യുവജനങ്ങൾ ചോദിക്കുന്നു . . .
എനിക്ക് ഒരു ക്രെഡിറ്റ് കാർഡ് ഉണ്ടായിരിക്കേണ്ടതുണ്ടോ?
“16 വയസ്സുള്ളപ്പോൾ ആണ് ക്രെഡിറ്റ് കാർഡ് വാങ്ങാനുള്ള ക്ഷണം എനിക്ക് ആദ്യമായി തപാലിലൂടെ ലഭിച്ചത്. . . . 18 വയസ്സു കഴിഞ്ഞപ്പോൾ എനിക്ക് 60,000-ത്തോളം ഡോളറിന്റെ കടം ഉണ്ടായിരുന്നു.”—ക്രിസ്റ്റീൻ.
അടിയന്തിര സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴും ഒരുപക്ഷേ ഏതെങ്കിലും കാരണവശാൽ പണം രൊക്കം കൊടുക്കാൻ ഇല്ലാതെ വരുമ്പോഴും ഉപയോഗിക്കാമല്ലോ എന്നു കരുതിയാണ് ക്രിസ്റ്റീൻ ക്രെഡിറ്റ് കാർഡ് വാങ്ങിയത്. എന്നാൽ പിന്നീട് സംഗതികൾ പിടിവിട്ടു പോയി. “യാതൊരു നിയന്ത്രണവുമില്ലാതെ കണ്ണിൽ കണ്ടതെല്ലാം ഞാൻ വാങ്ങിച്ചു കൂട്ടാൻ തുടങ്ങി,” ക്രിസ്റ്റീൻ പറയുന്നു. “ഇഷ്ടമില്ലാത്ത സാധനങ്ങൾ പോലും ഞാൻ വാങ്ങി.” എന്നാൽ ഇപ്പോൾ, ക്രെഡിറ്റ് കാർഡിനെ കുറിച്ചുള്ള ക്രിസ്റ്റീന്റെ വീക്ഷണത്തിനു മാറ്റം വന്നിരിക്കുന്നു. “ആ കൊച്ചു പ്ലാസ്റ്റിക് കഷണം എന്റെ ജീവിതത്തെ ഇത്രയധികം താറുമാറാക്കുമെന്നു ഞാൻ കരുതിയതേയില്ല,” അവൾ പറയുന്നു.—ടീൻ മാസിക.
ക്രിസ്റ്റീന്റേത് ഒരു ഒറ്റപ്പെട്ട അനുഭവമല്ല. ആ കൊച്ചു പ്ലാസ്റ്റിക് കഷണം, അതായത് ക്രെഡിറ്റ് കാർഡ്, ഉപയോഗിക്കുന്നതിന്റെ ഫലമായി സാമ്പത്തിക പ്രതിസന്ധിയുടെ നിലയില്ലാ കയത്തിലേക്ക് സ്വയമറിയാതെ ഒഴുകിനീങ്ങുന്ന യുവജനങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്. കമ്പനികൾ പ്രത്യേകിച്ചു നോട്ടമിടുന്നതും യുവജനങ്ങളെയാണ്. ധാരാളികളായ പലർക്കും ക്രെഡിറ്റ് കാർഡുകൾ, സാമ്പത്തിക ഉപദേഷ്ട്രിയായ ജെയ്ൻ ബ്രയന്റ് ക്വിൻ വിശേഷിപ്പിക്കുന്നതുപോലെ “ഒരു സാമ്പത്തിക ലഹരിപദാർഥം,” ആയി തീർന്നേക്കാം എന്ന കാര്യം ഈ കമ്പനികൾക്ക് അറിയാമെന്നു തോന്നുന്നു. “എത്രയധികം ഉപയോഗിക്കുന്നുവോ അത്രയധികം ബുദ്ധിമുട്ടായിരിക്കും അവയുടെ ഉപയോഗം നിറുത്താനും” എന്ന് ജെയ്ൻ പറയുന്നു.
ക്രെഡിറ്റ് കാർഡ് ഉണ്ടായിരിക്കുന്നതു പ്രയോജനപ്രദമാണെന്നതു ശരിതന്നെ. അടിയന്തിര സാഹചര്യങ്ങളിലോ പണം കൊണ്ടുനടക്കുന്നതു ബുദ്ധിയല്ലാത്ത അവസരങ്ങളിലോ ഒക്കെ അത് ഒരു സഹായമാണ്. ക്രെഡിറ്റ് കാർഡുകൾക്ക് ഐക്യനാടുകളിൽ ഇത്രയധികം പ്രചാരം സിദ്ധിക്കാനുള്ള ഒരു കാരണവും അതാണ്. ഇപ്പോൾ മറ്റു രാജ്യങ്ങളിലും ഇതിന്റെ ഉപയോഗം വർധിച്ചിട്ടുണ്ട്. എന്നാൽ ഉത്തരവാദിത്വബോധത്തോടെ ഉപയോഗിക്കാത്തപക്ഷം അത് ഉപഭോക്താവിനെ കടത്തിലാഴ്ത്തിയേക്കാം. ടൊറന്റോയിലെ ഗ്ലോബ് ആൻഡ് മെയ്ലിൽ വന്ന ഒരു റിപ്പോർട്ടുതന്നെ പരിചിന്തിക്കുക. “ടൊറന്റോയിലെ ക്രെഡിറ്റ് കൗൺസലിങ് സർവീസിന്റെ സഹായം തേടിയിരിക്കുന്ന, 20-നും 23-നും ഇടയ്ക്ക് പ്രായമുള്ള കടബാധിതരുടെ എണ്ണ”ത്തിൽ മൂന്നിരട്ടി വർധനവ് ഉണ്ടായതായി അതു പ്രസ്താവിക്കുന്നു. പലർക്കും 25,000 ഡോളർ വരെ കടം ഉണ്ടായിരുന്നെന്നും കടത്തിന്റെ മുഖ്യ കാരണങ്ങളിൽ ഒന്ന് ക്രെഡിറ്റ് കാർഡ് ബില്ലുകൾ ആയിരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
നിങ്ങൾക്ക് ഒരു ക്രെഡിറ്റ് കാർഡ് ഉണ്ടായിരിക്കേണ്ടതുണ്ടോ? അതു തീരുമാനിക്കേണ്ടതു നിങ്ങളുടെ മാതാപിതാക്കളാണ്. നിങ്ങൾ അൽപ്പം കൂടെ കാത്തിരിക്കേണ്ടതുണ്ട് എന്ന് അവർ കരുതുന്നെങ്കിൽ ക്ഷമ കാട്ടുക. പണം ചെലവഴിക്കുന്ന കാര്യത്തിൽ നിങ്ങൾ വിവേകം പ്രകടമാക്കുന്നതായി തെളിയിക്കുന്നെങ്കിൽ താമസിയാതെ മാതാപിതാക്കൾ നിങ്ങൾക്ക് പണപരമായി കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചുതന്നേക്കാം. (ലൂക്കൊസ് 16:10 താരതമ്യം ചെയ്യുക.) ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിൽ—വാഹനമോടിക്കുന്ന കാര്യത്തിലെന്നപോലെ—പ്രയോജനവും അപകടവും ഉണ്ടെന്നു മനസ്സിലാക്കുക.
ചെലവു കണക്കാക്കൽ
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു സാധനങ്ങൾ വാങ്ങുന്നത് അടിസ്ഥാനപരമായി പണം കടം വാങ്ങുന്നതുപോലെ തന്നെയാണ്. കടം വാങ്ങുന്ന സാഹചര്യങ്ങളിലെ പോലെതന്നെ നിങ്ങൾ കടപ്പെട്ടിരിക്കുന്ന തുക തിരിച്ചടയ്ക്കണം. (സദൃശവാക്യങ്ങൾ 22:7) എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു വാങ്ങുന്ന സാധനങ്ങളുടെ വില നിങ്ങൾ എങ്ങനെയാണ് അടയ്ക്കേണ്ടത്?
സാധാരണഗതിയിൽ, കാർഡ് ഉപയോഗിച്ച് നിങ്ങൾ വാങ്ങിയ സാധനങ്ങൾ എന്തൊക്കെയാണെന്നും നിങ്ങൾ കടപ്പെട്ടിരിക്കുന്ന മൊത്തം തുക എത്രയാണെന്നും കാണിക്കുന്ന അച്ചടിച്ച ഒരു സ്റ്റേറ്റ്മെന്റ് മാസാവസാനം നിങ്ങൾക്കു ലഭിക്കും. അടിയന്തിരമായി നിങ്ങൾ അടയ്ക്കേണ്ട തുകയും അതിൽ കാണിച്ചിരിക്കും. പൊതുവെ ഈ തുക വളരെ കുറവായിരിക്കും. അതുകൊണ്ട്, നിങ്ങൾ ഇങ്ങനെ ന്യായവാദം ചെയ്തേക്കാം: ‘ഇത് വലിയ കുഴപ്പമില്ലാത്ത ഒരു ഏർപ്പാടാണ്. ഓരോ മാസവും അടച്ചിരിക്കേണ്ട ഏറ്റവും കുറഞ്ഞ തുക മാത്രം കൊടുത്താൽ കാലക്രമേണ എന്റെ കടം വീടിക്കൊള്ളും.’ എന്നാൽ ഒരു നിശ്ചിത കാലാവധിക്കു ശേഷം, നിങ്ങൾ അടച്ചു തീർക്കാനുള്ള ബാക്കി തുകയിന്മേൽ പലിശ ഈടാക്കപ്പെടുമെന്നതാണു പ്രശ്നം. ക്രെഡിറ്റ് കാർഡിന്മേലുള്ള പലിശയുടെ നിരക്കു വളരെ ഉയർന്നതായിരിക്കും.a
ജോസഫിന്റെ കാര്യമെടുക്കാം. ഒരു മാസത്തെ സ്റ്റേറ്റ്മെന്റിൽ കാണിച്ചിരുന്നത് അവൻ ഏതാണ്ട് 1,000 ഡോളർ അടച്ചുതീർക്കാനുണ്ട് എന്നായിരുന്നു. തത്കാലം അവന് 20 ഡോളർ—ആ മാസം അടച്ചിരിക്കേണ്ട ഏറ്റവും കുറഞ്ഞ തുക—മാത്രം കൊടുത്താൽ മതിയായിരുന്നു എന്നതു ശരിതന്നെ. എന്നാൽ ജോസഫ് ആ സ്റ്റേറ്റ്മെന്റ് ഒന്നുകൂടെ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, പലിശയായി ഏതാണ്ട് 17 ഡോളർ കൊടുക്കാനുള്ള തുകയിൽ ചേർത്തിരിക്കുന്നതായി അവൻ മനസ്സിലാക്കി! അടച്ചിരിക്കേണ്ട ഏറ്റവും കുറഞ്ഞ തുകയായ 20 ഡോളർ കൊടുത്താൽത്തന്നെ കടമായിട്ടുള്ള 1,000 ഡോളറിൽ 3 ഡോളർ മാത്രമേ അവൻ അടച്ചു തീർക്കുന്നുള്ളൂ എന്നർഥം!
അടച്ചിരിക്കേണ്ട ഏറ്റവും കുറഞ്ഞ തുക മാത്രമേ നിങ്ങൾ കൊടുക്കുന്നുള്ളൂ എങ്കിൽ ക്രെഡിറ്റ് കാർഡ് ബിൽ അടച്ചുതീർക്കാൻ എത്ര കാലം വേണ്ടി വരും? ഫെഡറൽ ട്രേഡ് കമ്മീഷനും അമേരിക്കൻ എക്സ്പ്രസും ചേർന്ന് പ്രസിദ്ധീകരിച്ച ഒരു ചെറുപുസ്തകം ഒരു ഉദാഹരണം നൽകുന്നു: “2,000 ഡോളർ നിങ്ങൾ അടച്ചുതീർക്കേണ്ടതുണ്ട് എന്നിരിക്കട്ടെ. 18.5 ശതമാനം പലിശയുമുണ്ട്. പ്രതിമാസം അടച്ചിരിക്കേണ്ട ഏറ്റവും കുറഞ്ഞ തുക ഒരു ചെറിയ സംഖ്യ മാത്രമാണെന്നും കരുതുക. എങ്കിൽ കടം വീടാൻ 11 വർഷത്തിലധികം വേണ്ടിവരും. തന്നെയുമല്ല, വേറെ 1,934 ഡോളർ പലിശയായി മാത്രം പോകും. അതായത്, നിങ്ങൾ വാങ്ങിയ സാധനങ്ങളുടെ മൊത്തം വിലയുടെ ഇരട്ടിയോളം നിങ്ങൾ അടച്ചുതീർക്കേണ്ടി വരും.”
നാം കണ്ടു കഴിഞ്ഞതുപോലെ, ശ്രദ്ധിച്ചില്ലെങ്കിൽ ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം ഒരുപക്ഷേ പുറത്തുകടക്കാൻ സാധിക്കാത്ത വിധത്തിൽ നിങ്ങളെ കടക്കെണിയിൽ അകപ്പെടുത്തിയേക്കാം. “വാസ്തവത്തിൽ വാങ്ങിയ ഓരോ സാധനത്തിനും വിലയുടെ ഇരട്ടിയോളം തുകയായിരുന്നു ഞാൻ അടച്ചുകൊണ്ടിരുന്നത്,” ക്രിസ്റ്റീൻ പറയുന്നു. “സമയത്തിനു പണമടയ്ക്കാൻ സാധിക്കാതെ വന്നപ്പോൾ അതിനുള്ള പിഴയായി വേറെയും തുക എനിക്ക് അടയ്ക്കേണ്ടി വന്നു. എന്തു ചെയ്യണമെന്ന് എനിക്ക് യാതൊരു പിടിയുമില്ലായിരുന്നു.”
ക്രെഡിറ്റ് കാർഡ് ഉത്തരവാദിത്വബോധത്തോടെ ഉപയോഗിക്കൽ
സാധനങ്ങൾ വാങ്ങിക്കുന്നതു സംബന്ധിച്ച്, “ഇപ്പോൾ വാങ്ങൂ, അടയ്ക്കുന്നതു പിന്നെയാകാം” എന്ന സമീപനം അപകടമാണെന്ന് ക്രിസ്റ്റീൻ മനസ്സിലാക്കിയത് കയ്പേറിയ അനുഭവത്തിലൂടെ ആയിരുന്നു. കണ്ണു ചിമ്മിത്തുറക്കുന്ന സമയംകൊണ്ട് കടം കുന്നുകൂടിയേക്കാം. പ്രതിമാസം അടച്ചിരിക്കേണ്ട ഏറ്റവും കുറഞ്ഞ തുക കൊടുക്കുക വഴി പലിശ മാത്രമേ അടയ്ക്കുന്നുള്ളൂ എന്നു നിങ്ങൾ മനസ്സിലാക്കും. ഉത്തരവാദിത്വബോധത്തോടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ അത്തരം ഒരു കടക്കെണിയിൽ അകപ്പെടാതെ സൂക്ഷിക്കുന്നത് എങ്ങനെയാണ്?
• വാങ്ങിച്ച സാധനങ്ങൾ എന്തൊക്കെയാണെന്നതു സംബന്ധിച്ച് അവർ ഒരു രേഖ സൂക്ഷിക്കുന്നു. കൂടാതെ പ്രതിമാസ സ്റ്റേറ്റ്മെന്റുകൾ അവർ ശ്രദ്ധാപൂർവം പരിശോധിച്ച് തങ്ങൾ വാങ്ങിച്ച സാധനങ്ങൾക്കുള്ള വില മാത്രമേ ഈടാക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുന്നു.
• അവർ തങ്ങളുടെ ബില്ലുകൾ കൃത്യമായി അടച്ചുതീർക്കുന്നു. കാരണം ക്രെഡിറ്റ് കാർഡ് നല്ല രീതിയിൽ ഉപയോഗിക്കുന്നതായുള്ള രേഖ പിന്നീട്—ഒരുപക്ഷേ ഒരു ജോലിക്കോ ഇൻഷ്വറൻസിനോ വേണ്ടി അപേക്ഷിക്കുമ്പോൾ അല്ലെങ്കിൽ ഒരു കാറോ വീടോ വാങ്ങാൻ ലോൺ എടുക്കുമ്പോൾ—സഹായകമായേക്കുമെന്ന് അവർക്ക് അറിയാം.
• സാധ്യമെങ്കിൽ അവർ കടപ്പെട്ടിരിക്കുന്ന മുഴു തുകയും മൊത്തമായി അടച്ചുതീർക്കുന്നു, അങ്ങനെ ഉയർന്ന പലിശ നൽകുന്നത് ഒഴിവാക്കുന്നു.
• ഇടപാടു നടത്തുന്ന വ്യക്തിയെയോ കമ്പനിയെയോ അടുത്തു പരിചയമില്ലെങ്കിൽ ടെലഫോണിലൂടെ അവർ തങ്ങളുടെ ക്രെഡിറ്റ് കാർഡ് നമ്പരും അതിന്റെ കാലാവധി തീരുന്ന തീയതിയും പറഞ്ഞു കൊടുക്കുകയില്ല.
• അവർ തങ്ങളുടെ ക്രെഡിറ്റ് കാർഡ് ആർക്കും, സുഹൃത്തിനു പോലും കടമായി കൊടുക്കുകയില്ല. കാരണം കാർഡ് ദുരുപയോഗം ചെയ്യപ്പെടുന്നപക്ഷം കാർഡ് ഉടമയുടെ ക്രെഡിറ്റ് രേഖയെ ആയിരിക്കും അതു ബാധിക്കുക.
• പണം പെട്ടെന്നെടുക്കാനായി ഒരു ബാങ്ക് കാർഡ് എന്ന പോലെ അവർ തങ്ങളുടെ ക്രെഡിറ്റ് കാർഡ് ഒരിക്കലും ഉപയോഗിക്കുകയില്ല. കാരണം, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു പണമെടുക്കുമ്പോഴത്തെ പലിശ നിരക്ക് സാധനങ്ങൾ വാങ്ങുമ്പോഴത്തെതിനെക്കാൾ ഉയർന്നതാണ്.
• ലഭിക്കുന്ന എല്ലാ ക്രെഡിറ്റ് കാർഡ് അപേക്ഷാഫാറങ്ങളും അവർ പൂരിപ്പിച്ച് അയയ്ക്കുകയില്ല. ഒട്ടുമിക്ക യുവജനങ്ങളെയും സംബന്ധിച്ചിടത്തോളം ഒരു കാർഡുതന്നെ ധാരാളമാണ്.
• അവർ തങ്ങളുടെ ക്രെഡിറ്റ് കാർഡ് ശ്രദ്ധാപൂർവം ഉപയോഗിക്കുന്നു. അത് ഉപയോഗിച്ച് എന്തെങ്കിലും സാധനങ്ങൾ വാങ്ങുമ്പോൾ കറൻസി നോട്ടുകളുടെയോ നാണയത്തിന്റെയോ രൂപത്തിൽ അല്ലെങ്കിലും തങ്ങൾ ശരിക്കുള്ള പണം തന്നെയാണു ചെലവഴിക്കുന്നത് എന്ന് അവർക്കു നന്നായി അറിയാം.
പ്രയോജനങ്ങൾ ആസ്വദിക്കൽ
നിങ്ങൾക്ക് ഇപ്പോൾത്തന്നെ ഒരു ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിലും സമീപ ഭാവിയിൽ ഒരെണ്ണം വാങ്ങാൻ പരിപാടിയുണ്ടെങ്കിലും അതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്താണെന്നു നന്നായി അറിഞ്ഞിരിക്കേണ്ടതുണ്ട്. പിൻവരുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കുക: ഒരു ക്രെഡിറ്റ് കാർഡ് വേണമെന്ന് എനിക്കു തോന്നുന്നത് എന്തുകൊണ്ടാണ്? അത് ഭൗതിക വസ്തുക്കൾ സമ്പാദിക്കാനും ഏറ്റവും പുതിയ ഫാഷനിലുള്ള സാധനങ്ങൾ ഉണ്ടായിരിക്കാനും സുഹൃത്തുക്കളിൽ മതിപ്പുളവാക്കാനും വേണ്ടി മാത്രമാണോ? അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുണ്ടെങ്കിൽ—ക്രിസ്തീയ അപ്പൊസ്തലനായ പൗലൊസിന്റെ വാക്കുകളിൽ പറഞ്ഞാൽ, “ഉണ്മാനും ഉടുപ്പാനും” ഉണ്ടെങ്കിൽ—അതുകൊണ്ടു തൃപ്തിപ്പെടാൻ ഞാൻ കൂടുതലായി പഠിക്കേണ്ടതുണ്ടോ? (1 തിമൊഥെയൊസ് 6:8) ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം മൂലം ഉണ്ടാകുന്ന കടബാധ്യതകൾ, ജീവിതത്തിൽ കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ വിട്ടുകളയേണ്ടി വരത്തക്കവിധമുള്ള താങ്ങാനാകാത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ എനിക്കു വരുത്തി വെക്കുമോ?—മത്തായി 6:33; ഫിലിപ്പിയർ 1:8-11, NW.
ഈ ചോദ്യങ്ങളെ കുറിച്ചു ഗഹനമായി ചിന്തിക്കുക, മാതാപിതാക്കളുമൊത്ത് അവ ചർച്ച ചെയ്യുക. അങ്ങനെ ചെയ്യുന്നപക്ഷം ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്ക്, പലരും സ്വയം വരുത്തിവെച്ചിരിക്കുന്ന സാമ്പത്തിക പരാധീനതകൾ ഒഴിവാക്കാൻ സാധിക്കും.—സദൃശവാക്യങ്ങൾ 22:3.
[അടിക്കുറിപ്പുകൾ]
a ഒരു ക്രെഡിറ്റ് കാർഡ് കമ്പനി ചുമത്തുന്ന പലിശ എത്രയാണെന്ന് അപേക്ഷാഫാറത്തിലോ പ്രതിമാസ സ്റ്റേറ്റ്മെന്റിലോ കൊടുത്തിരിക്കുന്ന വാർഷിക പലിശ നിരക്കു നോക്കിയാൽ അറിയാൻ കഴിയും.
[19-ാം പേജിലെ ചതുരം]
അച്ഛനമ്മമാരുമായി കൂടിയാലോചിക്കുന്നതിന്റെ പ്രാധാന്യം
പല യുവജനങ്ങൾക്കും ക്രെഡിറ്റ് കാർഡ് വാങ്ങാനുള്ള ആദ്യ അവസരം ലഭിക്കുന്നത് തപാൽവഴി അപേക്ഷാഫാറം കിട്ടുമ്പോഴാണ്. ചിലർക്ക് അത്തരത്തിലുള്ള നിരവധി അപേക്ഷാഫാറങ്ങൾ ലഭിക്കാറുണ്ട്. ജെയ്ൻ ബ്രയന്റ് ക്വിൻ ഇപ്രകാരം പറയുന്നു: “യുവജനങ്ങളെക്കൊണ്ട് ക്രെഡിറ്റ് കാർഡ് വാങ്ങിപ്പിക്കാൻ ക്രെഡിറ്റ് കാർഡ് കമ്പനികൾക്കിടയിൽ കടുത്ത മത്സരംതന്നെ ഉണ്ട്. കാരണം, ഒരു വ്യക്തി ആദ്യം ഉപയോഗിക്കാൻ തുടങ്ങിയ അതേ കമ്പനിയുടെ കാർഡ് തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കാൻ പ്രവണത കാട്ടുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.”
സാധാരണഗതിയിൽ, നല്ല ഒരു ക്രെഡിറ്റ് കാർഡ് രേഖയുള്ള അച്ഛനോ അമ്മയോ അല്ലെങ്കിൽ മുതിർന്ന ഏതെങ്കിലും ഒരു വ്യക്തിയോ ക്രെഡിറ്റ് കാർഡ് അപേക്ഷാഫാറത്തിൽ ഒപ്പിടേണ്ടതുണ്ട്. അങ്ങനെയാകുമ്പോൾ, ചുമത്തപ്പെടുന്ന തുക ഉപഭോക്താവ് അടച്ചുതീർക്കുമെന്ന് കാർഡ് നൽകുന്ന കമ്പനിക്ക് ഒരു പരിധിവരെ ഉറപ്പുണ്ടായിരിക്കാൻ കഴിയും. എന്നാൽ സങ്കടകരമെന്നു പറയട്ടെ, പല യുവജനങ്ങളും ഇക്കാര്യത്തിൽ കള്ളത്തരം കാട്ടാറുണ്ട്. ഒരു യുവപ്രായക്കാരി, മുത്തശ്ശിയുടെ അറിവു കൂടാതെ മുഖ്യ അപേക്ഷകയായി അവരുടെ പേരും കൂട്ട് അപേക്ഷകയായി സ്വന്തം പേരും നൽകി. തനിക്ക് പതിനായിരക്കണക്കിനു ഡോളറിന്റെ കടബാധ്യതയുള്ളതായി അറിഞ്ഞപ്പോഴത്തെ ആ മുത്തശ്ശിയുടെ അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ!
ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷാഫാറത്തിൽ അച്ഛന്റെയോ അമ്മയുടെയോ വേറെ ആരുടെയെങ്കിലുമോ കള്ളയൊപ്പ് ഇടുന്നത് സത്യസന്ധതയില്ലായ്മയാണ്. ദൈവം അതിനെ വെറുക്കുന്നു. (സദൃശവാക്യങ്ങൾ 11:1; എബ്രായർ 13:18, NW) അതുകൊണ്ട് ഒരു ക്രെഡിറ്റ് കാർഡ് വേണമെന്നു തോന്നുന്നുണ്ടെങ്കിൽ അച്ഛനമ്മമാരുമായി അതേക്കുറിച്ചു സംസാരിക്കുക. അവരുടെ സമ്മതത്തോടെ കാര്യങ്ങൾ ചെയ്യുന്നത് ഭാവിയിലേക്ക് വളരെ പ്രയോജനം ചെയ്യും. കടങ്ങൾ എങ്ങനെയാണ് അടച്ചുതീർക്കേണ്ടത് എന്നതു സംബന്ധിച്ച് നിങ്ങളുടെ അച്ഛനമ്മമാർക്ക് പരിചയമുണ്ടായിരിക്കാം എന്ന് ഓർക്കുക. നിങ്ങൾക്കു നല്ല ബുദ്ധിയുപദേശം തരാൻ അവർക്കു കഴിഞ്ഞേക്കും. അതുകൊണ്ട് അവരുമായി സംസാരിക്കുക. ക്രെഡിറ്റ് കാർഡ് ലഭിക്കാനായി സത്യസന്ധമല്ലാത്ത മാർഗങ്ങൾ ഒരിക്കലും അവലംബിക്കരുത്.
[18-ാം പേജിലെ ചിത്രം]
ലാഘവബുദ്ധിയോടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയേക്കാം