അധ്യായം 11
എന്റെ വസ്ത്രങ്ങൾ ഞാൻ യഥാർത്ഥത്തിൽ ആരാണെന്ന് വെളിപ്പെടുത്തുന്നുവോ?
“അതിന് തീരെ ഇറക്കം കുറവൊന്നുമില്ല,” പെഗ്ഗി അവളുടെ മാതാപിതാക്കളോട് വിളിച്ചു പറഞ്ഞു. “നിങ്ങൾക്ക് പഴഞ്ചൻ രീതികളെ അറിയാവൂ!” അവൾ തന്റെ മുറിയിലേക്ക് ഓടി—അവൾ അണിയാൻ ആഗ്രഹിച്ച ഒരു പാവാടയെ സംബന്ധിച്ചുളള വഴക്കിന്റെ മഹത്തായ അന്ത്യമായിരുന്നു അത്. മാതാപിതാക്കളിൽ ആരെങ്കിലുമോ ഒരു ടീച്ചറോ ഒരു തൊഴിലുടമയോ നിങ്ങൾ ഇഷ്ടപ്പെട്ട ഒരു വസ്ത്രധാരണരീതിയെ വിമർശിച്ചപ്പോൾ നിങ്ങളും ഒരുപക്ഷേ ഇതുപോലൊരു തർക്കത്തിന്റെ നടുവിൽ പെട്ടിട്ടുണ്ട്. നിങ്ങൾ അതിനെ അനൗദ്യോഗികം എന്നു വിളിച്ചു; അവർ അതിനെ അലക്ഷ്യമായത് എന്ന് വിളിച്ചു. നിങ്ങൾ അതിനെ പരിഷ്കൃതം എന്നു വിളിച്ചു; അവർ അതിനെ വർണ്ണശബളമെന്നോ വശീകരണാത്മകമെന്നോ വിളിച്ചു.
അഭിരുചികൾ വ്യത്യസ്തമാണെന്നും നിങ്ങൾക്ക് നിങ്ങളുടെതായ അഭിപ്രായമുണ്ടായിരിക്കാൻ അവകാശം ഉണ്ടെന്നും സമ്മതിക്കേണ്ടിയിരിക്കുന്നു. എന്നാൽ നിങ്ങൾ എങ്ങനെ വസ്ത്രധാരണം ചെയ്യുന്നു എന്ന സംഗതിയിൽ ‘എന്തുമാകാം’ എന്നാണോ ഇതിന്റെ അർത്ഥം?
ശരിയായ സന്ദേശമാണോ?
പാം എന്നുപേരുളള പെൺകുട്ടി പറയുന്നു: “നിങ്ങൾ വാസ്തവത്തിൽ ആരാണെന്നും നിങ്ങളെപ്പററിത്തന്നെ എന്തു വിചാരിക്കുന്നു എന്നും തീരുമാനിക്കുന്നത് നിങ്ങളുടെ വസ്ത്രങ്ങളാണ്.” അതെ, നിങ്ങളുടെ വസ്ത്രധാരണം നിങ്ങളെപ്പററി മററുളളവർക്ക് ഒരു വിവരം അല്ലെങ്കിൽ സന്ദേശം അയയ്ക്കുന്നു. വസ്ത്രധാരണത്തിന് ഒരുവന്റെ മനസ്സാക്ഷിയെപ്പററിയും സ്ഥിരതയെപ്പററിയും ഉയർന്ന നിലവാരങ്ങളെപ്പററിയും അടക്കം പറയാൻ കഴിയും. അല്ലെങ്കിൽ അതിന് മത്സരവും അസംതൃപ്തിയും വിളിച്ചറിയിക്കാൻ കഴിയും. അത് ഒരു തിരിച്ചറിയിക്കൽ അടയാളമായിട്ടുപോലും ഉപകരിക്കും. ചിലർ തുറന്നിട്ടിരിക്കുന്നതോ വേശ്യകൾ ധരിക്കുന്ന തരത്തിലുളളതോ അല്ലെങ്കിൽ വളരെ വിലകൂടിയ ഫാഷൻ വസ്ത്രങ്ങളോ ഒരുതരം വ്യാപാരമുദ്രയായി ഉപയോഗിക്കുന്നു. മററുചിലർ എതിർലിംഗവർഗ്ഗത്തിൽപ്പെട്ടവരെ ആകർഷിക്കുന്നതിനോ തങ്ങൾക്ക് ഉളളതിലേറെ പ്രായമുണ്ടെന്ന് തോന്നിക്കുന്നതിനോ ചിലതരം വസ്ത്രങ്ങൾ ഉപയോഗിക്കുന്നു.
അതുകൊണ്ട് അനേകം യുവജനങ്ങളെ സംബന്ധിച്ചിടത്തോളം വസ്ത്രധാരണ രീതി അവർക്ക് വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് എന്നു കാണുക എളുപ്പമാണ്. എന്നിരുന്നാലും ഡ്രെസ്സ് ഫോർ സക്സെസ്സ് എന്ന [ഇംഗ്ലീഷ്] ഗ്രന്ഥത്തിന്റെ എഴുത്തുകാരൻ ജോൺ ററി. മോളോയ് ഇപ്രകാരം മുന്നറിയിപ്പ് നൽകുന്നു: “നാം വസ്ത്രം ധരിക്കുന്ന വിധത്തിന് നമ്മൾ കണ്ടുമുട്ടുന്ന ആളുകളുടെമേൽ ശ്രദ്ധേയമായ ഒരു സ്വാധീനമുണ്ട്, അവർ നമ്മോട് എങ്ങനെ ഇടപെടുന്നു എന്നതിനെ അത് ബാധിക്കുകയും ചെയ്യുന്നു.”
നിങ്ങൾ എപ്രകാരം വസ്ത്രം ധരിക്കുന്നു എന്നതിൽ മാതാപിതാക്കൾക്ക് വളരെയധികം ഉൽക്കണ്ഠയുളളതിൽ അതിശയിക്കാനില്ല! അവരെ സംബന്ധിച്ചിടത്തോളം അതു വ്യക്തിപരമായ അഭിരുചിയുടെ മാത്രം ഒരു പ്രശ്നമല്ല. നിങ്ങൾ ഉചിതമായ ഒരു സന്ദേശം, സമനിലയും ഉത്തരവാദിത്വവുമുളള ഒരു വ്യക്തിയായി നിങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു സന്ദേശം അയയ്ക്കാൻ അവർ ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങൾ വസ്ത്രധാരണം ചെയ്യുന്ന വിധത്താൽ അതു സാധിക്കുന്നുണ്ടോ? നിങ്ങളുടെ വസ്ത്രം തെരഞ്ഞെടുക്കുന്നതിനെ നയിക്കുന്നതെന്താണ്?
“എന്റെ സുഹൃത്തുക്കൾ ചെയ്യാൻ ആഗ്രഹിക്കുന്നതെല്ലാം ഞാൻ ചെയ്യുന്നു”
അനേകം യുവജനങ്ങളെ സംബന്ധിച്ചിടത്തോളവും അവരുടെ വസ്ത്രധാരണരീതി അവരുടെ സ്വാതന്ത്ര്യത്തിന്റെയും അവരുടെ വ്യക്തിത്വത്തിന്റെയും ഒരു പ്രഖ്യാപനമാണ്. എന്നാൽ ഒരു യുവാവ് അല്ലെങ്കിൽ യുവതി എന്ന നിലയിൽ, നിങ്ങളുടെ വ്യക്തിത്വം ഇപ്പോഴും വ്യക്തമായ ഒരു രൂപമില്ലാത്ത, ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന, മാററങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയിലാണ്. അതുകൊണ്ട് നിങ്ങളെപ്പററിത്തന്നെ ഒരു പ്രഖ്യാപനം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിലും ആ പ്രഖ്യാപനം എന്തായിരിക്കണമെന്നും അത് എങ്ങനെ നടത്തണമെന്നും നിങ്ങൾക്ക് അത്ര നിശ്ചയമില്ലായിരിക്കാം. ചില യുവജനങ്ങൾ തങ്ങളെത്തന്നെ വളരെ വിചിത്രമായ, ക്ഷോഭജനകമായ വസ്ത്രങ്ങളാൽ അലങ്കരിക്കുന്നു. തങ്ങളുടെ ‘വ്യക്തിത്വം’ സ്ഥാപിക്കുന്നതിനു പകരം അവർ തങ്ങളുടെ പക്വതയില്ലായ്മയിലേക്ക് ശ്രദ്ധ ആകർഷിക്കുക മാത്രമാണ് ചെയ്യുന്നത്—അവരുടെ മാതാപിതാക്കളെ വിഷമത്തിലാക്കുന്ന കാര്യം പറയേണ്ടതുമില്ലല്ലോ.
മററു ചില യുവജനങ്ങൾ കേവലം തങ്ങളുടെ സമപ്രായക്കാരെപ്പോലെ വസ്ത്രധാരണം ചെയ്യാൻ ഇഷ്ടപ്പെടുന്നു; അത് ഒരു കൂട്ടത്തോടൊപ്പം അവരെ തിരിച്ചറിയിക്കുകയും ഒരുതരം സുരക്ഷിതത്വം നൽകുകയും ചെയ്യുന്നതായി തോന്നുന്നു. തീർച്ചയായും ആളുകളുമായി ഒത്തു ചേർന്നു പോകാൻ ആഗ്രഹിക്കുന്നത് അതിൽതന്നെ അവശ്യം തെററായിരിക്കുന്നില്ല. (1 കൊരിന്ത്യർ 9:22 താരതമ്യം ചെയ്യുക.) എന്നാൽ ഒരു ക്രിസ്ത്യാനി അവിശ്വാസികളായ ചെറുപ്പക്കാരോടുകൂടെ അറിയപ്പെടാൻ യഥാർത്ഥത്തിൽ ആഗ്രഹിക്കുമോ? എന്തു വിലകൊടുത്തും സമപ്രായക്കാരുടെ അംഗീകാരം അന്വേഷിക്കുന്നത് ജ്ഞാനമായിരിക്കുമോ? ഒരു കൊച്ചു പെൺകുട്ടി ഇപ്രകാരം ഏററുപറഞ്ഞു: “ആരും എന്നെപ്പററി ഒന്നും പറയാതിരിക്കാൻ വേണ്ടി എന്റെ സുഹൃത്തുക്കൾ ചെയ്യാൻ ആഗ്രഹിക്കുന്നതെല്ലാം ഞാൻ ചെയ്യുന്നു.” എന്നാൽ മറെറാരാളുടെ താളത്തിനൊത്തെല്ലാം തുളളുന്ന, മറെറാരുവന്റെ ചാപല്യങ്ങൾക്കെല്ലാം കൂട്ടുനിൽക്കുന്ന ഒരാളെ നിങ്ങൾ എന്തു വിളിക്കും? ബൈബിൾ ഉത്തരം പറയുന്നു: “ആരെയെങ്കിലും അനുസരിക്കാൻ വേണ്ടി . . . നിങ്ങൾ നിങ്ങളെത്തന്നെ അയാൾക്ക് ഏൽപ്പിച്ചുകൊടുക്കുന്നുവെങ്കിൽ, നിങ്ങൾ അയാളെ അനുസരിക്കുന്നതിനാൽ നിങ്ങൾ അയാളുടെ അടിമകളാണെന്ന് നിങ്ങൾ അറിയുന്നില്ലയോ?”—റോമർ 6:16.
യുവജനങ്ങൾക്കിടയിൽ “പൊരുത്തപ്പെട്ടു പോകുന്നതിന് നൽകുന്ന ഊന്നൽ വളരെ ശക്തമായിത്തീരാൻ കഴിയും. തൽഫലമായി ഒരു കൂട്ടത്തിലെ അംഗങ്ങൾ എങ്ങനെ വസ്ത്രധാരണം നടത്തണം, എങ്ങനെ സംസാരിക്കണം, എന്തു ചെയ്യണം, എന്തു ചിന്തിക്കണം, എന്തു വിശ്വസിക്കണം എന്നിവ സംബന്ധിച്ചു പോലും ഉപദേശത്തിനായി സമപ്രായക്കാരെ ആശ്രയിച്ചുകൊണ്ട് കൂട്ടം വച്ചിരിക്കുന്ന ചട്ടങ്ങളുടെ അടിമകളായിരിക്കുന്നതായി തോന്നുന്നു.”—അഡൊലെസ്സൻസ്: ട്രാൻസിഷൻ ഫ്രം ചൈൽഡ്ഹുഡ് ററു മച്ച്യൂരിററി [ഇംഗ്ലീഷ്].
എന്നാൽ അത്തരം ഉപദേശം നൽകാൻ അവർ എത്രത്തോളം യോഗ്യരാണ്? (മത്തായി 15:14 താരതമ്യം ചെയ്യുക.) നിങ്ങളെപ്പോലെതന്നെ വളർച്ചപ്രാപിക്കുന്നതിന്റെ വൈകാരിക വേദനകൾ അനുഭവിക്കുന്നവരല്ലേ അവരും? അപ്പോൾ എതിർപ്പൊന്നും കൂടാതെ അവർ നിങ്ങൾക്ക് നിലവാരങ്ങൾ നിശ്ചയിച്ചു തരാൻ അനുവദിക്കുന്നത്—അത്തരം നിലവാരങ്ങൾ സാമാന്യ ബുദ്ധിക്ക് അല്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കളുടെ മൂല്യങ്ങൾക്കും ആഗ്രഹങ്ങൾക്കും എതിരായിരിക്കുമ്പോൾ പോലും അങ്ങനെ ചെയ്യുന്നത്—ജ്ഞാനമായിരിക്കുമോ?
ഇന്ന് “സ്വീകാര്യം”—നാളെ “അസ്വീകാര്യം”
മററ് യുവജനങ്ങൾ ഫാഷന്റെ കാററ് ഊതുന്നതനുസരിച്ച് നീങ്ങുന്നു. എന്നാൽ ആ കാററുകൾ എത്ര പെട്ടെന്നാണ് മാറുന്നത്! “ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുകയാണ്,” എന്ന ബൈബിളിലെ വാക്കുകൾ അത് നമ്മെ അനുസ്മരിപ്പിക്കുന്നു. (1 കൊരിന്ത്യർ 7:31) ഇന്ന് “ഫാഷനാ”യിരിക്കുന്നത് നാളെ അമ്പരപ്പിക്കുന്ന വേഗതയിൽ പഴഞ്ചനായിത്തീരുന്നു. (അതുമൂലം ഉണ്ടാകുന്ന ചെലവ് പറയുകയും വേണ്ട) വസ്ത്രത്തിന്റെ വിളുമ്പ് പൊങ്ങുകയും താഴുകയും ചെയ്യുന്നു, പാൻറ്സിന്റെ അടിഭാഗം വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു. വസ്ത്രങ്ങൾ രൂപകല്പന ചെയ്യുന്നവരും നിർമ്മിക്കുന്നവരും അവർക്ക് ഇഷ്ടാനുസരണം കൈകാര്യം ചെയ്യാൻ കഴിയുന്ന പൊതു ജനങ്ങളിൽനിന്ന് വലിയ ലാഭം ഉണ്ടാക്കുന്നതിനാൽ ഇതിൽ നിന്നുളള പ്രയോജനം അവർക്കു മാത്രമാണ്.
ദൃഷ്ടാന്തമായി, ഏതാനും വർഷം മുമ്പ് ജീൻസ് ഫാഷനായി തീർന്നത് പരിഗണിക്കുക. ജീൻസ് വളരെ പെട്ടെന്നാണ് ഏററം മുന്തിയ ഫാഷനായിത്തീർന്നത്. കാൽവിൻ ക്ലിൻ, ഗ്ലോറിയ വാൻഡർബിൽററ് എന്നിങ്ങനെയുളള പേരുകൾ വഹിക്കുന്ന പരസ്യ പലകകളായി നടക്കാൻവേണ്ടി ആളുകൾ വളരെ ഉയർന്ന വിലകൊടുത്തു. “സേർജിയോ വാലൻറി,” ജീൻസ് നിർമ്മിക്കുന്ന കമ്പനിയുടെ പ്രസിഡൻറായ ഏലി കപ്ലാൻ ഇപ്രകാരം വിശദീകരിച്ചു: “ആളുകൾക്ക് ഒരു പേരാണ് വേണ്ടത്.” ജീൻസിന്റെ പോക്കററിൻമേൽ ഇത്ര ശ്രദ്ധേയമായ രീതിയിൽ പേരു തുന്നിപ്പിടിപ്പിച്ചിരിക്കുന്ന ഈ മിസ്ററർ വാലൻറി ആരാണ്? “അങ്ങനെ ഒരാളില്ല” എന്ന് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. വിശദീകരണമായി കപ്ളാൻ തന്നെ ചോദിച്ചു: “ഏലി കപ്ളാൻ ജീൻസ് ആരു വാങ്ങാനാണ്?”
‘ഫാഷനിൽ വസ്ത്രം ധരിക്കുന്നത് തെററാണോ?’ എന്ന് നിങ്ങൾ ചോദിച്ചേക്കാം. അവശ്യം തെററായിരിക്കണമെന്നില്ല. ബൈബിൾ കാലങ്ങളിൽ ദൈവത്തിന്റെ ദാസൻമാർ പ്രാദേശികമായ അഭിരുചിക്കനുസരിച്ച് വസ്ത്രം ധരിച്ചിരുന്നു. താമാർ ഒരു വരയൻ അങ്കി ധരിച്ചിരുന്നു. “എന്തുകൊണ്ടെന്നാൽ അക്കാലത്ത് രാജാവിന്റെ കന്യകമാരായ പുത്രിമാർ വസ്ത്രം ധരിച്ചിരുന്നത് അങ്ങനെയായിരുന്നു” എന്ന് ബൈബിൾ നമ്മോട് പറയുന്നു.—2 ശമൂവേൽ 13:18.
എന്നാൽ ഒരു വ്യക്തി സ്റൈറലിന്റെ അടിമയായിത്തീരേണ്ടതുണ്ടോ? ഒരു കൊച്ചുപെൺകുട്ടി ഇപ്രകാരം പരാതിപ്പെട്ടു: “നിങ്ങൾ കടയിൽ എല്ലാവർക്കും ഉളള ഇനം ഒരു ജോഡി നല്ല പാൻറ്സ് കണ്ടിട്ട് പറയുന്നു ‘മമ്മി, എനിക്കതു വാങ്ങി തരൂ,’ മമ്മി പറയുന്നു, ‘ഇല്ല, അതുപോലെ ഒരെണ്ണം ഞാൻ ഉണ്ടാക്കിത്തരാം.’ എന്നാൽ ഞാൻ പറയുന്നു ‘മമ്മിക്കു മനസ്സിലാകുന്നില്ല, എനിക്ക് ഈ പാൻറ്സാണ് വേണ്ടത്.’” എന്നാൽ വാസ്തവത്തിൽ നിങ്ങൾ ഫാഷൻ സൃഷ്ടിക്കുന്നവരുടെ കൈയിലെ പാവയായിത്തീരുക വഴി നിങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെടുത്തുകയും യഥാർത്ഥത്തിലുളള നിങ്ങളെ മറെയ്ക്കുകയും അല്ലേ ചെയ്യുന്നത്? പ്രലോഭിപ്പിക്കുന്ന പരസ്യങ്ങളാലും മുദ്രാവാക്യങ്ങളാലും സംവിധായക നാമങ്ങളാലും, നിങ്ങൾ എന്തിന് നിയന്ത്രിക്കപ്പെടണം?
റോമർ 12:2-ൽ ബൈബിൾ നമ്മോട് ഇപ്രകാരം പറയുന്നു: “ഈ വ്യവസ്ഥിതിക്ക് അനുരൂപരാകുന്നത് വിട്ടുകളഞ്ഞിട്ട് നല്ലതും സ്വീകാര്യവും പൂർണ്ണവുമായ ദൈവേഷ്ടം നിങ്ങൾക്ക് ഉറപ്പുവരുത്തേണ്ടതിന് മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” നിങ്ങളുടെ വസ്ത്രം തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് ‘ദൈവത്തിന്റെ സ്വീകാര്യമായ ഇഷ്ടം’ എന്താണ്?
‘ലജ്ജാശീലത്തോടുകൂടിയതും നന്നായി ക്രമീകരിക്കപ്പെട്ടതും’
1 തിമൊഥെയോസ് 2:9 “ലജ്ജാശീലത്തോടും ന്യായബോധത്തോടുംകൂടെ നന്നായി ക്രമീകരിക്കപ്പെട്ട വസ്ത്രത്താൽ തങ്ങളെത്തന്നെ അലങ്കരിക്കാൻ” ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. “നന്നായി ക്രമീകരിക്കപ്പെട്ട വസ്ത്രം” സ്വാഭാവികമായും ഭംഗിയും വൃത്തിയും ഉളളതായിരിക്കും. “ലജ്ജാശീലം” സാഹചര്യങ്ങളെ കണക്കിലെടുക്കുന്നു. ഒരു നല്ല സൂട്ട് ജോലി സ്ഥലത്ത് ഉചിതമായിരിക്കാം. എന്നാൽ നീന്താൻ പോകുമ്പോൾ അതു അസ്ഥാനത്തായിരിക്കാം! നേരെമറിച്ച്, നീന്തൽ വസ്ത്രങ്ങളുമായി ഓഫീസ്സിൽ ചെല്ലുന്നത് തികച്ചും അപഹാസ്യമായിരിക്കും.
അതുകൊണ്ട് ക്രിസ്തീയ മീററിംഗുകൾക്ക് ഹാജരാകുമ്പോഴും മററുളളവരോട് പ്രസംഗിക്കുന്ന വേലയിൽ ഏർപ്പെടുമ്പോഴും വസ്ത്രം ധരിക്കുന്നത് അലക്ഷ്യമായിട്ടായിരിക്കാതെ ദൈവത്തിന്റെ യുവശുശ്രൂഷകരെന്നനിലയിൽ തങ്ങളെ തിരിച്ചറിയിക്കുന്ന വിധത്തിലായിരിക്കാൻ യഹോവയുടെ യുവസാക്ഷികൾക്ക് ശ്രദ്ധയുണ്ടായിരിക്കണം. 2 കൊരിന്ത്യർ 6:3, 4-ലെ പൗലോസിന്റെ വാക്കുകൾ ഓർമ്മിക്കുക: “ഞങ്ങളുടെ ശുശ്രൂഷ സംബന്ധിച്ച് ആരും കുററംകണ്ടുപിടിക്കാതിരിക്കേണ്ടതിന് ഞങ്ങൾ യാതൊരു ഇടർച്ചയ്ക്കും കാരണം നൽകാതെ എല്ലാവിധത്തിലും ദൈവത്തിന്റെ ശുശ്രൂഷകരായി ഞങ്ങളെത്തന്നെ ശുപാർശ ചെയ്യുന്നു.”
ലജ്ജാശീലം മററുളളവരുടെ വികാരങ്ങളും കണക്കിലെടുക്കുന്നു. അപ്പോസ്തലനായ പൗലോസ് പറഞ്ഞപ്രകാരം ഒരു ക്രിസ്ത്യാനിയുടെ പ്രവർത്തനങ്ങൾ സ്വന്തം മനസ്സാക്ഷിയെ മാത്രമല്ല “മറേറയാളിന്റെ മനസ്സാക്ഷിയെയും” കൂടെ കണക്കിലെടുക്കണം. (1 കൊരിന്ത്യർ 10:29) നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളുടെ മനസ്സാക്ഷിക്ക് വിശേഷാൽ ശ്രദ്ധ കൊടുക്കേണ്ടതല്ലേ?
ഉചിതമായി വസ്ത്രധാരണം ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ
എസ്ഥേർ രാജ്ഞി അവളുടെ ഭർത്താവായ രാജാവിന്റെ മുമ്പാകെ പ്രത്യക്ഷപ്പെടേണ്ടി വന്ന ഒരു സമയത്തെപ്പററി ബൈബിൾ പറയുന്നു. എന്നാൽ ക്ഷണിക്കപ്പെടാതെ അങ്ങനെ കടന്നു ചെല്ലുന്നത് മരണശിക്ഷ അർഹിക്കുന്ന ഒരു കുററമായി വീക്ഷിക്കപ്പെടാമായിരുന്നു! എസ്ഥേർ ദൈവത്തിന്റെ സഹായത്തിനുവേണ്ടി തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു എന്നതിന് സംശയമില്ല. എന്നാൽ ആ അവസരത്തിന് യോജിച്ച വിധത്തിൽ “രാജകീയമായി വസ്ത്രം ധരിച്ചുകൊണ്ട്” അവൾ തന്റെ പ്രത്യക്ഷതയ്ക്ക് ശ്രദ്ധ കൊടുത്തു! എസ്ഥേർ “അങ്കണത്തിൽ നിൽക്കുന്നതു കണ്ടപ്പോൾതന്നെ അവൾ അയാളുടെ ദൃഷ്ടിയിൽ പ്രീതി നേടി.”—എസ്ഥേർ 5:1, 2.
നിങ്ങൾ ആകർഷകമായും ലജ്ജാശീലത്തോടെയും വസ്ത്രം ധരിക്കുന്നത് ജോലിക്കുവേണ്ടിയുളള ഒരു ഇൻറർവ്യൂവിൽ ഒരു നല്ല ധാരണ നൽകാൻ നിങ്ങളെ സഹായിക്കും. ഒരു തൊഴിലവസര വികസന സെൻററിന്റെ ഡയറക്ടറായ വിക്കി എൽ. ബോം ഇപ്രകാരം നിരീക്ഷിക്കുന്നു: “ജോലിക്കുവേണ്ടിയുളള ഒരു ഇൻറർവ്യൂവിന് പോകുമ്പോൾ എന്തു ചെയ്യണമെന്ന് ചില സ്ത്രീകൾക്കറിഞ്ഞുകൂടാ. അതു ഡെയിററിംഗിലേർപ്പെടുന്നതുപോലെയാണെന്ന് വിചാരിച്ച് അവർ എല്ലാ വശ്യതയോടുംകൂടെ പ്രത്യക്ഷപ്പെടുന്നു.” ഫലമോ? “അതു നിങ്ങൾ തൊഴിൽപരമായ കാര്യക്ഷമതയിൽ കുറവുളളവരായി കാണപ്പെടാൻ ഇടയാക്കുന്നു.” “ഇറുകിയതോ ദുഃസൂചന നൽകുന്ന തരത്തിലുളളതോ ആയ വസ്ത്രം” ധരിക്കുന്നതിനെതിരെ അവർ ബുദ്ധിയുപദേശിക്കുന്നു.
തൊഴിൽതേടുമ്പോൾ യുവാക്കൻമാരും നന്നായി ക്രമീകരിച്ച വസ്ത്രം ധരിക്കാൻ ശ്രമിക്കണം. ജോൺ ററി. മൊളോയ് നിരീക്ഷിക്കുന്നതുപോലെ ബിസ്സിനസ്സുകാർ എല്ലായ്പ്പോഴും “മുടി നന്നായി ചീകിയും ഷൂസ് പോളിഷ് ചെയ്തും കൊണ്ടുനടക്കുന്നു. അവർ മററു പുരുഷൻമാരിൽ നിന്നും അതുതന്നെ പ്രതീക്ഷിക്കുന്നു.”
നിർലജ്ജമായ വസ്ത്രധാരണത്തിന് മററാളുകളുമായുളള നിങ്ങളുടെ ബന്ധത്തെ വഷളാക്കാൻ കഴിയും. “ഇറക്കി വെട്ടിയ ബ്ളൗസ്സും ഇറക്കം കുറഞ്ഞ പാവാടയും ഇറുകിയ ജീൻസും അല്ലെങ്കിൽ ബ്രാ ധരിക്കാത്തതും” ലൈംഗികതയിൽ ഏർപ്പെടാനുളള ഒരു ക്ഷണമായി പുരുഷൻമാർ വ്യാഖ്യാനിക്കുന്നു എന്ന് യുവ പ്രായക്കാർക്കിടയിൽ നടത്തിയ ഒരു സർവ്വേ തെളിയിച്ചതായി സൈക്കോളജി ററുഡേ എന്ന മാസിക പറയുന്നു. “ചെറുപ്പക്കാരികളായ സ്ത്രീകൾ വസ്ത്രധാരണം ചെയ്യുന്ന രീതികാണുമ്പോൾ അവരെപ്പററി ശുദ്ധമായ ചിന്തകൾ മാത്രം ഉണ്ടായിരിക്കുന്നത് പ്രയാസമാണെന്ന് ഞാൻ വ്യക്തിപരമായി കണ്ടെത്തുന്നു,” എന്ന് ഒരു ചെറുപ്പക്കാരൻ സമ്മതിച്ചു. ലജ്ജാശീലത്തോടുകൂടിയ വസ്ത്രധാരണം നിങ്ങളുടെ ഉളളിലെ നല്ല ഗുണങ്ങൾ വിലമതിക്കാൻ ആളുകളെ അനുവദിക്കുന്നു. ഒരു പ്രത്യേക വസ്ത്രത്തിന്റെ ഔചിത്യം സംബന്ധിച്ച് നിങ്ങൾക്ക് നിശ്ചയമില്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കളുടെ ഉപദേശം തേടുക.
“ഉളളിലെ മനുഷ്യനെ” വസ്ത്രം അണിയിക്കൽ
തങ്ങളുടെ അലങ്കാരം “ദൈവദൃഷ്ടിയിൽ വിലയേറിയ—അതെ, മററുളളവരുടെ ദൃഷ്ടിയിലും—അഴിഞ്ഞുപോകാത്ത വസ്ത്രമായ ശാന്തവും സൗമ്യവുമായ ആത്മാവ് ധരിച്ച ഹൃദയത്തിന്റെ ഗൂഢ മനുഷ്യൻ” ആയിരിക്കേണ്ടതിന് അപ്പോസ്തലനായ പത്രോസ് ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (1 പത്രോസ് 3:4) ഫാഷൻ വസ്ത്രങ്ങൾ നിങ്ങളുടെ കൂട്ടുകാരിൽ ചിലരുടെ കണ്ണഞ്ചിപ്പിച്ചേക്കാം. എന്നാൽ വസ്ത്രങ്ങൾ ആരുടെയെങ്കിലും ഹൃദയം കവരുകയോ യഥാർത്ഥ സുഹൃത്തുക്കളെ നേടിത്തരുകയോ ചെയ്യുന്നില്ല. ഇതു സാധിക്കുന്നത് നിങ്ങളുടെ “ഉളളിലെ മനുഷ്യനെ” അണിയിക്കുന്നതിനാലാണ്—നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിനാൽ തന്നെ. (2 കൊരിന്ത്യർ 4:16, ദി യെരൂശലേം ബൈബിൾ) ഉളളിൽ സൗന്ദര്യമുളള ഒരു വ്യക്തി അയാളുടെ വസ്ത്രം ഏററം പുതിയ ഫാഷനനുസരിച്ചുളളതല്ലെങ്കിലും, അതിൽ നിർമ്മാതാക്കളുടെതായ അർത്ഥമില്ലാത്ത “പേരു കൊത്തി”യിട്ടില്ലെങ്കിലും എല്ലായ്പ്പോഴും മററുളളവരുടെ മുമ്പിൽ ആകർഷണീയരായിരിക്കും.
യുവജനങ്ങൾ സ്റേറാറുകളിലേക്ക് പാഞ്ഞു ചെല്ലാനിടയാക്കുന്ന അടുത്ത ഫാഷൻ എന്താണെന്ന് ആർക്കാണ് അറിയാവുന്നത്? എന്നിരുന്നാലും നിങ്ങൾക്ക് സ്വന്തനിലയിൽ ചിന്തിക്കാൻ കഴിയും. വസ്ത്രധാരണത്തിന്റെ സംഗതിയിൽ ഉയർന്ന നിലവാരങ്ങളോട് പററിനിൽക്കുക. അത്യന്താധുനിക ഫാഷനുകളും ലൈംഗികതയ്ക്കു ഊന്നൽ നൽകുന്ന വസ്ത്രങ്ങളും ഒഴിവാക്കുക. ഫാഷൻ ബാൻഡ് വണ്ടിയിൽ ചാടിക്കയറുന്ന ആദ്യത്തെ ആളോ—അവശ്യം അവസാനത്തെ ആളോ—ആയിരിക്കാതെ യാഥാസ്ഥിതികരുടെ കൂടെ ആയിരിക്കുക. ഈടു നിൽക്കുന്നതും പെട്ടെന്ന് ഫാഷൻ അല്ലാതായിത്തീരാത്തതുമായ ഗുണമേൻമയുളള വസ്ത്രം തെരഞ്ഞെടുക്കുക. മാദ്ധ്യമങ്ങളോ നിങ്ങളുടെ കൂട്ടുകാരോ സങ്കൽപ്പിക്കുന്ന ഒരു രൂപം പ്രതിഫലിപ്പിക്കാതെ, നിങ്ങളുടെ വസ്ത്രങ്ങൾ നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വം സംബന്ധിച്ച് ശരിയായ സന്ദേശം പുറപ്പെടുവിക്കുന്നു എന്ന് ഉറപ്പുവരുത്തുക!
ചർച്ചക്കുളള ചോദ്യങ്ങൾ
◻ വസ്ത്രം എങ്ങനെയാണ് ഒരു സന്ദേശം പുറപ്പെടുവിക്കുന്നത്?
◻ ചില യുവജനങ്ങൾ വളരെ വിചിത്രമായ വേഷങ്ങൾ തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണ്?
◻ വസ്ത്രം തെരഞ്ഞെടുക്കുന്ന സംഗതിയിൽ നിങ്ങൾ എത്രത്തോളം നിങ്ങളുടെ കൂട്ടുകാരാൽ സ്വാധീനിക്കപ്പെടുന്നു?
◻ എല്ലായ്പ്പോഴും പുതിയ ഫാഷനനുസരിച്ച് വസ്ത്രധാരണം നടത്തുന്നതുകൊണ്ടുളള ചില കോട്ടങ്ങൾ എന്തൊക്കെയാണ്?
◻ ഒരു സ്റൈറൽ ‘ലജ്ജാശീലത്തോടുകൂടിയതും നന്നായി ക്രമീകരിച്ചതു’മാണോ എന്ന് തീരുമാനിക്കുന്നത് എന്താണ്?
[94-ാം പേജിലെ ആകർഷകവാക്യം]
“നിങ്ങൾ വാസ്തവത്തിൽ ആരാണെന്നും നിങ്ങളേപ്പററിത്തന്നെ എന്തു വിചാരിക്കുന്നു എന്നും തീരുമാനിക്കുന്നതു നിങ്ങളുടെ വസ്ത്രമാണ്”
[91-ാം പേജിലെ ചിത്രം]
എന്തു ധരിക്കണം എന്നതു സംബന്ധിച്ച് മാതാപിതാക്കളും മക്കളും തമ്മിൽ മിക്കപ്പോഴും അഭിപ്രായ ഭിന്നത ഉണ്ടാകുന്നു. മാതാപിതാക്കൾ പഴഞ്ചൻ രീതിക്കാരായിരിക്കുക മാത്രമാണോ?
[92-ാം പേജിലെ ചിത്രം]
അനേകം യുവജനങ്ങൾ വിചിത്രമായ വേഷങ്ങൾ ധരിച്ചുകൊണ്ട് തങ്ങളുടെ വ്യക്തിത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നു
[93-ാം പേജിലെ ചിത്രങ്ങൾ]
സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന വസ്ത്രം ധരിക്കുക. വസ്ത്രം നിങ്ങളെ സംബന്ധിച്ച് ഒരു സന്ദേശം പുറപ്പെടുവിക്കുന്നു