ബൈബിൾ—നിങ്ങൾക്ക് പ്രായോഗികം
“നൻമയെന്തെന്ന് അവൻ നിന്നോട് അരുളിച്ചെയ്തിട്ടുണ്ട്, ഓ ഭൗമികമനുഷ്യാ” എന്ന് 2700 വർഷങ്ങൾക്കു മുമ്പ് ഒരു ദൈവപുരുഷൻ എഴുതി. (മീഖാ 6:8) പക്ഷേ നമ്മുടെ ആധുനികനാളിൽ അത് നമുക്ക് “നല്ലതും” പ്രായോഗികവും ആണോ?
“ആധുനിക മനശ്ശാസ്ത്രത്തെയും ലൈംഗികനിബദ്ധമായ മാനസ്സിക വികാസപ്രക്രിയയെക്കുറിച്ചും ആരെങ്കിലും എന്തെങ്കിലും അറിയുന്നതിന് ദീർഘനാൾ മുമ്പാണ് ബൈബിൾ എഴുതപ്പെട്ടത്,” എന്ന് ഡോ. ചെസെൻ പറയുന്നു. അതിന്റെ എഴുത്തുകാരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ ഉത്തമങ്ങളായിരുന്നുവെങ്കിൽ തന്നെ ഈ സുപ്രധാന ഘടകങ്ങൾ പരിഗണനക്കെടുക്കാൻ അവർക്ക് സാദ്ധ്യമായിരുന്നില്ല. എങ്കിലും ധാർമ്മികമൂല്യങ്ങളെയും⁄മോ കല്പനകളുടെയും⁄മോ കാര്യം വരുമ്പോൾ ബൈബിളിനും അതിന്റെ വ്യാഖ്യാതാക്കൾക്കും വളരെയധികം പറയാനുണ്ട്.”
ബൈബിൾ മാനുഷ ചിന്തയുടെ ഉത്പന്നമായിരുന്നെങ്കിൽ ആ വാദം സാധുവാകുമായിരുന്നു. പക്ഷെ ഞങ്ങളുടെ ഏപ്രിൽ 1, 1986-ലെ ലക്കത്തിൽ കാണിച്ചിരിക്കുന്നപ്രകാരം ബൈബിൾ മനുഷ്യന്റെയല്ല ദൈവത്തിന്റെ വചനം ആണ്. ഈ പ്രധാന ആശയം അവഗണിക്കാനാവില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, സമയം സാഹചര്യങ്ങൾ എന്നിവയാൽ മമനുഷ്യന്റെ ജ്ഞാനം നിയന്ത്രിക്കപ്പെടുന്നതുപോലെ ദൈവജ്ഞാനം നിയന്ത്രണവിധേയമോ മാററത്തിന് വിധേയമോ അല്ല മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവെന്നനിലയിൽ ദൈവത്തിന് നമ്മുടെ നിർമ്മിതി എങ്ങനെയാണെന്നും നമുക്ക് ഏററവും നല്ലതെന്താണെന്നും ഉത്തമബോദ്ധ്യം ഉണ്ട്. അതുകൊണ്ട് അപ്പോസ്തലൻ ഉചിതമായി ഇങ്ങനെ പറയുന്നു: “എല്ലാ തിരുവെഴുത്തും ദൈവ നിശ്വസ്തവും ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും സമ്പൂർണ്ണ സജ്ജനായിക്കൊണ്ട് തികഞ്ഞ സാമർത്ഥ്യം ഉള്ളവനായിത്തീരേണ്ടതിന് പഠിപ്പിക്കലിനും ശാസനക്കും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിലെ ശിക്ഷണത്തിനും പ്രയോജനം ഉള്ളതാകുന്നു.”—2 തിമൊഥെയോസ് 3:16, 17.
നമ്മുടെ ആധുനിക കാലങ്ങളിൽ സംഭവിച്ചിരിക്കുന്ന ഐതിഹാസിക മാററങ്ങൾ സംബന്ധിച്ചെന്ത്? നാമിന്ന് കൂടുതൽ സ്വതന്ത്രവും പ്രബുദ്ധവും ആയ കാലത്താണ് ജീവിക്കുന്നതെന്ന് തോന്നിയിട്ടില്ലേ? പരമ്പരാഗതമായ ചങ്ങലകൾ പലതും സമൂഹം പൊതുവിൽ ഉപേക്ഷിച്ചിട്ടില്ലേ? സത്യംതന്നെ, പക്ഷെ, വർദ്ധിച്ച ജ്ഞാനവും പുതുതായി നേടിയ “സ്വാതന്ത്ര്യവും” എല്ലാം ഉണ്ടായിരുന്നിട്ടും മമനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളും അവന്റെ ഘടനയും മാറിയിട്ടില്ല. ആന്തരികമായി നാം ഇന്നും ഒന്നുതന്നെ. ഭക്ഷിക്കുന്നതിനും പാനം ചെയ്യുന്നതിനും ഉറങ്ങുന്നതിനും പുനരുത്പാദിപ്പിക്കുന്നതിനും ആരാധിക്കുന്നതിനും ഉള്ള പ്രേരണ നമ്മുടെ പൂർവ്വീകർക്കുണ്ടായിരുന്നതുപോലെ ഇന്ന് നമുക്കുമുണ്ട്. നമുക്കിന്നും സ്നേഹവാത്സല്യങ്ങളുടെ ആവശ്യം ഉണ്ട്. നാം സന്തുഷ്ടിയും ആഗ്രഹിക്കുന്നു. നമുക്കിന്നും അർത്ഥവത്തായ ജീവിതം നയിക്കേണ്ടതുണ്ട്.
ബൈബിൾ തത്വങ്ങൾ ഈ ആവശ്യങ്ങൾക്കായി കരുതുന്നു. കൂടാതെ, ഈ ആധുനികനാളിൽ പോലും ബൈബിളിന്റെ പഠിപ്പിക്കലുകൾ നമ്മുടെ നൻമക്കായി ഉപകരിക്കുന്നു. ബൈബിൾ ബുദ്ധിയുപദേശം പിന്തുടരുന്നതിലൂടെ ലഭ്യമാകുന്ന ഫലങ്ങൾ മറേറതുവിധേനയും നേടിയെടുക്കാനാകുന്നവയെക്കാൾ മികച്ചതാണ്. ധാർമ്മികത, ധനതത്വശാസ്ത്രം, ആരോഗ്യം എന്നീ മണ്ഡലങ്ങളിൽ ഇതെങ്ങനെ സത്യം ആയിരിക്കുന്നുവെന്നു നമുക്ക് ചുരുക്കമായി പരിശോധിക്കാം.
ബൈബിളും ധാർമ്മികതയും
ധാർമ്മികത സംബന്ധിച്ചുള്ള വീക്ഷണങ്ങളിൽ വന്നിരിക്കുന്ന മാററങ്ങളാണ് നമ്മുടെ ആധുനികനാളുകളിലെ ഏററവും വലിയ മാററങ്ങളിലൊന്ന്. മുൻകാലങ്ങളിൽ വെറുക്കത്തക്കതായിരുന്ന ആചാരങ്ങൾ സ്വീകാര്യമായിത്തീർന്നിരിക്കുന്നു. വിവാഹബന്ധത്തിന് പുറത്ത് കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകളെ സമൂഹം മേലാൽ നിന്ദ്യമായി കാണുന്നില്ല. സ്വവർഗ്ഗഭോഗികൾ അവരുടെ അവകാശങ്ങൾക്കായി തുറന്ന സമരം നടത്തുന്നു. പരസ്പര സമ്മതമുള്ള മുതിർന്നവർക്കിടയിൽ നടക്കുന്ന ചെയ്തികളിൽ ഇടപെടുന്നതിനോ അവയെപ്പററി പരാതി പറയുന്നതിനോ ആർക്കും അവകാശമില്ല എന്നതാണ് പരക്കെയുള്ള വീക്ഷണം. ബൈബിളിന്റെ നിലവാരങ്ങൾ വിക്ടോറിയൻ എന്ന് മുദ്രകുത്തി ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു.
പക്ഷെ ബൈബിളിന്റെ പ്രമാണങ്ങൾ വിക്ടോറിയാ രാജ്ഞിയുടെ യുഗമായിരുന്ന 19-ാം നൂററാണ്ടിന് ദീർഘകാലം മുമ്പേ ഏർപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. അത് മനുഷ്യവർഗ്ഗത്തിന്റെ ശ്രേയസ്സ് കൈവരുത്തുന്നതായി ഇപ്പോഴും തെളിഞ്ഞുകൊണ്ടിരിക്കുന്നു. കുതിച്ചുയരുന്ന വിവാഹമോചനനിരക്കും, ഗർഭച്ഛിദ്രത്തിന്റെ പെരുപ്പവും കൗമാര ഗർഭധാരണമെന്ന പകർച്ചവ്യാധിയും ലൈംഗികമായി വ്യാപിക്കുന്ന രോഗങ്ങളുടെ നീണ്ട നിരയും അഭിനവ സദാചാരത്തിനൊപ്പത്തിനൊപ്പം മുന്നേറുന്നത് ഒരുവൻ പരിഗണിക്കുമ്പോൾ ഇത് തീർച്ചയായും കാണാൻ സാധിക്കും. ഇവയെല്ലാം ചെലവേറിയതും അവശതയുളവാക്കുന്നതും മരണകരം പോലുമായ പ്രശ്നങ്ങൾ ആണ്. ലൈംഗികത, നിർമ്മലത, വൈവാഹിക വിശ്വസ്തത എന്നീ കാര്യങ്ങൾ സംബന്ധിച്ച് ബൈബിളിന്റെ ബുദ്ധിയുപദേശം പിന്തുടരുന്നത് കൂടുതൽ പ്രായോഗികം ആയിരിക്കുകയില്ലേ?—സദൃശവാക്യങ്ങൾ 5:3-11, 15-20; മലാഖി 2:13-16; എബ്രായർ 13:4; 1 കൊരിന്ത്യർ 6:9, 10.
ദ ന്യൂയോർക്ക് ടൈംസിലെ പിൻവരുന്ന റിപ്പോർട്ടിൽ കാണിച്ചിരിക്കുന്നപ്രകാരം കേവലം ഒരു രോഗത്തിന്റെ കാര്യത്തിൽ തന്നെ ഇത് വിശേഷാൽ എത്ര സത്യം ആയിരിക്കുന്നുവെന്ന് കുറിക്കൊള്ളുക: “‘എയ്ഡ്സ് രോഗം ആപത് ഗണങ്ങളിൽ (risk groups) പെട്ടവർക്കിടയിൽ അതിന്റെ അതിശീഘ്രവ്യാപനം തുടരുന്നു’ എന്ന് ന്യൂയോർക്ക് നഗരിയിലെ ആരോഗ്യ കമ്മീഷണറായ ഡോ. ഡേവിഡ്, ജെ. സെൻസർ പറഞ്ഞു . . . അപകടവിധേയരിൽ സ്വവർഗ്ഗരതിക്കാരും ഉഭയവർഗ്ഗരതിക്കാരായ പുരുഷൻമാരും മയക്കുമരുന്നു കുത്തിവയ്ക്കുന്നവരും രോഗബാധിതരിൽ നിന്ന് രക്തപ്പകർച്ച സ്വീകരിക്കുന്നവരും എയ്ഡ്സ് ബാധയുള്ളവരുടെ കുട്ടികളോ വിവാഹഇണകളോ എന്നിവരും ഉൾപ്പെടുന്നു.”
വാസ്തവത്തിൽ, കൂടുതൽ അർത്ഥവത്തായിരിക്കുന്നത് എന്താണ്? അവിഹിതമായ ആനന്ദത്തിന്റെ ഏതാനും മിനിററുകളും മിക്കപ്പോഴും അതോടൊത്ത് ഉളവാകുന്ന ഭയവും ആശങ്കയുമാണോ അതോ ഒരു ശുദ്ധമനസ്സാക്ഷിയും ആത്മാഭിമാനവും ആണോ? ദുരന്തസാദ്ധ്യതകളോട് കൂടിയ ഒരു ഹ്രസ്വബന്ധമോ അതോ ബൈബിൾ പിന്താങ്ങുന്ന ശുദ്ധമായ വിവാഹബന്ധത്തിലെ ഈടുററ പ്രതിബദ്ധതയോ—ഏതാണ് നിലനിൽക്കുന്ന സന്തുഷ്ടിയും സംതൃപ്തിയും കൈവരുത്തുന്നത്?
ബൈബിളും സാമ്പത്തികശാസ്ത്രവും
സാമ്പത്തിക പ്രശ്നങ്ങൾക്ക് ബൈബിളിന് ഒരു പരിഹാരമാർഗ്ഗം നിർദ്ദേശിക്കാനുണ്ട് എന്ന് വിലമതിക്കുന്നവർ വിരളമാണ്. എങ്കിലും അതിന്റെ പ്രമാണങ്ങൾ പാലിക്കുന്നത് നിങ്ങളുടെ തീൻമേശയിൽ അപ്പം കുറയാതിരിക്കാൻ ഇടയാക്കുന്നു. ഇതെങ്ങനെ?
മിക്കവാറും ഒരു വ്യക്തി സമ്പാദിക്കുന്നതിന്റെ ഏറിയപങ്കും ദുർവ്യയം ചെയ്തുപോവുന്നു. ബൈബിളിന്റെ ബുദ്ധിയുപദേശം പിൻപററുന്നത് ഉപയോഗമുള്ള ഉദ്ദേശ്യങ്ങൾക്ക് ഈ തുകകൾ കരുതിവയ്ക്കുന്നതിന് ഇടവരുത്തും. ഉദാഹരണത്തിന് പലപ്പോഴും ദാരിദ്ര്യത്തിലേക്ക് നയിക്കുന്ന ഒരു ശീലം അമിത മദ്യപാനം ആണ്. ദശലക്ഷക്കണക്കിനാളുകൾ കൈയ്യിൽ കിട്ടിയ ശംബളവുമായി നേരേ ബാറുകളിലേക്കും മദ്യഷാപ്പുകളിലേക്കും കുതിക്കുന്നു. പല കേസുകളിലും കടച്ചീട്ടുകൾ അടച്ചുതീർക്കുന്നതിനോ തങ്ങളുടെ കുടുംബങ്ങൾക്ക് ഭക്ഷണമൊരുക്കുന്നതിനോ വേണ്ടത്ര തുക ശേഷിപ്പില്ലാതെ അവർ അവിടം വിട്ടു പോവുന്നു. ചിലപ്പോൾ അടിസ്ഥാന ആവശ്യങ്ങൾക്ക് പണം കടമെടുക്കേണ്ടിവരുന്നു. ബൈബിൾ ബുദ്ധിപൂർവ്വം അമിതമദ്യപാനത്തെ കുററംവിധിക്കുന്നു; അത് മിതത്വം പ്രോത്സാഹിപ്പിക്കുന്നു.—സദൃശവാക്യങ്ങൾ 23:20, 21, 29, 30; 1 തിമൊഥെയോസ് 3:2, 3, 8.
പുകവലിയുടെയും മയക്കുമരുന്നു ദുരുപയോഗത്തിന്റെയും ശീലത്തിന് അടിപ്പെടുന്നവരുടെ സംഗതിയിലും ഇത് സത്യംതന്നെ. ഈ ശീലങ്ങളെല്ലാം എത്ര ചെലവേറിയതാണ്! അത് നിർത്താൻ എന്തു വിഷമം ന്യൂയോർക്ക് പോസ്ററൽ അച്ചടിച്ചു വന്ന മനശ്ശാസ്ത്രജ്ഞരായ ജോയ്സ് ബ്രദേഴ്സിന് ലഭിച്ചതായ പിൻവരുന്ന കത്ത് സാധാരണ കത്തുകളുടെ ഒരു തനി രൂപമാണ്: “ഞാൻ കൊക്കേയിൻ ഉപയോഗിക്കാൻ തുടങ്ങിയത് അത് ഒരു തമാശയായിരുന്നത് കൊണ്ടായിരുന്നു. എന്റെ മിക്ക സ്നേഹിതൻമാരും അത് വാരാന്ത്യങ്ങളിൽ വലിക്കുമായിരുന്നു. അത് എന്റെ ജീവിതത്തിലെ സർവ്വനൻമക്കും വിലങ്ങുതടിയായിത്തീർന്നു. അത് നിർത്തുന്നതിൽ ഞാൻ വലിയ ക്ലേശം നേരിടുന്നു. ഞാൻ രണ്ടു കുട്ടികളുടെ അമ്മയാണ്, എനിക്ക് ഉടനെ അതുപേക്ഷിക്കാനായില്ലെങ്കിൽ അവർ കഷ്ടതയിലാകും എന്നോർത്ത് ഞാൻ ഭയക്കുന്നു. ഞാൻ പ്രതിദിനം രണ്ടു പ്രാവശ്യം നടത്തുന്നുണ്ട്. ഞാൻ എന്റെ കൺപുരികം വരെ കടബാദ്ധ്യത്തിൽ ആണ്ടിരിക്കുന്നു, ഞാൻ കഷ്ടതയിലാണ്.”
മറെറാരു മയക്കുമരുന്നുപയോഗി ഇങ്ങനെ എഴുതി: “വിജയകരമായി തൊഴിൽ ചെയ്തു ജീവിക്കുകയായിരുന്ന ഞാനും എന്റെ ഭർത്താവും മൂന്നു വർഷങ്ങളായി കൊക്കെയിൻ ബാധക്കടിപ്പെട്ട് കഴിയുകയാണ്. അത് ആദ്യമാദ്യം ഒരു മഹാസംഗതിയായനുഭവപ്പെട്ടു. പക്ഷെ അത് ഇപ്പോൾ അധികമധികം പ്രധാനമായിത്തീരുകയാണ്. വാസ്തവത്തിൽ അത് ഞങ്ങളുടെ ജീവിതത്തെ തകിടം മറിക്കുന്നു. ഞങ്ങളുടെ ശീലങ്ങൾക്ക് ഒരു ജീവിതകാല സമ്പാദ്യം മുഴുവൻ വേണ്ടിവരുന്നതുകൊണ്ട് ഞങ്ങൾ ഇന്ന് കടബാദ്ധ്യതയിലാണ്. ഞങ്ങളിരുവരും മോശമായ സ്വപ്നാടനങ്ങൾക്ക് ഇരയായിട്ടുണ്ട്. ചില ദിവസങ്ങളിൽ മതിവിഭ്രമം ഒരുതരത്തിലും വിട്ടുമാറാറും ഇല്ല.
ഇത്രമേൽ ഇല്ലെങ്കിലും പുകവലിക്കാരും സാമ്പത്തികമായി ക്ഷതമനുഭവിക്കുന്നു. ആധുനിക ഓഫീസ് ടെക്നോളജി എന്ന മാസിക ഇങ്ങനെ പ്രസ്താവിക്കുന്നു: “ഈ അടുത്ത കാലത്ത് പ്രസിദ്ധികരിച്ച ഒരു ദേശവ്യാപക സർവ്വേ അനുസരിച്ച് ഒരു തൊഴിലിനുവേണ്ടി അന്വേഷിക്കുന്ന പുകവലിക്കാത്ത ആളുകൾക്ക് പുകവലിക്കാരായ ഉദ്യോഗാർത്ഥികളെക്കാൾ നിയമനം ലഭിക്കാനുള്ള സാദ്ധ്യത വളരെ കൂടുതൽ ഉണ്ട്. അമേരിക്കയുടെ ഏററവും വലിയ കമ്പനികളുടെ ഉപാദ്ധ്യക്ഷൻമാരുമായും തൊഴിൽ വകുപ്പ് ഡയറക്ടർമാരുമായും നടത്തിയ ഇൻറർവ്യുകളെ ആധാരമാക്കിയുള്ള പഠനം . . . ഇന്നത്തെ തൊഴിലുടമകൾ പുകവലിക്കാത്തവരായ ഉദ്യോഗാർത്ഥികളെ കവിഞ്ഞ് പ്രിയപ്പെടുന്നു എന്ന് വെളിപ്പെടുത്തി.” എന്തുകൊണ്ട്? കാരണം കോൺഗ്രസ്സ് നടത്തിയ പഠനത്തിൽ കാണിച്ചിരുന്നതുപോലെ പുകവലി ഉത്പാദനനഷ്ടവും ഉയർന്ന വൈദ്യ ബില്ലുകളുമുൾപ്പെടെ രാഷ്ട്രത്തിന്റെ ആരോഗ്യസംരക്ഷണ ചെലവ് പ്രതിവർഷം 65 ബില്യൺ ഡോളർ ആക്കി ഉയർത്തുന്നു—വിററഴിക്കപ്പെടുന്ന ഓരോ സിഗറെററ് കൂടിനും 2.17 ഡോളറിനു തുല്യം!
അതെ, പിൻവരുന്ന ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കുന്നതിലൂടെ ഒരു വ്യക്തി സാമ്പത്തികമായി സഹായിക്കപ്പെടുന്നു: “നമുക്ക് ജഡത്തിലെയും ആത്മാവിലെയും സകല മാലിന്യത്തിൽ നിന്നും സ്വയം ശുദ്ധീകരിക്കാം.” (2 കൊരിന്ത്യർ 7:1) ബൈബിൾ തത്വങ്ങൾ ബാധകമാക്കിക്കൊണ്ട് സകലവിധ ചൂതാട്ടങ്ങളിൽ നിന്നും ഒഴിഞ്ഞിരിക്കുന്നവരുടെ കാര്യത്തിലും ഇത് സത്യമായി ഭവിക്കുന്നു. (യെശയ്യാവ് 65:11, 12; ലൂക്കോസ് 12:5) കൂടാതെ ബൈബിൾ തത്വങ്ങളോട് പിൻപററി നിൽക്കുന്നവരെ അവരുടെ സത്യസന്ധത, നിർമ്മലത, ഉത്സാഹം എന്നിവയെ പ്രതി. അവരുടെ യജമാനൻമാർ അങ്ങേയററം പ്രിയപ്പെടുന്നു, സാദ്ധ്യതയനുസരിച്ച് ഏററവും ആദ്യം ജോലിക്ക് എടുക്കപ്പെടുന്നവരും ഏററവും ഒടുവിലായി പിരിച്ചയക്കപ്പെടുന്നവരും അവരായിരിക്കും.—കൊലോസ്യർ 3:22, 23; എഫേസ്യർ 4:28.
ബൈബിളും ആരോഗ്യവും
ഇന്ന് നാം വൈദ്യശാസ്ത്രപരമായി വളരെ പുരോഗമിച്ചിരിക്കെ, ബൈബിളിന്റെ ബുദ്ധിയുപദേശം മറികടന്നിട്ടുണ്ടോ? കൊള്ളാം, ആധുനിക വൈദ്യശാസ്ത്രപരമായ ചികിത്സാരീതികളെയോ, രോഗാണുക്കളെയോ വൈറസ്സുകളെയോ പററിപോലും എന്തെങ്കിലുമോ യാതൊന്നുമോ അറിവായിരുന്നിട്ടില്ലാത്ത അന്ധവിശ്വാസ ജഢിലമായിരുന്ന ഒരു കാലത്ത് ബൈബിൾ എഴുതപ്പെട്ടുവെങ്കിലും, ചികിത്സ, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബൈബിൾ എത്ര കൃത്യതയുള്ളതും പുതുമയുള്ളതുമായി നിലനിൽക്കുന്നുവെന്നതാണ് ഗവേഷകരെ അത്ഭുതസ്തബ്ദരാക്കിയിരിക്കുന്ന ഒരു വസ്തുത.
ആധുനിക വൈദ്യശാസ്ത്രം ഉണ്ടായിരുന്നിട്ടും ആരോഗ്യപ്രശ്നങ്ങൾ പെരുകുന്നു. പക്ഷെ ബൈബിൾ ബുദ്ധിയുപദേശം ഉത്തമ ആരോഗ്യം വികസിപ്പിക്കുന്നു. കുറിക്കൊണ്ട് കഴിഞ്ഞതുപോലെ, ബൈബിൾ തത്വങ്ങൾ പിൻതുടരുന്നത് നമ്മുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന പ്രവർത്തന ശീലങ്ങളിൽനിന്ന് നമ്മെ സംരക്ഷിക്കുന്നു. അവ നമ്മുടെ മാനസ്സിക ആരോഗ്യം പുഷ്ടിപ്പെടുത്തുന്നതിനും സഹായിക്കും. മനോഭാവങ്ങൾക്കും വികാരങ്ങൾക്കും ശരീരത്തിൻമേലുള്ള ഫലം ബൈബിൾ തിരിച്ചറിയുന്നു. (സദൃശവാക്യങ്ങൾ 14:30) അതുകൊണ്ട് അത് ദ്രോഹകരങ്ങളായ മനോഭാവങ്ങളിൽനിന്നു നമ്മെ അകററി സംരക്ഷിക്കുകയും തത്സ്ഥാനത്ത് ക്രിയാത്മകവും പരിപുഷ്ടിദായകവും ആയ ഗുണങ്ങൾ പോഷിപ്പിക്കുകയും ചെയ്യുന്നു.
എഫേസ്യർ 4:31, 32-ലെ ബുദ്ധിയുപദേശം ശ്രദ്ധിക്കുക: “ദുരുദ്ദേശപൂർവ്വകമായ എല്ലാ കൈപ്പും കോപവും ക്രോധവും മുറവിളിയും അസഭ്യഭാഷണവും സർവ്വവഷളത്വത്തോടുമൊപ്പം നിങ്ങളിൽനിന്ന് നീങ്ങിപ്പോകട്ടെ. എന്നാൽ നിങ്ങൾ അന്യോന്യം നിർലോഭമായി ക്ഷമിച്ചുകൊണ്ട് മൃദുലവാത്സല്യത്തോടെ പരസ്പരം ദയാലുക്കളായിരിക്കുക.” അതെ, വിനാശകരമായ ഒരു മുറിപ്പെടുത്തുന്ന വ്യക്തിത്വത്തിൽ നിന്ന് പുതിയ ആരോഗ്യാവഹമായ ക്രിസ്തീയ വ്യക്തിത്വത്തിലേക്കുള്ള മാററത്തിന് ബൈബിൾ ഊന്നൽ നൽകുന്നു. (എഫേസ്യർ 4:20-24; കൊലോസ്യർ 3:5-14) അത് ദൈവാത്മാവിന്റെ പിൻവരുന്ന ഗുണങ്ങൾ പ്രദർശിപ്പിക്കാൻ നമ്മെ സഹായിക്കുന്നു: “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം.” (ഗലാത്യർ 5:22, 23) മനസ്സിനും ഹൃദയത്തിനും ആഹരിക്കാകുന്നതും സമാധാനത്തിൽ കഴിയാൻ സഹായിക്കുന്നതുമായ ഭക്ഷണം ബൈബിൾ പ്രദാനം ചെയ്യുന്നു.—സദൃശവാക്യങ്ങൾ 3:7, 8; 4:20-22; ഫിലിപ്യർ 4:6-8.
കൂടാതെ, ബൈബിൾ ചട്ടങ്ങൾ പാലിച്ചു ജീവിക്കുന്നവർ അക്രമങ്ങളിലോ കലാപങ്ങളിലോ പ്രക്ഷോഭങ്ങളിലോ അല്ലെങ്കിൽ ദേഹോപദ്രവത്തിൽ കലാശിക്കുന്ന അതുപോലുള്ള മററു കാര്യങ്ങളിലോ ഉൾപ്പെടുകയില്ല. അവർക്ക് ഒരുത്തമ മനഃസാക്ഷിയുണ്ട്. അത് ഒരു സന്തുഷ്ട മനോഭാവവും നല്ല ശരീരാരോഗ്യവും നിലനിർത്തുന്നതിന് വലിയ സംഭാവന ചെയ്യുന്നു. (1 പത്രോസ് 3:16-18) കൂടാതെ, ബൈബിളിന്റെ ബുദ്ധിയുപദേശം ബാധകമാക്കുന്നവർ ഒരു ഊഷ്മളവും പ്രതിഫലദായകവും സന്തുഷ്ടവും ആയ കുടുംബജീവിതം മററുള്ളവരോടൊത്തുള്ള സമാധന ബന്ധത്തോട് കൂടെ ആസ്വദിക്കുന്നു.
അതെ, ബൈബിൾ നമ്മുടെ നാളിലേക്ക് പ്രായോഗികമാണ്. അതിന്റെ തത്വങ്ങൾ വാസ്തവമായി ബാധകമാക്കുന്ന ദശലക്ഷങ്ങളുടെ ജീവിതത്തിൽ ഇത് പ്രകടമാണ്. അതിന് നിങ്ങളെയും സഹായിക്കാൻ കഴിയും. അതിന്റെ പഠിപ്പിക്കലുകൾ നിങ്ങളുടെ സ്വന്തജീവിതത്തിൽ പരീക്ഷിച്ചു നോക്കാൻ നിങ്ങൾക്ക് ക്ഷണമുണ്ട്. ഇതെങ്ങനെ ചെയ്യാൻ കഴിയുമെന്ന് കാണിച്ചു തരുന്നതിന് യഹോവയുടെ സാക്ഷികൾക്ക് സന്തോഷമുണ്ടായിരിക്കും. (w86 5/1)