“ഈ ഉണരുക! ഞങ്ങൾക്കു വേണ്ടിത്തന്നെ എഴുതിയതാണ്”!
“അൽസൈമേഴ്സ് രോഗം—യാതനകൾ ലഘൂകരിക്കൽ” എന്ന ഒരു ലേഖന പരമ്പര 1998 സെപ്റ്റംബർ 22 ലക്കം ഉണരുക!യിൽ വിശേഷവത്കരിച്ചിരുന്നു. അതിലെ സഹായകമായ നിർദേശങ്ങൾക്കായി ഒട്ടനവധി വായനക്കാർ ആഴമായ വിലമതിപ്പു പ്രകടമാക്കി. ചിലരുടെ അഭിപ്രായങ്ങൾ ഇതാ:
“ഏകദേശം രണ്ടു വർഷം മുമ്പ് എന്റെ ഭർത്താവിന് അൽസൈമേഴ്സ് രോഗമാണെന്നു മനസ്സിലാക്കിയതു മുതൽ ഞാൻ ഈ വിഷയത്തെ കുറിച്ചു വളരെയധികം വായിച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും നല്ല വിവരങ്ങൾ ഉണ്ടായിരുന്നത് ഉണരുക!യിലാണ്. അതുവരെ വായിച്ചതെല്ലാം തന്നെ അതിൽ ചുരുക്കമായി പ്രതിപാദിച്ചിരുന്നു. എന്റെ ഭർത്താവിനെ ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റുള്ളവർക്കും ഞങ്ങൾ അതിന്റെ പ്രതികൾ കൊടുത്തു.”—എം. എൽ., ഐക്യനാടുകൾ.
“രണ്ടു വർഷം മുമ്പാണ് എന്റെ അമ്മ മരിച്ചത്. മരിക്കുമ്പോൾ അമ്മയ്ക്ക് 83 വയസ്സായിരുന്നു. 1937 മുതൽ അമ്മ ഒരു വിശ്വസ്ത സാക്ഷിയായി സേവിച്ചിരുന്നു. അമ്മയുടെ ഓർമശക്തിയും ആരോഗ്യവും ക്ഷയിച്ചുവരുന്നതു കണ്ടുനിൽക്കുക വളരെ പ്രയാസകരമായിരുന്നു. ഇത്ര സഹായകവും സാന്ത്വനദായകവും ആയ വിവരങ്ങൾ നൽകിയതിനു നന്ദി. ദാരുണവും ഭയാനകവുമായ ഈ രോഗവുമായി പൊരുത്തപ്പെടാൻ രോഗികളെയും അവരെ പരിചരിക്കുന്നവരെയും ഈ ലേഖനങ്ങൾ സഹായിക്കും എന്നതിൽ സംശയം ഇല്ല.”—ഡി. സി., ഐക്യനാടുകൾ.
“എന്റെ അമ്മയെയും അമ്മയുടെ സഹോദരിയെയും ചികിത്സിക്കുന്ന ഡോക്ടറും മറ്റു വിദഗ്ധരും പറയുന്നത് അവർക്ക് അൽസൈമേഴ്സ് രോഗം ആണെന്നാണ്. അതുകൊണ്ടു ഞാൻ ഈ മാസിക എന്റെ അമ്മാവന് അയച്ചു കൊടുത്തു. അദ്ദേഹം അതിനെ കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ്: ‘വായിക്കാനാകുന്നതിലും അധികം വിവരങ്ങളാണ് അൽസൈമേഴ്സ് രോഗത്തെ കുറിച്ചു കമ്പ്യൂട്ടറിൽ നിന്നും എനിക്കു ലഭിച്ചത്. ഈ രോഗത്തെ കുറിച്ചു പ്രതിപാദിച്ച ആ ഉണരുക!യും ഞാൻ വായിച്ചു. ആവശ്യമായിരിക്കുന്നത്ര വിവരങ്ങൾ, നന്നായി മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ അതിൽ പ്രതിപാദിച്ചിരിക്കുന്നുവെന്ന് എനിക്കു സത്യസന്ധമായി പറയാൻ കഴിയും! ഒരിക്കൽ കൂടി വായിച്ചിട്ട് കുടുംബത്തിലെ മറ്റുള്ളവർക്കും ഞാനതു കൊടുക്കുന്നതിൽ വിരോധമില്ലല്ലോ, അല്ലേ?’”—ബി. ഇ., കാനഡ.
“ഞാൻ ഒരു നാലാം വർഷ നേഴ്സിങ് വിദ്യാർഥിനിയാണ്. അൽസൈമേഴ്സ് രോഗത്തെ കുറിച്ചുള്ള നിങ്ങളുടെ ലേഖന പരമ്പരയ്ക്ക് എന്റെ അഭിനന്ദനങ്ങൾ. വാർധക്യവിജ്ഞാനത്തെയും അൽസൈമേഴ്സ് രോഗത്തെയും കുറിച്ച് ഞങ്ങൾ ക്ലാസ്സിൽ പഠിച്ച അതേ തരത്തിലുള്ള, അത്യാധുനികമായ വളരെയേറെ വിവരങ്ങൾ ആ ലേഖനങ്ങളിൽ ഉണ്ടായിരുന്നു. രോഗികളെ ശുശ്രൂഷിക്കുമ്പോഴും അവരെ പരിചരിക്കുന്നവരെ സഹായിക്കുമ്പോഴും ഈ ലേഖനങ്ങൾ ഉപയോഗപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നു.”—ജി. എൽ., ഐക്യനാടുകൾ.
“1998 ആഗസ്റ്റ് 18-ന് എന്റെ അമ്മ മരിച്ചു. അതേ ആഴ്ചയിലാണ് എനിക്ക് ഈ മാസിക കിട്ടിയത്. അൽസൈമേഴ്സ് വളരെ വേദനാജനകമായ ഒരു രോഗം ആണ്—രോഗിക്കു മാത്രമല്ല അവരെ സ്നേഹിക്കുന്ന മറ്റുള്ളവർക്കും—പ്രത്യേകിച്ചും അതിന്റെ അവസാന ഘട്ടത്തിൽ. നമ്മൾ അനുഭവിക്കുന്ന വേദന യഹോവ മനസ്സിലാക്കുന്നുവെന്ന വസ്തുത ലേഖനങ്ങൾ സംശയാതീതമായി തെളിയിച്ചു. അവന്റെ സ്നേഹപൂർവകമായ കരുതൽ ഞങ്ങൾ എത്ര വിലമതിക്കുന്നെന്നോ!”—എം. എസ്., ഐക്യനാടുകൾ.
“ഈ ലേഖനങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഞാൻ ഇപ്പോൾ ഈ രോഗമുള്ളവരെ സഹായിക്കുന്നതിനായി പഠിച്ചു കൊണ്ടിരിക്കുകയാണ്. ലേഖനത്തിലെ വിവരങ്ങൾ എനിക്കു വളരെ പ്രയോജനകരമാണ്.”—ടി. എൻ., ഇറ്റലി.
“ബുദ്ധിക്ഷയം സംഭവിച്ച എന്റെ വല്യമ്മ കഴിഞ്ഞ ഒരു വർഷമായി എന്നോടൊത്താണു താമസിക്കുന്നത്. ഇപ്പോൾ വല്യമ്മയുടെ അവസ്ഥ വളരെ വഷളായിരിക്കുകയാണ്. എന്നോടു കടുത്ത ദേഷ്യവും നീരസവുമാണ് എപ്പോഴും. യഹോവയോടും കുടുംബത്തോടുമുള്ള എന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ഞാൻ പരാജയപ്പെട്ടു എന്നു തോന്നാൻ അത് ഇടയാക്കി. എനിക്കു തെറ്റു പറ്റിയത് എവിടെയാണെന്നു കണ്ടെത്തുന്നതിനും വല്യമ്മയോടുള്ള എന്റെ സമീപനത്തിന് എങ്ങനെ മാറ്റം വരുത്താമെന്നു മനസ്സിലാക്കുന്നതിനും നിങ്ങളുടെ ലേഖനങ്ങൾ എന്നെ സഹായിച്ചു. വല്യമ്മയുടെ പരിമിതികൾ മനസ്സിലാക്കി നിരന്തരം സഹാനുഭൂതി പ്രകടമാക്കേണ്ടത് എത്ര പ്രധാനമാണെന്നു ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു.”—എസ്. എസ്., ഐക്യനാടുകൾ.
“വർഷങ്ങളായി ഞാനും ഭർത്താവും പയനിയർമാർ—മുഴുസമയ ശുശ്രൂഷകർ—ആയി സേവിച്ചിരുന്നു. എന്നാൽ എന്റെ അമ്മയെ ശുശ്രൂഷിക്കുന്നതിനായി ഞങ്ങൾക്ക് അതു നിറുത്തേണ്ടി വന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അതു വേദനാകരമായിരുന്നു. അൽസൈമേഴ്സ് രോഗത്തെ കുറിച്ചുള്ള മറ്റു പുസ്തകങ്ങളും ലേഖനങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. എന്നാൽ യഹോവയുടെ സംഘടനയിൽ നിന്നു സഹായകമായ വിവരങ്ങൾ ലഭിച്ചപ്പോൾ അത് എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. കൂടെക്കൂടെ വായിക്കുന്നതിനായി ഞാൻ ഈ ലേഖനങ്ങൾ സൂക്ഷിച്ചു വെക്കും.”—പി. എം., ഐക്യനാടുകൾ.
“എനിക്കു 12 വയസ്സാണ്. എന്റെ മുതുമുത്തശ്ശന് അൽസൈമേഴ്സ് രോഗമായിരുന്നു. അതുപോലെ എനിക്കു പ്രിയപ്പെട്ട, പ്രായമായ ഒരു ക്രിസ്തീയ സഹോദരിക്കും ഈ രോഗം ഉണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തെ കുറിച്ചു ചർച്ച ചെയ്ത ലേഖനങ്ങളിൽ എനിക്കു താത്പര്യം തോന്നി. രോഗത്തെ കുറിച്ചു മെച്ചമായി മനസ്സിലാക്കുന്നതിനും എനിക്ക് എന്തു ചെയ്യാൻ കഴിയും എന്നു തിരിച്ചറിയുന്നതിനും ഈ ലേഖനങ്ങൾ എന്നെ സഹായിച്ചു. ‘എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ലാത്ത’ കാലത്തിനായി ഞാൻ കാത്തിരിക്കുകയാണ്!” (യെശയ്യാവു 33:24)—പി. ഡബ്ലിയു., ഐക്യനാടുകൾ.
“മാസിക കിട്ടിയ ഉടനെതന്നെ ഞാനും എന്റെ പതിനഞ്ചു വയസ്സുകാരി മകളും അതിലെ പ്രധാനപ്പെട്ട ആശയങ്ങൾ ചർച്ച ചെയ്തു. ഊഷ്മളമായ മുഖഭാവവും സൗമ്യമായ സംസാരരീതിയും ഉണ്ടായിരിക്കണമെന്നും എപ്പോഴും തെറ്റു തിരുത്തുന്നത് ഒഴിവാക്കിക്കൊണ്ടു രോഗിയുടെ മാന്യത കാത്തു സൂക്ഷിക്കണമെന്നും ഉള്ള നിർദേശങ്ങൾ വിശേഷാൽ പ്രയോജനപ്രദം ആയിരുന്നു. ഈ മാസിക ഡേ-കെയർ ജോലിക്കാർക്കു വിതരണം ചെയ്യാമെന്നു ഞാൻ കരുതുന്നു.”—വൈ. കെ., ജപ്പാൻ.
“നിങ്ങളുടെ ഉത്കൃഷ്ടമായ ലേഖനങ്ങൾക്കു ഞങ്ങളുടെ കുടുംബം എത്ര മാത്രം നന്ദി ഉള്ളവരാണെന്നു പറഞ്ഞറിയിക്കാനാകില്ല. എന്റെ അമ്മായിയമ്മയ്ക്കു തന്നെത്താൻ കാര്യങ്ങൾ ചെയ്യാൻ കഴിയാതായപ്പോൾ ഞങ്ങളോടൊപ്പം താമസിക്കുന്നതിനായി അവരെ ഐക്യനാടുകളിലേക്കു കൊണ്ടു വന്നു. 80 വയസ്സുണ്ടായിരുന്ന അമ്മയെ ആ മാറ്റം തകർത്തു കളഞ്ഞു. അമ്മയുടെ അവസ്ഥ വഷളായതിന്റെ കാരണം ഉണരുക!യിലെ ലേഖനങ്ങൾ വായിക്കുന്നതുവരെ ഞങ്ങൾക്കു മനസ്സിലായിരുന്നില്ല. ഡോക്ടർമാർക്കു പോലും ഉത്തരം നൽകാൻ സാധിക്കാഞ്ഞ പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരം, രോഗത്തെ കുറിച്ചും രോഗിയോട് ഇടപെടേണ്ട വിധത്തെ കുറിച്ചുമുള്ള വിശദമായ വിവരണത്തിൽ നിന്നു ഞങ്ങൾക്കു ലഭിച്ചു. നിങ്ങൾക്ക് അളവറ്റ നന്ദി. ഞങ്ങളെ സഹായിക്കാൻ നിങ്ങൾ നടത്തുന്ന ശ്രമങ്ങളെ യഹോവ തുടർന്നും അനുഗ്രഹിക്കുമാറാകട്ടെ.”—ഒ. എസ്., ഐക്യനാടുകൾ.
“ഗഹനമായ ഈ ലേഖനങ്ങൾക്കായി നിങ്ങളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മുത്തശ്ശിയെ പരിചരിക്കേണ്ട സാഹചര്യം വന്നപ്പോഴാണ് അവ ഞങ്ങൾക്കു കിട്ടിയത്. ഈ ഉണരുക! ഞങ്ങൾക്കു വേണ്ടി തന്നെ എഴുതിയതാണെന്ന് എനിക്കും കുടുംബത്തിനും തോന്നി. എന്തുകൊണ്ടെന്നാൽ ആവശ്യമായ സമയത്ത് വേണ്ട സഹായവും ആശ്വാസവും അതു ഞങ്ങൾക്കു പ്രദാനം ചെയ്തു. ഇതു പോലുള്ള ലേഖനങ്ങൾക്കു നന്ദി. അവ എപ്പോഴും തക്ക സമയത്ത് എത്തിച്ചേരുന്നു.”—ആർ. എൻ., സാംബിയ.