അന്തർദേശീയ ബഹിരാകാശനിലയം—ഭ്രമണം ചെയ്യുന്നഒരു പരീക്ഷണശാല
ഏതാനും വർഷങ്ങൾ കൂടി കഴിയുമ്പോൾ, തെളിഞ്ഞ രാവുകളിൽ ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും ഒപ്പം ആകാശത്ത് മറ്റൊന്നു കൂടെ നിങ്ങൾ കണ്ടെത്തിയേക്കാം. ഗ്രഹങ്ങളുടെ അത്ര ശോഭയോടെ പ്രകാശിക്കുന്ന ഒരു കൃത്രിമ “നക്ഷത്രത്തെ.” രണ്ടു ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പം വരുന്ന, ഈ ഭീമാകാര വസ്തുവിന്റെ നിർമാണം തുടങ്ങി കഴിഞ്ഞിരിക്കുന്നു. ‘പിരമിഡുകൾക്കു ശേഷമുള്ള ഏറ്റവും വലിയ എൻജിനീയറിങ് പദ്ധതി’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്താണ് ഇത്?
1,00,000-ത്തിലധികം ജോലിക്കാർ ഉൾപ്പെടുന്ന ഒരു മഹാസംരംഭത്തിന്റെ പരിണതിയായി ബഹിരാകാശത്തു ജന്മമെടുക്കാൻ പോകുന്ന ഒരു സ്ഥിരമായ ഗവേഷണ ശാല—അന്തർദേശീയ ബഹിരാകാശനിലയം—ആണിത്. ഈ ജോലിക്കാരിൽ മിക്കവരും അമേരിക്കൻ ഐക്യനാടുകൾ, കാനഡ, റഷ്യ എന്നിവിടങ്ങളിൽ ആണു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, ഇറ്റലി, ജപ്പാൻ, ജർമനി, ഡെന്മാർക്ക്, നെതർലൻഡ്സ്, നോർവേ, ഫ്രാൻസ്, ബെൽജിയം, ബ്രസീൽ, ബ്രിട്ടൻ, സ്പെയിൻ, സ്വിറ്റ്സർലൻഡ്, സ്വീഡൻ എന്നിവിടങ്ങളിലും അനേകർ ഇതിനു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. പണി പൂർത്തിയാകുമ്പോൾ അന്തർദേശീയ ബഹിരാകാശനിലയത്തിന് 88 മീറ്റർ നീളവും 109 മീറ്റർ വീതിയും ഉണ്ടായിരിക്കും. ജോലിചെയ്യാനും താമസിക്കാനും സൗകര്യമുള്ള ഈ നിലയത്തിന് രണ്ടു ബോയിംഗ് 747 ജെറ്റുവിമാനങ്ങളിൽ ഉള്ളത്ര സ്ഥലസൗകര്യം ഉണ്ടായിരിക്കും. ബഹിരാകാശനിലയത്തിന്റെ മൊത്തം ഭാരം 520 ടൺ ആയിരിക്കും. നിർമാണത്തിനു ചെലവാകുന്ന തുകയോ, ചുരുങ്ങിയത് 2 ലക്ഷം കോടി രൂപയും!
ഗവേഷണത്തിന്റെ പേരിൽ ഇത്ര ഭീമമായ ഒരു തുക മുടക്കുന്നതിനെ കുറിച്ച് ഉത്കണ്ഠപ്പെടുന്ന ചിലർ ഈ ബഹിരാകാശനിലയത്തെ വിളിക്കുന്ന ഒരു പേരുണ്ട്—“നക്ഷത്രങ്ങൾക്കിടയിലെ വെള്ളാന.” അതിനെ അനുകൂലിക്കുന്നവർ പക്ഷേ, ബഹിരാകാശനിലയംകൊണ്ടു സാധ്യമായേക്കാവുന്ന പ്രയോജനങ്ങളെ ഉയർത്തിക്കാട്ടുന്നു. പുതിയതും മികച്ചതുമായ വ്യാവസായിക വസ്തുക്കൾ, വാർത്താവിനിമയ സാങ്കേതിക വിദ്യ, വൈദ്യശാസ്ത്രം എന്നിവയെ കുറിച്ചു ഗവേഷണം നടത്താൻ പറ്റിയ സ്ഥാനം ആയി അതു വർത്തിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും ബഹിരാകാശ സഞ്ചാരികൾ പരീക്ഷണനിരീക്ഷണങ്ങൾക്കു വേണ്ടിയുള്ള ഉപകരണങ്ങൾ അതിൽ ഘടിപ്പിക്കുന്നതിനു മുമ്പ്, ബഹിരാകാശനിലയം തന്നെ ഭാഗം ഭാഗമായി കൂട്ടിച്ചേർക്കപ്പെടേണ്ടതുണ്ട്, അതും ബഹിരാകാശത്തിൽ വെച്ച്!
ബഹിരാകാശത്തിൽ വെച്ചുള്ള നിർമാണം
ഈ പടുകൂറ്റൻ ബഹിരാകാശനിലയത്തിന്റെ ഭാഗങ്ങൾ ഭൂമിയിൽ വെച്ചു സംയോജിപ്പിക്കാൻ കഴിയില്ല. അങ്ങനെ ചെയ്താൽ, ഭാരം താങ്ങാൻ കഴിയാതെ അത് അപ്പോൾ തന്നെ തകർന്നുവീഴും. ഈ പ്രശ്നം തരണം ചെയ്യുന്നതിന്, ശാസ്ത്രജ്ഞന്മാർ അതിന്റെ വിവിധ മോഡ്യൂളുകൾ (ബഹിരാകാശനിലയത്തിന്റെ സ്വയംപര്യാപ്ത ഭാഗങ്ങൾ) ഭൂമിയിൽ വെച്ചു നിർമിച്ച ശേഷം ശൂന്യാകാശത്തിൽ വെച്ചു സംയോജിപ്പിക്കാനാണു പദ്ധതിയിട്ടിരിക്കുന്നത്. ഇവ അവിടെ എത്തിക്കുന്നതിന് യു.എസ്. ബഹിരാകാശ പേടകങ്ങളും റഷ്യൻ ബൂസ്റ്ററുകളും ഭൂമിയിൽനിന്ന് 45 തവണ ഉയരേണ്ടി വരും.
ഈ ബഹിരാകാശനിലയത്തിന്റെ നിർമാണം അഭൂതപൂർവമായ ഒരു സംരംഭമാണ്. ഇത് ബഹിരാകാശത്തെ, സദാ മുഖച്ഛായ മാറിക്കൊണ്ടിരിക്കുന്ന ഒരു നിർമാണ സ്ഥലമാക്കി മാറ്റുന്നു. ജോലിക്കാരും നിർമാണവസ്തുക്കളും ഭൂമിയെ വലംവെച്ചുകൊണ്ടിരിക്കവെ, 100-ലധികം മോഡ്യൂളുകൾ സംയോജിപ്പിക്കപ്പെടും. ബഹിരാകാശ സഞ്ചാരികളുടെ അന്തർദേശീയ സംഘത്തിന് മിക്കജോലികളും കൈകൊണ്ടു തന്നെ ചെയ്യേണ്ടി വരും. ഇതിനു വേണ്ടി നൂറുകണക്കിന് മണിക്കൂറുകൾ അവർക്കു ബഹിരാകാശത്ത് ഇറങ്ങി സഞ്ചരിക്കേണ്ടി വരും.
അന്തർദേശീയ ബഹിരാകാശനിലയത്തിന്റെ ആദ്യത്തെ മോഡ്യൂളായ സാര്യാ (“സൂര്യോദയം” എന്നർഥം) 1998 നവംബർ 20-ാം തീയതി കസാഖ്സ്ഥാനിലെ ബൈക്കാനൂർ കോസ്മോഡ്രോമിൽ നിന്നു കുതിച്ചുയർന്നു. റഷ്യയിൽ വെച്ചു നിർമിച്ച ഈ മോഡ്യൂളിന് 20 ടൺ ഭാരമുണ്ട്. ഈ മോഡ്യൂളിൽ, അതിനെ തന്നെയും അതുമായി കൂട്ടിയിണക്കപ്പെടാനുള്ള മറ്റു മോഡ്യൂളുകളെയും ഭ്രമണപഥത്തിൽ നിറുത്തുന്നതിന് ആവശ്യമായ ഇന്ധനം സംഭരിച്ചിരുന്നു. സാര്യാ കുതിച്ചുയർന്ന് ഇരുപതു ദിവസങ്ങൾക്കു ശേഷം അതുമായി ഘടിപ്പിക്കാനുള്ള യൂണിറ്റി എന്ന മോഡ്യൂളും വഹിച്ചുകൊണ്ട് അമേരിക്കൻ നിർമിതമായ ഇൻഡെവർ എന്ന ബഹിരാകാശ പേടകം ഭൂമിയിൽ നിന്ന് ഉയർന്നു.
1998 ഡിസംബറിൽ, ബഹിരാകാശത്തു വെച്ച് ബഹിരാകാശനിലയത്തിന്റെ പണി തുടങ്ങിയ സമയത്തു തന്നെ ഇൻഡെവറിലെ ജോലിക്കാർക്ക്, മുമ്പിൽ സ്ഥിതി ചെയ്യുന്ന വെല്ലുവിളികളുടെ ഒരു ഏകദേശ രൂപം കിട്ടി. ബഹിരാകാശ യാത്രികയായ നാൻസി കൂരി, സാര്യായെ—20 ടൺ ഭാരം ഉണ്ടായിരുന്ന ആ മോഡ്യൂൾ ഭൂമിയിൽ നിന്നു 400 കിലോമീറ്റർ ഉയരത്തിൽ ആയിരുന്നു—15 മീറ്റർ നീളം വരുന്ന കമ്പ്യൂട്ടർ നിയന്ത്രിത യന്ത്രക്കൈ ഉപയോഗിച്ച് യൂണിറ്റി എന്ന മോഡ്യൂളുമായി കൂട്ടിയിണക്കുകയുണ്ടായി. അതിനു ശേഷം, ബഹിരാകാശ സഞ്ചാരികളായ ജെറി റോസും ജെയിംസ് ന്യൂമാനും ചേർന്ന് ഈ രണ്ടു മോഡ്യൂളുകളുടെയും പുറത്തു വൈദ്യുത, കമ്പ്യൂട്ടർ വയറുകളും ജലവാഹക കുഴലുകളും ഘടിപ്പിക്കുകയുണ്ടായി. വൈദ്യുത വയറുകൾ മോഡ്യൂളുകളുടെ ഇടയിലൂടെ വൈദ്യുതി കടത്തിവിടുന്നതിനു വേണ്ടിയുള്ളതാണ്. എന്നാൽ ജലവാഹക കുഴലുകളാകട്ടെ, വെള്ളം പരിക്രമണം ചെയ്യിച്ച് വായു ശീതീകരിക്കുന്നതിനും കുടിവെള്ളം എത്തിക്കുന്നതിനും വേണ്ടി ഉള്ളതാണ്. ശ്രമകരമായ ഈ ജോലികൾ പൂർത്തിയാക്കുന്നതിന് അവർക്കു മൂന്നു തവണ ബഹിരാകാശത്തിൽ ഇറങ്ങി സഞ്ചരിക്കേണ്ടി വന്നു, മൊത്തം 21-ലധികം മണിക്കൂർ.
റോക്കറ്റുകളും ബഹിരാകാശ പേടകങ്ങളും ഏതാനും ആഴ്ചകൾ കൂടുമ്പോൾ പുതിയ പുതിയ മോഡ്യൂളുകൾ എത്തിച്ചുകൊണ്ടിരിക്കുന്നതിന് അനുസരിച്ച് ബഹിരാകാശനിലയം വളർച്ചയുടെ പടവുകൾ താണ്ടും. റഷ്യൻ നിർമിതമായ സാര്യാ എന്ന ഒറ്റ മോഡ്യൂളിൽ നിന്ന് ക്രമേണ 520 ടൺ ഭാരമുള്ള ഒരു ബഹിരാകാശനിലയമായി അതു വികാസം പ്രാപിക്കും. ഭൂമിയുടെ ശക്തമായ ഗുരുത്വാകർഷണത്തെ ചെറുത്തുനിൽക്കേണ്ടതുള്ളതിനാൽ, വളർന്നുകൊണ്ടിരിക്കുന്ന ആ നിലയത്തെ അതിന്റെ ഭ്രമണപഥത്തിൽ നിലനിർത്തുക എന്നത് ഒരു വെല്ലുവിളി തന്നെയായിരിക്കും. അതുകൊണ്ട് ഏതു സമയത്തു വേണമെങ്കിലും അതു ഭൂമിയിലേക്കു പതിച്ചേക്കാമെന്ന അപകടവും നിലനിൽക്കുകയാണ്. ബഹിരാകാശനിലയം ഭൗമോപരിതലത്തിനു മുകളിൽ ശരിയായ ഉയരത്തിൽത്തന്നെ നിലനിൽക്കുന്നതിന് ആവശ്യമായ പ്രണോദം (boost) പ്രദാനം ചെയ്യാൻ ബഹിരാകാശപേടകങ്ങൾ ഇടയ്ക്കിടെ നിലയം സന്ദർശിക്കുന്നതായിരിക്കും.
ഗുരുത്വം പൂജ്യത്തോട് അടുത്തായിരിക്കുന്ന അവസ്ഥ ഈ ബഹിരാകാശനിലയത്തിൽ വെച്ചു നടത്തപ്പെടുന്ന ഗവേഷണങ്ങളുടെ മേൽ ഒരു നിർണായക സ്വാധീനം ചെലുത്തും. ഭൂമിയിൽ അനുഭവപ്പെടുന്ന ഗുരുത്വാകർഷണ ശക്തിയുടെ 10 ലക്ഷത്തിൽ ഒരംശം മാത്രമേ അതിനുള്ളിൽ അനുഭവപ്പെടുന്നുള്ളൂ. ഭൂമിയിൽ ആണെങ്കിൽ, ഒരു പെൻസിൽ താഴെപ്പോയാൽ അതു രണ്ടുമീറ്റർ താഴേക്കു പതിക്കാൻ അര സെക്കൻഡ് മതി. ബഹിരാകാശനിലയത്തിൽ പക്ഷേ അതിനു പത്തു മിനിട്ട് വേണം! അങ്ങനെയെങ്കിൽ, അന്തർദേശീയ ബഹിരാകാശനിലയം ഒരു പരീക്ഷണശാലയായി വർത്തിക്കുന്നത് എങ്ങനെയായിരിക്കും? അതിനു നിങ്ങളുടെ ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കാൻ കഴിയും?
ഭ്രമണം ചെയ്യുന്ന പരീക്ഷണശാല
അന്തർദേശീയ ബഹിരാകാശനിലയത്തിന്റെ പണി 2004-ൽ പൂർത്തിയാകും എന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. അതിനുശേഷം, ഒരേസമയം ഏഴു ബഹിരാകാശ സഞ്ചാരികൾക്കു വരെ സങ്കീർണമായ ഈ പടുകൂറ്റൻ ഭവനം സന്ദർശിക്കാനാകും. ചിലർ അവിടെ പല മാസങ്ങൾ തന്നെ താമസിക്കും. പ്രപഞ്ചത്തിലേക്കു തുറക്കുന്ന ജാലകം എന്നു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ഈ നിലയത്തിൽ വെച്ച് ബഹിരാകാശ സഞ്ചാരികൾക്ക് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ പദ്ധതിപ്രകാരമുള്ള വൈവിധ്യമാർന്ന പരീക്ഷണങ്ങൾ നടത്തിനോക്കുന്നതിന് അവസരമുണ്ടായിരിക്കും.
ഉദാഹരണത്തിന്, ഗുരുത്വാകർഷണ ശക്തി തീരെ കുറവായിരിക്കുമ്പോൾ, ചെടികളുടെ വേരുകൾ താഴേക്കു വളർന്നിറങ്ങുകയോ ഇലകൾ മുകളിലേക്കു വളർന്നു പൊങ്ങുകയോ ചെയ്യുന്നില്ല. അതുകൊണ്ട്, ഗുരുത്വാകർഷണ ശക്തി ഇല്ലാത്ത അവസ്ഥയോടു സസ്യങ്ങൾ എപ്രകാരം പ്രതികരിക്കും എന്നു കണ്ടുപിടിക്കുന്നതിനു വേണ്ട പരീക്ഷണങ്ങൾ നടത്തിനോക്കാൻ ശാസ്ത്രജ്ഞർ പദ്ധതിയിട്ടിരിക്കുന്നു. മറ്റൊന്ന് മാംസ്യപരലുകളുമായി ബന്ധപ്പെട്ടതാണ്. അവ ശൂന്യാകാശത്തു വെച്ച് കൂടുതൽ വലുതും രൂപസമാനതയുള്ളവയും ആയിത്തീരുന്നു. അതുകൊണ്ട്, അത്തരം അവസ്ഥകളിൻ കീഴിൽ കൂടുതൽ ശുദ്ധമായ പരലുകൾ ഉത്പാദിപ്പിക്കാൻ കഴിയും. രോഗകാരികളായ പ്രത്യേക മാംസ്യങ്ങൾക്ക് എതിരെ പ്രയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള മരുന്നുകൾ വികസിപ്പിച്ചെടുക്കുന്നതിന് ഈ വിവരങ്ങൾ ഗവേഷകർക്കു സഹായകമായിരുന്നേക്കാം. ഭൂമിയിൽ വെച്ചു നിർമിക്കാൻ പറ്റില്ലെന്നു തന്നെ പറയാവുന്ന സാധനങ്ങൾ ഒരുപക്ഷേ, ഗുരുത്വാകർഷണം തീരെ കുറവായിരിക്കുന്ന ഒരു പരിസ്ഥിതിയിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞേക്കും.
ഗുരുത്വം പൂജ്യത്തോട് അടുത്തായിരിക്കുമ്പോൾ മനുഷ്യന്റെ അസ്ഥികളും പേശികളും ക്ഷയിക്കും. ബഹിരാകാശ സഞ്ചാരിയായിരുന്ന മൈക്കൽ ക്ലിഫോർഡ് ഇപ്രകാരം പറയുകയുണ്ടായി: “ദീർഘകാലം ബഹിരാകാശത്തു കഴിയുന്നതിന്റെ ശരീരശാസ്ത്രപരമായ പരിണതഫലങ്ങൾ മനസ്സിലാക്കാനുള്ള ശാസ്ത്രീയ ഗവേഷണങ്ങളും നടത്തപ്പെടുന്നതായിരിക്കും.” അസ്ഥിദ്രവീകരണം ഫലപ്രദമായി ചെറുക്കാൻ കഴിയുന്ന വിധം നിർണയിക്കുന്നതിന് ചുരുങ്ങിയത് ഒരു പരീക്ഷണം എങ്കിലും നടത്തുന്നതായിരിക്കും.
ബഹിരാകാശത്തു ജീവിക്കുന്നതിന്റെ ദീർഘകാല ഫലങ്ങളെ കുറിച്ചു പഠിക്കുന്നത് എന്നെങ്കിലും ഒരിക്കൽ ചൊവ്വയിലേക്ക് സുദീർഘമായ ഒരു യാത്ര സാധ്യമാക്കി തീർത്തേക്കാം. ക്ലിഫോർഡ് ഇപ്രകാരം സമ്മതിക്കുന്നു: “അതൊരു നീണ്ട യാത്രയാണ്. [ബഹിരാകാശ പര്യവേക്ഷകരെ] കുഴപ്പമൊന്നും കൂടാതെ തിരിച്ചുകൊണ്ടുവരാനുള്ള കഴിവു നാം ആർജിച്ചെടുക്കേണ്ടതുണ്ട്.”
ജീവന്റെ അടിസ്ഥാന നിർമാണ ഘടകങ്ങളെ സംബന്ധിച്ചു മെച്ചമായ ഗ്രാഹ്യം നേടിയെടുക്കുന്നതിനും ബഹിരാകാശനിലയത്തിലെ ഗവേഷണങ്ങൾ സഹായകമാവും എന്നാണ് അതിന്റെ അനുകൂലികൾ പ്രവചിക്കുന്നത്. കാൻസർ, പ്രമേഹം, എംഫിസിമ, പ്രതിരോധ വ്യവസ്ഥയിലെ തകരാറുകൾ എന്നിവ ചികിത്സിച്ചു ഭേദമാക്കുന്നതിനു പുത്തൻ മാർഗങ്ങൾ കണ്ടുപിടിക്കുന്നതിന് അത്തരം അറിവുകൾ ഗുണകരമായേക്കാം. ബഹിരാകാശനിലയത്തിലെ പരീക്ഷണശാലകളിൽ ശരീരകലകളോടു സമാനമായ കോശങ്ങൾ കൃത്രിമമായി വളർത്തിയെടുക്കുന്നതിന് ഉള്ള ഒരു ബയോറിയാക്ടർ ഉണ്ടായിരിക്കും. മനുഷ്യനെ വേട്ടയാടുന്ന രോഗങ്ങളെയും അവ ചികിത്സിച്ചു ഭേദമാക്കാവുന്ന വിധങ്ങളെയും സംബന്ധിച്ചു കൂടുതൽ പഠിക്കാനും ശാസ്ത്രജ്ഞന്മാർ ആസൂത്രണം ചെയ്തിരിക്കുന്നു. അന്തരീക്ഷ വാതകങ്ങൾ, പവിഴപ്പുറ്റുകളുടെ നിറംമങ്ങൽ, ചുഴലിക്കൊടുങ്കാറ്റ്, ഭൂമിയിലെ മറ്റു പ്രാകൃതിക പ്രതിഭാസങ്ങൾ എന്നിവയെ കുറിച്ചു പഠിക്കുന്നതിന് 50 സെന്റിമീറ്റർ നീളമുള്ള ഒരു നിരീക്ഷണജാലകവും നിലയത്തിൽ ഉണ്ടായിരിക്കുന്നതാണ്.
“സമാധാനത്തിനു വേണ്ടിയുള്ള” ഒരു “പരീക്ഷണശാലയോ”?
അന്തർദേശീയ ബഹിരാകാശനിലയത്തെ ശക്തമായി അനുകൂലിക്കുന്നവരിൽ ചിലരെ സംബന്ധിച്ചിടത്തോളം അതു കേവലം ഒഴുകി നടക്കുന്ന ഒരു പരീക്ഷണശാലയല്ല. അപ്പോളോ പദ്ധതി നടപ്പിലാക്കിയ ബഹിരാകാശ ശാസ്ത്രജ്ഞന്മാരുടെ ഒരു വാഗ്ദാനം നിവർത്തിക്കുന്നതിന് ഉള്ള മാർഗമായാണ് അവർ ഇതിനെ കാണുന്നത്. അവർ ചന്ദ്രനിൽ ഇട്ടിട്ടു പോന്ന ഒരു ഫലകത്തിൽ ഇപ്രകാരം എഴുതിയിരുന്നു: “മുഴുമനുഷ്യവർഗത്തിന്റെയും സമാധാനത്തിനു വേണ്ടി ഞങ്ങൾ വന്നു.” ഇപ്പോൾ എഴുപതുകളിൽ ആയിരിക്കുന്ന ബഹിരാകാശ സഞ്ചാരി ജോൺ ഗ്ലെൻ, അന്തർദേശീയ ബഹിരാകാശനിലയത്തെ “സമാധാനത്തിനു വേണ്ടിയുള്ള” ഒരു “പരീക്ഷണശാല” ആയി വർണിച്ചശേഷം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഭൂമിയിൽ വെച്ചു പരസ്പരം ഉപദ്രവിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടുപിടിക്കുന്നതിനു പകരം 16 രാഷ്ട്രങ്ങൾക്കു ബഹിരാകാശത്തു യോജിപ്പോടെ പ്രവർത്തിക്കാൻ [ഈ നിലയം] വഴിയൊരുക്കും.” ഒരു രാഷ്ട്രത്തിനും തനിയെ ചെയ്യാൻ സാധിക്കാത്തതും എന്നാൽ എല്ലാ രാഷ്ട്രങ്ങൾക്കും പ്രയോജനം ചെയ്യുന്നതുമായ ശാസ്ത്രീയവും സാങ്കേതികവുമായ പദ്ധതികളിൽ അവർക്കു സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കാൻ കഴിയുന്ന ഒരു സ്ഥലമായാണ് അദ്ദേഹവും മറ്റുള്ളവരും ഈ നിലയത്തെ കാണുന്നത്.
എന്നിരുന്നാലും, ഭൂമിയിൽ വെച്ചു സമാധാനപൂർണമായി പരസ്പരം സഹകരിക്കാൻ കഴിയാത്ത രാഷ്ട്രങ്ങൾക്കു ബഹിരാകാശത്തു വെച്ച് അപ്രകാരം ചെയ്യാൻ കഴിയുമോ എന്ന് അതിശയം കൊള്ളുന്നവരും കുറവല്ല. സംഗതി എന്തായാലും ശരി, അജ്ഞാതമായവ കണ്ടുപിടിക്കാനും ബഹിരാകാശത്തെ അവസ്ഥകളിൻ കീഴിൽ എന്തെല്ലാം സംഭവിക്കുമെന്ന് അറിയാനും ഉള്ള മനുഷ്യന്റെ സ്വാഭാവിക ത്വരയുടെ പരിണതിയാണ് അന്തർദേശീയ ബഹിരാകാശനിലയം. തീർച്ചയായും, ഈ ബൃഹത് പദ്ധതി മനുഷ്യന്റെ സാഹസികതയുടെയും പുതിയ പുതിയ കാര്യങ്ങൾ കണ്ടുപിടിക്കാനുള്ള അവന്റെ അടങ്ങാത്ത ആഗ്രഹത്തിന്റെയും ഫലമാണ്.
[15-17 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
ബഹിരാകാശനിലയങ്ങളുമായി ബന്ധപ്പെട്ട തീയതികൾ
1869: അമേരിക്കക്കാരനായ എഡ്വാർഡ് എവററ്റ് ഹെയ്ൽ ദ ബ്രിക്ക് മൂൺ എന്ന പേരിൽ ഒരു ചെറുകഥ പ്രസിദ്ധീകരിക്കുന്നു. ഭൂമിക്കു മുകളിൽ സ്ഥിതിചെയ്യുന്ന ഇഷ്ടിക കൊണ്ട് ഉണ്ടാക്കിയ, മനുഷ്യനെ വഹിക്കുന്ന ഒരു ഉപഗ്രഹമാണ് അതിന്റെ പ്രതിപാദ്യ വിഷയം.
1923: റൊമേനിയയിൽ ജനിച്ച ഹെർമാൻ ഓബർട്ട് “ബഹിരാകാശനിലയം” എന്ന വാക്കു കണ്ടുപിടിക്കുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പറക്കുന്നതിന് ഉള്ള ഒരു ആരംഭസ്ഥാനം എന്ന അർഥമാണ് അദ്ദേഹം അതിനു കൽപ്പിച്ചത്.
1929: ബഹിരാകാശ സഞ്ചാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രശ്നങ്ങൾ [ഇംഗ്ലീഷ്] എന്ന തന്റെ പുസ്തകത്തിൽ ഹെർമാൻ പോട്ടോക്നിക്, ബഹിരാകാശനിലയത്തിന്റെ ഒരു രൂപരേഖ നൽകുന്നു.
1950-കൾ: റോക്കറ്റ് എൻജിനീയറായ വെർനർ ഫോൺ ബ്രൗൺ, ഭൂമിക്ക് 1,730 കിലോമീറ്റർ മുകളിൽ ഭ്രമണം ചെയ്യുന്ന ചക്ര ആകൃതിയിൽ ഉള്ള ഒരു നിലയത്തെ കുറിച്ചു വിവരിക്കുന്നു.
1971: ചരിത്രത്തിലെ ആദ്യത്തെ ബഹിരാകാശനിലയമായ സല്യൂട്ട് 1 സോവിയറ്റ് യൂണിയൻ വിക്ഷേപിക്കുന്നു. മൂന്നു ബഹിരാകാശ സഞ്ചാരികൾ അതിൽ 23 ദിവസം തങ്ങുന്നു.
1973: ആദ്യത്തെ യു.എസ്. ബഹിരാകാശനിലയമായ സ്കൈലാബ് ഭ്രമണപഥത്തിൽ എത്തിക്കുന്നു. ബഹിരാകാശ സഞ്ചാരികളുടെ മൂന്നുസംഘങ്ങൾ ഇതു സന്ദർശിക്കുകയുണ്ടായി. ഇപ്പോൾ ഇതു ബഹിരാകാശത്തിൽ ഇല്ല.
1986: സോവിയറ്റ് യൂണിയൻ മിർ എന്ന ബഹിരാകാശനിലയം വിക്ഷേപിക്കുന്നു. ബഹിരാകാശത്ത് സ്ഥിരമായ മനുഷ്യസാന്നിധ്യം ഉറപ്പുവരുത്തുന്നതിനു വേണ്ടി രൂപകൽപ്പന ചെയ്ത ആദ്യത്തെ ബഹിരാകാശനിലയം ആണിത്.
1993: ഐക്യനാടുകൾ റഷ്യയെയും ജപ്പാനെയും മറ്റു രാഷ്ട്രങ്ങളെയും അന്തർദേശീയ ബഹിരാകാശനിലയം വികസിപ്പിക്കുന്നതിൽ പങ്കുചേരാൻ ക്ഷണിക്കുന്നു.
1998/99: അന്തർദേശീയ ബഹിരാകാശനിലയത്തിന്റെ ആദ്യ മോഡ്യൂളുകൾ, തീരുമാനിച്ചിരുന്നതിലും ഒരു വർഷം വൈകി ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കുന്നു.
[ചിത്രങ്ങൾ]
മുകളിൽ: 2004-ൽ പൂർത്തിയാകുന്ന ബഹിരാകാശനിലയം ചിത്രകാരന്റെ ഭാവനയിൽ
ആദ്യത്തെ രണ്ടു മോഡ്യൂളുകളായ സാര്യായും യൂണിറ്റിയും സംയോജിപ്പിക്കപ്പെട്ട നിലയിൽ
റോസും ന്യൂമാനും മൂന്നാമത്തെ തവണ ബഹിരാകാശത്ത് ഇറങ്ങി സഞ്ചരിച്ചപ്പോൾ
ഒരു ബഹിരാകാശ പേടകം വിക്ഷേപിക്കുന്നു, ആസൂത്രണം ചെയ്തിട്ടുള്ള നിരവധി വിക്ഷേപണങ്ങളിൽ ഒന്ന്
സ്കൈലാബ്
മിർ
[കടപ്പാട്]
15-17 പേജുകൾ: NASA photos