്നില്ല. ബൈബിൾ സാഹിത്യം ഉത്പാദിപ്പിക്കാൻ പണം സംഭാവന ചെയ്യുന്നതിലുള്ള വൈമനസ്യത്തിൽ ഈ മനോഭാവം പ്രതിഫലിക്കുന്നു. ഇതിന് കാരണം അവരുടെ മനസ്സിൽ, ഒരു സഭ ഉത്പാദിപ്പിക്കുന്നതെന്തും സൗജന്യം ആയിരിക്കണം എന്നു അവർ ധരിച്ചിരിക്കുന്നു എന്നതാണ്.
സഭയെ ഒരു ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള മുഖാന്തരമായി ഉപയോഗിക്കുന്നത് വിദ്യാഭ്യാസ രംഗത്ത് വളരെ വ്യക്തമായി കാണാം. മിക്ക വികസ്വര രാജ്യങ്ങളിലും പാശ്ചാത്യ ശൈലിയിലുള്ള വിദ്യാഭ്യാസം പ്രശസ്തിയിലേക്കും വിജയത്തിലേക്കും ഉള്ള ഒരു സുനിശ്ചിതമാർഗ്ഗം ആണ്. ഒരുറവിടം പറയുന്നതനുസരിച്ച് ബ്രിട്ടണിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന സമയത്ത് ആ രാഷ്ട്രത്തിന്റെ പാർലമെൻറംഗങ്ങളിൽ 85 ശതമാനം “ക്രിസ്ത്യൻ സ്കൂളുകളി”ൽ പഠിച്ചിരുന്നവരായിരുന്നു. കൂടാതെ വിദൂര പൂർവ്വദേശത്ത് കൺഫ്യൂസ്യൻ ആദർശപ്രകാരം, ഉന്നതവിദ്യാഭ്യാസം നേടുന്നതാണ് ജീവിതത്തിലെ അത്യുന്നത ലാക്കുകളിലൊന്ന്. സ്വാഭാവികമായും സ്വയ ഉന്നമനത്തിനുള്ള മാർഗ്ഗമെന്നനിലയിൽ അനേകർ ഉററുനോക്കുന്നത് പൊതുവേ പാശ്ചാത്യ സമ്പ്രദായങ്ങളും പ്രമാണങ്ങളും ഉപയോഗിക്കുന്ന സ്കൂളുകളിലേക്കാണ്. തങ്ങളുടെ കുട്ടികൾ സഭ നടത്തുന്ന ഒരു സ്കൂളിൽ പ്രവേശിച്ചുകാണുന്നതിനും തുടർന്ന് അവർക്ക് വിദേശപഠനം സാദ്ധ്യമാകുന്നതിനും ആശിക്കുന്ന അനേക പൗരസ്ത്യ മാതാപിതാക്കൾ, തങ്ങൾ പരമ്പരാഗത മതം പിന്തുടരുന്നവരാണെങ്കിലും സ്വയമേ സന്തോഷപൂർവ്വം പള്ളിയിൽ പോകയും തങ്ങളുടെ മക്കളെ പോകാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
ഫലമെന്താണ്?
മാതൃദേശങ്ങളിലെ പള്ളികളോടുള്ള താരതമ്യത്തിൽ മിഷൻ പള്ളികളിൽ സാധാരണയായി നല്ല ഹാജരുണ്ട്. അങ്ങനെ നിരവധി ആളുകൾ സഭാപഠിപ്പിക്കലുകളുമായും ക്രിസ്ത്യാനിത്വത്തിന്റെ ഏതെങ്കിലും രൂപവുമായും സമ്പർക്കത്തിൽ വരുന്നു. പക്ഷേ ഈ സമ്പർക്കം ബൈബിളും അതിന്റെ സന്ദേശവും മനസ്സിലാക്കാൻ അവരെ സഹായിച്ചിട്ടുണ്ടോ? അത് അവരെ വാസ്തവത്തിൽ ക്രിസ്ത്യാനികൾ, അതായത് യേശുക്രിസ്തുവിന്റെ അനുഗാമികൾ ആക്കിത്തീർത്തിട്ടുണ്ടോ?
ദൃഷ്ടാന്തത്തിന്, മുമ്പ് പരാമർശിച്ച കുവോതുംഗ് എന്ന യുവാവിനെ സംബന്ധിച്ച് പരിചിന്തിക്കുക. കൂറെക്കാലം പള്ളിയിൽപ്പോയി സംബന്ധിച്ചശേഷം ഇപ്പോൾ അയാൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ അയാൾ ഇങ്ങനെ മറുപടി നൽകി: “ദൈവം സ്ഥിതിചെയ്യുന്നുവെന്നതിന്റെ തെളിവുകൾ ഒരിക്കലും ചർച്ച ചെയ്യപ്പെടുകയുണ്ടായിട്ടില്ല.” തന്നോടൊപ്പം തന്റെ സുഹൃത്തുക്കളിലനേകരും പള്ളിപ്പരിപാടികൾക്കു സംബന്ധിച്ചിട്ടുണ്ടായിരുന്നുവെങ്കിലും അവരിലാരെങ്കിലും ഒരു വ്യക്തിയായ ദൈവത്തിൽ വിശ്വസിച്ചിരുന്നോ എന്ന് എനിക്ക് ഉറപ്പില്ല എന്ന് അയാൾ സമ്മതിച്ചു പറഞ്ഞു. അവർ അങ്ങനെ ഒത്തുകൂടി പോയത് ഇംഗ്ലീഷ് ഭാഷ പഠിക്കാനുള്ള അവസരം തേടിയാണ് എന്നയാൾ പറഞ്ഞു.
മറെറാരു യുവാവ് ഐക്യനാടുകളിലെ തന്റെ കോളജിൽ നിന്ന് അവധിക്ക് വീട്ടിലെത്തി. യഹോവയുടെ സാക്ഷികൾ അയാളെ സന്ദർശിച്ചപ്പോൾ സാക്ഷികൾ അവരുടെ യോഗങ്ങൾ ഇംഗ്ലീഷിലാണോ നടത്തുന്നത് എന്നയാൾ ചോദിച്ചു. എന്തുകൊണ്ട്? “അങ്ങനെയാണെങ്കിൽ എനിക്കെന്റെ ഇംഗ്ലിഷ് ഭാഷാനിലവാരം കാക്കാൻ കഴിയുമായിരുന്നു.” എല്ലാവർക്കും ആത്മീയ പ്രയോജനം ലഭിക്കത്തക്കവണ്ണം യോഗങ്ങൾ പ്രാദേശിക ഭാഷയിലാണ് നടത്തപ്പെടുന്നത് എന്നു പറഞ്ഞപ്പോൾ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇംഗ്ലീഷ് യോഗങ്ങൾ നടത്തുന്നിടത്ത് പോകാൻ ആണ് താൻ ഇഷ്ടപ്പെടുന്നത് എന്നയാൾ പറഞ്ഞു.
പള്ളിയംഗങ്ങളായി സ്നാനപ്പെട്ടവർപോലും തങ്ങളുടെ വീക്ഷണഗതിയിൽ കാണിച്ചിരിക്കുന്ന മാററം നിസ്സാരമാണ്. അവരിൽ അനവധിപേരും തങ്ങളുടെ മുൻവിശ്വാസങ്ങളിലോ ആചാരങ്ങളിലോ കടിച്ചുതൂങ്ങുന്നു, മിക്കപ്പോഴും സഭയുടെ അംഗീകാരത്തോടും ഒരുപക്ഷേ ആശിസ്സോടും കൂടെയാണിത്. ദൃഷ്ടാന്തത്തിന്, മററിടങ്ങളിൽ നിരോധിക്കപ്പെട്ടിരിക്കുന്നുവെങ്കിലും ചൈനയിൽ റോമൻ കത്തോലിക്കർ പൂർവ്വീകൻമാരെ ആരാധിക്കുന്ന അവരുടെ രീതി തുടർന്ന് കൊണ്ടുപോകാൻ അവർ അനുവദിക്കപ്പെട്ടിരിക്കുന്നു. കവാടദേവന്റെ അനുഗ്രഹം അർത്ഥിക്കുന്ന ഫലകങ്ങൾ “ക്രിസ്തീയ” ഭവനങ്ങളുടെ വാതിൽപടിക്കു ചുററും മിക്കപ്പോഴും കാണപ്പെടുന്നു. ഒക്കിനാവയിൽ നാട്ടുദേവൻമാരുടെ മൃഗസദൃശ ചിത്രങ്ങൾ മേൽക്കൂരയുടെ കോണുകളിൽ കുടുംബസംരക്ഷണത്തിനായി പ്രതിഷ്ഠിക്കപ്പെടുന്നു.
പള്ളിപ്പരിപാടികളിൽ നിന്ന് പ്രയോജനം സിദ്ധിച്ചവരെപ്പററി എന്തു പറയാം? അവരുടെ നവാഗതമായ സാമ്പത്തിക, ഭൗതിക സുരക്ഷിതത്വത്തിന്റെ പശ്ചാത്തലത്തിൽ, ഇന്നത്തെ പ്രശ്നങ്ങൾക്കുള്ള ഉത്തരം തന്നിൽത്തന്നെയുള്ള ആശ്രയമാണ് എന്ന് അവർ പറഞ്ഞു കേൾക്കുന്നത് അസാധാരണമല്ല. അവരിൽ ഒട്ടേറെപ്പേർ ഏതെങ്കിലും രൂപത്തിലുള്ള സഭാ ഉൾപ്പെടലിൽ നിന്ന് നിശ്ശേഷമായി സ്വയം വേർപെടുത്തുകയോ അല്ലെങ്കിൽ സാദ്ധ്യമാകുന്നിടത്തോളം ഒരു ആദരണീയമായ അകലത്തിൽ സ്വയം കാക്കുകയോ ചെയ്യാനിടയായി എന്നുള്ളതാണ് അതിന്റെ ഫലം.
സഭകളുടെ മിഷനറിമാർക്ക് ബൈബിൾ എന്തു പഠിപ്പിക്കുന്നുവെന്ന് ആളുകളെ പ്രബോധിപ്പിക്കാനുള്ള ഉത്തമാവസരങ്ങൾ നിരവധി ലഭിച്ചിരുന്നിട്ടുണ്ട്. പക്ഷേ, “ഒന്നാമത് രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടേയിരിക്കുക അതോടുകൂടെ ഈ മററുള്ള കാര്യങ്ങളെല്ലാം നിങ്ങൾക്ക് കൂട്ടപ്പെടും” എന്ന യേശുവിന്റെ ബുദ്ധിയുപദേശം പിൻപററാൻ അവരെ പഠിപ്പിക്കുന്നതിന് പകരം അവർ “മററുള്ള കാര്യങ്ങളിൽ” ആണ് ഊന്നൽ കൊടുക്കുന്നത്. (മത്തായി 6:33) സാമൂഹികക്ഷേമ പരിപാടികളിലൂടെ അവർ ജനങ്ങളെ ശാരീരികവും വൈദ്യപരവും വിദ്യാഭ്യാസപരവും ആയി സഹായിക്കാൻ വളരെയധികം കാര്യങ്ങൾ ചെയ്യുന്നുവെങ്കിലും പ്രയോജനങ്ങൾ പ്രാഥമികമായും താത്ക്കാലികമാണ്. ഒരു ആത്മീയ വീക്ഷണം പകർന്നുകൊടുക്കാതെ, ആ പരിപാടികൾ തുടരെ, അധികമധികം താത്ക്കാലിക ആനുകൂല്യങ്ങൾക്കുവേണ്ടി അദ്ധ്വാനിക്കാനുള്ള ഒരു പ്രചോദനമായിത്തീരുന്നു.
സുവിശേഷം പ്രസംഗിക്കാൻ സഭ ഇറങ്ങിത്തിരിച്ചു. പക്ഷേ മിക്ക സന്ദർഭങ്ങളിലും അത് പാശ്ചാത്യ ഭൗതീകത്വ ജീവിതരീതിയുടെ പ്രചരണത്തിലാണ് കലാശിച്ചത്. ഉവ്വ് അവർക്ക് നിരവധി പുതുവിശ്വാസികളെ ലഭിച്ചിട്ടുണ്ട്. പക്ഷേ നാം കണ്ടുകഴിഞ്ഞതുപോലെ ഇവരിലനേകരും കൂടുതൽ ലൗകീക ഭൗതീക ചായ്വുള്ളവരായിത്തീരുകയാണ് ചെയ്തിട്ടുള്ളത്. യേശുവിന്റെ നാളിൽ അവൻ മതനേതാക്കളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഒരു മതാനുസാരിയെ ഉളവാക്കാൻ കടലും കരയും താണ്ടുന്നു, അവൻ അങ്ങനെയായിത്തീരുമ്പോഴോ അവനെ നിങ്ങളേക്കാൾ ഇരട്ടി ഗിഹെന്നായോഗ്യൻ ആക്കിത്തീർക്കുന്നു.” (മത്തായി 23:15) ഈ അർത്ഥത്തിൽ, സാമൂഹ്യ മുഖാന്തരങ്ങളിലൂടെ സുവിശേഷം പ്രസംഗിക്കുന്നതിനുള്ള ക്രൈസ്തവലോകത്തിന്റെ ശ്രമങ്ങൾ തിരിച്ചടിയേൽപ്പിക്കുന്നു. യേശുക്രിസ്തു നൽകിയ പിൻവരുന്ന മഹത്തായ നിയോഗത്തിൽനിന്ന് അത് വീണുപോയിരിക്കുന്നു: “അതുകൊണ്ട്, നിങ്ങൾ പുറപ്പെട്ട്, . . . ഞാൻ നിങ്ങളോട് കല്പിച്ച സകല കാര്യങ്ങളും പ്രമാണിപ്പാൻ തക്കവണ്ണം പഠിപ്പിച്ചുകൊണ്ട് സകല രാഷ്ട്രങ്ങളിലെയും ജനങ്ങളെ ശിഷ്യരാക്കിക്കൊൾവിൻ.”—മത്തായി 28:19, 20. (w87 1/15)