അലസന്റെ പാത ഒഴിവാക്കുക
അലസത ജോലിയോടോ പ്രയത്നത്തോടോ ഉള്ള ആഭിമുഖ്യമില്ലായ്മ അഥവാ വിരക്തി; ഉദാസീനത; വിമുഖത; നിഷ്ക്രിയത; മാന്ദ്യത എന്നിങ്ങനെ നിർവചിക്കപ്പെടുന്നു. ‘അററ്സാൽ’ എന്ന എബ്രായ ക്രിയാ പദം “അലസമായിരിക്കുക” എന്നർത്ഥമാക്കുന്നു. (ന്യായാധിപൻമാർ 18:9) ഈ ക്രിയാ പദത്തോടു ബന്ധപ്പെട്ട നാമരൂപം “മടിയൻ” എന്നു പരിഭാഷപ്പെടുത്തുന്നു. (സദൃശവാക്യങ്ങൾ 6:6) ‘ഒക്നേറോസ്’ എന്ന ഗ്രീക്കു പദത്തിന്റെ അർത്ഥം “അലസമായ, നിഷ്ക്രിയമായ” എന്നാണ്. (മത്തായി 25:26; റോമർ 12:11, ഇൻറ.) മറെറാരു പദമായ ‘നോത്രോസ്’, “അലസതയുള്ള, മാന്ദ്യതയുള്ള” എന്നിങ്ങനെ അർത്ഥമാക്കുന്നു.—എബ്രായർ 5:11; 6:12.
ഏററവും വലിയ രണ്ടു വേലക്കാർ എന്ന നിലയിൽ യഹോവയും അവന്റെ പുത്രനും അലസതയെ വെറുക്കുന്നു. യേശു പറഞ്ഞു: “എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു.” (യോഹന്നാൻ 5:17) ദൈവവചനത്തിലുടനീളം അലസനായ വ്യക്തി ശാസിക്കപ്പെടുകയും അലസത കുററം വിധിക്കപ്പെടുകയും ചെയ്യുന്നു.
അലസന്റെ ചിന്താഗതി
അലസനായ മനുഷ്യനെക്കുറിച്ചുള്ള ഒരു വിവരണം സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ നൽകപ്പെട്ടിരിക്കുന്നു. ഒന്നാമതായി, അവൻ ഒരു പദ്ധതി സമാരംഭിക്കാതിരിക്കുന്നതിൽ തന്നെത്തന്നെ ന്യായീകരിക്കുന്നതിന് തന്റെ സ്വന്തം മനസ്സിൽ പ്രതിബന്ധങ്ങളെ അണിനിരത്തുന്നു. “മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു.” (സദൃശവാക്യങ്ങൾ 15:19) അവൻ തന്റെ കർത്തവ്യത്തെ, കടന്നുപോകാൻ വളരെ ദുഷ്കരമായ മുൾച്ചെടികൾ നിറഞ്ഞ മുന്നിലുള്ള ഒരു നടപ്പാതയായി വീക്ഷിക്കുന്നു. യഥാർത്ഥത്തിൽ ഇല്ലാത്തതും എന്നാൽ ഒരു അപകടം തന്റെ ജോലിയെ തടസ്സപ്പെടുത്തുന്നുണ്ടെന്നും വരുമാറ് ഇങ്ങനെ പറഞ്ഞുകൊണ്ട് അവൻ തന്റെ നിഷ്ക്രിയതക്ക് അപഹാസ്യമായ ഒഴികഴിവുകൾ കണ്ടെത്തുന്നു: “വെളിയിൽ സിംഹം ഉണ്ട്! വീഥിയിൽ എനിക്കു ജീവഹാനി വരും!” (സദൃശവാക്യങ്ങൾ 22:13) സാധാരണയായി ഭീരുത്വത്തോടെ അഥവാ ഒരു ഭയചകിതമായ പിൻവാങ്ങലിനോടുകൂടെ വരുന്നതാണ് അലസത. (മത്തായി 25:26 എ; 2 തിമൊഥെയോസ് 1:7) മററുള്ളവർ ഗുണദോഷിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തിട്ടും അവൻ എഴുന്നേൽക്കാൻ ആവാത്തവനെപ്പോലെ ‘കതകു ചുഴിക്കുററിയിൽ എന്നപോലെ’ തന്റെ കിടക്കയിൽ തിരിയുന്നു. അവൻ തന്നെത്താൻ ഭക്ഷിക്കാൻ പോലും കഴിയാതെവണ്ണം അത്ര മടിയനാണ്. അവൻ “തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നതു അവന്നു പ്രയാസം.” (സദൃശവാക്യങ്ങൾ 26:14, 15; 19:24) എന്നാൽ താൻ ചെയ്യുന്നത് ശരിയാണെന്ന് തന്റെ സ്വന്തഹൃദയത്തിൽ തോന്നുമാറ് അവൻ തന്നേത്തന്നെ വഞ്ചിച്ചിരിക്കുന്നു.
ഈ തരത്തിലുള്ള ഒരു വ്യക്തി കപടവും സാങ്കൽപ്പികവുമായ ന്യായവാദങ്ങളിൽ യഥേഷ്ടം വ്യാപരിക്കുന്നു. ജോലി തന്റെ ആരോഗ്യത്തിന് ഹാനി വരുത്തുമെന്നും താൻ പരിക്ഷീണനാണെന്നും അവൻ ചിന്തിച്ചേക്കാം. ‘ലോകം ഒരു ജീവിതമാർഗ്ഗത്തിന് തന്നോട് കടപ്പെട്ടിരിക്കുന്നു’ എന്ന് അവനു തോന്നിയേക്കാം. അല്ലെങ്കിൽ, “നാളേക്കായി” അവൻ തന്റെ ജോലി മാററിവെക്കുന്നു. (സദൃശവാക്യങ്ങൾ 20:4) അവൻ ചെയ്തിട്ടുള്ള ഏതൊരു നിസ്സാര കാര്യവും താൻ മററാരെയും പോലെതന്നെ തന്റെ ഭാഗവും ചെയ്തിരിക്കുന്നു എന്നു തോന്നാൻ അവനെ പ്രേരിപ്പിച്ചേക്കാം. ഉത്സാഹികളായവർക്കെല്ലാം ആ തരത്തിലുള്ള ഏതു വാദഗതികൾക്കും ഒരു ന്യായമായ ഉത്തരം കൊടുക്കാൻ കഴിയുമെന്നിരിക്കെ അവർ മഠയൻമാരാണ് എന്തുകൊണ്ടെന്നാൽ അവർ കഠിനശ്രമം ചെയ്യുകയും താനും അപ്രകാരം ചെയ്യാൻ പ്രോത്സാഹിപ്പിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നു എന്നു വിചാരിച്ചുകൊണ്ട് അയാൾ “തന്റെ സ്വന്തം കണ്ണുകളിൽ ജ്ഞാനിയായിരിക്കുന്നു.”—സദൃശവാക്യങ്ങൾ 26:13-16.
അലസനായ വ്യക്തിക്ക് “സ്വയംപര്യാപ്തതയോ” “ഉൺമാനും ഉടുപ്പാനും” ഉള്ളതിലുള്ള സംതൃപ്തിയോ ഇല്ല. (1 തിമൊഥെയോസ് 6:6-8) എന്നാൽ അയാൾക്ക് സാധാരണയായി ഭക്ഷണത്തെക്കാളോ വസ്ത്രത്തെക്കാളോ വളരെ കൂടുതൽ വസ്തുക്കൾക്ക് ആഗ്രഹമുണ്ട്. “മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല.” (സദൃശവാക്യങ്ങൾ 13:4) അവന് തന്റെ സഹമനുഷ്യനോടു പരിഗണനയോ ആദരവോ ഇല്ല. പ്രത്യുത മററാരെങ്കിലും തന്റെ ജോലി ചെയ്യുന്നതിന് അവന് സമ്മതമാണ്, താനാഗ്രഹിക്കുന്ന വസ്തുക്കൾ മററുള്ളവർ പ്രദാനം ചെയ്യുന്നതിനുപോലും അവൻ ഇഷ്ടപ്പെടുന്നു.—സദൃശവാക്യങ്ങൾ 20:4.
അലസതയുടെ പ്രതിഫലം
ഒരു മടിയനായ വ്യക്തി താൻ പിന്നീട് തിരക്കോടെ ചെയ്യുമെന്ന് ചിന്തിച്ചേക്കാമെന്നിരിക്കെ അവന്റെ മടിയുടെ പ്രതിഫലം അവനെ പെട്ടെന്നു പിടികൂടും, അപ്പോഴേക്കും സമയം ഏറെ വൈകിയിരിക്കും, എന്തെന്നാൽ അവനോട് ഇതാണ് പറയപ്പെട്ടിരിക്കുന്നത്: “കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറേക്കൂടെ കൈകെട്ടിക്കിടക്ക. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.”—സദൃശവാക്യങ്ങൾ 6:11.
അക്ഷരാർത്ഥത്തിലോ ആലങ്കാരികമായോ എടുത്താലും ഒരു മടിയനായ മമനുഷ്യന്റെ അവസ്ഥയെക്കുറിച്ചുള്ള വർണ്ണന സത്യംതന്നെയാണ്: “ഞാൻ മടിയന്റെ കണ്ടത്തിനരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിനു സമീപെയും കൂടിപ്പോയി. അവിടെ മുള്ളു പടർന്നു പിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്റെ കൻമതിൽ ഇടിഞ്ഞു കിടക്കുന്നതും കണ്ടു.” “മടിവുകൊണ്ടു മേൽപ്പുര വീണുപോകുന്നു; കൈകളുടെ ആലസ്യംകൊണ്ടു വീടുചോരുന്നു.”—സദൃശവാക്യങ്ങൾ 24:30, 31; സഭാപ്രസംഗി 10:18.
മടിയനെ കൂലിക്കു നിർത്തുന്ന ഏവനും അഥവാ അവൻ ആരെ പ്രതിനിധീകരിച്ചാലും ആ ആൾ നിശ്ചയമായും നിരാശിതനാകുകയും മനോവ്യസനപ്പെടുകയും നഷ്ടം അനുഭവിക്കുകയും ചെയ്യും. നേരിടുന്നതിനും ഇടയാകും. എന്തെന്നാൽ, “ചൊറുക്ക പല്ലിനും പുക കണ്ണിനും ആകുന്നതുപോലെ മടിയൻ തന്നെ അയക്കുന്നവർക്കു ആകുന്നു.”—സദൃശവാക്യങ്ങൾ 10:26.
അന്തിമമായി അലസന്റെ അലസത അവന് ദാരുണ ഫലങ്ങൾ കൈവരുത്തുന്നു. എന്തെന്നാൽ, “മടിയന്റെ കൊതി അവന്നു മരണഹേതു” ആണ്. അവന്റെ മോഹം അവന് അനർഹമായ അഥവാ അനാവശ്യമായ കാര്യങ്ങൾക്കുവേണ്ടിയാണ്. അവ കൈവശമാക്കുന്നതിനുള്ള ശ്രമത്തിൽ അയാൾ അനർത്ഥത്തിന് വഴിപ്പെട്ടേക്കാം. ഏതു പ്രകാരത്തിലായാലും, അലസതയോടുകൂടിയ അവന്റെ മോഹം അവനെ ജീവന്റെ സ്രോതസ്സായ ദൈവത്തിൽനിന്നു വ്യതിചലിപ്പിക്കുന്നു.—സദൃശവാക്യങ്ങൾ 21:25.
അലസനായ ക്രിസ്ത്യാനി പ്രചോദിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ആത്മാവിന്റെ ഫലം നട്ടുവളർത്തുന്നില്ല. (പ്രവൃത്തികൾ 18:25) ഇത് വാസ്തവത്തിൽ അവനു തന്നെ വിപത്ത് കൈവരുത്തുന്നു. അവൻ ജഡത്തിന്റെ അഭിലാഷങ്ങളെ പോഷിപ്പിക്കുന്നു. അവൻ പെട്ടെന്നുതന്നെ “ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്ന”വനായിത്തീർന്നേക്കാം.—2 തെസ്സലോനിക്യർ 3:11.
ക്രിസ്തീയ സഭയിൽ എങ്ങനെ വീക്ഷിക്കപ്പെടുന്നു
ആദിമ ക്രിസ്തീയ സഭയിൽ നിർദ്ധനർക്ക് വിശേഷാൽ വിധവകൾക്കു ഭൗതികസഹായം നൽകുന്നതിന് ഒരു ക്രമീകരണം ഏർപ്പെടുത്തപ്പെട്ടു. ചില ഇളയ വിധവമാർ ക്രിസ്തീയ ശുശ്രൂഷയിൽ സോത്സാഹം ഏർപ്പെടുന്നതിന് വിധവകളെന്ന നിലയിലുള്ള തങ്ങളുടെ സ്വാതന്ത്ര്യം ഉപയോഗിക്കുന്നതിന് വാഞ്ഛയുള്ളവരായി തങ്ങളെത്തന്നെ പ്രകടിപ്പിച്ചതായി തോന്നുന്നു. (1 കൊരിന്ത്യർ 7:34 താരതമ്യപ്പെടുത്തുക.) ചിലർക്ക് ഭൗതിക സഹായം നൽകപ്പെട്ടു എന്നത് സ്പഷ്ടമാണ്. എന്നാൽ തങ്ങൾക്കു ലഭ്യമായിട്ടുള്ള വർദ്ധിച്ച സ്വാതന്ത്ര്യം അധികസമയവും ഉചിതമായി ഉപയോഗിക്കുന്നതിനു പകരം അവർ ഉദാസീനരും മെനക്കെട്ടു നടക്കുന്നവരും ആയിത്തീരുകയും ഉഴന്നു നടക്കുവാൻ തുടങ്ങുകയും ചെയ്തു. തങ്ങൾക്ക് അരുതാത്ത കാര്യങ്ങൾ സംസാരിച്ചുകൊണ്ട് അവർ കുശുകുശുപ്പുകാരും മററുള്ളവരുടെ കാര്യങ്ങളിൽ തലയിടുന്നവരും ആയിത്തീർന്നു. ഈ കാരണത്താൽ അപ്പോസ്തലനായ പൗലോസ് ഇങ്ങനെയുള്ള വ്യക്തികളെ സഹായത്തിനുള്ള പട്ടികയിൽ പേർചാർത്തരുതെന്ന് മേൽവിചാരകനായ തിമൊഥെയോസിനോട് നിർദ്ദേശിച്ചു, പ്രത്യുത അവരെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നും അവരുടെ ഓജസ്സും പ്രാപ്തികളും മക്കളെ പോററി വളർത്തുന്നതിനും ഒരു കുടുംബത്തെ പരിപാലിക്കുന്നതിനും ഉപയോഗിക്കണമെന്നും പ്രബോധിപ്പിച്ചു.—1 തിമൊഥെയോസ് 5:9-16.
ക്രിസ്തീയ സഭയിലെ ഭൗതിക സഹായത്തിന്റെ കാര്യത്തിലുള്ള ബൈബിൾനിയമം ഇതാണ്: “വേല ചെയ്യാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത്.” (2 തെസ്സലോനിക്യർ 3:10) കുടുംബത്തലവൻ തന്റെ കുടുംബത്തിനുവേണ്ടി കരുതേണ്ടതുണ്ട്. ഭാര്യ “അലസതയുടെ അപ്പം” ഭക്ഷിക്കയുമരുത്.—സദൃശവാക്യങ്ങൾ 31:27; 1 തിമൊഥെയോസ് 5:8.
പഠനത്തിലും ശുശ്രൂഷയിലും അലസത ഒഴിവാക്കുക
ക്രിസ്തീയ ശുശ്രൂഷയിൽ ഏർപ്പെടുന്നതും പഠനവും ദൈവോദ്ദേശ്യങ്ങളുടെ ഒരു ആഴമായ ഗ്രാഹ്യവും സമ്പാദിക്കുന്നതും സംബന്ധിച്ചുള്ള അലസതക്കെതിരെ ബുദ്ധിയുപദേശം നൽകപ്പെടുന്നു. അപ്പോസ്തലനായ പൗലോസ് പുരോഗമനമില്ലാത്ത ചില എബ്രായ ക്രിസ്ത്യാനികളെ ഇങ്ങനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ശാസിച്ചു: “എങ്കിലും നിങ്ങൾ കേൾപ്പാൻ മാന്ദ്യമുള്ളവരായി തീർന്നതുകൊണ്ട് തെളിയിച്ചു തരുവാൻ വിഷമം. കാലംനോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കൻമാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യ പാഠങ്ങളെതന്നെ വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല; പാലത്രെ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു.” (എബ്രായർ 5:11, 12) അവൻ ഇങ്ങനെയും ബുദ്ധിയുപദേശിക്കുന്നു: “ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ.”—റോമർ 12:11. (g91 6/8)