യുവജനങ്ങൾ ചോദിക്കുന്നു . . .
അനീതി നിറഞ്ഞ ചുറ്റുപാടുമായി എനിക്ക് എങ്ങനെ പൊരുത്തപ്പെടാൻ കഴിയും?
“പണമുള്ളവർക്കേ എവിടെയും സ്ഥാനമുള്ളൂ. കയറിക്കിടക്കാൻ ഇടമില്ലാത്ത, ആഹാരത്തിനുപോലും വകയില്ലാത്ത ഞങ്ങളെ ആളുകൾ മൃഗങ്ങളെ പോലെയാണു കണക്കാക്കുന്നത്. ഞാൻ ചത്തു കിടന്നാൽ പോലും ആരും തിരിഞ്ഞു നോക്കുമെന്നു തോന്നുന്നില്ല.”—ആർനൂൾഫോ, ഭവനരഹിതനായ ഒരു 15 വയസ്സുകാരൻ.
ലോകം അനീതികൊണ്ട് നിറഞ്ഞിരിക്കുന്നു. ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ ഒരു റിപ്പോർട്ട് ഇങ്ങനെ പറഞ്ഞു: “കഴിഞ്ഞ ദശകത്തിൽ യുദ്ധത്തിന്റെ ഫലമായി 20 ലക്ഷത്തിലധികം കുട്ടികൾ മരിച്ചു, 40 ലക്ഷത്തിലധികം കുട്ടികൾ അംഗവിഹീനരായി തീർന്നു, പത്തു ലക്ഷത്തിലധികം പേർ അനാഥരാകുകയോ വീട്ടുകാരിൽനിന്ന് വേർപെട്ടു പോകുകയോ ചെയ്തു.” കുറെ പേർ സമ്പന്നതയുടെ മടിത്തട്ടിൽ കഴിയുമ്പോൾ ലോകജനസംഖ്യയുടെ വലിയൊരു പങ്കും പട്ടിണിയും പരിവട്ടവുമായി നട്ടംതിരിയുന്നു. വികസ്വര രാജ്യങ്ങളിൽ ആർനൂൾഫോയെ പോലെയുള്ള പല കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നില്ല.
നിങ്ങളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടവർതന്നെ നിങ്ങളോട് അനീതി കാട്ടുമ്പോൾ അതു വിശേഷിച്ചും വേദനാജനകമായിരുന്നേക്കാം. 17 വയസ്സുകാരിയായ സൂസാന്നായുടെ കാര്യമെടുക്കാം. അവളുടെ അമ്മ അവളെയും അവളുടെ രണ്ടു കുഞ്ഞനുജന്മാരെയും ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞു. “വർഷങ്ങൾ എത്ര കടന്നുപോയി. ഞാൻ താമസിക്കുന്ന അതേ പട്ടണത്തിൽത്തന്നെയാണ് അമ്മയും താമസിക്കുന്നത്. എങ്കിലും ഒപ്പം വന്നു താമസിക്കാൻ അമ്മ ഒരിക്കലും എന്നോടു പറഞ്ഞിട്ടില്ല. ഇതുവരെ സ്നേഹത്തോടെയൊന്ന് ‘മോളേ’ എന്നുപോലും വിളിച്ചിട്ടില്ല. അതൊക്കെ ആലോചിക്കുമ്പോൾ എനിക്ക് അമ്മയോടു വല്ലാത്ത ദേഷ്യം തോന്നും,” സൂസാന്നാ ഹൃദയവേദനയോടെ പറയുന്നു. അത്തരം ദുഷ്പെരുമാറ്റത്തിന് ഇരയാകുമ്പോൾ കോപം അടക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് ഇരയായ ഒരു സ്ത്രീ പറഞ്ഞു: “ദൈവത്തോടു പോലും എനിക്ക് അമർഷം തോന്നി.”
ദുഷ്പെരുമാറ്റത്തിന് ഇരയാകുമ്പോൾ സങ്കടവും ദേഷ്യവും തോന്നുക സ്വാഭാവികമാണ്. “മർദനം ജ്ഞാനിയെ ഭ്രാന്തുപിടിപ്പിച്ചേക്കും” എന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗി 7:7, NW) എന്നും അനീതി സഹിച്ചു കഴിയേണ്ടി വരുന്നത് നിങ്ങളെ വിഷാദചിത്തരുമാക്കിയേക്കാം. (സങ്കീർത്തനം 43:2 താരതമ്യം ചെയ്യുക.) അതുകൊണ്ട് അനീതി അവസാനിച്ചു കാണാൻ നിങ്ങൾക്ക് അതിയായ ആഗ്രഹമുണ്ടായിരിക്കാം. മധ്യ അമേരിക്കയിൽ നിന്നുള്ള ഒരു പെൺകുട്ടി അനുസ്മരിക്കുന്നു: “13 വയസ്സുള്ളപ്പോൾ ഞാൻ ഒരു വിദ്യാർഥി പ്രസ്ഥാനത്തിൽ ചേർന്നു. കുട്ടികൾ പട്ടിണി കിടക്കാതിരിക്കത്തക്കവിധം സ്ഥിതിഗതികൾക്കു മാറ്റം വരുത്തുന്നതിന് എന്തെങ്കിലും ചെയ്യണമെന്ന് എനിക്കു മോഹമുണ്ടായിരുന്നു. . . . പിന്നീട് ഞാൻ സായുധ പോരാട്ടത്തിലും പങ്കാളിയായി.” എന്നാൽ നീതി കണ്ടെത്തുന്നതിനു പകരം സഹകാരികളിൽനിന്നുതന്നെ അവൾക്ക് അതിനീചമായ പെരുമാറ്റങ്ങൾ സഹിക്കേണ്ടി വന്നു.
തങ്ങളുടെ സാഹചര്യം മെച്ചപ്പെടുത്താൻ മിക്ക ആളുകൾക്കും കഴിവില്ല എന്ന് ഇത്തരം അനുഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. അങ്ങനെയെങ്കിൽ അനീതിക്ക് ഇരയായവർക്ക് അതുമായി എങ്ങനെ പൊരുത്തപ്പെടാൻ കഴിയും?a നീരസവും കോപവും തോന്നുമ്പോൾ നിങ്ങൾക്ക് അത് എങ്ങനെ കൈകാര്യം ചെയ്യാൻ സാധിക്കും?
നീരസവും കോപവും വിട്ടുകളയൽ
ഈ വ്യവസ്ഥിതിയുടെ “അന്ത്യനാളുക”ളിലാണു നാം ജീവിക്കുന്നത് എന്നു നിങ്ങൾ ഇടയ്ക്കിടയ്ക്ക് സ്വയം ഓർമിപ്പിക്കേണ്ടതുണ്ടായിരിക്കാം. നമ്മുടെ നാളുകളിൽ, ആളുകൾ “ദ്രോഹികളും . . . സ്നേഹമില്ലാത്തവരും ക്ഷമിക്കാത്തവരും ദൂഷണം പറയുന്നവരും ആത്മനിയന്ത്രണം ഇല്ലാത്തവരും മൃഗതുല്യരും സൽഗുണദ്വേഷികളും വഞ്ചകരും” ആയിരിക്കുമെന്നു ബൈബിൾ മുൻകൂട്ടി പറയുകയുണ്ടായി. (2 തിമൊഥെയൊസ് 3:1-4, ന്യൂ ഇന്റർനാഷണൽ വേർഷൻ) പലരും “സകല ധാർമിക ബോധവും നശിച്ചവർ” ആണ്. (എഫെസ്യർ 4:19, NW) അതുകൊണ്ടുതന്നെ അനീതി ഒരു ജീവിതയാഥാർഥ്യമാണ്, അതിനെ നാം അഭിമുഖീകരിച്ചേ മതിയാകൂ. തന്നിമിത്തം, “ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുതു.”—സഭാപ്രസംഗി 5:8.
നീരസം നിങ്ങളെ വിഴുങ്ങിക്കളയുന്നതിനെതിരെ ജാഗ്രത പാലിക്കാൻ ബൈബിൾ ആവശ്യപ്പെടുന്നതു നല്ല കാരണത്തോടെയാണ്. ഉദാഹരണത്തിന് അത് ഇങ്ങനെ പറയുന്നു: “സകല വിദ്വേഷവും [“നീരസവും,” NW] ക്ഷോഭവും ക്രോധവും . . . നിങ്ങൾ ഉപേക്ഷിക്കുവിൻ.” (എഫെസ്യർ 4:31, പി.ഒ.സി. ബൈബിൾ.) കാരണം? നാളുകളോളം കടുത്ത കോപം വെച്ചുകൊണ്ടിരിക്കുന്നത് ഹാനികരവും സ്വവിനാശകവും ആണ്. (സദൃശവാക്യങ്ങൾ 14:30; എഫെസ്യർ 4:26, 27 എന്നിവ താരതമ്യം ചെയ്യുക.) ‘കർത്താവിനെതിരെ [“യഹോവയ്ക്കെതിരെ,” NW] രോഷംകൊള്ളു’ന്നെങ്കിൽ ഇതു വിശേഷിച്ചും സത്യമാണ്. (സദൃശവാക്യങ്ങൾ 19:3, ഓശാന ബൈബിൾ) ദൈവത്തോടു ദേഷ്യം തോന്നുമ്പോൾ, നിങ്ങളെ ഏറ്റവും അധികം സഹായിക്കാൻ കഴിയുന്ന വ്യക്തിയുമായുള്ള ബന്ധത്തിനാണ് ഉലച്ചിൽ തട്ടുന്നത്. “യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയില്ലെലാടവും ഊടാടിക്കൊണ്ടിരിക്കുന്നു” എന്നു ബൈബിൾ പറയുന്നു.—2 ദിനവൃത്താന്തം 16:9.
യഹോവയെ കുറിച്ച് ബൈബിൾ ഇങ്ങനെയും പറയുന്നു: “അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.” (ആവർത്തനപുസ്തകം 32:4) അനീതി ലോകത്തിലേക്കു കടന്നു വരാൻ ഇടയായത് ആദാമിന്റെയും ഹവ്വായുടെയും മത്സരം നിമിത്തമാണ്. (സഭാപ്രസംഗി 7:29) മനുഷ്യനാണ്—അല്ലാതെ ദൈവമല്ല—‘മനുഷ്യന്റെമേൽ അവന്റെ ദോഷത്തിനായി അധികാരം നടത്തിയിരിക്കുന്നത്.’ (സഭാപ്രസംഗി 8:9) ‘സർവ്വലോകവും ദുഷ്ടന്റെ’ അതായത് പിശാചായ സാത്താന്റെ ‘അധീനതയിലാണു കിടക്കുന്നത്’ എന്നും ഓർക്കുക. (1 യോഹന്നാൻ 5:19) ലോകത്തിലെ അനീതികൾക്കു കാരണക്കാരൻ സാത്താനാണ്, അല്ലാതെ യഹോവയല്ല.
അനീതിക്ക് അറുതി വരുന്നു
സന്തോഷകരമെന്നു പറയട്ടെ, അനീതി എക്കാലവും തുടരുകയില്ല. ഇതു മനസ്സിൽ പിടിക്കുന്നത്, പൊരുത്തപ്പെട്ടു പോകാൻ നിങ്ങളെ സഹായിക്കും. ബൈബിൾ കാലങ്ങളിൽ ജീവിച്ചിരുന്ന ആസാഫിനെ കുറിച്ചു ചിന്തിക്കുക. യഹോവയെ സേവിക്കുന്നവരെന്ന് അവകാശപ്പെട്ട ആളുകൾക്കിടയിലാണ് ആസാഫ് ജീവിച്ചിരുന്നതെങ്കിലും അവനു ചുറ്റും അനീതി നടമാടിയിരുന്നു. മറ്റുള്ളവരെ ദ്രോഹിക്കുന്നതിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നതിനു പകരം ദുഷ്ടരായ ആളുകൾ പ്രശ്നങ്ങളേതുമില്ലാത്ത സമ്പദ്സമൃദ്ധമായ ജീവിതം നയിക്കുന്നതായി കാണപ്പെട്ടു! “ദുഷ്ടന്മാരുടെ സൌഖ്യം കണ്ടിട്ടു എനിക്കു . . . അസൂയ തോന്നി” എന്ന് ആസാഫ് സമ്മതിച്ചു പറയുന്നു. അത്തരം ചിന്തകളിൽ മുഴുകിയിരുന്നതുകൊണ്ട് ആസാഫിന് താത്കാലികമായിട്ടാണെങ്കിലും സമചിത്തത നഷ്ടമായി.—സങ്കീർത്തനം 73:1-12.
കാലാന്തരത്തിൽ, ആസാഫ് ശ്രദ്ധേയമായ ഒരു വസ്തുത തിരിച്ചറിഞ്ഞു. ദുഷ്ടന്മാരെ കുറിച്ച് അവൻ പറഞ്ഞു: “നിശ്ചയമായി നീ [ദൈവം] അവരെ വഴുവഴുപ്പിൽ നിർത്തുന്നു; നീ അവരെ നാശത്തിൽ തള്ളിയിടുന്നു.” (സങ്കീർത്തനം 73:16-19) അതേ, ദുഷ്ടന്മാർക്ക് തങ്ങളുടെ പ്രവൃത്തികളുടെ ഭവിഷ്യത്തുകളിൽനിന്ന് എക്കാലവും രക്ഷപ്പെടാൻ സാധിക്കില്ലെന്ന് ആസാഫിനു മനസ്സിലായി. മിക്കപ്പോഴും അവർക്കു തങ്ങളുടെ തെറ്റിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നു. ചിലർക്കു തടവുശിക്ഷയോ സാമ്പത്തിക നഷ്ടമോ തൊഴിൽനഷ്ടമോ അനുഭവിക്കേണ്ടി വന്നേക്കാം. മറ്റു ചിലർക്കാകട്ടെ സ്ഥാനമാനങ്ങൾ നഷ്ടമായേക്കാം. ഏറ്റവും ഒടുവിൽ, ദൈവം ഈ ദുഷ്ടവ്യവസ്ഥിതിയുടെമേൽ ന്യായവിധി നടപ്പിലാക്കുമ്പോൾ ദുഷ്ടന്മാർ “നാശത്തിൽ തള്ളിയിട”പ്പെടും.—സങ്കീർത്തനം 10:15, 17, 18; 37:9-11.
ദൈവം സമീപ ഭാവിയിൽത്തന്നെ കാര്യങ്ങൾ നേരെയാക്കും എന്നറിയുന്നതു കോപവും നിരാശയും നിയന്ത്രിക്കാൻ നിങ്ങളെ സഹായിച്ചേക്കും. ബൈബിൾ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതി, കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ. പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു [“യഹോവ,” NW] അരുളിച്ചെയ്യുന്നു.”—റോമർ 12:17-19; 1 പത്രൊസ് 2:23 താരതമ്യം ചെയ്യുക.
സഹായവും പിന്തുണയും ലഭിക്കൽ
ഒരുപക്ഷേ നിങ്ങൾക്കേറ്റ വൈകാരിക ക്ഷതത്തിന്റെ മുറിപ്പാടുകൾ മായാതെ കിടപ്പുണ്ടായിരിക്കാം, ചില ഓർമകൾ ഇപ്പോഴും കുത്തിനോവിക്കുന്നുണ്ടാകാം. ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “അക്രമാസക്തമായ പെരുമാറ്റത്തിനു നിരന്തരം വിധേയരാകുന്ന എല്ലാ കുട്ടികളുടെയുംതന്നെ വിശ്വാസങ്ങൾക്കും മനോഭാവങ്ങൾക്കും ഗണ്യമായ മാറ്റം സംഭവിക്കുന്നു. പൊതുവെ, അത്തരം കുട്ടികൾക്ക് മറ്റുള്ളവരിലുള്ള വിശ്വാസം നഷ്ടമാകുന്നു. അയൽക്കാരിൽനിന്നും സുഹൃത്തുക്കളിൽനിന്നും ഉപദ്രവമോ ദുഷ്പെരുമാറ്റമോ സഹിക്കേണ്ടി വന്ന കുട്ടികളുടെ കാര്യത്തിൽ ഇതു വിശേഷിച്ചും സത്യമാണ്.”
അത്തരം പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാവുന്നവയല്ല. എന്നാൽ നിഷേധാത്മക വികാരങ്ങളോ വേദനിപ്പിക്കുന്ന ഓർമകളോ, നിങ്ങളെ ഭരിക്കുന്നുവെങ്കിൽ നിങ്ങൾക്കു സഹായം ആവശ്യമായിരിക്കാം. (സങ്കീർത്തനം 119:133, NW താരതമ്യം ചെയ്യുക.) ഒന്നാമതായി, നിങ്ങൾ അനുഭവിച്ച പ്രയാസങ്ങളെ കുറിച്ചു പ്രത്യേകം ചർച്ച ചെയ്യുന്ന ലേഖനങ്ങൾ നിങ്ങൾക്കു വായിക്കാൻ കഴിയും. ഉദാഹരണത്തിന്, ബലാത്സംഗത്തിനും പിടിച്ചുപറിക്കും കുട്ടിക്കാലത്തെ ദുഷ്പെരുമാറ്റത്തിനും ഇരകളായവർക്കു വേണ്ടിയുള്ള പ്രായോഗിക ബുദ്ധിയുപദേശങ്ങൾ നൽകുന്ന ഒട്ടേറെ ലേഖനങ്ങൾ ഉണരുക! മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പറയുന്ന കാര്യങ്ങൾ സമാനുഭാവത്തോടെ ശ്രദ്ധിച്ചു കേൾക്കുന്ന, പക്വതയുള്ള ഒരു വ്യക്തിയുമായി നിങ്ങളുടെ ആശങ്കകളും വികാരങ്ങളും പങ്കുവെക്കുന്നതു വളരെ സഹായം ചെയ്യും. (സദൃശവാക്യങ്ങൾ 12:25) ഒരുപക്ഷേ നിങ്ങളുടെ മാതാപിതാക്കളോടുതന്നെ അവയെല്ലാം പറയാൻ കഴിഞ്ഞേക്കും.
എന്നാൽ മാതാപിതാക്കളുടെ പിന്തുണ ലഭ്യമല്ലാത്ത സാഹചര്യമാണെങ്കിലോ? അപ്പോൾ ക്രിസ്തീയ സഭയിൽനിന്നു സഹായം തേടാൻ കഴിയും. യഹോവയുടെ സാക്ഷികൾക്കിടയിൽ, സഭാമൂപ്പന്മാർ പ്രയാസം അനുഭവിക്കുന്നവർക്ക് അഭയകേന്ദ്രമായി വർത്തിക്കുന്നു. (യെശയ്യാവു 32:1, 2) അവർ നിങ്ങൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കുക മാത്രമല്ല, ആവശ്യമായ ചില പ്രായോഗിക ഉപദേശങ്ങൾ നൽകുകയും ചെയ്യും. പക്വതയുള്ള മറ്റു ക്രിസ്ത്യാനികൾ നിങ്ങൾക്ക് “സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും” പോലെ ആയിരിക്കുമെന്നുള്ളതും ഓർക്കുക. (മർക്കൊസ് 10:29, 30) അമ്മ ഉപേക്ഷിച്ചുപോയ സൂസാന്നായെ നിങ്ങൾ ഓർക്കുന്നുണ്ടോ? അവൾക്കും കൂടപ്പിറപ്പുകൾക്കും ക്രിസ്തീയ സഭയിൽനിന്നു പിന്തുണ ലഭിച്ചു. ഒരു ക്രിസ്തീയ ശുശ്രൂഷകൻ സൂസാന്നായുടെ കുടുംബത്തോടു വളരെയധികം കരുതൽ പ്രകടമാക്കി, വളർത്തച്ഛനെപ്പോലെയാണ് അവൾ അദ്ദേഹത്തെ കണക്കാക്കുന്നത്. അത്തരം സഹായം, “പക്വത പ്രാപിക്കാനും സത്യത്തിൽ ഉറച്ചു നിൽക്കാനും ഞങ്ങളെ സഹായിച്ചിരിക്കുന്നു,” സൂസാന്നാ പറയുന്നു.
അർഥവത്തായ പ്രവർത്തനങ്ങൾ ഒരു ജീവിതചര്യയാക്കുന്നതും വളരെയധികം സഹായകമായിരിക്കുമെന്നു വിദഗ്ധർ പറയുന്നു. സ്കൂളിൽ പോകുന്നതും വീട്ടുജോലികൾ ചെയ്യുന്നതും പോലും നിഷേധാത്മക ചിന്തകളെ മനസ്സിൽനിന്ന് അകറ്റിനിർത്താൻ വളരെയധികം സഹായിക്കും. ആത്മീയ പ്രവർത്തനങ്ങൾ—ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കലും സുവാർത്ത പ്രസംഗിക്കലും—ഒരു ജീവിതചര്യയാക്കുന്നതു നിങ്ങൾക്കു വിശേഷാൽ പ്രയോജനം ചെയ്യും.—ഫിലിപ്പിയർ 3:16, NW താരതമ്യം ചെയ്യുക.
ദൈവരാജ്യം വരികയും ഭൂവ്യാപകമായി ദൈവേഷ്ടം നടപ്പിലാക്കുകയും ചെയ്യാതെ അനീതി ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകുകയില്ല. (ദാനീയേൽ 2:44; മത്തായി 6:9, 10) ആ സമയം വന്നെത്തുന്നതുവരെ, സാഹചര്യവുമായി പൊരുത്തപ്പെട്ടു പോകാൻ നിങ്ങളാൽ ആകുന്നതു ചെയ്യുക. ദൈവരാജ്യത്തിന്റെ ഭരണാധിപൻ എന്ന നിലയിൽ യേശുക്രിസ്തു ‘നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമെന്നും എളിയവനെയും ദരിദ്രനെയും ആദരിക്കുമെന്നും ദരിദ്രന്മാരുടെ ജീവനെ രക്ഷിക്കുമെന്നും’ ഉള്ള വാഗ്ദാനത്തിൽനിന്ന് ആശ്വാസം കണ്ടെത്തുക.—സങ്കീർത്തനം 72:12, 13.
[അടിക്കുറിപ്പുകൾ]
a ഈ ലേഖനം, ദരിദ്ര രാജ്യങ്ങളിലെ യുവജനങ്ങൾ അനുഭവിച്ചേക്കാവുന്ന അനീതിയെ കേന്ദ്രീകരിച്ചുള്ളതാണെങ്കിലും ഇതിലെ തത്ത്വങ്ങൾ എല്ലാത്തരം അനീതിക്കും ബാധകമാണ്.
[11-ാം പേജിലെ ആകർഷകവാക്യം]
“ദൈവത്തോടു പോലും എനിക്ക് അമർഷം തോന്നി”
[12-ാം പേജിലെ ചിത്രം]
സഹ ക്രിസ്ത്യാനികളിൽ നിന്നുള്ള പിന്തുണ അനീതി നിറഞ്ഞ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടു പോകാൻ നിങ്ങളെ സഹായിക്കും