എൺപതു വർഷത്തെ കൂട്ടിച്ചേർപ്പിന്റെ ധന്യമായ പരമകാഷ്ഠ
ഇന്ത്യ! സംസ്ക്കാരം, മതം, ആചാരം, കാലാവസ്ഥ എന്നിവയിൽ പല വൈരുദ്ധ്യങ്ങളുമുള്ള ഒരുദേശം. അനേകർക്ക് അത് വ്യത്യസ്തവും നിഗൂഢവുമായ ഒരു രാജ്യമാണെങ്കിലും അവളുടെ കണ്ണഞ്ചിക്കുന്ന കടൽത്തീരങ്ങൾ സന്ദർശിക്കുന്ന ഏതൊരുവനെയും വിസ്മയിപ്പിക്കുന്നതാണ്.
എഴുപത്തേഴര കോടി ആളുകൾ വസിക്കുന്ന ഈ വിശാലമായ ഉപദൂഖണ്ഡത്തിൽ യഹോവയാം ദൈവത്തെ സ്നേഹിക്കുന്നവർ മഹാരാഷ്ട്രാ സംസ്ഥാനത്തിലെ പശ്ചിമ മലമ്പാതയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ പട്ടണമായ ലൊണാവ്ലയിലെ ഒരു പ്രത്യേക സംഭവത്തേക്കുറിച്ച് ചിന്തിക്കുകയായിരുന്നു. അത്, 1985 ജനുവരി 20 ഞായറാഴ്ചയായിരുന്നു.
ആ പ്രത്യേക ദിവസം, ജന നിബിഡമായ ബോംബെയിൽ നിന്ന് 70 മൈൽ (110കി.മീ.) അകലെ കുന്നിൻ പുറത്തുള്ള ഈ ചെറിയ പട്ടണത്തിലേക്ക് വളരെയധികം ചിന്തകൾ കേന്ദ്രീകരിച്ചതെന്തുകൊണ്ടായിരുന്നു? ഉത്തരം, ഇന്ത്യയിൽ യഹോവയുടെ അമൂല്യവസ്തുക്കളെ—അവന്റെ ജനത്തെ—കൂട്ടിച്ചേർക്കുന്നതിന്റെ 80 വർഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ഇവിടെയുള്ള 7500-ലധികം വരുന്ന യഹോവയുടെ സാക്ഷികൾക്കു മാത്രമല്ല ലോകവ്യാപകമായി ദൈവജനങ്ങളുടെ മുഴുസമൂഹത്തിനും സന്തോഷിക്കാനുള്ള ഒരു കാരണമാകുന്നു.
എന്നാൽ ഈ പ്രത്യേക സംഭവത്തിന്റെ പ്രാധാന്യം നന്നായി വിലമതിക്കുന്നതിന്, കഴിഞ്ഞ എട്ട് പതിററാണ്ടുകളിൽ സത്യത്തിന്റെ അടിസ്ഥാനം ഉറപ്പാക്കപ്പെട്ടതെങ്ങനെയെന്ന് നമുക്ക് ചുരുക്കമായി പരിചിന്തിക്കാം.
സത്യത്തിന്റെ വെളിച്ചം ഇന്ത്യയിലേക്ക് വരുന്നു
ഒരു ഇന്ത്യൻ സയൻസ് വിദ്യാർത്ഥിയായ എസ്. പി. ഡേവി 1905-ൽ അമേരിക്കൻ ഐക്യനാടുകൾ സന്ദർശിച്ചു. അവിടെയായിരുന്നപ്പോൾ അയാൾ അന്ന് വാച്ച്ററവ്വർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററിയുടെ പ്രസിഡൻറായിരുന്ന സി. ററി. റസ്സലിന്റെ ഒരു ബൈബിൾ പ്രസംഗത്തിൽ സംബന്ധിച്ചു. ഡേവി ബൈബിൾ സത്യത്തിൽ വളരെ താല്പര്യമുള്ളവനായിത്തീരുകയും ഇന്ത്യയുടെ പൂർവ്വ തീരത്തുള്ള തന്റെ ജൻമദേശമായ മദ്രാസിൽ തിരിച്ചുവന്ന് ഒടുവിൽ 40 ബൈബിൾ അദ്ധ്യയന കൂട്ടങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
ഏതാണ്ട് ഇതേ സമയത്ത് ഒരു ഇന്ത്യൻ യുവാവ് ത്രിത്വോപദേശവും ശിശുസ്നാനവും സംബന്ധിച്ചുള്ള ചോദ്യങ്ങളുടെ ഉത്തരം തേടുകയായിരുന്നു. എ. ജെ. ജോസഫ് അപ്പോൾ ആംഗ്ലേയ സഭയിലെ ഒരംഗമായിരുന്നു എന്നാൽ അയാൾക്ക് ദൈവത്തിനും മനുഷ്യർക്കുമിടയിൽ പാപപരിഹാരം എന്ന റസ്സലിന്റെ പുസ്തകത്തിന്റെ ഒരു പ്രതി തപാലിൽ ലഭിച്ചു. യഹോവയുടെ പരമാധീശത്വം സംബന്ധിച്ചുള്ള സത്യം മനസ്സിലാക്കാൻ ഈ പ്രസിദ്ധീകരണം ജോസഫിനെ സഹായിച്ചു. ഇപ്പോൾ കേരള സംസ്ഥാനം ആയിരിക്കുന്ന പ്രദേശത്ത് നെൽ വയലുകൾ നിറഞ്ഞ ഗ്രാമങ്ങളിലൂടെയും തെങ്ങിൻ തൊട്ടങ്ങളിലൂടെയും ജോസഫും അയാളുടെ പിതാവും ഒരു മച്ചുനനും ഉടൻതന്നെ ബൈബിൾ സത്യം പ്രചരിപ്പിച്ചുതുടങ്ങി. റസ്സൽ സഹോദരന്റെ 1912-ലെ ഇന്ത്യസന്ദർശനത്തെതുടർന്ന് ജോസഫ് ഒരു മുഴുസമയ രാജ്യഘോഷകനായിത്തീർന്നു. അയാൾ 1924-ൽ ഒററക്ക് 3600 മൈൽ (5800കി. മീ.) ദീർഘിച്ച ഒരു പ്രസംഗപര്യടനം ഇന്ത്യയിൽ നടത്തി, സത്യം കേൾക്കാൻ അനേകരെ സഹായിച്ചുകൊണ്ടുതന്നെ. ജോസഫ് സഹോദരൻ 1964-ലെ തന്റെ മരണംവരെ ഉത്സാഹിയായ ഒരു വേലക്കാരനായിരുന്നു.
വാച്ച്ററവർ സൊസൈററിയുടെ രണ്ടാമത്തെ പ്രസിഡൻറായ ജെ. എഫ്. റതർഫോർഡ് 1926-ൽ ഇംഗ്ലണ്ട് സന്ദർശിച്ചു. അവിടെയായിരുന്നപ്പോൾ ഒരു കോൾപോർട്ടറായ (മുഴുസമയ പ്രസംഗകൻ) എഡ്വിൻ സ്കിന്നറിനോട് ഇപ്രകാരം ചോദിച്ചു: താങ്കൾക്ക് ഇന്ത്യയിലേക്കു പോകാൻ ഇഷ്ടമാണോ?” ഒരു തടസ്സവും പറയാതെ സ്കിന്നർ സഹോദരൻ ഇപ്രകാരം ഉത്തരം നൽകി: “ഞാൻ എപ്പോൾ പോകണം?” മൂന്ന് ആഴ്ചകൾക്കുള്ളിൽ അയാളും കൂട്ടുകാരനും ഇന്ത്യയിലേക്ക് യാത്രയായി!
അടുത്ത 50 വർഷക്കാലം എഡ്വിൻ സ്കിന്നർ ബ്രാഞ്ച് ദാസനായി സേവനമനുഷ്ഠിച്ചു, ആദ്യകാലത്ത് ഇന്ത്യയിലും സിലോണിലും പേർഷ്യയിലും അഫ്ഗാനിസ്ഥാനിലും ബർമ്മയിലും മേൽനോട്ടമുണ്ടായിരുന്നു. അദ്ദേഹവും കൂട്ടുകാരനും മാറിമാറി ഓഫീസ് ഉത്തരവാദിത്വങ്ങളും യാത്രയും പ്രസംഗപ്രവർത്തനവും ചെയ്തുകൊണ്ട് അദ്ദേഹം ഇന്ത്യയുടെ അധിക ഭാഗവും റെയിൽ മാർഗ്ഗം സഞ്ചരിച്ചു. പിന്നീട് അവർ ഒരു “ഹൗസ്കാർ” സമ്പാദിക്കുകയും ട്രെയിൻ മുഖാന്തരം ചെന്നെത്താൻ കഴിയാത്ത പ്രദേശങ്ങളിലേക്ക് അവരുടെ സാക്ഷീകരണം വ്യാപിപ്പിക്കുകയും ചെയ്തു. സ്കിന്നർ സഹോദരൻ 92-മത്തെ വയസ്സിലും ഇന്ത്യാ ബ്രാഞ്ച് ഓഫീസിൽ ഉത്സാഹമുള്ള ഒരു പ്രവർത്തകനും ഒരു മുന്തിയ സുവാർത്താഘോഷകനും ആണ്.
വാച്ച്ററവ്വർ ഗിലെയാദ് ബൈബിൾ സ്കൂളിലെ ബിരുദധാരികൾ 1947-ൽ വരാൻ തുടങ്ങി. ബ്രിട്ടീഷുകാരനായ റിച്ചാഡ് കോട്റിൽ ഇവരിൽ ഒരാളായിരുന്നു, അദ്ദേഹം 38 വർഷങ്ങൾക്കുശേഷം ഇപ്പോഴും പ്രവർത്തനനിരതനാണ്. ഇപ്പോൾ കുറച്ചുകാലമായി ഗവൺമെൻറ് നയം ഇന്ത്യയിലേക്ക് ഏതെങ്കിലും പുതിയ വിദേശമിഷനറിമാരുടെ പ്രവേശനത്തെ നിരോധിച്ചിരിക്കുകയാണ്. എന്നാൽ ശരാശരി 30 വർഷം മിഷനറിമാരായിരുന്ന 17 സഹോദരീസഹോദരൻമാർ വിശ്വസ്തമായി ഈ രാജ്യത്ത് സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു.
ഇന്ത്യൻ സഹോദരൻമാർതന്നെ വലിയ ആത്മീയ പുരോഗതി നേടുകയും അനേകർ ഇപ്പോൾ പ്രത്യേക പയണിയർമാരും സഞ്ചാരമേൽവിചാരകൻമാരും എന്ന നിലയിൽ യോഗ്യത നേടുകയും ചെയ്തിരിക്കുന്നു. വാച്ച്ററവ്വർ ബൈബിൾ സ്കൂളിന്റെ പത്ത് ആഴ്ച വീതമുള്ള രണ്ടു ക്ലാസ്സുകൾ 1983-ൽ ബ്രാഞ്ച് ഓഫിസിൽ വെച്ച് നടത്തപ്പെട്ടു. ഇന്ത്യയിലെ കൂട്ടിച്ചേർക്കൽ വേലയുടെ വലിയ ആവശ്യങ്ങൾ തരണം ചെയ്യുന്നതിന് പേർചാർത്തപ്പെട്ട 46 പ്രത്യേക പയണിയർമാർ പ്രോത്സാഹിപ്പിക്കപ്പെടുകയും നന്നായി ഒരുക്കപ്പെടുകയും ചെയ്തു. പുതിയ പ്രദേശങ്ങളിലേക്ക് വേല വ്യാപിപ്പിക്കുന്നതിന് അവരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
തടസ്സങ്ങളുണ്ടെങ്കിലും ഫലം
വിശാലമായ ഇന്ത്യൻ പ്രദേശത്തിന്റെ പലതരം വെല്ലുവിളികൾ ഗണ്യമാക്കാതെ—വലുതും ജനസാന്ദ്രവുമായ നഗരങ്ങൾ, ആളുകളുടെ മിക്കവാറും മുഴു സമൂഹങ്ങളും അതിജീവനത്തിന്റെ വക്കിൽ, ജനനം മുതൽ മരണംവരെ അനുദിന പ്രവർത്തനങ്ങളെ ഭരിക്കുന്ന അടിയുറച്ച മതപാരമ്പര്യങ്ങൾ എന്നിവതന്നെ—കൂട്ടിച്ചേർപ്പ് തുടരുന്നു. ഇന്ത്യയിലെ ദശലക്ഷങ്ങളുടെയിടയിൽ ചിലർ മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങളുടെ പരിഹാരം അന്വേഷിക്കുന്നവരും ദൈവത്തേക്കുറിച്ചുള്ള ആഴമായ ഗ്രാഹ്യം ആഗ്രഹിക്കുന്നവരും ആണ്.
അത്തരത്തിലുള്ള ഒരാളാണ് ദാദു. ഒരു യുവാവെന്നനിലയിൽ, ദാദു നിരവധി ആളുകൾ അനേകം ദൈവങ്ങളെ ആരാധിക്കുന്നുവെന്ന വസ്തുത കണ്ട് അമ്പരന്നുപോയി. അയാൾ ബൈബിൾ വായിക്കാൻ തുടങ്ങി, എന്നാൽ അതിൽ അധികവും അയാൾക്ക് സുഗ്രാഹ്യമായിരുന്നില്ല. തുടർന്ന് അയാൾ ഹിന്ദുക്കളുടെ അമ്പലങ്ങളിൽ പോയി ആ മതത്തിന്റെ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി.
“ഭഗവാൻ കൃഷ്ണനാണ് എല്ലാ മതങ്ങളെയും നിയന്ത്രിക്കുന്നതെന്നും അയാൾ കഴുത്തിൽ ധരിക്കുന്ന മാലയുടെ ഓരോ മണിയും ഓരോ മതത്തെ പ്രതിനിധീകരിക്കുന്നുവെന്നും എന്നോടു പറഞ്ഞു,” എന്ന് ദാദു സ്മരിക്കുന്നു. “അതു ശരിയാണെങ്കിൽ, പലപ്പോഴും രക്തച്ചൊരിച്ചിലിൽ കലാശിച്ചുകൊണ്ട് വിഭിന്ന മതങ്ങളുടെയിടയിൽ വിദ്വേഷമുള്ളതെന്തുകൊണ്ട്, എന്ന് ഞാൻ ചിന്തിച്ചു?” അതിനുശേഷം മുസ്ലീം മതത്തിലുള്ള അന്വേഷണം താൻ മരിച്ചുപോയ തന്റെ പൂർവ്വികരുമായി സമ്പർക്കത്തിൽ വരുകയാണെന്നുള്ള വിശ്വാസത്തിലേക്ക് അയാളെ നയിച്ചു. എന്നാൽ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിച്ചതിൽ നിന്ന് ദാദുവും ഭാര്യയും ലോകത്തിലെ പല മതങ്ങളുടെയും ഉത്ഭവം എവിടെയായിരുന്നെന്നും അവർ ആശയവിനിയമം നടത്തിയ നല്ല ആത്മാക്കൾ വഞ്ചകരായ ഭ്രൂതങ്ങൾ ആയിരുന്നുവെന്നും മനസ്സിലാക്കി. “അവരുടെ സ്വാധീനത്തിൽനിന്ന് ഞങ്ങളെ സ്വതന്ത്രരാക്കിയ പരിജ്ഞാനത്തിനുവേണ്ടി ഞങ്ങൾ യഹോവയാം ദൈവത്തോട് നന്ദിയുള്ളവരാണ്,” എന്ന് ദാദു പറയുന്നു. ഇപ്പോൾ അയാളും ഭാര്യയും മുഴുസമയശുശ്രൂഷകരാണ്.
ഏഴുവർഷം മുമ്പ് ഒരു അമ്മയ്ക്ക് യഹോവയുടെ സാക്ഷികളിൽനിന്ന് ബൈബിളും ബൈബിൾ സാഹിത്യവും ലഭിച്ചു. അവളും കുടുംബവും സാക്ഷികളില്ലാത്ത പ്രദേശത്തേക്ക് മാറി താമസിച്ചെങ്കിലും അവൾ സ്വന്തമായി പഠിച്ചുകൊണ്ടിരുന്നു. ഈയിടെ സാക്ഷികളുമായി വീണ്ടും സമ്പർക്കത്തിൽ വന്നപ്പോൾ അവൾ ഇപ്രകാരം പറഞ്ഞു: “കഴിഞ്ഞ വർഷങ്ങളിൽ ഞാൻ ബൈബിളിൽനിന്ന് പഠിച്ച സത്യങ്ങൾ എനിക്ക് മറക്കാൻ കഴിഞ്ഞില്ല. എന്റെ മുൻ ആരാധനാരീതികളിലേക്ക് തിരിയുക അസാദ്ധ്യമായിരുന്നു.”
സാഹിത്യം പല ഭാഷകളിൽ
ഇന്ത്യയിലുടനീളം പതിനഞ്ച് മുഖ്യഭാഷകൾ സംസാരിക്കുകയും വ്യത്യസ്തങ്ങളായ ഒമ്പത് അച്ചടി അക്ഷരമാല ഉപയോഗിക്കുകയും ചെയ്യുന്നു. ഈ എല്ലാ ഭാഷകളിലും ആത്മീയ ആഹാരം നൽകുകയെന്നത് ഒരു വെല്ലുവിളിയായിരിക്കുന്നു. റസ്സൽ സഹോദരൻ 1912-ൽ പോലും ബൈബിൾ വിഷയങ്ങൾ പ്രതിപാദിക്കുന്ന ചെറുപുസ്തകങ്ങൾ ഹിന്ദുസ്ഥാനി, ഗുജറാത്തി, മലയാളം, മറാത്തി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ ക്രമീകരിച്ചു. പിന്നീട് മററ് പ്രാദേശിക ഭാഷകളും ഉൾപ്പെടുത്തപ്പെടുകയും ഈ സാഹിത്യങ്ങൾ വിദേശത്ത് അച്ചടിച്ച് ഇറക്കുമതിചെയ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് 1960-കളുടെ തുടക്കത്തിൽ ഇന്ത്യൻ പ്രാദേശിക ഭാഷാ പ്രസിദ്ധീകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനെ നിരോധിച്ചുകൊണ്ട് ഗവൺമെൻറ് നിയമം കൊണ്ടുവന്നു.
ബ്രാഞ്ച് സ്വന്തം അച്ചടി നടത്തുന്നത് സാമ്പത്തികമായി പ്രായോഗികമല്ലായിരുന്നതുകൊണ്ട് സൊസൈററി അച്ചടി വ്യവസായികളുമായി കരാറുണ്ടാക്കി. തെരഞ്ഞെടുത്ത പയണിയർമാരെ തങ്ങളുടെ പ്രദേശത്ത് പ്രസിദ്ധീകരണ ചുമതല നോക്കുന്നതിന് പഠിപ്പിച്ചെടുത്തു. ഇപ്പോൾ വീക്ഷാഗോപുരത്തിന്റെ ഒമ്പതു പതിപ്പുകൾ ഉൾപ്പെടെ 16 ഭാഷകളിൽ ബൈബിൾ സാഹിത്യം ഉല്പാദിപ്പിക്കുന്നതിന് 11 വ്യത്യസ്ത അച്ചടി സ്ഥലങ്ങൾ ഉണ്ട്. വേഗംതന്നെ മെപ്സ് (സൊസൈററിയുടെ ബഹുഭാഷാ ഇലട്രോണിക് ഫോട്ടോ ടൈപ്സെററിങ്ങ് സിസ്ററം) സ്ഥാപിക്കുന്നതോടെ അച്ചുനിരത്തലും പേജ് തയ്യാറാക്കലും ബ്രാഞ്ച് ഓഫീസിൽ നിർവ്വഹിക്കപ്പെടും, കൂട്ടിച്ചേർക്കൽ വേലയിൽ കൂടുതൽ സമയം ചെലവഴിക്കാൻ പല പയണിയർമാരെയും സ്വതന്ത്രരാക്കിക്കൊണ്ടുതന്നെ.
എൺപതു വർഷങ്ങളിലെ ഫലം
ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയിൽ വലിയൊരു വേല ചെയ്തുതീർക്കാനുണ്ട്. ജനസംഖ്യയിൽ 6.6 ശതമാനത്തിനുമാത്രമേ ഇതുവരെ സുവാർത്ത എത്തിച്ചിട്ടുള്ളു. മിക്ക രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യഹോവയുടെ ജനത്തിന്റെ ഇന്ത്യയിലെ വളർച്ച മന്ദഗതിയിലായിരുന്നു. ആയിരം പ്രസാധകരിൽ എത്താൻ 53 വർഷങ്ങളെടുത്തു. എന്നാൽ മിഷനറിമാരും പ്രദേശത്തുള്ള സഹോദരങ്ങളും തങ്ങളുടെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിൽ ക്ഷമയോടെയും പ്രതിബന്ധങ്ങൾ വകവെയ്ക്കാതെയും നിലനിന്നിരിക്കുന്നു. (യെശയ്യാവ് 60:22) കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ ഒരു വർദ്ധനവു കണ്ടതിൽ ഞങ്ങൾ സന്തോഷിക്കുന്നു, രാജ്യത്തെ 340 സഭകളിലും ഒററപ്പെട്ടകൂട്ടങ്ങളിലുമായി 7410 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചവും ഇപ്പോഴുണ്ട്.
ഈ ക്രമമായ വളർച്ച കുറേക്കൂടെ വലിയ ബ്രാഞ്ച് ക്വർട്ടേഴ്സ് ആവശ്യമാക്കിത്തീർത്തു. എന്നിരുന്നാലും ബോംബെയിൽ ഇന്ത്യയുടെ ബ്രാഞ്ച് വികസനം അസാദ്ധ്യമായിരുന്നു. ആ നഗരത്തിൽ ഭൂമി വിരളവും ചെലവേറിയതും ആയിരുന്നു. ബോംബെയിലെ വായു ഒരാളുടെ ജീവിത പ്രതീക്ഷ 10 വർഷം കുറയ്ക്കുന്നതായും പറയപ്പെടുന്നു. അങ്ങനെ 1978-ൽ ബോംബെ നഗരത്തിൽ നിന്ന് തെക്കുമാറി റോഡ്, റെയിൽ സൗകര്യങ്ങളെല്ലാമുള്ള ലൊണാവ്ല എന്ന കുന്നിൻ പ്രദേശത്ത് ഒരു സ്ഥലം വാങ്ങി. 2000 അടി (610 മീ.) ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് പട്ടണത്തിന്റെ താരതമ്യേന മലീമസമല്ലാത്ത വായു ഉണ്ട്.
ആറു വർഷത്തെ ജോലി
പ്രാഥമിക ജോലിയിൽ ചില സ്ഥലത്ത് 15 അടി (4.6 മീ.) വരെ ഉയരത്തിൽ മതിൽ കെട്ടുന്നത് ഉൾപ്പെട്ടിരുന്ന, സ്ഥലത്തിന്റെ സംരക്ഷണത്തിനും അടുത്ത വസ്തുക്കളിൽ നിന്നുള്ള മണ്ണൊലിപ്പ് തടഞ്ഞു നിറുത്തുന്നതിനുംതന്നെ. വലിയ ഗർത്തങ്ങൾ മണ്ണിട്ടു നികത്തേണ്ടിയിരുന്നു, മൂർഖനും അണലിയും പോലുള്ള വിഷപ്പാമ്പുകൾ നിറഞ്ഞ തഴച്ചുവളരുന്ന വള്ളിപ്പടർപ്പുകൾ വെട്ടിവൃത്തിയാക്കേണ്ടിയുമിരുന്നു. പല ബംഗ്ലാവുകളും മററു കെട്ടിടങ്ങളും താൽക്കാലിക ഓഫീസ് സൗകര്യത്തിനും താമസ സ്ഥലത്തിനുമായി വിപുലമായി ഉദ്ധരിക്കേണ്ട ആവശ്യമുണ്ടായിരുന്നു.
കോൺട്രാക്ടർമാരെ കൂലിക്കെടുത്തിരുന്നു, എന്നാൽ യോഗ്യരായ സഹോദരൻമാർ നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിനും മേൽനോട്ടം വഹിച്ചിരുന്നു. മററു പലരും തങ്ങൾക്കു കഴിയുന്ന മണ്ഡലങ്ങളിൽ സഹായം ചെയ്തു. വസ്തുവിൽ റോഡ് വെട്ടാൻ നിയോഗിച്ചിരുന്ന ഒരു കോൺട്രാക്ടർ ജോലി ആറുമാസത്തേക്ക് താമസിപ്പിക്കാൻ തീരുമാനിച്ചു, മൺനിരപ്പിന് ആവശ്യമായ നനവ് ക്രമീകരിക്കാൻ കഴിയാഞ്ഞതുകൊണ്ടുതന്നെ. പട്ടികയനുസരിച്ച് ജോലി ചെയ്തുതീർക്കുന്നതിന് ഓരോ സായാഹ്നത്തിലും മുഴു ബ്രാഞ്ച് കുടുംബവും ബക്കററുകളിൽ വെള്ളം കോരിയൊഴിക്കുന്നത് എന്തൊരു കാഴ്ചയായിരുന്നു!
ബുൾഡോസറിന്റെ ശബ്ദം കേൾക്കാനില്ലായിരുന്നു, കാരണം ഇന്ത്യയിൽ മിക്ക ജോലിയും മനുഷ്യർ തന്നെയാണ് ചെയ്യുന്നത്. അങ്ങനെ മുഖ്യകെട്ടിടത്തിന്റെ ആദ്യനില പൂർത്തിയാകുന്നതുവരെ ജോലി തടസ്സം കൂടാതെ പോയി. ആ സമയത്ത് ഗുരുതരമായ ഒരു സിമൻറ് ക്ഷാമം ഉണ്ടായി. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, വാച്ച്ററവ്വർ സൊസൈററിയുടെ കൊറിയാ ബ്രാഞ്ച് 10,000 ചാക്ക് സിമൻറയയ്ക്കാൻ ക്രമീകരണം ചെയ്തു, ഉദ്ദേശിച്ചതുപോലെ മുഴു നിർമ്മാണ പ്രവർത്തനവും പൂർത്തീകരിക്കാൻ അനുവദിച്ചുകൊണ്ടുതന്നെ. അങ്ങനെ 1984-ൽ മനോഹരമായ പുതിയ ബ്രാഞ്ച് കെട്ടിടം പൂർത്തികരിക്കപ്പെട്ടു—യഹോവയുടെ സ്തുതിക്കായിട്ടുതന്നെ.
അന്തിമ ഫലങ്ങൾ
വാഴയും, മാവും, അത്തിയും, കപ്പളവും, അതുപോലെ മററ് പൂച്ചെടികളും കൊണ്ട് മനോഹരമാക്കിയിരിക്കുന്ന സൊസൈററിയുടെ 4.6 ഏക്കർ (1.9 ഹെക്ട.) സ്ഥലത്ത് ഇപ്പോൾ എട്ട് കെട്ടിടങ്ങൾ ഉണ്ട്.
മുഖ്യ ബ്രാഞ്ച് കെട്ടിടത്തിന് രണ്ടുനിലകളും ഗാരേജും അലക്കുശാലയും സ്ഥിതിചെയ്യുന്ന ഒരു അടിത്തറയും ഉണ്ട്. ഫാക്ടറി സ്ഥിതിചെയ്യുന്ന ഒന്നാം നിലയിൽ മൂന്ന് ചെറിയ അച്ചടി യന്ത്രങ്ങളും അതുപോലെ മുറിക്കുന്നതിനും മടക്കുന്നതിനും തയ്ക്കുന്നതിനുമുള്ള യന്ത്രങ്ങളും ഇരിക്കാനുള്ള സ്ഥലവുമുണ്ട്. ഇതേ നിലയിൽത്തന്നെയാണ് മെപ്സ് കംപ്യൂട്ടർ മുറിയും പുസ്തകങ്ങൾ അയക്കുന്നതിനുള്ള സ്ഥലവും, അവിടെ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന സാഹിത്യം മററ് 56 രാജ്യങ്ങളിലേക്ക് അയക്കപ്പെടുന്നു. രണ്ടാം നിലയിലാണ് ഓഫീസുകളും ലൈബ്രറിയും കിടപ്പുമുറികളും.
വസ്തുവിന്റെ മുൻവശത്തെ അററത്താണ് പുതിയ രാജ്യഹോൾ. കൈകൊണ്ട് രൂപഭംഗിവരുത്തിയ തേക്കിൻ തടിയിൽ തീത്ത സ്റേറജ് 250 പേർക്കിരിക്കാവുന്ന ഓഡിറേറാറിയത്തിന് അഭിമുഖമായി നിൽക്കുന്നു. അടുത്തുള്ള പുനരുദ്ധരിച്ച കെട്ടിടങ്ങൾ 31 പേരടങ്ങുന്ന ബ്രാഞ്ച് കുടുംബത്തിന് താമസത്തിനും അടുക്കളയ്ക്കും ഭക്ഷണമുറിക്കുമുള്ള സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു. കുടുതൽ വികസനം ആവശ്യമുണ്ടെങ്കിൽ കുറച്ച് ഒഴിഞ്ഞ സ്ഥലവും സ്ഥിതിചെയ്യുന്നുണ്ട്.
ഒരു പ്രത്യേക സംഭവം
അതുകൊണ്ടു, യഹോവയുടെ അമൂല്യവസ്തുക്കളുടെ കൂട്ടിച്ചേർപ്പിന്റെ 80 വർഷങ്ങൾക്കുശേഷം ആയിരുന്നു ജനുവരിയിൽ ഇന്ത്യയുടെ പുതിയ ബ്രാഞ്ച് സൗകര്യങ്ങളുടെ സമർപ്പണത്തിന്റെ ആ സന്തോഷദിനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടത്.
സമർപ്പണ പരിപാടിയിൽ 80 വർഷത്തെ ഈ പ്രസംഗ പ്രവർത്തനം വിവരിക്കപ്പെട്ടു. നിർമ്മാണവേലയുടെ സവിശേഷവശങ്ങളും അവതരിപ്പിക്കപ്പെട്ടു. മേഖലാമേൽവിചാരകനായ ഗണ്ടർ കൺസ് തന്റെ സമർപ്പണ പ്രസംഗത്തിൽ യഹോവയുടെ ജനത്തിന് ലോകവ്യാപകമായി കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ 30 ശതമാനത്തിന്റെ വർദ്ധനവുണ്ടായതായി പ്രസ്താവിച്ചു. എന്നാൽ ഇന്ത്യ 34 ശതമാനം വർദ്ധനവോടെ അതിനെ കവച്ചുവെച്ചു എന്ന് റിപ്പോർട്ട് ചെയ്യുന്നതിൽ അദ്ദേഹത്തിന് സന്തോഷമായിരുന്നു, കഠിനവേല ചെയ്യുന്നെങ്കിൽ ഇന്ത്യ ഇനിയും മുന്നേറുമെന്ന് അദ്ദേഹം കേൾവിക്കാരെ ഓർമ്മപ്പെടുത്തി.
യഹോവയുടെ അനുഗ്രഹത്തിന്റെ ഈ പ്രകടനത്തിൽ സന്നിഹിതരായിരുന്ന എല്ലാവരും പുളകിതരായി. രാജ്യസുവാർത്തയോടു പ്രതികരിക്കാൻ അനേകരേ കൂടെ സഹായിക്കുന്നതിന് ഉത്സാഹത്തോടെ വേലചെയ്യാൻ ഇന്ത്യയിലെ സഹോദരൻമാർ നിശ്ചയമെടുത്തിരിക്കുകയാണ്. (w86 4/15)
[27-ാം പേജിലെ ചിത്രം]
“ഹൗസ് കാറു”മായി എഡ്വിൻ സ്കിന്നർ (വലത്തുനിന്ന് രണ്ടാമത്)
[29-ാം പേജിലെ ചിത്രം]
ബോംബെയ്ക്കു തെക്കുള്ള പുതിയ ബ്രാഞ്ച് ഹെഡ്ക്വാർട്ടേഴ്സ്