ഒരു ആഗോള ദുരന്തം ഒഴിവാക്കാനാകുന്ന വിധം
ഒരു “ആഗോള ദുരന്തം” എന്നാണ് ഐക്യരാഷ്ട്രങ്ങൾ അതിനെ വിളിക്കുന്നത്—അത് അങ്ങനെതന്നെ ആണുതാനും. ലോകമെമ്പാടുമായി, ഗർഭധാരണത്തോടും പ്രസവത്തോടും അനുബന്ധിച്ച് ഓരോ മിനിട്ടിലും ഒരു സ്ത്രീ വീതം മരിക്കുന്നു.
ഇവയിൽ മിക്കതും വികസ്വര രാജ്യങ്ങളിലാണു സംഭവിക്കുന്നത്. ഗർഭധാരണത്തോട് അനുബന്ധിച്ച്, യൂറോപ്പിൽ 10,000-ത്തിൽ ഒന്നും ഐക്യനാടുകളിൽ 12,500-ൽ ഒന്നും മാത്രം സ്ത്രീകൾ മരണമടയുമ്പോൾ, ലാറ്റിൻ അമേരിക്കയിൽ അത് 73-ൽ ഒന്നും ഏഷ്യയിൽ 54-ൽ ഒന്നുമാണ്. എന്നാൽ ആഫ്രിക്കയിലെ നിരക്കു ഭയാനകമാണ്, 21-ന് ഒന്ന്!
ഗർഭധാരണത്തോട് അനുബന്ധിച്ചു പ്രതിവർഷം സംഭവിക്കുന്ന 6,00,000 മരണങ്ങളിൽ ഒട്ടനവധിയും, പ്രസവ ശുശ്രൂഷയിൽ വൈദഗ്ധ്യം നേടിയവരുടെ സഹായത്തോടെ ഒഴിവാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്, സ്ത്രീകൾക്ക് (പുരുഷൻമാർക്കും) വിദഗ്ധരായ സൂതികർമിണികളാകുന്നതിന് ഉള്ള പരിശീലനം കൊടുക്കുന്നതിന് ഇപ്പോൾ ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയും (യുനിസെഫ്) ലോകാരോഗ്യ സംഘടനയും (ഡബ്ലിയുഎച്ച്ഒ) ഊന്നൽ നൽകി വരുന്നു.
ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാത്ത രാജ്യങ്ങളിൽ, പരിശീലനം സിദ്ധിച്ച സൂതികർമിണികളുടെ പങ്കു വളരെ നിർണായകമാണ്, അതിനു ജീവനെയോ മരണത്തെയോ അർഥമാക്കാൻ കഴിയും. പരിശീലനം സിദ്ധിച്ച സൂതികർമിണികൾക്കു കൂടുതൽ അധികാരം അനുവദിച്ചു കൊടുത്തതിന് ഇപ്പോൾത്തന്നെ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു എന്ന് യുനിസെഫിന്റെ ഡോക്ടറായ ഫ്രാൻസ് ഡോനേയും ഡബ്ലിയുഎച്ച്ഒ-യുടെ ഉപദേശകയായ ആൻ തോംപ്സണും ഈയടുത്ത കാലത്ത് യുഎൻ റേഡിയോയോട് പറയുകയുണ്ടായി. ഉദാഹരണത്തിന്, പ്രസവത്തിനു ശേഷം സ്വാഭാവികമായി പുറന്തള്ളപ്പെടാത്ത മറുപിള്ള നീക്കം ചെയ്യാൻ സൂതികർമിണികൾക്ക് അനുമതി നൽകിയപ്പോൾ പല ആഫ്രിക്കൻ രാജ്യങ്ങളിലും മാതൃമരണ നിരക്കു കുത്തനെ കുറഞ്ഞതായി അവർ പറഞ്ഞു. ഇന്തോനേഷ്യയിലും സമാനമായ അഭിവൃദ്ധി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അവിടെ ഓരോ ഗ്രാമത്തിനും രണ്ടു സൂതികർമിണികളെ വീതം പരിശീലിപ്പിക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന ഒരു പദ്ധതി നടപ്പിലാക്കി വരികയാണ്. ഇതുവരെ, ഇവിടെനിന്നു പരിശീലനം സിദ്ധിച്ച 55,000 പേരാണ് ഈ രംഗത്തു തങ്ങളുടെ സേവനം ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്.
“വികസിത രാജ്യങ്ങളിലും, സൂതികർമിണികളെ ഉപയോഗിക്കുന്ന ഈ രീതി നിലവിലുണ്ട്,” എന്ന് യുഎൻ റേഡിയോ പരിപാടിയായ പെർസ്പെക്ടിവ കുറിക്കൊള്ളുകയുണ്ടായി. ഫ്രാൻസ്, നെതർലൻഡ്സ്, സ്വീഡൻ, യുണൈറ്റഡ് കിങ്ഡം എന്നീ രാജ്യങ്ങൾ ഈ പരമ്പരാഗത രീതി ഉപേക്ഷിച്ചതേ ഇല്ല. ഐക്യനാടുകളിലാകട്ടെ, ഇതു വീണ്ടും പ്രാബല്യത്തിൽ വന്നുകൊണ്ടിരിക്കുകയാണ്. ഈ രാജ്യങ്ങൾ സൂതികർമിണികളുടെ പ്രാധാന്യം ശരിക്കും മനസ്സിലാക്കുന്നു എന്നു പരിശീലനം സിദ്ധിച്ച ഒരു സൂതികർമിണിയും കൂടിയായ ആൻ തോംപ്സൺ പറഞ്ഞു. കാരണം, ഇതു മുഖാന്തരം സ്ത്രീകൾക്കു വ്യക്തിപരമായ അടിസ്ഥാനത്തിൽ തുടർച്ചയായ പരിചരണം ലഭിക്കുന്നു. “പ്രസവം പൂർത്തിയാകാൻ 24 മണിക്കൂർ വരെ എടുത്തെന്നു വന്നേക്കാം, പക്ഷേ ആ 24 മണിക്കൂറും വെറുതെ കാത്തിരുന്നു കളയാൻ ഡോക്ടർമാർക്കു നേരമില്ല.” എന്നുവരികിലും, സുരക്ഷിതമായ പ്രസവത്തിലേക്കു നയിക്കുന്ന ഒരു ഘടകം “സഹാനുഭൂതി പ്രകടമാക്കുന്ന, നല്ല അറിവും മനസ്സിലാക്കാൻ പ്രാപ്തിയുമുള്ള, സ്ത്രീക്കു സാന്ത്വനമേകാൻ കഴിവുള്ള ഒരാളുടെ സാന്നിധ്യമാണ്” എന്നും അവർ കൂട്ടിച്ചേർത്തു.
“കേവലം ഒരു കുടുംബാംഗത്തിന്റെയോ യാതൊരു പരിശീലനവും ലഭിക്കാത്ത ഒരു പരമ്പരാഗത പ്രസവശുശ്രൂഷകയുടെയോ അല്ലെങ്കിൽ ആരുടെയും സഹായമില്ലാതെയോ ആണ് പ്രതിവർഷം ആറു കോടി പ്രസവങ്ങൾ നടക്കുന്നത്” എന്നു പെർസ്പെക്ടിവ കൂട്ടിച്ചേർക്കുന്നു. ഇതിന് ഒരു മാറ്റം വരുത്താൻ യുഎൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഒരു തുടക്കമെന്ന നിലയിൽ ഡബ്ലിയുഎച്ച്ഒ-യുടെ 1998-ലെ ലോകാരോഗ്യദിനം “സുരക്ഷിത മാതൃത്വം” എന്ന വിഷയത്തിൽ ആണ് കേന്ദ്രീകരിച്ചിരുന്നത്. “അടുത്ത രണ്ടോ മൂന്നോ വർഷങ്ങൾകൊണ്ടൊന്നും ഇതു നേടിയെടുക്കുക സാധ്യമല്ല എന്നു ഞങ്ങൾക്ക് അറിയാം,” ഡോ. ഡോനേ പറഞ്ഞു. എന്നിരുന്നാലും, അവരുടെ ലക്ഷ്യം “പ്രസവസമയത്ത് ഓരോ സ്ത്രീക്കും ഒരു വിദഗ്ധ പ്രസവശുശ്രൂഷക/കൻ വീതം ഉണ്ടായിരിക്കുക” എന്നതാണ്.
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
UN/J. Isaac