അദ്ദേഹത്തിന്റെ വിശ്വാസം ശക്തിയേകി
പതിനേഴു വയസ്സുള്ള ഒരു പെൺകുട്ടി, 1998 ജൂൺ 8 ലക്കം ഉണരുക!യിൽ വന്ന ഒരു ലേഖനത്തിനു വിലമതിപ്പു പ്രകടിപ്പിച്ചുകൊണ്ട് മുൻ സോവിയറ്റ് യൂണിയൻ റിപ്പബ്ലിക്ക് ആയിരുന്ന മൊൾഡോവയിലെ വാച്ച് ടവർ സൊസൈറ്റിയുടെ ഓഫീസിലേക്ക് എഴുതി. “രണ്ടു പിതാക്കന്മാർ—ആരെ വേണമെന്ന എന്റെ തിരഞ്ഞെടുപ്പ്” എന്നതായിരുന്നു ലേഖനം. ഒരു അർമേനിയൻ യുവാവിന്റെ ജീവിതാനുഭവങ്ങൾ അതിൽ വിവരിച്ചിരുന്നു.
അവൾ പറയുന്നു: “ആ ലേഖനം വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. എന്തുകൊണ്ടെന്നാൽ എനിക്കും അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. പതിനഞ്ചു വയസ്സുള്ളപ്പോഴാണ് ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങിയത്. ആദ്യം എന്റെ മാതാപിതാക്കൾ എതിർപ്പൊന്നും പറഞ്ഞില്ല. എന്നാൽ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഞാൻ ഹാജരായി തുടങ്ങിയപ്പോൾ അവർ ശക്തമായി എതിർത്തു. പിന്നീട്, 1997-ൽ, പഠിച്ച കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ ആരംഭിച്ചപ്പോൾ അവർ പറഞ്ഞു: ‘നീ നിന്റെ സാക്ഷി സുഹൃത്തുക്കളുടെ അടുത്തേക്കു പൊയ്ക്കോ. അവർ നിനക്ക് ആഹാരവും വസ്ത്രവും ജോലിയുമൊക്കെ തരട്ടെ. നീ മഹാ നിഷേധിയാണ്!’ എന്റെ തല ഭിത്തിയിൽ ഇടിച്ചുകൊണ്ടും മറ്റും മാതാപിതാക്കൾ എന്നെ ശാരീരികമായി പോലും ഉപദ്രവിച്ചു.
“വളരെ കഠിനമായ ഒരു പരിശോധനയായിരുന്നു അത്. യഹോവ എന്നിൽ സന്തുഷ്ടനാണോ എന്ന് ആ അർമേനിയൻ യുവാവിനെ പോലെതന്നെ ഞാനും പലപ്പോഴും സംശയിച്ചു. ‘ഞാൻ ഒന്നിനും കൊള്ളാത്തവളാണോ? ചെയ്തു പോയിട്ടുള്ള തെറ്റുകളൊക്കെ യഹോവ എന്നോടു ക്ഷമിക്കുമോ? യഹോവ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടോ?’ എന്നിങ്ങനെയുള്ള ചിന്തകൾ എന്നെ അലട്ടി.
“യഹോവ മേലാൽ എന്നെ സ്നേഹിക്കുന്നില്ല എന്നു തോന്നിയ സന്ദർഭങ്ങളായിരുന്നു ഏറ്റവും പ്രയാസകരം. ഒരിക്കലും അവനെ ഉപേക്ഷിക്കാതിരിക്കാൻ തക്കവണ്ണം എന്നെ സഹായിക്കാനും ശക്തീകരിക്കാനുമായി ഞാൻ പലപ്പോഴും കണ്ണീരോടെ യഹോവയോട് അപേക്ഷിച്ചു. യഹോവ എന്റെ പ്രാർഥനകൾ ശ്രദ്ധിച്ച് എന്റെ യാചനകൾക്ക് ഉത്തരം നൽകുകതന്നെ ചെയ്തു. അവൻ എനിക്ക് ഉറപ്പും നിശ്ചയദാർഢ്യവും ധൈര്യവും പ്രദാനം ചെയ്തു. പ്രത്യേകിച്ചും, ‘എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും’ എന്ന സങ്കീർത്തനക്കാരന്റെ ദൃഢവിശ്വാസത്തോടെയുള്ള പ്രഖ്യാപനം രേഖപ്പെടുത്തിയിരിക്കുന്ന അവന്റെ വചനമായ ബൈബിളിലൂടെ.—സങ്കീർത്തനം 27:10.
“1997 സെപ്റ്റംബർ 27-ന് കാഗൂളിൽ വെച്ചു നടന്ന യഹോവയുടെ സാക്ഷികളുടെ ഒരു സർക്കിട്ട് സമ്മേളനത്തിൽ യഹോവയ്ക്കുള്ള എന്റെ സമർപ്പണം ഞാൻ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. സങ്കീർത്തനം 84:11-ലെ തന്റെ വാഗ്ദാനം സ്നേഹനിധിയായ നമ്മുടെ സ്വർഗീയ പിതാവായ യഹോവ നിവർത്തിക്കുന്നത് ഞാൻ അനുഭവിച്ചറിഞ്ഞിരിക്കുന്നു: ‘യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നൽകുന്നു; നേരോടെ നടക്കുന്നവർക്കു അവൻ ഒരു നന്മയും മുടക്കുകയില്ല.’
“വിശ്വാസത്തെ ശക്തീകരിക്കുന്ന തന്റെ അനുഭവം ഉണരുക! മാസികയിലൂടെ പങ്കുവെച്ച ആ അർമേനിയൻ യുവാവിനോട് എനിക്ക് അങ്ങേയറ്റത്തെ കൃതജ്ഞതയുണ്ട്. അദ്ദേഹത്തിന്റെയും എന്റെയും മാതാപിതാക്കൾ ക്രമേണ ബൈബിൾ പഠിപ്പിക്കലുകളിൽ താത്പര്യം കാണിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു.”