രക്തപ്പകർച്ച വാസ്തവത്തിൽ അനിവാര്യമാണോ?
ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ലോങ് ഐലൻഡ് കോളെജ് ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം ചെയർമാനായ ഡോ. സിറിൾ ഗോഡെക് കഴിഞ്ഞ നവംബർ മാസത്തിലെ ഒരു വർത്തമാനപ്പത്രത്തിൽ എഴുതിയ ലേഖനത്തിൽ ഉന്നയിച്ചതാണ് ആ ചോദ്യം. അദ്ദേഹം ഇങ്ങനെ എഴുതി: “ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ സുരക്ഷാ മാനദണ്ഡവുമായി പൊരുത്തപ്പെട്ടു പോകാത്തതിനാൽ ഇന്ന് രക്തം ഒരു മരുന്നെന്ന നിലയിൽ അംഗീകരിക്കപ്പെടാനുള്ള സാധ്യത കാണുന്നില്ല. രക്തം ശരീരത്തിലെ ഒരു അവയവമാണ്. തന്മൂലം, രക്തപ്പകർച്ച അവയവം മാറ്റിവെക്കുന്നതിനു തുല്യമാണ്.”
ഡോ. സിറിൾ ഗോഡെക് ഇങ്ങനെ അഭിപ്രായപ്പെട്ടു: “അവയവം മാറ്റിവെക്കൽ രോഗികളുടെ മുന്നിൽ വെക്കുന്ന അവസാന പോംവഴിയാണ്. ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതുകൊണ്ട് സാധാരണഗതിയിൽ അവയവം മാറ്റിവെക്കുന്നതിനു മുമ്പു സകലവിധ പകരചികിത്സകളെയും കുറിച്ചു രോഗികളെ പൂർണമായി ബോധവത്കരിക്കുന്നു.” രക്തപ്പകർച്ചയെ കുറിച്ച് അദ്ദേഹം ഇങ്ങനെ നിഗമനം ചെയ്തു: “രക്തപ്പകർച്ചകൊണ്ടുള്ള പ്രയോജനങ്ങൾ സംശയാസ്പദം ആയിരിക്കുന്നതു കൊണ്ട്, വൈദ്യശാസ്ത്രപരമായ കാരണങ്ങളാൽ മാത്രമല്ല, നിയമപരമായ കാരണങ്ങളാലും അനേകം ശസ്ത്രക്രിയാ വിദഗ്ധർ ‘രക്തപ്പകർച്ച വർജനം’ എന്ന തത്ത്വശാസ്ത്രം കൈക്കൊണ്ടിരിക്കുന്നു.”
ആയിരക്കണക്കിന് ആളുകൾക്ക് എയ്ഡ്സ് ഉൾപ്പെടെ മാരകമായ രോഗങ്ങൾ പിടിപെട്ടിരിക്കുന്നു എന്നതാണു രക്തപ്പകർച്ച ഉയർത്തുന്ന ഒരു പ്രധാന പ്രശ്നം. പലയിടങ്ങളിലും രക്തം സ്ക്രീൻ ചെയ്യുന്നതിന് അഥവാ അണുബാധിതമാണോ എന്നു പരിശോധിച്ചറിയുന്നതിന് ഉള്ള മെച്ചപ്പെട്ട സംവിധാനങ്ങൾ ലഭ്യമാണെങ്കിലും “അണുബാധിതമായ, എന്നാൽ സ്ക്രീൻ ചെയ്യുമ്പോൾ കണ്ടുപിടിക്കാൻ കഴിയും വിധം ആന്റിബോഡികൾ രൂപംകൊണ്ടിട്ടില്ലാത്ത രക്തം ദാനം ചെയ്യപ്പെടുന്നത് അപകടം വരുത്തിവെച്ചേക്കാം” എന്ന് ഡോ. ഗോഡെക് ചൂണ്ടിക്കാട്ടി.
ലേഖനം ഉപസംഹരിക്കവെ ഡോ. ഗോഡെക്, ശീർഷകത്തിൽ ഉന്നയിച്ചിരിക്കുന്ന ചോദ്യം ചർച്ച ചെയ്തു: “ഡോക്ടർമാരും ശസ്ത്രക്രിയാ വിദഗ്ധരും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രാണവായു എത്തുന്ന വിധത്തെ കുറിച്ചു കൂടുതലായ ഗ്രാഹ്യം വളർത്തിയെടുക്കുകയും മുമ്പു വിചാരിച്ചിരുന്നത്രയും അളവിൽ ഹീമോഗ്ലോബിൻ ഉണ്ടായിരിക്കേണ്ടതില്ലെന്നു മനസ്സിലാക്കുകയും ചെയ്യുമ്പോൾ അവരെ സംബന്ധിച്ചിടത്തോളം രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സാ മാർഗങ്ങൾ കണ്ടെത്തുക എല്ലായ്പോഴുംതന്നെ സാധ്യമാണ്. ഒരു വർഷം മുമ്പു വരെ, ഹൃദയ-കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തവെ വലിയ അളവിൽ രക്തം നഷ്ടപ്പെട്ടിരുന്നതുകൊണ്ട് ഉയർന്ന തോതിൽ രക്തം കുത്തിവെക്കുന്നതു തികച്ചും അനിവാര്യമാണ് എന്നു കരുതിപ്പോന്നിരുന്നു. എന്നാൽ, ഇപ്പോൾ ഹൃദയ-കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ രക്തമില്ലാതെതന്നെ നടത്തപ്പെടുന്നു.
“വളരെ സമീപഭാവിയിൽ രക്തപ്പകർച്ച പാടെ ഇല്ലായ്മ ചെയ്യപ്പെടാനുള്ള സകലവിധ സാധ്യതകളുമുണ്ട്. . . . രക്തപ്പകർച്ച ചെലവേറിയതും അപകടം നിറഞ്ഞതും ആണെന്നു മാത്രമല്ല, രോഗികൾക്ക് അർഹിക്കുന്ന തരത്തിലുള്ള ഗുണമേന്മയേറിയ പരിചരണവും അതിലൂടെ ലഭിക്കുന്നില്ല.”