ഒരു മെച്ചപ്പെട്ട ജീവിതം തേടി
“ഇരുപതാം നൂറ്റാണ്ടിലെ . . . ശാസ്ത്രീയവും സാങ്കേതികവുമായ പുരോഗതിയുടെ ഫലമായി അനേകരുടെയും അനുദിന ജീവിതത്തിനു പരിവർത്തനം വന്നിരിക്കുന്നു.”—ഇരുപതാം നൂറ്റാണ്ടിന്റെ ഓക്സ്ഫോർഡ് ചരിത്രം (ഇംഗ്ലീഷ്).
ഈ കാലഘട്ടത്തിലെ വൻ പരിവർത്തനങ്ങളിൽ ഒന്ന് ജനസംഖ്യയോടു ബന്ധപ്പെട്ടതാണ്. ചരിത്രത്തിലെ മറ്റൊരു നൂറ്റാണ്ടിലും ലോകജനസംഖ്യയിൽ ഇത്ര വലിയൊരു വർധനവ് ഉണ്ടായിട്ടില്ല. 1800-കളുടെ ആരംഭഘട്ടത്തിൽ അതു നൂറു കോടിയോളം ആയിരുന്നു, 1900 ആയപ്പോഴേക്കും അത് 160 കോടിയായി ഉയർന്നു. 1999-ൽ ആകട്ടെ, ലോകജനസംഖ്യ 600 കോടിയിൽ എത്തിനിൽക്കുന്നു! ഏറിവരുന്ന ഈ ജനങ്ങളിൽ അധികവും മെച്ചപ്പെട്ടതെന്ന് വീക്ഷിക്കപ്പെടുന്ന സംഗതികൾ കാംക്ഷിച്ചിരിക്കുന്നു.
വൈദ്യരംഗത്തെയും ആരോഗ്യപരിപാലന രംഗത്തെയും പുരോഗതി ഈ ജനസംഖ്യാ വർധനവിന് ഇടയാക്കിയിരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഐക്യനാടുകൾ, ഓസ്ട്രേലിയ, ജപ്പാൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ ശരാശരി ആയുർപ്രതീക്ഷ 50-ൽ താഴെ ആയിരുന്നെങ്കിൽ, ഇപ്പോൾ അത് 70-ന് മേലാണ്. എന്നാൽ ഈ നല്ല പ്രവണത മറ്റു സ്ഥലങ്ങളിൽ അത്രയ്ക്കു കാണാനില്ല—ചുരുങ്ങിയപക്ഷം 25 രാജ്യങ്ങളിലെങ്കിലും ജനങ്ങളുടെ ആയുർപ്രതീക്ഷ 50 വർഷമോ അതിൽ താഴെയോ ആണ്.
‘മുമ്പ് എങ്ങനെ ആയിരുന്നു . . . ?’
വിമാനങ്ങളും കമ്പ്യൂട്ടറുകളും ടെലിവിഷനും മറ്റുമില്ലാതെ പൂർവികർ എങ്ങനെ ജീവിച്ചുവെന്ന് ചെറുപ്പക്കാർക്കു പലപ്പോഴും മനസ്സിലാക്കാൻ കഴിയുന്നില്ല—ആളുകൾ അവയെ അത്രയ്ക്കു സാധാരണമായ സംഗതികളായാണ് ഇപ്പോൾ വീക്ഷിക്കുന്നത്, സമ്പന്ന ദേശങ്ങളിലെ ആളുകളാണെങ്കിൽ അവയെ അവശ്യ വസ്തുക്കളായി പോലും കരുതുന്നു. ഉദാഹരണത്തിന്, മോട്ടോർ വാഹനങ്ങൾ നമ്മുടെ ജീവിതത്തിന് എങ്ങനെ മാറ്റം വരുത്തിയിരിക്കുന്നു എന്നു പരിചിന്തിക്കുക. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് അതു കണ്ടുപിടിച്ചതെങ്കിലും, ടൈം മാസിക അടുത്തയിടെ ഇങ്ങനെ പറയുകയുണ്ടായി: “തുടക്കം മുതൽ ഒടുക്കം വരെ ഇരുപതാം നൂറ്റാണ്ടിനെ വേർതിരിച്ചു നിർത്തിയ കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് മോട്ടോർ വാഹനങ്ങൾ.”
മോട്ടോർ വാഹനങ്ങൾ പെട്ടെന്ന് അപ്രത്യക്ഷമായാൽ യൂറോപ്പിലെ തൊഴിലാളികളിൽ പത്തിലൊന്നു പേർ തൊഴിൽരഹിതർ ആകുമെന്ന് 1975-ൽ കണക്കാക്കപ്പെടുകയുണ്ടായി. ഇതു വാഹനവ്യവസായ രംഗത്തെ മാത്രമല്ല ബാധിക്കുക. ബാങ്കുകൾ, കടകൾ, വാഹന യാത്രക്കാരെ ആശ്രയിക്കുന്ന റെസ്റ്ററന്റുകൾ, മറ്റു സ്ഥാപനങ്ങൾ തുടങ്ങിയവയൊക്കെ അടച്ചുപൂട്ടേണ്ടി വരും. കർഷകർക്കു തങ്ങളുടെ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കഴിയാതാകും, അതിന്റെ ഫലമായി ഭക്ഷ്യവിതരണ സംവിധാനങ്ങൾ നിലച്ചുപോകും. നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ താമസിക്കുന്ന നഗരജോലിക്കാർക്കു തങ്ങളുടെ ജോലി നഷ്ടമാകും. രമണീയമായ ഭൂപ്രദേശങ്ങളെ കീറിമുറിച്ചു കടന്നുപോകുന്ന സൂപ്പർഹൈവേകൾ ഉപയോഗരഹിതമാകും.
മോട്ടോർ വാഹനങ്ങളുടെ ഉത്പാദനം വർധിപ്പിക്കാനും ചെലവുകൾ ചുരുക്കാനുമായി, ഇപ്പോൾ പല വ്യവസായ ശാലകളിലും സാധാരണമായുള്ള, അസംബ്ലി ലൈൻ സംവിധാനം നിലവിൽ വന്നത് ഈ നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്. (അടുക്കള ഉപകരണങ്ങൾ പോലുള്ള മറ്റ് സാധനങ്ങളുടെ വൻതോതിലുള്ള ഉത്പാദനവും ഈ സംവിധാനം മുഖാന്തരം സാധ്യമായി.) ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏതാനും ചില നാടുകളിലെ സമ്പന്നരുടെ സുഖജീവിതത്തിന്റെ ഭാഗമായിരുന്ന മോട്ടോർ വാഹനങ്ങൾ ഇപ്പോൾ ലോകമെമ്പാടുംതന്നെ സാധാരണക്കാരന്റെ ഗതാഗതമാർഗമായി മാറിയിരിക്കുന്നു. ഒരു ഗ്രന്ഥകാരൻ പറഞ്ഞതുപോലെ, “20-ാം നൂറ്റാണ്ടിന്റെ ഈ അവസാനഘട്ടത്തിൽ മോട്ടോർ വാഹനങ്ങൾ ഇല്ലാത്ത ജീവിതം ഏതാണ്ട് അചിന്തനീയമാണ്.”
സുഖത്തിന്റെ പിന്നാലെ
ഒരു കാലത്ത്, യാത്ര ചെയ്യുക എന്നാൽ അത്യാവശ്യമായി പോകേണ്ട സ്ഥലത്തേക്കു പോകുക എന്നായിരുന്നു അർഥം. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ സ്ഥിതിഗതികൾക്ക് ആകെ മാറ്റം വന്നു—പ്രത്യേകിച്ചും വികസിത രാജ്യങ്ങളിൽ. ധാരാളം ശമ്പളം കിട്ടുന്ന ജോലികൾ കൂടുതൽ ലഭ്യമായിത്തുടങ്ങുകയും വാരത്തിൽ 40 മണിക്കൂറോ അതിൽ താഴെയോ മാത്രം പണിയെടുത്താൽ മതിയെന്ന സ്ഥിതി വരുകയും ചെയ്തതോടെ, ആളുകൾക്കു യാത്ര ചെയ്യാനുള്ള പണവും സമയവും ലഭിച്ചുതുടങ്ങി. അതോടെ ആഗ്രഹിക്കുന്ന സ്ഥലത്തേക്കു പോകൽ എന്ന അർഥം യാത്രയ്ക്കു കൈവന്നു. കാറുകളും ബസ്സുകളും വിമാനങ്ങളും വിദൂര സ്ഥലങ്ങളിലേക്കുള്ള വിനോദയാത്ര കൂടുതൽ എളുപ്പമാക്കിത്തീർത്തു. വിനോദസഞ്ചാരം ഒരു വൻ ബിസിനസ് ആയിത്തീർന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ കാലഭൂപടം പറയുന്നതനുസരിച്ച്, വിനോദസഞ്ചാരത്തിന് “വിനോദസഞ്ചാരികളെ സ്വീകരിക്കുന്ന രാജ്യങ്ങളുടെ മേലും അവരുടെ മാതൃരാജ്യങ്ങളുടെ മേലും വലിയ സ്വാധീനം ഉണ്ടായിരുന്നു.” അതിന്റെ കുറെ ഫലങ്ങൾ നിഷേധാത്മകം ആയിരുന്നിട്ടുണ്ട്. വിനോദസഞ്ചാരികൾ ഏതു മനോഹര സംഗതികൾ കണ്ടാണോ ആകർഷിതരായത് അതിന്റെതന്നെ നാശത്തിന് അവർ മിക്കപ്പോഴും കാരണക്കാർ ആയിട്ടുണ്ട്.
സ്പോർട്സിനു വേണ്ടി ചെലവഴിക്കാനും ആളുകൾക്കു കൂടുതൽ സമയം ലഭിച്ചു. പലരും അതിൽ പങ്കെടുത്തു; മറ്റു ചിലർ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെയും കായികതാരങ്ങളുടെയും ഉത്സാഹികളായ, ചിലപ്പോഴൊക്കെ റൗഡിത്വമുള്ള, ആരാധകരായി തൃപ്തിയടഞ്ഞു. ടെലിവിഷന്റെ വരവോടെ, സ്പോർട്സ് പരിപാടികൾ ഏവർക്കും ലഭ്യമായിത്തുടങ്ങി. ദേശീയവും അന്തർദേശീയവുമായ കായികപരിപാടികൾക്കു കോടിക്കണക്കിനു ടെലിവിഷൻ പ്രേക്ഷകർ ഉണ്ടായി.
“പൊതുജനങ്ങൾക്കു വിനോദം പകരുന്ന മുഖ്യ വ്യവസായങ്ങളായ ചലച്ചിത്ര, സ്പോർട്സ് രംഗങ്ങളിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ തൊഴിലുടമകളും വൻ ലാഭം കൊയ്യുന്നവരും ഉള്ളത്,” ഇരുപതാം നൂറ്റാണ്ടിന്റെ കാലഭൂപടം പറയുന്നു. ആളുകൾ വിനോദത്തിനായി ഓരോ വർഷവും കോടിക്കണക്കിനു രൂപയാണു ചെലവഴിക്കുന്നത്. ജനപ്രീതിയാർജിച്ച ഒരു വിനോദരൂപമായ ചൂതാട്ടവും അതിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന് 1991-ലെ ഒരു പഠനം അനുസരിച്ച്, യൂറോപ്യൻ സമൂഹരാഷ്ട്രങ്ങളിലെ ഏറ്റവും വലിയ വ്യവസായങ്ങളിൽ ചൂതാട്ടത്തിന് 12-ാം സ്ഥാനമുണ്ട്. അതിലൂടെ കിട്ടുന്ന വാർഷിക വരുമാനം ചുരുങ്ങിയത് 5,700 കോടി ഡോളറാണ്.
അത്തരം വിനോദരൂപങ്ങൾ സർവസാധാരണം ആയതോടെ, രസം പകരുന്ന പുതിയ കാര്യങ്ങളിലേക്ക് ആളുകൾ തിരിയാൻ തുടങ്ങി. ഉദാഹരണത്തിന്, മയക്കുമരുന്നുകൾ കൊണ്ടുള്ള അവരുടെ പരീക്ഷണങ്ങൾ വളരെയധികം വ്യാപകമായിത്തീർന്നു. തന്മൂലം 1990-കളുടെ മധ്യത്തിൽ മയക്കുമരുന്ന് വ്യാപാരം 50,000 കോടി ഡോളർ വിറ്റുവരവുള്ള ഒരു ബിസിനസ് ആയിത്തീർന്നു. ഒരു ഉറവിടം പറയുന്നതു പോലെ, അത് “ലോകത്തിൽ ഏറ്റവും കൂടുതൽ ആദായമുണ്ടാക്കുന്ന ബിസിനസ് രംഗമായിത്തീർന്നു.”
“അമിത വിനോദം”
സാങ്കേതിക വിദ്യയുടെ ഫലമായി, ലോകം ഒരു ആഗോള ഗ്രാമം ആയിത്തീർന്നു. രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ മാറ്റങ്ങൾ ലോകമെങ്ങുമുള്ള ആളുകളെ വളരെ പെട്ടെന്നു സ്വാധീനിക്കുന്നു. “വ്യക്തമായും, വൻ കോളിളക്കങ്ങൾ നടന്നിട്ടുള്ള മറ്റു കാലഘട്ടങ്ങളും ഉണ്ടായിരുന്നിട്ടുണ്ട്,” ഫ്യൂച്ചർ ഷോക്ക് എന്ന ഗ്രന്ഥത്തിന്റെ എഴുത്തുകാരനായ പ്രൊഫസർ ആൽവിൻ ടോഫ്ളർ 1970-ൽ പറയുകയുണ്ടായി. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഈ ആഘാതങ്ങളും കോളിളക്കങ്ങളും ഒരു സമൂഹത്തിന്റെയോ സമീപസ്ഥങ്ങളായ ഏതാനും സമൂഹങ്ങളുടെയോ അതിർത്തികൾക്കുള്ളിൽ പരിമിതപ്പെട്ടിരുന്നു. അവയുടെ ഫലം ആ അതിർത്തികൾക്ക് അപ്പുറത്തേക്കു വ്യാപിക്കാൻ തലമുറകൾ, നൂറ്റാണ്ടുകൾ പോലും, വേണ്ടിവന്നു. . . . ഇന്നാകട്ടെ സാമൂഹിക ബന്ധങ്ങളുടെ ശൃംഖല വളരെയധികം ഇഴചേർന്നു കിടക്കുന്നതിനാൽ സമകാലീന സംഭവങ്ങളുടെ പരിണതഫലങ്ങൾ ക്ഷണനേരം കൊണ്ടു ലോകത്തിനു ചുറ്റും പരക്കുന്നു.” ലോകമെങ്ങുമുള്ള ആളുകളെ സ്വാധീനിക്കുന്നതിൽ ഉപഗ്രഹ ടെലിവിഷനും ഇന്റർനെറ്റും ഒരു പങ്കു വഹിച്ചിരിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ചെലുത്തിയിട്ടുള്ള മാധ്യമം ടെലിവിഷൻ ആണെന്നു ചിലർ പറയുന്നു. ഒരു എഴുത്തുകാരൻ ഇപ്രകാരം അഭിപ്രായപ്പെട്ടു: “അതിൽ വരുന്ന കാര്യങ്ങളെ ചിലർ വിമർശിക്കുന്നു, എങ്കിലും അതിന്റെ സ്വാധീനശക്തി സംബന്ധിച്ച് ആർക്കും സംശയമില്ല.” ടെലിവിഷൻ, അതിലെ പരിപാടികൾ ഉണ്ടാക്കുന്ന വ്യക്തികളെക്കാൾ ഒട്ടും മെച്ചപ്പെട്ടതല്ല. ആളുകളുടെ മേൽ നല്ല സ്വാധീനം മാത്രമല്ല മോശമായ സ്വാധീനവും ചെലുത്താൻ അതിനു ശക്തിയുണ്ട്. അക്രമവും അധാർമികതയും നിറഞ്ഞ, കഴമ്പൊന്നുമില്ലാത്ത പരിപാടികൾ ചിലരുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തിയിരിക്കുന്നു എങ്കിലും അവ മനുഷ്യബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പരാജയപ്പെടുകയും മിക്കപ്പോഴും അവയെ വഷളാക്കുകയും ചെയ്തിരിക്കുന്നു.
അമിത വിനോദം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ നിൽ പോസ്റ്റ്മൻ മറ്റൊരു അപകടത്തെ കുറിച്ചു പറയുന്നു: “ടെലിവിഷൻ നമ്മുടെ മുമ്പാകെ വിനോദിപ്പിക്കുന്ന സംഗതികൾ അവതരിപ്പിക്കുന്നുണ്ടോ എന്നുള്ളതല്ല പ്രശ്നം, എല്ലാ വിഷയങ്ങളും വിനോദിപ്പിക്കുന്ന വിധത്തിൽ അവതരിപ്പിക്കുന്നുണ്ടോ എന്നതാണ് . . . എന്ത് അവതരിപ്പിച്ചാലും, ഏതു വീക്ഷണകോണത്തിലൂടെ അവതരിപ്പിച്ചാലും അത് നമ്മുടെ വിനോദത്തിനും ഉല്ലാസത്തിനും വേണ്ടിയാണ് എന്നതാണ് മുഖ്യമായ ചിന്താഗതി.”
ആളുകൾ ഉല്ലാസത്തിനു കൂടുതൽ പ്രാധാന്യം നൽകിയതോടെ, ആത്മീയ മൂല്യങ്ങളും ധാർമിക നിലവാരങ്ങളും കുത്തനെ താണിരിക്കുന്നു. “ഇരുപതാം നൂറ്റാണ്ടിൽ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സംഘടിത മതത്തിന്റെ ശക്തി ചോർന്നുപോയിരിക്കുന്നു” എന്ന് ഇരുപതാം നൂറ്റാണ്ടിന്റെ കാലഭൂപടം പറയുന്നു. ആത്മീയത ക്ഷയിച്ചപ്പോൾ, സുഖാന്വേഷണം മുൻപന്തിയിലേക്കു വരുകയും അതിന് അമിത പ്രാധാന്യം ലഭിക്കുകയും ചെയ്തു.
“മിന്നുന്നതെല്ലാം . . .”
20-ാം നൂറ്റാണ്ടിൽ നല്ല പല പരിവർത്തനങ്ങളും ഉണ്ടായെങ്കിലും, “മിന്നുന്നതെല്ലാം പൊന്നല്ല” എന്ന പഴഞ്ചൊല്ല് ഇവിടെ അന്വർഥമാണ്. ആയുസ്സിന്റെ വർധനവ് ആളുകൾക്കു പ്രയോജനം ചെയ്തിട്ടുണ്ടെങ്കിലും, ലോകത്തിലെ ജനസംഖ്യാ വർധനവ് പുതിയ പല വലിയ പ്രശ്നങ്ങൾക്കും കാരണമായിരിക്കുന്നു. നാഷണൽ ജിയോഗ്രഫിക്ക് മാസിക അടുത്തയിടെ ഇങ്ങനെ അഭിപ്രായപ്പെട്ടു: “പുതിയ സഹസ്രാബ്ദത്തിലേക്കു കാലെടുത്തു വെക്കവെ, നാം അഭിമുഖീകരിക്കുന്ന ഏറ്റവും അടിയന്തിര പ്രശ്നം ജനസംഖ്യാ വർധനവാണ്.”
മോട്ടോർ വാഹനങ്ങൾ ഉപകാരപ്രദവും ജീവിതത്തിന്റെ ആസ്വാദനം വർധിപ്പിക്കുന്നതുമാണ്, എന്നാൽ അവ മാരകവുമാണ്. ലോകവ്യാപകമായി വാഹന അപകടങ്ങൾ നിമിത്തം ഓരോ വർഷവും 2,50,000 പേർ മരിക്കുന്നു എന്ന കണക്കു തെളിയിക്കുന്നത് മറ്റൊന്നല്ല. കാറുകൾ മലിനീകരണത്തിന്റെ ഒരു മുഖ്യ കാരണമാണ്. മലിനീകരണം “ഇപ്പോൾ ഒരു ആഗോള പ്രശ്നമാണ്, അത് ഒരു ധ്രുവം മുതൽ മറ്റേ ധ്രുവം വരെ ആവാസവ്യവസ്ഥകളുടെ അതിജീവനക്ഷമതയെ നശിപ്പിക്കുകയും അതിനു തുരങ്കം വെക്കുകയും ചെയ്യുന്നു” എന്ന് നമ്മുടെ ഗ്രഹത്തെ രക്ഷിക്കാൻ 5000 ദിനങ്ങൾ (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിന്റെ എഴുത്തുകാർ പറയുന്നു. അവർ ഇങ്ങനെ വിശദീകരിക്കുന്നു: “ആവാസവ്യവസ്ഥകൾക്കു ക്ഷതം വരുത്തുന്നതിലുമധികം നാം ചെയ്തിരിക്കുന്നു. ഉയർന്ന ജീവരൂപങ്ങൾക്ക് അനുയോജ്യമായ ഒരു സ്ഥലമാക്കി ഭൂമിയെ നിലനിർത്തുന്ന പ്രക്രിയകളെത്തന്നെ നാം ഇപ്പോൾ നശിപ്പിക്കുകയാണ്.”
മുൻ നൂറ്റാണ്ടുകളിൽ കേട്ടുകേഴ്വി പോലും ഇല്ലാതിരുന്ന മലിനീകരണം ഇരുപതാം നൂറ്റാണ്ടിൽ ഒരു പ്രശ്നമായി തീർന്നിരിക്കുകയാണ്. “മനുഷ്യരുടെ പ്രവർത്തനങ്ങൾ ലോകത്തെ ആഗോളതലത്തിൽ ബാധിക്കുമെന്ന് അടുത്തകാലം വരെ ആരും വിചാരിച്ചിരുന്നില്ല” എന്ന് നാഷണൽ ജിയോഗ്രഫിക്ക് പറയുന്നു. “അത്തരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നത് ചരിത്രത്തിൽ ആദ്യമായിട്ടാണെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.” തുടർന്ന് ആ മാസിക ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “മാനവരാശിയുടെ പ്രവർത്തനങ്ങളുടെ ആകമാന ഫലം എന്ന നിലയിൽ ഒറ്റ മനുഷ്യ തലമുറയ്ക്കുള്ളിൽത്തന്നെ ജീവിവർഗങ്ങൾ കൂട്ടമായി നശിച്ചുപോയേക്കാം.”
തീർച്ചയായും, അപൂർവ സവിശേഷതകൾ ഉള്ളതാണ് ഇരുപതാം നൂറ്റാണ്ട്. മെച്ചപ്പെട്ട ജീവിതം ആസ്വദിക്കാൻ അഭൂതപൂർവമായ അവസരങ്ങൾ ലഭിച്ച മനുഷ്യർ, ഇപ്പോൾ ജീവൻതന്നെ അപകടത്തിലായിരിക്കുന്ന ഒരു അവസ്ഥയിൽ എത്തിനിൽക്കുന്നു!
[8, 9 പേജുകളിലെ ചാർട്ട്/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
1901
മാർക്കോണി ആദ്യമായി അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ റേഡിയോ സന്ദേശം അയയ്ക്കുന്നു
1905
ഐൻസ്റ്റൈൻ തന്റെ സവിശേഷമായ ആപേക്ഷിക സിദ്ധാന്തം പ്രസിദ്ധീകരിക്കുന്നു
1913
ഫോർഡ് മോഡൽ-റ്റി കാറുകളുടെ ഉത്പാദനത്തിൽ അസംബ്ലി ലൈൻ സംവിധാനത്തിനു തുടക്കം കുറിക്കുന്നു
1941
വാണിജ്യ അടിസ്ഥാനത്തിൽ ടിവിയുടെ ഉത്പാദനം തുടങ്ങുന്നു
1969
മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തുന്നു
വിനോദസഞ്ചാരം ഒരു വൻ ബിസിനസ് ആയിത്തീരുന്നു
ഇന്റർനെറ്റിന് ജനപ്രീതി ഏറുന്നു
1999
ലോകജനസംഖ്യ 600 കോടിയിൽ എത്തുന്നു