കുറ്റകൃത്യങ്ങളുടെ പാത വിട്ട പ്രത്യാശയുടെ പാതയിലേക്ക്
കോസ്റ്റാ കൂലാപിസ് പറഞ്ഞ പ്രകാരം
തടവുമുറിയുടെ വൃത്തിഹീനമായ ചുവരിൽ കണ്ണുംനട്ട് ഞാനിരുന്നു. എങ്ങനെയെങ്കിലും കുറെയേറെ പണമുണ്ടാക്കാനുള്ള ഒരു വഴി കണ്ടുപിടിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ജീവിതം അപ്പോഴേക്കും കുറ്റകൃത്യങ്ങളുടെ ഒരു പരമ്പരയായി മാറിക്കഴിഞ്ഞിരുന്നു. അതിൽ നിന്നു രക്ഷപ്പെട്ട് ഒരു പുതിയ ജീവിതം തുടങ്ങാൻ എനിക്കു പണം ആവശ്യമായിരുന്നു.
തകർന്നു നുറുങ്ങിയ മനസ്സോടെ അവിടെയങ്ങനെ ഇരുന്നപ്പോൾ, തലേ വർഷം സുഹൃത്തുക്കളിൽ 11 പേർ മരണമടഞ്ഞ കാര്യം ഞാനോർത്തു. ഒരാളെ കൊലക്കുറ്റത്തിന് തൂക്കിക്കൊല്ലുകയായിരുന്നു. മറ്റൊരാൾ, കൊലക്കുറ്റത്തിന് വിചാരണയും കാത്തിരിക്കവെ ആത്മഹത്യ ചെയ്തു. കഴിച്ച മയക്കുമരുന്നുകളുടെ ഡോസ് കൂടിപ്പോയതാണ് മറ്റു മൂന്നു പേരുടെ മരണകാരണം. രണ്ടു പേരെ തെരുവിലെ കലഹങ്ങൾക്കിടയിൽ തല്ലിക്കൊല്ലുകയായിരുന്നു. ബാക്കി നാലുപേർ, വാഹനാപകടത്തിലാണ് മരണമടഞ്ഞത്. ഇതുംകൂടാതെ, ഗുരുതരമായ കുറ്റങ്ങൾക്കു ജയിൽ ശിക്ഷയനുഭവിച്ചുകൊണ്ടിരുന്ന നിരവധി സുഹൃത്തുക്കളും എനിക്കുണ്ടായിരുന്നു.
തടവുമുറിയിലെ മനംമടുപ്പിക്കുന്ന അന്തരീക്ഷത്തിൽ, ഞാൻ ദൈവത്തോട് ഉള്ളുരുകി പ്രാർഥിച്ചു. അവൻ ആരായിരുന്നാലും, കുറ്റകൃത്യങ്ങളുടെ ലോകത്തു നിന്ന് പുറത്തു കടക്കാനുള്ള മാർഗം എനിക്കു കാണിച്ചുതരേണമേ എന്നു ഞാൻ യാചിച്ചു. ആ പ്രാർഥനയ്ക്ക് ഉത്തരം ലഭിച്ചത് കുറച്ചു നാൾകഴിഞ്ഞാണ്. അതിനിടയിൽ, സാരമായി പരിക്കേൽപ്പിക്കുക എന്ന ലക്ഷ്യത്തിൽ ആക്രമണം നടത്തി എന്ന ഗൗരവതരമായ കുറ്റാരോപണത്തിൽ നിന്ന് ഒരുവിധം തലയൂരുന്നതിന് എനിക്കു കഴിഞ്ഞു. എന്റെ മേലുള്ള കുറ്റവും ശിക്ഷയും ഇളച്ചുകിട്ടുന്നതിനു വേണ്ടിയുള്ള ഹർജി കോടതി അംഗീകരിച്ചതാണു കാരണം. എങ്കിലും ആ സാഹചര്യത്തിൽ ഞാൻ ചെന്നുപെട്ട വിധം ഒന്നു വിശദമാക്കട്ടെ.
1944-ൽ ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലാണ് ഞാൻ ജനിച്ചത്. വളർന്നതും അവിടെത്തന്നെ. എന്റെ ബാല്യം അസന്തുഷ്ടമായിരുന്നു. പിതാവിന് മൂക്കിൻ തുമ്പത്തായിരുന്നു ശുണ്ഠി. മിക്കപ്പോഴും അതു ഞങ്ങളുടെ കുടുംബജീവിതം ദുരിതപൂർണമാക്കിത്തീർത്തു. പോരാത്തതിന് അദ്ദേഹം ഒരു മുഴുക്കുടിയനായിരുന്നു. ഒപ്പം, കടുത്ത ചൂതാട്ടക്കാരനും. എപ്പോഴാണ് അദ്ദേഹത്തിന്റെ മട്ടു മാറുക എന്നു പറയാൻ കഴിയില്ല. അങ്ങനെ സംഭവിച്ചാൽ, പിന്നത്തെ പുകിലൊട്ടു പറയുകയും വേണ്ട. ചെവി പൊട്ടിപ്പോകുന്ന ശകാരമാകും ഞങ്ങൾക്കൊക്കെ കേൾക്കേണ്ടി വരിക. ഞങ്ങളെ കണക്കറ്റ് ഉപദ്രവിക്കുകയും ചെയ്യും. അമ്മയ്ക്കായിരുന്നു ഇതെല്ലാം ഏറ്റവും കൂടുതൽ സഹിക്കേണ്ടി വന്നിരുന്നത്. വീട്ടിലെ സ്ഥിരം കലഹങ്ങളിൽ നിന്നു രക്ഷപ്പെടാനായി ഞാൻ തെരുവിലേക്ക് ഇറങ്ങിത്തിരിച്ചു.
കുറ്റകൃത്യത്തിലേക്കുള്ള വഴി
അങ്ങനെ, നന്നേ ചെറുപ്പത്തിൽത്തന്നെ ഞാൻ ലോകത്തിന്റെ വഴികളുമായി പരിചിതനായി തീർന്നു. ഉദാഹരണത്തിന്, എട്ടാം വയസ്സിൽ ഞാൻ രണ്ടു പാഠങ്ങൾ പഠിച്ചു. അയൽപക്കത്തെ ഒരു വീട്ടിൽ നിന്നു മോഷ്ടിച്ച കളിപ്പാട്ടങ്ങൾ സഹിതം എന്നെ പിടികൂടിയപ്പോഴായിരുന്നു ആദ്യത്തേത്. പിതാവിന്റെ വകയായി അതിന് എനിക്കു നല്ല ചുട്ട അടി കിട്ടി. കോപംകൊണ്ട് ഉറഞ്ഞുതുള്ളുകയായിരുന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്: “ഇനിയെങ്ങാനും ഇതുപോലെ കട്ടെടുത്ത സാധനങ്ങൾ നിന്റെ കൈയിൽ കണ്ടാൽ, നിന്നെ ഞാൻ കൊന്നു കുഴിച്ചു മൂടും!” അന്നു ഞാൻ ഒരു തീരുമാനമെടുത്തു. ഇനി മോഷ്ടിക്കില്ല എന്നല്ല, മറിച്ച്, പിടികൊടുക്കാതെ നോക്കും എന്ന്. ‘അടുത്ത തവണ ഞാൻ അത് ഒളിപ്പിച്ചു വെക്കും. അപ്പോൾ പിന്നെ എന്നെ ആർക്കും പിടികൂടാൻ സാധിക്കില്ല,’ ഞാൻ വിചാരിച്ചു.
വളരെ ചെറുപ്പത്തിൽത്തന്നെ ഞാൻ പഠിച്ച രണ്ടാമത്തെ പാഠം പക്ഷേ, കുറ്റകൃത്യവുമായി യാതൊരു ബന്ധവുമില്ലാത്തതായിരുന്നു. സ്കൂളിലെ ഒരു വേദപാഠ ക്ലാസ്സിൽ വെച്ച്, ദൈവത്തിന് ഒരു വ്യക്തിപരമായ നാമം ഉണ്ട് എന്ന് അധ്യാപിക ഞങ്ങളോടു പറഞ്ഞു. ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ട് അവർ ഇങ്ങനെ തുടർന്നു: “ദൈവത്തിന്റെ പേര് യഹോവ എന്നാണ്. മാത്രമല്ല, തന്റെ പുത്രനായ യേശുവിന്റെ നാമത്തിൽ പ്രാർഥിക്കുന്നിടത്തോളം കാലം അവൻ നിങ്ങളുടെ പ്രാർഥനകളെല്ലാം കേൾക്കുകയും ചെയ്യും.” ആ വാക്കുകൾ എന്റെ ഇളംമനസ്സിൽ ആഴത്തിൽ പതിഞ്ഞു, കുറ്റകൃത്യങ്ങൾ നിറഞ്ഞ ഒരു ജീവിതഗതിയിലേക്കു വഴുതി വീഴുന്നതിൽ നിന്ന് അത് എന്നെ തടഞ്ഞില്ലെങ്കിൽ കൂടിയും. ഹൈസ്കൂളിൽ ആയപ്പോഴേക്കും, കടകളിൽനിന്നു മോഷണം നടത്തുന്നതിലും കുത്തിക്കവർച്ചകൾ നടത്തുന്നതിലുമൊക്കെ ഞാൻ വിദഗ്ധനായി കഴിഞ്ഞിരുന്നു. സ്കൂളിലെ എന്റെ കൂട്ടുകാരൊന്നും നല്ലവരായിരുന്നില്ല. മിക്കവരും പലതരം കുറ്റകൃത്യങ്ങൾ ചെയ്തതിന്റെ പേരിൽ അതിനോടകംതന്നെ ദുർഗുണപരിഹാര പാഠശാലയിൽ കഴിഞ്ഞിട്ടുള്ളവരായിരുന്നു.
വർഷങ്ങൾ കടന്നുപോയതോടെ, ഞാൻ ഒരു സ്ഥിരം കുറ്റവാളി ആയിത്തീർന്നു. കൗമാരത്തിന്റെ പടിയിറങ്ങുന്നതിനു മുമ്പുതന്നെ ഞാൻ അസംഖ്യം പിടിച്ചുപറികളിലും കുത്തിക്കവർച്ചകളിലും കാർമോഷണങ്ങളിലും ഗുരുതരമായി പരിക്കേൽപ്പിക്കാൻ പോന്ന ആക്രമണങ്ങളിലും മറ്റും ഉൾപ്പെട്ടു. ബില്യാർഡ്സ് കളിസ്ഥലങ്ങളിലും ബാറുകളിലുമൊക്കെ കറങ്ങിയടിച്ചു നടക്കുകയും വേശ്യകളുടെയും കൂട്ടിക്കൊടുപ്പുകാരുടെയും കുറ്റവാളികളുടെയുമെല്ലാം കയ്യാളായി പ്രവർത്തിക്കുകയും ചെയ്തതു കൊണ്ട് ടെക്നിക്കൽ ഹൈസ്കൂളിലെ ആദ്യ വർഷം പോലും പൂർത്തിയാക്കാൻ എനിക്കു കഴിഞ്ഞില്ല.
കല്ലു പോലെ കടുത്ത ഹൃദയമുള്ള കുറ്റവാളികളുമായായിരുന്നു എന്റെ സ്ഥിരം കൂട്ടുകെട്ട്. തങ്ങളെ ചതിക്കുന്നവരെ ക്രൂരമായി പരിക്കേൽപ്പിക്കുന്നതിൽ ഇക്കൂട്ടർക്കു തെല്ലും മടിയില്ല. അനാവശ്യമായി സംസാരിക്കാതിരിക്കുകയും സ്വന്തം നേട്ടങ്ങളെ കുറിച്ചു വീമ്പു പറയാതിരിക്കുകയും പരസ്യമായി പണക്കൊഴുപ്പ് കാണിക്കാതിരിക്കുകയും ചെയ്യുന്നതാണു നല്ലത് എന്നു ഞാൻ പഠിച്ചു. ഇതെല്ലാം ഒരു കുറ്റകൃത്യം നടന്നിട്ടുള്ള കാര്യം പരസ്യമാക്കാനേ ഇടയാക്കൂ. അങ്ങനെ, സംഭവം പൊലീസിന്റെ ചെവിയിലെത്തിയേക്കാം. പിന്നെ, അവരുടെ മൂർച്ചയേറിയ ചോദ്യങ്ങൾക്കു സമാധാനം പറയണം. എന്നാൽ, കിട്ടിയ മുതലിന്റെ പങ്കും ആവശ്യപ്പെട്ടു കൊണ്ടുള്ള മറ്റു കുറ്റവാളികളുടെ അപ്രതീക്ഷിതമായ സന്ദർശനങ്ങൾക്കും അതു കാരണമായേക്കാം എന്നതാണ് അതിലും കഷ്ടം.
ഈ മുൻകരുതലുകളെല്ലാം ഉണ്ടായിരുന്നിട്ടും പക്ഷേ, നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു എന്ന സംശയത്തിന്റെ പേരിൽ ഞാൻ ചിലപ്പോഴെല്ലാം പൊലീസ് നിരീക്ഷണത്തിൻ കീഴിൽ ആയിട്ടുണ്ട്. എന്നാൽ കുറ്റം ചുമത്താനോ ഏതെങ്കിലും ഒരു കുറ്റകൃത്യവുമായി ബന്ധപ്പെടുത്താനോ പോന്ന യാതൊന്നും കൈവശം വെക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഒരിക്കൽ, വെളുപ്പിന് മൂന്നു മണിക്കു പൊലീസ് ഞങ്ങളുടെ വീടു റെയ്ഡു ചെയ്തു. വൈദ്യുത ഉപകരണങ്ങൾക്കു വേണ്ടി അവർ രണ്ടുതവണ വീടു മുഴുവൻ അരിച്ചുപെറുക്കി. ആ പരിസരത്തുള്ള ഒരു മൊത്തവ്യാപാരിയുടെ ചരക്കുകൾ മോഷണം പോയിരുന്നു. എന്നാൽ പൊലീസിന് എന്റെ വീട്ടിൽ നിന്ന് യാതൊന്നും കണ്ടെടുക്കാനായില്ല. വിരലടയാളം എടുക്കുന്നതിന് അവർ എന്നെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയെങ്കിലും കുറ്റമൊന്നും ചുമത്തിയില്ല.
മയക്കുമരുന്നു രംഗത്തേക്ക്
12-ാം വയസ്സു മുതൽ ഞാൻ മയക്കുമരുന്നുകൾ പതിവായി ഉപയോഗിക്കാൻ തുടങ്ങി. ഇതുനിമിത്തം എന്റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. കഴിച്ച മയക്കുമരുന്നുകളുടെ ഡോസ് കൂടിപ്പോയിട്ടുള്ള പല സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ഏറെ താമസിയാതെ, ശക്തമായ അധോലോകബന്ധങ്ങൾ ഉണ്ടായിരുന്ന ഒരു ഡോക്ടറെ ഞാൻ പരിചയപ്പെടാൻ ഇടയായി. അങ്ങനെ, ഞാനൊരു മയക്കുമരുന്ന് ഇടപാടുകാരൻ ആയിത്തീർന്നു. എന്നാൽ, മയക്കുമരുന്നുകൾ വിൽക്കാൻ ഏതാനും പേരെ ചുമതലപ്പെടുത്തുന്നതാണു നല്ലത് എന്നു ഞാൻ പെട്ടെന്നുതന്നെ മനസ്സിലാക്കി. അങ്ങനെയെങ്കിൽ, എന്തെങ്കിലും കുഴപ്പമുണ്ടാകുന്ന പക്ഷം അതു മറ്റുള്ളവരുടെ തലയിലിരുന്നുകൊള്ളും, എന്നെ അത് അത്ര കാര്യമായിട്ടൊന്നും ബാധിക്കുകയുമില്ല.
സങ്കടകരമെന്നു പറയട്ടെ, എന്റെ മയക്കുമരുന്ന് ഇടപാടുകാരിൽ ചിലർ അത് അമിതമായി ഉപയോഗിച്ചതിന്റെ ഫലമായി മരിച്ചുപോയിട്ടുണ്ട്. മറ്റു ചിലരാകട്ടെ, അതിന്റെ സ്വാധീനത്തിൻ കീഴിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തിരിക്കുന്നു. എന്റെ ഒരു “സുഹൃത്ത്” പ്രമുഖനായ ഒരു ഡോക്ടറെ വകവരുത്തി. രാജ്യമൊട്ടാകെ വർത്തമാനപത്രങ്ങളുടെ തലക്കെട്ടുകളിൽ സ്ഥാനം പിടിച്ച ഒരു സംഭവമായിരുന്നു അത്. അയാൾ കുറ്റം എന്റെ തലയിൽ കെട്ടിവെച്ച് എന്നെ കുടുക്കിലാക്കാൻ നോക്കി. എന്നാൽ, പൊലീസ് എന്റെ വീട്ടുവാതിൽക്കൽ വരുന്നതുവരെ ആ സംഭവത്തെ കുറിച്ച് ഞാൻ യാതൊന്നും അറിഞ്ഞിരുന്നില്ല. ഇതുപോലെ, കുറ്റകൃത്യങ്ങളെ കുറിച്ചു ചോദ്യം ചെയ്യുന്നതിന് പൊലീസുകാർ മിക്കപ്പോഴും എന്നെത്തേടി വരുമായിരുന്നു.
ഇതൊക്കെയാണെങ്കിലും, ഒരിക്കൽ എനിക്കൊരു വലിയ അബദ്ധം പറ്റി. ഒരാഴ്ച മുഴുവൻ മദ്യവും മയക്കുമരുന്നുകളുമായി കഴിഞ്ഞതിനു ശേഷം, ഒരു തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ കോപാവേശത്തിൽ ഞാൻ രണ്ടുപേരെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. പിറ്റേന്നു രാവിലെ, തങ്ങളെ ആക്രമിച്ച ആളെന്ന നിലയിൽ അവർ എന്നെ തിരിച്ചറിഞ്ഞു. അങ്ങനെ, ഗുരുതരമായി പരിക്കേൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആക്രമണം നടത്തി എന്ന കുറ്റത്തിന് ഞാൻ അറസ്റ്റിലായി. ഞാൻ ജയിലിലെത്താൻ ഇടയായത് അങ്ങനെയാണ്.
പണമുണ്ടാക്കുക, എന്നിട്ട് നേരായ ഗതിയിൽ ജീവിക്കുക
ജയിലിൽ നിന്നിറങ്ങിയതിനു ശേഷം, ഒരു ഔഷധ നിർമാണ കമ്പനിയിൽ സ്റ്റോക്ക് കൺട്രോളറുടെ തസ്തികയിലേക്ക് ആളെ ആവശ്യമുണ്ടെന്നറിഞ്ഞ് ഞാൻ ആ ജോലിക്ക് അപേക്ഷിച്ചു. അതിനുള്ള യോഗ്യത എനിക്കുണ്ടെന്ന് തൊഴിലുടമയെ ബോധ്യപ്പെടുത്താൻ എനിക്കു സാധിച്ചു. കമ്പനിയിൽ അപ്പോൾ തന്നെ ജോലിയുണ്ടായിരുന്ന സുഹൃത്തിന്റെ ശുപാർശ കൂടിയായപ്പോൾ എനിക്ക് ആ ജോലി കിട്ടി. ധാരാളം പണമുണ്ടാക്കിയിട്ട് വേറെ എവിടെയെങ്കിലും പോയി ഒരു പുതിയ ജീവിതം തുടങ്ങാനായി മുന്നിൽ തെളിഞ്ഞ വഴിയാണ് ഇതെന്ന് എനിക്കു തോന്നി. അതുകൊണ്ട്, എത്രയും പെട്ടെന്ന് ബിസിനസ്സിന്റെ എല്ലാ വശങ്ങളും പഠിച്ചെടുക്കാൻ ഞാൻ കഠിനമായി ശ്രമിച്ചു. മരുന്നുകളുടെയെല്ലാം പേരുകൾ പഠിച്ചെടുക്കുന്നതിന് ഞാൻ ദിവസവും രാത്രി വൈകുവോളം അവിടെ തങ്ങി. പുതുജീവിതത്തിലേക്കുള്ള പാത ഇതുതന്നെയാണ് എന്ന് എനിക്ക് ഉറപ്പായി.
പറ്റിയ ഒരു സന്ദർഭത്തിനു വേണ്ടി കാത്തിരിക്കാനും തൊഴിലുടമകളുടെ വിശ്വാസം ആർജിച്ചെടുക്കാനുമായിരുന്നു എന്റെ പരിപാടി. ഒടുവിൽ, കാത്തിരുന്ന അവസരം കൈവരുമ്പോൾ അകത്തുകടന്ന്, കരിഞ്ചന്തയിൽ നല്ല വിലകിട്ടും എന്നറിയാവുന്ന മരുന്നുകൾ കുറെയേറെ മോഷ്ടിക്കുക. എന്നിട്ട്, അവ വിറ്റു രായ്ക്കുരാമാനം പണക്കാരനാകുക. ഇതായിരുന്നു എന്റെ ലക്ഷ്യം. സ്വാതന്ത്ര്യം നേടുന്നതിനും ഒരു പുതുജീവിതം കെട്ടിപ്പടുക്കുന്നതിനും വേണ്ടി, യാതൊരു കാരണവശാലും പാളിപ്പോകില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്ന ഒരു പദ്ധതിയും ഞാൻ രൂപപ്പെടുത്തിയെടുത്തു.
അവസാനം, എന്റെ പദ്ധതി നടപ്പിലാക്കാനുള്ള സമയം വന്നു. ഒരു രാത്രി, വളരെ കരുതലോടെ ഞാൻ മരുന്നുകൾ സൂക്ഷിച്ചിരുന്ന സ്റ്റോർ മുറിയിൽ കടന്നു. ഷെൽഫുകളിൽ അടുക്കിവെച്ചിരിക്കുന്ന ലക്ഷക്കണക്കിനു ഡോളർ വിലവരുന്ന മരുന്നുകളും നോക്കിനിൽക്കവെ, കുറ്റകൃത്യത്തിന്റെയും അക്രമത്തിന്റെയും ലോകത്തു നിന്നു രക്ഷപ്പെടാനുള്ള അവസരത്തിന്റെ വാതിലാണ് എന്റെ മുന്നിൽ തുറന്നുകിടക്കുന്നത് എന്നെനിക്കു തോന്നി. എന്നാൽ ജീവിതത്തിൽ ആദ്യമായി, എന്റെ മനസ്സാക്ഷി എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി. ഒരു മനസ്സാക്ഷിയുണ്ടെന്ന കാര്യം തന്നെ മിക്കവാറും മറന്നുകഴിഞ്ഞിരുന്ന എനിക്ക്, പൊടുന്നനെ ഇങ്ങനെയൊരു മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടാനുള്ള കാരണമെന്താണ്? ഈ മാറ്റത്തിന്റെ കാരണം ഞാൻ വിശദമാക്കട്ടെ.
ഏതാനും ആഴ്ചകൾക്കു മുമ്പ്, ജീവിതത്തിന്റെ അർഥം സംബന്ധിച്ച് ഞാനും മാനേജരും തമ്മിൽ ഒരു സംഭാഷണം നടന്നിരുന്നു. അദ്ദേഹം പറഞ്ഞ ഏതോ കാര്യത്തിനു മറുപടിയെന്നോണം ഞാൻ പറഞ്ഞു, അറ്റകൈയെന്ന നിലയ്ക്ക് ഒരാൾക്കു പ്രാർഥിക്കാൻ കഴിയുമെന്ന്. “ആരോട്?,” അദ്ദേഹം ചോദിച്ചു. “ദൈവത്തോട്,” എന്നായിരുന്നു എന്റെ മറുപടി. “പക്ഷേ ആളുകൾ അനേകം ദൈവങ്ങളോടു പ്രാർഥിക്കുന്നുണ്ടല്ലോ. നിങ്ങൾ ആരോടാണു പ്രാർഥിക്കുക?,” അദ്ദേഹം ചോദിച്ചു. “സർവശക്തനായ ദൈവത്തോട്,” ഞാൻ പറഞ്ഞു. “അതു ശരി, അപ്പോൾ അവന്റെ പേരെന്താണ്?,” അദ്ദേഹം വീണ്ടും ചോദിച്ചു. “എന്നുവെച്ചാൽ?,” ഞാൻ ചോദിച്ചു. “നിങ്ങളെയും എന്നെയും മറ്റാരെയും പോലെ സർവശക്തനായ ദൈവത്തിനും ഒരു വ്യക്തിപരമായ നാമം ഉണ്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതു ന്യായയുക്തമായി എനിക്കു തോന്നി. പക്ഷേ എനിക്കു ദേഷ്യം വന്നു തുടങ്ങിയിരുന്നു. അതുകൊണ്ട്, അൽപ്പം ശുണ്ഠിയോടെ ഞാൻ ചോദിച്ചു: “അങ്ങനെയാണെങ്കിൽ ദൈവത്തിന്റെ പേര് എന്താണ്?” “സർവശക്തനായ ദൈവത്തിന്റെ പേര് യഹോവ എന്നാണ്!” അദ്ദേഹം മറുപടി പറഞ്ഞു.
പൊടുന്നനെ, കാലയവനിക ഞൊറിഞ്ഞകന്നു. വർഷങ്ങൾക്കു മുമ്പ്, കേവലം എട്ടുവയസ്സ് ഉണ്ടായിരുന്നപ്പോൾ ആ ക്ലാസ്സുമുറിയിൽ വെച്ചു പഠിച്ചത് എന്റെ ഓർമയിലേക്ക് ഓടിയെത്തി. മാനേജരുമായി നടത്തിയ ആ സംഭാഷണത്തിന് എന്റെ മേൽ ഉണ്ടായ ഫലം എന്നെപ്പോലും അതിശയിപ്പിക്കാൻ പോന്നതായിരുന്നു. മണിക്കൂറുകളോളം ഞങ്ങൾ ഗൗരവമായ ഒരു ചർച്ചയിൽ മുഴുകി. അടുത്തദിവസം, അദ്ദേഹം എനിക്ക് നിത്യജീവനിലേക്കു നയിക്കുന്ന സത്യംa എന്ന പുസ്തകം കൊണ്ടുവന്നു തന്നു. ആ രാത്രി തന്നെ ആ പുസ്തകം മുഴുവൻ ഞാൻ വായിച്ചുതീർത്തു. സത്യവും ജീവിതത്തിന്റെ യഥാർഥ അർഥവും കണ്ടെത്തിയിരിക്കുന്നു എന്ന് അപ്പോൾത്തന്നെ എനിക്കു ബോധ്യമായി. അടുത്ത രണ്ടാഴ്ചത്തേക്ക്, ഞങ്ങൾ കൂടുതൽ സമയവും ആ നീല നിറമുള്ള വിസ്മയകരമായ പുസ്തകത്തിലെ വ്യത്യസ്ത വിഷയങ്ങൾ ചർച്ച ചെയ്യുകയായിരുന്നു.
അതിന്റെ ഫലമായി, ഇരുട്ടും നിശ്ശബ്ദതയും തളം കെട്ടിനിന്നിരുന്ന ആ സ്റ്റോർ മുറിയിൽ ഇരിക്കവെ, മരുന്നുകൾ മോഷ്ടിച്ചു കൊണ്ടുപോയി വിൽക്കാനുള്ള എന്റെ പദ്ധതി തെറ്റാണ് എന്നു പറയുന്ന മനസ്സാക്ഷിയുടെ സ്വരം ഞാൻ കേട്ടു. ഇനിയൊരിക്കലും മോഷ്ടിക്കില്ല എന്നു മനസ്സിലുറപ്പിച്ചു കൊണ്ട് ശബ്ദമുണ്ടാക്കാതെ ഞാൻ വീട്ടിലേക്കു തിരിച്ചുപോയി.
ഒരു സമ്പൂർണ മാറ്റം
പെട്ടെന്നുതന്നെ, ഞാൻ ഒരു പുതിയ ജീവിതരീതി പിൻപറ്റാൻ തീരുമാനിച്ചിരിക്കുന്ന വിവരം എന്റെ കുടുംബത്തെ അറിയിച്ചു. പഠിച്ച ഏതാനും ചില ബൈബിൾ സത്യങ്ങൾ ഞാൻ അവരുമായി പങ്കുവെക്കാനും തുടങ്ങി. പിതാവ് എന്നെ വീട്ടിൽ നിന്നിറക്കി വിടാൻ ശ്രമിച്ചു. എന്നാൽ അനുജൻ ജോൺ എന്നെ പിന്തുണച്ചു. അവൻ പിതാവിനോട് പറഞ്ഞു: “കുറ്റകൃത്യം അല്ലാത്ത ഒന്ന് കോസ്റ്റാ ജീവിതത്തിൽ ആദ്യമായിട്ടാണ് ചെയ്യുന്നത്. അപ്പോഴാണോ അച്ഛൻ അവനെ വീട്ടിൽനിന്ന് ഇറക്കിവിടാൻ തുടങ്ങുന്നത്? ഇതിനെ കുറിച്ചു കൂടുതൽ അറിഞ്ഞിട്ടു തന്നെ കാര്യം.” തനിക്കുകൂടെ ബൈബിൾ പഠിപ്പിച്ചു തരാമോ എന്നു ജോൺ ചോദിച്ചപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല! അപ്പോൾമുതൽ, മയക്കുമരുന്നുകൾക്കു വേണ്ടി എന്റെ അടുത്തു വന്ന ഏതൊരാളും മടങ്ങിയത് സത്യം പുസ്തകവും കൊണ്ടാണ്! താമസിയാതെ, ആ പുസ്തകം ഉപയോഗിച്ച് ഞാൻ 11 ബൈബിളധ്യയനം തുടങ്ങി.
എന്റെ കമ്പനിയുടെ മാനേജർ സാക്ഷിയല്ലായിരുന്നു എന്ന കാര്യം എനിക്ക് ആയിടയ്ക്കാണ് മനസ്സിലായത്. അദ്ദേഹത്തിന്റെ ഭാര്യ 18 വർഷത്തോളമായി ഒരു സാക്ഷിയായിരുന്നു. എന്നാൽ അദ്ദേഹത്തിന് “സത്യം സംബന്ധിച്ച് എന്തെങ്കിലും ചെയ്യാൻ ഒരിക്കലും സമയം കിട്ടിയിരുന്നില്ല.” അതുകൊണ്ട്, എന്നോടൊത്ത് ക്രമമായി ബൈബിളധ്യയനം നടത്തുന്നതിന് അദ്ദേഹം ഒരു അനുഭവപരിജ്ഞാനമുള്ള സാക്ഷിയെ ക്രമീകരിച്ചു തന്നു. ജീവിതത്തിലെ മറ്റു താളപ്പിഴകളും നേരെയാക്കേണ്ടതുണ്ടെന്ന് ബൈബിളധ്യയനത്തിലൂടെ എനിക്കു പെട്ടെന്നുതന്നെ ബോധ്യമായി. അധികം താമസിയാതെ, ദൈവവചനത്തിലെ സത്യം എന്നെ ലോകത്തിന്റെ വഴികളിൽ നിന്നു സ്വതന്ത്രനാക്കാൻ തുടങ്ങി.—യോഹന്നാൻ 8:32.
കേവലം ആഴ്ചകൾക്കുള്ളിൽ ഉണ്ടായ ഈ സംഭവവികാസങ്ങളുടെ ഗതിവേഗത്തിനു മുന്നിൽ ഞാൻതന്നെ ഒന്നു പകച്ചുപോയി. ജീവിതത്തിൽ ഞാൻ വരുത്തേണ്ട വലിയ മാറ്റങ്ങൾ എന്റെ മുന്നിൽ തെളിഞ്ഞു വന്നു. ബൈബിളധ്യയനത്തിലൂടെ ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ ബാധകമാക്കുന്നതിൽ തുടരുന്ന പക്ഷം എന്നെ കാത്തിരിക്കുന്നത് ആത്മാവും ജഡവും തമ്മിലുള്ള ഒരു വലിയ പോരാട്ടമാണ് എന്നു ഞാൻ തിരിച്ചറിഞ്ഞു. നേരെ മറിച്ച്, അതുവരെ ജീവിച്ചതു പോലെയാണ് ഞാൻ തുടർന്നും ജീവിക്കുന്നതെങ്കിൽ മരണമോ കുറഞ്ഞപക്ഷം ദീർഘകാല ജയിൽ വാസമോ ആണ് എന്നെ കാത്തിരിക്കുന്നത് എന്നും ഞാൻ മനസ്സിലാക്കി. അവസാനം, ഏറെ നേരത്തെ ആലോചനയ്ക്കും ഉള്ളുരുകിയുള്ള പ്രാർഥനയ്ക്കും ശേഷം, സത്യത്തിന്റെ മാർഗം പിന്തുടരാൻ ഞാൻ തീരുമാനിച്ചു. ആറു മാസത്തിനു ശേഷം, അതായത്, 1971 ഏപ്രിൽ 4-ന് ഞാൻ യഹോവയാം ദൈവത്തിനുള്ള എന്റെ സമർപ്പണം ജല സ്നാപനത്താൽ പ്രതീകപ്പെടുത്തി.
നേരായ ഗതിയിൽ ജീവിക്കുന്നതിന്റെ പ്രതിഫലങ്ങൾ
കുറ്റകൃത്യത്തിന്റെ പാത ഉപേക്ഷിക്കാൻ തീരുമാനിച്ചതു മുതൽ എനിക്ക് ആസ്വദിക്കാനായ അനുഗ്രഹങ്ങളെ കുറിച്ചോർക്കുമ്പോൾ ചിലപ്പോഴൊക്കെ ഞാൻ വികാരാധീനനാകാറുണ്ട്. പ്രക്ഷുബ്ധമായ ആദ്യത്തെ ഏതാനും ആഴ്ചകളിൽ ഞാൻ ബൈബിൾ പഠിപ്പിച്ച 11 പേരിൽ 5 പേർ ഇപ്പോഴും സത്യത്തിന്റെ പാതയിൽ തുടരുന്നു. എന്റെ അമ്മയും ബൈബിളധ്യയനം സ്വീകരിച്ച്, സ്നാപനമേറ്റ ഒരു സാക്ഷിയായിത്തീർന്നു. 1991-ൽ മരിക്കുന്നതു വരെ, അമ്മ വിശ്വസ്തതയോടെ ദൈവത്തെ സേവിച്ചു. അമ്മയെ കൂടാതെ, എന്റെ രണ്ടു അനുജന്മാരും യഹോവയ്ക്കു തങ്ങളുടെ ജീവിതം സമർപ്പിച്ചു. ഇപ്പോൾ അവർ മൂപ്പന്മാരായി സേവനമനുഷ്ഠിക്കുന്നു. എന്റെ ആന്റിക്കും സത്യത്തിന്റെ പാത കാണിച്ചുകൊടുക്കാൻ എനിക്കു കഴിഞ്ഞു. കഴിഞ്ഞ 15 വർഷമായി അവർ മുഴുസമയ ശുശ്രൂഷയിൽ തുടരുന്നു.
എന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട ഔഷധ നിർമാണ കമ്പനിയുടെ മാനേജർ ബൈബിൾ സത്യം കൂടുതൽ ഗൗരവമായിട്ടെടുക്കാൻ തുടങ്ങി. ഞാൻ സ്നാപനമേറ്റ് ഒരു വർഷത്തിനു ശേഷം, അദ്ദേഹവും ദൈവത്തോടുള്ള തന്റെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. പിന്നീട് അദ്ദേഹം വർഷങ്ങളോളം, പ്രിട്ടോറിയയിലുള്ള യഹോവയുടെ സാക്ഷികളുടെ ഒരു സഭയിൽ മൂപ്പനായി സേവനമനുഷ്ഠിക്കുകയുണ്ടായി.
ഇപ്പോൾ ഞാൻ ഒരു സമർപ്പിത ക്രിസ്തീയ സഹോദരിയെ വിവാഹം ചെയ്തിരിക്കുന്നു. ലിയോണിയും ഞാനും 1978-ൽ ഓസ്ട്രേലിയയിലേക്കു താമസം മാറ്റി. അവിടെ വെച്ചാണ്, ഞങ്ങളുടെ രണ്ട് ആൺമക്കൾ, എലൈജായും പോളും, ജനിച്ചത്. എന്റെ കുടുംബത്തിൽ നിന്നുള്ള പ്രോത്സാഹനം യഥാർഥത്തിൽ ശക്തിയുടെ ഒരു ഉറവാണെന്നു തെളിഞ്ഞിരിക്കുന്നു. ഞാനിപ്പോൾ ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബെറയിൽ ഒരു മൂപ്പനായി സേവിക്കുന്നു. കഷ്ടപ്പാടിലേക്കും മരണത്തിലേക്കും നയിക്കുന്ന കുറ്റകൃത്യത്തിന്റെ നിരർഥകമായ പാതയിൽ നിന്ന് എന്നെ രക്ഷിച്ചതിനും അതിലുമുപരി, എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും ഒരു യഥാർഥ പ്രത്യാശ നൽകി ജീവിതത്തിന് അർഥം പകർന്നുതന്നതിനും ഞാൻ യഹോവയ്ക്ക് എന്നും നന്ദി കരേറ്റുന്നു.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്
[18-ാം പേജിലെ ചിത്രം]
എനിക്കു പന്ത്രണ്ടു വയസ്സുണ്ടായിരുന്നപ്പോൾ
[18-ാം പേജിലെ ചിത്രം]
ഭാര്യയോടും രണ്ടാൺമക്കളോടും ഒപ്പം ഇന്ന്