അധ്യായം 9
‘ക്രിസ്തു ദൈവശക്തിയാണ്’
1-3. (എ) ഗലീലക്കടലിൽവെച്ച് ശിഷ്യന്മാർക്ക് ഭീതിജനകമായ ഏത് അനുഭവം ഉണ്ടായി, യേശു എന്തു ചെയ്തു? (ബി) ‘ക്രിസ്തു ദൈവശക്തിയാണ്’ എന്നു പൗലോസിന് ഉചിതമായിത്തന്നെ പറയാൻ കഴിഞ്ഞത് എന്തുകൊണ്ട്?
ശിഷ്യന്മാർ ഭയന്നുപോയി. അവർ ഒരു വള്ളത്തിൽ ഗലീലക്കടലിലൂടെ പോകുകയായിരുന്നു, പെട്ടെന്ന് ഒരു കൊടുങ്കാറ്റ് ആഞ്ഞടിച്ചു. മുമ്പും ഗലീലക്കടലിൽ കൊടുങ്കാറ്റുകളടിക്കുന്നത് അവർ കണ്ടിട്ടുണ്ട് എന്നതിനു സംശയമില്ല. കാരണം, അവരിൽ ചിലർ പരിചയസമ്പന്നരായ മീൻപിടുത്തക്കാരായിരുന്നു.a (മത്തായി 4:18, 19) എന്നാൽ ഇത് “വലിയ കൊടുങ്കാറ്റ്” ആയിരുന്നു. അതു പെട്ടെന്നുതന്നെ കടലിനെ പ്രക്ഷുബ്ധമാക്കി. പരിഭ്രമത്തോടെ അവർ വള്ളം തുഴയാൻ ശ്രമിച്ചുകൊണ്ടിരുന്നു, എന്നാൽ കൊടുങ്കാറ്റ് അതിശക്തമായിരുന്നു. ഉയർന്നുപൊങ്ങിയ ‘തിരമാലകൾ വള്ളത്തിൽ ആഞ്ഞടിച്ചുകൊണ്ടിരുന്നു.’ അങ്ങനെ അതിൽ വെള്ളം നിറയാൻ തുടങ്ങി. ഈ ബഹളമൊക്കെ നടന്നിട്ടും യേശു അമരത്ത് ഗാഢനിദ്രയിലായിരുന്നു, ജനക്കൂട്ടത്തെ ദിവസം മുഴുവൻ ഉപദേശിച്ചതിനാൽ യേശു ക്ഷീണിതനായിരുന്നു. ജീവൻ നഷ്ടപ്പെടുമെന്ന് ഭയന്ന ശിഷ്യന്മാർ, “കർത്താവേ, രക്ഷിക്കേണമേ; ഇല്ലെങ്കിൽ നമ്മൾ ഇപ്പോൾ മരിക്കും” എന്നു നിലവിളിച്ചുകൊണ്ട് യേശുവിനെ ഉണർത്തി.—മർക്കോസ് 4:35-38; മത്തായി 8:23-25.
2 യേശുവിനു ഭയം തോന്നിയില്ല. പൂർണവിശ്വാസത്തോടെ യേശു കാറ്റിനെയും കടലിനെയും ശാസിച്ചു: “അടങ്ങൂ! ശാന്തമാകൂ!” ഉടനടി കാറ്റും കടലും അനുസരിച്ചു. കൊടുങ്കാറ്റു നിലച്ചു, തിരമാലകൾ അപ്രത്യക്ഷമായി, “എല്ലാം ശാന്തമായി.” ഇപ്പോൾ ശിഷ്യന്മാരെ ഒരു അസാധാരണ ഭയം പിടികൂടി. “ശരിക്കും ഇത് ആരാണ്” എന്ന് അവർ തമ്മിൽ അടക്കം പറഞ്ഞു. അനുസരണംകെട്ട ഒരു കുട്ടിയെ തിരുത്തുന്ന മട്ടിൽ കാറ്റിനെയും കടലിനെയും ശാസിക്കാൻ കഴിയുന്ന മനുഷ്യൻ ആരായിരിക്കും?—മർക്കോസ് 4:39-41; മത്തായി 8:26, 27.
3 എന്നാൽ യേശു സാധാരണ മനുഷ്യൻ ആയിരുന്നില്ല. അസാധാരണ വിധങ്ങളിൽ യഹോവയുടെ ശക്തി യേശുവിനുവേണ്ടിയും യേശു മുഖാന്തരവും പ്രദർശിപ്പിക്കപ്പെട്ടു. അപ്പോസ്തലനായ പൗലോസ് ദൈവപ്രചോദിതനായി ‘ക്രിസ്തു ദൈവശക്തിയാണ്’ എന്ന് ഉചിതമായിത്തന്നെ പറഞ്ഞു. (1 കൊരിന്ത്യർ 1:24) ദൈവശക്തി യേശുവിൽ പ്രകടമാക്കപ്പെടുന്നത് ഏതു വിധങ്ങളിലാണ്? യേശു ശക്തി ഉപയോഗിച്ചത് നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചേക്കാം?
ദൈവത്തിന്റെ ഏകജാതപുത്രന്റെ ശക്തി
4, 5. (എ) യഹോവ തന്റെ ഏകജാതപുത്രന് ഏതു ശക്തിയും അധികാരവും ഏൽപ്പിച്ചുകൊടുത്തു? (ബി) ഈ പുത്രൻ പിതാവിന്റെ സൃഷ്ടിപരമായ ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ എങ്ങനെ സജ്ജനായി?
4 യേശുവിനു തന്റെ മനുഷ്യ-പൂർവകാലത്ത് ഉണ്ടായിരുന്ന ശക്തിയെക്കുറിച്ച് ചിന്തിക്കുക. യഹോവ സ്വന്തം “നിത്യശക്തി” ഉപയോഗിച്ചാണ് തന്റെ ഏകജാതപുത്രനെ സൃഷ്ടിച്ചത്. ആ പുത്രൻ യേശുക്രിസ്തു എന്ന് അറിയപ്പെടാനിടയായി. (റോമർ 1:20; കൊലോസ്യർ 1:15) അതിനു ശേഷം, യഹോവ തന്റെ പുത്രന് വമ്പിച്ച ശക്തിയും അധികാരവും ഏൽപ്പിച്ചുകൊടുക്കുകയും തന്റെ സൃഷ്ടിപരമായ ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ നിയോഗിക്കുകയും ചെയ്തു. പുത്രനെ സംബന്ധിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “സകലവും വചനം മുഖാന്തരം ഉണ്ടായി. വചനത്തെക്കൂടാതെ ഒന്നും ഉണ്ടായിട്ടില്ല.”—യോഹന്നാൻ 1:3.
5 നമുക്ക് ആ നിയോഗത്തിന്റെ വ്യാപ്തി അൽപ്പമായി മാത്രമേ ഗ്രഹിക്കാൻ കഴിയൂ. ശക്തരായ ദശലക്ഷക്കണക്കിനു ദൂതന്മാരെയും ശതകോടിക്കണക്കിനു താരാപംക്തികൾ അടങ്ങിയ ഭൗതിക പ്രപഞ്ചത്തെയും വൈവിധ്യമാർന്ന അനേകമനേകം ജീവരൂപങ്ങൾ അടങ്ങിയ ഭൂമിയെയും അസ്തിത്വത്തിലേക്കു വരുത്താൻ ആവശ്യമായിരുന്ന ശക്തിയെക്കുറിച്ച് ചിന്തിക്കുക. ആ നിയോഗം നിവർത്തിക്കുന്നതിന് ഏകജാതപുത്രന് അഖിലാണ്ഡത്തിലെ ഏറ്റവും പ്രബലമായ ശക്തിയുടെ—ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ—സഹായമുണ്ടായിരുന്നു. മറ്റെല്ലാം സൃഷ്ടിക്കുന്നതിന് യഹോവ ഉപയോഗിച്ച വിദഗ്ധജോലിക്കാരൻ ആയിരിക്കുന്നതിൽ ഈ പുത്രൻ വലിയ ഉല്ലാസം കണ്ടെത്തി.—സുഭാഷിതങ്ങൾ 8:22-31.
6. യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം, യേശുവിന് ഏതു ശക്തിയും അധികാരവും നൽകപ്പെട്ടു?
6 ഏകജാതനായ പുത്രന് അതിൽക്കൂടുതൽ ശക്തിയും അധികാരവും ലഭിക്കുമായിരുന്നോ? ഭൂമിയിലെ തന്റെ മരണത്തെയും പുനരുത്ഥാനത്തെയും തുടർന്ന് യേശു ഇങ്ങനെ പറഞ്ഞു: “സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരവും എനിക്കു നൽകിയിരിക്കുന്നു.” (മത്തായി 28:18) അതെ, സാർവത്രികമായി ശക്തി പ്രയോഗിക്കാനുള്ള അധികാരം യേശുവിനു നൽകപ്പെട്ടിരിക്കുന്നു. “രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും” എന്ന നിലയിൽ, തന്റെ പിതാവിനോട് എതിർത്തുനിൽക്കുന്ന ദൃശ്യവും അദൃശ്യവുമായ ‘എല്ലാ ഗവൺമെന്റുകളെയും അധികാരങ്ങളെയും ശക്തികളെയും നീക്കിക്കളയാൻ’ യേശുവിന് അധികാരം ലഭിച്ചിരിക്കുന്നു. (വെളിപാട് 19:16; 1 കൊരിന്ത്യർ 15:24-26) യഹോവ ഒഴികെ “യേശുവിന്റെ കീഴിലല്ലാത്തതായി ഒന്നുമില്ല.”—എബ്രായർ 2:8; 1 കൊരിന്ത്യർ 15:27.
7. യഹോവ യേശുവിനു നൽകിയ ശക്തി യേശു ഒരിക്കലും ദുർവിനിയോഗം ചെയ്യില്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
7 യേശു തന്റെ ശക്തി ദുർവിനിയോഗം ചെയ്തേക്കാമെന്നു നാം വ്യാകുലപ്പെടേണ്ടതുണ്ടോ? തീർച്ചയായും ഇല്ല! യേശു യഥാർഥമായി തന്റെ പിതാവിനെ സ്നേഹിക്കുന്നു, പിതാവിനെ അപ്രീതിപ്പെടുത്തുന്ന യാതൊന്നും യേശു ചെയ്യുകയില്ല. (യോഹന്നാൻ 8:29; 14:31) യഹോവ തന്റെ സർവശക്തി ഒരിക്കലും ദുർവിനിയോഗം ചെയ്യുന്നില്ലെന്ന് യേശുവിനു നന്നായി അറിയാം. “പൂർണഹൃദയത്തോടെ തന്നിൽ ആശ്രയിക്കുന്നവർക്കുവേണ്ടി തന്റെ ശക്തി പ്രകടിപ്പിക്കാൻ” യഹോവ അവസരങ്ങൾ തേടുന്നതു യേശു നേരിട്ട് നിരീക്ഷിച്ചിട്ടുണ്ട്. (2 ദിനവൃത്താന്തം 16:9) തീർച്ചയായും, മനുഷ്യവർഗത്തോട് തന്റെ പിതാവിനുള്ള അതേ സ്നേഹം യേശുവിനുമുണ്ട്. അതുകൊണ്ട് യേശു എല്ലായ്പോഴും തന്റെ ശക്തി പ്രയോജനകരമായി ഉപയോഗിക്കുമെന്നു നമുക്കു വിശ്വസിക്കാനാകും. (യോഹന്നാൻ 13:1) ഈ കാര്യത്തിൽ യേശു കുറ്റമറ്റ ഒരു രേഖ സ്ഥാപിച്ചിട്ടുണ്ട്. ഭൂമിയിൽ ആയിരുന്നപ്പോൾ യേശുവിനുണ്ടായിരുന്ന ശക്തിയെയും അത് ഉപയോഗിക്കാൻ യേശു പ്രേരിതനായ വിധത്തെയും കുറിച്ച് നമുക്കു പരിചിന്തിക്കാം.
‘വാക്കിൽ ശക്തനായവൻ’
8. യേശുവിന്റെ അഭിഷേകത്തെ തുടർന്ന് എന്തു ചെയ്യാൻ യേശുവിനു ശക്തി നൽകപ്പെട്ടു, യേശു തന്റെ ശക്തി എങ്ങനെ വിനിയോഗിച്ചു?
8 നസറെത്തിൽ ഒരു ബാലനായിരിക്കെ യേശു അത്ഭുതങ്ങൾ ഒന്നുംതന്നെ പ്രവർത്തിച്ചില്ല എന്നതു വ്യക്തമാണ്. എന്നാൽ എ.ഡി. 29-ൽ, ഏതാണ്ട് 30-ാം വയസ്സിൽ യേശു സ്നാനമേറ്റ ശേഷം കാര്യങ്ങൾക്കു മാറ്റം വന്നു. (ലൂക്കോസ് 3:21-23) ബൈബിൾ ഇപ്രകാരം പറയുന്നു: ‘യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തെന്നും യേശു ദേശം മുഴുവൻ സഞ്ചരിച്ച് നല്ല കാര്യങ്ങൾ ചെയ്യുകയും പിശാച് കഷ്ടപ്പെടുത്തിയിരുന്ന എല്ലാവരെയും സുഖപ്പെടുത്തുകയും ചെയ്തു.’ (പ്രവൃത്തികൾ 10:38) ‘നല്ല കാര്യങ്ങൾ ചെയ്തു’ എന്ന പദപ്രയോഗം, യേശു തന്റെ ശക്തി ശരിയായ വിധത്തിൽ പ്രയോഗിച്ചിരുന്നതായി സൂചിപ്പിക്കുന്നില്ലേ? യേശുവിന്റെ അഭിഷേകത്തിനു ശേഷം, യേശു ‘വാക്കിലും പ്രവൃത്തിയിലും ശക്തനായ ഒരു പ്രവാചകൻ ആയിത്തീർന്നു.’—ലൂക്കോസ് 24:19.
9-11. (എ) യേശു തന്റെ പഠിപ്പിക്കലിൽ ഭൂരിഭാഗവും നിർവഹിച്ചത് എവിടെയാണ്, യേശു ഏതു വെല്ലുവിളിയെ അഭിമുഖീകരിച്ചു? (ബി) യേശുവിന്റെ പഠിപ്പിക്കൽ രീതി പുരുഷാരത്തെ അത്ഭുതപ്പെടുത്തിയത് എന്തുകൊണ്ട്?
9 യേശു വാക്കിൽ ശക്തനായിരുന്നത് എങ്ങനെ? തുറസ്സായ സ്ഥലങ്ങളിൽ—തടാകക്കരകളിലും മലഞ്ചെരിവുകളിലും തെരുവുകളിലും ചന്തസ്ഥലങ്ങളിലും—വെച്ചാണ് യേശു പലപ്പോഴും ജനങ്ങളെ ഉപദേശിച്ചിരുന്നത്. (മർക്കോസ് 6:53-56; ലൂക്കോസ് 5:1-3; 13:26) യേശുവിന്റെ വാക്കുകൾ ശ്രോതാക്കളെ പിടിച്ചുനിറുത്താൻപോന്നവ ആയിരുന്നില്ലെങ്കിൽ അവർ അവിടെനിന്ന് മാറിക്കളയുമായിരുന്നു. അച്ചടിച്ച പുസ്തകങ്ങൾ ഇല്ലാതിരുന്ന ആ യുഗത്തിൽ വിലമതിപ്പുള്ള ശ്രോതാക്കൾ യേശുവിന്റെ വാക്കുകൾ തങ്ങളുടെ ഹൃദയത്തിലും മനസ്സിലും സൂക്ഷിക്കേണ്ടിയിരുന്നു. അതുകൊണ്ട് യേശുവിന്റെ പഠിപ്പിക്കൽ പൂർണമായും ശ്രദ്ധ പിടിച്ചുനിറുത്തുന്നതും വ്യക്തമായി മനസ്സിലാകുന്നതും അനായാസം ഓർത്തിരിക്കാവുന്നതും ആയിരിക്കേണ്ടിയിരുന്നു. എന്നാൽ യേശുവിനെ സംബന്ധിച്ചിടത്തോളം ഈ വെല്ലുവിളി ഒരു പ്രശ്നമായിരുന്നില്ല. ദൃഷ്ടാന്തത്തിന്, യേശുവിന്റെ ഗിരിപ്രഭാഷണത്തെ കുറിച്ച് ചിന്തിക്കുക.
10 എ.ഡി. 31-ന്റെ ആരംഭത്തിലെ ഒരു പ്രഭാതത്തിൽ ഒരു ജനക്കൂട്ടം ഗലീലക്കടലിനു സമീപമുള്ള ഒരു മലഞ്ചെരുവിൽ തടിച്ചുകൂടി. ചിലർ 100 മുതൽ 110 വരെ കിലോമീറ്റർ ദൂരെയുള്ള യഹൂദ്യയിൽനിന്നും യരുശലേമിൽനിന്നും വന്നവരായിരുന്നു. മറ്റു ചിലർ സോർ, സീദോൻ എന്നീ വടക്കൻ സമുദ്രതീര പ്രദേശത്തുനിന്നുമാണു വന്നത്. അനേകം രോഗികൾ യേശുവിനെ തൊടാൻ അടുത്തുചെന്നു, അവരെയെല്ലാം യേശു സൗഖ്യമാക്കി. അവരുടെ ഇടയിൽ ഗുരുതരമായ രോഗമുള്ള എല്ലാവരെയും സുഖപ്പെടുത്തിയശേഷം യേശു അവരെ പഠിപ്പിച്ചുതുടങ്ങി. (ലൂക്കോസ് 6:17-19) കുറെ കഴിഞ്ഞ് യേശു പ്രസംഗം പൂർത്തിയാക്കുമ്പോഴും അവർ വിസ്മയഭരിതരായി നിൽക്കുകയായിരുന്നു. എന്തുകൊണ്ട്?
11 ആ പ്രഭാഷണം കേട്ട ഒരാൾ വർഷങ്ങൾക്കു ശേഷം ഇങ്ങനെ എഴുതി: “ജനക്കൂട്ടം യേശു പഠിപ്പിക്കുന്ന രീതി കണ്ട് അതിശയിച്ചുപോയി; . . . അധികാരമുള്ളവനായിട്ടാണ് യേശു പഠിപ്പിച്ചത്.” (മത്തായി 7:28, 29) യേശുവിന്റെ വാക്കുകളിലെ ശക്തി അനുഭവവേദ്യമായിരുന്നു. യേശു ദൈവത്തെ പ്രതിനിധാനം ചെയ്ത് സംസാരിക്കുകയും ദൈവവചനത്തിന്റെ ആധികാരികതയാൽ തന്റെ ഉപദേശത്തെ പിന്താങ്ങുകയും ചെയ്തു. (യോഹന്നാൻ 7:16) യേശുവിന്റെ പ്രസ്താവനകൾ വ്യക്തവും ഉദ്ബോധനങ്ങൾ പ്രചോദനാത്മകവും വാദമുഖങ്ങൾ അനിഷേധ്യവുമായിരുന്നു. യേശുവിന്റെ വാക്കുകൾ പ്രശ്നങ്ങളുടെ കാരണത്തിലേക്കും അതുപോലെതന്നെ ശ്രോതാക്കളുടെ ഹൃദയങ്ങളിലേക്കും ആഴ്ന്നിറങ്ങി. എങ്ങനെ സന്തുഷ്ടി കണ്ടെത്താമെന്നും പ്രാർഥിക്കാമെന്നും ദൈവരാജ്യം അന്വേഷിക്കാമെന്നും ഒരു സുരക്ഷിതഭാവി പടുത്തുയർത്താമെന്നും യേശു അവരെ പഠിപ്പിച്ചു. (മത്തായി 5:3–7:27) യേശുവിന്റെ വാക്കുകൾ സത്യത്തിനും നീതിക്കുംവേണ്ടി വിശക്കുന്നവരുടെ ഹൃദയങ്ങളെ തൊട്ടുണർത്തി. അങ്ങനെയുള്ളവർ തങ്ങളെത്തന്നെ ‘ത്യജിക്കുന്നതിനും’ എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിക്കുന്നതിനും മനസ്സുള്ളവരായിരുന്നു. (മത്തായി 16:24; ലൂക്കോസ് 5:10, 11) യേശുവിന്റെ വാക്കുകളുടെ ശക്തിക്ക് എത്ര വലിയ സാക്ഷ്യം!
‘പ്രവൃത്തിയിൽ ശക്തനായവൻ’
12, 13. യേശു ‘പ്രവൃത്തിയിൽ ശക്തനായിരുന്നത്’ ഏത് അർഥത്തിൽ, യേശുവിന്റെ അത്ഭുതങ്ങളിൽ എന്തു വൈവിധ്യമുണ്ടായിരുന്നു?
12 യേശു ‘പ്രവൃത്തിയിലും ശക്തനായിരുന്നു.’ (ലൂക്കോസ് 24:19) യേശു ചെയ്ത 30-ലധികം അസാധാരണ അത്ഭുതങ്ങളെക്കുറിച്ച് സുവിശേഷങ്ങൾ പ്രസ്താവിക്കുന്നു—അതെല്ലാം ചെയ്യാനുള്ള “ശക്തി യഹോവ” യേശുവിനു കൊടുത്തിരുന്നു.b (ലൂക്കോസ് 5:17) യേശുവിന്റെ അത്ഭുതങ്ങൾ ആയിരങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചു. രണ്ട് അത്ഭുതങ്ങൾ മാത്രം ഒന്നു നോക്കാം. 5,000 പുരുഷന്മാരെയും പിന്നീട് 4,000 പുരുഷന്മാരെയും പോഷിപ്പിച്ച സംഭവങ്ങൾ. രണ്ടു സാഹചര്യങ്ങളിലും ‘സ്ത്രീകളെയും കുട്ടികളെയും’ കൂടെ കൂട്ടിയാൽ അവിടെ, ഇനിയും എത്രയോ ആയിരങ്ങൾ ഉണ്ടായിരുന്നിരിക്കാം!—മത്തായി 14:13-21; 15:32-38.
13 യേശുവിന്റെ അത്ഭുതങ്ങളിൽ വലിയ വൈവിധ്യം ഉണ്ടായിരുന്നു. യേശുവിനു ഭൂതങ്ങളുടെമേൽ അധികാരമുണ്ടായിരുന്നു, അനായാസം അവരെ യേശു പുറത്താക്കിയിരുന്നു. (ലൂക്കോസ് 9:37-43) യേശുവിനു ഭൗതിക മൂലപദാർഥങ്ങളുടെമേൽ അധികാരമുണ്ടായിരുന്നു—യേശു വെള്ളം വീഞ്ഞാക്കി. (യോഹന്നാൻ 2:1-11) ‘യേശു കടലിനു മുകളിലൂടെ നടക്കുന്നത്’ കണ്ടപ്പോൾ ശിഷ്യന്മാർക്കുണ്ടായ അത്ഭുതം ഒന്നു ഭാവനയിൽ കണ്ടുനോക്കൂ. (യോഹന്നാൻ 6:18, 19) രോഗത്തിന്മേൽ സ്വാധീനമുണ്ടായിരുന്നതിനാൽ യേശു ശാരീരിക വൈകല്യങ്ങളും മാറാരോഗങ്ങളും ജീവനു ഭീഷണിയായിരുന്ന ദീനങ്ങളും സുഖപ്പെടുത്തി. (മർക്കോസ് 3:1-5; യോഹന്നാൻ 4:46-54) യേശു വിവിധ വിധങ്ങളിലാണ് അങ്ങനെയുള്ള സൗഖ്യമാക്കലുകൾ നടത്തിയത്. ചിലരെ ദൂരത്തിരുന്നാണു യേശു സൗഖ്യമാക്കിയത്. അതേസമയം, മറ്റു ചിലർക്ക് യേശുവിന്റെ വ്യക്തിപരമായ സ്പർശനം അനുഭവപ്പെട്ടു. (മത്തായി 8:2, 3, 5-13) ചിലർ ക്ഷണനേരംകൊണ്ടും മറ്റു ചിലർ ക്രമേണയും സൗഖ്യമാക്കപ്പെട്ടു.—മർക്കോസ് 8:22-25; ലൂക്കോസ് 8:43, 44.
‘യേശു കടലിനു മുകളിലൂടെ നടക്കുന്നത് അവർ കണ്ടു’
14. മരണത്തെ ഇല്ലായ്മ ചെയ്യാനുള്ള ശക്തി തനിക്ക് ഉണ്ടെന്ന് യേശു പ്രകടമാക്കിയ സാഹചര്യങ്ങൾ ഏവ?
14 യേശുവിനു മരണത്തെ ഇല്ലായ്മ ചെയ്യാനുള്ള ശക്തി ഉണ്ടായിരുന്നു എന്നത് ഒരു പ്രമുഖ സംഗതിയാണ്. രേഖപ്പെടുത്തിയിട്ടുള്ള മൂന്നു സന്ദർഭങ്ങളിൽ യേശു മരിച്ചവരെ ഉയിർപ്പിച്ചു—അങ്ങനെ 12 വയസ്സുണ്ടായിരുന്ന ഒരു പെൺകുട്ടിയെ അവളുടെ മാതാപിതാക്കളെയും, ഒരു ഏകമകനെ അവന്റെ വിധവയായ അമ്മയെയും, ഒരു പ്രിയപ്പെട്ട സഹോദരനെ അദ്ദേഹത്തിന്റെ സഹോദരിമാരെയും യേശു തിരികെ ഏൽപ്പിച്ചു. (ലൂക്കോസ് 7:11-15; 8:49-56; യോഹന്നാൻ 11:38-44) യാതൊരു സാഹചര്യവും യേശുവിനു തീർത്തും പ്രയാസകരമായിരുന്നില്ല. 12 വയസ്സുകാരി പെൺകുട്ടി മരിച്ച് അധികം കഴിയുന്നതിനു മുമ്പുതന്നെ യേശു അവളെ അവളുടെ കിടക്കയിൽനിന്നാണ് ഉയിർപ്പിച്ചത്. വിധവയുടെ പുത്രനെ ഉയിർപ്പിച്ചത് ശവമഞ്ചത്തിൽനിന്നായിരുന്നു, അവന്റെ മരണദിവസത്തിൽതന്നെ. എന്നാൽ ലാസർ മരിച്ച് നാലു ദിവസത്തിനു ശേഷമാണ് യേശു അദ്ദേഹത്തെ ഉയിർപ്പിച്ചത്.
ശക്തിയുടെ വിനിയോഗം—നിസ്സ്വാർഥതയോടും ഉത്തരവാദിത്വത്തോടും കരുതലോടുംകൂടി
15, 16. യേശു നിസ്സ്വാർഥമായ ഒരു വിധത്തിലാണ് തന്റെ ശക്തി വിനിയോഗിച്ചത് എന്നതിന് എന്തു തെളിവുണ്ട്?
15 യേശുവിന്റെ ശക്തി ഒരു അപൂർണ ഭരണാധികാരിക്കാണു നൽകുന്നതെങ്കിൽ അയാൾ അത് എത്രത്തോളം ദുർവിനിയോഗം ചെയ്തേക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയില്ലേ? എന്നാൽ യേശു പാപമില്ലാത്തവൻ ആയിരുന്നു. (1 പത്രോസ് 2:22) തങ്ങളുടെ അധികാരം മറ്റുള്ളവരെ ഉപദ്രവിക്കാൻ ഉപയോഗിക്കുന്നതിന് അപൂർണ മനുഷ്യരെ പ്രേരിപ്പിക്കുന്ന സ്വാർഥതയും സ്ഥാനമോഹവും അത്യാഗ്രഹവും തന്നെ കളങ്കപ്പെടുത്താൻ യേശു അനുവദിച്ചില്ല.
16 തന്റെ ശക്തി വിനിയോഗിക്കുന്ന കാര്യത്തിൽ യേശു നിസ്സ്വാർഥനായിരുന്നു, വ്യക്തിപരമായ നേട്ടത്തിനുവേണ്ടി യേശു ഒരിക്കലും അതു പ്രയോഗിച്ചില്ല. വിശന്നപ്പോൾ, തനിക്കായി കല്ലുകൾ അപ്പമാക്കി മാറ്റാൻ യേശു ശ്രമിച്ചില്ല. (മത്തായി 4:1-4) തുച്ഛമായ വസ്തുക്കളേ സ്വന്തമായി ഉണ്ടായിരുന്നുള്ളു എന്നത് തനിക്കുതന്നെ ഭൗതികനേട്ടം ഉണ്ടാക്കാനായി യേശു തന്റെ ശക്തി ഉപയോഗിച്ചില്ല എന്നതിന്റെ തെളിവായിരുന്നു. (മത്തായി 8:20) യേശുവിന്റെ വീര്യപ്രവൃത്തികൾ നിസ്സ്വാർഥമായ ആന്തരത്തിൽനിന്നാണ് ഉത്ഭവിച്ചത് എന്നതിനു കൂടുതലായ തെളിവുണ്ട്. യേശു അത്ഭുതങ്ങൾ ചെയ്തപ്പോൾ, തനിക്കുതന്നെ നഷ്ടം വരുത്തിക്കൊണ്ടാണ് അങ്ങനെ ചെയ്തത്. രോഗികളെ സുഖപ്പെടുത്തിയപ്പോൾ, യേശുവിൽനിന്ന് ശക്തി പുറപ്പെട്ടു. കേവലം ഒരു സൗഖ്യമാക്കൽ പ്രക്രിയ നടന്നപ്പോൾത്തന്നെ തന്നിൽനിന്ന് ശക്തി പ്രവഹിക്കുന്നത് യേശുവിന് അറിയാൻ കഴിഞ്ഞു. (മർക്കോസ് 5:25-34) എന്നിട്ടും, തന്നെ സ്പർശിക്കാൻ ജനക്കൂട്ടത്തെ യേശു അനുവദിച്ചു, അവരെല്ലാം സുഖം പ്രാപിക്കുകയും ചെയ്തു. (ലൂക്കോസ് 6:19) എത്ര നിസ്സ്വാർഥമായ മനോഭാവം!
17. തന്റെ ശക്തിയുടെ വിനിയോഗത്തിൽ താൻ ഉത്തരവാദിത്വബോധമുള്ളവൻ ആണെന്ന് യേശു എങ്ങനെ പ്രകടമാക്കി?
17 തന്റെ ശക്തിയുടെ വിനിയോഗത്തിൽ യേശു ഉത്തരവാദിത്വബോധമുള്ളവൻ ആയിരുന്നു. ഒരു പ്രദർശനം കാഴ്ചവെക്കുക എന്ന ഉദ്ദേശ്യത്തിൽ യേശു ഒരിക്കലും അത്ഭുതങ്ങൾ ചെയ്തില്ല. (മത്തായി 4:5-7) ഹെരോദിന്റെ അനുചിതമായ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം അടയാളങ്ങൾ കാണിക്കാൻ യേശുവിനു മനസ്സില്ലായിരുന്നു. (ലൂക്കോസ് 23:8, 9) തന്റെ ശക്തിയെ പരസ്യപ്പെടുത്തുന്നതിനു പകരം, താൻ സുഖപ്പെടുത്തിയ വിവരം ആരോടും പറയരുതെന്ന് സുഖം പ്രാപിച്ചവരോട് യേശു മിക്കപ്പോഴും നിർദേശിക്കുകയുണ്ടായി. (മർക്കോസ് 5:43; 7:36) ഉദ്വേഗജനകമായ ശ്രുതികളുടെ അടിസ്ഥാനത്തിൽ ആളുകൾ തന്നെ വിലയിരുത്താൻ യേശു ആഗ്രഹിച്ചില്ല.—മത്തായി 12:15-19.
18-20. (എ) യേശു തന്റെ ശക്തി ഉപയോഗിച്ച വിധത്തെ സ്വാധീനിച്ചത് എന്ത്? (ബി) യേശു ഒരു ബധിരനെ സുഖപ്പെടുത്തിയ രീതി സംബന്ധിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നു?
18 യേശു എന്ന ശക്തനായ ഈ മനുഷ്യൻ, മറ്റുള്ളവരുടെ ആവശ്യങ്ങളെയും കഷ്ടപ്പാടുകളെയും നിർദയം അവഗണിച്ചുകൊണ്ട് ശക്തിപ്രകടനങ്ങൾ നടത്തിയിട്ടുള്ള ഭരണാധികാരികളിൽനിന്ന് വളരെ വ്യത്യസ്തനായിരുന്നു. യേശു ആളുകളോടു കരുതലുള്ളവനായിരുന്നു. ക്ലേശിതരെ കാണുന്നതുപോലും യേശുവിന്റെ മനസ്സലിയിച്ചിരുന്നതിനാൽ അവരെ ദുരിതത്തിൽനിന്നു മോചിപ്പിക്കാൻ യേശു പ്രേരിതനായി. (മത്തായി 14:14) അവരുടെ വികാരങ്ങളോടും ആവശ്യങ്ങളോടും യേശു പരിഗണനയുള്ളവൻ ആയിരുന്നു, ഈ ആർദ്രതാത്പര്യം യേശു തന്റെ ശക്തി വിനിയോഗിച്ച വിധത്തെ സ്വാധീനിച്ചു. ഒരു ഹൃദയസ്പർശിയായ ദൃഷ്ടാന്തം മർക്കോസ് 7:31-37-ൽ നാം കാണുന്നു.
19 വലിയ ജനക്കൂട്ടങ്ങൾ യേശുവിനെ കണ്ടെത്തുകയും അനേകം രോഗികളെ യേശുവിന്റെ അടുക്കൽ കൊണ്ടുവരുകയും ചെയ്യുന്നതാണ് സന്ദർഭം. അവരെയെല്ലാം യേശു സുഖപ്പെടുത്തി. (മത്തായി 15:29, 30) എന്നാൽ ഒരു മനുഷ്യനോട് യേശു പ്രത്യേക പരിഗണന കാണിച്ചു. ആ മനുഷ്യൻ ബധിരനായിരുന്നു, സംസാരിക്കാൻ അശേഷം പ്രാപ്തനുമല്ലായിരുന്നു. യേശു ഈ മനുഷ്യന്റെ പ്രത്യേക ബുദ്ധിമുട്ടു മനസ്സിലാക്കിയിരിക്കണം. പരിഗണനയോടെ യേശു ആ മനുഷ്യനെ ജനക്കൂട്ടത്തിൽനിന്ന് അകലെ ഒരു സ്വകാര്യസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി. പിന്നീട് താൻ എന്തു ചെയ്യാൻ പോകുകയാണെന്ന് ആ മനുഷ്യനെ ധരിപ്പിക്കാൻ യേശു ചില അടയാളങ്ങൾ ഉപയോഗിച്ചു. യേശു “അയാളുടെ ചെവികളിൽ വിരൽ ഇട്ടു. പിന്നെ തുപ്പിയിട്ട് അയാളുടെ നാവിൽ തൊട്ടു.”c (മർക്കോസ് 7:33) അനന്തരം യേശു സ്വർഗത്തിലേക്കു നോക്കി പ്രാർഥനാനിരതമായി ഒരു ദീർഘനിശ്വാസം എടുത്തു. ഈ ക്രിയകൾ, ‘ഞാൻ നിനക്കുവേണ്ടി ചെയ്യാനിരിക്കുന്നതു ദൈവത്തിൽനിന്നുള്ള ശക്തിയാലാണ്’ എന്ന് ആ മനുഷ്യനോടു പറയുമായിരുന്നു. തുടർന്ന് യേശു, “തുറക്കട്ടെ” എന്നു പറഞ്ഞു. (മർക്കോസ് 7:34) അപ്പോൾ ആ മനുഷ്യന് കേൾവിശക്തി തിരിച്ചുകിട്ടി, അയാൾക്കു സാധാരണ മനുഷ്യരെപ്പോലെ സംസാരിക്കാനും കഴിഞ്ഞു.
20 രോഗബാധിതരെ സുഖപ്പെടുത്താൻ തന്റെ ദൈവദത്ത ശക്തി ഉപയോഗിക്കുമ്പോൾ പോലും യേശു അവരുടെ വികാരങ്ങളോട് അനുകമ്പാർദ്രമായ പരിഗണന കാട്ടുന്നതായി ചിന്തിക്കുന്നത് എത്ര ഹൃദയസ്പർശിയാണ്! ഇത്ര സഹാനുഭൂതിയും പരിഗണനയുമുള്ള ഒരു ഭരണാധികാരിയുടെ കൈകളിലാണ് യഹോവ മിശിഹൈകരാജ്യം ഭരമേൽപ്പിച്ചിരിക്കുന്നത് എന്നറിയുന്നത് ആശ്വാസപ്രദമല്ലേ?
വരാനിരിക്കുന്ന കാര്യങ്ങളുടെ ഒരു മുൻനിഴൽ
21, 22. (എ) യേശുവിന്റെ അത്ഭുതങ്ങൾ എന്തിനെ മുൻനിഴലാക്കി? (ബി) പ്രകൃതിശക്തികളുടെമേൽ നിയന്ത്രണം ഉള്ളതുകൊണ്ട് യേശുവിന്റെ രാജ്യഭരണത്തിൻ കീഴിൽ നമുക്ക് എന്തു പ്രതീക്ഷിക്കാനാകും?
21 യേശു ഭൂമിയിൽവെച്ച് ചെയ്ത അത്ഭുതങ്ങൾ യേശുവിന്റെ രാജ്യഭരണത്തിൻ കീഴിൽ വരാനിരിക്കുന്ന മഹത്തായ അനുഗ്രഹങ്ങളുടെ പൂർവദൃശ്യങ്ങൾ മാത്രമായിരുന്നു. ദൈവത്തിന്റെ പുതിയ ലോകത്തിൽ യേശു ഒരിക്കൽക്കൂടി അത്ഭുതങ്ങൾ പ്രവർത്തിക്കും—ആഗോളമായ ഒരളവിൽ! പുളകപ്രദമായ ഭാവിപ്രതീക്ഷകളിൽ ചിലതു പരിചിന്തിക്കുക.
22 യേശു ഭൗമപരിസ്ഥിതിയുടെ പൂർണതയുള്ള സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കും. ഒരു കൊടുങ്കാറ്റു ശമിപ്പിച്ചുകൊണ്ട് യേശു പ്രകൃതിശക്തികളുടെമേൽ തനിക്കുള്ള നിയന്ത്രണം പ്രകടമാക്കി എന്ന് ഓർക്കുക. അപ്പോൾ, തീർച്ചയായും, ക്രിസ്തുവിന്റെ രാജ്യഭരണത്തിൻ കീഴിൽ മനുഷ്യവർഗത്തിനു കൊടുങ്കാറ്റുകളാലോ ഭൂകമ്പങ്ങളാലോ അഗ്നിപർവത സ്ഫോടനങ്ങളാലോ മറ്റു പ്രകൃതി വിപത്തുകളാലോ ഉപദ്രവമുണ്ടാകുമെന്നു ഭയപ്പെടേണ്ടിവരില്ല. ഭൂമിയെയും അതിലെ സകല ജീവരൂപങ്ങളെയും സൃഷ്ടിക്കാൻ യഹോവ ഉപയോഗിച്ച വിദഗ്ധജോലിക്കാരൻ യേശു ആയതുകൊണ്ട് യേശുവിനു ഭൂമിയുടെ ഘടന പൂർണമായി അറിയാം. അതിന്റെ വിഭവങ്ങൾ ഉചിതമായി ഉപയോഗിക്കാൻ യേശുവിന് അറിയാം. യേശുവിന്റെ ഭരണത്തിൻകീഴിൽ മുഴു ഭൂമിയും ഒരു പറുദീസയായി രൂപാന്തരപ്പെടും.—ലൂക്കോസ് 23:43.
23. രാജാവ് എന്ന നിലയിൽ യേശു മനുഷ്യവർഗത്തിന്റെ ആവശ്യങ്ങളെ എങ്ങനെ തൃപ്തിപ്പെടുത്തും?
23 മനുഷ്യവർഗത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ചെന്ത്? തുച്ഛമായ വിഭവങ്ങൾ മാത്രം ഉപയോഗിച്ച് ആയിരങ്ങളെ സമൃദ്ധമായി പോഷിപ്പിക്കാനുള്ള യേശുവിന്റെ പ്രാപ്തി യേശുവിന്റെ ഭരണത്തിൻകീഴിൽ പട്ടിണി ഉണ്ടായിരിക്കില്ലെന്ന് നമുക്ക് ഉറപ്പു നൽകുന്നു. തീർച്ചയായും, നീതിപൂർവം വിതരണം ചെയ്യപ്പെടുന്ന സമൃദ്ധമായ ആഹാരം എന്നേക്കുമായി പട്ടിണി അവസാനിപ്പിക്കും. (സങ്കീർത്തനം 72:16) രോഗത്തിന്റെ മേലുള്ള യേശുവിന്റെ സ്വാധീനം, രോഗികളും അന്ധരും ബധിരരും അംഗഭംഗം ഭവിച്ചവരും മുടന്തരുമെല്ലാം പൂർണമായും സ്ഥിരമായും സുഖപ്പെടുമെന്നു നമ്മെ പഠിപ്പിക്കുന്നു. (യശയ്യ 33:24; 35:5, 6) മരിച്ചവരെ ഉയിർപ്പിക്കാനുള്ള യേശുവിന്റെ പ്രാപ്തി, തന്റെ പിതാവ് ഓർമിക്കാനിഷ്ടപ്പെടുന്ന അനേക ദശലക്ഷങ്ങളെ പുനരുത്ഥാനപ്പെടുത്താൻ സ്വർഗീയ രാജാവെന്ന നിലയിൽ യേശു ശക്തനായിരിക്കുമെന്ന് നമുക്ക് ഉറപ്പുനൽകുന്നു.—യോഹന്നാൻ 5:28, 29.
24. യേശുവിന്റെ ശക്തിയെക്കുറിച്ച് വിചിന്തനം ചെയ്യുമ്പോൾ നാം എന്തു മനസ്സിൽ പിടിക്കണം, എന്തുകൊണ്ട്?
24 യേശുവിന്റെ ശക്തിയെക്കുറിച്ച് വിചിന്തനം ചെയ്യുമ്പോൾ, ഈ പുത്രൻ തന്റെ പിതാവിനെ പൂർണമായി അനുകരിക്കുന്നുവെന്നു നമുക്കു മനസ്സിൽ പിടിക്കാം. (യോഹന്നാൻ 14:9) അങ്ങനെ യേശുവിന്റെ ശക്തിയുടെ വിനിയോഗം യഹോവ ശക്തി ഉപയോഗിക്കുന്ന വിധത്തിന്റെ ഒരു വ്യക്തമായ ചിത്രം നമുക്കു നൽകുന്നു. ദൃഷ്ടാന്തത്തിന്, യേശു ഒരു കുഷ്ഠരോഗിയെ സുഖപ്പെടുത്തിയ കരുണാർദ്രമായ വിധത്തെക്കുറിച്ച് ചിന്തിക്കുക. മനസ്സലിവോടെ, ആ മനുഷ്യനെ സ്പർശിച്ചിട്ട് യേശു പറഞ്ഞു: “എനിക്കു മനസ്സാണ്, ശുദ്ധനാകുക.” (മർക്കോസ് 1:40-42) ഇതുപോലുള്ള വിവരണങ്ങളിലൂടെ ഫലത്തിൽ യഹോവ ഇപ്രകാരം പറയുകയാണ്: ‘ഇങ്ങനെയാണ് ഞാൻ എന്റെ ശക്തി ഉപയോഗിക്കുന്നത്!’ നമ്മുടെ സർവശക്തനായ ദൈവത്തെ സ്തുതിക്കാനും ഇത്ര സ്നേഹപൂർവകമായ വിധത്തിൽ തന്റെ ശക്തി ഉപയോഗിക്കുന്നതിന് യഹോവയ്ക്കു നന്ദി കൊടുക്കാനും നിങ്ങൾ പ്രേരിതരാകുന്നില്ലേ?
a പെട്ടെന്നുള്ള കൊടുങ്കാറ്റുകൾ ഗലീലക്കടലിൽ സാധാരണമാണ്. സമുദ്രനിരപ്പിൽനിന്ന് താഴ്ന്നു കിടക്കുന്ന (ഏകദേശം 200 മീറ്റർ) ഇവിടെ ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് വായു ചൂടു കൂടിയതാണ്. അത് അന്തരീക്ഷത്തിൽ പ്രക്ഷുബ്ധതകൾ സൃഷ്ടിക്കുന്നു. അതിനു പുറമേ, വടക്കുള്ള ഹെർമോൻ പർവതത്തിൽനിന്ന് യോർദാൻ താഴ്വരയിലേക്കു ശക്തമായ കാറ്റ് അടിച്ചിരുന്നു. ഒരു നിമിഷം ശാന്തതയാണെങ്കിൽ അടുത്ത നിമിഷം ഉഗ്രമായ കൊടുങ്കാറ്റ് ആയിരിക്കും.
b അതിനു പുറമേ, പൊതുവായുള്ള ഒരൊറ്റ വർണനയിലൂടെ സുവിശേഷങ്ങൾ ചിലപ്പോൾ അനേകം അത്ഭുതങ്ങളെ ഒന്നിച്ച് പ്രതിപാദിക്കുന്നു. ദൃഷ്ടാന്തത്തിന്, ഒരു സന്ദർഭത്തിൽ യേശുവിനെ കാണാൻ “നഗരം ഒന്നടങ്കം” വന്നുകൂടുകയും യേശു “അനേകരെ” സുഖപ്പെടുത്തുകയും ചെയ്തു എന്നു തിരുവെഴുത്തുകൾ പറയുന്നു.—മർക്കോസ് 1:32-34.
c തുപ്പുന്നത് ജൂതന്മാരും ജനതകളിൽപ്പെട്ടവരും അംഗീകരിച്ചിരുന്ന സൗഖ്യമാക്കലിന്റെ ഒരു മാർഗമോ അടയാളമോ ആയിരുന്നു. റബ്ബിമാരുടെ എഴുത്തുകളിൽ രോഗശമനത്തിന് ഉമിനീർ ഉപയോഗിക്കുന്നതിനെ കുറിച്ച് റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ആ മനുഷ്യനെ താൻ സുഖപ്പെടുത്താൻ പോകുകയാണെന്നു ധരിപ്പിക്കാൻവേണ്ടി മാത്രമായിരിക്കാം യേശു തുപ്പിയത്. വാസ്തവം എന്തായിരുന്നാലും, രോഗശാന്തിക്കുള്ള ഒരു പ്രകൃതിദത്ത മാർഗമായിട്ടല്ല യേശു തന്റെ ഉമിനീർ ഉപയോഗിച്ചത്.