അധ്യായം 14
യഹോവ ‘അനേകർക്കുവേണ്ടി ഒരു മോചനവില’ പ്രദാനം ചെയ്യുന്നു
1, 2. മനുഷ്യവർഗത്തിന്റെ അവസ്ഥയെ ബൈബിൾ വർണിക്കുന്നത് എങ്ങനെ, ഏക പോംവഴി എന്താണ്?
“സർവസൃഷ്ടിയും ഒന്നടങ്കം ഞരങ്ങി വേദന അനുഭവിച്ച് കഴിയുകയാണ്.” (റോമർ 8:22) അപ്പോസ്തലനായ പൗലോസ് നമ്മുടെ ശോചനീയാവസ്ഥയെ വർണിക്കുന്നത് അങ്ങനെയാണ്. മാനുഷ കാഴ്ചപ്പാടിൽനിന്നു നോക്കുമ്പോൾ, കഷ്ടപ്പാടിൽനിന്നും പാപത്തിൽനിന്നും മരണത്തിൽനിന്നും മോചനം ഇല്ലെന്നു തോന്നിയേക്കാം. എന്നാൽ യഹോവയ്ക്കു മാനുഷ പരിമിതികൾ ഇല്ല. (സംഖ്യ 23:19) നീതിയുടെ ദൈവം നമ്മുടെ അരിഷ്ടതയ്ക്ക് ഒരു പോംവഴി പ്രദാനം ചെയ്തിരിക്കുന്നു. അത് മോചനവില എന്നു വിളിക്കപ്പെടുന്നു.
2 യഹോവ മനുഷ്യവർഗത്തിനു നൽകിയിരിക്കുന്ന ഏറ്റവും വലിയ ദാനമാണ് മോചനവില. അത് പാപത്തിൽനിന്നും മരണത്തിൽനിന്നുമുള്ള വിടുതൽ സാധ്യമാക്കുന്നു. (എഫെസ്യർ 1:7) സ്വർഗത്തിലേതായാലും ഒരു പറുദീസാഭൂമിയിലേതായാലും നിത്യജീവന്റെ പ്രത്യാശയുടെ അടിസ്ഥാനം അതാണ്. (ലൂക്കോസ് 23:43; യോഹന്നാൻ 3:16; 1 പത്രോസ് 1:4) എന്നാൽ കൃത്യമായി മോചനവില എന്താണ്? യഹോവയുടെ അതിശ്രേഷ്ഠ നീതിയെക്കുറിച്ച് അത് നമ്മെ എങ്ങനെ പഠിപ്പിക്കുന്നു?
മോചനവിലയുടെ ആവശ്യം ഉയർന്നുവന്ന വിധം
3. (എ) മോചനവില ആവശ്യമായിവന്നത് എന്തുകൊണ്ട്? (ബി) ആദാമിന്റെ സന്തതികളുടെ മേലുള്ള മരണശിക്ഷയിൽ ഇളവുവരുത്താൻ ദൈവത്തിനു കഴിയാതിരുന്നത് എന്തുകൊണ്ട്?
3 ആദാമിന്റെ പാപം നിമിത്തമാണ് മോചനവില ആവശ്യമായിവന്നത്. ദൈവത്തോട് അനുസരണക്കേടു കാണിക്കുകവഴി ആദാം സന്തതികൾക്കു രോഗം, ദുഃഖം, വേദന, മരണം എന്നിവ കൈമാറി. (ഉൽപത്തി 2:17; റോമർ 8:20) വികാരത്തിന് അടിപ്പെട്ടുകൊണ്ട് മരണശിക്ഷയിൽ ഇളവുവരുത്താൻ ദൈവത്തിനു കഴിയുമായിരുന്നില്ല. അങ്ങനെ ചെയ്യുന്നത് “പാപം തരുന്ന ശമ്പളം മരണം” എന്ന ദൈവത്തിന്റെ സ്വന്തം നിയമത്തെ അവഗണിക്കുന്നതിനു തുല്യമായിരിക്കും. (റോമർ 6:23) യഹോവ നീതിയുടെ സ്വന്തം പ്രമാണങ്ങളെ അസാധുവാക്കിയാൽ അത്, അഖിലാണ്ഡത്തിലെങ്ങും കുഴപ്പവും നിയമരാഹിത്യവും കൊടികുത്തിവാഴാൻ ഇടയാക്കുമായിരുന്നു.
4, 5. (എ) സാത്താൻ ദൈവത്തിനെതിരെ ദൂഷണം പറഞ്ഞത് എങ്ങനെ, ആ വെല്ലുവിളികൾക്ക് ഉത്തരം കൊടുക്കാൻ യഹോവ ബാധ്യസ്ഥനായിരുന്നത് എന്തുകൊണ്ട്? (ബി) യഹോവയുടെ വിശ്വസ്ത ദാസന്മാരെ സംബന്ധിച്ച് സാത്താൻ എന്ത് ആരോപണം കൊണ്ടുവന്നു?
4 നമ്മൾ 12-ാം അധ്യായത്തിൽ കണ്ടതുപോലെ, ഏദെനിലെ ധിക്കാരം അതിലും വലിയ വിവാദവിഷയങ്ങൾ ഉയർത്തി. സാത്താൻ ദൈവത്തിന്റെ സത്പേരിന്മേൽ നിന്ദ വരുത്തി. ഫലത്തിൽ, യഹോവ ഒരു നുണയനും തന്റെ സൃഷ്ടികൾക്കു സ്വാതന്ത്ര്യം നിഷേധിക്കുന്ന ഒരു ക്രൂര സ്വേച്ഛാധികാരിയുമാണെന്ന് അവൻ ആരോപിച്ചു. (ഉൽപത്തി 3:1-5) നീതിയുള്ള മനുഷ്യരെക്കൊണ്ട് ഭൂമിയെ നിറയ്ക്കുക എന്ന ദൈവോദ്ദേശ്യം പാളിപ്പോയെന്ന പ്രതീതി ഉളവാക്കിക്കൊണ്ട് സാത്താൻ ദൈവത്തെ കഴിവില്ലാത്ത ഒരുവനായി ചിത്രീകരിച്ചു. (ഉൽപത്തി 1:28; യശയ്യ 55:10, 11) യഹോവ ഈ വെല്ലുവിളികൾക്ക് ഉത്തരം കൊടുക്കാതെ വിട്ടിരുന്നെങ്കിൽ ബുദ്ധിശക്തിയുള്ള സൃഷ്ടികളിൽ അനേകർക്ക് യഹോവയുടെ ഭരണാധിപത്യത്തിലുള്ള വിശ്വാസം ഒരളവുവരെ നഷ്ടപ്പെടുമായിരുന്നു.
5 യഹോവയുടെ വിശ്വസ്ത ദാസന്മാരെ കുറിച്ചും സാത്താൻ ദൂഷണം പറഞ്ഞു, സ്വാർഥ ലക്ഷ്യങ്ങളോടെയാണ് അവർ യഹോവയെ സേവിക്കുന്നതെന്നും പരിശോധിക്കപ്പെടുന്നപക്ഷം ആരും ദൈവത്തോടു വിശ്വസ്തരായിരിക്കുകയില്ലെന്നും അവൻ ആരോപിച്ചു. (ഇയ്യോബ് 1:9-11) ഈ വിവാദവിഷയങ്ങൾ മാനുഷ ദുരവസ്ഥയെക്കാൾ വളരെയധികം പ്രാധാന്യം അർഹിക്കുന്നവയായിരുന്നു. ഉചിതമായും, സാത്താന്റെ ദൂഷണങ്ങൾക്ക് ഉത്തരം കൊടുക്കാൻ താൻ ബാധ്യസ്ഥനാണെന്ന് യഹോവയ്ക്കു തോന്നി. എന്നാൽ ഈ വിവാദവിഷയങ്ങൾക്കു തീർപ്പു കല്പിക്കാനും മനുഷ്യവർഗത്തെ രക്ഷിക്കാനും ദൈവത്തിന് എങ്ങനെ കഴിയുമായിരുന്നു?
മോചനവില—ഒരു തുല്യത
6. മനുഷ്യവർഗത്തെ രക്ഷിക്കാനുള്ള ദൈവത്തിന്റെ മാർഗത്തെ വർണിക്കാൻ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ചില പദപ്രയോഗങ്ങൾ ഏവ?
6 യഹോവയുടെ പരിഹാരമാർഗം അത്യന്തം കരുണാപൂർവകവും നീതിനിഷ്ഠവുമായിരുന്നു—യാതൊരു മനുഷ്യനും ഒരിക്കലും നിരൂപിക്കാൻ കഴിയാത്ത ഒന്നുതന്നെ. എന്നിരുന്നാലും അത് അങ്ങേയറ്റം ലളിതവുമായിരുന്നു. വിലയ്ക്കു വാങ്ങൽ, അനുരഞ്ജനത്തിലാക്കൽ, വീണ്ടെടുക്കൽ, പ്രായശ്ചിത്തം ചെയ്യൽ എന്നൊക്കെ അത് പരാമർശിക്കപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 49:9; ദാനിയേൽ 9:24; ഗലാത്യർ 3:13; കൊലോസ്യർ 1:20; എബ്രായർ 2:17) എന്നാൽ കാര്യങ്ങളെ ഒരുപക്ഷേ ഏറ്റവും നന്നായി വർണിക്കുന്ന പദപ്രയോഗം യേശുതന്നെ ഉപയോഗിച്ചതായിരിക്കാം. ‘മനുഷ്യപുത്രൻ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി (ഗ്രീക്ക്, ലീട്രോൺ) കൊടുക്കാനും ആണ്.’—മത്തായി 20:28.
7, 8. (എ) തിരുവെഴുത്തുകളിൽ “മോചനവില” എന്ന പദത്തിന്റെ അർഥമെന്ത്? (ബി) മോചനവിലയിൽ തുല്യത ഉൾപ്പെട്ടിരിക്കുന്നത് ഏതുവിധത്തിൽ?
7 മോചനവില എന്നാൽ എന്താണ്? ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം “അഴിച്ചുവിടുക, വിട്ടയയ്ക്കുക” എന്നീ അർഥങ്ങളുള്ള ഒരു ക്രിയയിൽനിന്ന് ഉത്ഭവിക്കുന്നതാണ്. യുദ്ധത്തടവുകാരുടെ മോചനത്തിനായി കൊടുക്കുന്ന പണത്തെ കുറിക്കാനാണ് ഈ പദം ഉപയോഗിച്ചിരുന്നത്. അപ്പോൾ, അടിസ്ഥാനപരമായി മോചനവിലയെ, എന്തെങ്കിലും തിരികെ വാങ്ങാൻ കൊടുക്കുന്ന ഒന്ന് എന്നു നിർവചിക്കാൻ കഴിയും. എബ്രായ തിരുവെഴുത്തുകളിൽ മോചനവില എന്നതിനുള്ള പദം (കോഫർ), “മൂടുക” എന്നർഥമുള്ള ഒരു ക്രിയയിൽനിന്ന് ഉത്ഭവിക്കുന്നതാണ്. ദൃഷ്ടാന്തത്തിന്, പെട്ടകത്തിന്റെ അകത്തും പുറത്തും കീൽ “തേക്കണം” (“മൂടണം” എന്നർഥം വരുന്ന, കോഫർ എന്ന പദത്തിന്റെ ഒരു രൂപം) എന്ന് യഹോവ നോഹയോടു പറയുകയുണ്ടായി. (ഉൽപത്തി 6:14) മോചനവില നൽകുക എന്നതിന് പാപങ്ങളെ മൂടുക എന്നും അർഥമുണ്ടെന്നു മനസ്സിലാക്കാൻ ഇതു നമ്മെ സഹായിക്കുന്നു.—സങ്കീർത്തനം 65:3.
8 പുതിയനിയമ വേദശാസ്ത്രനിഘണ്ടു (ഇംഗ്ലീഷ്) ഈ പദം (കോഫർ) “എല്ലായ്പോഴും ഒരു തുല്യതയെ സൂചിപ്പിക്കുന്ന”തായി പറയുന്നു എന്നതു ശ്രദ്ധേയമാണ്. അതുകൊണ്ട് പാപത്തിനു മോചനവില കൊടുക്കാൻ അല്ലെങ്കിൽ പാപത്തെ മൂടാൻ, പാപം വരുത്തിയ നഷ്ടത്തിനു തുല്യമായ അഥവാ പൂർണമായി അതിനെ മൂടുന്ന ഒരു വില കൊടുക്കപ്പെടണം. അതുകൊണ്ട് ഇസ്രായേലിനുള്ള ദൈവത്തിന്റെ നിയമം ഇങ്ങനെ പ്രസ്താവിച്ചു: “ജീവനു പകരം ജീവൻ, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാൽ.”—ആവർത്തനം 19:21.
9. വിശ്വാസമുള്ള മനുഷ്യർ മൃഗയാഗങ്ങൾ അർപ്പിച്ചത് എന്തുകൊണ്ട്? യഹോവ അത്തരം യാഗങ്ങളെ എങ്ങനെ വീക്ഷിച്ചു?
9 ഹാബേലിന്റെ കാലം മുതൽ, വിശ്വസ്തരായ മനുഷ്യർ ദൈവത്തിനു മൃഗബലികൾ അർപ്പിച്ചു. അങ്ങനെ തങ്ങളുടെ പാപാവസ്ഥയെയും ആ അവസ്ഥയിൽനിന്നു വീണ്ടെടുക്കപ്പെടേണ്ടതിന്റെ ആവശ്യത്തെയും സംബന്ധിച്ച് തങ്ങൾ ബോധവാന്മാരാണെന്ന് അവർ പ്രകടമാക്കി. തന്റെ “സന്തതി” മുഖാന്തരം നൽകുമെന്ന് ദൈവം വാഗ്ദാനം ചെയ്തിരുന്ന വിമോചനത്തിലും അവർ വിശ്വാസം പ്രകടമാക്കി. (ഉൽപത്തി 3:15; 4:1-4; ലേവ്യ 17:11; എബ്രായർ 11:4) അങ്ങനെയുള്ള യാഗങ്ങളെ ദൈവം പ്രീതിയോടെ വീക്ഷിക്കുകയും ആ ആരാധകർക്ക് തന്റെ മുമ്പാകെ ഒരു നല്ല നില അനുവദിച്ചുകൊടുക്കുകയും ചെയ്തു. എന്നിരുന്നാലും മൃഗയാഗങ്ങൾ, ഒരു പ്രതീകം മാത്രമായിരുന്നു. മൃഗങ്ങൾക്ക് യഥാർഥത്തിൽ മനുഷ്യന്റെ പാപത്തെ മൂടാൻ കഴിയില്ല, കാരണം അവ മനുഷ്യരെക്കാൾ താഴ്ന്നവയാണ്. (സങ്കീർത്തനം 8:4-8) അതുകൊണ്ട്, “കാളകളുടെയും കോലാടുകളുടെയും രക്തത്തിനു പാപങ്ങളെ ഇല്ലാതാക്കാനാകില്ല” എന്നു ബൈബിൾ പറയുന്നു. (എബ്രായർ 10:1-4) അങ്ങനെയുള്ള യാഗങ്ങൾ യഥാർഥ മോചനവിലയായി അർപ്പിച്ച യാഗത്തിന്റെ മുൻനിഴൽ മാത്രമായിരുന്നു.
“തത്തുല്യമായ ഒരു മോചനവില”
10. (എ) മോചനവിലയായിത്തീരുന്ന ആൾ ആരോടു തുല്യനായിരിക്കണം, എന്തുകൊണ്ട്? (ബി) ഒരു മനുഷ്യബലി മാത്രം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
10 ‘ആദാമിൽ എല്ലാവരും മരിക്കുന്നു’ എന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു. (1 കൊരിന്ത്യർ 15:22) ആകയാൽ മോചനവിലയിൽ ആദാമിനോടു കൃത്യമായി തുല്യനായവന്റെ—ഒരു പൂർണ മനുഷ്യന്റെ—മരണം ഉൾപ്പെടണമായിരുന്നു. (റോമർ 5:14) മറ്റു യാതൊരു സൃഷ്ടികൾക്കും നീതിയുടെ ത്രാസ്സിനെ സമനിലയിൽ നിറുത്താനാകുമായിരുന്നില്ല. ആദാമ്യ മരണശിക്ഷാവിധിയിൻ കീഴിലല്ലാത്ത ഒരു പൂർണ മനുഷ്യനു മാത്രമേ ‘എല്ലാവർക്കുംവേണ്ടി തത്തുല്യമായ ഒരു മോചനവില’—ആദാമിന്റേതിനു തുല്യമായ ഒരു ജീവൻ—നൽകാൻ കഴിയുമായിരുന്നുള്ളൂ. (1 തിമൊഥെയൊസ് 2:6) ആദാമിന്റെ ഓരോ സന്തതിക്കുംവേണ്ടി ഓരോ വ്യക്തി ബലിചെയ്യപ്പെടേണ്ട ആവശ്യമില്ല. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ വിശദീകരിച്ചു: “ഒരു മനുഷ്യനിലൂടെ (ആദാമിനാൽ) പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു.” (റോമർ 5:12) “ഒരു മനുഷ്യനിലൂടെ മരണം വന്നതുപോലെ” ദൈവം മനുഷ്യവർഗത്തിന്റെ വീണ്ടെടുപ്പും ഒരു മനുഷ്യനിലൂടെ ഏർപ്പെടുത്തി. (1 കൊരിന്ത്യർ 15:21) എങ്ങനെ?
‘എല്ലാവർക്കുംവേണ്ടി തത്തുല്യമായ ഒരു മോചനവില’
11. (എ) മോചനവിലയായിത്തീരുന്ന ആൾ ‘എല്ലാവർക്കുംവേണ്ടി മരണം വരിക്കുന്നത്’ എങ്ങനെ? (ബി) ആദാമിനും ഹവ്വയ്ക്കും മോചനവിലയിൽനിന്ന് പ്രയോജനം ലഭിക്കുകയില്ലാത്തത് എന്തുകൊണ്ട്? (അടിക്കുറിപ്പ് കാണുക.)
11 ഒരു പൂർണ മനുഷ്യൻ സ്വമേധയാ തന്റെ ജീവൻ ബലിചെയ്യാൻ യഹോവ ക്രമീകരണം ചെയ്തു. റോമർ 6:23 അനുസരിച്ച്, “പാപം തരുന്ന ശമ്പളം മരണം” ആണ്. മോചനവില കൊടുക്കുന്നയാൾ തന്റെ ജീവനെ ബലിചെയ്യുന്നതിനാൽ ‘എല്ലാവർക്കുംവേണ്ടി മരണം വരിക്കുന്നു.’ മറ്റു വാക്കുകളിൽ പറഞ്ഞാൽ, ആദാമിന്റെ പാപത്തിനുള്ള ശിക്ഷ യേശു ഏറ്റുവാങ്ങുമായിരുന്നു. (എബ്രായർ 2:9; 2 കൊരിന്ത്യർ 5:21; 1 പത്രോസ് 2:24) നിയമപരമായ അർഥത്തിൽ ഇത് വലിയ ഫലങ്ങൾ കൈവരുത്തുമായിരുന്നു. ആദാമിന്റെ സന്തതികളിൽ അനുസരണമുള്ള വ്യക്തികളുടെ മരണശിക്ഷ നീക്കം ചെയ്തുകൊണ്ട് മോചനവില പാപത്തിന്റെ നശീകരണശക്തിയെ അതിന്റെ ഉറവിങ്കൽത്തന്നെ ഇല്ലായ്മ ചെയ്യും.a—റോമർ 5:16.
12. ഒരു കടം വീട്ടുന്നത് അനേകർക്കു പ്രയോജനം ചെയ്തേക്കാവുന്നത് എങ്ങനെയെന്നു ദൃഷ്ടാന്തീകരിക്കുക.
12 ദൃഷ്ടാന്തത്തിന്, നിങ്ങൾ വസിക്കുന്ന പട്ടണത്തിലെ മിക്കവരും ഒരു വലിയ ഫാക്ടറിയിൽ ജോലി ചെയ്യുന്നവരാണെന്നു സങ്കൽപ്പിക്കുക. നിങ്ങളും നിങ്ങളുടെ അയൽക്കാരും നല്ല ശമ്പളം വാങ്ങുന്നവരും സുഖജീവിതം നയിക്കുന്നവരുമാണ്. എന്നാൽ ഒരു ദിവസം ഫാക്ടറി അടച്ചുപൂട്ടേണ്ടി വരുന്നു. എന്തിന്? ഫാക്ടറി മാനേജർ അഴിമതിക്കാരനായി, ബിസിനസ് തകർന്നു. പെട്ടെന്നു ജോലി നഷ്ടപ്പെട്ട നിങ്ങളും അയൽക്കാരും അഹോവൃത്തിക്കുപോലും വകയില്ലാത്തവരായി. ആ ഒരു മനുഷ്യന്റെ അഴിമതി നിമിത്തം ഭാര്യാഭർത്താക്കന്മാരും കുട്ടികളും വായ്പ കൊടുത്തവരുമെല്ലാം കഷ്ടപ്പെടുകയാണ്. ഒരു പോംവഴി ഉണ്ടോ? ഉവ്വ്! ധനികനായ ഒരു ഗുണകാംക്ഷി പ്രശ്നത്തിൽ ഇടപെടാൻ തീരുമാനിക്കുന്നു. കമ്പനിയുടെ മൂല്യത്തെക്കുറിച്ച് അയാൾക്കു ബോധമുണ്ട്. അവിടത്തെ തൊഴിലാളികളോടും അവരുടെ കുടുംബങ്ങളോടും അയാൾക്കു സഹതാപമുണ്ട്. അതിനാൽ കമ്പനിയുടെ കടം വീട്ടാനും ഫാക്ടറി വീണ്ടും തുറക്കാനും അയാൾ ക്രമീകരണം ചെയ്യുന്നു. ഒരു കടം വീട്ടിയത് അനേകം തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും കടം കൊടുത്തവർക്കും ആശ്വാസം കൈവരുത്തുന്നു. സമാനമായി, ആദാം വരുത്തിവെച്ച കടം വീട്ടിയത് അസംഖ്യം പേർക്ക് പ്രയോജനങ്ങൾ കൈവരുത്തുന്നു.
മോചനവില പ്രദാനം ചെയ്യുന്നത് ആരാണ്?
13, 14. (എ) യഹോവ മനുഷ്യവർഗത്തിനുവേണ്ടി മോചനവില പ്രദാനം ചെയ്തത് എങ്ങനെ? (ബി) മോചനവില കൊടുക്കുന്നത് ആർക്ക്, അത്തരമൊരു കൊടുക്കൽ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
13 ‘ലോകത്തിന്റെ പാപം നീക്കിക്കളയുന്ന കുഞ്ഞാടിനെ’ പ്രദാനം ചെയ്യാൻ യഹോവയ്ക്കു മാത്രമേ കഴിയൂ. (യോഹന്നാൻ 1:29) എന്നാൽ മനുഷ്യവർഗത്തെ രക്ഷിക്കാൻ ഏതെങ്കിലുമൊരു ദൂതനെ അല്ല ദൈവം അയച്ചത്. പകരം, യഹോവയുടെ ദാസന്മാർക്കെതിരായ സാത്താന്റെ വ്യാജാരോപണത്തിന് ആത്യന്തികവും നിർണായകവുമായ ഉത്തരം കൊടുക്കാൻ കഴിയുന്ന ഏകനെയാണ്. അതെ, ‘തനിക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ടായിരുന്ന’ ഏകജാത പുത്രനെ അയച്ചുകൊണ്ട് യഹോവ മഹത്തായ ത്യാഗം ചെയ്തു. (സുഭാഷിതങ്ങൾ 8:30) ദൈവപുത്രൻ “തനിക്കുള്ളതെല്ലാം ഉപേക്ഷിച്ചു,” എന്നു പറഞ്ഞാൽ, സ്വർഗത്തിൽ തനിക്കുണ്ടായിരുന്നതെല്ലാം വിട്ടുകളയാൻ തയ്യാറായി. (ഫിലിപ്പിയർ 2:7) യഹോവ തന്റെ ഏകജാതനായ സ്വർഗീയ പുത്രന്റെ ജീവൻ മറിയ എന്നു പേരുള്ള ഒരു ജൂതകന്യകയുടെ ഗർഭപാത്രത്തിലേക്കു മാറ്റി. (ലൂക്കോസ് 1:27, 35) ഒരു മനുഷ്യനെന്ന നിലയിൽ, അദ്ദേഹം യേശു എന്നു വിളിക്കപ്പെടുമായിരുന്നു. അതേസമയം, യേശുവിനെ രണ്ടാമത്തെ ആദാം എന്നു വിളിക്കാനും കഴിയുമായിരുന്നു. കാരണം, യേശു ആദാമിനോടു പൂർണമായും തുല്യനായിരുന്നു. (1 കൊരിന്ത്യർ 15:45, 47) അങ്ങനെ യേശുവിന് പാപികളായ മനുഷ്യവർഗത്തിനുവേണ്ടി ഒരു മോചനവിലയായി തന്നെത്തന്നെ ബലിയർപ്പിക്കാൻ കഴിഞ്ഞു.
14 മോചനവില ആർക്കാണു കൊടുക്കുന്നത്? മോചനവില “ദൈവത്തിന്” കൊടുക്കുന്നുവെന്നു സങ്കീർത്തനം 49:8 കൃത്യമായി പറയുന്നു. എന്നാൽ മോചനവില ഏർപ്പെടുത്തുന്നതുതന്നെ യഹോവയല്ലേ? അതെ, എന്നാൽ ഇത് മോചനവിലയെ അർഥശൂന്യവും യാന്ത്രികവുമായ ഒരു കൈമാറ്റമാക്കുന്നില്ല. ഒരു പോക്കറ്റിൽനിന്ന് പണമെടുത്ത് മറ്റേ പോക്കറ്റിൽ ഇടുന്നതുപോലെയുള്ള ഒന്നല്ല അത്. മോചനവില ഒരു ഭൗതിക കൈമാറ്റമല്ല, പിന്നെയോ നിയമപരമായ ഒരു നടപടിയാണെന്നു മനസ്സിലാക്കണം. തനിക്കുതന്നെ വലിയ നഷ്ടം വരുത്തിക്കൊണ്ടുപോലും മോചനവില ഏർപ്പെടുത്തുകവഴി യഹോവ പൂർണതയുള്ള സ്വന്തം നീതിയോടുള്ള അചഞ്ചലമായ പറ്റിനിൽപ്പിനെ സ്ഥിരീകരിച്ചു.—ഉൽപത്തി 22:7, 8, 11-13; എബ്രായർ 11:17; യാക്കോബ് 1:17.
15. യേശു കഷ്ടപ്പെടുകയും മരിക്കുകയും ചെയ്യേണ്ടിയിരുന്നത് എന്തുകൊണ്ട്?
15 എ.ഡി. 33-ലെ വസന്തത്തിൽ യേശുക്രിസ്തു, മോചനവില കൊടുക്കുന്നതിലേക്കു നയിച്ച വേദനാകരമായ മരണത്തിന് മനസ്സോടെ വിധേയനായി. വ്യാജാരോപണങ്ങളുടെ പേരിൽ അറസ്റ്റു ചെയ്യപ്പെടാനും കുറ്റവാളിയെ പോലെ വധസ്തംഭത്തിൽ തറയ്ക്കപ്പെടാനും യേശു സ്വയം അനുവദിച്ചു. യേശു ഇത്രയധികം കഷ്ടപ്പെടേണ്ടത് യഥാർഥത്തിൽ ആവശ്യമായിരുന്നോ? ഉവ്വ്, എന്തുകൊണ്ടെന്നാൽ ദൈവദാസന്മാരുടെ നിർമലത സംബന്ധിച്ച വിവാദവിഷയത്തിനു തീർപ്പു കല്പിക്കപ്പെടേണ്ടതുണ്ടായിരുന്നു. യേശു ശിശുവായിരുന്നപ്പോൾ ഹെരോദിനാൽ വധിക്കപ്പെടാൻ ദൈവം അനുവദിച്ചില്ല. (മത്തായി 2:13-18) എന്നാൽ മുതിർന്ന ഒരു വ്യക്തി ആയിത്തീർന്നപ്പോൾ, വിവാദവിഷയത്തെ സംബന്ധിച്ച പൂർണഗ്രാഹ്യത്തോടെ സാത്താന്റെ ആക്രമണങ്ങളുടെ ആഘാതത്തെ ചെറുത്തുനിൽക്കാൻ യേശു പ്രാപ്തനായിരുന്നു.b അതിനീചമായ പെരുമാറ്റങ്ങൾ സഹിക്കേണ്ടിവന്നിട്ടും ‘വിശ്വസ്തനും നിഷ്കളങ്കനും നിർമലനും പാപികളിൽനിന്ന് വ്യത്യസ്തനും’ ആയി നിലകൊള്ളുകവഴി പരിശോധനകളിൻ കീഴിൽ വിശ്വസ്തരായിരിക്കുന്ന ദാസന്മാർ യഹോവയ്ക്കുണ്ടെന്ന് യേശു അസന്ദിഗ്ധമായി തെളിയിച്ചു. (എബ്രായർ 7:26) തന്റെ മരണത്തിനു തൊട്ടുമുമ്പത്തെ നിമിഷത്തിൽ യേശു വിജയാഹ്ലാദത്തോടെ “എല്ലാം പൂർത്തിയായി” എന്ന് ഉദ്ഘോഷിച്ചതിൽ അതിശയമില്ല.—യോഹന്നാൻ 19:30.
യേശുവിന്റെ വീണ്ടെടുപ്പുവേല പൂർത്തീകരിക്കുന്നു
16, 17. (എ) യേശു തന്റെ വീണ്ടെടുപ്പുവേല തുടർന്നത് എങ്ങനെ? (ബി) യേശു “നമുക്കുവേണ്ടി ദൈവമുമ്പാകെ” പ്രത്യക്ഷപ്പെടേണ്ടത് ആവശ്യമായിരുന്നത് എന്തുകൊണ്ട്?
16 യേശു തന്റെ വീണ്ടെടുപ്പുവേല പൂർത്തീകരിച്ചുകഴിഞ്ഞിരുന്നില്ല. യേശുവിന്റെ മരണശേഷം മൂന്നാം ദിവസം യഹോവ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ചു. (പ്രവൃത്തികൾ 3:15; 10:40) ഈ സുപ്രധാന പ്രവൃത്തിയാൽ, യഹോവ തന്റെ പുത്രന്റെ വിശ്വസ്ത സേവനത്തിനു പ്രതിഫലം കൊടുക്കുക മാത്രമല്ല, ദൈവത്തിന്റെ മഹാപുരോഹിതനെന്ന നിലയിൽ തന്റെ വീണ്ടെടുപ്പുവേല പൂർത്തീകരിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്തു. (റോമർ 1:4, 5; 1 കൊരിന്ത്യർ 15:3-8) അപ്പോസ്തലനായ പൗലോസ് ഇങ്ങനെ വിശദീകരിക്കുന്നു: “മഹാപുരോഹിതനായി ക്രിസ്തു വന്നപ്പോൾ . . . വിശുദ്ധസ്ഥലത്തേക്കു പ്രവേശിച്ചതു കോലാടുകളുടെയോ കാളക്കുട്ടികളുടെയോ രക്തവുമായല്ല, സ്വന്തം രക്തവുമായാണ്. ക്രിസ്തു എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം അവിടെ പ്രവേശിച്ച് നമുക്കു നിത്യമായ മോചനത്തിനു വഴിയൊരുക്കി. മനുഷ്യൻ നിർമിച്ചതും യഥാർഥത്തിലുള്ളതിന്റെ രൂപമാതൃകയും ആയ ഒരു വിശുദ്ധസ്ഥലത്തേക്കല്ല, സ്വർഗത്തിലേക്കുതന്നെയാണു ക്രിസ്തു പ്രവേശിച്ചത്. അങ്ങനെ ഇപ്പോൾ നമുക്കുവേണ്ടി ദൈവമുമ്പാകെ ഹാജരാകാൻ ക്രിസ്തുവിനു കഴിയുന്നു.”—എബ്രായർ 9:11, 12, 24.
17 ക്രിസ്തുവിനു തന്റെ അക്ഷരീയ രക്തം സ്വർഗത്തിലേക്കു കൊണ്ടുപോകാൻ കഴിയുമായിരുന്നില്ല. (1 കൊരിന്ത്യർ 15:50) പകരം, ആ രക്തം പ്രതീകപ്പെടുത്തിയതിനെ, ബലിയായി അർപ്പിച്ച തന്റെ പൂർണ മനുഷ്യജീവന്റെ നിയമപരമായ മൂല്യം, യേശു കൊണ്ടുപോയി. അനന്തരം, പാപികളായ മനുഷ്യവർഗത്തിനു വേണ്ടിയുള്ള ഒരു മോചനവിലയായി ആ ജീവന്റെ മൂല്യം യേശു ഔപചാരികമായി അർപ്പിച്ചു. യഹോവ ആ ബലി സ്വീകരിച്ചോ? ഉവ്വ്, ഇതു യരുശലേമിൽ 120 ശിഷ്യന്മാരുടെമേൽ പരിശുദ്ധാത്മാവ് പകരപ്പെട്ട എ.ഡി. 33-ലെ പെന്തിക്കോസ്തിൽ തെളിഞ്ഞു. (പ്രവൃത്തികൾ 2:1-4) അതു വളരെ ആവേശകരമായിരുന്നെങ്കിലും, അന്നു മോചനവില അത്ഭുതകരമായ പ്രയോജനങ്ങൾ നൽകിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.
മോചനവിലയുടെ പ്രയോജനങ്ങൾ
18, 19. (എ) ക്രിസ്തുവിന്റെ രക്തത്താൽ സാധ്യമാക്കപ്പെട്ട അനുരഞ്ജനത്തിൽനിന്ന് ഏതു രണ്ടു കൂട്ടങ്ങൾക്കു പ്രയോജനം കിട്ടുന്നു? (ബി) ‘മഹാപുരുഷാരത്തിൽപ്പെട്ടവർക്ക്’ മോചനവിലയിൽനിന്ന് ഇപ്പോഴും ഭാവിയിലും എന്തു പ്രയോജനങ്ങൾ ലഭിക്കുന്നു?
18 ദണ്ഡനസ്തംഭത്തിൽ ചൊരിയപ്പെട്ട യേശുവിന്റെ രക്തം മുഖാന്തരം സമാധാനമുണ്ടാക്കിക്കൊണ്ട് ക്രിസ്തുവിലൂടെ മറ്റെല്ലാവരെയും തന്നോടുതന്നെ അനുരഞ്ജനത്തിലാക്കുന്നത് ഉചിതമാണെന്നു ദൈവം കണ്ടതായി പൗലോസ് കൊലോസ്യർക്കുള്ള തന്റെ ലേഖനത്തിൽ വിശദീകരിക്കുന്നു. ഈ അനുരഞ്ജനത്തിൽ രണ്ടു വ്യതിരിക്ത കൂട്ടങ്ങൾ, അതായത് ‘സ്വർഗ്ഗത്തിലുള്ളതും’ ‘ഭൂമിയിലുള്ളതും’ ഉൾപ്പെടുന്നുവെന്ന് പൗലോസ് വിശദീകരിക്കുന്നു. (കൊലോസ്യർ 1:19, 20; എഫെസ്യർ 1:10) ഒന്നാമത്തെ കൂട്ടത്തിലുള്ളത് ക്രിസ്തുയേശുവിനോടുകൂടെ സ്വർഗീയ പുരോഹിതന്മാരായി സേവിക്കാനും ഭൂമിമേൽ രാജാക്കന്മാരായി ഭരിക്കാനുമുള്ള പ്രത്യാശ നൽകപ്പെട്ടിരിക്കുന്ന 1,44,000 ക്രിസ്ത്യാനികളാണ്. (വെളിപാട് 5:9, 10; 7:4; 14:1-3) അവരിലൂടെ മോചനവിലയുടെ പ്രയോജനങ്ങൾ ഒരു ആയിരം വർഷത്തെ കാലഘട്ടംകൊണ്ട് അനുസരണമുള്ള മനുഷ്യവർഗത്തിനുവേണ്ടി ക്രമേണ ഉപയോഗിക്കപ്പെടും.—1 കൊരിന്ത്യർ 15:24-26; വെളിപാട് 20:6; 21:3-5.
19 ‘ഭൂമിയിലുളളത്’ ഭൂമിയിലെ പറുദീസയിൽ പൂർണതയുള്ള ജീവൻ ആസ്വദിക്കാൻ പ്രത്യാശിക്കുന്ന വ്യക്തികളാണ്. വെളിപാട് 7:9-17 അവരെ വരാനിരിക്കുന്ന ‘മഹാകഷ്ടതയെ’ അതിജീവിക്കുന്ന ‘ഒരു മഹാപുരുഷാരമെന്ന്’ വർണിക്കുന്നു. എന്നാൽ മോചനവിലയുടെ പ്രയോജനങ്ങൾ ആസ്വദിക്കുന്നതിന് അവർ അന്നുവരെ കാത്തിരിക്കേണ്ടതില്ല. ഇപ്പോൾത്തന്നെ “കുഞ്ഞാടിന്റെ രക്തത്തിൽ (അവർ അവരുടെ) വസ്ത്രം കഴുകിവെളുപ്പിച്ചിരിക്കുന്നു.” മോചനവിലയിൽ വിശ്വാസം പ്രകടമാക്കുന്നതുകൊണ്ട് അവർക്ക് ഇപ്പോൾത്തന്നെ ആ സ്നേഹനിർഭരമായ കരുതലിൽനിന്ന് ആത്മീയ പ്രയോജനങ്ങൾ ലഭിക്കുന്നുണ്ട്. ദൈവത്തിന്റെ സ്നേഹിതർ എന്ന നിലയിൽ അവർ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു! (യാക്കോബ് 2:23) യേശുവിന്റെ ബലിയുടെ ഫലമായി, അവർക്ക് ‘ധൈര്യമായി അനർഹദയയുടെ സിംഹാസനത്തെ സമീപിക്കാൻ’ സാധിക്കും. (എബ്രായർ 4:14-16) പിഴവുകൾ സംഭവിക്കുമ്പോൾ അവർക്ക് യഥാർഥ ക്ഷമ ലഭിക്കുന്നു. (എഫെസ്യർ 1:7) അപൂർണരാണെങ്കിലും അവർ ഒരു ശുദ്ധ മനഃസാക്ഷി ആസ്വദിക്കുന്നു. (എബ്രായർ 9:9; 10:22; 1 പത്രോസ് 3:21) അങ്ങനെ ദൈവവുമായുള്ള അനുരഞ്ജനം ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ഒന്നല്ല, പിന്നെയോ നിലവിലുള്ള ഒരു യാഥാർഥ്യമാണ്! (2 കൊരിന്ത്യർ 5:19, 20) സഹസ്രാബ്ദ ഭരണകാലത്ത്, അവർ ക്രമേണ “ജീർണതയുടെ അടിമത്തത്തിൽനിന്ന് മോചനം” നേടുകയും ഒടുവിൽ “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം” ആസ്വദിക്കുകയും ചെയ്യും.—റോമർ 8:21.
20. മോചനവിലയെക്കുറിച്ച് ധ്യാനിക്കുന്നത് നിങ്ങളെ വ്യക്തിപരമായി എങ്ങനെ സ്വാധീനിക്കുന്നു?
20 മോചനവിലയ്ക്കായി “യേശുക്രിസ്തുവിലൂടെ ദൈവത്തിനു നന്ദി” പറയാം! (റോമർ 7:25) തത്ത്വത്തിൽ ലളിതമായ ഒരു ക്രമീകരണമാണെങ്കിലും മോചനവില നമ്മിൽ ഭയാദരവ് ജനിപ്പിക്കുന്നു. (റോമർ 11:33) മോചനവിലയെക്കുറിച്ച് കൃതജ്ഞതയോടെ ധ്യാനിക്കുമ്പോൾ അതു നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കുകയും നീതിയുടെ ദൈവത്തോടു നമ്മെ പൂർവാധികം അടുപ്പിക്കുകയും ചെയ്യുന്നു. സങ്കീർത്തനക്കാരനെപ്പോലെ, യഹോവയെ ‘നീതിയെയും ന്യായത്തെയും സ്നേഹിക്കുന്നവൻ’ എന്ന നിലയിൽ സ്തുതിക്കാൻ നമുക്കു സകല കാരണവുമുണ്ട്.—സങ്കീർത്തനം 33:5.
a ആദാമിനും ഹവ്വയ്ക്കും മോചനവിലയിൽനിന്ന് പ്രയോജനം ലഭിക്കുകയില്ലായിരുന്നു. മോശയുടെ നിയമം ഒരു മനഃപൂർവ കൊലപാതകിയെ സംബന്ധിച്ച് ഈ തത്ത്വം പ്രസ്താവിച്ചു: “മരണയോഗ്യനായ ഒരു കൊലപാതകിയുടെ ജീവനുവേണ്ടി നിങ്ങൾ മോചനവില വാങ്ങരുത്.” (സംഖ്യ 35:31) ആദാമും ഹവ്വയും മനഃപൂർവം, പൂർണ അറിവോടെ ദൈവത്തോട് അനുസരണക്കേടു കാണിച്ചതിനാൽ അവർ മരണത്തിന് അർഹരായിരുന്നു എന്നു വ്യക്തമാണ്. അങ്ങനെ അവർ തങ്ങളുടെ നിത്യജീവന്റെ പ്രതീക്ഷ നഷ്ടപ്പെടുത്തി.
b ആദാമിന്റെ പാപം മനുഷ്യവർഗത്തിന്റെമേൽ വരുത്തിവെച്ച ദോഷങ്ങൾ ഇല്ലായ്മ ചെയ്യാൻ യേശു പൂർണതയുള്ള ഒരു കുട്ടിയായിട്ടല്ല, പിന്നെയോ ഒരു പൂർണ മനുഷ്യനായി മരിക്കേണ്ടിയിരുന്നു. ആദാമിന്റേത് മനഃപൂർവ പാപമായിരുന്നു, തന്റെ പ്രവൃത്തിയുടെ ഗൗരവത്തെയും പരിണതഫലങ്ങളെയും കുറിച്ചുള്ള പൂർണ അറിവോടെയാണ് ആദാം അതു ചെയ്തത്. അതുകൊണ്ട് “അവസാനത്തെ ആദാം” ആയിത്തീരുന്നതിനും ആ പാപം മറയ്ക്കുന്നതിനുംവേണ്ടി യേശുവിന് യഹോവയോടുള്ള നിർമലത പാലിക്കാൻ പരിപക്വമായ, അറിവോടെയുള്ള തീരുമാനമെടുക്കേണ്ടിയിരുന്നു. (1 കൊരിന്ത്യർ 15:45, 47) അങ്ങനെ യേശുവിന്റെ ബലിമരണം ഉൾപ്പെടെയുള്ള മുഴുവിശ്വസ്ത ജീവിതഗതിയും ‘ഒറ്റ നീതിപ്രവൃത്തിയായി’ ഉതകി.—റോമർ 5:18, 19.