നിരവധി വർഷങ്ങൾക്കു ശേഷം പൊട്ടിമുളച്ച വിത്ത്
“ഏഴു പുത്രന്മാരെ വളർത്തിക്കൊണ്ടു വന്നതിന്റെ വെല്ലുവിളികളും അനുഗ്രഹങ്ങളും” എന്ന, 1999 ജനുവരി 8 ലക്കം “ഉണരുക!”യിലെ ലേഖനം വായിച്ചതിന്റെ പ്രതികരണമായി ലഭിച്ച കത്താണു ചുവടെ കൊടുത്തിരിക്കുന്നത്.
പ്രിയ ഡിക്ക്മാൻ സഹോദരനും സഹോദരിക്കും,
നിങ്ങളുടെ അനുഭവകഥ ഞാൻ വായിച്ചു കഴിഞ്ഞതേ ഉള്ളൂ. ഉടൻതന്നെ നിങ്ങൾക്ക് ഒരു കത്തെഴുതാമെന്നു വിചാരിച്ചു. വർഷങ്ങൾക്കു മുമ്പ് [1960-61] മിസ്സിസ്സിപ്പിയിൽ ആയിരുന്നപ്പോൾ മുതൽ എനിക്കു നിങ്ങളുടെ കുടുംബത്തെ അറിയാം. വാസ്തവത്തിൽ, ഞാൻ നിങ്ങളുടെ മക്കളോട് ഒപ്പമാണു സ്കൂളിൽ പോയിരുന്നത്. നിങ്ങളുടെ വീട്ടിൽ വന്നു പയ്യന്മാരോടൊപ്പം ഞാൻ കളിക്കാറും പതിവായിരുന്നു. എന്നാൽ, എന്റെ ഇളം മനസ്സിൽ ഏറ്റവും ആഴത്തിൽ പതിഞ്ഞ കാര്യങ്ങൾ അതൊന്നും ആയിരുന്നില്ല. നിങ്ങളുടെ പുത്രന്മാർ ക്രിസ്തീയ മനസ്സാക്ഷി നിമിത്തം സ്കൂളിൽ പതാക വന്ദിച്ചിരുന്നില്ല എന്ന സംഗതി തീരെ ചെറുപ്പത്തിൽത്തന്നെ എന്നിൽ മതിപ്പുളവാക്കിയിരുന്നു. ഞാൻ ഗ്രാൻഡ്വ്യൂ ബാപ്റ്റിസ്റ്റ് സഭാംഗം ആയിരുന്നെങ്കിലും നിങ്ങളുടെ പുത്രന്മാരിൽ ഒരാൾ തന്റെ നിലപാടു വ്യക്തമാക്കിയപ്പോൾ എനിക്കതു ശരിയാണെന്നു തോന്നി.
അവരിൽ ഒരാൾ എനിക്ക് നഷ്ടപ്പെട്ട പറുദീസയിൽനിന്നു തിരിച്ചുകിട്ടിയ പറുദീസയിലേക്ക് (ഇംഗ്ലീഷ്)a എന്ന പുസ്തകം തന്നു, ഒരുപക്ഷേ ഞാനതു മോഷ്ടിച്ചതുമാകാം. എനിക്കതത്ര ഓർമയില്ല. സംഗതി എന്തുതന്നെ ആണെങ്കിലും, ഞാൻ അതു മുഴുവൻ വായിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അപ്പോഴത് ഒന്നാന്തരം ഒരു കഥ പുസ്തകം മാത്രം ആയിരുന്നു. അന്ന് എന്നിൽ സത്യത്തിന്റെ വിത്തുകൾ വിതയ്ക്കപ്പെട്ടെങ്കിലും നിരവധി വർഷങ്ങൾ കഴിഞ്ഞാണു ഞാൻ അതു തിരിച്ചറിഞ്ഞത്.
1964-ൽ ഞങ്ങളുടെ കുടുംബം വടക്കോട്ടു താമസം മാറ്റി. അതോടെ ഞാൻ പള്ളിയിൽ പോക്കു നിറുത്തി. മതകാപട്യത്തിൽ നിരാശ തോന്നിയ എനിക്കു വർഷങ്ങളോളം ഏതെങ്കിലും ഒരു സംഘടിത മതത്തിന്റെ ഭാഗം ആയിരിക്കാൻ ആഗ്രഹം തോന്നിയില്ല.
വർഷങ്ങൾക്കു ശേഷം, ഞാൻ ജീവിതത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ചു ഗൗരവപൂർവം ചിന്തിക്കാൻ തുടങ്ങി. സ്രഷ്ടാവുമായി ഒരു ബന്ധം സ്ഥാപിക്കാനുള്ള എന്റെ ആഗ്രഹം ഞാൻ തിരിച്ചറിഞ്ഞു. മതകാപട്യം ഏൽക്കാത്ത ഒരു ബന്ധം ആയിരിക്കണം അതെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. വർഷങ്ങൾക്കു മുമ്പ് വിതയ്ക്കപ്പെട്ട സത്യത്തിന്റെ ആ വിത്തുകൾ മുളയ്ക്കാൻ തുടങ്ങിയിരുന്നു; പക്ഷേ അപ്പോഴും ഞാൻ അതു തിരിച്ചറിഞ്ഞില്ല.
സ്വർഗത്തിൽ പോകണമെന്ന് എനിക്കു തെല്ലും ആഗ്രഹമില്ലായിരുന്നു; ഭൂമിയിൽ ജീവിക്കാനാണു ഞാൻ ആഗ്രഹിച്ചത്. ഞാൻ ഇങ്ങനെ ചിന്തിച്ചിരുന്നു: ഈ ഗ്രഹം അതിൽത്തന്നെ അത്ഭുതകരമായ ഒരു മനോഹര സൃഷ്ടി ആയിരിക്കെ ദൈവം എന്തിന് അതു നശിപ്പിക്കണം? യേശു ദൈവമാണെന്നും ഞാൻ വിചാരിച്ചിരുന്നില്ല. അവൻ ദൈവം ആയിരുന്നെങ്കിൽ അവന്റെ ബലി ഒരു വഞ്ചന ആയിരുന്നേനെ. ഈ ചിന്തകളും വികാരങ്ങളും ബോധ്യങ്ങളും (വേണമെങ്കിൽ അങ്ങനെയും വിളിക്കാം) ഞാൻ ബാപ്റ്റിസ്റ്റ് സഭയിൽ പഠിച്ച കാര്യങ്ങളുമായി ചേർച്ചയിൽ ആയിരുന്നില്ല. അതുകൊണ്ടു ഞാൻ ഉള്ളുരുകി പ്രാർഥിക്കാൻ തുടങ്ങി. യഹോവ പെട്ടെന്നു പ്രവർത്തിച്ചു. ദിവസങ്ങൾക്കകം സാക്ഷികൾ എന്റെ വീടു സന്ദർശിച്ചു, ഉടനടി ബൈബിൾ അധ്യയനവും തുടങ്ങി. നിങ്ങളുടെ കുടുംബവുമായി പരിചയപ്പെട്ടു കഴിഞ്ഞ് അധ്യയനം തുടങ്ങുന്നതു വരെ യഹോവയുടെ സാക്ഷികളുമായി എനിക്കു യാതൊരു സമ്പർക്കവും ഇല്ലായിരുന്നു. എങ്കിലും, നിങ്ങളുടെ മക്കളോടും ശരിയായ കാര്യങ്ങൾ ചെയ്യാൻ ഉറച്ച നിലപാടു സ്വീകരിക്കുന്നതിനുള്ള അവരുടെ ധൈര്യത്തോടും ഉള്ള എന്റെ ആദരവിനു കോട്ടം തട്ടിയിരുന്നില്ല. അധ്യയനം തുടങ്ങി, പരിജ്ഞാനം സമ്പാദിക്കാൻ തുടങ്ങിയതോടെ എല്ലാം എനിക്കു വ്യക്തമായി. തുടർന്ന്, ജീവിതം ക്രമപ്പെടുത്താൻ ഒന്നര വർഷം എടുത്തു. ഒടുവിൽ, 1975-ൽ ഞാൻ സ്നാപനമേറ്റു.
നാം അറിയാതെതന്നെ, നമ്മുടെ നടത്ത സാക്ഷ്യം നൽകുന്നതു സംബന്ധിച്ചുള്ള വിവരങ്ങൾ വായിക്കുമ്പോഴെല്ലാം ഞാൻ നിങ്ങളുടെ കുടുംബത്തെ ഓർക്കാറുണ്ട്. രാജ്യ വിത്തുകൾ ധാരാളമായി വിതയ്ക്കേണ്ടതു പ്രധാനമാണെന്നതു വളരെ ശരിയാണ്. കാരണം, അവ എവിടെ, എന്ന് പൊട്ടി മുളയ്ക്കുമെന്ന് എല്ലായ്പോഴുമൊന്നും നമുക്ക് അറിഞ്ഞുകൂടാ, എന്റെ അനുഭവവും അതാണല്ലോ തെളിയിക്കുന്നത്.
യഹോവയുടെ ജനത്തോടൊപ്പം ആയിരിക്കുന്നതിനും അന്നു വിശ്വാസത്തിനു ചേർച്ചയിൽ ജീവിച്ചതിനും നിങ്ങളോടു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സത്യം കണ്ടെത്താൻ നിങ്ങൾ ഒരാളെ അറിയാതെ സഹായിച്ചു. നിങ്ങളുടെയും മക്കളുടെയും നടത്തയും ബോധ്യവും നിങ്ങളുടെ ജീവിതത്തിൽ സത്യം വെട്ടിത്തിളങ്ങാൻ ഇടയാക്കി. നിങ്ങളെ കുറിച്ച് വീണ്ടും കേൾക്കാനോ നിങ്ങളോടു നന്ദി പറയാനോ എന്നെങ്കിലും സാധിക്കുമെന്നു ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഒരിക്കൽക്കൂടി നന്ദി.
ക്രിസ്തീയ സ്നേഹത്തോടെ,
എൽ. ഒ.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി 1958-ൽ പ്രസിദ്ധീകരിച്ചത്; ഇപ്പോൾ മുദ്രണം ചെയ്യപ്പെടുന്നില്ല.