ഇടത്ത്: യു.എസ്.എ.-യിലെ അലബാമയിൽ ഒരു സഹോദരി, റഥർഫോർഡ് സഹോദരന്റെ റിക്കാർഡ് ചെയ്ത പ്രസംഗം കേൾപ്പിക്കുന്നു (1930-കളുടെ ഒടുവിൽ എടുത്ത ചിത്രം); വലത്ത്: സ്വിറ്റ്സർലൻഡ്
ഭാഗം 1
ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യം—ആത്മീയഭക്ഷണം വിളമ്പുന്നു
ഇപ്പോൾ വായിച്ചുകഴിഞ്ഞ ബൈബിൾവാക്യത്തിന്റെ അർഥം മനസ്സിലായപ്പോൾ നിങ്ങളുടെ ബൈബിൾവിദ്യാർഥിയുടെ കണ്ണുകളിലുണ്ടായ ആ തിളക്കം നിങ്ങൾ ശ്രദ്ധിച്ചു. പതിയെ അദ്ദേഹം ചോദിച്ചു: “ഇവിടെ, ഈ ഭൂമിയിൽത്തന്നെയുള്ള ഒരു പറുദീസയിൽ നമുക്ക് എന്നും ജീവിക്കാമെന്നോ? ബൈബിൾ അങ്ങനെ പഠിപ്പിക്കുന്നുണ്ടെന്നാണോ പറഞ്ഞുവരുന്നത്?” നിങ്ങളുടെകൂടെ വന്നയാൾ അപ്പോൾ ഒരു ചെറുചിരിയോടെ ചോദിക്കുന്നു: “അതിരിക്കട്ടെ, ഇപ്പോൾ ബൈബിളിൽനിന്ന് നമ്മൾ എന്താണു വായിച്ചത്?” ആകെ സ്തബ്ധനായി ഇരിക്കുകയായിരുന്ന വിദ്യാർഥി അതിശയത്തോടെ തല കുലുക്കുന്നു. അദ്ദേഹം പറയുന്നു: “ഇത് എന്നെ ആരും ഇതുവരെ പഠിപ്പിച്ചില്ലല്ലോ, എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല!” ഏതാനും ആഴ്ചകൾക്കു മുമ്പ് ദൈവത്തിന്റെ പേര് യഹോവ എന്നാണെന്ന് ആദ്യമായി മനസ്സിലാക്കിയപ്പോഴും അദ്ദേഹം ഇതുപോലെ എന്തോ പറഞ്ഞതായി നിങ്ങൾ ഓർക്കുന്നു.
എപ്പോഴെങ്കിലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടോ? ദൈവജനത്തിൽ പലർക്കും അങ്ങനെ ഉണ്ടായിട്ടുണ്ട്. നമുക്കു കിട്ടിയിട്ടുള്ള വിലതീരാത്ത ഒരു സമ്മാനത്തെക്കുറിച്ച് നമ്മൾ അത്തരം സാഹചര്യങ്ങളിൽ ഓർത്തുപോകാറുണ്ട്. അതെ, നമ്മൾ മനസ്സിലാക്കിയ സത്യം എന്ന ആ സമ്മാനം. ഒന്നു ചിന്തിച്ചുനോക്കൂ: നിങ്ങൾക്ക് എങ്ങനെയാണ് ആ സമ്മാനം കിട്ടിയത്? ഈ ഭാഗം, ആ ചോദ്യത്തിനുള്ള ഉത്തരം തരും. ദൈവജനത്തിനു പടിപടിയായി ആത്മീയകാര്യങ്ങളിൽ കൂടുതൽ വെളിച്ചം കിട്ടിയ വിധം, ഒരു കാര്യം തെളിയിക്കുന്നു: ദൈവരാജ്യം ഒരു യാഥാർഥ്യമാണ്, സംശയം വേണ്ടാ! ദൈവജനത്തിനു സത്യം പകർന്നുകിട്ടുന്നുണ്ടെന്ന കാര്യം ഉറപ്പാക്കുന്നതിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടായി വലിയ താത്പര്യം കാണിക്കുന്ന ഒരാളുണ്ട്. അതു മറ്റാരുമല്ല, ദൈവരാജ്യത്തിന്റെ രാജാവായ യേശുക്രിസ്തുതന്നെ!