മനസ്സിൽ മായാതെ കിടന്ന ഒരു ചിത്രം
രണ്ടു പതിറ്റാണ്ടിലേറെയായി കാരെൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്. കാരെന്റെ പിതാവാകട്ടെ മതത്തെ കുറിച്ചു സംസാരിക്കാൻ ഒരിക്കലും താത്പര്യം കാണിച്ചിരുന്നില്ല. എന്നാൽ അടുത്ത കാലത്ത് സ്ഥിതിഗതികൾക്കു മാറ്റം വന്നു. ശസ്ത്രക്രിയയെ തുടർന്ന് ആശുപത്രിയിൽ കഴിയുകയായിരുന്ന അദ്ദേഹം ഒരു ദിവസം വെറുതെയിരുന്നു മടുത്തപ്പോൾ ഒരു വർത്തമാനപ്പത്രം മുഴുവനും വായിച്ചു തീർത്തു. അതിലെ വിവരങ്ങൾ അദ്ദേഹത്തെ ശരിക്കും നടുക്കിക്കളഞ്ഞു. പിന്നീടു വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം മകൾക്കു ഫോൺ ചെയ്തു. കാരെൻ വിവരിക്കുന്നു: “ഡാഡി എന്നെ വിളിച്ചു പറഞ്ഞു, ‘കാരെൻ, ലോകം വല്ലാതെ അധഃപതിച്ചിരിക്കുന്നു.’ കുട്ടികളോടുള്ള ദുഷ്പെരുമാറ്റമാണ് അദ്ദേഹത്തെ ഏറ്റവും അധികം വിഷമിപ്പിച്ചത്.
“എനിക്കെന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പു തന്നെ അദ്ദേഹം തുടർന്നു: ‘ഇന്നു രണ്ടു സ്ത്രീകൾ ഇവിടെ വന്നിരുന്നു. സാധാരണഗതിയിൽ ഞാൻ എപ്പോഴും പുറകുവശത്തെ തോട്ടത്തിലായിരിക്കും. എന്നാൽ ഇന്ന് അവർ വന്നപ്പോൾ ഞാൻ മുൻവശത്തു തന്നെ ഉണ്ടായിരുന്നു. അവരിൽ ഒരാൾ മനോഹരമായ ഒരു ഉദ്യാനത്തിന്റെ ചിത്രം എന്നെ കാണിച്ചു. “എന്റെ വീടിന്റെ പിൻഭാഗത്തെ തോട്ടം നിങ്ങൾ ഒന്നു കാണേണ്ടതാണ്—അതു വളരെ മനോഹരമാണ്” എന്നു പറയണമെന്നു തോന്നിയെങ്കിലും ഞാനൊന്നും മിണ്ടിയില്ല. പിന്നെ, മുഴു ഭൂമിയിലും സമാധാനം കളിയാടുന്ന ഒരു സമയം പെട്ടെന്നു തന്നെ വരുമെന്ന് അവർ എന്നോടു പറഞ്ഞു. അതുപോലെ തന്നെ അത് മനോഹരമായ ആ ഉദ്യാനം പോലെ ആയിരിക്കും എന്നും എല്ലാവർക്കും അത് ആസ്വദിക്കാൻ കഴിയും എന്നും. ഞാൻ ആ പുസ്തകം വാങ്ങിയില്ല. എന്നാൽ അവർ പോയിക്കഴിഞ്ഞും ആ ചിത്രം എന്റെ മനസ്സിൽ മായാതെ കിടന്നു. അതിനെ കുറിച്ചും ആഗോള സമാധാനം എന്ന ആശയത്തെ കുറിച്ചും ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. ഞാൻ ഏതു പുസ്തകത്തെ കുറിച്ചാണു പറയുന്നതെന്നു മനസ്സിലായോ? ഒരെണ്ണം എനിക്കു കൊണ്ടുത്തരാമോ?’”
അതു ചെയ്യാൻ കാരെനു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ നിങ്ങൾ കാണുന്ന ചിത്രത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ആ പുസ്തകത്തിന്റെ പേര് നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്നാണ്. ദൈവം പെട്ടെന്നു തന്നെ ഈ ഭൂമിയെ മനുഷ്യർ സമാധാനത്തിൽ വസിക്കുന്ന ഒരു ആഗോള ഉദ്യാനമായി രൂപാന്തരപ്പെടുത്തുമെന്ന ബൈബിൾ വാഗ്ദാനത്തെ കുറിച്ചു കൂടുതൽ അറിയാൻ നിങ്ങൾക്കു താത്പര്യമുണ്ടോ? നിങ്ങളുടെ പ്രദേശത്തെ ഞങ്ങളുടെ ഒരു പ്രതിനിധിയെ അയച്ചുകൊണ്ട് നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്കു നൽകാൻ ഞങ്ങൾക്കു സന്തോഷമുണ്ട്. നിങ്ങൾ അതിന് ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ വിലാസത്തിലോ അയയ്ക്കുക.
□ എന്നെ സന്ദർശിക്കാൻ ദയവായി നിങ്ങളുടെ പ്രതിനിധിയെ അയയ്ക്കുക.