ആരോഗ്യ പുരോഗതി ആഗോളവ്യാപകം—പക്ഷേ എല്ലാവർക്കുമല്ല
ആഗോളവ്യാപകമായി ഇന്ന് ആളുകളുടെ ആയുർദൈർഘ്യം വർധിച്ചുകൊണ്ടിരിക്കുന്നതായും ആരോഗ്യം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നതായും ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച ലോകാരോഗ്യ റിപ്പോർട്ട് 1998 (ഇംഗ്ലീഷ്) പറയുന്നു. അതിനുള്ള ചില തെളിവുകളും അതു നിരത്തി.
മുമ്പെന്നത്തെയും അപേക്ഷിച്ച് കൂടുതൽ ആളുകൾക്ക് ഇന്ന് ശുചിത്വ സൗകര്യങ്ങളും ശുദ്ധജലവും അത്യാവശ്യത്തിനുള്ള ആരോഗ്യ സംരക്ഷണോപാധികളും ലഭ്യമാണ്. കൂടാതെ, ലോകത്തിലെ കുട്ടികളിൽ മിക്കവരും ഇന്ന് ആറു പ്രധാന ശിശുരോഗങ്ങൾക്കെതിരെ പ്രതിരോധശേഷി ആർജിച്ചിരിക്കുന്നു.a ഇതുമൂലം കുട്ടികളുടെ മരണനിരക്ക് കുറഞ്ഞിരിക്കുന്നു. 1955-ൽ അഞ്ചു വയസ്സിനു താഴെയുള്ള 2.1 കോടി കുട്ടികൾ മരിച്ചെങ്കിൽ 1997-ൽ അത് ഏതാണ്ട് ഒരു കോടിയായി കുറഞ്ഞിരിക്കുന്നു. മാത്രമല്ല, സമീപ ദശകങ്ങളിൽ, ഒട്ടേറെ വ്യവസായവത്കൃത രാജ്യങ്ങളിൽ ഹൃദ്രോഗം മൂലം ഉണ്ടാകുന്ന മരണങ്ങളും ഗണ്യമായി കുറഞ്ഞിരിക്കുന്നു.
എങ്കിലും എല്ലാവരുടെയും കാര്യത്തിൽ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്നു പറയാനാവില്ലെന്നു റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. എച്ച്ഐവി/എയ്ഡ്സ് ഇന്നും മരണ ഭീഷണി മുഴക്കുന്നു. 1981-നു മുമ്പ് അറിയപ്പെടാതിരുന്ന സാംക്രമിക രോഗമായ എയ്ഡ്സ് തേർവാഴ്ച നടത്താൻ തുടങ്ങിയതിൽപ്പിന്നെ 1.17 കോടി ആളുകളുടെ ജീവൻ കവർന്നെടുത്തിരിക്കുന്നതായി കണക്കുകൾ കാണിക്കുന്നു. അടുത്തെങ്ങും ഈ രോഗത്തിന് ഒരു പ്രതിവിധി കണ്ടെത്താനാകുമെന്നും തോന്നുന്നില്ല. 1996-ൽ 15 വയസ്സിനു താഴെയുള്ള 4,00,000 കുട്ടികൾ എച്ച്ഐവി ബാധിതരായി. 1997-ൽ ഇതേ പ്രായപരിധിയിൽ പെട്ട 6,00,000-ത്തോളം കുട്ടികൾ കൂടെ എച്ച്ഐവി-യുടെ പിടിയിലമർന്നു.
ദാരിദ്ര്യം ഇന്നും ആരോഗ്യത്തിനു ഭീഷണി
ദാരിദ്ര്യത്തിന്റെ നീരാളിപ്പിടിത്തത്തിൽ കഴിയുന്ന കോടിക്കണക്കിന് ആളുകളെ സംബന്ധിച്ചിടത്തോളം ആരോഗ്യപുരോഗതി വിശേഷിച്ചും ഒരു മരീചികയായി തുടരുന്നു. അവരിൽ മിക്കവരും ദരിദ്ര രാജ്യങ്ങളിൽ ജീവിക്കുന്നവരാണ്. രോഗങ്ങൾ തേർവാഴ്ച നടത്തുന്ന, ജീവിതത്തെ കുറിച്ചു മങ്ങിയ പ്രതീക്ഷകൾ മാത്രമുള്ള ഈ രാജ്യങ്ങളിൽ ജനങ്ങളുടെ ആയുർദൈർഘ്യം ഹ്രസ്വമാണ്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ആയിരുന്ന ഡോ. ഹീറോഷി നാകാജിമ പറയുന്നു: “ആരോഗ്യനിലയുടെ കാര്യത്തിൽ സമ്പന്നർക്കും ദരിദ്രർക്കും ഇടയിലുള്ള വിടവ് അര നൂറ്റാണ്ടു മുമ്പുണ്ടായിരുന്ന ഏതാണ്ട് അതേ അവസ്ഥയിൽത്തന്നെയാണ് ഇപ്പോഴും.” ഖേദകരമെന്നു പറയട്ടെ, ഈ വിടവിന്റെ വലിപ്പം കൂടിവരികയാണ് എന്നും ലോകാരോഗ്യ സംഘടനയിലെ ഒരു വിദഗ്ധൻ പറയുന്നു. കാരണം, “ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നു പറയുന്നതുപോലുള്ള ഒരു അവസ്ഥയാണ് വികസ്വര രാജ്യങ്ങളുടേത്. ഇപ്പോഴും നിർമാർജനം ചെയ്യപ്പെട്ടിട്ടില്ലാത്ത ഉഷ്ണമേഖലാ രോഗങ്ങളെ കൂടാതെ പുതുതായി തലപൊക്കുന്ന ഗുരുതരമായ രോഗങ്ങളെയും അവർക്കു നേരിടേണ്ടി വരുന്നു.”
എങ്കിലും സാഹചര്യം മെച്ചപ്പെടുത്തുക സാധ്യമാണ്. വാസ്തവത്തിൽ, ദശലക്ഷക്കണക്കിനു വരുന്ന അകാലമരണങ്ങളിൽ പലതും ഇപ്പോൾത്തന്നെ തടയാവുന്നവയാണ്. ഉദാഹരണത്തിന്, “ഓരോ വർഷവും 20 ലക്ഷം കുട്ടികളെങ്കിലും പ്രതിരോധ ഔഷധങ്ങളുള്ള രോഗങ്ങൾ മൂലമാണ് മരണമടയുന്നത്” എന്ന് ഡോ. നാകാജിമ പറയുന്നു. ആരോഗ്യത്തിന്റെ കാര്യത്തിൽ സമ്പന്നർക്കും ദരിദ്രർക്കും ഇടയിലുള്ള വിടവു കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം. അതുകൊണ്ട്, “ആരോഗ്യത്തെ ആഗോളതലത്തിൽ പ്രാധാന്യമുള്ള ഒരു വിഷയമായി കണക്കാക്കേണ്ടിയിരിക്കുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ലോകത്തിൽ “ആരോഗ്യ സംബന്ധമായി, സാമൂഹിക നീതിയിലും സമത്വത്തിലും ആദർശൈക്യത്തിലും അധിഷ്ഠിതമായ ഒരു സാർവദേശീയ സഹകരണം” അടിയന്തിരമായി ഉണ്ടാകേണ്ടിയിരിക്കുന്നു.
ഇത്തരം സഹകരണം വളർന്നുവരാൻ സമയമെടുത്തേക്കാമെങ്കിലും ഓരോ രാഷ്ട്രത്തിനും സ്വന്തം ജനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനായി ഇപ്പോൾതന്നെ വളരെയധികം കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന് ദ വേൾഡ് ഹെൽത്ത് റിപ്പോർട്ട് 1998 പറയുന്നു. എങ്ങനെ? രോഗത്തെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്ന “അതിജീവന വൈദഗ്ധ്യങ്ങളും ആരോഗ്യാവഹമായ ജീവിതശൈലികളും” വികസിപ്പിച്ചെടുക്കാൻ ജനങ്ങളെ പഠിപ്പിച്ചുകൊണ്ട്. ലോകാരോഗ്യ സംഘടനയുടെ ചാർട്ടർ അതേ കുറിച്ച് ഇങ്ങനെ പറയുന്നു: “ആരോഗ്യപുരോഗതിക്ക് പൊതുജനങ്ങളുടെ ഭാഗത്തുനിന്നുള്ള കാര്യജ്ഞാനവും സജീവമായ സഹകരണവും അനിവാര്യമാണ്.”
[അടിക്കുറിപ്പുകൾ]
a അഞ്ചാംപനി, പിള്ളവാതം, ക്ഷയം, തൊണ്ടമുള്ള്, വില്ലൻചുമ, നവജാത ശിശുക്കൾക്കുണ്ടാകുന്ന ടെറ്റനസ് എന്നിവയാണ് ഈ ആറ് ശിശുരോഗങ്ങൾ.