പാഠം 06
ജീവൻ എങ്ങനെ ഉണ്ടായി?
‘ജീവന്റെ ഉറവ് ദൈവമാണ്.’ (സങ്കീർത്തനം 36:9) നിങ്ങൾ അത് വിശ്വസിക്കുന്നുണ്ടോ? ജീവൻ തനിയെ ഉണ്ടായെന്നാണ് പലരും വിചാരിക്കുന്നത്. അത് ശരിയാണെങ്കിൽ മനുഷ്യർ ഒരു ദിവസം പെട്ടെന്ന് ഉണ്ടായതാണെന്നു വരും. ഇനി അതല്ല, യഹോവ നമ്മളെ സൃഷ്ടിച്ചതാണെങ്കിൽ ജീവിതത്തിന് ഒരു ഉദ്ദേശ്യം ഉണ്ടായിരിക്കണം. ശരിയല്ലേ?a ജീവൻ എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്? അത് വിശ്വസിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണ്? നമുക്കു നോക്കാം.
1. ആകാശവും ഭൂമിയും എല്ലാം എങ്ങനെയാണ് ഉണ്ടായത്?
“ആരംഭത്തിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്ന് ബൈബിൾ പറയുന്നു. (ഉൽപത്തി 1:1) ഭൂമി ഉൾപ്പെടെ പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്ന് മിക്ക ശാസ്ത്രജ്ഞന്മാരും സമ്മതിക്കുന്നു. അങ്ങനെയെങ്കിൽ ദൈവം എങ്ങനെയാണ് അത് ഉണ്ടാക്കിയത്? ദൈവം പരിശുദ്ധാത്മാവ് അഥവാ തന്റെ ശക്തി ഉപയോഗിച്ചാണ് എല്ലാം ഉണ്ടാക്കിയത്. അതിൽ ഈ പ്രപഞ്ചത്തിലെ ഗ്രഹങ്ങളും നക്ഷത്രങ്ങളും താരാപഥങ്ങളും എല്ലാം ഉൾപ്പെടുന്നു.—ഉൽപത്തി 1:2.
2. ദൈവം ഭൂമിയെ സൃഷ്ടിച്ചത് എന്തിനാണ്?
യഹോവ “ഭൂമിയെ വെറുതേ സൃഷ്ടിക്കാതെ, മനുഷ്യർക്കു താമസിക്കാൻ ഉണ്ടാക്കി.” (യശയ്യ 45:18) മനുഷ്യർക്ക് എക്കാലവും ജീവിക്കാൻ കഴിയുംവിധം ഒരു കുറവുമില്ലാതെയാണ് യഹോവ ഭൂമി ഉണ്ടാക്കിയത്. (യശയ്യ 40:28; 42:5 എന്നീ വാക്യങ്ങൾ വായിക്കുക.) ശാസ്ത്രജ്ഞന്മാർ പറയുന്നത്, ഭൂമിയെപ്പോലെ മറ്റൊരു ഗ്രഹവുമില്ല എന്നാണ്. തെളിവനുസരിച്ച് ഭൂമി മാത്രമാണ് മനുഷ്യർക്ക് ജീവിക്കാൻ പറ്റിയ ഗ്രഹം.
3. മനുഷ്യരെ മൃഗങ്ങളിൽനിന്ന് വ്യത്യസ്തരാക്കുന്നത് എന്താണ്?
ഭൂമി ഉണ്ടാക്കിയതിനു ശേഷം യഹോവ ജീവനുള്ളതിനെയെല്ലാം സൃഷ്ടിച്ചു. ആദ്യം സസ്യങ്ങളെയും പിന്നെ മൃഗങ്ങളെയും. അതിനു ശേഷം “ദൈവത്തിന്റെ ഛായയിൽത്തന്നെ മനുഷ്യനെ സൃഷ്ടിച്ചു.” (ഉൽപത്തി 1:27 വായിക്കുക.) മൃഗങ്ങളിൽനിന്ന് വ്യത്യസ്തമായി മനുഷ്യർക്കുള്ള പ്രത്യേകത എന്താണ്? ദൈവത്തിന്റെ ഛായയിലാണ് നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. അതായത് സ്നേഹം, നീതി തുടങ്ങിയ ദൈവത്തിന്റെ ഗുണങ്ങൾ അനുകരിക്കാൻ കഴിയുന്ന വിധത്തിൽ. ദൈവം നമുക്കു പല കഴിവുകളും തന്നിട്ടുണ്ട്. ഭാഷകൾ പഠിക്കാനുള്ള കഴിവ്, കലയും സംഗീതവും ആസ്വദിക്കാനുള്ള കഴിവ് അങ്ങനെ പലതും. ഏറ്റവും പ്രധാനപ്പെട്ട കാര്യം നമുക്ക് സ്രഷ്ടാവിനെ ആരാധിക്കാൻ കഴിയും എന്നതാണ്.
ആഴത്തിൽ പഠിക്കാൻ
ജീവൻ ദൈവം സൃഷ്ടിച്ചതാണ് എന്നതിന് എന്ത് തെളിവുണ്ട്? സൃഷ്ടിയെക്കുറിച്ചുള്ള ബൈബിളിലെ വിവരണം വിശ്വസിക്കാൻ കഴിയുമോ? മനുഷ്യർക്കുള്ള നല്ല ഗുണങ്ങൾ കാണുമ്പോൾ ദൈവത്തെക്കുറിച്ച് കൂടുതലായി എന്തു മനസ്സിലാക്കാം? നമുക്കു നോക്കാം.
4. ജീവൻ സൃഷ്ടിക്കപ്പെട്ടതാണ്
മനുഷ്യൻ പ്രകൃതിയെ നോക്കിപ്പഠിച്ച് പല കാര്യങ്ങളും ഉണ്ടാക്കുന്നു. ഈ നേട്ടങ്ങളുടെ ബഹുമതി അവർ ഏറ്റെടുക്കുന്നു. എന്നാൽ പ്രകൃതിയിലെ അത്ഭുതങ്ങളുടെ ബഹുമതി ശരിക്കും ആർക്കാണ് കിട്ടേണ്ടത്? വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:
മനുഷ്യർ പ്രകൃതിയിൽനിന്ന് എന്താണ് പകർത്തിയിരിക്കുന്നത്?
ഓരോ വീടും ആരെങ്കിലും പണിതതാണ്. അങ്ങനെയെങ്കിൽ പ്രകൃതിയിൽ കാണുന്ന കാര്യങ്ങൾ ആരായിരിക്കും ഉണ്ടാക്കിയത്? എബ്രായർ 3:4 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
പ്രകൃതിയിലെ എന്തൊക്കെ കാര്യങ്ങളാണ് നിങ്ങളെ അതിശയിപ്പിച്ചത്?
പ്രപഞ്ചത്തിലുള്ളതെല്ലാം ആരെങ്കിലും സൃഷ്ടിച്ചതാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? എന്തുകൊണ്ട്?
നിങ്ങൾക്ക് അറിയാമോ?
ഈ വിഷയങ്ങളെക്കുറിച്ചുള്ള വീഡിയോകളും ലേഖനങ്ങളും കാണാൻ jw.org വെബ്സൈറ്റിലുള്ള “ആരുടെ കരവിരുത്?,” “ജീവന്റെ ഉത്ഭവത്തെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായങ്ങൾ” എന്നീ ഭാഗങ്ങൾ കാണുക.
“ഏതു വീടും ആരെങ്കിലും നിർമിച്ചതാണ്. എന്നാൽ എല്ലാം നിർമിച്ചതു ദൈവമാണ്”
5. സൃഷ്ടിയെക്കുറിച്ച് ബൈബിൾ പറയുന്നത് വിശ്വസിക്കാം
ഭൂമി എങ്ങനെ ഉണ്ടായെന്നും അതിൽ ജീവൻ എങ്ങനെ വന്നെന്നും ഉൽപത്തി ഒന്നാം അധ്യായത്തിൽ കാണാം. അക്കാര്യങ്ങൾ സത്യമാണോ അതോ കെട്ടുകഥയാണോ? വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ഭൂമിയും അതിലുള്ള ജീവജാലങ്ങളും 6 ദിവസംകൊണ്ട് ഉണ്ടാക്കിയതാണെന്നു ബൈബിൾ പറയുന്നു. ഇത് 24 മണിക്കൂർ വീതമുള്ള ദിവസങ്ങളാണോ?
സൃഷ്ടിയെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടോ? എന്തുകൊണ്ട്?
ഉൽപത്തി 1:1 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. അവരുടെ അഭിപ്രായവും ഇപ്പോൾ ബൈബിളിൽനിന്ന് വായിച്ച കാര്യങ്ങളും വെച്ചുനോക്കുമ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു?
ദൈവം ആദ്യം ജീവനുള്ള ഒരു ലഘുകോശം സൃഷ്ടിച്ചെന്നും അതു പരിണമിച്ച് മറ്റു ജീവജാലങ്ങൾ ഉണ്ടായെന്നും ആണ് ചിലർ വിശ്വസിക്കുന്നത്. ഉൽപത്തി 1:21, 25, 27 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ദൈവം സൃഷ്ടിച്ച ഒരു ലഘുകോശം പരിണമിച്ച് മത്സ്യങ്ങളും സസ്തനികളും മനുഷ്യരും ആയിത്തീർന്നെന്ന് ബൈബിൾ പഠിപ്പിക്കുന്നുണ്ടോ? അതോ വ്യത്യസ്ത “തരം” ജീവരൂപങ്ങളെ ദൈവം സൃഷ്ടിച്ചെന്നാണോ?
6. മനുഷ്യൻ ദൈവത്തിന്റെ ഒരു വ്യത്യസ്ത സൃഷ്ടി
മൃഗങ്ങളിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമായി മനുഷ്യന് ഒരു പ്രത്യേകതയുണ്ട്. ഉൽപത്തി 1:26 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടതുകൊണ്ട് നമുക്കു സ്നേഹവും അനുകമ്പയും കാണിക്കാനുള്ള കഴിവുണ്ട്. അങ്ങനെയെങ്കിൽ ദൈവത്തിനും ഏതൊക്കെ ഗുണങ്ങൾ ഉണ്ടായിരിക്കും?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “സൃഷ്ടിയെക്കുറിച്ച് ബൈബിളിൽ പറയുന്ന കാര്യങ്ങൾ കെട്ടുകഥകളാണ്.”
ഇതു ശരിയാണോ? എന്തുകൊണ്ട്?
ചുരുക്കത്തിൽ
യഹോവയാണ് പ്രപഞ്ചത്തെയും അതിലുള്ള ജീവജാലങ്ങളെയും സൃഷ്ടിച്ചത്.
ഓർക്കുന്നുണ്ടോ?
പ്രപഞ്ചത്തിന്റെ തുടക്കത്തെക്കുറിച്ച് ബൈബിൾ എന്തു പഠിപ്പിക്കുന്നു?
ഒരു ലഘുകോശം പരിണമിച്ച് മറ്റു ജീവജാലങ്ങൾ ഉണ്ടാകാൻ ദൈവം ഇടയാക്കിയതാണോ അതോ ദൈവം നേരിട്ട് എല്ലാം സൃഷ്ടിച്ചതാണോ?
മൃഗങ്ങളേക്കാൾ മനുഷ്യനുള്ള പ്രത്യേകമായ സവിശേഷത എന്താണ്?
കൂടുതൽ മനസ്സിലാക്കാൻ
സ്രഷ്ടാവിനെക്കുറിച്ച് പ്രകൃതിയിൽനിന്ന് എന്തു പഠിക്കാം?
“പ്രകൃതി എന്തു പഠിപ്പിക്കുന്നു?” (ഉണരുക! 2006 സെപ്റ്റംബർ)
സൃഷ്ടികളെക്കുറിച്ചുള്ള ബൈബിളിലെ വിവരണം ഒരു പിതാവ് തന്റെ മകനെ പഠിപ്പിക്കുന്നതു കാണുക.
ജീവൻ പരിണമിച്ചുണ്ടായതോ അതോ സൃഷ്ടിക്കപ്പെട്ടതോ?
ജീവൻ സൃഷ്ടിക്കപ്പെട്ടതോ അതോ ഒരു ദിവസം പെട്ടെന്ന് ഉണ്ടായതോ? ഫോസിൽ രേഖകളും ശാസ്ത്രപരീക്ഷണങ്ങളും എന്താണു തെളിയിക്കുന്നത്?
a ദൈവം മനുഷ്യരെ സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം 25-ാം പാഠത്തിൽ വിശദീകരിച്ചിട്ടുണ്ട്.