പൂത്തുലയുന്ന താഴ്വര
യൂക്രെയിനിലെ ഉണരുക! ലേഖകൻ
കാർപേത്തിയൻ പർവതനിരകളുടെ മടിത്തട്ടിലെ ഈ കൊച്ചു താഴ്വരയിലേക്ക് വസന്തം വിരുന്നിനെത്തുമ്പോൾ ഫലഭൂയിഷ്ഠമായ ഈ പ്രദേശമാകെ ഒരു പരവതാനിപോലെ ധവളപുഷ്പങ്ങൾ നിറയുകയായി. ഇവിടം സന്ദർശിക്കാൻ ഏറ്റവും പറ്റിയ സമയം വസന്തം വിടവാങ്ങാറാകുമ്പോഴാണ്. ആൽപൈൻ പുൽമേടുകളെ തഴുകിയിറങ്ങുന്ന സുഗന്ധം അവിടമാകെ പരക്കുമ്പോൾ ആ സുന്ദരഭൂമി ഒന്ന് അടുത്തുകാണാൻ സന്ദർശകർക്കു തിടുക്കം.
പ്രകൃതിയുടെ കൺമയക്കുന്ന ഈ പുഷ്പപ്രദർശനം എവിടെയാണ്? നാർസിസ്സി താഴ്വരയിൽ, പശ്ചിമ യൂക്രെയിനിലെ ഖുസ്റ്റിന് അടുത്തുള്ള ഒരു പ്രകൃതിസംരക്ഷണ കേന്ദ്രമാണത്. ഈ താഴ്വരയാകെ കാട്ടു നാർസിസ്സിപ്പൂക്കൾ വിടർന്നു വിലസുന്നു. 400-ലധികം ചെടിവർഗങ്ങൾ ഈ താഴ്വരയിൽ വളരുന്നുണ്ടെങ്കിലും നാർസിസ്സസാണ് ഇവിടത്തെ പുഷ്പറാണി.
ഈ പൂവിന്റെ പേരുതന്നെയാണ് ഈ സംരക്ഷണകേന്ദ്രത്തിനും. വീതി കുറഞ്ഞ ഇലകളുള്ള നാർസിസ്സസ് അഥവാ ഡാഫൊഡിൽ എന്നും ഈ പൂവ് അറിയപ്പെടുന്നു. ശൽക്കകന്ദത്തിൽനിന്ന് വളരുന്ന ഈ ചെടിക്ക് വീതികുറഞ്ഞ് നീണ്ട ഇലകളും കാഹളത്തെ അനുസ്മരിപ്പിക്കുന്ന ഒരു പുഷ്പമകുടത്തെ ചുറ്റി വെള്ളയോ മഞ്ഞയോ നിറത്തിലുള്ള ദളങ്ങളും ഉണ്ട്. ആൽപ്സ്, ബാൾക്കൻസ് എന്നിവിടങ്ങളിലും ഇവ വ്യാപകമായി കാണാം.
നാർസിസ്സി പുഷ്പങ്ങളെ നൂറ്റാണ്ടുകളായി കവികളും സംഗീതജ്ഞരും പാടിപ്പുകഴ്ത്തിയിരിക്കുന്നു. ഇതിന്റെ ഒരു ഇനത്തിന്റെ പേരുതന്നെ നാർസിസ്സസ് പൊയെറ്റിക്കസ് അഥവാ കവിയുടെ നാർസിസ്സസ് എന്നാണ്. എന്നാൽ ഇവയുടെ സൗന്ദര്യത്തിൽ ആകൃഷ്ടരായിട്ടുള്ളത് കവികൾ മാത്രമല്ല. ഒരുകാലത്ത് പുരാതന റോമിലെ ഭരണാധികാരികൾ, ജയിച്ചുവരുന്ന പടയാളികളെ വരവേൽക്കാൻ മഞ്ഞ നാർസിസ്സിപ്പൂക്കൾ ഉപയോഗിച്ചിരുന്നു. പ്രഷ്യയിൽ ഈ പുഷ്പം സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ചിഹ്നമായിരുന്നു. ഇന്ന്, ലോകമെങ്ങുമുള്ള ജനസമുദായങ്ങൾ വാർഷിക ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഈ പൂക്കളുടെ മനോഹാരിതയെ പ്രകീർത്തിക്കുന്നു.
എന്നാൽ ഈ പൂക്കൾക്ക് മനോഹാരിത മാത്രമേ ഉള്ളൂ എന്നു കരുതാൻ വരട്ടെ. നാർസിസ്സസ് എന്ന പേരിന് “മന്ദിപ്പ് ഉണ്ടാകുക” എന്നർഥം വരുന്ന നാർക്കായോ എന്ന ഗ്രീക്ക് പദവുമായി ബന്ധമുണ്ട്. ഇവ ശരിക്കും മന്ദിപ്പ് ഉണ്ടാക്കുന്നുണ്ടോ? നാർസിസ്സി താഴ്വരയിൽ ഈ ചെടികൾ പൂത്തുലയുന്ന സമയത്ത് പടരുന്ന സുഗന്ധം സന്ദർശകരെ ലഹരിപിടിപ്പിക്കും, തലയ്ക്കു പിടിച്ചതുപോലുള്ള ഒരു നേരിയ മന്ദത അനുഭവപ്പെടുകപോലും ചെയ്തേക്കാം!
മയക്കംവരുത്തുന്ന സുഗന്ധം നിമിത്തം ഈ പൂക്കൾക്കു ചില ഔഷധഗുണങ്ങളുണ്ടെന്ന് ചിലർ കരുതിപ്പോന്നിട്ടുണ്ട്. കഷണ്ടിക്ക് മരുന്നായി അറബികൾ നാർസിസ്സസ് എണ്ണ ഉപയോഗിച്ചിരുന്നു. ഫ്രഞ്ചുകാർ ഇതുപയോഗിച്ച് ചുഴലിദീനവും ഹിസ്റ്റീരിയയും ചികിത്സിച്ചിരുന്നു. ഇന്ന്, നാർസിസ്സസ് എണ്ണ സുഗന്ധദ്രവ്യങ്ങളിൽ ചേർക്കാറുണ്ട്. സുഗന്ധദ്രവ്യ ചികിത്സയിൽ ഇതു ശുദ്ധീകരിച്ച് ഉപയോഗിക്കുന്നു.
ഇത് സംരക്ഷിക്കപ്പെടുമോ?
വീതികുറഞ്ഞ ഇലകളുള്ള നാർസിസ്സസ് ഉയർന്ന പർവതനിരകളിലെ അന്തേവാസിയായിട്ടാണ് കരുതപ്പെടുന്നത്. ഈ ചെടി സമുദ്രനിരപ്പിൽനിന്ന് 1,100 മുതൽ 2,060 വരെ മീറ്റർ ഉയരത്തിലുള്ള പ്രദേശങ്ങളിലാണു സാധാരണ വളരുന്നത്. എന്നാൽ നാർസിസ്സി താഴ്വര സ്ഥിതിചെയ്യുന്നത് സമുദ്രനിരപ്പിൽനിന്നു 200 മീറ്റർ ഉയരത്തിലാണ്. ഈ പ്രത്യേക പൂക്കൾ വിരിയുന്ന ഏറ്റവും താഴ്ന്ന പ്രദേശമാണിത്.
പ്രകൃതിയിലെ ഈ വിസ്മയത്തെ സംരക്ഷിക്കുന്നതിനുവേണ്ടി നാർസിസ്സി താഴ്വരയെ 1979-ൽ ഒരു സംരക്ഷണ കേന്ദ്രമാക്കി. ഏതാണ്ട് 20 വർഷങ്ങൾക്കു ശേഷം യൂറോപ്യൻ കൗൺസിൽ വീതികുറഞ്ഞ ഇലകളുള്ള നാർസിസ്സസിനെ സംരക്ഷിത ഇനമായി പ്രഖ്യാപിച്ചു.
പൂക്കാലം കഴിയുമ്പോൾ താഴ്വരയിൽ പുല്ലു ചെത്തുന്നത് ആദ്യമൊക്കെ നിരോധിച്ചിരുന്നു. ഫലമോ? ഏതാനും വർഷങ്ങൾക്കുള്ളിൽ പൂക്കളുടെ എണ്ണം കുറഞ്ഞു. എന്തായിരുന്നു കാരണം? അനിയന്ത്രിതമായി വളരുന്ന പുല്ലുകൾ ചെടിയിലെ പൂവിടാനുള്ള ചെറുനാമ്പുകളെ മുരടിപ്പിച്ചു കളയുന്നതായി ശാസ്ത്രജ്ഞർ മനസ്സിലാക്കി. പുല്ലുചെത്തു നിരോധനം പിൻവലിച്ചപ്പോൾ താഴ്വര വീണ്ടും പഴയപടി പൂത്തുലഞ്ഞു. ഇപ്പോൾ ഈ താഴ്വര വസന്തകാലത്ത് വശ്യമനോഹരമാണ്. മഞ്ഞുകാലത്തുടനീളം കന്നുകാലികൾക്കുള്ള തീറ്റയും ഇവിടെനിന്നു തരപ്പെടുന്നു.
കൺമയക്കുന്ന ഈ പുഷ്പസൗന്ദര്യം, മനോഹരമായി പൂത്തുലയുന്നതിനുള്ള മുഴു ഭൗമഗൃഹത്തിന്റെയും പ്രാപ്തി വിളിച്ചോതുന്നു. വാസ്തവത്തിൽ, അനേകം ബൈബിൾ വിദ്യാർഥികൾ ദൈവരാജ്യത്തിന്റെ ഭരണത്തിൻ കീഴിൽ ഭൂമി സൗന്ദര്യപൂർണമാകുന്ന കാലത്തിനായി കാത്തിരിക്കുകയാണ്. അന്ന്, “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും.” (യെശയ്യാവു 35:1) അതേ, ആദിയിലെ ഏദെൻതോട്ടംപോലെ ഭൂമി ഒരു പറുദീസയായിത്തീരും, അപ്പോൾ നാർസിസ്സി താഴ്വരയിൽ കാണുന്നതുപോലുള്ള പ്രകൃതിസൗന്ദര്യം മുഴുഭൂമിയിലും ദൃശ്യമായിരിക്കും.—ഉല്പത്തി 2:8-15.