നടക്കുന്ന മത്സ്യത്തെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?
എന്തൊരു കാഴ്ച! കണ്ടൽ വൃക്ഷങ്ങൾ വളരുന്ന ചതുപ്പുനിലത്തിന്റെ ഓരത്തു നിൽക്കുകയായിരുന്നു ഞാൻ. കണ്മുമ്പിലുള്ള ചെളിത്തട്ടുകൾ ശൂന്യമായിരിക്കും എന്നാണു ഞാൻ കരുതിയത്. എന്നാൽ അവ അങ്ങനെയായിരുന്നില്ല. ഒരു പ്രത്യേക കൂട്ടം ‘സർക്കസുകാർ’ അവയിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നുണ്ടായിരുന്നു. ആരായിരുന്നു അവർ? ഓരോരുത്തർക്കും 15 സെന്റിമീറ്ററിൽ കൂടുതൽ നീളം ഉണ്ടായിരിക്കില്ല. അവ മത്സ്യങ്ങളായിരുന്നു.
ഒരു മത്സ്യം നടക്കുകയും ചാടുകയും ചെയ്യുന്നു എന്നു പറയുന്നത് ഒരു ആന പറക്കുന്നു എന്നു പറയുന്നതുപോലെ തന്നെ അവിശ്വസനീയം ആയിരിക്കും. എങ്കിലും ഞാൻ അത് എന്റെ കണ്ണുകൊണ്ടു കണ്ടിരിക്കുന്നു. എന്നാൽ വെള്ളത്തിലല്ലാതിരിക്കുമ്പോൾ ഒരു മത്സ്യത്തിനു നടക്കാനും പിടിച്ചുകയറാനും ചാടാനും—അതേ, ശ്വസിക്കാൻപോലും—കഴിയുന്നത് എങ്ങനെ?
ഞാൻ കണ്ട, അസാധാരണ സവിശേഷതകൾ ഉള്ള ഈ മത്സ്യം മഡ്സ്കിപ്പർ എന്നാണ് അറിയപ്പെടുന്നത്. അവയുടെ തലയിൽനിന്നു പുറത്തേക്കു തള്ളിനിൽക്കുന്ന കണ്ണുകൾക്ക് അകത്തേക്കു വലിയാനും കഴിയും. ഭുജപത്രങ്ങളാണ് മറ്റൊരു സവിശേഷത. ഒരു മനുഷ്യൻ ക്രച്ചസ് ഉപയോഗിച്ചു നടക്കുന്നതുപോലെതന്നെ, ഈ ഭുജപത്രങ്ങളുടെ സഹായത്താൽ മഡ്സ്കിപ്പർ ചെളിയിലൂടെ സഞ്ചരിക്കുന്നു. എന്നാൽ ഈ മത്സ്യം ചാടുന്നത് എങ്ങനെയാണ്? വാൽ ഉപയോഗിച്ച് ഒറ്റ കുതിപ്പിന് 60 സെന്റിമീറ്റർ അകലെ എത്താൻ ഈ വിരുതനു സാധിക്കും. വിദഗ്ധരായ സിവിൽ എൻജിനീയർമാർ കൂടെയാണ് ഈ കക്ഷികൾ, ചിറകുകൾ ഒരു മൺവെട്ടിയായി ഉപയോഗിച്ച് അവ ചെളിയിൽ മാളങ്ങൾ ഉണ്ടാക്കുന്നു.
മഡ്സ്കിപ്പറിന് അതിന്റെ ശരീരത്തിൽത്തന്നെ ഒരു ഓക്സിജൻ ടാങ്ക് ഉണ്ട്—വായും ചെകിള അറകളും. കരയിൽ “മുങ്ങാങ്കുഴി”യിടുമ്പോൾ ഇവയിൽ വെള്ളം നിറച്ചിരിക്കും. ഓക്സിജൻ “ടാങ്ക്” കാലിയാകുമ്പോൾ വീണ്ടും അതു നിറയ്ക്കാനായി മഡ്സ്കിപ്പർ തിരക്കിട്ടു ചെളിവെള്ളത്തിലേക്കു പോകും.
ആഫ്രിക്കയിലെയോ ഏഷ്യയിലെയോ കടലോരത്തെ ചെളിത്തട്ടുകൾ സന്ദർശിക്കാൻ അവസരം ലഭിച്ചാൽ, കൊതുകുകടിയും ചൂടുമൊക്കെ സഹിക്കാൻ കഴിയുമെങ്കിൽ, മഡ്സ്കിപ്പറിനെ ഒന്നു കാണാൻ ശ്രമിക്കരുതോ? അപ്പോൾ, നടക്കുന്ന മത്സ്യത്തെ കണ്ടിട്ടുണ്ടെന്നു നിങ്ങൾക്കും പറയാം!—സംഭാവന ചെയ്യപ്പെട്ടത്.
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
പശ്ചാത്തലം: Jane Burton/Bruce Coleman Inc.
ഉൾച്ചിത്രങ്ങൾ: Photographed by Richard Mleczko