ടാഗ്വ കുരു—അതിന് ആനകളെ രക്ഷിക്കാനാകുമോ?
ഇക്വഡോറിലെ ഉണരുക! ലേഖകൻ
അവർ ചങ്ങാതിമാരാണെന്ന് ആരും പ്രതീക്ഷിക്കില്ല. ഒന്നിന്റെ തൂക്കം ഏതാനും ഗ്രാം മാത്രം; മറ്റേതിന്റെയാകട്ടെ ടൺ കണക്കിനും. ഒന്ന് സസ്യലോകത്തിൽ നിന്നാണെങ്കിൽ മറ്റേത് ജന്തുസാമ്രാജ്യത്തിൽ നിന്നാണ്. അവർ വെവ്വേറെ ഭൂഖണ്ഡങ്ങളിൽ വസിക്കുന്നു. എന്നിരുന്നാലും തെക്കേ അമേരിക്കയിലെ ഇത്തിരിപ്പോന്ന ടാഗ്വ കുരുവിന് ആഫ്രിക്കയിലെ കൂറ്റൻ ആനകളെ നിഷ്ഠുരമായ കൂട്ടക്കൊലയിൽ നിന്നു രക്ഷിക്കാൻ കഴിഞ്ഞേക്കും. എന്നാൽ, എന്താണ് ഈ ടാഗ്വ കുരു, അത് എങ്ങനെയാണ് ആനയുടെ ചങ്ങാതി ആയിത്തീർന്നിരിക്കുന്നത്?
ഒരു അസാധാരണ പന
ടാഗ്വ കുരു, മുഖ്യമായും തെക്കേ അമേരിക്കയുടെ വടക്കുഭാഗത്തു കണ്ടുവരുന്ന ഒരു പ്രത്യേക ഇനം പനയുടെ കുരുവാണ്. മന്ദഗതിയിൽ വളരുന്ന ഈ വൃക്ഷങ്ങളുടെ മനോഹരമായ ഓലകൾ തറനിരപ്പിൽനിന്നു വളർന്നു പൊങ്ങുന്നു. വർഷങ്ങൾ കഴിഞ്ഞേ തായ്ത്തടി ദൃശ്യമാകുകയുള്ളൂ. ടാഗ്വ പനയുടെ തായ്ത്തടിക്ക് രണ്ടു മീറ്റർ ഉയരം വെക്കണമെങ്കിൽ 35 മുതൽ 40 വരെ വർഷം എങ്കിലും എടുക്കും. ഓലകളുടെ തൊട്ടുതാഴെയായി വലിയ, പരുപരുത്ത പനങ്കുലകൾ ഉണ്ടാകുന്നു. സാധാരണമായി, ഇടതിങ്ങി വളരുന്ന, മരംപോലെ ഉറപ്പുള്ള കായ്കൾ നിറഞ്ഞ ഈ കുലകൾക്ക് ഏതാണ്ട് 10 കിലോഗ്രാം ഭാരം ഉണ്ടായിരിക്കും. ഓരോ കായിലും സാധാരണഗതിയിൽ ഏകദേശം ഒരു കോഴിമുട്ടയുടെ ആകൃതിയും വലിപ്പവുമുള്ള നാലു മുതൽ ഒമ്പതു വരെ കുരു ഉണ്ടായിരിക്കും. ആദ്യ ഘട്ടത്തിൽ കുരുവിനകത്തെ പൊള്ളയായ ഭാഗത്ത് തേങ്ങാവെള്ളത്തോടു സമാനമായ കുടിക്കാൻ കൊള്ളാവുന്ന ഒരു ദ്രാവകം ഉണ്ടായിരിക്കും. രണ്ടാം ഘട്ടത്തിൽ ഈ നീര് ഉറഞ്ഞ്, ജെല്ലിപോലിരിക്കുന്ന മധുരമുള്ള ഭക്ഷ്യയോഗ്യമായ നൊങ്ക് ആയിത്തീരുന്നു. അവസാന ഘട്ടത്തിൽ ഇത് ആനക്കൊമ്പിനോടു (ദന്തം) വളരെയേറെ സാമ്യമുള്ള കട്ടിയുള്ള ഒരു വെള്ള വസ്തു ആയി മാറുന്നു. അതുകൊണ്ടു തന്നെ മലയാളത്തിൽ ഇതിനെ ദന്തപ്പശ എന്നു വിളിക്കാറുണ്ട്.
ആനയുടെ ചങ്ങാതി ആയിരിക്കുന്നത് എന്തുകൊണ്ട്?
ടാഗ്വ കുരുവിനകത്തെ പരിപ്പ് അഥവാ ദന്തപ്പശ ആനക്കൊമ്പിനു പകരം ഉപയോഗിക്കാം എന്നതിനാൽ ഇതിനെ ആനയുടെ ചങ്ങാതി എന്നു വിളിക്കുന്നതിൽ ഒരു തെറ്റുമില്ല. നിർദയമായ ആനക്കൊമ്പുവേട്ട ആഫ്രിക്കൻ ആനയുടെ നിലനിൽപ്പിനു ഭീഷണി ഉയർത്തിയിരിക്കുന്നു. എന്നിരുന്നാലും ടാഗ്വ കുരുവിനകത്തെ ദന്തപ്പശ അങ്ങേയറ്റം കട്ടിയുള്ളതും ചായം വേഗത്തിൽ ആഗിരണം ചെയ്യുന്നതും നന്നായി പോളീഷ് ചെയ്യാൻ കഴിയുന്നതുമായതിനാൽ അത് ആനക്കൊമ്പിനു പകരം ഉപയോഗിക്കാൻ കഴിയും. അന്തർദേശീയമായി നിരോധിക്കപ്പെട്ട വസ്തുവായ ആനക്കൊമ്പല്ല തങ്ങൾ ഉപയോഗിക്കുന്നതെന്നു തെളിയിക്കുന്നതിനായി കരകൗശലവിദഗ്ധർ പലപ്പോഴും തങ്ങളുടെ ഉത്പന്നങ്ങളിൽ ടാഗ്വയുടെ തവിട്ടുനിറത്തിലുള്ള പുറംതോട് അൽപ്പം അവശേഷിപ്പിക്കാറുണ്ട്. ഈ വസ്തുത തന്നെ അതും ആനക്കൊമ്പും എത്രമാത്രം സമാനമാണ് എന്നതിന്റെ തെളിവാണ്.
ദന്തപ്പശ അടുത്തകാലത്തെ ഒരു കണ്ടുപിടിത്തമല്ല. 1750-ൽ, തെക്കേ അമേരിക്കൻ സന്ന്യാസിയായ ച്വാൻ ഡെ സാന്റാ ചെർട്രൂഡിസ് തന്റെ വൃത്താന്തങ്ങളിൽ ദന്തപ്പശയെ കുറിച്ചു പരാമർശിച്ചിട്ടുള്ളതായി കാണാം. ശിൽപ്പങ്ങൾ കൊത്തിയുണ്ടാക്കാൻ ഉപയോഗിച്ചിരുന്ന “വെണ്ണക്കൽ ഗോളങ്ങ”ളോട് അദ്ദേഹം അവയെ ഉപമിച്ചു. 1900-ങ്ങളുടെ തുടക്കം ആയപ്പോഴേക്കും, ടാഗ്വ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യമായ ഇക്വഡോർ ഓരോ വർഷവും ആയിരക്കണക്കിനു ടൺ ദന്തപ്പശ കയറ്റുമതി ചെയ്യാൻ തുടങ്ങി. മുഖ്യമായും ബട്ടണുകളുടെ നിർമാണത്തിനായിരുന്നു അത്. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ചെലവുകുറഞ്ഞ പുതിയ പ്ലാസ്റ്റിക്കുകൾ രംഗം കീഴടക്കിയതോടെ ടാഗ്വ വ്യാപാരത്തിന്റെ മരണമണി മുഴങ്ങി. എന്നാൽ ഇപ്പോൾ ഈ വ്യവസായം ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. അടുത്തകാലത്ത് 18 മാസത്തെ ഒരു കാലയളവിൽ ഇക്വഡോർ 1,650 ടൺ ടാഗ്വ ഇറ്റലി, ഐക്യനാടുകൾ, ജപ്പാൻ, ജർമനി എന്നിവിടങ്ങളിലേക്കും മറ്റു 18 രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തു എന്നത് ഇതിനു തെളിവാണ്.a ഇന്ന് ടാഗ്വ സംസ്കരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് എങ്ങനെയാണ്?
ബഹുമുഖ ഉപയോഗമുള്ള ടാഗ്വ
ഉഷ്ണമേഖലാ സൂര്യന്റെ ചൂടേറ്റ് ഉണങ്ങുന്നതിനായി ടാഗ്വ കുരു ജലാംശം അനുസരിച്ച് ഒന്നു മുതൽ മൂന്നു വരെ മാസത്തേക്ക് വെയിലത്തു നിരത്തിയിടുന്നു. പിന്നീട് യന്ത്രം ഉപയോഗിച്ച് അവയുടെ തോടു പൊളിക്കുന്നു. വലിപ്പം അനുസരിച്ച് തരംതിരിക്കുകയും ബട്ടൺ നിർമാണത്തിന് ഉപയോഗിക്കുന്നതിനായി നേർത്ത കഷണങ്ങളായി മുറിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ ലോകത്തിലെ ഏറ്റവും മേൽത്തരമായ ചില വസ്ത്രങ്ങൾ അലങ്കരിക്കാൻ ഈ “ആനക്കൊമ്പ്” ബട്ടണുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ബട്ടൺ ഉണ്ടാക്കാൻ മാത്രമല്ല ദന്തപ്പശ ഉപയോഗിക്കുന്നത്. ആഭരണങ്ങൾ, ചതുരംഗക്കരുക്കൾ, കുഴൽവാദ്യങ്ങളുടെ ചില ഭാഗങ്ങൾ, പിയാനോ കട്ടകൾ, കുടകളുടെ പിടി എന്നിങ്ങനെ വിവിധ രൂപങ്ങൾ അതു കൈവരിക്കുന്നു.
എന്നാൽ ടാഗ്വ പനയുടെ സംഭാവനകൾ ഇതുകൊണ്ടൊന്നും തീരുന്നില്ല! സംസ്കരണത്തിനു ശേഷം ബാക്കിവരുന്ന നേർമയുള്ള പൊടി സസ്യേതര ഭക്ഷ്യവസ്തുക്കൾ സമ്പുഷ്ടമാക്കുന്നതിന് ഉപയോഗിക്കുന്നു. കൂടാതെ ഇത്, മരക്കരി ഉണ്ടാക്കുമ്പോൾ തീ കത്തിക്കാനും ഉപയോഗിക്കുന്നു. പനയോല ഉപയോഗിച്ച് വെള്ളം കടക്കാത്ത മേൽക്കൂരകൾ നിർമിക്കാം. മാത്രമല്ല, ടാഗ്വയുടെ വിളവെടുപ്പും സംസ്കരണവും കയറ്റുമതിയും അനേകർക്ക് തൊഴിൽ പ്രദാനം ചെയ്യുന്നു.
എല്ലാറ്റിനും ഉപരി, ദന്തപ്പശയ്ക്ക് ആഫ്രിക്കൻ ആനകളുടെ സംരക്ഷണത്തിൽ വളരെ വലിയ ഒരു പങ്കു വഹിക്കാൻ കഴിയും. അതുകൊണ്ട് ആനക്കൊമ്പിന്റെ ആർഭാടം നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ആഫ്രിക്കയിലെ സാവന്നകളിലേക്കു നോക്കേണ്ടതില്ല. മറിച്ച് അത് സുലഭമായുള്ള തെക്കേ അമേരിക്കയിലെ മഴവനങ്ങളെ കുറിച്ചു ചിന്തിക്കുക, അവിടെ അത് മരത്തിലും കായ്ക്കുന്നു! അതേ, ആനയുടെ ചങ്ങാതിയായ ടാഗ്വ കുരുവിനെ കുറിച്ചു ചിന്തിക്കുക.
[അടിക്കുറിപ്പുകൾ]
a 1994 ജനുവരി 1-നും 1995 ജൂൺ 15-നും ഇടയ്ക്ക്.
[24, 25 പേജുകളിലെ ചിത്രങ്ങൾ]
1. ടാഗ്വ പന
2. ടാഗ്വ പനങ്കുലകൾ
3. കുരു കാണാൻ കഴിയത്തക്കവണ്ണം ടാഗ്വ കായ് കുറുകെ മുറിച്ചിരിക്കുന്നു
4. ടാഗ്വ കുരു ഉണങ്ങി കട്ടിയായിത്തീരുന്നു
5. ടാഗ്വ ബട്ടണുകൾ
6. മുത്തുച്ചിപ്പിയുടെ ഉൾപാളിയാൽ അലങ്കൃതമായ ടാഗ്വ ആഭരണങ്ങൾ
7. ടാഗ്വ ശിൽപ്പങ്ങൾ