ഇയ്യോബിന്റെ നിർമ്മലത—വളരെ ശ്രദ്ധേയമായിരിക്കുന്നതെന്തുകൊണ്ട്?
“ഞാൻ മരിക്കുവോളം ഞാൻ എന്നിൽനിന്ന് എന്റെ നിർമ്മലത എടുത്തുകളകയില്ല!”
1. ഇയ്യോബ് ആരായിരുന്നു, അവൻ ഒരു യഥാർത്ഥ വ്യക്തിയായിരുന്നുവെന്ന് നാം എങ്ങനെ അറിയുന്നു?
ഇയ്യോബ് ഒരു പ്രമുഖ ചരിത്ര പുരുഷനായിരുന്നു. അവന് വലിയ ഭൗതികസ്വത്ത് ഉണ്ടായിരുന്നുവെന്നു മാത്രമല്ല, ഒരു സഹാനുഭൂതിയുള്ള ന്യായാധിപനും നേതാവുമെന്ന നിലയിൽ അവൻ ബഹുമാനിക്കപ്പെടുകയും ചെയ്തിരുന്നു. അവൻ “സകല പൗരസ്ത്യരിലും വച്ച് ഏററവും വലിയവനായിത്തീർന്നു”വെന്ന് ബൈബിൾ പറയുന്നു. (ഇയ്യോബ് 1:3; 29:12-15) വളരെ നീതിമാനായ ഒരു മനുഷ്യനെന്ന നിലയിൽ അവൻ നോഹയോടും ദാനിയേലിനോടുംകൂടെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. (യെഹെസ്ക്കേൽ 14:14, 20) ക്രിസ്ത്യാനികൾ അനുകരിക്കേണ്ട ഒരു ദൃഷ്ടാന്തമെന്ന നിലയിലും ബൈബിൾ ഇയ്യോബിനെ വിശേഷവൽക്കരിക്കുകയും അങ്ങനെ അവൻ ചരിത്രത്തിലെ ഒരു യഥാർത്ഥ വ്യക്തിയായിരുന്നുവെന്ന് പ്രകടമാക്കുകയും ചെയ്യുന്നു.—യാക്കോബ് 5:11.
2. ഇയ്യോബ് സാത്താനാലുള്ള പരിശോധനക്കു വിധേയനായതെപ്പോഴെന്ന് നമുക്ക് എങ്ങനെ നിശ്ചയിക്കാം?
2 ഇയ്യോബ് വസിച്ചിരുന്നത് ഇപ്പോൾ അറേബ്യ ആയിരിക്കുന്നടത്തെ ഊസ് ദേശത്തായിരുന്നു. ഒരു യിസ്രായേല്യനല്ലായിരുന്നെങ്കിലും ഇയ്യോബ് യഹോവയുടെ ഒരു ആരാധകനായിരുന്നു. അത് യഹോവ സാത്താന്റെ ശ്രദ്ധയിൽപെടുത്തിയ ഒരു സംഗതിയായിരുന്നു. “നിഷ്ക്കളങ്കനും നേരുള്ളവനുമായ ഒരു മനുഷ്യനായ അവനെപ്പോലെ ഭൂമിയിൽ ആരുമില്ല” എന്ന ദൈവത്തിന്റെ പ്രസ്താവന ദൈവത്തിന്റെ മറെറാരു പ്രമുഖ ദാസനും അക്കാലത്തു ജീവിച്ചില്ലായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. (ഇയ്യോബ് 1:8) അങ്ങനെ, സാത്താനാലുള്ള ഇയ്യോബിന്റെ പരിശോധന അവന്റെ അകന്ന ബന്ധുക്കളായ യിസ്രായേല്യർ ഈജിപ്ററിലെ അടിമത്തത്തിലായിരുന്നപ്പോൾ സംഭവിച്ചിരിക്കണം—പ്രമുഖ നിർമ്മലതാപാലകനായിരുന്ന യോസേഫിന്റെ പൊതുയുഗത്തിനു മുമ്പ് 1657-ലെ മരണത്തിനുശേഷവും മോശ തന്റെ നിർമ്മലതയുടെ ഗതിയിൽ പ്രവേശിക്കുന്നതിനു മുമ്പുമുള്ള വർഷങ്ങളിൽ ഏതോ സമയത്ത്.
3. ഇയ്യോബിന്റെ പുസ്തകം എഴുതിയതാർ, അവന് വിവരങ്ങൾ കിട്ടുക സാദ്ധ്യമായിരുന്നതെന്തുകൊണ്ട്?
3 തെളിവനുസരിച്ച് മോശയാണ് ഇയ്യോബിന്റെ പുസ്തകമെഴുതിയത്. എന്നാൽ അവന് ഇയ്യോബിന്റെ പരിശോധനയെക്കുറിച്ച് എങ്ങനെ മനസ്സിലാക്കാൻ കഴിയുമായിരുന്നു? കൊള്ളാം, പൊതുയുഗത്തിനു മുൻപ് 1553-ൽ ഈജിപ്ററു വിട്ടുപോകാൻ മോശ നിർബ്ബന്ധിതനായ ശേഷം അവൻ ഊസ് ദേശത്തുനിന്ന് വിദൂരത്തിലല്ലാത്ത മിദ്യാനിൽ പാർപ്പുറപ്പിച്ചു. (പുറപ്പാട് 2:15-25; പ്രവൃത്തികൾ 7:23-30) ആ സമയത്ത് ഇയ്യോബ് യഹോവയുടെ അനുഗ്രഹത്താൽ ലഭിച്ച ഒടുവിലത്തെ 140 വർഷത്തെ ആയുസ്സിലൂടെ ജീവിക്കുകയായിരുന്നു. (ഇയ്യോബ് 42:16) പിന്നീട് യിസ്രായേല്യർ തങ്ങളുടെ മരുഭൂമിയാത്രയുടെ അവസാനത്തോടടുത്ത് ഊസിനു സമീപത്തായിരുന്നപ്പോൾ മോശക്ക് ഇയ്യോബിന്റെ അവസാന ജീവിതവർഷങ്ങളെയും മരണത്തെയുംകുറിച്ച് കേൾക്കാൻ കഴിയുമായിരുന്നു.
ഇയ്യോബിന്റെ പരിമിതമായ അറിവ്
4. (എ) തെളിവനുസരിച്ച് യഹോവയെക്കുറിച്ചുള്ള ഇയ്യോബിന്റെ അറിവിന്റെ ഉറവ് എന്തായിരുന്നു, അവൻ നിസ്സംശയമായി അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും സന്തതികളുമായി സമ്പർക്കത്തിലിരിക്കുമായിരുന്നതെന്തുകൊണ്ട്? (ബി) ഇയ്യോബ് മുന്തിയ നിർമ്മലതയുള്ള ഒരു മനുഷ്യനായിത്തീർന്നതെങ്ങനെ?
4 ഇയ്യോബ് പരിശോധിക്കപ്പെട്ടപ്പോൾ ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും സംബന്ധിച്ച അവന്റെ അറിവ് പരിമിതമായിരുന്നു, കാരണം അന്നുവരെ ബൈബിളിന്റെ യാതൊരു ഭാഗവും എഴുതപ്പെട്ടിരുന്നില്ല. എന്നുവരികിലും, ഇയ്യോബ് അബ്രാഹമിനോടും യിസഹാക്കിനോടും യാക്കേബിനോടും യോസേഫിനോടുമുള്ള യഹോവയുടെ ഇടപെടലുകളെക്കുറിച്ച് ചിലതൊക്കെ അറിഞ്ഞിരിക്കും. കാരണം ഇയ്യോബ് തെളിവനുസരിച്ച് അബ്രഹാമിന്റെ സഹോദരനായിരുന്ന നാഹോരിന്റെ ആദ്യജാതപുത്രനായ ഊസിലൂടെയുള്ള നാഹോരിന്റെ ഒരു സന്തതിയായിരുന്നു. കൂടാതെ, ഊസിന്റെ സഹോദരൻ ബഥൂവേൽ ആയിരുന്നു. അവൻ യിസ്ഹാക്കിന്റെ ഭാര്യയായ റിബേക്കയുടെ പിതാവും യോസേപ്പിന്റെ പ്രപിതാമഹനും ആയിരുന്നു. (ഉല്പത്തി 22:20-23) ഇയ്യോബ് അബ്രാഹാമിനോടും അവന്റെ സന്തതികളോടുമുള്ള യഹോവയുടെ വചനങ്ങൾ സംബന്ധിച്ചുള്ള ഏത് അറിവിനെയും വിലമതിക്കാനിടയായെന്നുള്ളതിനു സംശയമില്ല. യഹോവയെ പ്രസാദിപ്പിക്കാൻ അവൻ ആകാംഷയുള്ളവനായിരുന്നു. അങ്ങനെ ഇയ്യോബ് മുന്തിയ നിർമ്മലതയുള്ള ഒരു മനുഷ്യൻ, നിഷ്ക്കളങ്കനും യഹോവക്ക് സമ്പൂർണ്ണമായി സമർപ്പിതനുമായിരുന്ന ഒരു മനുഷ്യൻ, ആയിത്തീർന്നു.
5. വിശേഷിച്ച് ഇയ്യോബിന്റെ നിർമ്മലതയെ വളരെ ശ്രദ്ധേയമാക്കുന്നതെന്ത്?
5 ഈജിപ്ററിൽ വച്ചുള്ള യോസേഫിന്റെ മരണശേഷം താമസിയാതെ, ഇയ്യോബിന്റെ നിർമ്മലത അദൃശ്യസ്വർഗ്ഗങ്ങളിൽ യഹോവയാം ദൈവവും സാത്താനും തമ്മിലുള്ള ഒരു സംവാദവിഷയമായി. എന്നിരുന്നാലും ഇയ്യോബ് തന്റെ നിർമ്മലതെയെ കേന്ദ്രീകരിച്ചുള്ള ഈ വിവാദത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. താൻ കഷ്ടതയനുഭവിക്കുന്നതിന്റെ കാരണം സംബന്ധിച്ച അവന്റെ അജ്ഞതയാണ് വിശേഷാൽ അവന്റെ അഭഞ്ജമായ നിർമ്മലതയെ വളരെ ശ്രദ്ധേയമാക്കുന്നത്. ഏതായാലും, പിന്നീടുള്ള ദൈവദാസൻമാരുടെയെല്ലാം പ്രയോജനത്തിനുവേണ്ടി, ഇയ്യോബിന്റെ നിർമ്മലതയെക്കുറിച്ചുള്ള സംവാദത്തിന്റെ വിശദാംശങ്ങൾ യഹോവ മോശയെക്കൊണ്ട് രേഖപ്പെടുത്തിച്ചു.
ഇയ്യോബിന്റെ നിർമ്മലതയുടെ വിവാദപ്രശ്നം
6. (എ) സ്വർഗ്ഗത്തിലെ ഒരു സമ്മേളനം ദൈവവും സാത്താനും തമ്മിൽ നിലവിലിരുന്ന ഒരു വിവാദപ്രശ്നത്തെ വെളിപ്പെടുത്തിയതെങ്ങനെ? (ബി) ഈ വിവാദപ്രശ്നം ഉദ്ഭവിച്ചതെപ്പോൾ, അതിൽ എന്ത് ഉൾപ്പെട്ടിരുന്നു?
6 ഇയ്യോബിന്റെ പുസ്തകം അദൃശ്യതയുടെ മറ മാററുന്നു. നമുക്ക് സ്വർഗ്ഗത്തിൽ യഹോവയാം ദൈവത്തിന്റെ മുമ്പാകെ നടന്ന ദൂതൻമാരുടെ ഒരു യോഗത്തിന്റെ വീക്ഷണം നൽകപ്പെട്ടിരിക്കുന്നു. സാത്താനും അതിന് ഹാജരായി. “നിഷ്ക്കളങ്കനും നേരുള്ളവനും ദൈവത്തെ ഭയപ്പെടുന്നവനും വഷളത്തം വിട്ടുമാറുന്നവനുമായ (ഇയ്യോബിനെ)പ്പോലെ ഭൂമിയിൽ ആരുമില്ല” എന്ന് യഹോവ അവിടെ സാത്താനെ ഓർമ്മിപ്പിക്കുന്നു. (ഇയ്യോബ് 1:8) ഇയ്യോബിന്റെ നിർമ്മലത സംബന്ധിച്ച ഒരു വിവാദം നിലവിലുണ്ടെന്നു വ്യക്തമാണ്. എന്നാൽ അത് പുതിയ ഒന്നല്ല. സാത്താൻ ആദാമിനെയും ഹവ്വായെയും ദൈവത്തിൽനിന്ന് അകററുകയും ഫലത്തിൽ ‘എനിക്ക് ഒരു അവസരം തരിക, നിന്നെ സേവിക്കുന്നതിൽനിന്ന് എനിക്ക് ഏതൊരുവനെയും അകററാൻ കഴിയും’ എന്ന് പറയുകയും ചെയ്തപ്പോൾ വിവാദപ്രശ്നം സൂചിപ്പിക്കപ്പെട്ടു.—ഉല്പത്തി 3:1-6.
7. ഇയ്യോബിന്റെ നിർമ്മലതക്ക് കാരണമായി എന്തു സൂചനകൾ നൽകാൻ സാത്താന് കടപ്പാടുണ്ടായി, പിശാച് ദൈവത്തെ എങ്ങനെ വെല്ലുവിളിച്ചു?
7 ഇപ്പോൾ, സ്വർഗ്ഗത്തിലെ ഈ ഔദ്യോഗിക യോഗസമയത്ത് ഇയ്യോബിന്റെ നിർമ്മലതയുടെ അടിസ്ഥാനം സംബന്ധിച്ച തന്റെ സൂചനകൾ സമർപ്പിക്കാൻ സാത്താന് കടപ്പാടുണ്ടാകുന്നു. “ഇയ്യോബ് വെറുതെയാണോ ദൈവത്തെ ഭയപ്പെട്ടിരിക്കുന്നത്?” എന്ന് അവൻ ചോദിക്കുന്നു “അവനുചുററും അവന്റെ ഭവനത്തിനുചുററും ചുററുപാടും അവനുള്ള സകലത്തിനും ചുററും നീ തന്നെ ഒരു വേലി കെട്ടിയിട്ടില്ലയോ?” . . . എന്നാൽ ഒരു മാററത്തിനായി, നിന്റെ കൈ നീട്ടുകയും അവനുള്ള സകലത്തിൻമേലും തൊടുകയും നിന്റെ മുഖത്തുതന്നെ നോക്കി നിന്നെ അവൻ ശപിക്കയില്ലയോ എന്ന് കാണുകയും ചെയ്യുക” എന്നു സാത്താൻ വെല്ലുവിളിക്കുന്നു.—ഇയ്യോബ് 1:9-11.
8. (എ) യഹോവ സാത്താന്റെ വെല്ലുവിളിയോട് പ്രതികരിച്ചതെങ്ങനെ? (ബി) സാത്താൻ ഇയ്യോബിനിട്ട് ഏതു ഭയങ്കര പ്രഹരങ്ങളേൽപ്പിച്ചു?
8 യഹോവ സാത്താന്റെ വെല്ലുവിളി സ്വീകരിക്കുന്നു. അവൻ ഇയ്യോബിന്റെ നിർമ്മലതയിൽ പൂർണ്ണമായി വിശ്വസിച്ചുകൊണ്ട് സാത്താന് ഉത്തരം കൊടുക്കുന്നു: “നോക്കൂ! അവനുള്ള സകലവും നിന്റെ കൈയിലാണ്. അവനുതന്നെ എതിരായി മാത്രം നിന്റെ കൈ നീട്ടരുത്!” (ഇയ്യോബ് 1:12) സാത്താൻ പെട്ടെന്ന് ഇയ്യോബിനെതിരെ പ്രഹരിക്കുന്നു. ആക്രമണം നടത്തിയ ശെബായർ ഇയ്യോബിന്റെ 1000 കാളകളെയും 500 പെൺകഴുതകളെയും പിടിച്ചുകൊണ്ടുപോകുകയും ഒരാൾ ഒഴിച്ച് സകല വേലക്കാരെയും കൊല്ലുകയും ചെയ്യുന്നു. അടുത്തതായി, സാത്താൻ ഇയ്യോബിന്റെ 7000 ചെമ്മരിയാടുകളെ അവയുടെ ഇടയൻമാർ സഹിതം ദഹിപ്പിക്കുന്നതിന് ആകാശത്തുനിന്ന് ഒരു തീ അയക്കുന്നു. ഇടയൻമാരിൽ ഒരാളെ മാത്രം ഒഴിവാക്കുന്നു. പിന്നീടു സാത്താൻ കൽദായരുടെ മൂന്നു സംഘങ്ങൾ ഇയ്യോബിന്റെ 3000 ഒട്ടകങ്ങളെ പിടിച്ചുകൊണ്ടുപോകാനിടയാക്കുകയും വേലക്കാരിൽ ഒരാളൊഴിച്ച് എല്ലാവരെയും കൊല്ലുകയും ചെയ്യുന്നു. ഒടുവിൽ, സാത്താൻ ഒരു വലിയ കാററ് അയക്കുന്നു, അത് ഇയ്യോബിന്റെ പത്തു മക്കൾ വിരുന്നുകഴിച്ചുകൊണ്ടിരിക്കുന്ന വീടിൻമേൽ അടിക്കുന്നു, അവരെല്ലാം മരണമടയുന്നു. പിന്നീട്, ഈ വിപത്തുകളെ അതിജീവിച്ചവർ ഓരോരുത്തരായി പെട്ടെന്ന് വന്ന് ഈ ഭയങ്കരവാർത്തകൾ ഇയ്യോബിനെ അറിയിക്കുന്നു.—ഇയ്യോബ്1:13-19.
9. ഇയ്യോബിന്റെ അനർത്ഥങ്ങൾ സഹിക്കുക വിശേഷാൽ പ്രയാസകരമാക്കിത്തീർത്തതെന്ത്, എന്നിട്ടും അവയോടുള്ള ഇയ്യോബിന്റെ പ്രതികരണം എന്തായിരുന്നു?
9 എന്തെന്തു വിപത്തുകൾ! അവ വരുത്തിയത് ആരെന്ന് ഇയ്യോബ് അറിഞ്ഞിരുന്നാൽതന്നെ അവ സഹിക്കാൻ പ്രയാസമായിരുന്നു. എന്നാൽ അവൻ അറിഞ്ഞിരുന്നില്ല. താൻ സ്വർഗ്ഗത്തിലെ ഒരു സംവാദവിഷയമാണെന്നും സാത്താൻ വരുത്തിയേക്കാവുന്ന സകല അന്യായമായ കഷ്ടപ്പാടുകളും ഗണ്യമാക്കാതെ നിർമ്മലത മുറുകെപ്പിടിക്കുന്ന ആളുകൾ ഉണ്ടെന്ന് പ്രകടമാക്കാൻ തന്നെ യഹോവ ഉപയോഗിക്കുകയാണെന്നും അവൻ അറിഞ്ഞിരുന്നില്ല. എന്നിട്ടും, ദുഃഖിതനായി ഏതോ പ്രകാരത്തിൽ തന്റെ നഷ്ടങ്ങൾക്ക് ദൈവം ഉത്തരവാദിയാണെന്ന് വിചാരിച്ചുകൊണ്ടുപോലും ഇയ്യോബ് ഇങ്ങനെ പറഞ്ഞു: “യഹോവതന്നെ തന്നിരിക്കുന്നു, യഹോവതന്നെ എടുത്തിരിക്കുന്നു. യഹോവയുടെ നാമം തുടർന്ന് വാഴ്ത്തപ്പെടട്ടെ.” അതെ, “ഇതിലൊന്നും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തിൻമേൽ എന്തെങ്കിലും അനൗചിത്യം ആരോപിക്കുകയോ ചെയ്തില്ല.”—ഇയ്യോബ് 1:20-22.
10. (എ) ഇയ്യോബിനെസംബന്ധിച്ച് സാത്താൻ കൂടുതലായി എന്തിന് അനുവാദം ചോദിച്ചു, ഇത് അനുവദിക്കാൻ യഹോവ സന്നദ്ധനായിരുന്നതെന്തുകൊണ്ട്? (ബി) ഇയ്യോബ് എത്തിച്ചേർന്ന ദുരിതപൂർണ്ണമായ അവസ്ഥയുടെ പരിണതഫലങ്ങൾ ഏവയായിരുന്നു?
10 ദൂതൻമാരുടെ മറെറാരു യോഗത്തിൽ “എന്നിട്ടും അവൻ തന്റെ നിർമ്മലത മുറുകെ പിടിക്കുന്നു” എന്ന് യഹോവ ഇയ്യോബിനെ സംബന്ധിച്ച് സാത്താനെ ഓർമ്മപ്പെടുത്തിയത് അവന് എത്ര അപമാനകരമായിരുന്നു! എന്നാൽ സാത്താൻ പിൻമാറുന്നില്ല. ഇയ്യോബിനെ ശാരീരികമായി പ്രഹരിക്കാനുള്ള അവസരം കൊടുക്കപ്പെട്ടാൽ അവൻ മുഖത്തുനോക്കി ദൈവത്തെ ശപിക്കുമെന്ന് സാത്താൻ ഇപ്പോൾ വെല്ലുവിളിക്കുന്നു. ഇത്രത്തോളംപോലും ഇയ്യോബിന്റെ നിർമ്മലതയെ വിശ്വസിച്ചുകൊണ്ട് യഹോവ അനുവാദം കൊടുക്കുന്നു. ഇയ്യോബിന്റെ ജീവൻ എടുക്കരുതെന്നു മാത്രം സാത്താനു മുന്നറിയിപ്പു കൊടുക്കുന്നു. സാത്താൻ ‘ഇയ്യോബിന്റെ ഉള്ളങ്കാൽ മുതൽ നെറുകവരെ മാരകമായ പരുക്കളാൽ ബാധിക്കുന്നു! (ഇയ്യോബ് 2:1-8) ഇയ്യോബ് അറയ്ക്കത്തക്കവിധം ദുരിതപൂർണ്ണമായ ഒരു അവസ്ഥയിലായിത്തീർന്നതുകൊണ്ട് അവന്റെ ബന്ധുക്കളും സ്നേഹിതരും അകന്നുമാറുന്നു. മുൻപരിചയക്കാർ അവനെ പരിഹസിക്കുന്നു. ഇയ്യോബ് 12:4, 17:6; 19:13-19; 30:1, 10-12.
11. ഇയ്യോബ് കൂടുതലായ ഏതു പ്രഹരം സഹിക്കണമായിരുന്നു, ഈ ഉപദ്രവങ്ങളെല്ലാം ഗണ്യമാക്കാതെ അവൻ നിർമ്മലത പാലിച്ചത് ശ്രദ്ധേയമാക്കിത്തീർത്തതെന്ത്?
11 മറെറാരു പ്രഹരംകൂടെ! ഇയ്യോബിന്റെ ഭാര്യയുടെ വിശ്വാസം തളരുന്നു! “നീ ഇപ്പോഴും നിന്റെ നിർമ്മലത മുറുകെപ്പിടിക്കുകയാണോ? ദൈവത്തെ ശപിച്ചിട്ട് മരിക്കുക!” എന്ന് അവൾ അവനോടു പറയുന്നു. “ബോധമില്ലാത്ത സ്ത്രീകളിലൊരാൾ സംസാരിക്കുന്നതുപോലെ നീയും സംസാരിക്കുന്നു. സത്യദൈവത്തിൽനിന്ന് നാം നൻമ മാത്രം സ്വീകരിക്കുകയും തിൻമ സ്വീകരിക്കാതിരിക്കുകയും ചെയ്യുകയോ?” എന്ന് അവൻ അവളോടു പറയുന്നു. “ഇതിലൊന്നും ഇയ്യോബ് തന്റെ അധരങ്ങളാൽ പാപം ചെയ്തില്ല” എന്ന് വിവരണം പറയുന്നു. (ഇയ്യോബ് 2:9, 10) തന്റെ കഷ്ടപ്പാടിന്റെ കാരണം ഇയ്യോബിൽനിന്ന് മറക്കപ്പെട്ടിരുന്നുവെന്ന് ഓർക്കുമ്പോൾ അവന്റെ നിർമ്മലത യഥാർത്ഥത്തിൽ എത്ര ശ്രദ്ധേയമാണ്!
ആക്രമണത്തിന്റെ മറെറാരു രൂപം
12. (എ) ഇയ്യോബിനെ ആശ്വസിപ്പിക്കാൻ വന്ന പുരുഷൻമാർ ആരായിരുന്നു? (ബി) സാത്താൻ ഇയ്യോബിനെ കൂടുതലായി പരിശോധിക്കാൻ ഈ പുരുഷൻമാരെ ഉപയോഗിച്ചതെങ്ങനെ?
12 എന്നാൽ സാത്താൻ നിർത്തിയില്ല. അവൻ ജ്ഞാനികളെന്നു ഭാവിച്ച മൂന്നു പുരുഷൻമാരെ എഴുന്നേൽപ്പിക്കുന്നു. അവർ ഒന്നുകിൽ ഇയ്യോബിനെ അറിയുന്നവരായിരുന്നു, അല്ലെങ്കിൽ “സകല പൗരസ്ത്യരിലും വച്ച് ഏററവും വലിയവൻ” എന്ന അവന്റെ കീർത്തി കേട്ടിരുന്നവർ ആയിരുന്നു. തെളിവനുസരിച്ച് അവർ ഇയ്യോബിനെക്കാൾ ഗണ്യമായി പ്രായക്കൂടുതൽ ഉള്ളവരായിരുന്നു. (ഇയ്യോബ് 1:3; 15:10; 32:6) അവരിൽ രണ്ടുപേർ അകന്ന ബന്ധുക്കൾ ആയിരുന്നു. തേമാന്യനായ എലീഫസ് ഏശാവിന്റെ പൗത്രനായ തേമാനിൽകൂടെയുള്ള അബ്രാഹാമിന്റെ ഒരു സന്തതിയായിരുന്നു. ശൂഹ്യനായ ബിൽദാദ് അബ്രാഹാമിന്റെ പുത്രനായ ശൂവയുടെ ഒരു സന്തതിയായിരുന്നു. (ഇയ്യോബ് 2:11; ഉല്പത്തി 36:15; 25:2) സോഫറിന്റെ വംശോല്പത്തി അനിശ്ചിതമാണ്. ബാഹ്യമായി പ്രകടമായ പ്രകാരം ഈ മൂന്നുപേരും ഇയ്യോബിനെ ആശ്വസിപ്പിക്കാനാണ് വരുന്നത്, എന്നാൽ യഥാർത്ഥത്തിൽ ഇയ്യോബിന്റെ നിർമ്മലതയെ തകർക്കാനുള്ള ഒരു ശ്രമത്തിൽ സാത്താൻ അവരെ ഉപയോഗിക്കുന്നു. സുഹൃത്തുക്കളായി ഭാവിക്കുന്ന രാഷ്ട്രീയചോദ്യകർത്താക്കൾ തടവുകാരുടെ കൂറിന് തുരങ്കം വയ്ക്കുകയും അവരെ സ്വന്തം ഗവൺമെൻറുകൾക്കെതിരെ തിരിക്കുകയും ചെയ്തിട്ടുള്ളതുപോലെ, ഈ “ആശ്വാസകൻമാർ” ഇയ്യോബിനെ ദൈവത്തിനെതിരായി തിരിക്കുമെന്ന് സാത്താൻ പ്രത്യാശിച്ചു.—ഇയ്യോബ് 16:2, 3.
13. (എ) ഇയ്യോബിന്റെ സന്ദർശകർ വന്നപ്പോൾ അവർ എന്തു ചെയ്തു.? (ബി) സംസാരം തുടങ്ങിയപ്പോൾ അത് ഏതു ഗതിയിലായി?
13 ഈ മൂന്നു സന്ദർശകർ വന്ന് ഇയ്യോബിന്റെ കഠോരമായ വേദനയും അങ്ങേയററത്തെ അപമാനവും നിശബ്ദമായി നിരീക്ഷിച്ചുകൊണ്ട് ഏഴുപകലും ഏഴുരാത്രിയും ചെലവഴിക്കുന്നു. (ഇയ്യോബ് 2:12, 13) തെളിവനുസരിച്ച് ഏററവും മൂത്ത എലീഫസ് ഒടുവിൽ സംസാരത്തിനു നേതൃത്വം വഹിക്കുകയും മൂന്നുവട്ടത്തെ വാദപ്രതിവാദമായി പരിണമിച്ചതിന്റെ വികാരവും വിഷയവും അവതരിപ്പിക്കുകയും ചെയ്യുന്നു. എലീഫസിന്റെയും തുടർന്ന് അവന്റെ കൂട്ടാളികളുടെയും സംസാരം ഏറെയും ആരോപണങ്ങളായിരുന്നു. അവന്റെ കുററാരോപകരിൽ ഓരോരുത്തരും സംസാരിച്ചുകഴിയുമ്പോൾ, ക്രമത്തിൽ ഇയ്യോബ് അവരുടെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഉത്തരം പറയുന്നു. സോഫർ മൂന്നാം വട്ടം വാദപ്രതിവാദത്തിൽ പങ്കെടുക്കുന്നില്ല, വ്യക്തമായും തനിക്ക് കൂടുതലൊന്നും പറയാനില്ലെന്ന് വിചാരിക്കുന്നു. അങ്ങനെ സോഫർ രണ്ട് പ്രഭാഷണങ്ങൾ മാത്രമേ നടത്തുന്നുള്ളൂ. അതേ സമയം എലീഫസും ബിൽദാദും മൂന്നുവീതം നടത്തുന്നു.
14. മൂന്നുപേരും ഇയ്യോബിനെതിരെ ഏതുതരം വാദങ്ങൾ ഉപയോഗിച്ചു, സാത്താൻ യേശുവിനെതിരെ സമാനമായ ഒരു നയം പ്രയോഗിച്ചതെങ്ങനെ?
14 എലീഫസിന്റെ പ്രഭാഷണങ്ങൾ ദൈർഘ്യമേറിയവയും ഭാഷ ഏറെക്കുറെ സൗമ്യവുമാണ്. ബിൽദാദിന്റെ ഭാഷ കൂടുതൽ മുറിപ്പെടുത്തുന്നതാണ്, സോഫറിന്റേത് അതിലും മുറിപ്പെടുത്തുന്നതാണ്. അവരുടെ വാദങ്ങൾ ഇയ്യോബിന്റെ നിർമ്മലതയെ തകർക്കുകയെന്ന സാത്താന്റെ ഉദ്ദേശ്യം സാധിക്കാൻ തന്ത്രപൂർവ്വം ലക്ഷ്യം വെച്ചിട്ടുള്ളവയായിരുന്നു. അവർ മിക്കപ്പോഴും യഥാർത്ഥ വസ്തുതകളാണ് സമർപ്പിക്കുന്നത്, എന്നാൽ അവയുടെ രംഗവിധാനവും പ്രയുക്തതയും തെററാണ്. സാത്താൻ യേശുവിനെതിരായി ഇതേ നയമാണ് ഉപയോഗിച്ചത്. ദൈവദൂതൻ ദൈവദാസനെ ഉപദ്രവത്തിൽനിന്നും രക്ഷിക്കുമെന്നു പറയുന്ന ഒരു തിരുവെഴുത്തു ഉദ്ധരിച്ചുകൊണ്ട് ദൈവാലയത്തിന്റെ മുകളിൽനിന്ന് ചാടി താൻ ദൈവപുത്രനാണെന്നു തെളിയിക്കാൻ സാത്താൻ യേശുവിനെ ക്ഷണിച്ചു. (മത്തായി 4:5-7; സങ്കീർത്തനം 91:11, 12) ഇയ്യോബ് ദീർഘമായി സമാനമായ സാത്താന്യ ന്യായവാദത്തെ അഭിമുഖീകരിച്ചു.
15. ഇയ്യോബിന്റെ ഉപദ്രവങ്ങളുടെ ഉറവ് എന്താണെന്ന് എലീഫസ് വാദിച്ചു?
15 തന്റെ ആദ്യ പ്രസംഗത്തിൽ ഇയ്യോബിന്റെ ഉപദ്രവങ്ങൾ അവന്റെ പാപങ്ങൾക്കുള്ള ദൈവശിക്ഷയാണെന്ന് എലീഫസ് വാദിക്കുന്നു: “നിർദ്ദോഷിയായ ആരെങ്കിലും എന്നെങ്കിലും നശിച്ചിട്ടുണ്ടോ?” എന്ന് അവൻ ചോദിക്കുന്നു. “ഞാൻ കണ്ടിരിക്കുന്നതനുസരിച്ച് ദ്രോഹം നിരൂപിക്കുന്നവരും കുഴപ്പം വിതയ്ക്കുന്നവരുംതന്നെ അതു കൊയ്യുന്നു.” (ഇയ്യോബ് 4:7, 8) ദൈവം തന്റെ ദാസൻമാരെ വിശ്വസിക്കുന്നില്ലെന്ന് എലീഫസ് തുടർന്ന് അവകാശപ്പെടുന്നു. “തന്റെ ദാസൻമാരിൽ അവനു വിശ്വാസമില്ല, അവന്റെ [ദൂതൻമാരിൽ] അവൻ കുററങ്ങൾ ആരോപിക്കുന്നു. കളിമൺവീടുകളിൽ പാർക്കുന്നവരിൽ എത്രയധികം?” എന്ന് എലീഫസ് പറയുന്നു.—ഇയ്യോബ് 4:18, 19.
16. ബിൽദാദ് എലീഫസിന്റെ ആക്രമണത്തെ പിന്തുടർന്നതെങ്ങനെ, അവൻ ഏത് അനുചിതമായ ദൃഷ്ടാന്തം ഉപയോഗിച്ചു?
16 ബിൽദാദ് വാക്കുകൾകൊണ്ടുള്ള ആക്രമണം തുടരുന്നു. “നീ നിർമ്മലനും നേരുള്ളവനുമാണെങ്കിൽ, ഇപ്പോഴേക്കും [ദൈവം] നിനക്കുവേണ്ടി ഉണരുകയും അവൻ തീർച്ചയായും നിന്റെ നീതിയുള്ള വാസസ്ഥലത്തെ പുന:സ്ഥിതീകരിക്കുകയും ചെയ്യും.” ഞാങ്ങണയും കളപ്പുല്ലും വെള്ളമില്ലാതെ ഉണങ്ങുന്നതായി ബിൽദാദ് ഗൗനിക്കുകയും “ദൈവത്തെ മറക്കുന്ന എല്ലാവരും” അങ്ങനെയാകുമെന്ന് സത്യമായി നിഗമനം ചെയ്യുകയും ചെയ്യുന്നു. എന്നാൽ ഈ ദൃഷ്ടാന്തം ഇയ്യോബിന് ബാധകമാക്കുന്നതും “ഒരു വിശ്വാസത്യാഗിയുടെ പ്രത്യാശതന്നെ നശിക്കും” എന്ന് കൂട്ടിച്ചേർക്കുന്നതും അവനെ സംബന്ധിച്ച് എത്ര തെററായിരുന്നു!—ഇയ്യോബ് 8:6, 11-13.
17. സോഫർ ഏതു ശക്തമായ പ്രസ്താവനകൾ ചെയ്തു?
17 സോഫറിന്റെ പ്രസ്താവനകൾ കൂടുതൽ ശക്തമാണ്. ‘ഹാ ദൈവം സംസാരിക്കുകയും താൻ വിചാരിക്കുന്നതെന്തെന്ന് നിന്നോടു പറയുകയും ചെയ്തിരുന്നെങ്കിൽ!’ എന്ന് അവൻ ഫലത്തിൽ പറയുന്നു. ‘നീ എന്തു ചെയ്തിരിക്കുന്നുവെന്ന് ദൈവത്തിന് അറിയാം നീ അർഹിക്കുന്നതിനെക്കാൾ വളരെ കുറച്ചാണ് ദൈവം നിന്നെ ശിക്ഷിക്കുന്നത്. നിന്റെ സകല പാപങ്ങളെയും നീക്കം ചെയ്യുകയും നിന്റെ സകല വഷളത്തങ്ങളെയും വിട്ടുമാറുകയും ചെയ്യുക, അപ്പോൾ നിനക്ക് സുരക്ഷിതത്വവും അനേകം സുഹൃത്തുക്കളും ഉണ്ടായിരിക്കും.’—ഇയ്യോബ് 11:4-6, 14-20.
18. രണ്ടാംവട്ടം വാദപ്രതിവാദത്തിൽ മൂന്നുപേരും ഇയ്യോബിൻമേലുള്ള തങ്ങളുടെ ആക്രമണം തുടർന്നതെങ്ങനെ?
18 രണ്ടാം വട്ടം വാദപ്രതിവാദത്തിൽ എലീഫസ് ഇയ്യോബിന്റെ നിർമ്മലതയുടെമേലുള്ള ആക്രമണം തുടരുന്നു. ‘എന്തിന്, ദൈവം ദൂതൻമാരെപ്പോലും വിശ്വസിക്കുന്നില്ല, നിന്നേപ്പോലെ ഒരുവനെ എത്രകുറച്ച്! ഒരു ദുഷ്ടൻ എല്ലായ്പ്പോഴും കുഴപ്പത്തിലാണ്’. (ഇയ്യോബ് 15:14-16, 20) തങ്ങളുടെ വാദങ്ങളോടുള്ള ഇയ്യോബിന്റെ ഉറച്ച ചെറുത്തുനിൽപ്പിൽ കുപിതനായി ബിൽദാദ് ഫലത്തിൽ ഇങ്ങനെ പറയുന്നു: ‘നിന്റെ വെളിച്ചം അണക്കപ്പെടും. നിന്റെ അസ്തിത്വത്തിന്റെ സകല സ്മരണയും നിലയ്ക്കും. ദൈവത്തെ മറക്കുന്നവർക്ക് അതാണ് സംഭവിക്കുന്നത്’ (ഇയ്യോബ് 18:5, 12, 13, 17-21) ഇയ്യോബിന്റെ മുൻ സമ്പൽസമൃദ്ധിയെ പരാമർശിച്ചുകൊണ്ട് സോഫർ ചോദിക്കുന്നു: ‘ദുഷ്ടൻമാരുടെ സന്തോഷകരമായ ആർപ്പുവിളി ഹ്രസ്വമാണെന്നും ഒരു വിശ്വാസത്യാഗിയുടെ ആനന്ദിക്കൽ ക്ഷണനേരത്തേക്കാണെന്നും നിനക്ക് അറിഞ്ഞുകൂടേ? സ്വർഗ്ഗം ദുഷ്ടൻമാരുടെ തെററുകളെ മറനീക്കികാണിക്കുന്നു.’—ഇയ്യോബ് 20:4, 5, 26-29)
19. (എ) എലീഫസ് പറയുന്നതനുസരിച്ചു ദൈവം മമനുഷ്യന്റെ നിർമ്മലതക്ക് എന്തു മൂല്യം കൽപ്പിക്കുന്നു? (ബി) ബിൽദാദ് ഇയ്യോബിൻമേലുള്ള വാക്കുകളാലുള്ള ആക്രമണം പൂർത്തിയാക്കിയതെങ്ങനെ?
19 മൂന്നാം വട്ടം വാദപ്രതിവാദം തുടങ്ങിക്കൊണ്ട് എലീഫസ് ചോദിക്കുന്നു: ‘ദൈവത്തിന് ഏതെങ്കിലും മനുഷ്യർ വിലയുള്ളവനായിരിക്കാൻ കഴിയുമോ? നീ നിഷ്ക്കളങ്കനായാലും ദൈവത്തിന് അതുകൊണ്ട് പ്രയോജനം കിട്ടുമോ? ദൈവത്തിങ്കലേക്കു മടങ്ങിവരിക, നിന്റെ കാര്യങ്ങൾ നേരെയാക്കുക’ എന്നു ദൈവം പറയുന്നു. ‘അപ്പോൾ നീ പുന:സ്ഥിതീകരിക്കപ്പെടും’. (ഇയ്യോബ് 22:2, 3, 21-23) ബിൽദാദ് വാമൊഴിയായുള്ള ആക്രമണം പൂർത്തിയാക്കുന്നു. ‘താൻ നിർമ്മലനാണെന്ന് ഭൂമിയിൽ ആർക്ക് പ്രശംസിക്കാൻ കഴിയും?’ അവൻ ചോദിക്കുന്നു. ‘ചന്ദ്രനും നക്ഷത്രങ്ങളും നാസ്തിയിലും കുറഞ്ഞതായിരിക്കാൻ തക്കവണ്ണം ദൈവം വളരെ മഹത്വമുള്ളവനാണ്. അവന്റെ ദൃഷ്ടിയിൽ വെറും പുഴുവായ മനുഷ്യൻ എത്ര നിസ്സാരൻ!’—ഇയ്യോബ് 25:2-6.
ഇയ്യോബിന്റെ പതിവാദവും തിരുത്തലും
20. (എ) കഷ്ടപ്പാട് പാപങ്ങൾ നിമിത്തം ദൈവത്തിൽനിന്നുള്ള ശിക്ഷയാണെന്നുള്ള വാദത്തിന് ഇയ്യോബ് എങ്ങനെ ഉത്തരം കൊടുത്തു? (ബി) ഇയ്യോബിന്റെ തീരുമാനം എന്തായിരുന്നു, അവന്റെ നിർമ്മലത യഥാർത്ഥത്തിൽ ദൈവത്തിന് കാര്യമുള്ളതായിരുന്നുവെന്ന് നാം എങ്ങനെ അറിയുന്നു?
20 ഈ ഭയങ്കര കഷ്ടപ്പാടുകൾക്കു വിധേയനായിട്ടും ഇയ്യോബ് തന്റെ പീഡകരുടെ വഞ്ചാനാത്മകമായ വാദങ്ങൾക്ക് ഒരു നിമിഷത്തേക്കുപോലും വഴങ്ങുന്നില്ല. കഷ്ടപ്പാടുകൾ പാപങ്ങൾ നിമിത്തം ദൈവത്തിൽനിന്നുള്ള ഒരു ശിക്ഷയാണെങ്കിൽ “ദുഷ്ടൻമാർതന്നെ തുടർന്നു ജീവിക്കുന്നതും വാർദ്ധക്യം പ്രാപിച്ചിരിക്കുന്നതും സമ്പത്തിൽ മികച്ചവരായിത്തീർന്നിരിക്കുന്നതും എന്തുകൊണ്ട്?” എന്ന് അവൻ ചോദിക്കുന്നു. (ഇയ്യോബ് 21:7-13) ഇയ്യോബിന്റെ കുററാരോപകർ പറയുന്നതിനു വിരുദ്ധമായി, ദൈവത്തെ സേവിക്കുന്നതിൽനിന്ന് തനിക്ക് ഏതൊരാളെയും അകററാൻ കഴിയുമെന്നുള്ള സാത്താന്റെ പരിഹാസത്തിന് ഉത്തരം കൊടുത്തുകൊണ്ട് നിർമ്മലത പാലിക്കുന്നവരെ യഹോവ വിലമതിക്കുകതന്നെ ചെയ്യുന്നു. (സദൃശവാക്യങ്ങൾ 27:11; സങ്കീർത്തനം 41:12) ഇയ്യോബിന് സ്വന്തം നിർമ്മലതയിൽ ഉറപ്പുണ്ട്: “ഞാൻ മരിക്കുവോളം ഞാൻ എന്നിൽനിന്ന് എന്റെ നിർമ്മലത എടുത്തുകളയുകയില്ല” എന്ന് അവൻ ഉദ്ഘോഷിക്കുന്നു. (ഇയ്യോബ് 27:5) ഇല്ല, തനിക്ക് സംഭവിച്ചതിന് അർഹനാകാൻ താൻ യാതൊന്നും ചെയ്തിട്ടില്ല.
21. ഇയ്യോബിന്റെ വ്യാജാശ്വാസകരോട് എലീഹൂ എന്തു പറഞ്ഞു, അവൻ ഇയ്യോബിന് ആവശ്യമായ എന്തു തിരുത്തൽ കൊടുത്തു?
21 ഈ സുദീർഘ വാദപ്രതിവാദം മുഴുവൻ യുവാവായിരുന്ന എലീഹൂ ശ്രദ്ധിക്കുകയായിരുന്നു. അവൻ ഇപ്പോൾ സംസാരിക്കുന്നു. ഇയ്യോബിന്റെ വ്യാജാശ്വാസകൻമാർ പറഞ്ഞിരിക്കുന്ന യാതൊന്നും ഇയ്യോബ് ഒരു പാപിയാണെന്നു തെളിയിച്ചിട്ടില്ലെന്ന് അവൻ പറയുന്നു. (ഇയ്യോബ് 32:11, 12) പിന്നീട് ഇയ്യോബിലേക്ക് തിരിഞ്ഞ് എലീഹൂ പറയുന്നു: “ഞാൻ ലംഘനമില്ലാത്ത ശുദ്ധനാകുന്നു; ഞാൻ നിർമ്മലനാകുന്നു, എന്നിൽ തെററില്ല. നോക്കു! എന്നോട് എതിർക്കാനുള്ള അവസരങ്ങൾ അവൻ കണ്ടെത്തുന്നു, എന്നെ അവൻ ഒരു ശത്രുവായി കരുതുന്നു’ എന്നിങ്ങനെയുള്ള നിന്റെ വാക്കുകൾ ഞാൻ കേട്ടുകൊണ്ടിരുന്നു . . . ഇതിൽ നീ ശരിയല്ല.” (ഇയ്യോബ് 33:8-11; 6:29; 13:24, 27; 19:6-8) ഉവ്വ്, ഇയ്യോബ് സ്വയം നീതീകരിക്കുന്നതിൽ കണക്കിലധികം താത്പര്യം പ്രകടമാക്കി. എന്നാൽ, അതേ സമയം, അവൻ ഒരിക്കലും ദൈവത്തെ കുററം വിധിച്ചില്ല, അല്ലെങ്കിൽ ദൈവം നീതി ചെയ്യുമെന്നുള്ളതിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയില്ല.
22. (എ) യഹോവയെ ശ്രദ്ധിച്ചശേഷം ഇയ്യോബിന്റെ പ്രതികരണം എന്തായിരുന്നു? (ബി) യഹോവ ഇയ്യോബിന്റെ വ്യാജാശ്വാസകരിൽനിന്ന് എന്താവശ്യപ്പെട്ടു, ഇയ്യോബിൻമേലുള്ള അന്തിമഫലം എന്തായിരുന്നു?
22 എലീഹൂ തന്റെ പ്രഭാഷണം പൂർത്തിയാക്കുമ്പോൾ ഒരു കൊടുങ്കാററ് അടിച്ചുതുടങ്ങുന്നു. യഹോവതന്നെ കാററിൽനിന്ന് സംസാരിക്കുന്നു: “പരിജ്ഞാനമില്ലാത്ത വാക്കുകളാൽ ആലോചനയെ മറക്കുന്ന ഇവൻ ആർ? നിന്റെ അരകെട്ടിക്കൊൾക . . . ഞാൻ നിന്നോട് ചോദിക്കട്ടെ, നീ എന്നെ അറിയിക്കുക.” യഹോവയെ ശ്രദ്ധിച്ചശേഷം താൻ പൂർണ്ണമായ അറിവില്ലാതെ അവിവേകമായി സംസാരിച്ചുപോയിയെന്ന് ഇയ്യോബ് സമ്മതിക്കുകയും “പൊടിയിലും വെണ്ണീറി”ലുമിരുന്ന് അനുതപിക്കുകയും ചെയ്യുന്നു. അനന്തരം യഹോവ എലീഫസിനെയും അവന്റെ രണ്ടു കൂട്ടുകാരെയും അപലപിക്കുകയും അവർക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കാൻ ഇയ്യോബിനോട് നിർദ്ദേശിക്കുകയും ചെയ്യുന്നു. പിന്നീട് ഇയ്യോബ് പുന:സ്ഥിതീകരിക്കപ്പെടുന്നു. ഏഴു പുത്രൻമാരാലും സുമുഖികളായ മൂന്നു പുത്രിമാരാലും അവന് മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടി ആടുമാടുകളാലും അനുഗ്രഹിക്കപ്പെടുന്നു. 140 വർഷം കൂടെ ജീവിച്ചശേഷം ഇയ്യോബ് “വൃദ്ധനും നാളുകളാൽ സംതൃപ്തനുമായി” മരിക്കുന്നു.—ഇയ്യോബ് 38:1-4; 42:1-17.
23. ഇയ്യോബിന്റെ നിർമ്മലത നമ്മെ എങ്ങനെ ബാധിക്കണം?
23 സത്യമായി, ഇയ്യോബ് നിർമ്മലത പാലിച്ച ശ്രദ്ധേയനായ ഒരു മനുഷ്യനായിരുന്നു! താൻ സാത്താന്റെ ദുഷ്ടവെല്ലുവിളിയുടെ ഇരയാക്കപ്പെടുകയാണെന്ന് അറിയാൻ അവന് മാർഗ്ഗമില്ലായിരുന്നു. ഇത് അവന്റെ നിർമ്മലതയെ പൂർവ്വാധികം ദൃഢപ്പെടുത്തുന്നു, എന്തുകൊണ്ടന്നാൽ തന്റെ സകല കഷ്ടപ്പാടുകളും ദൈവത്തിൽനിന്നാണെന്ന് അവൻ വിശ്വസിച്ചുവെങ്കിലും അപ്പോഴും അവൻ ദൈവത്തെ തള്ളിപ്പറയുകയോ ശപിക്കുകയോ ചെയ്യുമായിരുന്നില്ല. നമ്മുടെ നിർമ്മലാതാപരിശോധനകളുടെ ഉറവു തീർച്ചയായും നമുക്കറിയാവുന്നതുകൊണ്ട് നമുക്ക് എന്തൊരു പാഠം! തീർച്ചയായും, നാം ഇയ്യോബിന്റെ ദൃഷ്ടാന്തത്തെ അനുകരിക്കാൻ പ്രേരിതരാകുകയും ദൈവത്തിന്റെ ശത്രുവിന് നമുക്കെതിരെ വരുത്താൻ കഴിയുന്ന എന്തിനെയും ഗണ്യമാക്കാതെ യഹോവയുടെ വേലയിൽ മുന്നേറുകയും വേണം. (w86 3/1)
നിങ്ങൾക്ക് ഉത്തരം പറയാൻ കഴിയുമോ?
◻ ഇയ്യോബിന്റെ നിർമ്മലതയെ വളരെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളേവ?
◻ ഇയ്യോബിനെ സന്ദർശിച്ചതാർ, അവർ എന്തു നേടുമെന്ന് സാത്താൻ പ്രത്യാശിച്ചു?
◻ ആ മൂന്നുപേർ ഇയ്യോബിനെതിരായി ഏതു വാദങ്ങൾ ഉപയോഗിച്ചു?
◻ ഇയ്യോബ് എന്തു പ്രതിവാദം നടത്തി, എന്നാൽ അവൻ എങ്ങനെ തിരുത്തപ്പെട്ടു?
◻ പരിണതഫലം എന്തായിരുന്നു, നാം എങ്ങനെ ബാധിക്കപ്പെടണം?
[24-ാം പേജിലെ ചിത്രം]
ഇയ്യോബിനെ ദൈവത്തിനെതിരെ തിരിക്കാൻ സാത്താൻ മൂന്ന് “ആശ്വാസകരെ” അയച്ചു