വരുവിൻ—യഥാർഥ പ്രത്യാശയുടെ സന്ദേശം കേൾക്കുവിൻ
ഇത്തരം ഒരു സന്ദേശം, യഹോവയുടെ സാക്ഷികളുടെ ഈ വർഷത്തെ “ദൈവത്തിന്റെ പ്രാവചനിക വചനം” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ വിശേഷവത്കരിക്കപ്പെടുന്ന “സകലതും പുതുതാക്കപ്പെടുന്നു—മുൻകൂട്ടി പറഞ്ഞപ്രകാരം” എന്ന പരസ്യപ്രസംഗത്തിൽ നിങ്ങൾ കേൾക്കും. മനുഷ്യവർഗത്തിന് അനുഗ്രഹങ്ങൾ ചൊരിയുന്ന ഒരു വർഷമായിരിക്കും 2000-ാം ആണ്ട് എന്ന് പല ആളുകളും കരുതുന്നു.
“സഹസ്രാബ്ദത്തിൽ, ഭയാനകമായ ഈ നൂറ്റാണ്ടിൽനിന്ന് നമുക്കു വിടുതൽ ലഭിക്കും” എന്ന് ഒരു സർവകലാശാല പ്രൊഫസർ അഭിപ്രായപ്പെട്ടു. “2000-ാം ആണ്ട് കലണ്ടറിലെ മറ്റൊരു വർഷം മാത്രം ആയിരിക്കാം എങ്കിലും അത് ഒരു പുതിയ തുടക്കം സൃഷ്ടിക്കാൻ ഇടയുണ്ട്” എന്ന് മക്ലീൻസ് മാസിക പറയുന്നു. എന്നാൽ അത് സംഭാവ്യമല്ലെന്ന് അനുഭവങ്ങൾ സൂചിപ്പിക്കുന്നു.
“പുതിയ തുടക്കം” കൊണ്ടുവരാനുള്ള മാനുഷിക ശ്രമങ്ങൾ എപ്പോഴും പരാജയപ്പെട്ടിട്ടേയുള്ളൂ. അങ്ങനെയെങ്കിൽ, “ഇതാ, ഞാൻ സകലവും പുതുതാക്കുന്നു” എന്ന, 1,900-ത്തിലധികം വർഷം മുമ്പ് ദൈവം നടത്തിയ വാഗ്ദാനം നമുക്ക് വിശ്വസിക്കാൻ കഴിയുന്നത് എന്തുകൊണ്ട്? (വെളിപ്പാടു 21:5) അതിനുള്ള തക്കതായ കാരണങ്ങൾ ഹൃദയോഷ്മളമായ ഈ പരസ്യപ്രസംഗത്തിൽ നൽകുന്നതായിരിക്കും. ഈ മാസം മുതൽ, ലോകമൊട്ടാകെയായി നൂറു കണക്കിനു കൺവെൻഷനുകളിൽ ഈ പ്രസംഗം നടത്തപ്പെടും. നിങ്ങളുടെ വീടിനടുത്തുള്ള ഒരു കൺവെൻഷനിൽ വെച്ച് നിങ്ങൾക്ക് ഇത് ശ്രദ്ധിക്കാൻ കഴിഞ്ഞേക്കും. നവംബറിലും ഡിസംബറിലുമായി ഇന്ത്യയിൽ 27 സ്ഥലങ്ങളിൽ ഈ കൺവെൻഷൻ ഉണ്ടായിരിക്കും.
കൺവെൻഷൻ നടക്കുന്ന ഏറ്റവും അടുത്തുള്ള സ്ഥലം അറിയാനായി പ്രദേശത്തെ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുക.