ദൈവത്തിൽ ആശ്രയിക്കാൻ പ്രയാസഘട്ടങ്ങൾ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു
റോസി മേജർ പറഞ്ഞപ്രകാരം
ആദ്യത്തെ കുട്ടിയെ അഞ്ചു മാസം ഗർഭിണി ആയിരിക്കുമ്പോഴാണ് എന്റെ കാലുകൾ വല്ലാതെ നീരു വെച്ചിരിക്കുന്നതായി അമ്മാവിയമ്മ ശ്രദ്ധിച്ചത്. യഹോവയിലുള്ള ഞങ്ങളുടെ ആശ്രയത്വത്തിന്റെ മാറ്റുരയ്ക്കുന്ന സംഭവ വികാസങ്ങൾ ഞങ്ങളെ കാത്തിരിക്കുകയാണെന്ന കാര്യം 1992 മാർച്ച് മാസത്തിലെ ആ ദിവസം ഞാനും ഭർത്താവ് ജോയിയും മനസ്സിലാക്കിയതേയില്ല.
ഒരാഴ്ചയ്ക്കു ശേഷം, എനിക്ക് വളരെ ഉയർന്ന രക്തസമ്മർദം ഉള്ളതായി എന്നെ നോക്കിക്കൊണ്ടിരുന്ന ഡോക്ടർ കണ്ടെത്തി. കൂടുതൽ പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി എന്നെ ആശുപത്രിയിൽ അഡ്മിറ്റു ചെയ്യണമെന്ന് അവർ നിർദേശിച്ചപ്പോൾ എനിക്ക് സ്വാഭാവികമായും ആശങ്ക തോന്നി. മരണത്തിനു പോലും ഇടയാക്കിയേക്കാവുന്ന പ്രീക്ലാമ്പ്സിയa എന്ന ഗർഭസംബന്ധമായ രോഗം എനിക്ക് ഉള്ളതായി പരിശോധനയിൽ തെളിഞ്ഞു.
ഉടനടി കുഞ്ഞിനെ പുറത്തെടുത്തെങ്കിൽ മാത്രമേ എന്റെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാനാവൂ എന്നു ഡോക്ടർ തറപ്പിച്ചു പറഞ്ഞു. ഞാനും ഭർത്താവും ഞെട്ടിത്തരിച്ചുപോയി. “24 ആഴ്ച മാത്രം പ്രായമായ എന്റെ കുഞ്ഞ്! പുറത്തെടുത്താൽ അതെങ്ങനെ രക്ഷപ്പെടാനാണ്?” കിതപ്പോടെ ഞാൻ ചോദിച്ചു. “ശരി, നമുക്ക് അൽപ്പം കൂടെ കാത്തിരിക്കാം,” ഡോക്ടർ ദയാപൂർവം പറഞ്ഞു. “പക്ഷേ, നിങ്ങളുടെ നില വഷളാകുകയാണെങ്കിൽ കുഞ്ഞിനെ പുറത്തെടുക്കാതെ എനിക്കു മറ്റു നിർവാഹമില്ല.” പതിമൂന്നു ദിവസം കഴിഞ്ഞു, എന്റെ അവസ്ഥ ഒന്നിനൊന്നു വഷളായി. ഡോക്ടർ എന്റെ ഭർത്താവിനെ വിളിച്ചു സംസാരിച്ചു. ഒടുവിൽ ഞങ്ങൾ ആ ദുഷ്കരമായ തീരുമാനമെടുത്തു, കുഞ്ഞിനെ പുറത്തെടുക്കാൻ അനുവദിക്കുക.
പ്രസവം
പ്രസവത്തിന്റെ തലേ രാത്രി, ശിശുരോഗവിദഗ്ധനായ ഡോ. മക്നീൽ ഞങ്ങളോടു സംസാരിച്ചു. മാസം തികയാതെ ജനിക്കുന്ന ഒരു കുട്ടിക്ക് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ അദ്ദേഹം വിവരിച്ചുതന്നു—കുട്ടിയുടെ മസ്തിഷ്കത്തിനു തകരാറു സംഭവിച്ചേക്കാം, ശ്വാസകോശം ഒട്ടും വളർച്ച പ്രാപിക്കാത്തതുകൊണ്ട് വേണ്ടവിധം പ്രവർത്തിക്കാതിരുന്നേക്കാം, മറ്റനേകം പ്രശ്നങ്ങളും ഉണ്ടായേക്കാം. “സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാന”ത്തിനായും വരുന്നതെന്തും താങ്ങാനുള്ള കരുത്തിനായും ഞാൻ പ്രാർഥിച്ചു. (ഫിലിപ്പിയർ 4:7) പിറ്റേന്നു രാവിലെ ഓപ്പറേഷൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. 700 ഗ്രാം തൂക്കമേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ അവൾക്ക് ജോയാൻ ഷെല്ലി എന്നു പേരിട്ടു.
അഞ്ചു ദിവസത്തിനു ശേഷം ഒഴിഞ്ഞ കൈകളുമായി ഞാൻ വീട്ടിലേക്കു മടങ്ങി. എന്റെ കുഞ്ഞ് മരണവുമായി മല്ലിട്ട് കുട്ടികൾക്കായുള്ള പ്രത്യേക പരിചരണ വിഭാഗത്തിൽ കിടക്കുകയായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ജോയാന് ന്യൂമോണിയ പിടിപെട്ടു. അസുഖം മാറിയപ്പോൾ ഞങ്ങൾ സന്തോഷിച്ചു. എന്നാൽ ഏതാനും ദിവസം കഴിഞ്ഞപ്പോൾ അവളുടെ കുടലിൽ അണുബാധയുണ്ടായി. തന്മൂലം, അവളെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ആറു ദിവസത്തിനു ശേഷം അവളുടെ രോഗം ഏറെക്കുറെ ഭേദമായി, തൂക്കം അൽപ്പം വർധിക്കുക പോലും ചെയ്തു. ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു! എന്നാൽ ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. ജോയാന് രക്തക്കുറവുള്ളതായി ഡോ. മക്നീൽ ഞങ്ങളെ അറിയിച്ചു. ജോയാന്റെ അരുണ രക്തകോശങ്ങളുടെ ഉത്പാദനം വർധിപ്പിക്കാനായി എരിത്രോപൊയറ്റിൻ എന്ന കൃത്രിമ ഹോർമോൺ ലഭ്യമാക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്യണമെന്ന് അദ്ദേഹം നിർദേശിച്ചു. ബഹാമാസിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസ്, ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ഹോസ്പിറ്റൽ ഇൻഫർമേഷൻ സർവീസസ് പ്രതിനിധികളുമായി ബന്ധപ്പെട്ടു. അവർ ഉടനടി എരിത്രോപൊയറ്റിൻ എവിടെ ലഭിക്കുമെന്നതിനെയും എങ്ങനെ ഉപയോഗിക്കണമെന്നതിനെയും കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഡോ. മക്നീലിനു നൽകി. അദ്ദേഹം അത് ഉപയോഗിച്ചു ചികിത്സ ആരംഭിക്കുകയും ചെയ്തു.
വീണ്ടും പ്രശ്നങ്ങൾ
ഉത്കണ്ഠാകുലമായ ആഴ്ചകൾ പലതു കടന്നുപോയി. ഇതിനിടെ ജോയാന്റെ കുടലിൽ വീണ്ടും അണുബാധയുണ്ടായി. കോച്ചിപ്പിടിത്തം ഉണ്ടായതുമൂലം ഇടയ്ക്കിടെ ശ്വാസം നിലച്ചുപോയി, ഹീമോഗ്ലോബിന്റെ അളവ് നന്നേ കുറഞ്ഞു, ശ്വാസകോശ ന്യൂമോണിയയും പിടിപെട്ടു. ഇവയിൽ ഏതെങ്കിലും അവളുടെ മരണത്തിന് ഇടയാക്കിയേക്കുമോ എന്നു ഞങ്ങൾ ഭയന്നു. എന്നാൽ ജോയാന്റെ നില ക്രമേണ മെച്ചപ്പെട്ടു. മൂന്നു മാസം പ്രായമായപ്പോഴും അവൾ ആശുപത്രിയിൽത്തന്നെ ആയിരുന്നു. 1.4 കിലോഗ്രാം തൂക്കമേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ. എങ്കിലും, ആദ്യമായി അവൾ ഓക്സിജൻ സിലിണ്ടറിന്റെ സഹായമില്ലാതെ, സ്വയം ശ്വാസോച്ഛ്വാസം ചെയ്യാൻ തുടങ്ങി. ഹീമോഗ്ലോബിന്റെ അളവ് ക്രമേണ സാധാരണ നിലയിലേക്ക് ഉയർന്നു. അവൾക്ക് 1/2 കിലോ കൂടെ തൂക്കം വെച്ചാൽ ഞങ്ങൾക്ക് അവളെ വീട്ടിലേക്കു കൊണ്ടുപോകാമെന്ന് ഡോക്ടർ പറഞ്ഞു.
മൂന്നാഴ്ചയ്ക്കു ശേഷം ജോയാന് വീണ്ടും ഗുരുതരമായ ശ്വാസതടസ്സം നേരിട്ടു. പരിശോധന നടത്തിയെങ്കിലും കാരണം പിടികിട്ടിയില്ല. ശ്വാസതടസ്സം കൂടെക്കൂടെ ഉണ്ടാകാൻ തുടങ്ങി. പാൽ കുടിക്കുമ്പോഴാണ് അത് ഉണ്ടാകാറുള്ളതെന്നു മനസ്സിലായി. ഒടുവിൽ, ജോയാന്റെ ആമാശയത്തിൽനിന്ന് അന്നനാളത്തിലേക്ക് ആഹാരസാധനങ്ങൾ തിരികെ കയറുന്നതായി കണ്ടെത്തി. ഭക്ഷണം കഴിച്ചതിനു ശേഷം അവളുടെ അന്നനാളം അടയുമായിരുന്നില്ല. ആമാശയത്തിലുള്ള ആഹാരസാധനങ്ങൾ തൊണ്ടയിലേക്കു തികട്ടിവരുന്നതിന്റെ ഫലമായി അവൾക്കു ശ്വാസതടസ്സം ഉണ്ടാകുമായിരുന്നു.
ഒക്ടോബർ ആദ്യം ജോയാനു കുട്ടികളുടെ വാർഡിൽവെച്ചു വൈറസ് ബാധയുണ്ടായി. ഈ വൈറസ് ബാധ നിമിത്തം അവിടെയുള്ള ഒട്ടേറെ കുട്ടികൾ മരിക്കുന്നുണ്ടായിരുന്നു. അവശയായി കിടന്നിരുന്ന ആ അവസ്ഥയിൽ അവൾക്കു വീണ്ടും ശ്വാസതടസ്സം ഉണ്ടായി. ഇത്തവണ അതു വളരെ സമയം നീണ്ടുനിൽക്കുകയും ചെയ്തു. അവളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം വിഫലമാകുന്നതായി തോന്നി. ശിശുരോഗവിദഗ്ധൻ അവൾ മരിച്ചെന്നുതന്നെ കരുതിയതാണ്. എങ്ങനെയെന്നറിയില്ല അവൾ വീണ്ടും ശ്വാസോച്ഛ്വാസം ചെയ്യാൻ തുടങ്ങി. എന്നാൽ ഉടനടി അവൾക്കു കോച്ചിപ്പിടിത്തം ഉണ്ടായി. വീണ്ടും അവൾക്കു കൃത്രിമ ശ്വാസോച്ഛ്വാസം നൽകേണ്ടിവന്നു. ഇപ്രാവശ്യം അവൾ രക്ഷപ്പെടില്ലെന്നു ഞങ്ങൾ ഭയന്നു. എന്നാൽ അവൾ ആ അപകടനിലയെ അതിജീവിച്ചു. ഞങ്ങൾ യഹോവയ്ക്കു നന്ദി പറഞ്ഞു.
യഹോവയിൽ കൂടുതലായി ആശ്രയിക്കാൻ പഠിക്കുന്നു
ജോയാന്റെ ജനനത്തിനു മുമ്പ് ഞങ്ങൾ അഭിമുഖീകരിച്ച പ്രശ്നങ്ങളെ, തുറമുഖത്തിന് അടുത്തുവെച്ച് ഒരു ബോട്ടിൽനിന്ന് വെള്ളത്തിലേക്കു വീഴുന്നതിനോടു താരതമ്യപ്പെടുത്താവുന്നതാണ്. ഞങ്ങൾക്കു കരയിലേക്കു നീന്തിപ്പോകാമായിരുന്നു. എന്നാൽ ഇപ്പോൾ, നടുക്കടലിൽ വീണുപോയ അവസ്ഥയിലായി ഞങ്ങൾ. പിന്തിരിഞ്ഞു നോക്കുമ്പോൾ, അവളുടെ ജനനത്തിനു മുമ്പ് ഞങ്ങൾ ചിലപ്പോഴൊക്കെ ഞങ്ങളിൽത്തന്നെ അമിതമായി ആശ്രയിച്ചിരുന്നതായി മനസ്സിലാക്കി. എന്നാൽ ജോയാനുമായി ബന്ധപ്പെട്ട് ഉണ്ടായ അനുഭവങ്ങളിലൂടെ മാനുഷിക പരിഹാരങ്ങൾ ഇല്ലാത്ത സാഹചര്യങ്ങളിൽ യഹോവയിൽ ആശ്രയിക്കാൻ ഞങ്ങൾ പഠിച്ചിരിക്കുന്നു. യേശു ബുദ്ധിയുപദേശിച്ചതുപോലെ, അന്നന്നത്തെ കുറിച്ചു മാത്രം വിചാരപ്പെടാൻ ഞങ്ങൾ പഠിച്ചു. (മത്തായി 6:34) ചിലപ്പോൾ എന്തിനു വേണ്ടിയാണു പ്രാർഥിക്കേണ്ടത് എന്നുപോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു, എങ്കിലും യഹോവയിൽ ആശ്രയിക്കാൻ ഞങ്ങൾ പഠിച്ചു. ബൈബിൾപരമായ ജ്ഞാനവും അങ്ങേയറ്റം പ്രയാസകരമായ ഇത്തരം സാഹചര്യങ്ങളെ തരണം ചെയ്യാൻ ഞങ്ങളെ സഹായിക്കുന്ന “അത്യന്തശക്തി”യും പ്രദാനം ചെയ്തതിന് ഞങ്ങൾ ഇപ്പോൾ യഹോവയ്ക്കു നന്ദി പറയുന്നു.—2 കൊരിന്ത്യർ 4:7.
പ്രതിസന്ധികൾ നേരിട്ട മിക്ക അവസരങ്ങളിലും വൈകാരിക സമനില പാലിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരുന്നു. ഏതു നേരവും ജോയാനെ കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സിൽ. ആത്മീയ സമനില പാലിക്കുന്നതിൽ ഭർത്താവ് എനിക്കു വലിയൊരു സഹായം ആയിരുന്നിട്ടുണ്ട്. അതിന് അദ്ദേഹത്തോടു ഞാൻ വളരെ നന്ദിയുള്ളവളാണ്.
ജോയാൻ വീട്ടിലേക്കു വരുന്നു
ജോയാന്റെ ആരോഗ്യം ക്രമേണ മെച്ചപ്പെട്ടു. ഒരു ദിവസം അവൾ ഓക്സിജൻ ട്യൂബ് വായിൽനിന്നു പറിച്ചുകളയുക പോലും ചെയ്തു. ജോയാനെ വീട്ടിലേക്കു കൊണ്ടുപോയിക്കൊള്ളാൻ ഡോ. മക്നീൽ പറഞ്ഞു. ഞങ്ങൾ സന്തോഷംകൊണ്ടു തുള്ളിച്ചാടി! അവളെ വീട്ടിലേക്കു കൊണ്ടുവരുന്നതിനു മുമ്പുതന്നെ, അവൾക്കു ട്യൂബിലൂടെ ആഹാരം നൽകാനും മറ്റും ഞങ്ങൾ പഠിച്ചു. ഓക്സിജൻ നൽകാനുള്ള സംവിധാനം വീട്ടിൽ ക്രമീകരിച്ചു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും അളക്കുന്ന ഒരു യന്ത്രം വാടകയ്ക്കെടുത്തു. കൂടാതെ, അടിയന്തിര പുനരുജ്ജീവന നടപടികൾ സംബന്ധിച്ച ഒരു കോഴ്സിലും ഞങ്ങൾ പങ്കെടുത്തു. അങ്ങനെ 1992 ഒക്ടോബർ 30-ന് ജോയാനെ ആശുപത്രിയിൽനിന്നു വീട്ടിലേക്കു കൊണ്ടുവന്നു. 212 ദിവസങ്ങളാണ് അവളും ഞങ്ങളും കുട്ടികളുടെ വാർഡിൽ കഴിച്ചുകൂട്ടിയത്.
തുടക്കം മുതലേ, കുടുംബാംഗങ്ങളും യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിലെ അംഗങ്ങളും യഹോവയിൽ നിന്നുള്ള യഥാർഥ അനുഗ്രഹമാണെന്നു തെളിഞ്ഞിരുന്നു. അവർ വന്ന് വീടും മുറ്റവും വൃത്തിയാക്കുകയും ഭക്ഷണം പാകം ചെയ്തുതരികയും ആശുപത്രിയിൽ പോകാൻ വേണ്ട സൗകര്യങ്ങൾ ചെയ്യുകയും എനിക്ക് അൽപ്പം ഉറക്കം ലഭിക്കാനായി ജോയാനെ നോക്കുന്ന ചുമതല ഏറ്റെടുക്കുകയുമൊക്കെ ചെയ്തു. അങ്ങനെ, അതുവരെ ഞങ്ങൾ തിരിച്ചറിയാഞ്ഞ അവരുടെ വ്യക്തിത്വത്തിന്റെ മനോഹരമായ വശങ്ങൾ ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. ഉദാഹരണത്തിന്, ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ തങ്ങളെ സഹായിച്ച ആത്മീയ ആശയങ്ങൾ ചിലർ ഞങ്ങളുമായി പങ്കുവെച്ചു.
ഞങ്ങളുടെ ഇന്നത്തെ ജീവിതം
ജോയാന്റെ ആരോഗ്യപ്രശ്നങ്ങൾക്ക് ഏറ്റവും മെച്ചപ്പെട്ട വൈദ്യചികിത്സ ലഭ്യമാക്കാൻ ഞങ്ങൾ ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്. 19 മാസം പ്രായമുണ്ടായിരുന്നപ്പോൾ അവൾക്ക് മസ്തിഷ്ക തളർവാതം ഉള്ളതായി തെളിഞ്ഞു—മസ്തിഷ്കത്തിന് ഉണ്ടായ തകരാറുമൂലം സംഭവിച്ചതായിരുന്നു അത്. ആമാശയത്തിൽനിന്ന് കണ്ഠനാളത്തിലേക്കു ഭക്ഷണം കയറിവരുന്നതു മൂലം അവൾ 1994-ൽ സെപ്റ്റംബറിൽ വലിയ ഒരു ശസ്ത്രക്രിയയ്ക്കു വിധേയയായി. 1997-ൽ അവൾക്കു ഗുരുതരമായ കോച്ചിപ്പിടിത്തം ഉണ്ടാകാൻ തുടങ്ങി. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയതോടെ ഇപ്പോൾ കോച്ചിപ്പിടിത്തം ഉണ്ടാകാറില്ല. ജോയാന്റെ ആരോഗ്യപ്രശ്നങ്ങൾ അവളുടെ ശാരീരിക വളർച്ചയ്ക്കു വിഘ്നം വരുത്തിയിരിക്കുന്നു. എങ്കിലും, അവൾ ഇപ്പോൾ ഒരു പ്രത്യേക സ്കൂളിൽ പോകുന്നുണ്ട്, നന്നായി പഠിക്കുകയും ചെയ്യുന്നു. അവൾക്കു നടക്കാൻ കഴിയില്ല, സംസാരശേഷി വളരെ പരിമിതമാണ്. എങ്കിലും എല്ലാ ക്രിസ്തീയ യോഗങ്ങൾക്കും വീടുതോറുമുള്ള ശുശ്രൂഷയിലും അവൾ ഞങ്ങളോടൊപ്പം ഉണ്ടാകും. അവൾ സന്തോഷവതിയാണ്.
ഈ ദുർഘട സമയങ്ങളിൽ യഹോവ ഞങ്ങളെ ആശ്വസിപ്പിച്ചു. ബുദ്ധിമുട്ടുകൾ ഗണ്യമാക്കാതെ തുടർന്നും യഹോവയിൽ ‘ആനന്ദിക്കാനും’ അവനിൽ ആശ്രയിക്കാനും ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. (ഹബക്കൂക് 3:17, 18; സഭാപ്രസംഗി 9:11, NW) ദൈവത്തിന്റെ വാഗ്ദത്ത പറുദീസാ ഭൂമിക്കായി ഞങ്ങൾ അതിയായ ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുന്നു, അവിടെ ഞങ്ങളുടെ പൊന്നുമോൾ പൂർണ ആരോഗ്യവതി ആയിരിക്കും.—യെശയ്യാവു 33:24.
[അടിക്കുറിപ്പുകൾ]
a പ്രീക്ലാമ്പ്സിയ ഉള്ള ഗർഭിണിയുടെ രക്തക്കുഴലുകൾ സങ്കോചിക്കുന്നു. ഇതുമൂലം അവയവങ്ങളിലേക്കും മറുപിള്ളയിലേക്കും വളർന്നുവരുന്ന ഭ്രൂണത്തിലേക്കും ആവശ്യത്തിനു രക്തം പ്രവഹിക്കാതാകുന്നു. ഈ രോഗത്തിനുള്ള കാരണം അജ്ഞാതമാണെങ്കിലും ഇതു പാരമ്പര്യമായി ഉണ്ടാകുന്ന ഒന്നാണെന്നു ചില തെളിവുകൾ സൂചിപ്പിക്കുന്നു.
[18-ാം പേജിലെ ചിത്രം]
ഞങ്ങളുടെ മകൾ ജോയാൻ
[20-ാം പേജിലെ ചിത്രം]
പരിമിതികൾ ഉണ്ടെങ്കിലും, ജോയാൻ സന്തോഷവതിയാണ്