പയനിയർ ആത്മാവ് ഫിലിപ്പൈൻസിന്റെ കൊയ്ത്തു ത്വരിതപ്പെടുത്തുന്നു
നിങ്ങൾ നേരത്തെ 1935-ൽ മാനിലായിൽ ആയിരിക്കയും യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കയും ചെയ്തിരുന്നെങ്കിൽ നിങ്ങൾക്ക് 1134 റിസാൽ അവെന്യൂവിലുള്ള ഒരു ചെറിയ കെട്ടിടത്തിൽ അന്വേഷിക്കേണ്ടിവരുമായിരുന്നു. അവിടെ ബൈബിൾ പഠിക്കുന്നതിനു ക്രമമായി ഏകദേശം 20 പേർ കൂടിവന്നിരുന്നു. വാച്ച്ററവ്വർ സൊസൈററിയുടെ ഫിലിപ്പൈൻസിലെ ആദ്യത്തെ ബ്രാഞ്ച് ഓഫീസ് ആ കെട്ടിടത്തിലായിരുന്നു.
ഇന്ന്, ആ തലസ്ഥാന നഗരമായ മാനിലയുടെ പ്രദേശത്ത് യഹോവയുടെ സാക്ഷികളുടെ 103 സഭകളിലായി 9,000 രാജ്യപ്രഘോഷകർ ഉണ്ട്! അതുപോലെ 50 വർഷം മുമ്പ് ഫിലിപ്പൈൻസിന്റെ വിദൂര ദക്ഷിണഭാഗത്തുള്ള ദവാവോ നഗരത്തിൽ ഒററ സാക്ഷിയും ഉണ്ടായിരുന്നില്ല. ഇപ്പോൾ ആ നഗരത്തിലെ 41 സഭകളിലായി 2,800-ൽ പരം സാക്ഷികൾ ഉണ്ട്.
ഈ രണ്ടു പ്രമുഖ നഗരങ്ങളിലെ വർദ്ധനവ് ആ പ്രാരംഭകാല സാക്ഷികൾ തങ്ങളുടെ പേരിന് അനുയോജ്യരായി ജീവിച്ചു എന്നതിന്റെ ഭാഗികമായ തെളിവാണ്. (യെശയ്യാവ് 43:10-12) അവർ തങ്ങളുടെ പ്രസംഗവും പഠിപ്പിക്കലും വേല ഫിലിപ്പൈൻസിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിച്ചു. ഈ കൂടെ കൊടുത്തിരിക്കുന്ന ചാർട്ട് പരിശോധിക്കുന്നതിനാൽ കഴിഞ്ഞ അര നൂററാണ്ടു കാലത്തെ ക്രിസ്തീയ ശിഷ്യരാക്കലിന്റെ ഫലയുഗം നിരീക്ഷിക്കാൻ കഴിയും. ഫിലിപ്പൈൻ വയലിൽ വളർച്ച ത്വരിതപ്പെടുത്തിയതെന്താണ്?
പയനിയർ ആത്മാവ് വളർച്ചക്കു സഹായിക്കുന്നു
ആരംഭകാലത്തെ ഫിലിപ്പിനൊ സാക്ഷികളുടെ പക്ഷത്ത് ഒരു തീക്ഷ്ണതയുള്ള പയനിയർ ആത്മാവ് ഇല്ലായിരുന്നെങ്കിൽ നൂറുകണക്കിനു നിവസിത ദ്വീപുകളിൽ സുവാർത്തയുമായി എത്തുന്നതു അസാദ്ധ്യമാകുമായിരുന്നു. ആ ആത്മാവ് ഇപ്പോഴും വളരെ സജീവമാണ്. ദൃഷ്ടാന്തത്തിന്, 1986 ഫെബ്രുവരിയിലെ റിപ്പോർട്ട് ഫിലിപ്പൈൻസിൽ എല്ലായിടത്തുമായി 758 പ്രത്യേക പയനിയർമാരെ കൂടാതെ 9,090 നിരന്തര പയനിയർ ശുശ്രൂഷകർ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു. വെറും രണ്ടു വർഷം മുമ്പ് റിപ്പോർട്ടു ചെയ്തിരുന്നവരുടെ ഇരട്ടിയിലധികമായിരുന്നു ഇത്! 1985 ഏപ്രിലിൽ 26,630—ആ രാജ്യത്തെ മുഴു സാക്ഷികളുടെയും മൂന്നിൽ ഒന്ന്—ഏതെങ്കിലും വിധത്തിലുള്ള മുഴുസമയ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു.
ഉവ്വ്, ഫിലിപ്പൈൻസിലെ യഹോവയുടെ ജനം കാലത്തിന്റെ അടിയന്തിരത സംബന്ധിച്ച് ബോദ്ധ്യമുള്ളവരാണ്. ഇതു അവരെ തങ്ങളുടെ അയൽക്കാരോട് ദൈവവചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനു സാദ്ധ്യമാകുന്നിടത്തോളം സമയം ചെലവഴിക്കുന്നതിനു കൃത്യതയുള്ളവരാക്കുന്നു. നിസ്സംശയമായും, ചിലർക്ക് എങ്ങനെ തങ്ങളുടെ കാര്യങ്ങൾ ക്രമീകരിക്കുന്നതിനും മുഴു സമയ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനും കഴിയുന്നു എന്ന് അറിയാൻ നിങ്ങൾക്കു താത്പര്യം ഉണ്ടായിരിക്കും. അവർ ആസ്വദിക്കുന്ന നല്ല അനുഭവങ്ങൾ സംബന്ധിച്ച് അറിയുന്നതിനും നിങ്ങൾക്കു ഇഷ്ടം ഉണ്ടായിരിക്കും.
പയനിയറിംഗിനു ക്രമീകരണങ്ങൾ ചെയ്യുന്നു
പങ്കാസിനാനിലെ ബിനാലോനാനിലുള്ള ഫേലിപ് വെൻഡുറാ ഒരു കുടുംബജീവിതം തുടങ്ങുന്നതിന് മുമ്പ് തന്റെ യൗവനത്തിന്റെ 13 വർഷക്കാലം മുഴുസമയ സേവനത്തിൽ ചെലവഴിച്ചു. തന്റെ കുടുംബം വളർന്നപ്പോൾ അയാൾ പയനിയർ പ്രവർത്തനത്തിലേക്കു തിരികെ ചെല്ലണമെന്നാഗ്രഹിച്ചു, എന്നാൽ പ്രമേഹരോഗം ഒരു കണ്ണിനു അന്ധത വരുത്തി. പിന്നീട്, ഏകദേശം നാലു വർഷം മുമ്പ് അയാൾ പൂർണ്ണമായും അന്ധനായിത്തീർന്നു. ഇപ്രകാരമായിരുന്നിട്ടും തന്റെ കുടുംബത്തെ പോററുന്നതിനും ഒരു ചെറിയ കച്ചവടം തുടരുന്നതിനും തന്റെ ഭാര്യയുടെയും കുട്ടികളുടെയും സഹായത്തോടെ 1985 ഏപ്രിൽ 1-ാം തീയതി വീണ്ടും ഒരു പയനിയറായിത്തീരുന്നതിന് അയാളുടെ സമയം ക്രമീകരിക്കാൻ സാധിച്ചു. അംഗ വൈകല്യമുണ്ടായിരുന്നിട്ടും തനിക്കുവേണ്ടി ബൈബിൾ വാക്യങ്ങൾ വായിക്കുന്ന തന്റെ മകന്റെ സഹായത്തോടെ വീടുതോറുമുള്ള വേലയിൽ ഏർപ്പെടുന്നു. വെൻഡുറ സഹോദരൻ പല ഭവന ബൈബിളദ്ധ്യയനങ്ങൾ നടത്തുകയും സഭയിലെ ഒരു നിയമിത മൂപ്പനായിരിക്കയും ചെയ്യുന്നു. അയാളുടെ പുത്രൻമാരിൽ ഒരാൾ അയാളോടു കൂടി നിരന്തര പയനിയറിംഗ് നടത്തുകയും അയാളുടെ മകൾ ഇടയ്ക്കിടെ സഹായ പയനിയറിംഗ് നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ലാഗുണായിലെ ബിനാനിലെ ഒരു മൂപ്പനായ ക്ലോഡാൽഡൊക്വിയൊ ഹിലാഗ് 1960-കളിൽ തനിക്കും തന്റെ ഭാര്യക്കും ഒരു കുട്ടിയുണ്ടായതുവരെ ഒരു പയനിയറും സഞ്ചാരമേൽവിചാരകനുമായിരുന്നു. എന്നാൽ അയാൾ പറയുന്നതുപോലെ, “നിങ്ങൾ ഒരിക്കൽ മുഴുസമയസേവനത്തിന്റെ സന്തോഷം രുചിച്ചറിഞ്ഞശേഷം നിങ്ങൾക്കെപ്പോഴും അതിനുവേണ്ടിയുള്ള ഒരു വാഞ്ഛയുണ്ടായിരിക്കും.” അതുകൊണ്ട് അയാൾ കച്ചവടത്തിൽ വിജയിക്കയും തന്റെ ഭാര്യയും മകളുമൊത്ത് ഒരു സുഖപ്രദമായ ജീവിതം ആസ്വദിച്ചുവരികയായിരുന്നെങ്കിലും അയാൾ ഇതു തന്റെ ജീവിതത്തിന്റെ യഥാർത്ഥ ഉദ്ദേശ്യമായി കണക്കാക്കിയില്ല. അയാൾ ഇപ്രകാരം പറഞ്ഞു: “മുഴു സമയസേവനത്തിലേക്കു തിരികെ ചെല്ലുന്നതിനുള്ള ദീർഘകാലമായി ലാളിച്ചു വന്നിരുന്ന എന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചില്ലെങ്കിൽ ഞാൻ സമ്പാദിച്ചിരുന്നതെല്ലാം നിരർത്ഥകമായിരിക്കും.” അയാൾ ഒരു പയനിയറായിത്തീരുന്നതിനു രാവിലെ സമയങ്ങൾ വയൽ ശുശ്രൂഷയ്ക്കുവേണ്ടി ഉപയോഗിച്ചുകൊണ്ട് തന്റെ കച്ചവടം കേവലം അർത്ഥ ദിനത്തിലേക്കു കുറച്ചു. 1984 ഒക്ടോബർ 1-ന് ഒരു നിരന്തര പയനിയർ എന്ന നിലയിൽ സേവനം തുടങ്ങിയപ്പോൾ അയാളുടെ സ്വപ്നം സാക്ഷാത്ക്കരിച്ചു. അയാളുടെ വരവ് നേരത്തെ ഉണ്ടായിരുന്നതിന്റെ പകുതിയായിത്തീർന്നെങ്കിലും അയാളുടെ ചെലവുകളും ചുരുങ്ങി. ഇപ്പോൾ അയാളുടെ ഭാര്യയും അയാളോടൊത്ത് നിരന്തര പയനിയറിംഗിൽ പങ്കുചേരുകയും അയാളുടെ മകൾ ഇടയ്ക്കിടെ സഹായ പയനിയറിംഗ് നടത്തുകയും ചെയ്യുന്നു.
അന്ധനാണെങ്കിലും മുഴുസമയം സേവിക്കുന്നു
പാന്റേലിയോൻ ററാറേറായിയ്ക്ക് മൂന്നു വയസ്സ് പ്രായമുണ്ടായിരുന്നപ്പോൾ അയാളെ അഞ്ചാംപനി ആക്രമിച്ചതിനാൽ അയാൾ അന്ധനായിത്തീർന്നു. 1972-ൽ അയാൾ ആദ്യമായി സത്യത്തെക്കുറിച്ചു കേൾക്കുകയും നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകം പഠിക്കാൻ തുടങ്ങുകയും ചെയ്തു. ഇത് അവനെ പെട്ടെന്നു പുകയിലയുടെയും മദ്യത്തിന്റെയും ആസക്തിയിൽ നിന്നു വിമുക്തനായിത്തീരാൻ സഹായിക്കയും 1973 ജൂലൈ 29-ാം തീയതി ജലസ്നാനത്താൽ യഹോവയ്ക്കു സമർപ്പിച്ചതിനെ ലക്ഷ്യപ്പെടുത്തുകയും ചെയ്തു.
പാന്റേലിയോൻ ആദ്യമായി തന്റെ അയൽക്കാരോടു പ്രസംഗിക്കാൻ ആരംഭിച്ചപ്പോൾ അയാളുടെ മൂത്ത സഹോദരി ഇപ്രകാരം ശകാരിച്ചു: “നീ ഒരു അന്ധനായിരിക്കയും ഒരു ജോഡി പാൻറ്സ് മാത്രം ഉണ്ടായിരിക്കയും ചെയ്കെ നിനക്ക് എങ്ങനെ ഒരു ശുശ്രൂഷകനായിരിക്കാൻ കഴിയും?” എന്നാൽ ഇതു അയാളെ നിരുത്സാഹപ്പെടുത്തിയില്ല. അയാൾക്കു തന്റെ ഭവനത്തിനു ചുററുമുണ്ടായിരുന്ന പ്രദേശം നന്നായി അറിയാമായിരുന്നതിനാൽ അയാൾ ഒററയ്ക്കു പോയി തന്റെ അയൽക്കാരോടു സത്യം പ്രസംഗിച്ചു. 1984-ൽ തന്റെ ഒരു പിതൃവ്യ പുത്രനെയും ഒരു അനന്തരവനെയും സത്യം പഠിക്കുന്നതിനും ആ വർഷം സെപ്ററംബറിൽ സ്നാനപ്പെടുന്നതിനും സഹായിക്കാൻ സാധിച്ചതിൽ സന്തോഷിച്ചു.
പാന്റേലിയോനിനു തന്റെ മരുമക്കളും ഇരട്ടകളുമായ ലോർനാ, ലൂസ് എന്നീ ബധിരരെയും ബൈബിൾ പഠിപ്പിക്കുന്നതിനു സാധിച്ചു. ഒരു അന്ധനായ പയനിയർക്ക് അത്തരം വ്യക്തികളോടൊത്ത് എങ്ങനെ ബൈബിൾ പഠിക്കാൻ കഴിയും? ഒരു സഹായിയുടെ സഹായത്തോടെ പ്രസിദ്ധീകരണങ്ങളിലെ ചിത്രങ്ങൾ വിപുലമായി ഉപയോഗിച്ചു. അയാൾ സത്യം വിശദീകരിക്കുമ്പോൾ പിതൃവ്യ പുത്രനായ റോക്വിന അയാൾ പറയുന്നതു ഇരട്ടകൾക്കുവേണ്ടി ചിഹ്ന ഭാഷയിലേക്കു ഭാഷാന്തരം ചെയ്യുകയും ചെയ്യുന്നു. ലോർനാസും ലൂസും വലിയ അംഗവൈകല്യം ഉള്ളവരായിരുന്നിട്ടും 1985 ഏപ്രിൽ 20-നു സ്നാനമേററു. പാന്റേലിയോനെ സംബന്ധിച്ച് ഒരു വർഷം താൻ ഒരു സഹായ പയനിയറായി സേവിച്ചശേഷം 1985 മാർച്ച് 1-ാം തീയതി ഒരു നിരന്തര പയനിയറായി നിയമിക്കപ്പെട്ടു.
മുഴുസമയ സേവനം ഒരു ജീവിതചര്യ
ഒരു ഹൈസ്ക്കൂൾ ബിരുദദാന സന്ദർഭത്തിൽ ഒരു വിദ്യാർത്ഥിനി തന്റെ ഒരു സാക്ഷിയായ സഹപാഠിയോട് ഇപ്രകാരം പറഞ്ഞു: “ബിരുദാനന്തരം ഏതു ഗതി സ്വീകരിക്കുമെന്നു നിങ്ങളുടെ ആളുകളോടു ചോദിക്കുമ്പോഴൊക്കെ അവരെല്ലാം, ‘പയനിയറിംഗ്’ എന്നു പറയുന്നു. അത് ഏതുതരം ജീവിതചര്യയാണ്?” പയനിയറിംഗ് എന്താണെന്നു ആ യുവസാക്ഷി വിശദീകരിച്ചു കൊടുത്തു. സഹപാഠി തല്പരയായിത്തീരുകയും ഒരു ബൈബിളദ്ധ്യയനം സ്വീകരിക്കയും പെട്ടെന്നു അവൾക്കും ഒരു പയനിയർ ആയിത്തീരുന്നതിനുള്ള ലക്ഷ്യം വെക്കുകയും ചെയ്തു.
മററുള്ളവർ കോളേജു പഠനം ഒരുവന്റെ ആത്മീയാവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നില്ലെന്നു കണ്ടെത്തി. ബോഹോളിലെ ഒരു യുവ സഹോദരി തന്റെ കോളേജു പഠനത്തിന്റെ അവസാനവർഷത്തിൽ തന്റെ പഠനം പൂർത്തിയാകുമ്പോൾ പയനിയറിംഗിന് സമയമുണ്ടെന്നു കണ്ടെത്തി. പിന്നീട് അവൾ പയനിയർസേവന സ്കൂളിൽ പങ്കെടുക്കുകയും കോളേജിനെയും യഹോവയെ മുഴുസമയം സേവിക്കുന്നതിൽ അനുഭവിക്കുന്ന സന്തോഷത്തെയും താരതമ്യം ചെയ്യാൻ സാദ്ധ്യമല്ലെന്നു പറയുകയും ചെയ്തു. ഇപ്പോൾ അവൾ പ്രസംഗകരുടെ ആവശ്യം അധികമുള്ളടത്ത് പയനിയറായി സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കയും ചെയ്യുന്നു.
യുവാക്കളും വൃദ്ധരും മനസ്സോടെ പങ്കുകൊള്ളുന്നു
രാജ്യാധികാരത്തിന്റെ നാളുകളിൽ ദൈവത്തിന്റെ ജനം “മനസ്സോടെ തങ്ങളെത്തന്നെ അർപ്പിക്കും” എന്ന് സങ്കീർത്തന പുസ്തകം മുൻകൂട്ടിപറഞ്ഞു. ‘യുവാക്കളും കന്യകമാരും വൃദ്ധരും കുട്ടികളും’ യഹോവയുടെ നാമത്തെ സ്തുതിക്കും എന്നു അതു പറഞ്ഞു. (സങ്കീർത്തനങ്ങൾ 110:3; 148:12, 13) ഇതു ഫിലിപ്പൈൻസിലെ ദൈവജനങ്ങളുടെയിടയിൽ സത്യമെന്നു സുനിശ്ചിതമായും തെളിഞ്ഞിരിക്കുന്നു.
ഒടുവിലത്തെ കണക്കെടുപ്പനുസരിച്ചു ഫിലിപ്പൈൻസിൽ നിരന്തര പയനിയർമാരായി പേർചാർത്തിയിരുന്നവരിൽ 1,159 പേർ അഥവാ 13 ശതമാനം 20 വയസ്സിൽ താഴെയുള്ളവരായിരുന്നു. ഇതുപോലുള്ള ചെറുപ്പക്കാർ സ്വാർത്ഥതയ്ക്കോ ലോകത്തിന്റെ അനുധാവനങ്ങൾക്കോ വേണ്ടി തങ്ങളുടെ സമയം പാഴാക്കിക്കളയാതെ നിസ്വാർത്ഥമായി ‘തങ്ങളുടെ ചെറുപ്പകാലത്തു തങ്ങളുടെ സ്രഷ്ടാവിനെ ഓർക്കുന്നതായി’ കാണുന്നതു എത്ര സന്തുഷ്ടമാണ്!—സഭാപ്രസംഗി 12:1.
ചെറുപ്പകാലത്തു മുഴുസമയ സേവനം ആരംഭിച്ച ചിലർ ഇപ്പോൾ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു എങ്കിലും ഇപ്പോഴും വിശ്വസ്തതയോടെ സേവനമനുഷ്ഠിച്ചു വരുന്നു. ലിയോഡിജറിയോ ബർലാൻ സഹോദരനും അയാളുടെ ഭാര്യ നാററി വിഡസും 1938 ഏപ്രിൽ 1-ാം തീയതി പയനിയറിംഗ് ആരംഭിച്ചു. അവർ പ്രയാസം നിറഞ്ഞ യുദ്ധത്തിന്റെ വർഷങ്ങളിലൂടെ കടന്നുപോകയും സഞ്ചാരവേലയുൾപ്പെടെ പല നിലകളിൽ സേവനമനുഷ്ഠിക്കയും ചെയ്തു. ഇപ്പോൾ 72 വയസ്സുണ്ടായിരുന്നിട്ടും ബർലാൻ സഹോദരൻ തന്റെ ഭാര്യയോടൊത്ത് പാംഗാസിനാനിലെ സാൻകാർലോസിൽ തീക്ഷ്ണതയുള്ള ഒരു പ്രത്യേക പയനിയറായി സേവനമനുഷ്ഠിക്കുന്നു.
മററുചിലർ കുറെ പ്രായമായശേഷം മുഴുസമയ സേവനം ആരംഭിക്കയും തങ്ങളുടെ വാർദ്ധക്യകാലത്തും തുടരുകയും ചെയ്തിരിക്കുന്നു. ദൃഷ്ടാന്തത്തിന് ലിയോൺസിയോ സബൻഡൽ 52-ാം വയസ്സിൽ പയനിയറിംഗ് ആരംഭിക്കയും 92 വയസ്സായപ്പോഴും ഒരു പ്രത്യേക പയനിയറായിരിക്കയും ചെയ്യുന്നു. അയാളും ഭാര്യയും 118 പേരെ തങ്ങളുടെ ജീവൻ യഹോവയ്ക്കു സമർപ്പിക്കുന്നതിനു സഹായിച്ചിട്ടുണ്ട്. അതുപോലെ, സിപ്രിയാനൊ സെപുൽവെഡാ സീനിയർ തനിക്കു 72 വയസ്സ് ആയപ്പോൾ പയനിയറിംഗ് ആരംഭിക്കയും 1985-ൽ 88-ാം വയസ്സിൽ മരിക്കുന്നതു വരെ ഒരു നിരന്തര പയനിയറായി തുടരുകയും ചെയ്തിരുന്നു. പൗലാമാറിയാനോ 71-ാം വയസ്സിൽ പയനിയറിംഗ് ആരംഭിക്കയും 88-ലും, ദുർബ്ബലനെങ്കിലും തുടരുകയും ചെയ്യുന്നു. ഇവരും വാർദ്ധക്യം പ്രാപിച്ച മററു പലരും എത്ര മാററുള്ള ദൃഷ്ടാന്തങ്ങളാണ്!
നേടിയ അഭിവൃദ്ധിയിൽ സന്തോഷിക്കുന്നു
കഴിഞ്ഞ അരനൂററാണ്ടിലധികം കാലത്തേക്കു തിരിഞ്ഞു നോക്കുമ്പോൾ, യഹോവയുടെ സാക്ഷികളുടെ തീക്ഷ്ണമായ യത്നങ്ങളിൽമേൽ അവന്റെ അനുഗ്രഹത്തിന്റെ തെളിവു പ്രകടമാണ്. 1935-ൽ വിരലിൽ എണ്ണാൻ മാത്രമുണ്ടായിരുന്നവരിൽനിന്നു 1986 ഫെബ്രുവരിയിൽ 88,113 പേർ വയൽശുശ്രൂഷയിൽ പങ്കുപററിയതു കണ്ടതിൽ എത്ര സന്തോഷമുണ്ട്! മാനിലായിലെ റിസാൽ അവെന്യൂവിലെ ഒരു ചെറിയ സഭ ഇപ്പോൾ രാജ്യവ്യാപകമായി 120 സർക്കിട്ടുകളിൽ സംഘടിതരായ 2,454 സഭകളായി വളർന്നിരിക്കുന്നു.
ഭാവിയിലേക്കു എന്തു പ്രതീക്ഷയും ഉണ്ട്? 1985 ഏപ്രിൽ 4-ലെ സ്മാരക ആചരണത്തിലെ 2,68,526 എന്ന ഹാജർ—ആ രാജ്യത്തെ സാക്ഷികളുടെ മൂന്നിരട്ടിയിൽ കവിഞ്ഞ സംഖ്യ—ഒരു പ്രോത്സാഹജനകമായ സൂചനയാണ്. കൂടാതെ 1986 ഫെബ്രുവരിയിൽ താല്പര്യക്കാരുമായി 63,248 ഭവന ബൈബിളദ്ധ്യയനങ്ങൾ നടത്തുകയുണ്ടായി. യഹോവയുടെ അനുഗ്രഹത്താലും അംഗീകാരത്താലും തുടർച്ചയായ വളർച്ച ദർശിക്കും എന്നതിനു സംശയമില്ല.
യഹോവയുടെ ആരംഭകാല അഭിഷിക്ഷസാക്ഷികളാൽ 50 വർഷങ്ങൾക്കുമേൽ മുമ്പ് ഈ ദ്വീപുകളിൽ ആരംഭിച്ച വേലയെ അവൻ വളരെയധികം ഫലവത്താക്കിയിരിക്കുന്നതിൽ നാം സന്തുഷ്ടരാണ്. അവന്റെ അനുഗ്രഹത്താലും മാർഗ്ഗനിർദ്ദേശത്താലും ഫിലിപ്പൈൻസിലെ തന്റെ ജനങ്ങളുടെ പ്രസംഗവും പഠിപ്പിക്കലും വേല വരുംനാളുകളിൽ വികസിപ്പിക്കുന്നതിൽ തുടരുക എന്നത് അവരുടെ ലക്ഷ്യമാണ്. (w86 7/15)
[29-ാം പേജിലെ ചാർട്ട്]
ഫിലിപ്പൈൻസിലെ അമ്പതു വർഷത്തെ പുരോഗതി
1935 20
1940 222
1950 10,055
1960 31,608
1970 54,789
1980 61,164
1986 88,113
[28-ാം പേജിലെ ഭൂപടം]
[പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക]
ഫിലിപ്പൈൻസ്
സാൻകാർലോസ്
മാനില
ബിനാൻ
സാംബോംഗാ
ദവാവോ