അത് വിധിയോ വെറും യാദൃച്ഛികതയോ?
“വിധി അനേകരുടെ ജീവൻ തട്ടിയെടുത്തു, ചിലരെ വെറുതെ വിട്ടു,” ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ പ്രസ്താവിച്ചു. കഴിഞ്ഞ വർഷം കെനിയയിലെയും ടാൻസാനിയയിലെയും അമേരിക്കൻ എംബസികളുടെ നേർക്കുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഏതാണ്ട് 200 പേർ മരിച്ചു, നൂറുകണക്കിന് ആളുകൾക്കു പരിക്കേറ്റു. എന്നാൽ എംബസിയിലെ “ഉയർന്ന നയതന്ത്ര ഉദ്യോഗസ്ഥർ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു” എന്നു പത്രം പറഞ്ഞു.
വാസ്തവത്തിൽ, കെട്ടിടത്തിൽ സ്ഫോടനം നടന്ന ഭാഗത്തുനിന്നു മാറി മറ്റൊരു സ്ഥലത്ത് ഒരു യോഗത്തിൽ സംബന്ധിച്ചതുകൊണ്ടാണ് അവർ രക്ഷപ്പെട്ടത്. അതേസമയം, ഈ യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ഒരു ഉയർന്ന എംബസി ഉദ്യോഗസ്ഥൻ അതിൽ പങ്കെടുത്തില്ല, സ്ഫോടനം നടന്ന സ്ഥലത്തിന് അടുത്തായിരുന്നതിനാൽ അദ്ദേഹം കൊല്ലപ്പെട്ടു.
“ആർലീൻ കിർക്കിനെയും വിധി വെറുതെ വിട്ടില്ല,” പത്രം പറഞ്ഞു. അവധി കഴിഞ്ഞ് കെനിയയിലേക്കു മടങ്ങുന്നതിന് ആർലീൻ ഫ്ളൈറ്റ് ടിക്കറ്റ് ബുക്കു ചെയ്തിരുന്നു. എന്നാൽ നിശ്ചിത സംഖ്യയിലധികം യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതുകൊണ്ട് ആർലീൻ തന്റെ സീറ്റ് അത്യാവശ്യമായി യാത്ര ചെയ്യേണ്ട ആർക്കെങ്കിലും കൊടുക്കാൻ തീരുമാനിച്ചു. എങ്കിലും മറ്റു ചില യാത്രക്കാർ തങ്ങളുടെ സീറ്റ് ഒഴിഞ്ഞുകൊടുത്തതുകൊണ്ട് ആർലീൻ ആ വിമാനത്തിൽത്തന്നെ കെനിയയിലേക്കു തിരിച്ചുപോന്നു. അങ്ങനെ സ്ഫോടനം നടന്ന ദിവസം അവർ എംബസിയിൽ തിരികെ ജോലിയിൽ പ്രവേശിക്കുകയും തത്ഫലമായി കൊല്ലപ്പെടുകയും ചെയ്തു.
ദുരന്തങ്ങൾ മനുഷ്യനെ സംബന്ധിച്ചിടത്തോളം പുത്തരിയല്ല. എന്നാൽ അവയ്ക്കു വിശദീകരണം നൽകുക എന്നത് ഒരിക്കലും എളുപ്പമായിരുന്നിട്ടില്ല. ലോകവ്യാപകമായി ഉണ്ടാകുന്ന അത്യാഹിതങ്ങളിലും വിപത്തുകളിലും പെട്ട് ദിവസവും കുറെ പേർ മരിക്കുന്നു, എന്നാൽ കുറെ പേർ അവയെ അതിജീവിക്കുന്നു. എന്നാൽ, ‘എന്തുകൊണ്ട് എനിക്കിതു വന്നു’ എന്ന് ആളുകൾ ചിന്തിക്കുന്നത് ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രമല്ല. മറ്റുള്ളവരെ അപേക്ഷിച്ച് ചിലർക്കു ജീവിതത്തിൽ മിക്കപ്പോഴും കാര്യങ്ങൾ അനുകൂലമായി ഭവിക്കുന്നു. അനേകർക്കും പ്രശ്നങ്ങളുമായി മല്ലിട്ടു ജീവിക്കേണ്ടി വരുമ്പോൾ, ചിലരെ സംബന്ധിച്ചിടത്തോളം എല്ലാം സുഗമമായി നീങ്ങുന്നു. അതുകൊണ്ട് നിങ്ങൾ ചോദിച്ചേക്കാം, ‘ഇതെല്ലാം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണോ? വിധിയാണോ എന്റെ ജീവിതത്തെ നിയന്ത്രിക്കുന്നത്?’
വിശദീകരണങ്ങൾക്കു വേണ്ടിയുള്ള അന്വേഷണം
ഏതാണ്ട് 3,000 വർഷം മുമ്പ്, ജ്ഞാനിയായ ഒരു രാജാവ് തനിക്കു ചുറ്റും നടക്കുന്ന ആകസ്മിക സംഭവവികാസങ്ങൾ നിരീക്ഷിച്ചു. അവയ്ക്ക് അദ്ദേഹം ഇങ്ങനെയൊരു വിശദീകരണവും നൽകി: “അവർക്കെല്ലാം കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും വന്നുഭവിക്കുന്നു.” (സഭാപ്രസംഗി 9:11, NW) ചിലപ്പോൾ നാം പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിക്കുന്നു. അവ മുൻകൂട്ടി അറിയാൻ യാതൊരു മാർഗവുമില്ല. ശ്രദ്ധേയമായ കാര്യങ്ങൾ, അവ നല്ലതോ മോശമോ ആയിക്കൊള്ളട്ടെ, മിക്കപ്പോഴും ആകസ്മികമായി വന്നുഭവിക്കുന്നതാണ്.
എന്നിരുന്നാലും, യാദൃച്ഛികതയുടെ ഫലമെന്ന നിലയിൽ കാര്യങ്ങളെ വീക്ഷിക്കുന്നതിനു പകരം അവയ്ക്കു പിന്നിൽ മറ്റൊരു ശക്തിയുടെ—വിധിയുടെ—കരങ്ങൾ പ്രവർത്തിക്കുന്നതായി വിശ്വസിക്കുന്നവരിൽ ഒരാളായിരിക്കാം നിങ്ങളും. വിധിയിൽ അഥവാ തലയിലെഴുത്തിൽ ഉള്ള വിശ്വാസം മനുഷ്യന്റെ മതവിശ്വാസങ്ങളിൽവെച്ച് ഏറ്റവും പുരാതനവും പ്രചാരമേറിയതും ആണ്. പാരീസ് സർവകലാശാലയിലെ പൗരാണ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായ പ്രൊഫസർ ഫ്രാൻസ്വ ഷൂവാൻ ഇങ്ങനെ പറയുന്നു: “നമ്മുടെ ജീവിതത്തിലെ നിഗൂഢ സംഭവങ്ങൾക്കെല്ലാം ഉള്ള വിശദീകരണം എന്നനിലയിൽ . . . വിധി നിർണയിക്കുന്ന ഏതെങ്കിലുമൊരു ദിവ്യ ശക്തിയിൽ ആളുകൾ വിശ്വസിക്കാത്തതായ ഒരു യുഗമോ സംസ്കാരമോ ഉണ്ടായിരുന്നിട്ടില്ല.” “അവന്റെ സമയം വന്നിട്ടില്ലായിരുന്നു” അല്ലെങ്കിൽ “വരാനുള്ളതു വഴിയിൽ തങ്ങില്ല” എന്നൊക്കെ ആളുകൾ സാധാരണമായി പറഞ്ഞുകേൾക്കുന്നത് അതുകൊണ്ടാണ്. എന്നാൽ എന്താണ് വിധി?
വിധിയെ നിർവചിക്കൽ
“വിധി” എന്നർഥമുള്ള ‘ഫെയ്റ്റ്’ എന്ന ഇംഗ്ലീഷ് പദം, “ഒരു പ്രാവചനിക പ്രഖ്യാപനം, അരുളപ്പാട്, ദിവ്യനിശ്ചയം” എന്നൊക്കെ അർഥങ്ങളുള്ള ഫാറ്റം എന്ന ലത്തീൻ പദത്തിൽനിന്നു വന്നിട്ടുള്ളതാണ്. ഒഴിവാക്കാനാകാത്തതും നിഗൂഢവുമായ വിധത്തിൽ ഭാവി നിർണയിക്കുന്നത് ഒരു അജ്ഞാത ശക്തിയാണെന്നു ചിലപ്പോഴൊക്കെ കരുതപ്പെടാറുണ്ടെങ്കിലും മിക്കപ്പോഴും ആ ശക്തി ഒരു ദൈവമാണെന്നാണ് ആളുകളുടെ വിശ്വാസം.
മതചരിത്രകാരനായ ഹെൽമർ റിങ്ഗ്രാൻ പറയുന്നു: “മനുഷ്യന്റെ ഭാവി അർഥശൂന്യമോ ആകസ്മികമോ ആയ ഒന്നല്ല പിന്നെയോ ഉദ്ദേശ്യവും ഇഷ്ടമനുസരിച്ച് കാര്യങ്ങൾ നീക്കാൻ പ്രാപ്തിയും ഉള്ള ഒരു ശക്തി നിർണയിക്കുന്ന ഒന്നാണ് എന്ന ധാരണ മതവിശ്വാസങ്ങളുടെ ഒരു അടിസ്ഥാന ഘടകമാണ്.” വ്യക്തിക്ക് ഒരു പരിധിവരെ കാര്യാദികളുടെ ഗതി നിയന്ത്രിക്കാൻ സാധിക്കുമെന്നു മിക്കപ്പോഴും കരുതപ്പെടുന്നുണ്ടെങ്കിലും, ഒരു ചതുരംഗക്കളത്തിലെ കരുക്കൾപോലെ ഏറെക്കുറെ നിസ്സഹായമായ ഒരവസ്ഥയിലാണു മനുഷ്യർ എന്നാണു പലരുടെയും ധാരണ. അങ്ങനെ അവർ ‘തങ്ങളുടെ വിധി ഏറ്റുവാങ്ങുന്നു.’
ദൈവശാസ്ത്രജ്ഞരും തത്ത്വചിന്തകരും വിധിയെ വിശദീകരിക്കാൻ വളരെ പരിശ്രമിച്ചിട്ടുണ്ട്. ദി എൻസൈക്ലോപീഡിയ ഓഫ് റിലിജൻ പറയുന്നു: “വിധിവിശ്വാസം ഏതു രൂപത്തിലും ഭാവത്തിലും ഭാഷയിലും ആയിരുന്നാലും അടിസ്ഥാനപരമായി അതിൽ ദുരൂഹതയുടെ ഒരു ഘടകം ഉണ്ടായിരിക്കും.” വിധിയെ ചുറ്റിപ്പറ്റിയുള്ള ആശയങ്ങളിലെല്ലാം ഒരു സമാനത ദൃശ്യമാണ്, മനുഷ്യന്റെ കാര്യാദികളെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നത് ഒരു ഉന്നത ശക്തിയാണ് എന്ന ആശയം. ഈ ശക്തി വ്യക്തികളുടെയും ജനതകളുടെയും ജീവിതത്തെ രൂപപ്പെടുത്തുന്നതായും അങ്ങനെ ഭൂതകാലത്തു നടന്നവയെന്ന പോലെ ഭാവികാലത്തെ സംഭവങ്ങളെ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നതായും കരുതപ്പെടുന്നു.
നിർണയിക്കുന്ന ഒരു ഘടകം
നിങ്ങൾ വിധിയിൽ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നൊക്കെയുള്ളതിന് എന്തെങ്കിലും പ്രസക്തിയുണ്ടോ? ആംഗലേയ തത്ത്വചിന്തകനായ ബർട്രൻഡ് റസ്സൽ ഇങ്ങനെ എഴുതി: “മനുഷ്യരുടെ ജീവിത സാഹചര്യങ്ങൾ അവരുടെ കാഴ്ചപ്പാടിനെ രൂപപ്പെടുത്തുന്നു. അതുപോലെ തിരിച്ചും സംഭവിക്കുന്നു, അതായത് മനുഷ്യരുടെ കാഴ്ചപ്പാട് അവരുടെ ജീവിതസാഹചര്യങ്ങളെയും സ്വാധീനിക്കുന്നു.”
അതേ, വിധിയിലുള്ള—അങ്ങനെ ഒന്ന് ഉണ്ടെങ്കിലും ഇല്ലെങ്കിലും—വിശ്വാസം നമ്മുടെ പ്രവർത്തനവിധത്തെ സ്വാധീനിച്ചേക്കാം. ദൈവഹിതമാണെന്നു കരുതി പലരും തങ്ങളുടെ സാഹചര്യത്തെ—അത് എത്രമാത്രം ന്യായരഹിതമോ മർദകമോ ആയിരുന്നാലും—വിധിയാണെന്ന മട്ടിൽ നിശ്ശബ്ദം സ്വീകരിക്കുകയും ആ അവസ്ഥയ്ക്കു മാറ്റം വരുത്താൻ യാതൊന്നിനും കഴിയുകയില്ലെന്നു വിശ്വസിക്കുകയും ചെയ്യുന്നു. അങ്ങനെ വിധിയിലുള്ള വിശ്വാസം വ്യക്തിപരമായ ഉത്തരവാദിത്വം എന്ന ആശയത്തെ നിസ്സാരീകരിക്കുന്നു.
അതേസമയം, വിധിവിശ്വാസം മറ്റൊരു തരത്തിലും ആളുകളെ സ്വാധീനിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, മുതലാളിത്ത വ്യവസ്ഥിതി വികാസം പ്രാപിച്ചതിനും വ്യവസായ വിപ്ലവം ഉണ്ടായതിനും കാരണമായി ചരിത്രകാരന്മാർ കണ്ടെത്തിയിരിക്കുന്ന നിരവധി ഘടകങ്ങളിൽ ഒന്നാണ് മുൻനിർണയ വിശ്വാസം. ദൈവം ചില വ്യക്തികളെ രക്ഷയ്ക്കായി മുൻകൂട്ടി നിശ്ചയിക്കുന്നതായി ചില പ്രൊട്ടസ്റ്റന്റ് മതങ്ങൾ പഠിപ്പിക്കുകയുണ്ടായി. ജർമൻ സാമൂഹിക ശാസ്ത്രജ്ഞനായ മാക്സ് വേബെർ പറയുന്നു: “ഞാൻ തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരുവനാണോ? എന്ന ചോദ്യം എല്ലാ വിശ്വാസികളുടെയും മനസ്സിൽ എപ്പോഴെങ്കിലുമൊക്കെ ഉദിച്ചിരിക്കാം.” തങ്ങൾക്കു ദൈവാനുഗ്രഹം ഉണ്ടോ എന്നും അങ്ങനെ തങ്ങളുടെ രക്ഷ മുൻനിർണയിക്കപ്പെട്ടിട്ടുണ്ടോ എന്നും കണ്ടെത്താൻ വ്യക്തികൾ ശ്രമിച്ചു. തങ്ങളുടെ “ലൗകിക നേട്ടങ്ങൾ” വിലയിരുത്തിക്കൊണ്ടാണ് അവർ അതു ചെയ്തത് എന്ന് വേബെർ അഭിപ്രായപ്പെട്ടു. ബിസിനസിലെ വിജയവും കുന്നുകൂടുന്ന സമ്പത്തും ദൈവപ്രീതിയുടെ അടയാളങ്ങളായി ആളുകൾ വീക്ഷിച്ചു.
വിധിവിശ്വാസം അതിരുകടന്ന നടപടികൾ കൈക്കൊള്ളാൻ പോലും ചിലരെ പ്രേരിപ്പിക്കുന്നു. രണ്ടാംലോക മഹായുദ്ധ കാലത്ത്, ജാപ്പനീസ് ചാവേർപ്പടയിലെ വൈമാനികർ കാമിക്കാസി അഥവാ “ദിവ്യമായ കാറ്റ്” എന്ന ഒരു പ്രതിഭാസത്തിൽ വിശ്വസിച്ചിരുന്നു. ദൈവങ്ങൾക്ക് ഒരു ഉദ്ദേശ്യം ഉണ്ടെന്നും അതിൽ ഒരു പങ്കു വഹിക്കാൻ തങ്ങൾക്കു സാധിക്കുമെന്നും ഉള്ള ധാരണ അവരുടെ ഭീകര മരണത്തിനു മതപരമായ പരിവേഷം നൽകി. കഴിഞ്ഞ ദശകത്തിൽ, മധ്യപൂർവ ദേശത്തെ ചാവേർപ്പടകൾ തങ്ങളുടെ ഭീകരമായ ആക്രമണങ്ങളിലൂടെ വാർത്തകൾ സൃഷ്ടിച്ചിട്ടുണ്ട്. “മതവിശ്വാസങ്ങളാൽ പ്രചോദിതമായ” ഈ “ചാവേർ ആക്രമണങ്ങ”ളിൽ വിധിവിശ്വാസത്തിന് പ്രധാന പങ്കുണ്ടെന്ന് ഒരു എൻസൈക്ലോപീഡിയ അഭിപ്രായപ്പെടുന്നു.
എന്നാൽ വിധിവിശ്വാസം ഇത്ര വ്യാപകമായിരുന്നത് എന്തുകൊണ്ടാണ്? അതിന്റെ ഉത്ഭവം സംബന്ധിച്ച ഹ്രസ്വമായ പരിചിന്തനം ഉത്തരം നൽകും.
[അടിക്കുറിപ്പ്]
This footnote is missing in vernacular