അലറുന്ന സിംഹം സൗമ്യനായ കുഞ്ഞാടാകുന്നു
എൻറീക്കെ ടോറെസ്, ജൂനിയർ പറഞ്ഞ പ്രകാരം
പോർട്ടറിക്കോ എന്ന കരീബിയൻ ദ്വീപിൽ ആയിരുന്നു എന്റെ ജനനം, 1941-ൽ. അവിടത്തെ ആളുകളുടെ സംസാരഭാഷ സ്പാനീഷാണ്. എന്റെ മാതാപിതാക്കൾ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർ ആയിരുന്നു. റോമൻ കത്തോലിക്കരായിരുന്ന അവർക്കും എന്റെ സഹോദരിമാർക്കും എന്റെ അനുജനും (അവൻ ചെറുപ്പത്തിലേ മരിച്ചുപോയി) മതപരമായ യാതൊരു പരിശീലനവും ലഭിച്ചിരുന്നില്ല. പള്ളിയിൽ ഞങ്ങൾ വല്ലപ്പോഴുമേ തലകാണിക്കാറുണ്ടായിരുന്നുള്ളൂ.
1949-ൽ ഞങ്ങൾ പോർട്ടറിക്കോയിൽ നിന്ന് ഐക്യനാടുകളിലേക്കു കുടിയേറി. ന്യൂയോർക്ക് നഗരത്തിലെ എൽ ബാരിയോ എന്നറിയപ്പെടുന്ന ഈസ്റ്റ് ഹാർലെമിൽ പാർപ്പുറപ്പിച്ച ഞങ്ങൾ 1953 വരെ അവിടെയാണു താമസിച്ചത്. ഇംഗ്ലീഷ് പഠനം എന്നെ സംബന്ധിച്ചിടത്തോളം മറികടക്കാനാവാത്ത ഒരു കടമ്പ പോലെ തോന്നിച്ചു. ഞാൻ ഒന്നിനും കൊള്ളാത്തവനാണ് എന്ന ചിന്ത എന്നിൽ നാമ്പെടുക്കാൻ ഇത് ഇടയാക്കി.
വഴിപിഴച്ച സ്വാധീനങ്ങൾ
പിന്നീട്, ഞങ്ങളുടെ കുടുംബം ബ്രുക്ലിനിലെ പ്രോസ്പെക്റ്റ് ഹൈറ്റ്സിലേക്കു താമസം മാറ്റി. ഈ സമയത്താണ് സമപ്രായക്കാരുടെ സ്വാധീനത്തിനു വശംവദനായി ഞാൻ ഒരു തെരുവുറൗഡി സംഘത്തിൽ ചെന്നു പെട്ടത്. ക്രമേണ, സംഘാംഗങ്ങൾ എന്നെ അതിന്റെ കിരീടംവെക്കാത്ത രാജാവായി അംഗീകരിക്കാൻ തുടങ്ങി. പിന്നീട്, ഞാൻ കാർ മോഷണത്തിൽ പങ്കുണ്ടായിരുന്ന മറ്റൊരു റൗഡിസംഘത്തിന്റെ നേതാവായി തീർന്നു. അതുമാത്രമല്ല, ആ പ്രദേശത്തുണ്ടായിരുന്ന വാതുവെപ്പുകാർക്ക്, നിയമവിരുദ്ധ ചൂതുകളിയിൽ ആളുകൾ കൊടുക്കാനുണ്ടായിരുന്ന പണം ബലമായി പിരിച്ചു കൊടുക്കാനും തുടങ്ങി. കുത്തിക്കവർച്ചയായിരുന്നു എന്റെ അടുത്ത പരിപാടി. 15 വയസ്സു തികയുന്നതിനു മുമ്പു തന്നെ എന്നെ പലവട്ടം അറസ്റ്റുചെയ്യുകയുണ്ടായി. അപ്പോഴേക്കും ഞാൻ സ്കൂൾ പഠനവും ഉപേക്ഷിച്ചിരുന്നു.
എനിക്കു 16 വയസ്സായപ്പോൾ, അധികൃതർ എന്നെ അഞ്ചു വർഷത്തേക്കു പോർട്ടറിക്കോയിലേക്കു നാടുകടത്തി. എന്റെ വക്കീലന്മാർ എനിക്കു വേണ്ടി വാദിച്ചതാണ് ശിക്ഷ ഇത്ര കുറയാൻ കാരണം. അവിടെ, മുത്തശ്ശനോടും കുടുംബത്തോടും ഒപ്പം ആയിരുന്നു ഞാൻ താമസിക്കേണ്ടിയിരുന്നത്. അദ്ദേഹമാണെങ്കിൽ പരക്കെ അറിയപ്പെട്ടിരുന്ന ആദരണീയനായ ഒരു റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ, ഒരൊറ്റ വർഷം കഴിഞ്ഞപ്പോഴേക്കും മുത്തശ്ശൻ എന്നെ ബ്രുക്ലിനിലേക്കു തിരിച്ചയച്ചു. കാരണം മറ്റൊന്നുമല്ല, ഞാൻ മദ്യപിച്ചു തല്ലുണ്ടാക്കുകയും അനാശാസ്യ പ്രവർത്തകരുമായി കൂട്ടുകൂടുകയും കുത്തിക്കവർച്ച നടത്തുകയും ഒക്കെ ചെയ്യുമായിരുന്നു.
എന്റെ ജീവിതത്തിൽ പിതാവിന്റെ പങ്ക്
പോർട്ടറിക്കോയിൽ നിന്നു ഞാൻ ന്യൂയോർക്ക് നഗരത്തിലേക്കു മടങ്ങിയെത്തിയപ്പോഴേക്കും എന്റെ പിതാവ് യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങിയിരുന്നു. പക്ഷേ അത് എന്റെ ജീവിതത്തിൽ യാതൊരു ചലനവും സൃഷ്ടിച്ചില്ല എന്നു മാത്രമല്ല, പഴയപടി ദൈവഭയമില്ലാതെ ഒരു കുത്തഴിഞ്ഞ ജീവിതം നയിക്കുന്നതിൽ ഞാൻ തുടരുകയും ചെയ്തു. മയക്കുമരുന്നും മദ്യവും എന്റെ കൂട്ടുകാരായിരുന്നു. ഞാൻ കുത്തിക്കവർച്ചയും തോക്കുചൂണ്ടിയുള്ള മോഷണവും തൊഴിലാക്കിയ ഒരു സംഘത്തിൽ അംഗമായിത്തീർന്നു. ഒടുവിൽ, 1960-ൽ എന്നെ വീണ്ടും അറസ്റ്റു ചെയ്തു. കുറ്റക്കാരനെന്നു കണ്ടെത്തിയ എന്നെ മൂന്നു വർഷത്തേക്കു തടവിനു വിധിച്ചു.
1963-ൽ പരോളിൽ വിട്ടെങ്കിലും താമസിയാതെ തന്നെ, കുത്തിക്കവർച്ച നടത്തിയതിന് എനിക്കു വീണ്ടും അഴിയെണ്ണേണ്ടി വന്നു. ന്യൂയോർക്ക് നഗരത്തിലെ റൈക്കേഴ്സ് ദ്വീപിലുള്ള ഒരു ജയിലിൽ എന്നെ രണ്ടു വർഷത്തേക്കു തടവിലിട്ടു. 1965-ൽ ജയിൽമോചിതനായി എങ്കിലും അതേ വർഷം തന്നെ കൊലക്കുറ്റത്തിനു വീണ്ടും അറസ്റ്റിലായി. ശരിക്കും ഒരു ക്രൂരസിംഹത്തിന്റെ സ്വഭാവം ആയിരുന്നു എന്റേത്!
ഞാൻ 20 വർഷത്തേക്ക് വടക്കൻ ന്യൂയോർക്കിലുള്ള ഡാനിമോറയിൽ കഴിയണമെന്നു കോടതി വിധിച്ചു. അവിടെ വെച്ച്, ഞാൻ ഒരു കൂട്ടം കുറ്റവാളികൾ ഉൾപ്പെട്ട ഒരു പ്രത്യേക സമൂഹത്തിന്റെ അതായത് ജയിലിലെതന്നെ ഒരു ഉപസംസ്കാരത്തിന്റെ ഭാഗമായി തീർന്നു.
എന്നിരുന്നാലും, ഞാൻ മുമ്പു പറഞ്ഞതു പോലെ, എന്റെ പിതാവ് യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. പിന്നീട് അദ്ദേഹം സ്നാപനമേൽക്കുകയും ഹാർലേമിലെ ഒരു സഭയിൽ മൂപ്പനായി സേവിക്കുകയും ചെയ്തു. ഞാൻ തടവിൽ ആയിരുന്ന സമയങ്ങളിലെല്ലാം അദ്ദേഹം കൂടെക്കൂടെ എന്നെ സന്ദർശിക്കുമായിരുന്നു. അപ്പോഴൊക്കെ, ദൈവത്തെയും അവന്റെ നാമത്തെയും ഉദ്ദേശ്യത്തെയും കുറിച്ച് അദ്ദേഹം എന്നോടു പറയുമായിരുന്നു.
ഡാനിമോറയിൽ തടവിൽ കഴിഞ്ഞിരുന്ന സമയത്താണ് ഞാൻ കൊള്ള പലിശയ്ക്കു പണം കടം കൊടുത്തിരുന്ന ഒരു സംഘത്തിലെ അംഗമായത്. ഈ സമയത്ത്, അതായത് 1971-ൽ, ന്യൂയോർക്ക് സംസ്ഥാനത്തിലെ ആറ്റിക്ക കറക്ഷണൽ ഫെസിലിറ്റി എന്ന മറ്റൊരു ജയിലിൽ ഒരു ലഹള പൊട്ടിപ്പുറപ്പെട്ടു. അനവധി പത്രത്തലക്കെട്ടുകളിൽ സ്ഥാനം പിടിച്ച ഒരു സംഭവമായിരുന്നു അത്. മാത്രമല്ല, റേഡിയോയും ടെലിവിഷനും ലോകവ്യാപകമായി ഇതു പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ആ ലഹളയ്ക്കു ശേഷം, ഇതേ സംഭവം ഡാനിമോറയിലും ആവർത്തിക്കാതിരിക്കാൻ വേണ്ടി, തടവുകാരെ മോശമായി സ്വാധീനിച്ചേക്കാൻ സാധ്യതയുള്ള ജയിൽപ്പുള്ളികളെ പ്രത്യേകം തിരഞ്ഞു മാറ്റാൻ ജയിൽ വാർഡൻ തീരുമാനിച്ചു. അങ്ങനെ ഉള്ളവരെ അദ്ദേഹം പ്രത്യേക പാർപ്പിട യൂണിറ്റുകളിലേക്കു മാറ്റുകയുണ്ടായി.
2,200 തടവുകാരിൽ നിന്ന് ഞങ്ങൾ ഏകദേശം 200 പേരെ അവർ വേർതിരിച്ചു. കഠിനമായി പ്രഹരിക്കുന്നതിനു വേണ്ടി ഈ 200 പേരിൽ നിന്ന് അവർ പിന്നെയും കുറച്ചു പേരെ തിരഞ്ഞു മാറ്റി. ഇതുംകൂടാതെ, “സ്വഭാവം നന്നാക്കൽ ചികിത്സ” എന്ന് അവർ വിളിച്ചതിന്റെ ഭാഗമായി ഞങ്ങൾക്ക് ആഹാരത്തിൽ മരുന്നു കലർത്തി നൽകാനും തുടങ്ങി.
താന്തോന്നിത്തം കാണിച്ചതിന് എന്നെ പ്രത്യേകം മാറ്റി പാർപ്പിക്കുന്നത് ആദ്യമായൊന്നും ആയിരുന്നില്ല. എന്നാൽ, ഞാൻ ഇതുപോലെ ഒരു ക്രൂരതയ്ക്ക് ഇരയാകുന്നത് ആദ്യമായിട്ടായിരുന്നു. അത് എന്നിൽ ഒരു കനത്ത ആഘാതമേൽപ്പിച്ചു. അവർ എന്റെ കൈയിലും കാലിലുമെല്ലാം വിലങ്ങിട്ടു. എന്നിട്ട്, ഗാർഡുകൾ പലപ്പോഴായി എന്നെ തല്ലിച്ചതച്ചു. ഇതിന്റെ കൂടെ പോർട്ടറിക്കോക്കാരനായതിന്റെ പേരിൽ എനിക്കു വളരെയധികം വർഗീയ അധിക്ഷേപങ്ങളും സഹിക്കേണ്ടി വന്നു. ഇതിനോടെല്ലാം ഉള്ള പ്രതിഷേധസൂചകമായി എന്നെ മാറ്റി പാർപ്പിച്ചിരുന്ന സമയമത്രയും, ഏതാണ്ട് മൂന്നുമാസത്തോളം, ഞാൻ ഒന്നും തന്നെ കഴിച്ചിരുന്നില്ല. അങ്ങനെ, ഈ കാലയളവിൽ എന്റെ തൂക്കം 25 കിലോയോളം കുറഞ്ഞു.
എന്റെ ആരോഗ്യം ക്ഷയിച്ചു വരുന്നതിനെ കുറിച്ച് പിതാവു നടത്തിയ അന്വേഷണങ്ങൾ ജയിൽ അധികൃതർ പാടേ അവഗണിച്ചു കളഞ്ഞു. അതോടെ എന്റെ സർവ പ്രതീക്ഷകളും അസ്തമിച്ചു. എനിക്കു സഹിക്കേണ്ടി വന്ന ഈ അന്യായത്തിന് എതിരെ പ്രതികരിക്കുന്നതിനു സഹായം അഭ്യർഥിച്ചു കൊണ്ടു ഞാൻ രാഷ്ട്രീയ പ്രവർത്തകർക്ക് എഴുതി.
പ്രത്യേക പാർപ്പിട യൂണിറ്റുകളിലെ അന്തേവാസികൾക്കു മരുന്നു കലർത്തിയ ആഹാരം നൽകുന്നതിനും അവരെ അവഹേളിക്കുന്നതിനും തല്ലിച്ചതക്കുന്നതിനുമൊക്കെ എതിരെ ശബ്ദമുയർത്താൻ എന്റെ പിതാവ് പലപ്രാവശ്യം പത്രങ്ങളെ സമീപിച്ചു. എന്നാൽ ആംസ്റ്റർഡാം ന്യൂസ് എന്ന ഒരു പത്രം മാത്രമാണ് പ്രതികരിച്ചത്. തടവിലെ പരിതാപകരമായ അവസ്ഥ വർണിച്ചു കൊണ്ടുള്ള ഒരു ലേഖനം ആ പത്രത്തിൽ അച്ചടിച്ചു വരികയുണ്ടായി. ന്യൂയോർക്കിലെ അൽബെനിയിൽ ഉള്ള കറക്ഷൻസ് കമ്മീഷണറെയും പിതാവു പലപ്രാവശ്യം ചെന്നു കണ്ടു. എന്നാൽ അപ്പോഴെല്ലാം അദ്ദേഹത്തിനു ലഭിച്ച മറുപടി എന്നെ സാധാരണ തടവറയിൽ ആണ് ഇട്ടിരിക്കുന്നത് എന്നാണ്. തടവിലെ അവസ്ഥയെ കുറിച്ചു വിവരിച്ചു കൊണ്ടു ഞാൻ രാഷ്ട്രീയ പ്രവർത്തകർക്ക് എഴുതിയതിനും ഒരു ഫലവും ഉണ്ടായില്ല. സഹായത്തിനായി മുട്ടിവിളിക്കാൻ ഒരു വാതിൽ പോലും ശേഷിച്ചിട്ടില്ല എന്ന് എനിക്കു തോന്നി. ഞാൻ ആകെ തകർന്നു പോയി.
പിതാവ് എന്നോട് പറയുമായിരുന്ന ചില കാര്യങ്ങൾ ഞാൻ അപ്പോഴാണ് ഓർത്തത്. സഹായത്തിനായി ദൈവത്തോടു പ്രാർഥിക്കാൻ തന്നെ ഞാൻ ഉറപ്പിച്ചു.
ദൈവത്തിലേക്കു തിരിയുന്നു
പ്രാർഥിക്കുന്നതിനു മുമ്പ്, പിതാവ് എന്നോട് എപ്പോഴും പറയാറുണ്ടായിരുന്ന ഒരു സംഗതി ഞാൻ ഓർത്തു. യഹോവയെന്നു പേരുള്ള, യേശുവിന്റെ പിതാവിനോട്—അല്ലാതെ യേശുവിനോട് അല്ല—പ്രാർഥിക്കാൻ അദ്ദേഹം എന്നെ നിരന്തരം പ്രോത്സാഹിപ്പിക്കുമായിരുന്നു. ജയിൽമുറിയിലെ തറയിൽ സാഷ്ടാംഗം വീണ്, ജീവിതത്തിന്റെ പകുതിയിലധികവും ജയിലിൽ കഴിച്ചുകൂട്ടാൻ കാരണമായ ഒരു ജീവിതഗതി തിരഞ്ഞെടുത്തതിനെ കുറിച്ചു ഞാൻ ആഴമായ പശ്ചാത്താപം പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിൽ നിന്നു കരകയറാൻ എന്നെ സഹായിക്കേണ്ടതിനു ഞാൻ യഹോവയോടു മുട്ടിപ്പായി അപേക്ഷിച്ചു. കാരണം, അവനു മാത്രമാണ് ഈ വിഷമസ്ഥിതിയിൽ നിന്ന് എന്നെ വിടുവിക്കാനുള്ള ശക്തിയുള്ളത് എന്നു ഞാൻ തിരിച്ചറിഞ്ഞു.
എത്ര നേരം പ്രാർഥിച്ചു എന്ന് എനിക്കു തന്നെ അറിയില്ല. പക്ഷേ, എന്റെ കഴിഞ്ഞകാല ജീവിതത്തെ കുറിച്ചെല്ലാം ഞാൻ അവനോടു പറഞ്ഞു. എനിക്കു മാപ്പുതരേണമേ എന്നു പശ്ചാത്താപവിവശമായ ഹൃദയത്തോടെ ഞാൻ യഹോവയോടു യാചിച്ചു. മാത്രമല്ല, അവനെ കുറിച്ചു കൂടുതൽ പഠിക്കാൻ ശ്രമം നടത്തുമെന്നു ഞാൻ അവനു വാക്കുകൊടുക്കുകയും ചെയ്തു. അതിനുശേഷം താമസിയാതെ, ഇരുട്ടറപോലുള്ള ആ ജയിൽമുറിയിലെ ഏകാന്തവാസത്തിൽ നിന്ന് എന്നെ സാധാരണ ജയിലിലേക്കു മാറ്റി. അതോടെ ഞാൻ എന്റെ നിരാഹാര സത്യാഗ്രഹവും അവസാനിപ്പിച്ചു.
യഹോവയെ കുറിച്ചു കൂടുതൽ പഠിക്കാൻ ശ്രമിക്കുമെന്ന എന്റെ വാക്കിനു ചേർച്ചയിൽ ഞാൻ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം വായിക്കാൻ തുടങ്ങി. ബൈബിളിന്റെ ഈ പരിഭാഷയുടെ കാര്യത്തിൽ എനിക്ക് ഇഷ്ടപ്പെട്ട ഒരു സംഗതി അതിന്റെ പച്ച നിറത്തിലുള്ള കവറാണ്. ഈ നിറം എനിക്ക് ഇഷ്ടമായതിന് ഒരു കാരണമുണ്ട്. ജയിലിലെ വസ്ത്രങ്ങൾക്കും മുറികൾക്കും ചുമരുകൾക്കും ഇടനാഴികൾക്കും എല്ലാം ഒരു നരച്ച നിറമായിരുന്നു, മനസ്സുമടുപ്പിക്കുന്ന നരച്ച നിറം. എന്നാൽ, പിന്നീട് ഇതിന്റെയെല്ലാം നിറം കാനന പച്ചയാക്കി മാറ്റിയത് എന്നെ തെല്ലൊന്നുമല്ല അതിശയിപ്പിച്ചത്. ആറ്റിക്ക ജയിലിലെ കലാപത്തിനു ശേഷമാണ് ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻസ് ഈ നിറം ഉപയോഗിക്കാൻ തുടങ്ങിയത്.
വീക്ഷാഗോപുരം, ഉണരുക! മാസികകളിലെ ലേഖനങ്ങളും ഞാൻ വായിക്കാൻ തുടങ്ങി. പിതാവ് എനിക്ക് അവ എത്തിച്ചു തരാനുള്ള ക്രമീകരണങ്ങൾ ചെയ്തിരുന്നു. തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാൻ തയ്യാറല്ലാതിരുന്നതു കൊണ്ടു മാത്രം ജയിലിൽ കഴിയേണ്ടി വന്ന, എന്നെക്കാൾ കഠോരമായ യാതനകൾ സഹിച്ച യഹോവയുടെ സാക്ഷികളിൽ പെട്ട അനേകരുടെയും അനുഭവങ്ങൾ എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. യാതൊരു കുറ്റകൃത്യവും ചെയ്യാത്ത, ദൈവത്തോടു വിശ്വസ്തത കാട്ടിയതിന്റെ പേരിൽ മാത്രം അന്യായം സഹിക്കേണ്ടി വന്ന ഒരു കൂട്ടം ആളുകൾ. എന്നാൽ ഞാനോ, ചെയ്ത തെറ്റിന്റെ ശിക്ഷ മാത്രമേ അനുഭവിച്ചുള്ളൂ താനും. അവരുടെ അനുഭവങ്ങൾ എന്റെ ഹൃദയത്തെ തൊട്ടുണർത്തി. യഹോവയെയും അവന്റെ ജനത്തെയും കുറിച്ചു കൂടുതൽ അറിയാൻ അവ എനിക്കു പ്രചോദനം പകർന്നു തന്നു.
ഒരു വർഷത്തിനു ശേഷം ഞാൻ പരോൾ ബോർഡിനു മുമ്പാകെ ഹാജരായി. എന്റെ കേസ് അവർ പുനർവിചാരണയ്ക്കെടുത്തു. പ്രത്യേക പാർപ്പിട യൂണിറ്റിൽ ആയിരുന്നപ്പോൾ എനിക്കു സഹിക്കേണ്ടി വന്ന മൃഗീയ പീഡനങ്ങളും അവർ പരിഗണിക്കുകയുണ്ടായി. ഒടുവിൽ, 1972-ൽ എന്നെ പരോളിൽ വിടാൻ വിധിയായി.
പരോളിൽ ഇറങ്ങി രണ്ടാഴ്ചക്കു ശേഷം, സ്പാനീഷ് ഹാർലേമിലെ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളിൽ ഞാൻ ഹാജരായി. പക്ഷേ, യഹോവയുടെ ജനത്തോടൊപ്പം സഹവസിക്കാൻ തെല്ലും യോഗ്യതയില്ലാത്തതായി എനിക്ക് അനുഭവപ്പെട്ടു. യഹോവയെ കുറിച്ചും അവന്റെ സംഘടനയെയും ജനത്തെയും കുറിച്ചും എനിക്കു പിന്നെയും ധാരാളം പഠിക്കേണ്ടതുണ്ടായിരുന്നു താനും. കൂടാതെ, ജീവിതത്തിന്റെ ഒരു നല്ല ഭാഗം ജയിലിൽ ചെലവഴിച്ചതുകൊണ്ട് സമൂഹവുമായി വീണ്ടും ഇണങ്ങുന്നതിനും എനിക്കു സമയം ആവശ്യമായിരുന്നു.
എന്നാൽ, സങ്കടകരമെന്നു പറയട്ടെ, എന്റെ പഴയജീവിത രീതികൾ ഉപേക്ഷിക്കാൻ എനിക്കു കഴിഞ്ഞില്ല. മയക്കുമരുന്നും കുറ്റകൃത്യവും എന്റെ ജീവിതത്തിൽ വീണ്ടും സ്ഥാനം പിടിച്ചു. ദൈവഭയമില്ലാത്ത പഴയ ജീവിതഗതിയിലേക്കു തന്നെ ഞാൻ വീണ്ടും കൂപ്പുകുത്തി. വീണ്ടും ഒരു 15 വർഷത്തെ ജയിൽശിക്ഷ കൂടി എനിക്കു ലഭിക്കുന്നതിലേക്കു കാര്യങ്ങൾ നീണ്ടു. ഇങ്ങനെ ഒക്കെ ആയിരുന്നിട്ടും, എന്റെ ഹൃദയത്തിൽ എന്തോ നന്മ കണ്ടിട്ടാകണം, യഹോവ ഒരിക്കലും എന്നെ കൈവിട്ടില്ല. എന്തായാലും ഒരു കാര്യം എനിക്ക് ഉറപ്പാണ്, തടവിലാണെങ്കിലും അല്ലെങ്കിലും, യഹോവയെ കുറിച്ചു പഠിക്കാൻ ചായ്വു കാണിക്കുന്നവരെ അവൻ ഒരിക്കലും ഉപേക്ഷിക്കുകയോ തള്ളിക്കളയുകയോ ചെയ്യില്ല.
ജയിലിൽ വെച്ചു ബൈബിൾ പഠിക്കുന്നു
വീണ്ടും ഡാനിമോറയിലെ ജയിലിലായ ഞാൻ ഇത്തവണ യഹോവയുടെ സാക്ഷികളിൽ പെട്ട ഒരു ശുശ്രൂഷകനോടൊപ്പം വാരം തോറും ബൈബിൾ പഠിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തി. പിന്നീട്, അവർ എന്നെ മിഡ്-ഓറഞ്ച് കറക്ഷണൽ ഫെസിലിറ്റിയിലേക്ക് മാറ്റി. വടക്കൻ ന്യൂയോർക്കിലെ സാധാരണ സുരക്ഷാസംവിധാനങ്ങളോടു കൂടിയ ഒരു ജയിലാണ് അത്. ഡാനിമോറയിലെ കനത്ത കാവലുള്ള ജയിലിലെ അന്തരീക്ഷത്തിൽ നിന്നും ഒരു മാറ്റം തന്നെ ആയിരുന്നു ഇത്.
മിഡ്-ഓറഞ്ച് കറക്ഷണൽ ഫെസിലിറ്റിയിലെ ഒരു അന്തേവാസി ജയിലധികൃതരുടെ സമ്മതത്തോടെ ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. യഹോവയുടെ സാക്ഷികളിൽ പെട്ട അദ്ദേഹത്തിന്റെ അമ്മയാണ് അതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്തു കൊടുത്തത്. അവിടെയെത്തി രണ്ടു വർഷത്തിനു ശേഷം ഞാനും അതിൽ സജീവമായി പങ്കെടുക്കാൻ തുടങ്ങി. അങ്ങനെ അവസാനം, ബൈബിൾ പരിജ്ഞാനം നേടുന്നതിൽ തുടർന്നുകൊണ്ടും പഠിക്കുന്ന തത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ടും ഞാൻ ആത്മീയമായി പുരോഗമിക്കാൻ തുടങ്ങി.
പരോളിൽ ഇറങ്ങാൻ ഏഴു തവണ ശ്രമിച്ചിട്ടും എനിക്ക് അനുമതി ലഭിച്ചില്ല. ഒടുവിൽ എട്ടാമത്തെ തവണ, മനസ്സില്ലാമനസ്സോടെ അവർ എനിക്ക് അനുമതി നൽകി. പരോളിൽ ഇറങ്ങാൻ എന്നെ അനുവദിക്കാഞ്ഞതിന്റെ കാരണമായി അവർ പറഞ്ഞത് “കുറ്റകൃത്യത്തോടുള്ള” എന്റെ “അതിശക്തമായ വാസന”യാണ്. 15 വർഷത്തെ തടവാണു വിധിച്ചിരുന്നത് എങ്കിലും ഒടുവിൽ 8 വർഷത്തിനു ശേഷം എനിക്കു സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനായി.
ഒടുവിൽ വെളിച്ചത്തിലേക്ക്
ജയിൽ മോചിതനായ ഞാൻ പിന്നെയും തെറ്റായ വഴികളിലേക്കു പതിയെ പിന്തിരിയാൻ തുടങ്ങി. കുറച്ചു കാലത്തേക്കു ഞാൻ മയക്കുമരുന്നിനും അടിമയായി തീർന്നു. നിയമപരമായി വിവാഹം ചെയ്യാത്ത ഒരു സത്രീയോടൊപ്പം ആയിരുന്നു ഞാൻ താമസിച്ചിരുന്നത്. 1972 മുതൽ തുടങ്ങിയ ഒരു ബന്ധമായിരുന്നു അത്. 1983-ൽ ഞാൻ യഹോവയുടെ സാക്ഷികളോടൊത്തു വീണ്ടും ബൈബിൾ പഠിക്കാൻ തുടങ്ങി. ഇത്തവണ ക്രിസ്തീയ യോഗങ്ങൾക്കു മുടങ്ങാതെ ഹാജരാകുന്നതിൽ ഞാൻ ശ്രദ്ധവെച്ചു. പഠനം പുനരാരംഭിക്കുന്നതിനും യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങുന്നതിനും മുമ്പ് ഞാൻ മയക്കുമരുന്നിന്റെ ഉപയോഗവും പുകവലിയും പാടേ ഉപേക്ഷിച്ചിരുന്നു.
എങ്കിലും, വിവാഹത്തെ സംബന്ധിച്ച ദൈവിക നിയമങ്ങൾക്കു വിരുദ്ധമായി ഞാൻ നിയമപരമായി വിവാഹം ചെയ്തിട്ടില്ലാത്ത ആ സ്ത്രീയുടെ ഒപ്പം തന്നെയായിരുന്നു അപ്പോഴും താമസിച്ചിരുന്നത്. ഇത് എന്റെ മനസ്സാക്ഷിയെ വല്ലാതെ അലട്ടി. അതുകൊണ്ട് ഒരു ബൈബിളധ്യയനം സ്വീകരിക്കാൻ ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു. കൂടാതെ ഞങ്ങളുടെ ബന്ധം നിയമപരമാക്കുന്നതിന് വിവാഹിതരാകാനും ഞാൻ ശ്രമിച്ചു. പക്ഷേ, ബൈബിൾ മനുഷ്യന്റെ ഗ്രന്ഥമാണെന്നും അതു സ്ത്രീകളെ ചൊൽപ്പടിയിൽ നിറുത്തുന്നതിനു പുരുഷന്മാർ ഉണ്ടാക്കിയതാണെന്നും വിവാഹത്തിന്റെ ആവശ്യമുണ്ടെന്ന് തനിക്കു തോന്നുന്നില്ലെന്നും ആയിരുന്നു അവളുടെ പ്രതികരണം.
വിവാഹം സംബന്ധിച്ച ദൈവിക നിയമങ്ങൾ മാനിക്കാത്ത ഒരു സ്ത്രീയുമായി അധാർമികമായ ഒരു ബന്ധം തുടർന്നു കൊണ്ടു പോകാൻ എനിക്ക് ആവില്ലെന്നു ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട് ഞങ്ങളുടെ ബന്ധം എന്നെന്നേക്കുമായി അവസാനിപ്പിച്ചിട്ട് ഞാൻ ബ്രുക്ലിനിലേക്കു താമസം മാറ്റി. സ്വന്തം കാര്യാദികൾ ദൈവിക നിയമത്തിനു ചേർച്ചയിൽ അല്ലാത്തപക്ഷം ദൈവത്തെയോ അവന്റെ ഉദ്ദേശ്യത്തെയോ കുറിച്ചു മറ്റുള്ളവരോടു പറയാൻ പറ്റിയ സ്ഥാനത്തല്ല ഞാൻ എന്ന് എനിക്ക് അറിയാമായിരുന്നു.
മൂന്നുവർഷം ബൈബിൾ പഠിക്കുകയും തിരുവെഴുത്തു വിരുദ്ധമായ നടത്തകൾ എല്ലാം ഉപേക്ഷിക്കുകയും ചെയ്ത ശേഷം ഒരു ശുദ്ധ മനസ്സാക്ഷിയോടെ ദൈവേഷ്ടം ചെയ്യാനായി എന്റെ ജീവിതം ഞാൻ സമർപ്പിച്ചു. യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷനിൽ വെച്ചു സ്നാപനമേറ്റുകൊണ്ട് ഞാൻ ആ സമർപ്പണം പ്രതീകപ്പെടുത്തി. എന്റെ പിതാവ് കൂടെക്കൂടെ പറയാറുണ്ടായിരുന്ന ദൈവത്തെ കുറിച്ച്, യഹോവയെക്കുറിച്ച്, അറിയാൻ ശ്രമിക്കുമെന്ന വാക്കിനെ പ്രതി എനിക്ക് ഒരിക്കലും പശ്ചാത്തപിക്കേണ്ടി വന്നിട്ടില്ല. ഡാനിമോറയിലെ ജയിലിലുള്ള ഇരുട്ടറയിൽ കഴിഞ്ഞിരുന്നപ്പോൾ യഹോവയ്ക്കു കൊടുത്ത വാക്കു പാലിക്കുന്നതിനു ഞാൻ കഠിനമായി ശ്രമിക്കും, തന്റെ വചനത്തിൽ അവൻ വാഗ്ദാനം ചെയ്തിരിക്കുന്ന അനേകം അനുഗ്രഹങ്ങൾ യാഥാർഥ്യമായിത്തീരുന്നതു വരെ.
പറുദീസയിലേക്കു മിഴികൾ നട്ടുകൊണ്ട്
യഹോവയാം ദൈവം മുഴുഭൂമിയെയും ഒരു മനോഹരമായ പറുദീസയാക്കുന്ന ആ നാളുകൾ വന്നണയുന്നതിനു ഞാൻ ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുകയാണ്. (സങ്കീർത്തനം 37:11, 29; ലൂക്കൊസ് 23:43) ദൈവത്തിന്റെ മറ്റൊരു വാഗ്ദാന നിവൃത്തിക്കായും ഞാൻ കാത്തിരിക്കുന്നു—പുനരുത്ഥാനത്തിലൂടെ മരിച്ചവരെ ഈ ഭൂമിയിൽ എന്നേക്കുമുള്ള ജീവനിലേക്കു തിരികെ വരുത്തുമെന്ന വാഗ്ദാനം. (യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15) എന്റെ പിതാവിനെയും കുഞ്ഞനുജനെയും അകാലത്തിൽ മൃതിയടഞ്ഞ മറ്റുള്ളവരെയും ശവക്കുഴിയിൽനിന്നു തിരികെ സ്വാഗതം ചെയ്യാനാകുന്ന ആ സമയം എത്ര മഹത്തരമായിരിക്കും! ഈ പ്രത്യാശയെ കുറിച്ച് ഞാൻ കൂടെക്കൂടെ ചിന്തിക്കാറുണ്ട്. എനിക്കു വളരെയേറെ സന്തോഷം പകർന്നു തരുന്ന ഒരു കാര്യമാണ് ഇത്. എന്നെ സന്തോഷിപ്പിക്കുന്ന മറ്റൊരു സംഗതി, എന്റെ രണ്ടു സഹോദരിമാരും അവരുടെ മക്കളിൽ ചിലരും യഹോവയ്ക്കു തങ്ങളുടെ ജീവിതം സമർപ്പിക്കുകയും സ്നാപനമേൽക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്.
ഇപ്പോൾ, എന്റെ വിശ്വാസവും ജീവിതാനുഭവങ്ങളുമെല്ലാം മറ്റുള്ളവരുമായി പങ്കുവെക്കവെ, സങ്കീർത്തനം 72:12-14-ലെ സാന്ത്വനദായകമായ വാക്കുകൾ കൂടി കൂട്ടിച്ചേർക്കാതിരിക്കാൻ എനിക്കു കഴിയുന്നില്ല. അവിടെ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.”
യഹോവ എന്നോടു പ്രകടമാക്കിയ ദീർഘക്ഷമ എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചിരിക്കുന്നു. തന്റെ ജനത്തിന് ഉണ്ടായിരിക്കാൻ അവൻ പ്രതീക്ഷിക്കുന്ന സ്വഭാവ സവിശേഷതകൾ എന്തെല്ലാമാണെന്നു പഠിക്കാനും അവ വളർത്തിയെടുക്കാനും ഇത് എനിക്കു കുറച്ചൊന്നുമല്ല പ്രചോദനം നൽകിയിട്ടുള്ളത്. അലറുന്ന സിംഹത്തെ പോലെ അല്ല മറിച്ച് ഒരു കുഞ്ഞാടിന്റെ പോലെ ശാന്തവും കരുണാർദ്രവും സൗമ്യവുമായ പ്രകൃതമാണ് അവൻ തന്റെ ജനത്തിൽ നിന്നു പ്രതീക്ഷിക്കുന്നത്. ഈ ഗുണങ്ങൾ നട്ടുവളർത്തേണ്ടത് ആവശ്യമാണ്. കാരണം “എളിയവർക്കോ [“സൗമ്യതയുള്ളവർക്കോ,” NW] അവൻ കൃപ നല്കുന്നു” എന്നാണ് ദൈവവചനം പറയുന്നത്.—സദൃശവാക്യങ്ങൾ 3:34.
[12-ാം പേജിലെ ആകർഷകവാക്യം]
“കുത്തിക്കവർച്ച നടത്തിയതിന് എനിക്കു വീണ്ടും അഴിയെണ്ണേണ്ടി വന്നു. ന്യൂയോർക്ക് നഗരത്തിലെ റൈക്കേഴ്സ് ദ്വീപിലുള്ള ഒരു ജയിലിൽ എന്നെ രണ്ടു വർഷത്തേക്കു തടവിലിട്ടു. 1965-ൽ ജയിൽമോചിതനായി എങ്കിലും അതേ വർഷം തന്നെ കൊലക്കുറ്റത്തിനു വീണ്ടും അറസ്റ്റിലായി. ശരിക്കും ഒരു ക്രൂരസിംഹത്തിന്റെ സ്വഭാവം ആയിരുന്നു എന്റേത്!”
[13-ാം പേജിലെ ചിത്രം]
ഞാൻ സ്നാപനമേറ്റ ദിവസം